close
Sayahna Sayahna
Search

മണിപ്രവാളസാഹിത്യം





മണിപ്രവാളസാഹിത്യം

(തുടര്‍ച്ച)
ക്രി: പി: പതിനഞ്ചാം ശതകം


ചന്ദ്രോത്സവം മുതലായ കൃതികള്‍

മണിപ്രവാളസാഹിത്യമാലയുടെ നടുനായകമായി ശോഭിക്കുന്ന ഒരു മനോമോഹനമായ കാവ്യമാകുന്നു ചന്ദ്രോത്സവം. ഇതിനു ചന്ദ്രികാ മഹോത്സവമെന്നും മേദിനീചന്ദ്രികോത്സവം എന്നുംകൂടി പേരുകള്‍ കാണ്മാനുണ്ടു്. ഗ്രന്ഥം അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചിലുംകൂടി അഞ്ഞൂറ്റെഴുപതോളം ശ്ലോകങ്ങള്‍ അടങ്ങീട്ടുണ്ടു്. ഒന്നാമത്തെയും അഞ്ചാമത്തേയും ഖണ്ഡങ്ങള്‍ മാലിനിയിലും രണ്ടാമത്തെ ഖണ്ഡം വസന്തതിലകത്തിലും മൂന്നാമത്തേതു് ഉപജാതിയിലും നാലാമത്തേതു് ദ്രുതവിളംബിതം തുടങ്ങി പല വൃത്തങ്ങളിലുമാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്. രചനാസൌഷ്ഠവം ഇത്രമാത്രം തികഞ്ഞിട്ടുള്ള മറ്റൊരു കൃതി ഭാഷാസാഹിത്യത്തില്‍ ഇല്ലതന്നെ. അചുംബിതങ്ങളായ അനവധി ആശയരത്നങ്ങള്‍ക്കും പ്രസ്തുത കൃതി പ്രകൃഷ്ടമായ ആകരമാണു്. ഭരതചരിതമെന്ന സംസ്കൃതകാവ്യത്തിന്റെ അനുരണനം അപൂര്‍വ്വം ചില പദ്യങ്ങളില്‍ കേള്‍ക്കാമെങ്കിലും അതു സാരമാക്കേണ്ടതില്ല. ശൃംഗാരരസപ്രധാനമായ ഈ വാങ്മയത്തില്‍ കവി ആദ്യന്തം ലളിതമധുരങ്ങളായ ശബ്ദങ്ങള്‍കൊണ്ടു മാത്രമേ വ്യാപരിക്കുന്നുള്ളൂ.

ʻʻമന്ദാരകുന്ദമകരന്ദസിതാരവിന്ദ-
മന്ദസ്മിതാദിപദമേ ചെവിയില്‍പ്പൊരുന്നൂ;
എന്നും നടുങ്ങുമബലാ പരുഷപ്രയോഗേ
വാതാവധൂതനവകുങ്കുമവല്ലരീവˮ

എന്നു കവി നായികയുടെ മാതാവിനെപ്പറ്റി ഘോഷിക്കുന്ന പ്രശസ്തി അദ്ദേഹത്തിന്റെ കവിതയ്ക്കും യോജിപ്പിക്കാവുന്നതാണ്.

കവിയുടെ കാലദേശങ്ങള്‍

ചന്ദ്രോത്സവകാരന്റെ പേരെന്തെന്നറിവാന്‍ ഒരു മാര്‍ഗവുമില്ല. ʻമദനസമരസമ്മര്‍ദ്ദ,ʼ ʻഉചിതരസവിചാരേ,ʼ ʻമധുമൊഴി പുനമെന്നാ നല്‍ക്കവീന്ദ്രേണ,ʼ ʻശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൌമേണʼ ഇത്യാദി പദ്യങ്ങളില്‍നിന്നു് അദ്ദേഹവും പുനവും ശങ്കരകവിയും സമകാലികന്മാരാണെന്നു സ്പഷ്ടമാകുന്നു. തന്മൂലം അദ്ദേഹം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നതായും സിദ്ധിക്കുന്നു. കവി തന്റെ ആചാര്യനെ ഗ്രന്ഥരംഭത്തില്‍,

ʻʻപെരുമ തകുമൊരോരോ വേദശാഖാവിശാലം
ബുധമധുകരമാലാലീഢശാസ്ത്രപ്രസൂനംˮ എന്നും
ʻʻതെളിവിളകിന ലക്ഷ്മീവല്ലഭാവാസഭൂമേ-
രനുപമപരമാര്‍ത്ഥജ്ഞാനപൂര്‍ണ്ണേന്ദുധാമ്നഃˮ

എന്നും മറ്റും സ്തുതിക്കുന്നുണ്ടെങ്കിലും ആ ഗുരുവിന്റെ ജന്മഭൂമിയായ ʻലക്ഷ്മീവല്ലഭʼഗ്രാമം ഏതെന്നു നിര്‍ണ്ണയിക്കുവാന്‍ പാടില്ലാതെയാണിരിക്കുന്നതു്. തിരുവല്ലായല്ല; പെരുഞ്ചെല്ലൂരാണോ എന്നു സംശയമുണ്ടു്. ഗ്രന്ഥകാരന്‍ ഗുരുവായൂരിനു മൂന്നുനാഴിക കിഴക്കു മാറി സ്ഥിതിചെയ്യുന്ന അരിയന്നൂര്‍ (അരിയനൂര്‍; ഹരികന്യാപുരം)ക്കാവിലേ ഭഗവതിയുടെ ഭക്തനായിരുന്നു എന്നുള്ളതിനു

ʻʻനിഗമവിടപിശാഖാലംബിനീ സല്‍ഫലാപ്ത്യാ
സുകൃതികളെ വിദൂരസ്ഥാനപി പ്രീണയന്തീ
അനവധിതരമൂലാകാംക്ഷിതം കല്പവല്ലീ
ദിശതു ഹരികുമാരീമന്ദിരാവാസിനീ നഃˮ

എന്ന മംഗലാചരണപദ്യം സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം അരിയന്നൂര്‍ക്കാവിലും തൃശ്ശൂരിലും വന്നുചേര്‍ന്നതു കോലത്തുനാട്ടു നിന്നാണോ എന്നു ശങ്കിക്കത്തക്കവണ്ണം ഒരു സൂചന കാവ്യത്തിന്റെ നാലാംഖണ്ഡത്തില്‍ കാണ്മാനുണ്ടു്. പുനത്തിനും ശങ്കരകവിക്കും യഥാക്രമം പ്രേമഭാജനങ്ങളായിരുന്ന മാരലേഖയേയും മാനവീമേനകയേയും പറ്റി ഇരുപത്തിമൂന്നാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചന്ദ്രോത്സവത്തിനു വന്നുചേരുന്ന സുന്ദരിമാരില്‍ നമ്മുടെ കാവ്യകാരന്‍ അഭ്യര്‍ഹിതത്വം നല്കുന്നതു് അവര്‍ക്കു രണ്ടുപേര്‍ക്കുമാണു്. ഇതു സ്വദേശാഭിമാനത്താല്‍ പ്രേരിതമല്ലയോ എന്നു ഞാന്‍ ശങ്കിക്കുന്നു. ഏതായാലും അദ്ദേഹം ഒരു നമ്പൂരിയായിരുന്നു എന്നും ചെങ്ങന്നൂര്‍ മുതല്‍ തളിപ്പറമ്പുവരെയുള്ള സകല മലയാളബ്രാഹ്മണഗ്രാമങ്ങളേയും പറ്റി അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു എന്നും നിസ്സംശയമായി പറയാം.

ഇതിവൃത്തം

മരതകപര്‍വ്വതത്തിന്റെ ശൃംഗത്തില്‍ ഒരു കിന്നരസുന്ദരി തന്റെ പ്രിയതമനായ ഒരു ഗന്ധര്‍വനോടുകൂടി മലയവായുവിനാല്‍ സംഭാവിതയായി സുഖിക്കുന്ന കാലത്തു് ഒരു പരിമളം അവിടെ പരക്കവേ ആ ഗന്ധം ഏതോ ഒരു പുഷ്പത്തില്‍ നിന്നായിരിക്കണമെന്നു സങ്കല്പിച്ചു് ആ പുഷ്പം കൊണ്ടുവരണമെന്നു് അദ്ദേഹത്തോടു് അപേക്ഷിച്ചു. ആ സൗരഭ്യത്തിന്റെ ഉല്‍പത്തി കണ്ടുപിടിക്കുവാന്‍ പര്യടനം ചെയ്തു് ഗന്ധര്‍വന്‍ കൊച്ചിയില്‍ തൃശ്ശിവപേരൂരിനടുത്തുള്ള ചിറ്റിലപ്പള്ളിനാട്ടില്‍ വന്നു. ആ സ്ഥലത്തു മേദിനീവെണ്ണിലാവു് എന്ന വേശ്യ ചന്ദ്രോത്സവം ആഘോഷിക്കുവാന്‍ ഉദ്യമിക്കുകയാണെന്നും തത്സംബന്ധമായുള്ള ദീപവര്‍ത്തികയില്‍ നിന്നു് ഉയരുന്നതാണു് തനിക്കും തന്റെ പ്രേയസിക്കും ആനന്ദം നല്കിയ പരിമളം എന്നും അറിഞ്ഞു് ആ വ്യോമചാരി അവിടെ ആറു ദിവസം താമസിച്ചു് ആ ആഘോഷങ്ങള്‍ കണ്ടു തിരിയെപ്പോയി വൃത്താന്തമെല്ലാം കിന്നരിയെ വര്‍ണ്ണിച്ചുകേള്‍പ്പിച്ചു. ഇതാണു് ഇതിവൃത്തത്തിന്റെ ഉപോല്‍ഘാതം.

പിന്നീടു കഥ ആരംഭിക്കുന്നു. അതു കേരളത്തിന്റെ ഉജ്ജ്വലമായ ഒരു പ്രശസ്തിയോടുകൂടിയാകയാല്‍ ആ ഘട്ടത്തിലുള്ള പദ്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നതു് ഉചിതമായിരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നു:

ʻʻപരഭൃതമൊഴി, ചുറ്റും മറ്റു ഖണ്ഡങ്ങളെട്ടു-
ണ്ടതിലുമധികഹൃദ്യം ദക്ഷിണം ഭാരതാഖ്യം,
വിളനിലമലര്‍മാതിന്നംഗജന്നും ത്രിലോകീ-
ചെറുതൊടുകുറിപോലെ ചേരമാന്‍നാടു യസ്മിന്‍; (1)

ദുരിതഭരമകറ്റിപ്പാപിനാമാത്മശുദ്ധ്യൈ
മരുവുമഖില പുണ്യക്ഷേത്രതീര്‍ത്ഥാഭിരാമം[1]
അമരമുനിമുനീന്ദ്രൈര്‍വന്ദിതം വിശ്വവന്ദ്യം
ശിവശിവ! ശിവപേരൂര്‍ക്ഷേത്രമാഭാതി യസ്മിന്‍; (2)

വിബുധപുരപുരന്ധ്രീപാണിപത്മാര്‍പ്പിതാംഭോ-
രുഹമധുരമരന്ദക്ലിന്നപര്യന്തഭാഗം
സുകൃതസുലഭമോരോ സുന്ദരീമന്ദഹാസ-
ദ്യുതിശിശിരമനന്തക്ഷേത്രമാഭാതി യസ്മിന്‍; (3)

ഹരിമുരളിനിനാദം കോമളം കേട്ടജസ്രം
മലിയുമഖിലപാഷാണാംബുജംബാളിതാന്തം
ഉചിതമമൃതമക്ഷ്ണാം ഗോകുലാനന്ദഹുംഭാ-
രവമുഖരിതഹര്‍മ്മ്യം ചെമ്മരം ഭാതി യസ്മിന്‍; (4)

ശിഖരിജലധിനാഥശ്രീനടീരംഗമംഗീ-
കൃതവിവിധവിചിത്രാശ്ചര്യമാഘോത്സവാഢ്യം
മതില്‍മുതുകിലടങ്ങീടും പയോവാഹമംഹ-
ശ്ശമനമിനിയ നാവാക്ഷേത്രമാഭാതി യസ്മിന്‍; (5)

സകലഫലസമൃദ്ധ്യൈ കേരളാനാം, പ്രതാപം
പെരിയ പരശുരാമസ്യാജ്ഞയാ യത്ര നിത്യം
കനിവൊടു മഴ കാലം പാര്‍ത്തുപാര്‍ത്തര്‍ഭകാണാം
ജനനി മുല കൊടുപ്പാനെന്നപോലേ വരുന്നു.ˮ (6)

ഈ ശ്ലോകങ്ങളില്‍ തൃശ്ശൂര്‍, തിരുവനന്തപുരം, തൃച്ചെമ്മരം, തിരുനാവാ എന്നീ ക്ഷേത്രങ്ങള്‍ സ്മൃതങ്ങളായിരിക്കുന്നു. അവിടെ ʻഅവനിനളിനപൊന്നിന്‍കര്‍ണ്ണികാഭʼമായി ചിറ്റിലപ്പള്ളി എന്നൊരു നാടുണ്ടെന്നും അതിന്റെ ഒരു ഭാഗമാണു് അവുങ്ങുന്നുനാടെന്നും, ആ നാട്ടില്‍ പുത്തൂരെന്നൊരു ഉദ്യാനം സമുല്ലസിക്കുന്നു എന്നും കവി ഉപക്രമരൂപത്തില്‍ പ്രസ്താവിക്കുന്നു. അവുങ്ങുന്നും പൂങ്കുന്നും ഒന്നല്ല. പൂങ്കുന്നു് അല്ലെങ്കില്‍ പൊങ്ങണം എന്ന സ്ഥലം തൃശ്ശൂരിനു് ഒന്നുകൂടി സമീപമാണെങ്കിലും അതിനെയല്ല ഗ്രന്ഥകാരന്‍ പരാമര്‍ശിയ്ക്കുന്നതു്. ʻഅവുങ്ങുന്നു്ʼ എന്നുതന്നെയാണു് പഴയ പ്രതീകങ്ങളില്‍ കാണുന്ന സംജ്ഞയും. ചിറ്റിലപ്പള്ളി തൃശ്ശൂരിനു വടക്കുപടിഞ്ഞാറു നാലഞ്ചു നാഴിക അകലെയായി കിടക്കുന്ന ഒരു പ്രദേശമാണു്. നാലുനാഴിക കിഴക്കായി പുത്തൂരെന്നൊരു ദേശവുമുണ്ടു്. അതു തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍നിന്നു വിദൂരമല്ലായിരുന്നു എന്നു്

