സാഹിത്യവാരഫലം 1993 10 31
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1991 01 13 |
മുൻലക്കം | 1991 01 06 |
പിൻലക്കം | 1991 01 20 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
Contents
മാര്‍കേസിന്റെ പുതിയ പുസ്തകം
സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ കൊളമ്പിയന്‍ നോവലിസ്റ്റ് ഗാര്‍സിഅ മാര്‍കേസിന്റെ (Gabriel Garcia Marquez, b 1928) പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നതു “ഏകാന്തതയുടെ നൂറു വര്‍ഷങ്ങ”ളാണ് (One Hundred Years of Solitude). ആ നോവലിലെ സവിശേഷമായ കലാരീതി അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ നോവലുകളിലും ചെറുകഥകളിലും കാണാം. അസാധാരണങ്ങളായ സംഭവങ്ങളെ സ്ഥൂലീകരിച്ച് പ്രതിപാദിച്ച് സ്വപ്നാത്മകതയിലേക്കു നയിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു കഥാപാത്രം മരിച്ചപ്പോള്‍ അയാളുടെ രക്തം വീട്ടില്‍നിന്നു പാതയിലേക്കു ഒഴുകി പല വളവുകളും തിരുവുകളും താണ്ടി അയാളുടെ അമ്മയുടെ വീട്ടിലെത്തുന്നു. വേറൊരു കഥാപാത്രം മരിച്ചതിനുശേഷം ജീവനാര്‍ന്നു തിരിച്ചെത്തുന്നു. മരണത്തിന്റെ ഏകാന്തത സഹിക്കാനാവാതെയാണ് അയാള്‍ ഉയര്ത്തെഴുന്നേല്ക്കുന്നത്. മാര്‍കേസ് വാസ്തവികതയുടെ മാര്‍ഗം വിട്ട് എന്തിനാണിങ്ങനെ സ്ഥൂലീകരണത്തിലേക്കും അതിന്റെ സന്തതിയായ സ്വപ്നാത്മകതയിലേക്കും പോകുന്നത്? ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനൂഭൂതിക്ക് സദൃശ്യമാണല്ലോ. അതുകൊണ്ട് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോള്‍ സ്വപ്നാനുഭൂതി വായനക്കാര്‍ക്കു ജനിപ്പിക്കേണ്ടത് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാര്‍കേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും വന്നുചേരുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ്യത്തെ അവലംബിക്കാതെ താനൊരു സ്ഥൂലീകരണവും നിര്‍വഹിച്ചിട്ടില്ലെന്നാണ് മാര്‍കേസ് പറയുന്നത്. അദ്ദേഹത്തോട് ഒരെഴുത്തുകാരന് ചോദിച്ചു. “അതിവിചിത്രമായ പലതും “ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍” സംഭവിക്കുന്നു. സൗന്ദര്യമുള്ള റെമേദിയോസ് സ്വര്‍ഗ്ഗത്തേക്കു പോകുന്നു.
ലാറ്റിനമേരിക്കയുടെ രാഷ്ട്രവ്യവഹാര ചരിത്രംതന്നെ സ്വപ്നാനുഭൂതിക്ക് സദൃശ്യമാണല്ലോ. അതുകൊണ്ട് ആ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ സാമൂഹികാവസ്ഥകളെ പ്രതിപാദിക്കുമ്പോള്‍ സ്വപ്നാനുഭൂതി വായനക്കാര്‍ക്കു ജനിപ്പിക്കേണ്ടത് ആവശ്യകതയായിത്തീരുന്നു. അങ്ങനെ മാര്‍കേസിന്റെ കൃതികളിലെല്ലാം സ്ഥൂലീകരണവും സ്വപ്നമണ്ഡല ചിത്രീകരണവും വന്നുചേരുന്നുണ്ട്.
