close
Sayahna Sayahna
Search

മണിപ്രവാളസാഹിത്യം (തുടര്‍ച്ച)





Contents

മണിപ്രവാളസാഹിത്യം (തുടര്‍ച്ച)

ചില മുക്തകങ്ങള്‍

കൊല്ലം ഏഴു്, എട്ടു് ഈ ശതകങ്ങളില്‍ അനവധി മണിപ്രവാളമുക്തകങ്ങള്‍ വിരചിതങ്ങളായിട്ടുണ്ടു്: അവ പ്രായേണ നായികാവര്‍ണ്ണനപരങ്ങളും ശൃംഗാര രസപ്രധാനങ്ങളുമാകുന്നു. ഒരേ നായികയെപ്പറ്റിത്തന്നെ പതിനേഴാമധ്യായത്തില്‍ പ്രതിപാദിച്ച ചെറിയച്ചീവര്‍ണ്ണനത്തിലെന്നപോലെ പത്തിരുപതു ശ്ലോകങ്ങളും കാണ്മാനുണ്ടു്. കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെയുള്ള ദേവന്മാരെയും രാജാക്കന്മാരെയും പരാമര്‍ശിച്ചും പല ശ്ലോകങ്ങള്‍ അക്കാലത്തെ കവികള്‍ നിര്‍മ്മിച്ചിരുന്നു. ഈ മൂന്നു പദ്ധതികളില്‍പ്പെട്ട ശ്ലോകങ്ങള്‍ക്കുപുറമേ അപൂര്‍വ്വമായി വിവിധവിഷയങ്ങളെക്കുറിച്ചും പല ശ്ലോകങ്ങള്‍ നിര്‍മ്മിതങ്ങളായിട്ടുണ്ടു്. ഏതാനും ദണ്ഡകങ്ങളുമില്ലെന്നില്ല. പ്രസ്തുത ശ്ലോകങ്ങളില്‍ പലതും സഭ്യതാസീമയെ അതിലംഘിക്കുന്നതിനാല്‍ അവയെ കഴിയുന്നതും ഒഴിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. ബാക്കിയുള്ളവയെപ്പറ്റി സ്ഥൂലമായ ഒരു ജ്ഞാനം ഉണ്ടായിരിക്കേണ്ടതു് അക്കാലത്തെ സാഹിത്യചരിത്രഗ്രഹണത്തിനു് അത്യന്താപേക്ഷിതമാണുതാനും. ഓരോ ശ്ലോകവും നിര്‍മ്മിച്ചതായ ശതകം സപ്തമമോ അഷ്ടമമോ എന്നു ഖണ്ഡിച്ചു പറവാന്‍ നിവൃത്തിയില്ലാത്തതിനാല്‍ എല്ലാംകൂടി ഈ അധ്യായത്തില്‍ ആവിര്‍ഭവിപ്പിക്കുന്നതാണു്. ഉദ്ധരിക്കുന്നവയില്‍ അപൂര്‍വ്വം ചില ശ്ലോകങ്ങള്‍ ആറാം ശതകത്തിലും ചിലതു് ഒന്‍പതാം ശതകത്തിലും പെട്ടതായും വരാന്‍ പാടില്ലായ്കയില്ല. ചെറിയച്ചീവര്‍ണ്ണനത്തിലേ ചില ശ്ലോകങ്ങള്‍ ലീലാതിലകത്തില്‍ പകര്‍ത്തീട്ടുള്ളതിനാല്‍ അതിന്റെ കാലംമാത്രം സൂക്ഷ്മമായി കണ്ടുപിടിക്കുവാന്‍ സാധിച്ചു.

ശൃംഗാരപദ്ധതി

ഒട്ടുവരെ നായികമാരുടെ നാമധേയങ്ങളുമായി നാം അക്കാലത്തെ ശൃംഗാരശ്ലോകങ്ങളില്‍ പരിചയപ്പെടുന്നു. ആ നായികമാരില്‍ ചന്ദ്രോത്സവദ്വാരാ നാം അറിയുന്ന (1) മേദിനീവെണ്ണിലാവു്. (2) മാരലേഖ, (3) മാനവീമേനക. (4) മാരചേമന്തിക എന്നിവരെപ്പറ്റി ചില ശ്ലോകങ്ങള്‍ കേട്ടിട്ടുണ്ടു്. (1) ചിറയ്ക്കല്‍ ഇട്ടിപ്പെണ്ണു്, (2) മേദിനീബാലിക, (3) ചന്ദ്രിക, (4) മാരമന്ദാകിനി, (5) ലക്ഷ്മി, (6) കര്‍പ്പൂരവല്ലി, (7) ദേവരശി, (8) മാരവിരുതു്, (9) ഇട്ടിമാണി, (10) കൌണോത്തര, (11) പുതിയവീട്ടില്‍ ഇട്ടി, (12) വള്ളനാട്ടു് ഇട്ടി, (13) ഇട്ടിനങ്ങിണി, (14) ആനന്ദകേളി, (15) രാമാനിലാവു്, (16) കടന്നയില്‍ ചെറുപെണ്ണു്, (17) മടത്തില്‍ ഇട്ടി, (18) കേളിരേഖ, (19) പുതുപറമ്പത്തു് ഇട്ടിയച്ചി,. (20) ചേമന്തിലേഖ, (21) പൂവാണരേഖ, (22) കീഴറ ഇട്ടിമാതവി, (23) കനകാവലി, (24) നീവീമണി, (25) പിരളീനായിക, (26) പനയപ്പള്ളി മാണിക്യം, (27) മരതകമാല, (28) കേളീമണി, (29) മല്ലീനിലാവു്, (30) കലാകേരളി, (31) തച്ചപ്പള്ളി ഇട്ടിമായ (32) നീലമ്മ, (33) തോട്ടങ്കരച്ചീതമ്മ, (34) ആനന്ദചിന്താമണി, (35) കീര്‍ത്തിലേഖ, (36) തേന്മേനക, (37) മാരകേളി, (38) കുന്നത്തു ചീതമ്മ, (39) കീര്‍ത്തിചന്ദ്രിക, (40) തളിക്കുന്നില്‍ ഇട്ടിതേവി, (41) പാലക്കോട്ടു ചെറുചിരുതേവി, (42) കേരളീവെണ്‍നിലാവ്, (43) വെള്ളത്തു ചേരിക്കല്‍ ഇട്ടിച്ചിരുതേവി, (44) വീണാവതി, (45) രാജലേഖ, (46) ബാലനീവി, (47) മേദിനീമേനക, (48) രാജചിന്താമണി, (49) കരുമത്തില്‍ ഉണ്ണുനീലി, (50) മാക്കം, (51) തയ്യിത്തലത്തു് ഇളയച്ചി, (52) മാതു, (53) നാകലതേവി മുതലായി വേറേയും പല സുന്ദരിമാരെപ്പറ്റി ശ്ലോകങ്ങള്‍ കാണ്മാനുണ്ടു്.

ഇത്തരത്തിലുള്ള സ്ത്രീവര്‍ണ്ണനത്തിന്റെ ആഗമമെന്തെന്നു ഞാന്‍ ഇരുപതാമദ്ധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ടു്. ചിലപ്പോള്‍ അന്യന്മാരുടെ അപേക്ഷയനുസരിച്ചാണു് തങ്ങള്‍ ആ സ്ത്രീകളെ വാഴ്ത്തുന്നതെന്നു കവികള്‍തന്നെ കണ്ഠതഃ പ്രസ്താവിച്ചിരിക്കുന്നു. ʻʻചൊല്ലേറും വെണ്പലക്ഷ്മാരമണഗുരുനിയോഗേന വേഗാതിരേകാല്‍ … കൌണോത്തരാഢ്യാം കല്യാണീമാരഭേ ഞാന്‍ കനിവൊടു ഭവതീം വാഴ്ത്തുവാനുത്രമാതേˮ എന്നു് ഒരു കവി പറയുന്നു. ʻʻതയ്യിത്തലമെഴുമിളയച്ചീ, തവാംഗം ഗുണശ്രീസന്തത്യൈ ദേവനാരായണഗുരുകൃപയാ വാഴ്ത്തുവാനാരഭേ ഞാന്‍ˮ എന്നും ആ ശ്ലോകത്തിന്റെ പ്രണേതാവുതന്നെയോ അപരനോ ഉദീരണംചെയ്യുന്നു. ഈ നിര്‍ദ്ദേശങ്ങളില്‍നിന്നു തെക്കുംകൂര്‍ രാജാവും അമ്പലപ്പുഴ രാജാവുമാണു് യഥാക്രമം കൌണോത്തരയേയും തയ്യിത്തലത്തു് ഇളയച്ചിയേയും പ്രശംസിപ്പിച്ചതു് എന്നു് ഊഹിക്കാം. ʻകൌണക്ഷമാരമണവംശ മണിപ്രദീപംʼ എന്നു് ആദ്യത്തെ നായികയെ കവി വര്‍ണ്ണിക്കുന്നതില്‍നിന്നു് ആ സുന്ദരി ഒരു ക്ഷത്രിയയാണെന്നു സങ്കല്പിക്കാം. കായംകുളം രാജവംശത്തിലേ ʻഉത്തരാചന്ദ്രികʼ എന്ന കുമാരിയുടെ ഭര്‍ത്താവായ ഉണ്ണിരാമന്‍തന്നെയാണു് ആ നായികയെ പരാമര്‍ശിക്കുന്ന പ്രശസ്ത പദ്യങ്ങളുടേയും പ്രണേതാവു് എന്നുള്ളതു്