ʻʻതസ്മിന്‍ ക്ഷണേ കിന്നു ഭവിഷ്യതീതി
വിഷാദമാസീദസിതായതാക്ഷ്യാഃ;
തെങ്കൈലനാഥപ്രതിബോധഹേതു-
ശ്ശംഖധ്വനിസ്തം പുനരുന്മമാര്‍ജ്ജˮ

എന്ന ശ്ലോകത്തില്‍നിന്നു വെളിപ്പെടുന്നു. അക്കാലത്തു ചിറ്റിലപ്പള്ളിനാടു പരിപാലിച്ചിരുന്നതു തലപ്പള്ളി രാജവംശത്തിലേ മനക്കുളത്തു ശാഖയില്‍പ്പെട്ട ʻകണ്ടന്‍കോതʼ എന്ന രാജാവായിരുന്നു. ʻഅതിന്നു ശാസ്താ പുനരിന്നു കണ്ടന്‍കോത ക്ഷമാപാലനുദാരചേതാഃʼ എന്നും ʻമണിഗൃഹമഥ കണ്ടന്‍കോത പോന്നാവിരാസീല്‍ʼ എന്നുമുള്ള വാക്യങ്ങള്‍ നോക്കുക. ʻശ്രീരാമവര്‍മ്മനൃപതിര്‍മതിമാന്‍ യദാര്യശ്രീകണ്ഠവംശകലശാം ബുധിപൂര്‍ണ്ണചന്ദ്രഃʼ എന്നു കൊല്ലം പത്താംശതകത്തില്‍ രാമപാണിവാദനും തന്റെ പുരസ്കര്‍ത്താവായ അന്നത്തേ മനക്കുളത്തു രാജാവിനെ മുകുന്ദശതകത്തില്‍ വര്‍ണ്ണിക്കുന്നു. ʻമനക്കുളംʼ രാജകുടുംബത്തിന്റെ സ്ഥാനം ഇപ്പോള്‍ കുന്നങ്കുളത്താണെങ്കിലും ചന്ദ്രോത്സവകഥ നടന്ന പ്രദേശം പണ്ടു് ആ കുടുംബത്തിന്റെ അധീനതയിലായിരുന്നു എന്നു് ഊഹിക്കത്തക്കവിധത്തില്‍ അതിനു് ഇന്നും ആ പ്രദേശത്തിനു സമീപമായി മടപ്പാടുകളുണ്ടു്.

പുത്തൂരില്‍ ʻമതിʼ എന്നു കാലാന്തരത്തില്‍ പേര്‍ സിദ്ധിച്ച ഒരു വേശ്യാംഗന ജനിച്ചു.

ʻʻകാന്തിപ്രഭാപടലകര്‍ബുരിതാംഗവല്ലീം
വത്സാം വിലോക്യ ജനനീ വടിവോടവോചല്‍
എല്ലാമിതേ മതി നമുക്കിനിയെന്നു; തേന
രൂഢാ തതഃപ്രഭൃതി സാ മതിയെന്നു ലോകേ.ˮ

നായിക തനിക്കു പുത്രിയായി ജനിച്ചപ്പോള്‍ ʻഎനിയ്ക്കു് ഇനി എല്ലാം ഇതു മതിʼ എന്നു മാതാവു പറകയാലാണത്രേ മകള്‍ക്കു മതിയെന്നു പേര്‍ വന്നതു്. സന്താനാഭാവത്താല്‍ ആ സുന്ദരി വളരെ ഖേദിച്ചു പല വ്രതങ്ങളും നോറ്റു കാലയാപനം ചെയ്യുന്ന അവസരത്തില്‍ ഒരിക്കല്‍ മന്മഥനെ പൂജിക്കവേ, ആ ദേവന്‍ ʻʻസരസിജമുഖി, സേവിച്ചീടു മാം പഞ്ചതാരവ്രതവിധിഭിഃˮ എന്നു് ഉപദേശിക്കുന്നു. നായിക ഒരു വെളുത്ത വാവിന്‍നാള്‍ രാത്രിയില്‍ ആ വ്രതം അനുഷ്ഠിച്ചു തദനന്തരം ഉറങ്ങുമ്പോള്‍ കാമദേവന്‍, വസന്തന്‍ ചന്ദ്രന്‍ ഇവരോടുകൂടി, അവളുടെ മുന്നില്‍ പ്രത്യക്ഷീഭവിച്ചു പൂര്‍വവൃത്താന്തം പറഞ്ഞു കേള്‍പ്പിക്കുന്നു. ഒരു കാലത്തു ശചീദേവി ചന്ദ്രോത്സവം ആഘോഷിക്കുമ്പോള്‍ മേനക അവിടെ ചെന്ന ഘട്ടത്തില്‍ രംഗസ്ഥിതനായ പൂര്‍ണ്ണചന്ദ്രനെ കാണുകയും അവര്‍ രണ്ടുപേരും അന്യോന്യം വശീകൃതരാകുകയും ചെയ്തു. പാരിജാതത്തണലില്‍ പിറ്റേ ദിവസം ഒന്നിച്ചു കൂടാമെന്നു് അവര്‍ ʻമിഴിമുനയെന്നും തൂലികാഗ്രേണʼ കുറിച്ച സങ്കേതം ചന്ദ്രന്റെ മടിയിലിരുന്ന ചന്ദ്രിക മനസ്സിലാക്കുകയും നിര്‍ദ്ദിഷ്ടമായ സ്ഥലത്തും സമയത്തും മേനകയാണു് താന്‍ എന്നു ചന്ദ്രനെ ഭ്രമിപ്പിച്ചു് ആ ദേവനുമായി രമിക്കുകയും ചെയ്തു. അപ്പോള്‍ മേനകതന്നെ അവിടെ ചെല്ലുകയും ചന്ദ്രന്‍ സത്യസ്ഥിതി മനസ്സിലാക്കി ചന്ദ്രികയെ

ʻʻകുലയുവതിപതാകേ, വാരയോഷേവ നമ്മെ-
ക്കമനി, വിഗതശങ്കം നീ ചതിച്ചോരുമൂലം
അവനിയിലൊരു നൂറ്റാണ്ടേതു പോയ് വാരയോഷാ-
നുഭവമനുഭവിച്ചീടാശു മച്ഛാപവേഗാല്‍ˮ

എന്നു ശപിക്കുകയും ചെയ്തു. ചന്ദ്രിക താപാര്‍ത്തയായി ഉടന്‍ ശാപമോക്ഷം യാചിച്ചു. അതിനു ചന്ദ്രന്‍

ʻʻകലവിജയപതാകേ, ഭൂതലേ പോയ്പ്പിറന്നാ-
ലിനി വിരവൊടു ചെയ്വൂ പൂര്‍ണ്ണചന്ദ്രോത്സവം നീ;
അതു നിരുപമമസ്മല്‍പ്രീണനം; ഞാന്‍ വരുന്നു-
ണ്ടവിടെ നിയതംˮ

എന്നരുളിച്ചെയ്തു. ചന്ദ്രികയ്ക്കു മതിയില്‍ ഭൂജാതയാകുവാനുള്ള ആഗ്രഹം കാമദേവന്‍ ധരിപ്പിക്കുകയും അതില്‍ മതി വളരെ സന്തോഷിച്ചു പിന്നെയും കുറേക്കാലം ഓരോ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അവള്‍

ʻʻവെണ്‍മാടത്തിന്നു മേലേനിലയിലൊരു ദിനം
മാരസംഗ്രാമരംഗേ
സമ്മാനിച്ചാസ്വദിച്ചന്‍പൊടു മലയമരുല്‍-
കന്ദളാന്‍ മന്ദവേഗാന്‍
കമ്രാംഗീ കണ്ണടച്ചോരളവഖിലകലാ-
സുന്ദരീമിന്ദുലക്ഷ്മീ-
മമ്ലാനാം വന്നകംപുക്കതു പുനരുദരേ
കണ്ടു മെല്ലെന്നുണര്‍ന്നാള്‍ˮ

എന്നു കവി പ്രസ്താവിക്കുന്നു. അതാണു് പ്രഥമഭാഗത്തിന്റെ അവസാനശ്ലോകം.

ദ്വിതീയഭാഗം മതിയുടെ ഗര്‍ഭവർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അനന്തരം

ʻʻഇത്ഥം ഗതേഷു ദിവസേഷു തെളിഞ്ഞ ലക്ഷ്മ്യാ
സാകം തദീയജഠരാമൃതവാരിരാശേഃ
ആവിര്‍ബഭൂവ സുഭഗാ സുകൃതൈകഭോഗ്യാ
കന്യാമയീ കമനി, കാചന കല്പവല്ലീ.ˮ

അവളുടെ ഉദരത്തില്‍നിന്നു് അതിസൌന്ദര്യവതിയായ ഒരു കുമാരി ജനിക്കുകയും, അപ്പോള്‍

ʻʻനൂറ്റാണ്ടു വാഴ്ക നുരപൊങ്ങിന ദുഗ്ദ്ധപാഥോ-
നാഥോപമേന യശസാ പരിപൂര്യ ലോകംˮ

എന്നു് അശരീരിവാക്കുണ്ടാകുകയും ചെയ്യുന്നു. ആ കുമാരിയാണു് കാവ്യത്തിലെ നായിക എന്നു പറയേണ്ടതില്ലല്ലോ. അവള്‍ക്കു ʻമേദിനീവെണ്ണിലാവു്ʼ എന്നു പേരിടുവാനുള്ള കാരണത്തെപ്പറ്റി കവി ഇങ്ങനെ വ്യപദേശിക്കുന്നു:

ʻʻകീര്‍ത്ത്യാ പിറന്നളവു മേദിനി വെണ്ണിലാവെ-
ക്കൊണ്ടെന്റവണ്ണമഴകോടു കുളുര്‍ത്തതോര്‍ത്തും
വിദ്വജ്ജനം ഝടിതി മേദിനിവെണ്ണിലാവെ-
ന്റന്‍പോടു നാമകരണം ച തതാന തസ്യാഃ.ˮ

പിന്നീടു കുമാരിയുടെ ബാലക്രീഡാവര്‍ണ്ണനമാണു് സന്ദര്‍ഭം. പന്താട്ടം, ചിന്തുപാടല്‍, ചൂതു്, ചതുരംഗം, പമ്പരംകറക്കല്‍, ഓണക്കളി മുതലായ വിനോദങ്ങളില്‍ അവള്‍ ആര്‍ജ്ജിച്ച വൈദഗ്ദ്ധ്യത്തെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍

ʻʻഭാഷാവിശേഷമൊടു പത്തടവും പഠിച്ചാ-
ളയ്യാണ്ടിലേ കുസുമസായകകേതുമാലാˮ

എന്നുകൂടി കവി പറയുന്നു. പിന്നീടു നായികയുടെ യൗവനവും തദനുരൂപമായ സൌന്ദര്യവുമാണു് വര്‍ണ്ണനാവിഷയം. അതോടുകൂടി രണ്ടാംഭാഗം കഴിയുന്നു.

മൂന്നാംഭാഗത്തില്‍ മേദിനീവെണ്ണിലാവു സഖികളെ വിളിച്ചുവരുത്തി അവരോടു്

ചന്ദ്രോത്സവം പണ്ടിഹ ഞാന്‍ പിറപ്പാന്‍
നേര്‍ന്നൂ മദീയാ ജനനീ കിലൈഷാ;
അതിന്നു കാലം പുനരേകദേശ-
മിതെന്നുമുണ്ടെന്നതു നൈവ ജാനേˮ

എന്നു പറയുകയും അതു നടത്തേണ്ടതെങ്ങനെയെന്നു് അവരുമായി പര്യാലോചിക്കുകയും ചെയ്യുന്നു. ശ്രീമംഗലം എന്ന പേരില്‍ നായിക പുത്തനായി പണിയിച്ച ʻʻത്രൈലോക്യ ലക്ഷ്മീമണിമണ്ഡപാഭˮമായ ഭവനത്തിലേ മന്ത്രശാലയില്‍വെച്ചാണു് ആലോചന നടക്കുന്നതു്. സദസ്സില്‍ (1) മാനവീ മേനക, (2) മാരചേമന്തിക, (3) കനകാവലി, (4) പാറയ്ക്കാട്ടിട്ടി, (5) വള്ള്യനാട്ട് ഉണ്ണുനീലി, (6) പൊറ്റയ്ക്കാട്ടു കണ്ടിക്കുഴലി, (7) തേന്മാതവി, (8) പുഷ്പലേഖ മുതലായ സഖിമാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടു്. ഓരോരുത്തരും അവരവരുടെ ആശയം സോപപത്തികമായി ആവിഷ്കരിക്കുന്നു. ചന്ദ്രോത്സവമഹത്തെപ്പറ്റി ചില വിവരങ്ങള്‍ അവരുടെ പ്രസംഗങ്ങളില്‍ നിന്നു നമുക്കു ധരിക്കുവാന്‍ ഇടവരുന്നു:

ʻʻചന്ദ്രോത്സവംചെയ്ക വിലാസിനീനാ-
മിന്ദ്രോത്സവം ചെയ്ക മഹീപതീനാം
ഉള്ളോന്നു പണ്ടേ; ഫലമേതയോര്‍ഹി
ലോകോത്തരത്വം വിഹിതം വിധാത്രാ.

സംസാരവും വൈശികവും വളര്‍ന്ന
ഭാഗ്യോപഭ്യോഗ്യങ്ങളുദാരവാചാം;
കാല്ക്കീഴമര്‍ക്കാമിവ രണ്ടുകൊണ്ടും
ചന്ദ്രാര്‍ക്കവക്ഷോജവതീം ത്രിലോകീം.
സംസാരഭോഗം വസുധാധിപാനാം;
വധൂജനാനാമപരം പ്രധാനം;
മനുപ്രണീതം പ്രഥമം; ദ്വിതീയം
മുനിപ്രണീതം; ധനഹേതു രണ്ടും.ˮ

പ്രയോഗസാരം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മേല്പറഞ്ഞ ചന്ദ്രപൂജയുടെ വിധിയെപ്പറ്റി പ്രസ്താവനയുണ്ടെന്നും, പാര്‍വ്വതീ ദേവിയും ശചി, മേനക, ഘൃതാചി, ഉര്‍വശി, തിലോത്തമ എന്നീ അപ്സരസ്ത്രീകളും പാഞ്ചാലിയും ആ പൂജയനുഷ്ഠിച്ചു യശസ്വിനികളായിത്തീര്‍ന്നവരാണെന്നും മറ്റും സഖികള്‍ പറയുന്നു.