മൗറിഷ്യോയുടെ ചുറ്റുമായി മഞ്ഞ ശലഭങ്ങള്‍ പാറിപ്പറക്കുന്നു. ഇതെങ്ങനെ?” മാര്‍കേസ് മറുപടി നല്കി: “എനിക്കു അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ഇലക്ട്രീഷ്യന് മീറ്റര്‍ മാറ്റാന്‍ വീട്ടില്‍ വന്നു. അയാള്‍ പല തവണ വന്നു. എന്റെ മുത്തശ്ശി ഒരു സന്ദര്‍ഭത്തില്‍ ഒരു ചിത്രശലഭത്തെ ആട്ടിക്കളയാന്‍ ശ്രമിക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ മുത്തശ്ശി പറയുന്നുണ്ടായിരുന്നു: ‘ഇയാള്‍ വീട്ടില്‍ വരുമ്പോഴെല്ലാം ഈ മഞ്ഞ ശലഭം ഇയാളുടെ കൂടെ വരും.’ ഇതാണ് മൗറിഷ്യോ സംഭവത്തിന്റെ ബീജം.”
ഇത്രയും മുകളില്‍ കുറിച്ചത് മാര്‍കേസിന്റെ പുതിയ പുസ്തകമായ Strange Pilgrims (പ്രസാധനം 1993-ല്‍) വായിക്കുമ്പോള്‍ ഇവയെല്ലാം നമ്മുടെ മുന്പിലുണ്ടായിരിക്കണമെന്നതിനാലാണ്. സവിശേഷ സ്വഭാവമാര്‍ന്ന പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഇതു വായിക്കുന്നത് അന്യാദൃശമായ ഒരനുഭവവുമാണ്.
ഇപ്പുസ്തകത്തിലെ അതിമനോഹരമായ ഒരു കഥയാണ് Sleeping Beauty and the Airplane എന്നത് (ഉറങ്ങുന്ന സുന്ദരിയും വിമാനവും). ഭാവഗീതംപോലെ അതിസുന്ദരം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ: കഥ പറയുന്നയാള്‍ ന്യൂയോര്‍ക്കിലേക്കു പോകാന്‍ പാരീസിലെ വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ ജീവിതത്തില്‍ക്കണ്ട ഏറ്റവും സുന്ദരി പെണ്‍സിംഹത്തിന്റെ പതുങ്ങിയ നടത്തത്തോടുകൂടി അതിലേ പോയത്. റ്റിക്കറ്റ് ക്ലാര്‍ക്ക് സീറ്റുകളുടെ നമ്പര്‍, മൂന്ന്, നാല്, ഏഴ് എന്നു പറഞ്ഞിട്ട് അതിലൊന്നു തിരഞ്ഞെടുക്കാന്‍ അയാളോടു ആവശ്യപ്പെട്ടു. നാലാം നമ്പര്‍ സീറ്റ് മതിയെന്നു പറഞ്ഞു. അയാള്‍ക്ക് അദ്ഭുതം. വിന്‍ഡോസീറ്റില്‍ ആ സുന്ദരി ഇരിക്കുന്നു. ചിരപരിചിതത്വമുള്ള യാത്രക്കാരിയെപ്പോലെ അവള് സ്വന്തം സ്ഥലം സ്വായത്തമാക്കിയിട്ടുണ്ട്. വിക്കലോടുകൂടി അയാള്‍ ശുഭാശംസ പറഞ്ഞത് അവള് കേട്ടില്ല. യാത്രയില്‍ തന്നെ ഒരു കാരണംകൊണ്ടും ഉണര്‍ത്തരുതെന്ന് ഏയര്‍ ഹോസ്റ്റസിന് നിര്‍ദ്ദേശം നല്‍കിയിട്ട് അവള് ഉറക്കമാരംഭിച്ചു. പ്രകൃതിയില്‍, സുന്ദരിയായ യുവതിയെക്കാള്‍ സൗന്ദര്യമുള്ള വേറൊന്നുമില്ലെന്ന് അയാള്‍ എല്ലാക്കാലത്തും വിശ്വസിച്ചിരുന്നു. അവള് ഉണര്‍ന്നു ഇരിക്കുമായിരുന്നെങ്കില്‍ എന്തെല്ലാം ഞാന്‍ നേരിട്ടു പറയുമോ അവയെല്ലാം അയാള്‍ മനസ്സില്‍ പറഞ്ഞു. ഓരോ തവണ കുടിക്കുമ്പോഴും “സുന്ദരീ നിന്റെ ആരോഗ്യത്തിനുവേണ്ടി” എന്ന് അയാള്‍ ചൊല്ലുമായിരുന്നു. അവളുടെ സീറ്റിനൊപ്പം സ്വന്തം