ʻʻഉണ്ണീരാമന്‍ വരും പോന്നയി തവ തിരുമെയ്
വാഴ്ത്തുവാനാസ്ഥ കൈക്കൊ-
ണ്ടന്യുനം താന്‍ മറന്നീലൊരുപൊഴുതുമെടോ
താവകം പൂവലംഗം;
എന്നെല്ലാമുത്തരാചന്ദ്രികമലര്‍മകളോ-
ടംഗനാമൌലിതന്നോ-
ടിന്നേവം ചൊല്ലു തോഴാ, കനിവു മയി കല-
ര്‍ന്നീടുവാനൂഢമോദം.ˮ

എന്ന പദ്യം നോക്കുക. ʻʻഞാനിങ്ങമിതരസമിടപ്പള്ളിനിന്നൂഢമോദംˮ എന്നു പറഞ്ഞിട്ടുള്ളതില്‍നിന്നു് അദ്ദേഹം അന്നു് ഇടപ്പള്ളിയില്‍ താമസിച്ചിരുന്നിരിക്കാമെന്നും അനുമാനിക്കാം. സാധാരണമായി ധനം മാത്രമായിരുന്നു തങ്ങളുടെ സാഹിതീവ്യവസായത്തിനു കവികള്‍ നായികമാരില്‍നിന്നു പ്രതീക്ഷിച്ചിരുന്ന സമ്മാനം. അതു ലഭിക്കാതെവരുമ്പോള്‍ അവര്‍ നൈരാശ്യഭരിതരായിത്തീര്‍ന്നതിനും ദുഷ്കവികളെ അധിക്ഷേപിച്ചതിനും ചില ഉദാഹരണങ്ങളാണു് താഴെപ്പകര്‍ത്തുന്നതു്:

ʻʻകിടപ്പവിറ്റെക്കിടവാതവിറ്റോ-
ടിണച്ചതിക്ലിഷ്ടമനന്വിതാനി
പദാനി കാണ്‍ മൂരികളെക്കണക്കെ-
ക്കവിക്കരിങ്കയ്യര്‍ പിണയ്ക്കുമാറു്.ˮ 1

ʻʻഒട്ടേടം പ്രതിഭാവിലാസ,മൊരിടം കേട്ടിട്ടു കാവ്യാശ്രയം,
കട്ടിട്ടൊട്ടൊരു ഭാഗ,മൊട്ടൊരനുരാഗോത്സാഹമാനോത്ഭവം,
മുട്ടുമ്പോള്‍ വിധിയെന്നു കുറ്റമൊരിടത്തേതാദൃശം പത്തു നാള്‍
മുട്ടിച്ചാലൊരു പദ്യമായ്ത്തിരിയുമെന്റാശാ പരം മാദൃശാം.ˮ

ʻʻനാട്ടാര്‍കാവ്യമകം മുറിച്ചു പുലരെക്കട്ടൊട്ടു താനോര്‍ത്തതും
കൂട്ടിക്കൊണ്ടു ചമച്ചചാരു പിടിപെട്ടന്നന്നവദ്യോല്‍കരാന്‍
പാട്ടോ മറ്റു ചിലോകമോ പുനരിതെന്റോരാതെ നാട്ടച്ചിമാര്‍-
വീട്ടില്‍പ്പുക്കു പണം കൊതിച്ചു കവി കെട്ടീടും കവിഭ്യോ നമഃˮ

ʻʻപൈന്തേനോലും ചിലോകം പരിചിനൊടു നിര-
ത്തിത്തിരുത്തിച്ചമച്ചി-
ട്ടെന്തേ ചേതം മെനക്കെട്ടൊരു തടിയനിരു-
ന്നങ്ങു ചൊല്ലുന്നതാകില്‍?
എന്റേ മുറ്റും നിനച്ചാല്‍ നിനവു തരുണിമാ-
ര്‍ക്കെന്റു കൂറിട്ടു കണ്ടി-
ട്ടിന്റീ പദ്യപ്രബന്ധേ ചുവ പെരിക വരി-
ന്റീലെടോ മാദൃശാനാം.ˮ 4.

ʻʻഓരോരോ കൂരതോറും പുലരുമളവിലേ
പുക്കു ചൂതും പറഞ്ഞി-
പ്പാരില്‍പ്പോരിന്റെ കള്ളച്ചെറുമികളെ വിളി-
ച്ചോരു പേരിട്ടുകൊണ്ടു്
വൈരാഗ്യം കൈവരുത്തുംപരിചു ചില ചിലോ-
കങ്ങളച്ചോ! ചമയ്ക്കും
വീരന്മാരെത്തൊഴിന്റേന്‍ പകലിരവനിശം
നിന്റു കുമ്പിട്ടു ഞാനോ.ˮ 5.

സ്ത്രീകള്‍ക്കു കള്ളപ്പേരിടുന്നതിനെപ്പറ്റി ലീലാതിലകകാരന്‍ വിവൃതമായി അവഹേളനംചെയ്തുവെങ്കിലും അതു വനരോദനമായാണു് പരിണമിച്ചു്. ʻʻമുഗ്ദ്ധേ കേളുത്തരാ ചന്ദ്രികമയമയി തേ നല്കിനേന്‍ നാമധേയംˮ എന്നു് ഉണ്ണിരാമന്‍ പറയുന്നതു നോക്കുക. വേറേയും ഞാന്‍ മുന്‍പു കുറിച്ച പട്ടികയിലേ പല പേരുകളും അയഥാര്‍ത്ഥങ്ങളാണെന്നു വായനക്കാര്‍ക്കു കാണുവാന്‍ പ്രയാസമില്ലല്ലോ.

അമൃതനിഷ്യന്ദികളായ ചില ഒറ്റശ്ലോകങ്ങള്‍ അടിയില്‍ ചേര്‍ക്കുന്നു. മണിപ്രവാളകവിതയ്ക്കു് അക്കാലത്തുണ്ടായിരുന്ന അസുലഭമായ അഭ്യര്‍ഹിതത്വത്തിനു് അവയെല്ലാം ഒന്നുപോലെ സ്മാരകസ്തംഭങ്ങളാണു്. പുനം, ശങ്കരകവി മുതലായ സുഗൃഹീതനാമാക്കളുടെ വാങ്മയങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കണം.

സൌന്ദര്യവര്‍ണ്ണനം

ʻʻവക്ത്രാംഭോജന്മ കൈലാസവദലമളകാ-
ലങ്കൃതം, കൊങ്കയുഗ്മം
വൃത്രാരാതേരുദാരം കുലിശമിവ പരി-
ച്ഛിന്നസാരം ഗിരീണാം.
മധ്യം മത്തേഭവല്‍ തേ പിടിയിലമിഴുവോ-
ന്റെത്രയും ചിത്രമത്രേ
മുഗ്ദ്ധേ, കേളുത്രമാതേ, വപുരുദധിരിവാ-
ഭാതി ലാവണ്യപൂര്‍ണ്ണം.ˮ 1.

ʻʻകാളാംഭോധരപാളി താളി പിഴിയും കറ്റക്കരിപ്പൂങ്കുഴ,-
ല്ക്കാലംബായ മുഖാവലോകസമയേ നെയ്‌വയ്ക്കുമിച്ചന്ദ്രമാഃ,
കോലത്താര്‍ചരഭൂമിപാലകനകക്കുംഭം തൊഴും പോര്‍മുല,-
യ്ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുവതിനിന്റാമല്ല കൌണോത്തരേ.ˮ 2.