ʻവേശാംഗനാവൃത്തിരിയം വിശീര്‍ണ്ണാ
വിരാജതേ സംപ്രതി കേരളേഷുʼ എന്നും,

ʻʻചന്ദ്രോത്സവംചെയ്കബലാജനാനാം
നന്നെന്നതെങ്ങും ഭുവി സുപ്രസിദ്ധം;
തഥാപി ചെയ്തീലൊരിടത്തൊരുത്ത-
രെന്നിട്ടതത്യന്തവിചാരണീയംˮ എന്നും,

ʻʻചന്ദ്രോത്സവം മാരമഹോത്സവം വാ-
രെഴും വസന്തോത്സവമെന്നു മൂന്നും
ചൊല്ലാര്‍ന്ന നല്ലാര്‍ക്കു വിധിച്ച കാര്യം
കില്ലില്ലതിന്നെങ്കിലുമോര്‍ക്കവേണം.ˮ

എന്നുംകൂടി അവിടവിടെ പ്രസ്താവനയുണ്ടു്. എല്ലാവരും കൂടി എത്രമാത്രം ക്ലേശമുണ്ടെങ്കിലും ചന്ദ്രോത്സവം ആഘോഷിക്കുകതന്നെ വേണമെന്നു നിശ്ചയിക്കുകയും തോഴിമാര്‍ സകല സഹായങ്ങളും ചെയ്തുകൊള്ളാമെന്നു് ഏല്ക്കുകയും നായിക അതിനു ʻവരകപ്പള്ളിʼ നമ്പൂരിയെ ആചാര്യനായി വരിക്കുകയും ചെയ്യുന്നു. അദ്ദേഹം ആ പൂജയ്ക്കുവേണ്ട ഒരുക്കങ്ങള്‍ എന്തെല്ലാമാണെന്നു വിജ്ഞാപനം ചെയ്യുന്നതോടുകൂടി മൂന്നാം സര്‍ഗ്ഗം സമാപിക്കുന്നു. ശരല്‍കാലത്തു ശുക്ലപക്ഷൈകാദശി മുതല്‍ പൌര്‍ണ്ണമാസിവരെയാണു് ഉത്സവത്തിനുള്ള കാലമെന്നും, കാമദേവന്റെ അരവിന്ദം തുടങ്ങിയുള്ള അഞ്ചു ശരങ്ങളെക്കൊണ്ടാണു് പൂര്‍ണ്ണചന്ദ്രനെ അര്‍ച്ചിക്കേണ്ടതെന്നും, ഉത്സവദിവസങ്ങള്‍ക്കു് ആ ശരങ്ങളുടെ പേരുകള്‍തന്നെയാണു് യഥാക്രമം ഇടേണ്ടതെന്നും, അഞ്ചു നിലകളോടുകൂടിയ ഒരു വെണ്‍മാടത്തിലാണു് ഉത്സവം ആഘോഷിക്കേണ്ടതെന്നും. അതിലേ ഓരോ കക്ഷ്യയിലിരുന്നു് ഓരോ ദിവസം ചന്ദ്രനെ ആരാധിച്ചു് ഒടുവിലത്തെ ദിവസം അഞ്ചാമത്തെ കക്ഷ്യയിലിരുന്നു പൂജ അവസാനിപ്പിക്കണമെന്നും, ചന്ദ്രോദയത്തിനുമേല്‍ ഓരോ രാത്രിയിലും അഞ്ചു തവണവീതം പുഷ്പാഞ്ജലി ചെയ്യണമെന്നും, മറ്റും ആചാര്യന്റെ ഉപദേശത്തില്‍നിന്നു നാം മനസ്സിലാക്കുന്നു. ചന്ദ്രോത്സവത്തില്‍ പഞ്ചസംഖ്യയ്ക്കു പലതുകൊണ്ടും പ്രാധാന്യമുള്ളതിനാല്‍ കാവ്യവും അഞ്ചു ഭാഗങ്ങളായി രചിക്കുന്നതു സമീചീനംതന്നെ.

ചന്ദ്രോത്സവം എന്നൊരു പൂജാക്രമം വാസ്തവത്തില്‍ പ്രചലിതമായിരുന്നുവോ എന്നും അതു കേവലം കവിസങ്കല്പമല്ലയോ എന്നും ചിലര്‍ സംശയിക്കുന്നു. ഇന്ദ്രോത്സവം എന്ന പേരില്‍ ഒരുത്സവം ഉണ്ടായിരുന്നതായി നാം ചിലപ്പതികാരത്തില്‍നിന്നു ധരിക്കുന്നു. കാമോത്സവത്തേയും വസന്തോത്സവത്തേയും പറ്റിയും കേട്ടിട്ടുണ്ടു്. കാമോത്സവം ഫാല്ഗുന മാസത്തിലും വസന്തോത്സവം ചൈത്രമാസത്തിലും ആഘോഷിക്കപ്പെടുന്നു. ചന്ദ്രോത്സവം എന്നതു ശരദൃതുവില്‍ കാര്‍ത്തികമാസത്തില്‍ ആഘോഷിക്കേണ്ടതായത്രേ കാണുന്നതു്. അതു തന്നെയാണു് മുദ്രാരാക്ഷസത്തില്‍ നിര്‍ദ്ദിഷ്ടമായ കൌമുദീമഹോത്സവം. ആ നാടകത്തിന്റെ മൂന്നാമങ്കത്തില്‍ പ്രസ്തുത മഹോത്സവം നടത്തുവാന്‍ ചന്ദ്രഗുപ്തന്‍ ആജ്ഞാപിക്കുകയും ചാണക്യന്‍ അതു മുടക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടു്. ʻʻഅഹോ! ശരത്സമയസംഭൃതശോഭാനാം ദിശാമതിരമണീയതാˮ എന്ന പംക്തിയില്‍നിന്നും മറ്റും ആ ഉത്സവം നടക്കുന്നതു ശരല്ക്കാലത്തിലാണെന്നു വെളിവാകുന്നു. ʻʻസാകം സ്ത്രീഭിര്‍ഭജന്തേ വിധിമഭിലഷിതം പാര്‍വ്വണം പൌരമുഖ്യാഃˮ എന്ന ഭാഗം വ്യാഖ്യാനിക്കുമ്പോള്‍ പാര്‍വ്വണപദത്തെ ʻʻപര്‍വ്വണി കാര്‍ത്തിക്യാം പൌര്‍ണ്ണമാസ്യാം ഭവം ക്രീഡാവിധിംˮ എന്നു ഢുണ്‍ഢിരാജന്‍ വ്യാഖ്യാനിക്കുന്നു. ʻʻകൌമുദീ കാര്‍ത്തികോത്സവഃ സ തു കാര്‍ത്തികീപൂര്‍ണ്ണിമായാം കര്‍ത്തവ്യഃˮ എന്നു ത്രികാണ്ഡശേഷവ്യാഖ്യയിലും കാണ്മാനുണ്ടു്. അതൊരു ദീപോത്സവമാണെന്നു രഘുവംശവ്യാഖ്യയില്‍ മല്ലിനാഥന്‍ പറയുന്നു. നമ്മുടെ കാവ്യത്തിലും ചന്ദ്രോത്സവം ശരത്തില്‍ ആഘോഷിച്ചതായാണു് വര്‍ണ്ണിച്ചിട്ടുള്ളതു്. അതുകൊണ്ടു് അങ്ങനെയൊരു ഉത്സവം കേവലം കവിയുടെ ഭാവനാഫലമാണെന്നോ പ്രയോഗസാരം എന്നൊരു ആഗമഗ്രന്ഥം ഇല്ലെന്നോ ആര്‍ക്കും വാദിക്കാവുന്നതല്ല. ʻപ്രയോഗസാരംʼ എന്നൊരു ഗ്രന്ഥം ഞാന്‍ വായിച്ചിട്ടുണ്ടു്. പക്ഷേ, അതില്‍ ചന്ദ്രോത്സവത്തെപ്പറ്റിയുള്ള പ്രസ്താവനയൊന്നും കാണുന്നില്ല. ആദ്യകാലത്തു കൌമുദീമഹോത്സവം നടത്തിവന്നിരുന്നതു സ്ത്രീകള്‍ മാത്രമായിരുന്നില്ലെന്നും പില്‍കാലത്തു് ആ ആചാരം നമ്മുടെ കാവ്യത്തില്‍ വര്‍ണ്ണിക്കുന്ന രീതിയില്‍ വിപരിണമിച്ചിരിക്കാം എന്നും കരുതാവുന്നതാണു്.

നാലാംസര്‍ഗ്ഗം ശരദ്വര്‍ണ്ണനംകൊണ്ടു് ഉപക്രമിക്കുന്നു.

ʻʻഅഥ നിലാവുമണിഞ്ഞമലാംബരാ
നളിനമെന്നുമുപായനധാരിണീ
ശരദസേവത മേദിനിവെണ്ണിലാ-
വിനെ മനോഭവമോഹനപിഞ്ഛികാˮ

എന്നതാണു് അതിലെ ആദ്യത്തെ ശ്ലോകം. ശരദ്വര്‍ണ്ണനാനന്തരം കണ്ടങ്കോതരാജാവും അതില്‍പ്പിന്നീടു സംഘക്കളിക്കാരും (ചാത്തിരന്മാര്‍) അനവധി വാരസുന്ദരിമാരും ചന്ദ്രോത്സവാഘോഷത്തില്‍ ഭാഗഭാക്കുകളാകുവാന്‍ വന്നുചേരുന്നു. പതിനെട്ടു സംഘങ്ങളുടേയും പേരുകള്‍ എളുപ്പത്തില്‍ ഓര്‍മ്മിക്കുന്നതിനു ʻʻപുല്ലു, കണ്ട, പുളി, തത്ത, വേഴ, പുറ, ആറ്റു, ചുണ്ട, നാട്ടി, നെന്മേനി, താമര, ചൊവ്വര, വെള്ള, തിട്ട, ചാഴി, പാല, പാക്യ, മിഴിˮ എന്നു പ്രസിദ്ധമായ ഒരു സംഗ്രഹവാചകമുണ്ടു്. അവയുടെ പരിപൂര്‍ണ്ണനാമധേയങ്ങള്‍ ചന്ദ്രോത്സവത്തില്‍ കുറിച്ചുകാണുന്നു. സംഘങ്ങളില്‍ ആറെണ്ണം വൈയാകരണന്മാരുടേയും വേറിട്ടു് ആറു പ്രാഭാകരന്മാരുടേയും ബാക്കിയുള്ള ആറു ഭാട്ടന്മാരുടേയും ആണു്. (1) കണ്ടരാമന്‍ (കണ്‍ട്രാന്‍), (2) പുളിക്കീഴു്, (3) വേഴപ്പറമ്പ്, (4) പുറക്കടിഞ്ഞകം, (5) തത്തമംഗലം, (6) പുല്ലിപുലം ഇവയാണു് വൈയാകരണസംഘങ്ങള്‍. (7) കീഴ്‌വീതീ (കിഴിന്യാരു്), (8) വെള്ളാങ്ങലൂര്‍, (9) തിട്ടപ്പള്ളി, (10) ചാഴിക്കാടു്, (11) പാലക്കാടു്, (12) ഭാസ്കരം (പാക്യം) ഇവ പ്രാഭാകര സംഘങ്ങളും, (13) നാട്ടിയമംഗലം (നാട്യമംഗലം), (14) ചുണ്ടയ്ക്കമണ്ണു്, (15) ചോതിരം (ചൊവ്വരം), (16) ആറ്റുപുറം, (17) താമരച്ചേരി, (18) നെന്മേനി ഇവ ഭാട്ടസംഘങ്ങളുമാകുന്നു.

ഓടനാടു് (കായംകുളം), അതിന്റെ തലസ്ഥാനമായ കണ്ടിയൂര്‍, മതിലകം, പാലയൂര്‍, കോഴിക്കോടു് മുതലായ സ്ഥലങ്ങളില്‍നിന്നാണു് യുവതികള്‍ വരുന്നതു്. മൂന്നാം സര്‍ഗ്ഗത്തില്‍ സദസ്യകളായിരുന്നവരും വന്നുചേരുന്നുണ്ടു്. അവരെക്കൂടാതെ (1) നന്തിപ്പുലത്തു് ഇട്ടി, (2) കൊടുങ്ങല്ലൂര്‍ ആനന്ദനീവി, (3) വീണാവതി, (4) കുറ്റിപ്പുറത്തു് ഉണിച്ചിരുതേവി, (5) ചേരിക്കുളത്തു് ഉണിച്ചിരുത, (6) ചന്ത്രത്തില്‍ ഉണ്ണിയച്ചി, (7) കണ്ടച്ചാത്തു് ഇട്ടിമാതവി തുടങ്ങിയ മറ്റു ചില സുന്ദരിമാരെ കവി അവിടെ ആഗമനം ചെയ്തവരുടെ കൂട്ടത്തില്‍ സ്മരിക്കുന്നു. (1) പെരുവനം, (2) ഇരിങ്ങാലക്കുട, (3) ചോതിരം, (4) ആലത്തൂര്‍, (5) അരിയന്നൂര്‍, (6) ഈശാനം, (7) തൃശ്ശിവപേരൂര്‍, (8) ചെങ്ങന്നൂര്‍, (9) തിരുവല്ലാ, (10) ഐരാണിക്കുളം, (11) മൂഴിക്കുളം, (12) പന്നിയൂര്‍ ഇവിടങ്ങളിലുള്ള നമ്പൂരിമാരും ആഗതരായിരുന്നു എന്നു് അഞ്ചാംസര്‍ഗ്ഗത്തില്‍നിന്നു നാം ധരിക്കുന്നു. ചില സുന്ദരികളോടൊപ്പം കവികളും വരുന്നുണ്ടു്. പുനം, ശങ്കരകവി, രാഘവകവി ഇവരെല്ലാം ആ കൂട്ടത്തില്‍പ്പെട്ടവരാണു്. ഇവര്‍ക്കുപുറമേ ഗ്രന്ഥകാരന്‍ നാമനിര്‍ദ്ദേശം ചെയ്യാതെ

ʻʻകേനാപി കേരളവധൂഹൃദയാരവിന്ദ-
ബാലാതപേന കവിനാ കലിതാപദാനാ,ˮ
ʻʻമധുരമധുരഭാഷാപദ്യകോലാഹലംകൊ-
ണ്ടുലകഖിലമലിക്കും നല്കവീന്ദ്രാനുയാതാˮ

എന്നും മറ്റുമുള്ള വരികളില്‍ വേറെ ചില കവികളുടെ ആഗമനത്തെപ്പറ്റിയും സൂചിപ്പിക്കുന്നു.