സീറ്റ് ചരിച്ചുവച്ച് ഭാര്യയും ഭര്‍ത്താവും ഒരു കിടക്കയില്‍ കിടക്കുന്ന മട്ടില്‍ അയാള്‍ കിടന്നു. അവളുടെ ശ്വാസത്തിന് എന്തൊരു സൗരഭ്യം. അത് അവളുടെ സൗന്ദര്യത്തിന്റെ സൗരഭ്യം മാത്രമാണ്. കഴുത്തില്‍ ഒരു മാല. ശരീരത്തിന്റെ സ്വര്ണ്ണനിറം കൊണ്ട് ആ മാലയുണ്ടെന്ന് അറിഞ്ഞുകൂടാ. ഉറങ്ങുന്ന സുന്ദരിയെ എന്തെങ്കിലും കാരണം പരഞ്ഞ് കുലുക്കി വിളിക്കണമെന്ന് അയാള്‍ക്ക് ആഗ്രഹം. പക്ഷേ അതു സാധിച്ചില്ല. ലാന്‍ഡിങ്ങ് ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ പനിനീര്‍പ്പൂന്തോട്ടത്തില്‍ കിടന്നുറങ്ങിയ മട്ടില്‍ അവള് ഉണര്‍ന്നു. ഗുഡ്ബൈ എന്നുപോലും പറയാതെ അവള് പോയി.
ലോകത്തെ ഏറ്റവും വലിയ സുന്ദരി ഏറ്റവും വലിയ അഭിലാഷം ജനിപ്പിക്കണമെന്നില്ല എന്ന് മാര്‍കേസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സുന്ദരികള്‍ പുരുഷന്മാരില് ഉളവാക്കുന്ന വൈകാരികപ്രശ്നങ്ങള്‍ അവരുടെ സൗന്ദര്യത്താല്‍ പരിഹരിക്കപ്പെടുകയില്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എങ്കിലും ഇക്കഥയില്‍ സ്ത്രീയുടെ വിശ്വവശ്യമായ സൗന്ദര്യവും അവള് പുരുഷനില്‍ ഉളവാക്കുന്ന അദമ്യമായ ആഗ്രഹവും കാവ്യാത്മക ഭാഷ കൊണ്ടു മാര്‍കേസ് ആവിഷ്കരിച്ചിരിക്കുന്നു.
ഫാന്റസിയെ വെറുക്കുന്ന സാഹിത്യകാരനാണ് മാര്‍കേസ്. കാരണം സത്യത്തിന്റെ ഉല്പാദനത്തിന് ഭാവന സഹായിക്കുന്നു എന്നതത്രേ. ഫാന്റസിക്കു സത്യത്തിന്റെ അടിസ്ഥാനമില്ല. അതില്ലാത്ത മനോരഥസൃഷ്ടി ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ മതം. ഈ കഥാസമാഹാരത്തില്‍ ഫാന്റസിയുടെ അതിരോളം ചെല്ലുന്ന മാജിക് റീയലിസമുണ്ട്. എന്നാല്‍ അവ ഫാന്റസികളല്ല താനും. ‘The Trail of Your Blood in the Snow’ എന്ന കഥയില്‍ ഈ മാജിക് റീയലിസം തികഞ്ഞ സൗന്ദര്യം ആവഹിക്കുന്നു. ഒരു മുള്ളുകൊണ്ടു നീനയുടെ വിരല്‍ ചെറുതായൊന്നു മുറിഞ്ഞു. മുറിവല്ല യഥാര്‍ത്ഥത്തില്‍; ഒരു പോറല്‍ മാത്രം. മൂന്നു ദിവസംമുന്പ് വിവാഹിതയായവളാണ് നീന. വിവാഹം കഴിഞ്ഞ് ഒരംബാസഡറും ഭാര്യയും അവള്‍ക്കു റോസാപ്പൂക്കള്‍ നല്കിയപ്പോള് അവയിലുണ്ടായിരുന്ന ഒരു മുള്ളുകൊണ്ടാണ് വിരലില്‍ പോറലുണ്ടായത്. അപ്പോള്‍ മുതല്‍ രക്തം ഒഴുകുകയാണ്. കാറിലിരുന്ന് കൈ വെളിയിലിട്ടുകൊണ്ടിരുന്നിട്ടും രക്തപ്രവാഹത്തിനു കുറവില്ല. തങ്ങളെ ആര്‍ക്കെങ്കിലും കണ്ടുപിടിക്കണമെന്നുണ്ടെങ്കില്‍ മഞ്ഞില്‍ പാടുണ്ടാക്കിയ ആ ചോരത്തുള്ളികള്‍ നോക്കി വന്നാല്‍ മതിയെന്ന് അവള് ഭര്‍ത്താവിനോടു പറഞ്ഞു. മാഡ്രിഡ് തൊട്ടു പാരീസുവരെ പാതയില്‍ ചോരപ്പാടുകള്‍.