ʻʻശൌരേരാദ്യാവതാരം തരളമിഴിയുഗം;
വാക്കു ഗീര്‍വാണമുഖ്യാ-
ഹാരം; വക്ഷോജഭാരം ത്രിപുരഹരകരോ-
ല്ലാസിനീ ചാപവല്ലീ;
മാരന്‍പൂമേനിയല്ലോ കൊടിനടുവു; മഹാ-
മന്ദരാദ്രിം വിരോധം
വാരാതേ താങ്ങുവോന്റിപ്പുറവടി പിരളീ-
നായികേ, താവകീനം.ˮ 3.

ʻʻകാര്‍മേഘം കൈതൊഴേണം; മലരണിപുരിചാ-
യ്‌ല്ക്കു; ചില്ലിക്കുമമ്മാ!
കാമക്കോല്‍വില്‍ തൊഴേണം; മഴലമിഴിയുഗ-
ത്തിന്നു പെണ്‍മാന്‍ തൊഴേണം;
പോര്‍മാതംഗം തൊഴേണം തവ ഗമനമതി;-
ന്നിന്റിളം പോര്‍മുലയ്ക്കോ
ഹാ! മുഗ്ദ്ധേ! മാരചേമന്തികമലര്‍വനിതേ!
ഹേമകുംഭം തൊഴേണം.ˮ 4.

ʻʻഎന്നെക്കൊണ്ടെന്നു നില്ക്കുന്നിതു മുലമുകുളം;
മന്ദഹാസത്തിനോ നിന്‍-
മുന്നില്‍പ്പോരേണമല്ലോ; ചികുരമതരിശ-
പ്പെട്ടു പിന്നില്‍ക്കിടന്നു;
കന്നല്ക്കണ്‍കോണ്‍ മയറ്റുന്നിതു സുമുഖി! നടേ-
തന്നെ വാഴ്‌ത്തേണമെന്മാ;-
നുന്നിച്ചാലൊന്നു വല്ലേന്‍ തിരുവുരു പുകഴ്‌വാൻ
മേദിനീമേനകേ! ഞാന്‍.ˮ 5.

ʻʻനീടെത്തും നേത്രയുഗ്മം കയല്‍ മറുകയലെ-
ന്നോര്‍ത്തു കൊത്തീടുമയ്യോ;
പേടിക്കും ചക്രവാകം പുരികുഴല്‍നികരം
കണ്ടിരുട്ടെന്നുദാരം;
ഓടപ്പോം ഖിന്നമന്നപ്പിട തവ നട ക-
ണ്ടേറ്റ; മെന്നാലിദാനീം
ക്രീഡിക്കൊല്ലാ സുശീലേ! പുനരപി വിമലേ
നീ ജലേ രാജലേഖേ!ˮ 6

ʻʻമാധുര്യം പാര്‍ക്കിലൊന്നേ തവ കളമൊഴിയും
വീണയും; പ്രാണമിത്രം
പാഥോജത്തിന്നു വക്ത്രം; പുരികുഴല്‍ കിരിയം
മേദുരം നീരദാനാം;
ചൂതിന്മേല്ക്കോവില്‍ പൂവല്‍പ്പുണര്‍മുല; മണിവാ-
തമ്പിരാന്‍ ചെമ്പരുത്തി;-
ക്കേതേനും ചാര്‍ച്ച തോന്നും കുവലയദലവും
നേത്രവും കീര്‍ത്തിലേഖേ!ˮ 7

ʻʻനിര്‍മ്മാതുര്‍ന്നിരവദ്യരത്നരചനാസീമയ്ക്കു, നന്മന്മഥ-
ബ്രഹ്മാനന്ദസുധാരംഗിണിതനി, ക്കമ്ലാനലീലാനിധേഃ,
കല്മാഷം തുടരാത വെണ്‍മതികല,യ്ക്കേഴാഴിനീര്‍ ചൂടുമീ
മണ്‍മേല്‍മാതര്‍മണിക്കു, മാരവിരുതിന്നുള്ളോന്നു മന്മാനസം.ˮ 8

പ്രത്യംഗവര്‍ണ്ണനം

(i) മുഖം:

ʻʻമന്ദാത്മാ പുനരന്തിപാടു പെരുമാറിപ്പോമൊരുക്കാ, ലൊളി-
ച്ചന്നേ പോന്നു നിശീഥിനിക്കു ചിലനാള്‍, കാണാം നിശാര്‍ദ്ധാന്തരേ.
എന്‍തോഴാ! മുഴുവന്‍ നടക്കുമൊരുനാ,ളൊട്ടും വരാനേകദാ
ചന്ദ്രോയം മമ ചന്ദ്രികാമുഖരുചിം കപ്പാനനല്പാശയാ.ˮ 9

ʻʻകലാമുരുക്കൂട്ടി നടക്കുമൊട്ടേ;
കലാമഴിക്കും വികളങ്കനാവാന്‍
കലാമണിപ്പെണ്‍മുഖസാമ്യമൊപ്പാന്‍
കലേശനാലെത്ര പണിപ്പെടിന്റൂ.ˮ 10

(ii) കടാക്ഷം:

ʻʻഊനം തട്ടാത കാന്തിപ്രസരനവസുധാ-
പൂരിതേ വാരിരാശൌ
സാനന്ദം മന്ദമാന്ദോളിതതരളലസ-
ച്ചില്ലിവല്ലീതരംഗേ
നൂനം താഴിന്റ ലോലാളകവലയിലക-
പ്പെട്ടുഴന്റിട്ടിയച്ചീ,
മീനദ്വന്ദ്വം കളിക്കിന്റിതു തവ നയന-
ച്ഛത്മനാ പത്മനേത്രേ.ˮ 11
ʻʻകാന്തേ! കര്‍ണ്ണങ്ങളോടേറ്റളവു വഴി കൊടാ-
ഞ്ഞുള്ള കോപേന താമ്രാം
കാന്തിം കൈക്കൊണ്ടിതെന്റേ പറവര്‍ ചിലര്‍ നിസര്‍-
ഗ്ഗാരുണോപാന്തകാന്തം;
ഞാന്‍ തേറേനിട്ടിയച്ചീ, പുനരിതു കഥയേ
സന്തതം മൈന്തര്‍ചിത്തം
ചീന്തീടുംനേരമേന്തീടിന രുധിരകണാ-
ലങ്കൃതം നിന്‍കടാക്ഷം.ˮ 12

ʻʻകിഞ്ചില്ലജ്ജാവനമ്രാന്‍ പ്രണയനവലതാ-
പല്ലവാന്‍, മെല്ലവേ കീ-
ഴഞ്ചും തുമന്ദഹാസദ്യുതിശകലവലാ-
കാവലീബാലമേഘാന്‍
അഞ്ചമ്പന്നസ്ത്രഭൂതാനവിരതതരളാന്‍
പേര്‍ത്തുമിന്നേത്രലക്ഷ്മീ-
സഞ്ചാരാനിട്ടിയച്ചീ, പുളകനറുമലര്‍-
ത്തോപ്പണിഞ്ഞേല്പനോ ഞാന്‍?ˮ 13

ʻʻആമോദാല്‍ക്കാണ്‍മനോ ഞാനവികലമിളകീ-
ടിന്റ ലജ്ജാഭിരാമാ-
നാമുഗ്ദ്ധസ്യന്ദിഹാസാങ്കുരമിടപെരുകീ-
ടിന്റ കമ്രാനുപാതാന്‍
ആമന്ദം മാരുതാന്ദോളിതകമലപലാ-
ശാവലീലോലലോലാന്‍
പ്രേമാര്‍ദ്രാനിട്ടിയച്ചീ, നവലളിതകലാ
കങ്കടാന്‍ നിന്‍കടാക്ഷാന്‍.ˮ 41

നായകന്റെ ചാടൂക്തി

ʻʻചരണതളിര്‍ തലോടും; കൂടവേ പുഷ്പമാലാം
പരിചിനൊടു ഭരിക്കും; പിന്‍നടക്കും പ്രയാണേ;
ഒരുപൊഴുതിലുമച്ചോ! വേര്‍വിടാ വക്രഭാവം;
പരിജനമിവ ഭദ്രേ! വേണി കൌണോത്തരേ, തേ.ˮ 15