ʻʻമധുരകവികളെല്ലാം ചെന്നു പൂജാവസാനേ
മണമിളകിന ഭാഷാപദ്യബന്ധൈരനേകൈഃ
അമൃതകിരണമസ്തോഷുഃ

എന്നും

ʻʻകവിഷു സകലഭാഷാസാര്‍വഭൌമേഷു ചന്ദ്ര-
സ്തുതിമുഖരമുഖേഷു പ്രൌഢരോമോല്‍ഗമേഷുˮ

എന്നുംകൂടി പ്രസ്താവനകള്‍ കാണുന്നുണ്ടു്. ആ കവികള്‍ പ്രായേണ മണിപ്രവാളത്തിലായിരിക്കണം ഗദ്യപദ്യങ്ങള്‍ രചിച്ചിരുന്നതു്. അവ ആസ്വദിക്കുന്നതിനുവേണ്ട പാണ്ഡിത്യവും സഹൃദയത്വവും ആ സ്ത്രീകളും സമ്പാദിച്ചിരുന്നിരിക്കണം. മതിയെപ്പറ്റി വര്‍ണ്ണിക്കുമ്പോള്‍ കവി

ʻʻശാകുന്തളം തദനു മാളവികാഗ്നിമിത്രം
കാദംബരീചരിതമത്ഭുതബന്ധഹൃദ്യം
മുറ്റും മരന്ദമൊഴി വൈകിനകൂടുദാരാ
ശുശ്രാവ ഭാവമധുരഞ്ച മണിപ്രവാളംˮ

എന്നു പറയുന്നു. നായികയുടെ ʻമാലാവാഹിനിʼയായ ചേടിപോലും ഈദൃശങ്ങളായ ʻഭാഷാകലവികളില്‍ʼ വിദഗ്ദ്ധയായിരുന്നുവത്രേ. സ്ത്രീകള്‍ക്കു സാഹിത്യപരിശീലനത്തിനുള്ള സമയം സായാഹ്നമായിരുന്നു; ആ പരിപാടിയില്‍ മണിപ്രവാളസാഹിത്യത്തിനു ഗണനീയമായ ഒരു സ്ഥാനവും അവര്‍ നല്കിയിരുന്നു. അതുംകൂടി ആ പ്രസ്ഥാനത്തിന്റെ അഭ്യുന്നതിക്കു് ഒരു കാരണമായിത്തീര്‍ന്നിരിക്കണം.

അഞ്ചാംഭാഗത്തില്‍ ഉത്സവം അവസാനിച്ചപ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ നായികയുടെ മുന്നില്‍ പ്രത്യക്ഷീഭവിച്ചു്

ʻʻമദനമണിവിളക്കായ് നീ വിളങ്ങീടുകസ്മല്‍-
പ്രണയിനി, പുനരാശാപാന്തമസ്മിന്‍ പ്രപഞ്ചേ;
കലിതകുതുകമിന്നേ വാരസീമന്തിനീനാ-
മഴകുടയ മണിപ്പൂണ്‍പാക നിന്‍പാദപത്മം.ˮ

എന്നും മറ്റും അവളെ അനുഗ്രഹിക്കുകയും ആ ദേവന്റെ പ്രാണപ്രിയയായ രോഹിണി ഒരു മുക്താഹാരം അവളുടെ കഴുത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

ഗ്രന്ഥാന്തത്തില്‍ ശിവസ്തുതിപരമായി ഒരു ശ്ലോകമുള്ളതാണു് അടിയില്‍ ഉദ്ധരിക്കുന്നതു്.

ʻʻഉലകഖിലമലിക്കും മേദിനീവെണ്ണിലാവിന്‍
മധുരചതുരരൂപൈര്‍വാക്യപുഷ്പോപഹാരൈഃ
സുരഭിതകകുബന്തൈരാദധാതു പ്രസാദം
നിഖിലഭുവനസാക്ഷീ ബാലശീതാംശുമൌലിഃˮ

ഒരു മാതൃകാഗ്രന്ഥത്തില്‍ ഇതിനുമേല്‍ മറ്റൊരു ശ്ലോകവും കുറിച്ചു കാണുന്നുണ്ടു്. അതുകൂടി അടിയില്‍ ചേര്‍ക്കാം:

ʻʻകോല്‍ത്തേന്‍നേര്‍വാണി, വീണാമൊഴിമണികളണി-
ച്ചാര്‍ത്തു കാല്‍ത്താരില്‍ നിത്യം
ചാര്‍ത്തീടൂതാക ചന്ദ്രോത്സവമധുരകഥാ-
സൌരഭോന്മേഷയോഗാല്‍;
ആത്താഭോഗം വിളങ്ങും ഗുണഗണലഹരീ-
ഭാരി മൂര്‍ത്തിത്രയീ നിന്‍
കീര്‍ത്തിക്ഷീരാംബുരാശൌ വിഹരതു
സകലം മേദിനീവെണ്ണിലാവേ!.ˮ

ചന്ദ്രോത്സവകാരന്റെ വിശ്വോത്തരമായ കവനകലാമാര്‍മ്മികതയ്ക്കു ചില മൂര്‍ദ്ധാഭിഷിക്തോദാഹരണങ്ങള്‍ ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടു്. അദ്ദേഹം ഗ്രന്ഥത്തിന്റെ ഉപക്രമത്തില്‍ കഥാസൂചനത്തിനുവേണ്ടി ചന്ദ്രരേഖയേയും, പിന്നീടു ശ്രീപരമേശ്വരനേയും പാര്‍വതീദേവിയേയും ഗുരുവിനേയും രസം ശൃംഗാരമാകയാല്‍ കാമദേവനേയും വന്ദിക്കുന്നു. തദനന്തരം വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭാരവി, മുരാരി, ഭട്ടബാണന്‍ എന്നീ പൂര്‍വകവികളെ പ്രശംസിച്ചു്, അവരോടൊപ്പം തന്റെ സമകാലികന്മാരായ പുനം ശങ്കരകവി ഇവരേയും പുകഴ്ത്തി, ദുര്‍ജ്ജനങ്ങളെ ഉപാലംഭനം ചെയ്തു, തന്റെ ശാലീനതയെ വിശദീകരിച്ചുകൊണ്ടു കഥയിലേക്കു കടക്കുന്നു.

ʻʻഅമൃതകിരണരേഖാം നൃത്യതശ്ശൂലപാണേ-
രഴകുടയ ജടാജുടാന്തരസ്ഥാമുപാസേ,
പവനിയിലിടവേറിട്ടന്തികേ വീണ്ണ ഗംഗാ-
ചെറുതിരനുരപോലേ ലോഭനീയാനുഭാവാം.ˮ

എന്ന പ്രഥമപദ്യം വായിക്കുമ്പോള്‍ത്തന്നെ കവി സാമാന്യനല്ലെന്നു ഭാവുകന്‍ തീര്‍ച്ചപ്പെടുത്തുന്നു. ആ മതത്തെ ഊന്നിയൂന്നിയുറപ്പിക്കുകയാണു് അതിനപ്പുറമുള്ള ഓരോ പദ്യവും ചെയ്യുന്നതു്. താഴെക്കാണുന്ന പദ്യങ്ങള്‍ പരിശോധിയ്ക്കുക:

നവോഢയായ പാര്‍വതീദേവി:

ʻʻപരമശിവമുഖാംഭോജാവലോകേ നവീനേ
മിഴികളിലവനമ്രം വിസ്മയശ്രീ കപര്‍ദേ
കുതുകി ശശികലായാമുല്‍പ്രകമ്പം ഭുജംഗേ
ജയതി തിരുമിഴിത്തെല്ലദ്രിരാജാത്മജായാഃ.ˮ

കാമദേവന്‍:

ʻʻഅണികുലചില ജിഹ്വാനന്ദി, കര്‍ണ്ണാമൃതം ഞാ,
ണഥ നയനമനോജ്ഞം നാസികാഹ്ലാദി ബാണം,
തൊടുമളവിലുറക്കും തേരു, യസ്യാംഗനാനാം
വക പടക, ളനംഗം ദൈവതം വെല്ലുമാക.ˮ

കാളിദാസന്റെ കവിത:

ʻʻധ്വനിഭിരമൃതവിന്ദുസ്യന്ദിഭിഃ പ്രീണയന്തീ
സഹൃദയമഭിരാമൈരന്വിതാ ഭാവഭേദൈഃ
സരസമുചിതശയ്യാമാശ്രിതാ വിശ്വലോകം
സുഖയതി സുകുമാരാ കാളിദാസസ്യ വാണീ.ˮ

ഈ ശ്ലോകം വാസ്തവത്തില്‍ സംസ്കൃതമാണെങ്കിലും പ്രയുക്തങ്ങളായ പദങ്ങളുടെ സൌകുമാര്യംകൊണ്ടു മണിപ്രവാളമാണെന്നു തോന്നിപ്പോകുന്നു. ഇതുപോലെ വേറേയും പല ശ്ലോകങ്ങള്‍ ഈ കൃതിയിലുണ്ടു്. തന്റെ ʻഭാഷാരൂപിണിʼയായ ʻഭാരതിʼ സഹൃദയന്മാര്‍ക്കു രസിക്കുമോ എന്നു കവി അല്പമൊന്നു സംശയിയ്ക്കുകയും, മധുരകവിത്വമില്ലാത്തവര്‍ മൂകന്മാരായിരുന്നു കൊള്ളണമെന്നു വിധിയില്ലെന്നും കുയിലുകള്‍ പാടുമ്പോള്‍ കാക്കകളും കരയാറുണ്ടെന്നും അതിനു സമാധാനം കാണുകയും ചെയ്യുന്നു. ഒടുവില്‍ താന്‍ ആത്മവിശ്വാസമില്ലാത്ത ഒരു കവിയല്ലെന്നും അദ്ദേഹം പ്രഖ്യാപനം ചെയ്യുവാന്‍ മടിക്കുന്നില്ല.

ʻʻചരിതമമൃതഹൃദ്യം മേദിനീചന്ദ്രികായാ
ഭുവി നിരുപമമസ്മല്‍പ്രാതിഭം നിര്‍വിവാദം
അഴകെഴുമിതിവൃത്തം പൂര്‍ണ്ണചന്ദ്രോത്സവം ന-
ന്നൊരുമ സുകൃതപാകം നിര്‍ണ്ണയം കര്‍ണ്ണഭാജാം.ˮ

ʻʻമധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേ-
ളനസുരഭിലയാസ്മല്‍കാവ്യവാണീവിഭൂത്യാ
തെളിയുക പരമിന്നും മേദിനീചന്ദ്രികാ തേന്‍
പൊഴിയുമൊരു കലമ്പന്‍മാലകൊണ്ടെന്നപോലെ.ˮ

എന്നീ പദ്യങ്ങള്‍ പ്രകൃതത്തില്‍ ജ്ഞാപകങ്ങളാകുന്നു.

താഴെകാണുന്ന ശ്ലോകങ്ങള്‍ മതിയുടെ സൌന്ദര്യവര്‍ണ്ണന ഘട്ടത്തില്‍ ഉള്ളവയാണു്:

ʻʻസജലജലദമാലാപേശലം കേശപാശം;
കുരുള്‍നിര തിമിരശ്രീവല്ലരീപല്ലവാഭം;
അളികതലമുലാവും കേതകാന്തര്‍ദ്ദലാഭം;
പുരികമുലകു വെല്‌വാൻ വില്ലു ശൃംഗാരയോനേഃ.ˮ

കളമൊഴിഗളനാളം കുംബു ബിംബോകഡംഭ-
പ്രശമനമതിമുഗ്ദ്ധം കൈത്തലം ബദ്ധലീലം;
മുല കനകമലയ്ക്കും ചിത്തകാമ്പൊന്നുലയ്ക്കും;
പട തുടിയൊടു തല്ലും ചൊല്ലെഴും മദ്ധ്യവല്ലീ.ˮ

ചുവടേ ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ ഗര്‍ഭവര്‍ണ്ണനത്തില്‍നിന്നാകുന്നു:

ʻʻആനീലമംബുജദൃശഃ സ്തനചൂചുകാഗ്ര-
മാപാണ്ഡുമൂലമബലാകുലമൌലി, രേജേ,
തൂവെണ്ണിലാവൊടു മറുത്തു പുറത്തു പോവാന്‍
നൂഴുന്ന കൂരിരുളുതന്‍ തലയെന്നപോലെ.ˮ

മന്ദം തൊടുമ്പൊഴുതിലും പഴുതേ നറുമ്പാല്‍
ചിന്നും പൊടുക്കനെ മുലക്കലശം തദീയം,
മേലില്‍പ്പിറന്നു വളരും തരളായതാക്ഷ്യാ
മുന്നില്‍പ്പുകള്‍പ്പൊലിമ മുന്തിവരുന്നപോലെ.ˮ

രണ്ടാം ഭാഗത്തിലുള്ള മറ്റു ചില ശ്ലോകങ്ങള്‍കൂടി പകര്‍ത്തിക്കാണിക്കേണ്ടിയിരിയ്ക്കുന്നു:

ʻʻനീഹാരവാരി നിയമേന കുളിച്ചു ബാലാ
ശേഫാലികാ കുസുമസൌരഭവാസിതാംഗീ
പൂന്തേന്‍കുഴമ്പു പരുകിത്തരസാ സിഷേവേ
മന്ദാഗമാന്‍ മധുരവാണി മരുല്‍കുമാരാന്‍.ˮ
ʻʻആര്‍ത്തു വസന്ത, മലര്‍മാതിനു കണ്‍കുളുര്‍ത്തൂ;
ചീര്‍ത്തൂ വിരിഞ്ചരമണീകുളുര്‍കൊങ്ക രണ്ടും;
വാഴ്ത്തീ ഗിരാ മധുരയാ ദിവി ദേവസംഘം
ധാത്രീതലേ തരുണി പോന്നു പിറന്നനേരം.ˮ

ʻʻലോകത്രയീവിജയദീക്ഷിതമാരവീര-
സാമ്രാജ്യമംഗലമണിധ്വജവൈജയന്തീ
വത്സാ രുരോദ വിദുരാംഗലതാ ചിരേണ
ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ.ˮ

മൂന്നാംഭാഗത്തില്‍ ശ്രീമംഗലത്തുഭവനത്തെ വര്‍ണ്ണിയ്ക്കുന്ന ശ്ലോകങ്ങള്‍ എല്ലാംതന്നെ മനോഹരങ്ങളാണു്. അവയില്‍ നാലെണ്ണം അടിയില്‍ ചേര്‍ക്കുന്നു:

ʻʻയത്രാംഗനാനാം നയനേഷുപാതാ-
ന്നിഹന്യമാനാ നിയതം യുവാനഃ
ശൃംഗാരസര്‍വസ്വരസായനേന
ജീവന്തി താസാമധരാമൃതേന;ˮ

ʻʻപൂങ്കാവുതോറും പികസുന്ദരീണാ-
മാണ്‍കോകിലാളീപരിലാളിതാനാം
കേള്‍ക്കപ്പെടുന്നൂ രതിനാഥചാപ-
ക്രേങ്കാരഹാരീണി രുതാനി യസ്മിന്‍.ˮ

ʻʻയസ്മിന്നനംഗക്കൊടിയാട കാറ്റേ-
റ്റാകാശവീഥീമവഗാഹ്യ ഗത്വാ
തോങ്കല്‍ക്കരംകൊണ്ടമരാവതീം നേ-
രങ്കത്തിനായാഹ്വയതീവ ഭാതി.ˮ

ʻʻതുഷാരധാമാ നിശി നിര്‍മ്മലാനി
മരന്ദവാചാം വദനാനി പശ്യന്‍
മണിസ്ഥലീഷു പ്രതിമാഛലേന
പാദപ്രണാമം വിതനോതി യസ്മിന്‍.ˮ

മന്ത്രാലോചനാഘട്ടത്തിലുള്ള അനേകം പദ്യങ്ങള്‍ മാഘം രണ്ടാംസര്‍ഗ്ഗത്തിലേയും കിരാതാര്‍ജ്ജുനീയം രണ്ടാംസര്‍ഗ്ഗത്തിലേയും പദ്യങ്ങള്‍ പോലെ ആലോചനാമൃതങ്ങളാണു്. നോക്കുക:

ʻʻഭാഗ്യാങ്കുരക്കൂമ്പുമുയര്‍ത്തി മോഹ-
പ്പാ ചേര്‍ത്തൊരുത്സാഹസമീരയോഗേ
വിവേകമെന്നും വളര്‍കപ്പലേറി-
ക്കാര്യാംബുരാശൌ പെരുമാറവേണം.ˮ
ʻʻഉത്സാഹമൂലം നയസാരപുഷ്പം
കാര്യദ്രുമം കാമഫലാവനമ്രം
വിവേകശക്ത്യാ നനയാത്ത നാളില്‍
വരണ്ടുപോം വേരൊടുകൂട നൂനം.ˮ

തന്റെ അഭിപ്രായം പറവാന്‍ പോകുന്ന മാനവീമേനകയുടെ ചിത്രമാണു് ചുവടേ പകര്‍ത്തുന്നതു്:

ʻʻഅഥോപധാനേ പുനരങ്കസംസ്ഥേ
വിചിത്രവര്‍ണ്ണേ വിനിവേശിതേന
കരേണ നാനാഭരണോജ്ജ്വലേന
മറച്ചു ദന്താംബരമംബുജാക്ഷീ,

താംബൂലവീടീം ശശികല്പകര്‍പ്പൂ-
രാമോദിനീം ദാതുമനുപ്രവൃത്താം
ആപ്താം വധൂടീമരികേ നിഷണ്ണാം
നിവാര്യ കൈകൊണ്ടലസേന ഗുഢം,

മനോഭിരാമേണ മൃദുസ്മിതേന
ക്ഷീരാംബുരാശിം പുനരുക്തയന്തീ
അമ്മാനവീമേനക മാനനീയ-
മുപാദദേ വാക്യമനര്‍ഘശീലാ.ˮ

അവളുടെ വാക്യത്തിന്റെ ഉപക്രമപദ്യമാണു് അടിയില്‍ കുറിക്കുന്നതു്:

ʻʻമനോജ്ഞവര്‍ണ്ണാ സുവിചിത്രബന്ധാ
നിരസ്തദോഷാ സഗുണാര്‍ത്ഥപുഷ്ടാ
ഇമ്മാരചേമന്തിക ചൊന്ന വാണീ
മഹാകവേര്‍വാഗിവ സുപ്രസന്നാ.ˮ

അഞ്ചാം ഭാഗത്തില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും വര്‍ണ്ണിക്കുന്നതിലാണു് കവി തന്റെ അനന്യസുലഭമായ മനോധര്‍മ്മപ്രകര്‍ഷം മുഴുവന്‍ പ്രകടിപ്പിച്ചിരിക്കുന്നതു്. ആ ഘട്ടത്തില്‍നിന്നുകൂടി ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാം:

ʻʻഅപരജലധിമീതേ ഹന്ത! ചെന്തീകണക്കേ
ദിവസകരകരാളീ പാടലാഭൂന്മനോജ്ഞേ!
കടല്‍നടുവില്‍ വിളങ്ങും വിദ്രുമശ്രീമയൂഖാ-
വലി വിയതി വിലങ്ങെപ്പൊങ്ങിനില്ക്കുന്നപോലേ.ˮ

ʻʻചരമശിഖരിപീഠേ പാടലം നാളികേരം
ദ്യുമണിവലയരൂപം വച്ചവിച്ഛിന്നധാരം
ജഗതി കരുതി തര്‍പ്പിച്ചീടിനാന്‍ ചൂടൊഴിപ്പാ-
നഖിലഭുവനഭാജാമന്തിയാം മന്ത്രവാദി.ˮ
ʻʻഅരുണജലദമാലാവാസസാലങ്കൃതാംഗീ
തിമിരചികുരരാജത്താരപുഷ്പാഭിരാമാ
നളിനമുകുളമെന്നും പോരിളങ്കൊങ്കയുംകൊ-
ണ്ടലമകുരുത സന്ധ്യാ ശീതഭാനോസ്സപര്യാം.ˮ

ʻʻവിഗളദമൃതമിന്ദോര്‍മ്മണ്ഡലം പോന്നുയര്‍ന്നൂ
നിജകരപരിവീതം ബദ്ധനക്ഷത്രമാല്യം
മദനകരഗൃഹീതം പൂര്‍ണ്ണസൌഭാഗ്യദീക്ഷാ-
കലശമിവ നവീനം മേദിനീചന്ദ്രികായാഃ.ˮ

സ്വഭാവോക്ത്യലങ്കാരംകൊണ്ടെന്നപോലെ രചനാഭംഗികൊണ്ടും വിശ്വവിജയം ചെയ്യുന്ന ഒരു ശ്ലോകമാണു് താഴെക്കാണുന്നതു്:

ʻʻപുരികുഴലിലിറങ്ങിത്തങ്ങളില്‍ത്തിങ്ങിവിങ്ങും
കുളുര്‍മുലയില്‍ വിരുന്നുണ്ടേണശാബേക്ഷണാനാം
ദിശി ദിശി പെരുമാറീ മേദിനീവെണ്ണിലാവിന്‍
മുഖപരിമളവാഹീ സന്തതം ഗന്ധവാഹഃˮ

ചില പദങ്ങളും പ്രയോഗങ്ങളും: ഇങ്ങനെ ഉദ്ധരിച്ചു കൊണ്ടുപോയാല്‍ ചന്ദ്രോദയത്തിലെ ശ്ലോകങ്ങള്‍ നൂറിനു നൂറും തന്നെ പകര്‍ത്തേണ്ടിവരുന്നതാണു്. ചമൽകാരജനകമല്ലാത്ത ഒരു ശ്ലോകവും പ്രസ്തുത കാവ്യത്തിലില്ല. മധുരങ്ങളായ പ്രാചീനഭാഷാപദങ്ങള്‍ കവി ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്. (1) പവനി (ഘോഷയാത്ര), (2) പൊഴില്‍ (ചോല), (3) പാല്‍ (ഐശ്വര്യം) മുതലായ പദങ്ങള്‍ നോക്കുക. ലീലാതിലകത്തില്‍ അനുശാസിച്ചിട്ടുള്ളപ്രകാരം (1) നര്‍പ്പാല്‍, (2) മുകണ്‍മേല്‍, (3) വാണ്‍മുന തുടങ്ങിയ പദങ്ങളില്‍ സന്ധിവിശേഷങ്ങളും കാണ്മാനുണ്ടു്. (1) പൊടിഭിഃ, (2) വെണ്‍മാളികാസു, (3) വിളക്കുമാടസ്യ, (4) പൊല്പാലികാനാം ഇത്യാദി പ്രയോഗങ്ങള്‍ ʻʻസന്ദര്‍ഭേ സംസ്കൃതീകൃതാ ചˮ എന്ന ലീലാതിലകസൂത്രത്തിനു് ഉദാഹരണങ്ങളാകുന്നു. എതുകയില്‍ കവിക്കു നിഷ്കര്‍ഷയില്ലെങ്കിലും അദ്ദേഹത്തിന്റെ മൃദുലകോമളമായ ശബ്ദപ്രവാഹത്തില്‍ അതിന്റെ അഭാവംതന്നെയാണു് ആസ്വാദ്യതരമായി അനുഭവപ്പെടുന്നതു്.

ചില ദോഷങ്ങള്‍

ചന്ദ്രോത്സവത്തില്‍നിന്നു ലോകതന്ത്രപരമായി നമുക്കു പലതും പഠിക്കാമെങ്കിലും അതു പരോക്ഷമായിപ്പോലും സന്മാര്‍ഗ്ഗോപദേശം ചെയ്യുന്ന ഒരു കാവ്യമല്ലെന്നുള്ളതു് അതിന്റെ ദോഷങ്ങളില്‍ പ്രഥമഗണനീയമാണെന്നു ചിലര്‍ക്കു പക്ഷമുണ്ടു്. ʻʻകാന്താസമ്മിതതയോപദേശംˮ പ്രസ്തുത കാവ്യം നല്കുന്നില്ലെന്നുള്ളതു പരമാര്‍ത്ഥംതന്നെ. എന്നാല്‍ തന്നിമിത്തം അതു ദൂരതഃപരിവര്‍ജ്ജനീയമാണെന്നു പറയുന്നതു ശരിയല്ല. താന്‍ ഒരു വേശ്യയുടെ ചരിതമാണു് പ്രസ്താവിക്കുവാന്‍ പോകുന്നതെന്നു വായനക്കാരെ മുന്‍കൂട്ടി അറിയിച്ചു കൊണ്ടുകവി ആ കൃത്യം നിര്‍വ്വഹിക്കുന്നു. മതിയും മേദിനീ ചന്ദ്രികയും അവളുടെ വയസ്യകളും ʻʻധീരാ കലാപ്രഗല്ഭാസ്യാദ്വേശ്യാ സാമാന്യനായികാˮ എന്ന ശാസ്ത്രലക്ഷണമനുസരിച്ചു് കാവ്യരംഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന കാമിനീലലാമങ്ങളാണു്. ഒരു വേശ്യയ്ക്കു് അനേകം ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നു ചില ശ്ലോകങ്ങളില്‍ പറയുന്നതു വസ്തുസ്ഥിതി കഥനം മാത്രമാണല്ലോ. സംഭോഗശൃംഗാരവര്‍ണ്ണനം വേണ്ടതിലധികം നഗ്നമായിട്ടുണ്ടെന്നു സമ്മതിക്കാം.