ʻʻചൊല്ലേറും കാമുകീകാമുകകലഹകലാ-
പാടനാശ്ചര്യവിദ്യാ-
കല്യം, ത്രൈലോക്യലക്ഷ്മീമണിമുകുര, മന-
ങ്ഗാഗമാദ്വൈതസാരം,
സ്വര്‍ല്ലോകപ്രാതരാശം, ത്രിപുരഹരജടാ-
രത്ന, മാഖണ്ഡലാശാ-
കല്യാണം, കാണ്‍ക കൌണോത്തരമലര്‍വനിതേ,
സുന്ദരം ചന്ദ്രബിംബം.ˮ 16
ʻʻവാരാര്‍ന്നീടിന്റ താരാനികരമദജലം
വാര്‍ത്തു നല്‍ക്കേതകീനാം
താരെന്നും കൊമ്പുമാ വന്‍പൊടു പുകരുമണി-
ഞ്ഞേഷ ഖദ്യോതജാലൈഃ,
നീരാളും മേഘനാദൈരുടനലറി മഴ-
ക്കാലമാം വാരണേന്ദ്രന്‍
പോരിന്നായാതനായാന്‍ കുരുളൊടു പിരളീ-
നായികേ! താവകീനം.ˮ 17

ʻʻവേര്‍പാകിച്ചു തഴച്ച വേഴ്ച മുഴുവന്‍ ഞാനെന്നിലേ നാലു നാ-
ളാപാദിച്ചു മറച്ചുവെച്ചു പുലരാനുച്ചൈരുഴറ്റീടിനേന്‍;
രൂപാലോകസുഖാഗമേ നിലകുലച്ചെന്മേല്‍ നിരച്ചീടുമി-
മ്മാപാപിപ്പുളകങ്ങള്‍ മാരവിരുതേ! ചൊല്ലിന്റിതെല്ലാരൊടും.ˮ 18

ʻʻപീനോത്തുംഗം ചുമപ്പാന്‍ പണി പരമണിമല്‍-
ക്കൊങ്കമൊട്ടെങ്കിലും നീ
പാലഞ്ചും വാണി! നാലഞ്ചടി വടിവില്‍ നട-
ന്നീടു വാടാതശോഭം;
ലോലംബാലോലലീലാകുലമഴകിലഴി-
ഞ്ഞാശു ചെമ്മേ നിലം മേ
നീലമ്മേ! നീലമമ്മേ! ചികുരഭരമടി-
ക്കിന്റതന്‍പോടു കാണ്‍മാന്‍.ˮ 19

ʻʻഭംഗ്യാ മേല്പോട്ടു കെട്ടീടിന ചികുരഭരം,
കാമുകാലോലലീലാ-
രംഗേ നീലാംശുകത്തിന്നിടയില്‍ നിഴലെടു-
ക്കിന്റ കാഞ്ചീനികേതം,
തിങ്ങും താംബൂലഗര്‍ഭം കവിളില്‍ മതി തെളി-
ഞ്ഞെണ്ണയും തേച്ചു നില്ക്കും
നിന്‍കോലം കാണ്‍കിലപ്പോളുടനെരിപൊരിയാം
മാരനും മാരലേഖേ!ˮ 20

ʻʻപൊല്ക്കമ്പം വെന്ന കോലത്തുടവടിവു, മിണ-
ക്കം വരത്തമ്മില്‍ വിങ്ങി-
ത്തിക്കും തൈക്കൊങ്കമൊട്ടും കുവലയരുചി കൈ-
ക്കൊണ്ട മൈക്കണ്ണുരണ്ടും,
അക്കൂന്തല്‍പ്പൂന്തഴക്കാന്തിയുമണിമുറുവല്‍-
പ്പുന്മയും താവകം ക-
ണ്ടുല്‍കം മല്‍കം മനക്കാമ്പിതു പുനരറിയാ
പൂയമേ! ഞായമേതും.ˮ 21
ʻʻസ്രോതസ്വിന്യാം കുളിക്കുന്നളവു മമ തളി-
ക്കുന്നമര്‍ന്നോമലേറ്റം
മോദത്തില്‍പ്പാര്‍ത്തു ഞാന്‍ നിന്നളവു ഗളതല-
ത്തോളവും മഗ്നഗാത്രീ;
ഏതിട്ടിത്തേവിവക്ത്രം, വികുചകമലമേ-
തേതു കാര്‍വണ്ടു, കണ്‍മു-
ക്കേതെന്നിത്ഥം വലഞ്ഞോരളവു, വരിക നീ-
യെന്നിതമ്മന്ദഹാസം.ˮ 22

ʻʻആരാമേ കാണ്‍ വസന്തോത്സവമയി ദയിതേ,
ചാരുപീയുഷധാരീ
താരേശന്‍ തന്ത്രി തൂകന്നിതു വിമലനിലാ-
വായ ഹവ്യം ദിഗന്തേ;
മാരായന്‍ മാമരാളീ നിജമധുരരവം
വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാണ്‍മാ,നലര്‍ചരനിഹ കോ-
യിമ്മ തേന്മാനവല്ലീ!ˮ 23

ʻʻമുക്കാലും വഴി മുഗ്ദ്ധഭാഷിണി! മുലക്കുന്റും ചുമന്നംഗജ-
പ്രക്ഷോഭേണ നടന്ന നിന്‍ നട നിനയ്ക്കുമ്പോള്‍ നടുക്കം വരും;
മല്‍ക്കൈകൊണ്ടിടയില്‍ത്തൊടും പൊഴുതിലും മാഴ്കിത്തളര്‍ന്നീടുമി-
ത്തൃക്കാല്‍ച്ചെങ്കമലങ്ങള്‍ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?ˮ

ʻʻവന്‍കോപേ മമ രാജചന്ദ്രിക വഴങ്ങീലങ്കപാളീമെനി,-
ക്കെന്‍ക്രൂരത്വമിതോര്‍ക്കെടൊ തദനു ഞാന്‍ പോവാന്‍ തുനിഞ്ഞീടിനേന്‍;
കണ്കോണ്‍കൊണ്ടൊരനംഗചങ്ങല പിണച്ചെന്‍കാല്ക്കു ചേര്‍ത്തീടിനാള്‍
തന്‍കൊങ്കയ്ക്കൊരപൂര്‍വഹാരലതയും ബാഷ്പേണ മല്‍പ്രേയസീ.ˮ

ʻʻമുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകര്‍-
ന്നുല്ലളല്ലളിതഭൃംഗഝങ്കൃതി കലര്‍ന്നു മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല-
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.ˮ

ʻʻകാണാഞ്ഞാല്‍ മനസാ മറന്നുകളയും കാരുണ്യമുള്ളോരെയെ-
ര്‍ന്നേണാങ്കപ്രതിമാനനേ! ജളര്‍ പറഞ്ഞീടുന്നതോര്‍ത്തീടൊലാ;
വീണാലാപിനിമാര്‍കുലാഭരണമേ! കേളോമലേ! നമ്മിലി-
ക്കാണായോരനുരാഗവല്ലരി കരിഞ്ഞീടാ പിരിഞ്ഞീടിലും.ˮ
ʻʻവാരമ്പും മാലതീനായിക മധുമൊഴി കൈ
കൂപ്പി നിന്നോരു നേര-
ത്താരാല്‍ത്തെന്‍കൈലനാഥന്നൊരു ജളത വിശേ-
ഷിച്ചുമപ്പോള്‍പ്പിണഞ്ഞു;
താരാര്‍മാതെന്നു കല്പിച്ചുപചിതകുതുകം
വിഷ്ണുതാനെന്തു കൂടെ-
പ്പോരായ് വാനെന്നു ചോദിച്ചളവതിനു ചിരി-
ച്ചീടിനാളദ്രികന്യാ.ˮ 28

വിരഹാവസ്ഥാവര്‍ണ്ണനം

ʻʻആമാകില്‍പ്പരദേവതേ, വിരഹിണാം നിദ്രേ! നിനക്കെങ്കില്‍ നീ
കാര്‍മേഘക്കുഴലാള്‍ കിടക്കുമറയില്‍ക്കൊണ്ടെക്കിടത്തീടു മാം;
ശ്യാമായാമതിമാത്രലോഹിതപദാമീ പാവമയ്യോ! നട-
ത്താമോ നാകലതേവിയാം നതമുഖീം മാര്‍ഗ്ഗേ മഹാസങ്കടേ?ˮ

ʻʻതൂമുത്താരം വിളങ്ങിന്റണിമുല പുണര്‍വാന്‍
ദൈവയോഗം വരുന്നാ-
ളാമത്രേ, സംഭ്രമിച്ചാലരുതു പുനരറി-
ഞ്ഞില്ല താപാതിരേകാല്‍;
കാമത്തീകൊണ്ടു വേകിന്റകതളിലിരു
ന്നംഗനാരത്നമേ! നി-
ന്നോമല്‍പ്പൂമേനി വേമെന്റിതു മനസി ഭയം
മേദിനീ വെണ്ണിലാവേ.ˮ 30

ʻʻനിന്‍നേത്രത്തൊടു നേരെനിക്കു രജനീ; വൈവശ്യമോമന്മുല-
ക്കുന്നോടൊക്കു, മുറക്കമൂണു സുഖമെന്റിത്യാദി മധ്യോപമം;
ധന്യേ, മാരതുരാല്‍ നിതംബസദൃശം;നിന്നെപ്പിരിഞ്ഞീടിനാല്‍
നിന്നെക്കാണ്‍മതിനുണ്ടുപായമിവയോരോന്റോര്‍ത്തു കൌണോത്തരേ.ˮ 31

ʻʻമൂര്‍ത്ത ശൈലമുന മുല്ലമാല; പനിനീര്‍ കഠോരഗരളദ്രവം;
പൂത്തശോകമരമോര്‍ത്തുകാണ്‍കിലൊരുമൂര്‍ത്തി ഭക്ഷിതുമനുക്ഷണം;
വാസ്തവം പറകിലിന്ദുമണ്ഡലമെനിക്കു കാലകരവാളി, കൌ-
ണോത്തരേ, ഗുണഗണോത്തരേ, തവ വിശങ്കടേ വിരഹ സങ്കടേ.ˮ 32

ʻʻകലുഷതയൊടടുത്തും, പേപ്പെടും, കോപ്പെടുത്തും,
പലവഴി ശരമെയ്തും, കണ്ണുനീര്‍ പെയ്തുപെയ്തും,
മലര്‍ചരനുമെനിക്കും നിദ്ര ചെറ്റില്ല തയ്യി-
ത്തലമെഴുമിളയച്ചീ, ഹന്ത! ചെറ്റന്തിയായാല്‍.ˮ 33
ʻʻനിന്‍കാല്ക്കല്‍ച്ചേരുവന്‍ വന്നനുദിവസമഴി-
ഞ്ഞമ്മലര്‍ച്ചായല്‍പോലേ;
കൊങ്കാര്‍മെല്‍ക്കൊങ്കമൂലം മെലിവനണിനടു-
പ്രായമാരോമലേ! ഞാന്‍;
കൺകോണ്‍പോലേ വളര്‍പ്പേന്‍ ചപലത നിതരാം;
മാറിലെത്താലിപോലേ
ഭംഗ്യാ വാണീലൊരിക്കാലതു പുനരിഹ മാല്‍
മാരചേമന്തികേ! മേ.ˮ 34

ʻʻമാനംമേവിന നീ കനംകനല്‍ ചൊരിഞ്ഞിന്റേ വരുത്തേണമെന്‍
പ്രാണാപായമഹോത്സവം തവകരുത്തുണ്ടെങ്കില്‍ വെണ്‍തിങ്കളേ!
നാനാലോകര്‍ ചിരിക്കുമാറെരിപൊരിക്കൊണ്ടിങ്ങിരിക്കേണമോ
നാണംകെട്ടിനി മാരകേളിതിരുമെയ്‌പൂണാത മാപാപി ഞാന്‍?ˮ 35

ʻʻകോലം നേര്‍പാതിയായീ ബത; കുസുമശരന്‍
വൈരി; വെണ്‍തിങ്കള്‍ ചൂടാ-
മാലേപം ചാല വെണ്ണീ; റശനമപി വിഷ-
പ്രായമോര്‍ക്കും ദശായാം;
ലീലാരാമം ചിതാകാനന; മനലമയം
ചിത്രകം; ചിത്രമേവം
ബാലേ! മേ വന്നുകൂടീ ഗിരിശത പിരിളീ-
നായികേ! നിന്‍വിയോഗേ.ˮ 36

ʻʻനിര്‍മ്മായം പക്ഷപാതം തവ തരുണി, മനോ-
മാലിമിക്കെങ്കല്‍ മന്യേ;
രമ്യാകാരേണ കാണായിതു ബത! മുറുവല്‍-
പ്പാമരം വാമനേത്രേ!
മന്മാറാകുന്ന ധന്യത്തുറനടുവിലടു-
ക്കിന്റതുണ്ടിന്നുനാളെ-
ച്ചെമ്മേ നിന്‍കൊങ്കമൊട്ടാം കനവിയ കനക-
ക്കപ്പല്‍ കര്‍പ്പൂരവല്ലീ!ˮ 37

ʻʻതേമ്പാത രാഗരുചി കുമ്മിണിയിട്ടിയെന്നും
കാമ്യാംഗി! നിന്‍വദനമൊന്നു മുകപ്പനോ ഞാന്‍,
തേന്‍ പെയ്തുപെയ്തു മണമാര്‍ന്നു നിറന്ന പുത്തന്‍-
മാമ്പൂനറുന്തളിരിളങ്കുയിലെന്നപോലേ? 38
ʻʻമന്ദം തൂകുന്ന മന്ദസ്മിതവിമലനിലാ-
വോദയം കണ്ടു പാര്‍മേ-
ലന്തര്‍മ്മോദം കളിക്കും തിമിരനിചയമൊ-
ന്നിച്ചു കാണ്‍ നിന്‍പദാന്തേ
ചിന്തും താപേന വീഴുന്നതു പുരികുഴലാം
പേരു കൈക്കൊണ്ടഴിഞ്ഞെന്‍
കാന്തേ, ഞാനെന്നപോലേ ശിവശിവ ചെറുമാ-
ക്കല്‍ത്തകും ജീവനാഥേ!ˮ 39

ʻʻത്വരിതം നെടുമാക്കല്‍ മേവുമിട്ടി-
ച്ചിരുതേവീ! കുളുര്‍കൊങ്ക നീ തരാഞ്ഞാല്‍,
അരുളീടുമെനിക്കു ദേവനല്ലാര്‍-
പ്പെരുമാളുര്‍വശി നൂനമിന്നുതന്നെ.ˮ 40

ʻʻഇപ്പാപംകൊണ്ടവാറേ പറവിഉ പകലേ
പാതിരായെന്നു തോറ്റം
നിഷ്പാദിക്കുന്ന നീലാംബുദനിചയമയം
ജാതമാശാവകാശം;
ഉപ്പാട്ടിക്കുല്‍പലാന്തര്‍ദ്ദലവിപുലവിലോ-
ലാക്ഷിമാര്‍തമ്പിരാട്ടി-
ക്കെപ്പോഴും തോഴ! നമ്മെ പ്രതി ഗണകരുണം
മാനസം മാനസന്നം.ˮ 41

ʻʻഓര്‍ത്തേന്‍ മേഘനിനാദമന്തകമഹാഹുങ്കാരമെന്നാര്‍ത്തനായ്;
വീര്‍ത്തേന്‍ മേചകഭൃംഗരാക്ഷസകുലാലോകേ വിയോഗേന ഞാന്‍;
താര്‍ത്തേന്‍മേലിഴുകുന്ന തെന്നലെറിവാളേറ്റെത്രയും കണ്ണുനീര്‍
വാര്‍ത്തേന്മേദുരചന്ദ്രികാഗ്നിയില്‍ വളര്‍ത്തേന്മേനി തേന്മേനകേ!ˮ 42

രാജപ്രശസ്തിപദ്ധതി:-

അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവു്

ʻʻദാതൃത്വത്തിന്നിരിപ്പാനഴകിന നിലമേ!
സാദരം ഭൂരമണ്യാ
മാറില്‍ച്ചേരിന്റ ചാരുപ്രസരകിരണമാ-
ണിക്യമേ! മാനസിന്ധോ!
പാരെപ്പേരും ചിരം പാലയ ഭവദഹിതാന്‍
പൂണ്ട വാനോര്‍ വധൂനാ-
മാരപ്പോര്‍കൊങ്ക തേടീടിന സുചരിതമേ!
ദേവനാരായണാ! നീ.ˮ 4.
ʻʻഗാത്രം കന്ദര്‍പ്പദര്‍പ്പം വിരവൊടു കളയും;
വാക്കു പീയൂഷവേണീ;
വൃത്രാരാതിക്കുമച്ചോ! മനസി ബത ഭയം
വായ്ക്കുവോന്റിപ്രതാപം;
ചിത്തം സൌജന്യപാത്രം;നയമപി ധിഷണം
തിക്കരിപ്പോന്റു; പാര്‍ത്താ-
ലത്യന്തം ചിത്രമല്ലോ ഗുണമിതു സകലം
ദേവനാരായണാ! തേ.ˮ 44