രണ്ടാംഭാഗത്തില്‍ നായികയുടെ ശിശുക്രിഡ വര്‍ണ്ണിക്കുമ്പോള്‍ കവി ʻധാത്രീകരാംബുജധൃതാʼ എന്നും ʻസൌവര്‍ണ്ണകിങ്കിണിʼ എന്നും ആരംഭിക്കുന്ന രണ്ടു് അശ്ലീലശ്ലോകങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു എന്നുള്ളതാണു് മറ്റൊരാക്ഷേപം. ആ ശ്ലോകങ്ങള്‍ അശ്ലീലദുഷ്ടങ്ങള്‍തന്നെയെങ്കിലും വേശ്യയുടെ ശൈശവം വര്‍ണ്ണിക്കുന്നവയാകയാല്‍ അസംഗതങ്ങള്‍ എന്നു പറവാന്‍ പാടുള്ളതല്ല. തന്റെ പ്രിയതമനെ അപഥസഞ്ചാരത്തില്‍നിന്നു വിനിവര്‍ത്തിപ്പിക്കുവാന്‍ ചന്ദ്രിക ചെയ്ത ശ്രമം തനിക്കു് അശുഭോദര്‍ക്കമായിത്തീര്‍ന്നു എന്നു കവി പറഞ്ഞിരിക്കുന്നതു സ്ഥൂലദൃഷ്ടിയില്‍ അനാശാസ്യമായി നമുക്കു തോന്നാമെങ്കിലും ഭര്‍ത്താവിനു് എന്തും പ്രവര്‍ത്തിക്കാം എന്നു ജനങ്ങള്‍ വിശ്വസിക്കുകയും ശീലാവതിയെ സ്ത്രീകള്‍ക്കു മാതൃകയായി പരിഗണിക്കുകയും ചെയ്തിരുന്ന ഒരു കാലത്തു് ആ ഇതിവൃത്താംശത്തിനു് അനൌചിത്യം കല്പിക്കുന്നതു യുക്തിസഹമല്ലെന്നാണു് എന്റെ അഭിപ്രായം. ചന്ദ്രോത്സവത്തിലെ വര്‍ണ്ണനം അന്നത്തേ സമുദായാചാരത്തിന്റെ യഥാര്‍ത്ഥമായ പ്രതിഫലനമല്ലെന്നും കവി തന്റെ കല്പനാശക്തികൊണ്ടു് ഒരു നവ്യലോകം സൃഷ്ടിച്ചിരിക്കുന്നു എന്നും വേണം വിചാരിക്കുവാന്‍. നായിക ഒരു വേശ്യയാണെങ്കിലും കഥ മുഴുവന്‍ വേശ്യാവൃത്തമല്ല; ചന്ദ്രോത്സവാഘോഷമാണു് അതിലെ പ്രതിപാദ്യം. ആ ആത്മാവിനു് ഒരു ശരീരമെന്ന വിധത്തില്‍ മാത്രമേ മതിയുടേയും നായികയുടേയും ചരിതം നില്ക്കുന്നുള്ളു. പ്രധാനഭാഗത്തിലെങ്ങും അശ്ലീലത്വത്തിന്റെ പ്രസക്തിയില്ല. ആകെക്കൂടി ആധുനികന്മാരായ അനുവാചകന്മാര്‍ക്കു് ഇതിവൃത്തത്തിലും മറ്റും അങ്ങിങ്ങു് അല്പാല്പം അരോചകങ്ങളായ അംശങ്ങള്‍ കാണേണ്ടതായിവരുമെങ്കിലും ദേശകാലങ്ങളെ പുരസ്കരിച്ചുവേണം ഏതു കവിതയേയും നിരൂപണം ചെയ്യുവാന്‍ എന്നുള്ള ആലങ്കാരികമതം അനുസരിച്ചു് അവര്‍ ചന്ദ്രോത്സവത്തെ ആദരിക്കുമെന്നും ആദരിക്കണമെന്നുംതന്നെയാണു് എന്റെ പ്രതീക്ഷ. ʻധാത്രീകരാംബുജʼ എന്ന ശ്ലോകമുണ്ടെന്നുവെച്ചു ʻചരമശിഖരിപീഠേʼ ʻപുരികുഴലിലിറങ്ങിʼ ഇത്യാദി ശ്ലോകങ്ങള്‍ വായിക്കേണ്ടെന്നു യാതൊരു സഹൃദയനും തോന്നുവാന്‍ ന്യായമില്ലല്ലോ. ശയ്യാഗുണം ഇത്രമാത്രം തികഞ്ഞ ഒരു കാവ്യത്തിലും യതിഭംഗത്തിനു് അപൂര്‍വ്വം ചില ഉദാഹരണങ്ങള്‍ കടന്നുകൂടിയിരിക്കുന്നതു കഷ്ടംതന്നെ. (1) പരമശിവജടാഭാ-രം (2) കമലവിശിഖസാമ്രാ-ജ്യം (3) മധുരമധുരമസ്തൌ-ഷുഃ (മാലിനീവൃത്തത്തില്‍) (4) ചിറ്റിലപ്പ-ള്ളിനാടു (ഉപജാതിവൃത്തത്തില്‍) മുതലായ ഭാഗങ്ങള്‍ അത്യന്തം കര്‍ണ്ണാരുന്തുദങ്ങളായിരിക്കുന്നു. എന്നാല്‍ ഈ ദോഷവും കാവ്യത്തെ സാരമായി സ്പര്‍ശിക്കുന്നില്ല. അക്ഷരലക്ഷം അവകാശപ്പെടാവുന്ന ശ്ലോകങ്ങള്‍ അത്രയധികം അതിലുണ്ടു്. കൈരളീദേവിക്കു ചന്ദ്രോത്സവം വിലവേറില്ലാത്ത ഒരു വിശിഷ്ടാഭരണമായി ഏതു കാലത്തും പ്രശോഭിക്കുന്നതാണു്.

ചില സ്തോത്രകൃതികള്‍

ചിറയ്ക്കല്‍ കോവിലകത്തുനിന്നു ʻപഞ്ചരത്നസ്തോത്രംʼ എന്നു പടിയില്‍ കുറിച്ചിട്ടുള്ള ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുണ്ടു്. അതില്‍ (1) തൃച്ചെമ്മരേശസ്തുതി (ഗദ്യം) (2) ചെല്ലൂര്‍പ്പിരാന്‍സ്തുതി (3) ചെറുകുന്നത്തമ്മസ്തുതി (4) കാമാക്ഷീസ്തുതി (5) ലക്ഷ്മീസ്തുതി എന്നിങ്ങനെ അഞ്ചു സ്തോത്രങ്ങള്‍ അടങ്ങീട്ടുള്ളതുകൊണ്ടായിരിക്കാം അതിനു പഞ്ചരത്നസ്തോത്രം എന്നു പേര്‍ നല്കീട്ടുള്ളതു്. ചെറുകുന്നത്തമ്മസ്തുതിയും ലക്ഷ്മീസ്തുതിയും ഒന്നിലധികം രൂപത്തില്‍ കാണുന്നു. അതു കൂടാതെ തളിപ്പറമ്പത്തു ശിവനെപ്പറ്റിയും രണ്ടു ശ്ലോകങ്ങളുണ്ടു്. പ്രസ്തുത സ്തോത്രങ്ങളുടെ പ്രണേതാവു ശങ്കരകവിയാണെന്നു ചിലര്‍ ഊഹിക്കുന്നുണ്ടെങ്കിലും ചെല്ലൂര്‍പ്പിരാന്‍ സ്തുതിയും ചെറുകുന്നത്തമ്മസ്തുതിയും ഒഴിച്ചാല്‍ ബാക്കിയുള്ളവയ്ക്കു് ആ മഹാകവിയുടെ കൃതികളാകുവാന്‍ വേണ്ട സ്വരൂപയോഗ്യതയില്ല. എന്നാല്‍ എല്ലാ സ്തോത്രങ്ങളും കൊല്ലം ഏഴാം ശതകത്തില്‍ നിബന്ധിച്ചവയാണെന്നുതന്നെ തോന്നുന്നുമുണ്ടു്. ʻമഹാലക്ഷ്മീ വികല്പം വിനാʼ എന്നവസാനിക്കുന്ന ലക്ഷ്മീസ്തുതിയെപ്പറ്റി മാത്രമേ സംശയമുള്ളു. അതു പൂന്താനം നമ്പൂരിയുടെ കൃതിയെന്നാണു് കേട്ടിട്ടുള്ളതു്. ഓരോ കൃതിയേയുംപറ്റി അല്പം ഉപന്യസിക്കാം.

തൃച്ചെമ്മരേശസ്തുതി

താഴെ കാണുന്ന പങ്‌ക്തികള്‍ ഈ ഗദ്യത്തിലുള്ളവയാണു്:

ʻʻജയ ജയ ജഗല്‍കന്ദമേ, സുന്ദരാനന്ദമേ, നന്ദഗോപാദി ഗോപാലനൈപുണ്യമേ, ഭക്തനല്‍പുണ്യമേ, ചിത്തകാരുണ്യമേ, യുക്തിതാരുണ്യമേ, ചാരുലാവണ്യമേ, ഗോപികാ കാമിനീഗോകുലത്തിന്‍ കുലത്തിന്നൊരാനന്ദപൂരം മരന്ദം ചൊരിഞ്ഞീടുമാരാമമേ, പരിചൊടഭിരാമമേ.ˮ ഇതു സംസ്കൃതദണ്ഡകങ്ങളുടെ രീതിയില്‍ രചിക്കപ്പെട്ടിരിക്കുന്നു.

ചെല്ലൂര്‍പ്പിരാന്‍ സ്തുതി

ഇതു പെരുഞ്ചെല്ലൂര്‍ ശിവനെപ്പറ്റിയാണെന്നു പറയേണ്ടതില്ലല്ലോ. ആദ്യന്തം സ്രഗ്ദ്ധരാവൃത്തത്തില്‍ നിര്‍മ്മിതമായ ഈ കൃതി അര്‍ത്ഥപുഷ്ടികൊണ്ടു് അത്യന്തം മധുരമായിരിക്കുന്നു. കേശാദിപാദവര്‍ണ്ണനരൂപമായ ഇതിലേ എല്ലാ ശ്ലോകങ്ങളും ʻചെല്ലൂര്‍പ്പിരാനേʼ എന്ന സംബോധനയില്‍ അവസാനിക്കുന്നു. മാതൃക കാണിക്കാന്‍ ചില ശ്ലോകങ്ങള്‍ ചുവടെ ചേര്‍ക്കാം:

ʻʻനന്നത്രേ നീ തപംചെയ്തതു വരദ! വധൂ-
കാര്‍മ്മണം ഞാനറിഞ്ഞേന്‍;
കുന്നില്‍പ്പെണ്ണിന്നു മാരജ്വരമധികമതില്‍-
പ്പിന്നെയല്ലോ പിണഞ്ഞൂ;
അന്നുള്‍ത്തിങ്ങും ജടാമണ്ഡലവിരചനയാ
ദിവ്യഗംഗയ്ക്കിരിപ്പാന്‍
പിന്നെത്തീര്‍ത്താ നയംകൊണ്ടൊളിയറ; ജയ ക-
ല്യാണ ചെല്ലൂര്‍പ്പിരാനേ.ˮ (1)

ʻʻസോമാര്‍ദ്ധത്തിന്നുദിപ്പാനുദയഗിരിതടം,
ചിത്രകൂടം ഭുജംഗ-
സ്തോമാനാം, വൈധസീനാമരിയ പിണമിടും
കാടു മൂര്‍ദ്ധാര്‍വലീനാം,
വാര്‍മേവീടും നറുംകാഞ്ചനമണികലശം
ദിവ്യഗംഗാജലാനാം,
കാമാരേ! നിന്‍കപര്‍ദ്ദം ജയതി ഘനകൃപാ-
കല്യ, ചെല്ലൂര്‍പ്പിരാനേ.ˮ (2)

ʻʻതോന്നും മറ്റാര്‍ക്കു പോറ്റീ, കൊടിയ ദഹനനെ-
ന്നെന്തു ചേരും? വിവേകേ
സാന്ദ്രായാം ചന്ദ്രികായാം വിരഹിയൊഴിയെ നീ-
റീടുമാറില്ലതാനും;
ഉന്നും ത്വല്‍ഭാവനാപാവനനു ചുടുകയി-
ല്ലേതുമയ്യാ! തൊടാം നിന്‍
മൂന്നാം തൃക്കണ്ണു ചെമ്പല്ലവലവമൃദുലം
നാഥ ചെല്ലൂര്‍പ്പിരാനേ.ˮ (3)

ʻʻചഞ്ചന്നിശ്വാസഭീമാം ഭുജഗതതിയെ നി-
ന്നന്നങ്ഗകേ കണ്ടരണ്ട-
ങ്ങഞ്ചുംനേരത്തുമയ്യാ! കിമപി വിജയതേ
വേഴ്ച വിശ്വാതിശായീ;
കിഞ്ചിന്മഞ്ജുസ്മിതം ചേര്‍ന്നധരകിസലയേ
തേ വിരണ്‍പൂണ്ട കൊഞ്ചി-
ത്തഞ്ചുന്നൂ കുന്നില്‍മാതിന്‍ മിഴിമുന ഭയമു-
ല്ലൂയ ചെല്ലൂര്‍പ്പിരാനേ.ˮ (4)

ʻʻമംഗല്യത്തിന്‍കരുന്നെന്നമരകള്‍മുനയോ
മന്വതേ, ജന്മരോഗം
തുംഗം മാറ്റും മരുന്നെന്നണിമൃദുഹസിതം
താവകം കണ്ടുദാരം;
തന്‍കണ്ണിന്നും മനക്കാമ്പിനുമരിയ വിരു-
ന്നെന്നുതന്നേ മതം വാര്‍-
തിങ്ങും ഗൌരിക്കു, ദുഃഖക്ഷപര്‍ണഭരിതകൌ-
ശല്യ, ചെല്ലൂര്‍പ്പിരാനേ.ˮ (5)

ʻʻമാലേയത്തെന്നല്‍പോലേ സതതസുരഭിലം,
മഞ്ജുവാചാം നിവാസം-
പോലേ ഹാരീ ഭുജംഗൈ, രഴകിലളകപോ-
ലേ സദാ ഭൂതിശാലീ,
കാലാരേ! വാഴ്ത്ത്‌വല്ലേന്‍ ജയതി ഭവദുരോ-
ഭാഗമാര്‍ക്കേ കിടയ്ക്കും
ത്രൈലോക്യേ മറ്റു ഗൌരീകുചതടവിലുഠ-
ല്ലീല, ചെല്ലൂര്‍പ്പിരാനേ.ˮ (6)

ʻʻഗൌരീകണ്‍കോണ്‍ കളിപ്പാന്‍ വിഹരണമണിരം-
ഗായ, ഭസ്മാംഗരാഗ-
സ്മേരോല്ലാസായ, രോമാവലി തടവുമുപ-
ഘ്നായ, മംഗല്യഭാജേ,
ഹാരാകാരേണ തൂങ്ങും ഫണിമണിമഹസാ
ഭദ്രദീപപ്രതിഷ്ഠാം
ചേരും മധ്യായ, ബദ്ധോഞ്ജലിരയമയി തേ
നാഥ, ചെല്ലൂര്‍പ്പിരാനേ.ˮ (7)

ʻʻഇന്നിന്‍നാഭീതലത്തെച്ചിലര്‍ തരുണിമവാ-
രാകരാവര്‍ത്തമെന്നേ
മന്യന്തേ, കേപി രോമാവലിലതിക മുള-
ച്ചീടുമാവാലമെന്നും.
മന്യേ ഗൌരീമനക്കാമ്പിനു കിമപി കളി-
ച്ചും തുടിച്ചും കുളിപ്പാന്‍-
തന്നേ തീര്‍ത്തോരു വാപീവലയമിതി മഹാ-
ദേവ, ചെല്ലൂര്‍പ്പിരാനേ.ˮ (8)

ʻʻഎല്ലായ്പോഴും പുലമ്പിന്റിതു രജതഗിരേ-
രുത്തമാംഗേ നവീന-
സ്വര്‍ല്ലോകാനോകഹത്തിന്‍തറമുകളിലുമാ-
ശ്ലിഷ്ടനായ് നിന്‍നിവാസം
ചൊല്ലാര്‍ന്നീടും മഹേന്ദ്രാദ്യമരവരശിഖാ-
രത്നരോചിര്‍മ്മതല്ലീ-
കല്ലോലൌഘം പുലമ്പിപ്പുറവടിയൊടു ക-
ല്യാണ ചെല്ലൂര്‍പ്പിരാനേ.ˮ (9)