കായങ്കുളത്തു രാമവര്‍മ്മരാജാവു്

ʻʻകല്യാണാകര! രാമവര്‍മ്മനൃപതേ! നിന്‍കീര്‍ത്തി ചന്ദ്രോജ്ജ്വലാ
ചൊല്ലേറും ഭുവനേ പരന്ന സമയേ ജാതം തുലോം വിസ്മയം;
വല്ലാതേ കുമുദം വിരിഞ്ഞു പകലേ; കൂമ്പീ പയോജം തുലോ;-
മല്ലേ ചാരുചകോരികാകുലമുടന്‍ ചാടീ കുടിച്ചീടുവാന്‍.ˮ 45

ʻʻപാര്‍മേലെല്ലാം നടന്നാളുടനുദധി കട-
ന്നാളതില്‍ക്കാള്‍ വിചിത്രം
(വാര്‍മേവും) നാകലോകേ തെളിവൊടു വിളയാ-
ടീടിനാളൂഢശോഭം;
ആമോദാല്‍പ്പോയ്ക്കളിച്ചാളഹിപതിഭവനേ
നന്റു നിന്‍കീര്‍ത്തിമാതി,-
ന്നാമോ നാരീജനാനാമിതു നിഖിലഗുണാ-
ഗാരമേ! രാമവര്‍മ്മാ.ˮ 46

തെക്കുംകൂര്‍ ഗോദവര്‍മ്മരാജാവു്

ʻʻചാഞ്ഞീല ബാലഗതി കേവലമെങ്കിലും പോയ്-
ത്തേഞ്ഞൂ തുലോമഖിലവൈരിനൃപാലജാലം,
മാഞ്ഞീടുമന്ധതമസം ദിവി ബാലസൂര്യന്‍
ചാഞ്ചാടുമവ്വളവിലും ബത! കോതവര്‍മ്മാ.ˮ 47

കൊച്ചി വീരകേരളവര്‍മ്മ മഹാരാജാവു്

ʻʻവാരിരാശി ചുഴലിന്ന ഭൂമിയില്‍ നിറഞ്ഞുതിങ്ങിന യശോനിലാ-
വാശു തൂകിനൊരു താരകേശ! പലനാള്‍ വിളങ്ങുക മഹാമതേ!
ധീരവീരവര! മാടഭൂതിലക! വീരകേരളമഹീപതേ!ˮ 48

കൊച്ചി രാമവര്‍മ്മ മഹാരാജാവു്

ʻʻവീരശ്രീതന്‍ വിലോലേക്ഷണമധുപസരോ-
ജന്മമേ! നിര്‍മ്മലത്വം
പൂരിക്കും നിന്‍പുകഴ്‌ചന്ദ്രിക ഭുവനതലം
മൂടിമേവും ദശായാം,
പാരില്‍പ്പാലാഴിനീരേതപരസലിലമേ-
തെന്നസൌ നിന്നു മേന്മേല്‍-
ക്കോരിക്കൊണ്ടാസ്വദിക്കുന്നിതു ബത കമലാ-
കാമുകോ രാമവര്‍മ്മാ.ˮ 49

ʻʻപാലംഭോരാശിമേളം തടവുമണിപുകഴ്-
ച്ചേലകൊണ്ടംഘ്രിപത്മ-
ത്തോളം മൂടി പ്രതാപോദയഘുസൃണപരാ-
ഗാംഗരാഗാഭിരാമാ,
ചാലേ ചേര്‍ന്നാശു നീയാം പ്രിയതമനൊടസൌ
മേദുരശ്രീവിലാസം
മേളിച്ചീടുന്നു മാടക്ഷിതിരമണി, രമാ-
രംഗമേ! രാമവര്‍മ്മാ.ˮ 50

വീരകേരളവര്‍മ്മാവും രാമവര്‍മ്മാവും കൊല്ലം എട്ടാംശതകത്തില്‍ ജീവിച്ചിരുന്ന രാജാക്കന്മാരാണെന്നു് അന്യത്ര ഉപപാദിക്കും.

കൊടുങ്ങല്ലൂര്‍ രാജാവു്

ʻʻദിക്കെല്ലാം മേന്മ പെയ്യും നയവിനയനിധേ!
കീര്‍ത്തിനൈപുണ്യസാരം
തേടും ഭൂപാലമൌലേ! മരുവുക പെരികെ-
ക്കാലമിക്ഷ്മാതലേ നീ,
താരില്‍പ്പെണ്ണിന്‍കടാക്ഷാല്‍ വിരവിനൊടു ധരി-
ച്ചും ഭരിച്ചും നിതാന്തം
ധാത്രീമംഭോധിസീമാമഖിലഗുണവിഭോ,
പശ്ചിമക്ഷ്മാപതേ! നീ.ˮ 51

സാമൂതിരിപ്പാടു്

ʻʻവാരാളും കുന്റലക്കോന്‍വരവിതു, വെടി കേള്‍-
ക്കായി, താവിന്റ കൊട്ടും,
മാരാരാതിക്കു നൃത്തത്തിനു നിവിരെ മിഴാ-
വിന്മെലൊത്തിന്റപോലേ:
ആരും നേരിട്ടു നില്ലാരരിയ നെടുവിരി-
പ്പോടെടോ! വാണ്‍മെലല്ലോ
നീരേകീ പണ്ടൊടുക്കത്തഖിലഗുണനിധേ!
ചേരമാന്‍, രാമവര്‍മ്മാ!ˮ 52

ʻʻവീരാണാം വീര! പോരും പൊരുതതു! പുരുഹൂ-
താലയേ പോയ് നിറഞ്ഞു-
ള്ളോരോ വൈരാകരാണാം പെരുമയിലുരുഭാ-
രേണ ശൌര്യാംബുരാശേ,
നേരേ വേരറ്റു മേരുത്തടിയനുമടിവാ-
രം പൊളിഞ്ഞിങ്ങുതന്നേ
പോരും മൂന്നാളകം ശക്രനുമമരകളും
വിക്രമക്ഷോണിബന്ധോ!ˮ 53

ദേവതാസ്തുതിപദ്ധതി

ഗണപതി

മുക്കണ്ണരേറുമെരുതിന്‍ തലമേല്‍ വിളങ്ങു-
ന്നക്കൊമ്പു രണ്ടു കതളിപ്പഴമെന്നു ചൊല്ലി
തൃക്കണ്ണില്‍ നീര്‍ പൊഴിയ നിന്നരനോടിരക്കു-
ന്നപ്പൈതലാനമുകവന്നു നമോ നമോസ്തു.ˮ 54

മഹാവിഷ്ണു

ʻʻധാത്രീമംഗല്യചൂഡാഭരണമയമഹാ-
നീലമേ! നീലമേഘ-
ച്ചാര്‍ത്തിന്മേല്‍ മിന്നല്‍പോലേ തിരുവുരസി രമാം
ചേര്‍ത്ത സൌഭാഗ്യരാശേ!
ചീര്‍ത്തീടും മോഹവാരാകരതരണതരീ-
യന്ത്രമേ! കാന്തിസിന്ധോ!
പാര്‍ത്തീടൊന്നാര്‍ത്തബന്ധോ! ജയ ജയ ജഗതീ-
സത്മമേ! പത്മനാഭാ!ˮ 55

ʻʻശ്രീമല്‍ക്കാര്‍മേഘമാലാസുലളിതസുഷമം
ചാരുകാരുണ്യലക്ഷ്മീ-
സാമഗ്ര്യപ്രൌഢിമേല്‍ മണ്ടിന തരളതരാ-
ലോകലീലാനുഭാവം
ക്ഷേമവ്യാപാരലോലം മഹുരപി തൊഴുതേന്‍
നമ്രഗീര്‍വാണചൂഡാ-
ദാമവ്യാലോലഭൃംഗീരവമുഖരിതപാ-
ദാരവിന്ദം മുകുന്ദം.ˮ 56

പുണ്യാഭോഗം തൊഴുന്നേന്‍ പുതുമലര്‍മകള്‍തന്‍
പോരിളക്കൊങ്കതന്മേല്‍
മിന്നീടും കുങ്കുമാലങ്കൃതസുരഭിലദോ-
രന്തരാളാഭിരാമം
വിണ്ണോര്‍പാളീകിരീടാഞ്ചിതപദകമലം
ഭക്തലോകാഭികാംക്ഷാ-
മന്യൂനം പൂരയന്തം ഭുവനകൃതികലാ-
ശില്പിനം പത്മനാഭം.ˮ 57
ʻʻലോലലോചനവിലാസിനീലളിതകേളിജാതകലിതാശയാ
ചാല നാലു ദിശി ചെന്നുഴന്നു വലയായ്ക നല്ലതയി ചേതനേ!
നീലനീരദനിറം കലര്‍ന്നു വിലസീടുമംബുജവിലോചനം
കാലപാശഭയഭഞ്ജനം ഭുവനപാലകം കരുതു കേശവം.ˮ 58