ഫലശ്രുതിരൂപമായ ഒരു ശ്ലോകവും ഒടുവിലുണ്ടു്:
ʻʻമാത്രാതീതാനുഭാവം ജയതി തവ വിഭോ,
വെല്ക കേശാദിപാദ-
സ്തോത്രം: നിത്യം (സമസ്തം) ജനമിഹ നിയതം
വര്‍ത്തതാം ബദ്ധമോദം
പ്രീത്യാ ദേഹാവസാനേ പരമശിവ! പദാം-
ഭോരുഹേ താവകേ ചെ-
ന്നാസ്ഥാം കൈക്കൊണ്ടു മേവീടുക, ജയ ജയ ക-
ല്യാണ ചെല്ലൂര്‍പ്പിരാനേ.ˮ

ചെറുകുന്നത്തമ്മസ്തുതി

ചെറുകുന്നുക്ഷേത്രം (ബാലശൈലം) ചിറയ്ക്കല്‍ താലൂക്കിലേ തൃക്കണ്ണപുരം ദേശത്തിനടുത്തുള്ള അന്നപൂര്‍ണ്ണേശ്വരീക്ഷേത്രമാകുന്നു. ʻʻചെറുകുന്നഗ്രശാലയില്‍ വാഴുമമ്മേ തമ്പുരാട്ടി, പൊന്‍കോരികയില്‍ ചോറുമായി വിളമ്പുകമ്മേ തമ്പുരാട്ടിˮ എന്നും മറ്റും പഴയ പാട്ടുകളില്‍ ആ ദേവിയെ വര്‍ണ്ണിച്ചുകാണുന്നു. എല്ലാവര്‍ക്കും മൃഷ്ടാന്നദാനം ചെയ്യുന്ന ദേവിയാണു് ചെറുകുന്നത്തമ്മ. പ്രസ്തുത സ്തോത്രത്തില്‍നിന്നു ചില ശ്ലോകങ്ങള്‍ അടിയില്‍ പകര്‍ത്തുന്നു:

പാടേ പെട്ടെന്നുറക്കെത്തിരുകിന കബരീ-
സഞ്ചയം ചേഞ്ചെലോരേ-
ന്നീടും കല്യാണകാഞ്ചീലളിതമതിദൃഢാ-
ബദ്ധനീവീനിബന്ധം
ഊടേ തോന്നീടുകസ്മന്മനസി പഥികപ-
ന്തിക്കു മൃഷ്ടാന്നദാന-
ക്രീഡോപക്രാന്തമിന്നിന്‍തിരുവുടല്‍ ചെറുകു-
ന്നമ്പുമെന്‍തമ്പുരാട്ടീ.ˮ (1)
ʻʻനാനാരൂപോപദംശാനവരവര്‍വദനം
പാര്‍ത്തു വേണുന്നതെല്ലാം
താനേ, വേണ്ടും ജനാനാമിടയിടയിലറി-
ഞ്ഞാസ്ഥപൂണ്ടാജ്യപൂര്‍ണ്ണം
മാനാതീതം വിളമ്പും ഭവതിയെ വിരണല്‍-
ഭൂഷണാം പന്തിമധ്യേ
കാണാമോ മാദൃശാമിങ്ങൊരുകുറി ചെറുക-
ന്നമ്പുമെന്‍തമ്പുരാട്ടി.ˮ (2)

ʻʻആദ്യാം താമന്നപൂര്‍ണ്ണാം പ്രതി വിരചിതമിപ്പഞ്ചകം നെഞ്ചിലുള്‍ച്ചേര്‍ത്താസ്ഥാം കൈക്കൊണ്ടുഷയ്ക്കുംപൊഴുതു്ˮ എന്നു് ഒടുവില്‍ ഒരു ശ്ലോകം കാണുന്നതില്‍നിന്നു് ഈ സ്തോത്രം ഒരു പഞ്ചകമാണെന്നു വെളിവാകുന്നു. അതു കൂടാതെ വേറെയും ചെറുകുന്നത്തമ്മയെപ്പറ്റിയുള്ള പദ്യങ്ങള്‍ മുന്‍പു നിര്‍ദ്ദേശിച്ച ഗ്രന്ഥത്തില്‍ ഉണ്ടു്. അവയില്‍ രണ്ടെണ്ണംകൂടി താഴെ ചേര്‍ക്കാം:

ʻʻവാടുമാറു മണികുണ്ഡലോല്ലസിതഗണ്ഡ,മവ്വള കുലുങ്ങുമാ,-
റാടുമാറുരസി ഹാരമാല, രുചിതേടുമാറു വദനാംബുജം,
നീടെഴുന്നഖിലപാന്ഥപന്തികളില്‍ നീ വിളമ്പുവതിവണ്ണമെ-
ന്‍റൂഢമോദമൊരുകുന്റു നന്റു ചെറുകുന്റമര്‍ന്ന ഗിരികന്യകേ.ˮ

ʻʻമാരവൈരിമനമായ ചൂതമലരില്‍ത്തെളിഞ്ഞൊരനുരാഗമാം
ചാരുതേനധികമാസ്വദിപ്പൊരു വിദഗ്ദ്ധകോകിലവിലാസിനീം
ഏറിനോരു കരുണാംബുധൌ ഝടിതി ചാടുമീക്ഷണകലാമ്മനം
ചേരുവോരു ചെറുകുന്റമര്‍ന്ന ഗിരികന്യകാമഹമുപാശ്രയേ.ˮ

കാമാക്ഷീസ്തുതി: കാമാക്ഷി ശങ്കരവാര്യരുടെ പരദേവതയായ പള്ളിക്കുന്നിലെ മൂര്‍ത്തിയാണു്. ഈ സ്തോത്രം ദ്രാവിഡഗന്ധിയായ വൃത്തത്തില്‍ അകാരാദി ക്രമമനുസരിച്ചു രചിച്ചിരിയ്ക്കുന്നു. ചില പദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ʻʻഅംഭോജസംഭൂതജംഭാരിസംഭാവ്യ-
മംഭോജനാഭന്‍ മുദാ ശംഭുവും കൂപ്പു-
മന്‍പാര്‍ന്ന നിന്‍പാദപാഥോജമെന്നുള്ളി-
ലന്‍പേണമെന്‍പോറ്റി കാമാക്ഷിയമ്മേ!ˮ

ʻʻഉല്‍കണ്ഠയുള്‍ക്കൊണ്ടു തൃക്കാല്‍ പ്രവാളങ്ങ-
ളുള്‍ക്കാമ്പില്‍ വയ്ക്കിന്റ വിഖ്യാതലോകര്‍ക്കു
തിക്കിന്റ ദുഃഖങ്ങളൊക്കക്കെടുക്കിന്റ
ചില്‍ക്കാതലായോരു കാമാക്ഷിയമ്മേ!ˮ

ഇതുപോലേ പ, പാ, പി, പീ എന്നിങ്ങനെയുള്ള അക്ഷരങ്ങളില്‍ ആരംഭിക്കുന്ന മറ്റൊരു കാമാക്ഷീസ്തോത്രവുമുണ്ടു്. ഈ രണ്ടു സ്തോത്രങ്ങള്‍ക്കും ഗുണം വളരെ കുറയും. ഇവയെ മുറയ്ക്കു കഴിഞ്ഞ അധ്യായത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. സൌകര്യത്തിന്നുവേണ്ടി ഇവിടെ പരാമര്‍ശിക്കുന്നു എന്നേയുള്ളു.

ലക്ഷ്മീസ്തുതി

ഈ സ്തോത്രത്തിലെ ശ്ലോകങ്ങള്‍ എല്ലാം വസന്തതിലകവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു. ʻʻതന്റരുളു നീ കരുണാകടാക്ഷംˮ എന്നു ചില ശ്ലോകങ്ങളും ʻʻപുലമ്പുകയി പൂമകളേ നികാമംˮ എന്നു് അവയ്ക്കപ്പുറമുള്ള വേറെ ചില ശ്ലോകങ്ങളും അവസാനിക്കുന്നു. ഒരു ശ്ലോകം താഴെ പ്രദര്‍ശിപ്പിക്കാം:

ʻʻകാളാംബുദാളിയൊടെതിര്‍ത്തൊരു കൂരിരുട്ടെ-
ക്കാളും തിരണ്ടതിചുരുണ്ടലര്‍ചായലും തേ
നീലാളിപാളി തൊഴുവോരളകങ്ങളും മേ
മേലേ പുലമ്പുകയി പൂമകളേ, നികാമം.ˮ

മറ്റൊരു ലക്ഷ്മീസ്തുതി

ʻʻകല്‍മാഷം തുടരാത ചാരുകരുണാകല്ലോലമേ, കൈതൊഴാ-
മമ്മേ പാല്ക്കടലില്‍പ്പിറന്ന കമലക്കന്യേ! നിനക്കേഷ ഞാന്‍;
സമ്മോദാല്‍ മുകില്‍വര്‍ണ്ണരെ പ്രതിദിനം നോക്കും കടാക്ഷങ്ങള്‍കൊ-
ണ്ടെന്മേലൊന്നുഴിയേണമന്‍പൊടു മഹാലക്ഷ്മീ വികല്പം വിനാ.ˮ

എന്നു തുടങ്ങുന്നതാണു്. ഇതിനെപ്പറ്റി മുന്‍പു സൂചിപ്പിച്ചു കഴിഞ്ഞു.

ചെല്ലൂരീശവിലാസം

പെരുഞ്ചെല്ലൂര്‍ ശിവന്റെ ആഹ്നികത്തെ വിവരിക്കുന്നതും അറുപതു ശ്ലോകങ്ങള്‍ അടങ്ങിയതുമായ ഒരു ലഘുകാവ്യമാകുന്നു ചെല്ലൂരീശവിലാസം. അതില്‍ ശാര്‍ദൂലവിക്രീഡിതത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചു ബാക്കിയെല്ലാം സ്രഗ്ദ്ധരാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു. ʻസ്രഗ്ദ്ധരാബദ്ധരാഗʼന്മാരാണല്ലോ പഴയ മണിപ്രവാളകവികള്‍. കവിത ഏറ്റവും ഹൃദ്യമാണു്; പ്രണേതാവു് ആരെന്നറിവില്ല. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകാണിക്കാം:

ʻʻപ്രത്യൂഷേ ഞാനുപാസേ മൃദുശയനതലേ
ശൈലകന്യാകുചോദ്യല്‍-
കസ്തൂരീസൌരഭാപൂരിതമണിഭവനേ,
രത്നദീപാഭിരാമേ,
നിദ്രാന്തേ വന്ദിവൃന്ദസ്തുതി സുഖശയന-
പ്രശ്നവാക്യം ചെവിക്കൊ-
ണ്ടുത്ഥാനം ചെയ്തിരിക്കും വടിവു തവ മഹാ-
രാജ ചെല്ലൂര്‍പ്പിരാനേ!ˮ (1)

ʻʻഅന്തര്‍ന്നാഡീം നിയമ്യ സ്ഫുടിതമപി പര-
ബ്രഹ്മവിദ്യാം കുറിക്കൊ-
ണ്ടെന്തോന്നിക്കണ്ടതെല്ലാമതു നിജമഹസാ
ഭാവിതം ഭാവയന്തം
മന്ദം മന്ദം തുറന്നീടിന നയനപുടം
ദേവ, സന്ധ്യാമുപാസി-
ച്ചിന്ധാനം ത്വാം തൊഴുന്നേന്‍ പുലരിയിലഖിലാ-
ധീശ ചെല്ലൂര്‍പ്പിരാനേ.ˮ (2)

ʻʻവാരാളും നന്ദികേശപ്രമുഖപരിചര-
ന്മാരെ വാരങ്ങള്‍തോറും
വേറേ വേറേ നിയോഗിച്ചഖിലതനുഭൃതാം
തൃപ്തിമെത്തുംപ്രകാരം
ഓരോ കാര്യാന്തരാണാം തിരിവുകള്‍ തിരുവു-
ള്ളത്തിലേറക്കുറിക്കൊ-
ണ്ടോരോന്നവ്വണ്ണമാകെന്നരുളിന മൊഴി തേ
നൌമി ചെല്ലൂര്‍പ്പിരാനേ.ˮ (3)

ʻʻപൂങ്കാവില്‍ച്ചെന്നൊരോരോ വിടവുകളില്‍ വിരി-
ഞ്ഞീടുവാനാഞ്ഞ പൂവില്‍-
ത്താന്‍കൂടപ്പുക്കുകൊണ്ടപ്പുതുമധുമണമാ-
ദായ ചേതോഭിരാമം
ചേണ്‍കോലും പൊയ്കതോറും ചെറുതിരകളില്‍ വീ
ണ്ണൂയലാടിപ്പതുക്കെ-
പ്പാങ്ങായ് വീയും, മരുന്മേളനമിഹ ഭവതോ
നൌമി ചെല്ലൂര്‍പ്പിരാനേ.ˮ (4)

ʻʻവൃത്തംകോലും തടാകത്തളികയില്‍ നിറയെ-
പ്പൂമ്പൊടിത്തണ്ഡുലം ചേ-
ര്‍ത്തത്യന്തോല്ലാസി ചെന്താമരമുകുളമണി-
ച്ചെപ്പുമുല്‍ഭാവയന്തീ
വസ്ത്രം ഫേനേന ശുക്ത്യാ മുകുരവുമിഹ ചേ-
ര്‍ത്താഗതം ത്വാമെതിര്‍പ്പാ-
നുദ്യാനശ്രീ മുതിര്‍ന്നോരളവു ചെലവു [2]തേ
നൌമി ചെല്ലൂര്‍പ്പിരാനേˮ (5)
ʻʻആനത്തോല്‍കൊണ്ടുടുത്തത്തിരുവുടല്‍ മുഴുവന്‍
ഭസ്മവും തേച്ചുമമ്മാ!
ചേന്നുറ്റീടുന്ന കറ്റച്ചിടവടിവില്‍ മുറു-
ക്കിച്ചലച്ചന്ദ്രലേഖം
മേനിപ്പൂണാരമാക്കിപ്ഫണിഗണവുമണി-
ഞ്ഞഞ്ജസാ നിന്‍ പ്രദോഷേ
ശ്രീ നൃത്തത്തിന്നുമെത്തും ചമയമനുപമം
നൌമി ചെല്ലൂര്‍പ്പിരാനേ.ˮ (6)

ʻʻഉള്ളംകൂടിക്കുളുര്‍പ്പോളവുമിളമലയ-
ത്തെന്നല്‍ചാലേയ [3] വാതില്‍-
ക്കുള്ളൂടേ വന്നു മെയ്യില്‍ത്തടവി മണിവിള-
ക്കിന്നിളക്കം വരാതെ,
വിള്ളെന്നഗ്രേ വിളങ്ങുന്നഹികള്‍ വയര്‍നിറ-
യ്ക്കുന്ന നേരത്തകാണ്ഡേ
കൊള്ളും പള്ളിക്കുറുപ്പിന്‍വടിവു തവ വിഭോ
നൌമി ചെല്ലൂര്‍പ്പിരാനേ!ˮ (7)

ഈ കൃതികളും ഇനി പ്രദര്‍ശിപ്പിയ്ക്കുവാന്‍ പോകുന്ന മൂന്നു ഗദ്യങ്ങളും ഉത്തരകേരളീയങ്ങളാണു്.

തൃച്ചെമ്മരേശസ്തുതിയെപ്പോലെതന്നെ സംസ്കൃതദണ്ഡകച്ഛായയില്‍ കൊല്ലം ഏഴാംശതകത്തിലോ എട്ടാംശതകത്തിലോ വേറേയും സ്തോത്രങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ടു്. അവപ്രായേണ അത്യന്തം ആസ്വാദ്യങ്ങളായി കാണുന്നു. അത്തരത്തിലുള്ള മൂന്നു ഗദ്യങ്ങളില്‍ നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചു കാണിക്കാം.

രാമന്‍തളിഗദ്യം

ʻʻജയ ജയ ജഗദീശ! ഗൌരീശ! ലക്ഷ്മീശ! സംസാരചക്രഭ്രമം തേടി നീടാര്‍ന്ന ലോകത്രയം കാത്തുമന്‍പോടഴിച്ചും കളിക്കിന്ന മായാമഹാനാടകാനന്ദമൂര്‍ത്തേ; പുരാരേ! മുരാരേ! ജടാവാടികായാമലച്ചീടുമംഭോജസംഭൂതി മുണ്ഡങ്ങള്‍തന്നില്‍ക്കലമ്പിന്ന ഗംഗാതരംഗങ്ങളില്‍പ്പൊങ്ങിയും മുങ്ങിയും തൂമകോലിന്ന ബാലേന്ദുചൂഡാല! മാണിക്യമിന്ദ്രോപലം പുഷ്യരാഗം മഹാവജ്രമെന്നിത്തരം കാന്തിമെത്തിന്ന രത്നപ്രഭാപങ്‌ക്തികൊണ്ടിന്ദ്ര കോദണ്ഡദണ്ഡങ്ങളാകാശദേശേ വിളങ്ങീടുമാറീടുലാവും കിരീടാന്ത! നെറ്റിത്തടം തന്നിലുദ്ദണ്ഡ ചണ്ഡാഗ്നികൊണ്ടും നിറം തങ്കുമക്കുങ്കുമംകൊണ്ടുമാകല്പമത്യന്ത ചിത്രീഭവച്ചിത്രകോല്ലാസ! … മനക്കാമ്പിനും വാക്കിനും കെല്പു പോരാ നിനയ്പാനുമച്ചോ! പുകണ്ണീടുവാനും മഹാവേദവാക്യങ്ങളും നിന്‍പ്രകാശത്തെ വര്‍ണ്ണിച്ചുകണ്ടിച്ചുടന്‍ പാര്‍ത്തു കണ്ടാലിതേതും തിരിക്കാവതല്ലെന്നു കല്പിച്ചു മേന്മേലടങ്ങിപ്പരം തങ്ങളെച്ചിത്തമോഹം വിരഞ്ഞത്യുദാരം ജപിച്ചഷ്ടവര്‍ണ്ണങ്ങളും പഞ്ചവര്‍ണ്ണങ്ങളും നെഞ്ചില്‍ നിന്‍ചേവടിത്താരുറപ്പിച്ചുകൊള്‍വാന്‍ വണങ്ങീടുമെന്‍ നാഥ! രാമന്‍തളിച്ചേര്‍ന്ന വിശ്വൈകമൂര്‍ത്തേ! നമസ്തേ നമസ്തേ വിഭോ!ˮ.

പയ്യന്നൂര്‍ ഗദ്യം

ʻʻജയ ജയ ജഗദേകബന്ധോ! കൃപാ പൂരസിന്ധോ! പരാനന്ദമൂര്‍ത്തേ! ദിനാധീശദീപ്തേ! നിറം ചേരുമമ്മാമലപ്പെണ്ണിനും ബാലചന്ദ്രാവതംസന്നുമന്യൂനസന്തോഷഭാരം വളര്‍ക്കിന്ന കൈശോരമാധുര്യചാതുര്യ! വാരാര്‍ന്നെഴും വാരിരാശൌ തഴയ്ക്കിന്ന കല്ലോലജാലങ്ങള്‍പോലേ പരാശക്തി....പോന്നുദിക്കിന്ന നേരത്തുടന്‍ തങ്കലേ പോന്നുവാങ്ങിന്ന നാനാജഗന്മണ്ഡലംകൊണ്ടു ലീലാരസം തേടുമാശ്ചര്യമുദ്രാനിധേ!....നാലു രൂപങ്ങളുണ്ടിന്നിണക്കോര്‍ക്കിലെന്തെന്റുമേതെന്റുമാര്‍ക്കും തിരിക്കാവതല്ലെന്റതത്രേ തെളിഞ്ഞുണ്‍മയാകിന്റതെന്‍തമ്പിരാനേ! നിണക്കേഷ ഞാന്‍ ദാസനായേന്‍ കനിഞ്ഞെന്നെ നോക്കേണമെന്‍പയ്യനൂര്‍വാണ ചിന്മാത്രമൂര്‍ത്തേ! നമസ്തേ നമസ്തേ വിഭോ.ˮ

കൊടിക്കുന്നില്‍ ഗദ്യം

ഹര ഹര ശിവ! ദാരുകാഖ്യോ മഹാദാനവന്‍ പണ്ടഖണ്ഡം വരംകൊണ്ടഖര്‍വേണ ഗര്‍വേണ ശൌര്യോഷ്മ കൈക്കൊണ്ടു മുല്പാടു കെല്പോടു കല്പാന്തരുദ്രപ്രവാഹങ്ങള്‍പോലേ നടറോരു നാനാമഹാദൈത്യസേനാസമേതോ വളര്‍ത്തീടുമോരോ ജഗദ് ദ്രോഹവേഷം പുകഴ്ത്താവതല്ലേതുമവ്യാകുലം; നാകലോകേ കരേറി പ്രചണ്ഡാപദാനാഢ്യമാഖണ്ഡലം നീള മണ്ടിച്ചു മണ്ടിച്ചു ജംഭാരികുംഭീന്ദ്രകുംഭസ്ഥലേപാഞ്ഞു പഞ്ചാസ്യരീത്യാ ചപേടാര്‍പ്പണംചെയ്ത നേരത്തു പൊട്ടിത്തെറിക്കിന്റ മുക്താമണിസ്തോമമൂര്‍ത്തൂത്തമര്‍ത്ത്യാംഗനാനാമലര്‍ച്ചായല്‍ ചുറ്റിപ്പിടിച്ചങ്ങുമിങ്ങും നിലത്തിട്ടിഴച്ചങ്ങയോഗ്യങ്ങളെച്ചെയ്തു ചെയ്തും … മന്മാലടക്കം കൊടിക്കുന്നില്‍ വാണംബികേ.ˮ

ദശമസ്തോത്രം

ഏകദേശം ആ കാലത്തു വിരചിതമാണെന്നു് ഊഹിക്കാവുന്ന ഒരു ദശമസ്തോത്രം കണ്ടുകിട്ടീട്ടുണ്ടു്. അതില്‍നിന്നു രണ്ടു ശ്ലോകങ്ങള്‍ മാത്രം ഉദ്ധരിക്കാം:

ʻʻഎല്ലു കൊല്ലെന ഞെരിച്ചു മുഷ്ടിയാല്‍
മല്ലവീര കുല ചെയ്ത ദൈവതം
ചൊല്ലെഴിന്റ ഗുണവീര്യസമ്പദാ-
മില്ലമെന്മനസി വാഴ്ക സന്തതം.
വീഴ്‌ത്തി രംഗഭുവി കംസനെപ്പിടി-
ച്ചീഴ്‌ത്തു ജീവനെ മഥിച്ചെടുത്തവന്‍
ഗാത്രപല്ലവനിരന്തരശ്രിയാ
ദീപ്തനെന്മസി വാഴ്‌ക സന്തതം.ˮ

നാട്യസങ്ഗ്രഹം

ഇതു ചാക്കിയാര്‍ക്കൂത്തിന്റെ ലക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്നതും മുപ്പത്തിരണ്ടു ശ്ലോകങ്ങള്‍ അടങ്ങിയതുമായ ഒരു ലഘുകൃതിയാകുന്നു. ʻഇവുംʼ (ഇവയും) ʻഎന്റിവെട്ടുംʼ (ഇവയെട്ടും) മുതലായ പ്രയോഗങ്ങള്‍ പ്രസ്തുത പ്രബന്ധത്തിന്റെ പഴക്കം സ്പഷ്ടമാക്കുന്നു. ചില ശ്ലോകങ്ങള്‍ ചുവടേ ചേര്‍ക്കാം:

ʻʻശൃംഗാരാദിരസങ്ങളെ,ട്ടഭിനയം നാ, ലൊന്റൊഴിഞ്ഞൊന്‍പതേ
ഭാവാ, വൃത്തികളും പ്രവൃത്തിയുമിവും നന്നാലു, സപ്ത സ്വരാഃ,
രണ്ടേ ധര്‍മ്മി,യിരണ്ടു സിദ്ധികള്‍, തഥാ ഗാനങ്ങള്‍ പഞ്ചൈവ,നാ-
ലാതോദ്യങ്ങ,ളരങ്ങു മൂ,ന്റിതിനെ നാം കൂത്തെന്റു കൈക്കൊണ്ടിതു. (1)

ശൃംഗാരവീരഹാസ്യാ ബീഭത്സം രൌദ്രമത്ഭുതം കരുണം
നാട്യേ ഭയാനകവുമീ രസങ്ങളെട്ടേ, ന ശാന്തമവികാരി. (2)

ശൃംഗാരരസം വീരം രൌദ്രം ബീഭത്സമെന്റുമിവ ജനകാഃ;
ഹാസ്യവുമുത്ഭുതരസവും കരുണഭയാനകമിരണ്ടുമിവ ജന്യാഃˮ....(3)

ʻʻകൂത്തെന്തെന്റ റിവാനായേവര്‍ക്കുമദൃഷ്ടനാട്യശാസ്ത്രാണാം
സമ്പ്രതി മയാ വിരചിതം ലക്ഷണമിതു നാട്യസംഗ്രഹം നാമ.ˮ (32)

ജ്യോതിഷദീപമാല

ഈ ശതകത്തില്‍ മണിപ്രവാള ശൈലിയില്‍ വിരചിതമായ ഒരു പ്രധാന ജ്യോതിശ്ശാസ്ത്രഗ്രന്ഥമാകുന്നു ജ്യോതിഷദീപമാല. അതില്‍ ആകെ നാലധ്യായങ്ങളുണ്ടു്. കവിതയ്ക്കു തീരെ മാധുര്യമില്ലെങ്കിലും കാര്യം പലതും സംഗ്രഹിച്ചിട്ടുള്ളതിനാല്‍ അതിനു സംസ്കൃതാനഭിജ്ഞന്മാരായ ദൈവജ്ഞന്മാരുടെ ഇടയില്‍ സാമാന്യം പ്രചാരമുണ്ടു്. താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങള്‍ ആരംഭത്തിലുള്ളവയാണു്.

ʻʻഗണപതിഗുരുവാണീമര്‍ക്കചന്ദ്രാരസൌമ്യം
സുരഗുരുസിതമന്ദം രാഹകേതും വണങ്ങി
ഗണിതമപി മുഹൂര്‍ത്തം ജാതകം പ്രശ്നഭാഗം
ലഘുതരമിഹ ചൊല്ലാം മന്ദധീധാരണായ.ˮ
ʻʻരാശിഗ്രഹസ്ഥാനവിഭാഗസംജ്ഞാം
ഷഡ്വര്‍ഗ്ഗവും കാരകമെന്നിതെല്ലാം
സംജ്ഞാനുരൂപേണ മണിപ്രവാളൈ-
രുക്താ മയാ ജ്യോതിഷദീപമാലാ.ˮ

ʻʻവെണ്ണീരും വിറകെണ്ണയും കഴുതയുംˮ ʻʻമദ്യം പച്ചയിറച്ചിˮ തുടങ്ങിയുള്ള പ്രസിദ്ധങ്ങളായ ശകുനശ്ലോകങ്ങള്‍ ഈ ഗ്രന്ഥത്തില്‍പെട്ടവയാണു്. ഇനിയും ചില ശ്ലോകങ്ങള്‍ നോക്കുക:

ʻʻരാഹൂനെക്കൊല്ലുമാദിത്യന്‍; വ്യാഴത്തെ വിധി കൊല്ലുമേ;
ബുധനെക്കൊല്ലുമേ ചൊവ്വാ; ബുധന്‍ മന്ദനെയും തഥാ;
വ്യാഴമാദിത്യനെക്കൊല്ലും; ശുക്രന്‍ ചൊവ്വയെയും തഥാ;
ശനി ശുക്രനെയും കൊല്ലും; രാഹു ചന്ദ്രനെയും തഥാ
സൂര്യനെക്കേതുവും കൊല്ലുമിങ്ങനേയിവയോര്‍ക്കണം.ˮ

അളവുകള്‍, പലിശ മുതലായവയെപ്പറ്റിയുള്ള വിവരങ്ങളും ഇതില്‍ പ്രതിപാദിച്ചുകാണുന്നു:

ʻʻമാറ്റും വില പണത്തൂക്കം പത്തിലേറ്റീട്ട നൂറ്റിനാല്‍
കിഴിച്ചാലുള്ള ശേഷത്തിന്നാറേകാല്‍ക്കൊരു വീശമാം,
പന്തിരണ്ടില്‍ ഗുണിച്ചുള്ള മുതല്‍ പത്തില്‍ക്കരേറ്റിനാല്‍
മുതലങ്ങവിടെക്കൂട്ടീട്ടേവം ചെയ്ക പുനഃ പുനഃ.ˮ


<references>





  1. അഭിപൂര്‍ണ്ണം എന്നു പാഠാന്തരം
  2. (i)ചെലവു്=ചെല്ല് (യാത്ര)
  3. (ii) ചാലേയം=ജാലകം