തിരുനാവാ വിഷ്ണു

ʻʻഒന്റിന്മേലൂന്റിനാലത്തൊഴിലൊരുവനു മാ-
റ്റീടുവാന്‍ വേല; വേല-
പ്പെണ്ണിന്‍ പുണ്യൌഘമേ! മന്മനമഗതി വധൂ-
മണ്ഡലേ മഗ്നമല്ലോ;
എന്റാലൊന്റുണ്ടു യാചേ (തിരുവടിയൊടു ഞാന്‍)
ഉത്തമാം മുക്തിനാരീ-
മിന്റേ പൂണായ‌്‌വരേണം മമ (തവ) കൃപയാ
ദേവ! നാവാമുരാരേ!ˮ 59

തൃച്ചെമ്മരത്തു കൃഷ്ണന്‍

ʻʻഭക്ത്യാ സേവിച്ചതോറും പരിചൊടു സുചിരം
ഭാവിതം വസ്തുതാനാ-
മിത്ഥം കാണായ പൌരാണികഭണിതി കണ-
ക്കല്ല, കല്യാണമൂര്‍ത്തേ,
നിത്യം നിന്മേനി നീലോല്പലനവകലികാ-
കാന്തി ചിന്തിച്ചതോറും
ചിത്തം മേന്മേല്‍ വെളുക്കിന്റിതു മമ നിതരാം
നിര്‍മ്മലം ചെമ്മരേശാ!ˮ 60

ʻʻകണ്ണിപ്പിലാവിലെ കളിക്കലമാക്കിവച്ചു
മണ്ണും നിറച്ചരിയിതെന്റുദിതാനുരാഗം
ഉണ്ണാനിടച്ചെറിയവിറ്റെ വിളിക്കുമോമല്‍-
ക്കണ്ണന്നു ചാലൊരു കളിപ്പുരയാവനോ ഞാന്‍!ˮ 61

തിരുവാര്‍പ്പില്‍ കൃഷ്ണന്‍

ʻʻക്ഷീരസാഗരകുമാരികാഹൃദയവാരിജന്മകളഹംസമേ!
വാരുലാവിന നവാംബുദോദരനിറം കലര്‍ന്ന രുചിരാകൃതേ!
നാരദാദിമുനിവൃന്ദവന്ദ്യ! നളിനായതേക്ഷണ! നമോസ്തു തേ!
പാരിലെങ്ങുമുരപൊങ്ങിനോരു തിരുവാര്‍പ്പമര്‍ന്ന കരുണാനിധേ!ˮ

തിരുവല്ലാ വിഷ്ണു

ʻʻനല്ല നല്ല മടവാരിലുള്ളഴിക നല്ലതല്ല മനമേ! നിന-
ക്കില്ലധൈര്യ, മൊരു ചൊല്ലു കേളുപരി നല്ലതിങ്ങിനി വരേണ്ടുകില്‍,
ചെല്ലു ചെല്ലു തിരുവല്ലവാ മരുവുമല്ലിമാമലരില്‍മങ്കതന്‍
വല്ലഭന്‍ചരണപല്ലവം കരുതു വല്ലവണ്ണമധുനാ ദൃഢം.ˮ 63

കൂടല്‍മാണിക്കം

വാന്നൂ ചെന്നങ്ങുമിങ്ങും ഭുവനതലവനാ-
ന്തേ, കൃതാന്തപ്പുളിന്ദന്‍
കാണാതേ കാണിനേരം മരുവുവതിനൊരേ-
ടത്തുമില്ലത്ര സൌഖ്യം;
നീണാളുള്‍പ്പുക്കിരിപ്പാനയി മമ ധിഷണ-
പ്പൈങ്കിളിപ്പെണ്ണിനിപ്പോള്‍
വേണുന്നൂ കൂ,ടടിപ്പങ്കജയുഗളമയം
കൂടല്‍മാണിക്കമേ! തേ.ˮ 64

ʻʻമലരടി തവ മാന്യം മാനയേ മാനസംകൊ-
ണ്ടലരില്‍വനിതതന്നാല്‍ മന്ദമാന്ദോളിതാന്തം,
നലമുടയ നഖാളീകാന്തിജാലേന മൂടും
കുലിശധരകിരീടം, കൂടല്‍മാണിക്കമേ! ഞാന്‍.ˮ 65

തൃപ്പൂണിത്തുറ വിഷ്ണു

ʻʻസാമാന്യം മേരുശൈലോപരി ഞെളിവതിന,-
ല്ലല്ല മറ്റത്യുദാര-
ശ്രീ മേവും മുക്തിമാതിന്നധരമലര്‍ നുകര്‍-
പ്പാനുമഭ്യര്‍ത്ഥനം മേ;
ആമാകില്‍ബ്‌ഭക്തബന്ധോ! പരമപുരുഷ! കേള്‍
ദുഗ്ദ്ധസിന്ധോരസൌ ഞാന്‍
ജാമാതാവാക വേണുന്നതു വിമഥിതഭൂ-
പുത്ര! പൂണിത്രനാഥാ!ˮ 66

ശ്രീപരമേശ്വരന്‍

പട്ടാങ്ങേ ഞാന്‍ പറഞ്ഞാലതിനു തല കുലു-
ക്കേണ, മേണാക്ഷിമാരെ-
ത്തൊട്ടെന്റൊന്റുള്ളതോതിന്റതിനതിവിഷമം
പ്രാണഭാജാം ജനാനാം;
മട്ടോലും വാണി, രമ്യം തിരുമുഖ, മധരം
ദിവ്യമെന്റുള്ളതെല്ലാ-
മിട്ടേറത്രേ കവീനാം; നിന മമ മനമേ!
ബാലചന്ദ്രാവതംസം.ˮ 67

ʻʻആം നാളെശ്‌ശുഭകര്‍മ്മന്റു പറവാനായുഃസ്ഥിതിം കണ്ടതാ,-
രാംനാളാവതു ചെയ്തുകൊള്‍കിലതു നന്റല്ലാതതില്ലേതുമേ;
ചാംനേരത്തു വരിന്റ ഭീതി കളവാന്‍ സേവിക്ക നീ നിത്യമാ-
മാമ്‌നായത്തിനു മൂലമായ പരമം ദൈവം സദാ ചിത്തമേ!ˮ 68

ʻʻപുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തകും,
ചഞ്ചലാക്ഷികളണഞ്ഞു കൊഞ്ചുവതു കണ്ടു കിഞ്ചന മയങ്ങൊലാ;
കഞ്ച[1]വൈരികല ചേര്‍ന്ന ചെഞ്ചിടയിലാത്തമുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതമോഷണം കരുതു ചേതനേ!ˮ 69

ʻʻലോഭിച്ചുണ്ണരുതാഞ്ഞു തന്‍വെറുവയറ്റിന്മേല്‍പ്പിടിച്ചുച്ചകൈഃ
ശ്രീപഞ്ചാമൃതവും ജപിച്ചു പളകായ്പ്പോരിന്റലുബ്ധേശ്വരാന്‍
നീ പോയ്പ്പുക്കുപുകണ്ണു പാര്‍ത്തിരി പണം കെട്ടീടുവാന്‍ ചിത്തമേ!
പാപീ, മന്മഥവൈരിചേവടി നിനച്ചീടില്‍പ്പഴിച്ചീടുമോ?ˮ 70

തിരുവഞ്ചിക്കുളത്തു ശിവന്‍

ʻʻഒരു പഞ്ചശരം പൊരിച്ച നീതാന്‍
തിരുനെഞ്ചില്‍ത്തരുണീമണച്ചതോര്‍ത്താല്‍
ഹര! കിഞ്ചന പുഞ്ചിരിക്കു യോഗ്യം
തിരുവഞ്ചിക്കുളമാളുമിന്ദുമൌലേ!ˮ 71

ചെറുമന്നത്തു ശിവ

ʻʻപിറവിക്കിനിയൊക്കെനിക്കു പോറ്റീ,
പിറയും ചൂടി നടക്കണം ചിതായാം;
മറയും നിജഭക്ത ചിത്തതാരും
ചെറുമന്‍മുട്ടവുമാകണം നികേതം.ˮ 72

ആമ്‌നായാഖ്യേ മണിക്കോട്ടയിലുപനിഷദാം
പാളിയാം മാളികായാ-
മാമ്മാറോങ്കാരതല്പോപരി തഴുവണയും
ചാരി നാദസ്വരൂപം,
കാമ്യം മായാവിലാസം മുഴുവനിതുസമാ-
ലോക്യ മേവും ഭവന്തം
കാണ്‍മാനാനന്ദമൂര്‍ത്തേ! വരമരുള്‍ ചെറുമ-
ന്നമ്പുമെന്‍തമ്പുരാനേ!ˮ 73

വടക്കുന്നാഥന്‍

ʻʻവിത്തസ്ത്രീജനകാനനാന്തരഗതം മത്തംവിളിച്ചേഷ ഞാന്‍
ഭക്തിച്ചങ്ങലയും തൊടുത്തു വളരും കൈക്കൊണ്ടു സേവാമയം
വൃത്തിക്കക്ഷരപഞ്ചകപ്പന കനം വാരിച്ചു തെങ്കൈലമേ-
ലുദ്യല്‍സ്ഥാന്നുപദേ തെളിച്ചിത തളച്ചേനെന്‍ മനോവാരണം.ˮ 74

ʻʻനല്ക്കണ്‍കോണേന ലോകം മുഴുവനടിപെടു-
ക്കിന്ന മൈക്കണ്ണിമാര്‍തന്‍
തൈക്കൊങ്കത്തൃത്തടത്തില്‍ക്കലിതരുചി കളി-
ച്ചേ കഴിഞ്ഞൂ തുലോം നാള്‍;
ഇക്കാലത്താകിലച്ചോ! പരമശിവ! ഭവല്‍
ഭക്തി മൂത്തിട്ടശേഷം
കൈക്കിന്നൂ കാമിനീനാം തടമുടയൊരു തൈ-
ക്കൊങ്ക തെങ്കൈലനാഥാ! 75

ʻʻചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാ-
ടാത്ത ചീലം, മതിത്തെല്‍
ചൂടീടാതോരു ചൂഡം, പരമൊരു പുഴകൂ-
ടാത കോടീരഭാരം,
ഓടും മാന്‍പേട തേടാതൊരു കരകമലം,
ചാരുതെങ്കൈലയില്‍പ്പോയ്
നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,
ദൈവതം നൈവ ജാനേ.ˮ 76

ʻʻതെക്കിന്‍കൈലാസശൈലാലയമുടയ ജഗ-
ന്നാഥ! ബാലേന്ദുമൌലേ!
തെക്കിന്‍നാഥാ! മുരാരേ! നടുവില്‍ വടിവെഴും
ബാണതാര്‍ബാണബന്ധോ!
ചൊല്ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയു-
ന്നെന്നെ മുന്നില്‍ക്കുറിക്കൊ-
ണ്ടുല്‍കം പാലിച്ചുകൊള്ളുന്നതു വിപദി ഭവാ-
നോ, ഭവാനോ, ഭവാനോ?ˮ 77

ʻʻഅംഗാരാക്ഷായ സാക്ഷാലിനിയ നിയമിനാം
ചിത്തതാരില്‍ക്കളിക്കും
ഭൃംഗായാദ്രീന്ദ്രകന്യാഹൃദയകുമുദിനീ-
ശീതധാമ്നേ നിതാന്തം
തുംഗേ കോടീരഭാരേ വിലസിന വിധിമു-
ണ്ഡായ നിത്യം നമസ്തേ
ഗംഗാകല്ലോലസംക്ഷാളിതലളിതശശാ-
ങ്കായ തെങ്കൈലനാഥ!ˮ 78
<poem>

===പെരുഞ്ചെല്ലൂര്‍ ശിവന്‍===

<poem>
ʻʻവെണ്ണീറും വെള്ളെലിമ്പും വിഷധരവിലസല്‍-
പ്പാമ്പുമാപാദചൂഡം
തണ്ണീരെപ്പോഴുമോലും തലയിലെരികനല്‍-
ക്കട്ട പൊട്ടിൻറ കണ്ണും
എണ്ണേറും ഭൂതയുഥങ്ങളൊടൊരു കളിയും
കണ്ടു നിന്നോടിണങ്ങും
പെണ്ണോളം ധൈര്യമുള്ളോരുലകിലൊരുവര്‍ മ-
റ്റില്ല ചെല്ലൂര്‍പ്പിരാനേ!ˮ 79

ʻʻഏറിക്കൊള്ളായിരുന്നൂ പുരഹര, സുഖമേ
തോല്‍ പൊളിപ്പാന്‍ കനത്തോ-
രൂഷത്തം നീയൊരാനത്തലവനെ വെറുതേ
കൊന്റതെന്തിന്ദുമൌലേ?
ഏറെ പ്രേമോദയം പൂണ്ടഴകിയ തിരുമെ-
യ്യംബികയ്ക്കായ്ക്കൊടുപ്പാ-
നാരപ്പോ! ചൊന്നതാലം പരുകിന ശിവനേ!
പോറ്റി ചെല്ലൂര്‍പ്പിരാനേ!ˮ 80

ʻʻചേണാര്‍ന്നീടുന്ന കല്പദ്രുമതണലിലിള-
ങ്കാറ്റുമേറ്റാത്തലീലം
വാണീടും മന്നവാനാം നില പിടിപെടുവാ-
നല്ല, മറ്റൊന്നിനല്ല;
പാണിച്ചെമ്പല്ലവംകൊണ്ടചലമകള്‍ തലോ-
ടുന്ന തൃക്കാല്‍ പ്രഭാവം
കാണട്ടെന്മാര്‍ തൊഴുന്നേന്‍ പുരഹര ശിവനേ!
പോറ്റി ചെല്ലൂര്‍പ്പിരാനേ!ˮ 81

വൈക്കത്തപ്പന്‍

ʻʻമാരന്‍പൂമെയ് കരിക്കാ;മരിയ പുരമെരി-
ക്കാ; മെരിക്കും ധരിക്കാം;
പാരീരെഴും ഭരിക്കാം; പരിചിനൊടു മുടി-
ക്കാം; നടിക്കാം ചിതായാം;
ഗൌരിക്കംഗം പകുക്കാം; ഝടിതി കുടുകുടെ-
ക്കാളകൂടം കുടിക്കാ-
മോരോന്നേ വിസ്മയം നിന്‍തിരുവുരു തിരുവൈ
ക്കത്തെഴും തിങ്കള്‍മൌലേ!ˮ 82

കുമാരനല്ലൂര്‍ ഭഗവതി

ʻʻപാഥോരാശിപ്രമാഥേ മുരരിപുവചസാ
കാളക്കൂടം കുടിച്ച-
ന്നേതും ഖേദം വരാതേ പതിയുയിർ പരിപാ-
ലിച്ച മംഗല്യശീലേ!
ആധാരം നിന്നടിത്താരിണയൊഴികെ ജഗ-
ത്തിങ്കലില്ലാര്‍ത്തിഭാജാം;
നാഥേ! രോഗാതുരന്‍ ഞാന്‍; തുണപെടുക കുമാ-
രാലയം കോലുമമ്മേ!ˮ 83

കൊടിക്കുന്നില്‍ ഭഗവതി

കൈകൂപ്പുന്നേന്‍ മതിത്തെല്ലിനുമണിനയന-
ങ്ങള്‍ക്കുമേറ്റം മുഖത്തിന്‍
പ്രാകാശ്യത്തിന്നുമന്‍പോടചലമദമുല-
യ്ക്കും മുലക്കുന്നിനും ഞാന്‍
വാര്‍കോലും മെല്ലിടയ്ക്കും കദളിയൊടു സദാ
പോരുടക്കും തുടയ്ക്കും
കാര്‍കൂന്തല്‍ച്ചാര്‍ത്തടിക്കും മഹിതപുറവടി-
ക്കും കൊടിക്കുന്നിലമ്മേ!ˮ 84

ഈ ശ്ലോകങ്ങള്‍ വായിക്കുന്ന ഏതു സഹൃദയനാണു് പുളകിതഗാത്രനായും ആനന്ദബാഷ്പാഭിഷിക്തനായും തീരാത്തതു്! ഇത്തരത്തില്‍ അനവധി പദ്യഗദ്യങ്ങള്‍ അക്കാലത്തേ വശ്യവചസ്സുകളും പരിണതപ്രജ്ഞന്മാരുമായ മണിപ്രവാളകവികള്‍ രചിച്ചിരുന്നു. അവര്‍ നമുക്കു നല്കീട്ടുള്ളതു് അപരിമേയപ്രഭാവമായ ഒരു സാഹിത്യസാമ്രാജ്യമാണെന്നുള്ള പരമാര്‍ത്ഥം ആധുനികന്മാര്‍ ഒരിക്കലും വിസ്മരിക്കരുതു്.




  1. *കഞ്ചം =കഞ്ജം