കഥയെഴുതുമ്പോള്‍ പ്രകടമായ സമൂഹവിമര്‍ശനം നടത്തുന്നത് ഭക്ഷണം കഴിക്കുമ്പോള്‍ നോവല്‍ വായിക്കുമ്പോലെയാണ്. രണ്ടു പ്രക്രിയകളും വേണ്ട മട്ടില്‍ നടക്കുകയില്ല.
ക്രമേണ അതു രക്തപ്രവാഹമായി. അപ്പോള്‍ ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ അവളെ കിടത്തി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. ഭര്‍ത്താവ് ആശുപത്രിയില്‍ ചെന്നപ്പോള്‍ നീനയെ കാണാനില്ല. കുറെ ദിവസം അലഞ്ഞുതിരിഞ്ഞ അയാള്‍ ഒടുവില്‍ ഡോക്ടറെ കണ്ടെത്തി. അദ്ദേഹം പറഞ്ഞു നീന ജാനുഎരി ഒന്‍പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം ഏഴുമണികഴിഞ്ഞു പത്തു മിനിറ്റായപ്പോള്‍ രക്തമൊഴുക്കുകൊണ്ട് മരിച്ചുവെന്ന്. ഭര്‍ത്താവിനെ കണ്ടുപിടിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടാണ് അവള് അന്ത്യശ്ശ്വാസം വലിച്ചത്. അയാളെ കണ്ടുപിടിക്കാനുള്ള യത്നങ്ങള്‍ വിഫലങ്ങളായപ്പോള് പാരീസില്‍ വന്നെത്തിയ, നീനയുടെ അച്ഛനമ്മമാരും മറ്റുള്ളവരുംകൂടി ശവസംസ്കാരം നടത്തി. ഭാര്യയുടെ മൃതദേഹം പോലും കാണാനാവാതെ ഭര്‍ത്താവ് ആശുപത്രിയില്‍നിന്നു റോഡിലേക്കു പോന്നു. പ്രാവുകളുടെ മൃദുലങ്ങളായ തൂവലുകള്‍ പോലെ മഞ്ഞിന്‍പാളികള്‍ വീഴുന്നുണ്ടായിരുന്നു അപ്പോള്‍. അവയില്‍ ചോരപ്പാടുകളില്ല. പത്തുകൊല്ലം കൂടിയിട്ടാണ് പാരീസില്‍ അത്തരത്തിലൊരു വലിയ ഹിമപാതം ഉണ്ടാകുന്നത്.
എന്തൊരു അസ്വാഭാവികത എന്നു യഥാര്‍ത്ഥങ്ങളായ കഥകള്‍ മാത്രം വായിച്ചിട്ടുള്ളവര്‍ പറഞ്ഞേക്കും. പക്ഷേ മാര്‍കേസ് ഇതിലൊരു അസ്വാഭാവിസ്വാവികതയും കാണുകയില്ല. വാസ്തവികത എന്നത് തക്കാളിയുടേയും മുട്ടയുടേയും വിലയില്‍ ഒതുങ്ങിനില്ക്കുന്നതല്ലെന്ന് അദ്ദേഹം ചുണ്ടിക്കാണിക്കും. അസാധാരണങ്ങളായ സംഭവങ്ങളാണ് ലോകത്തിലേറെയുള്ളത്. ഒരമേരിക്കന്‍ പൗരന് ആമസോണ്‍ കാടുകളിലേക്കു പോയപ്പോള്‍ ഒരു നദിയിലെ വെള്ളം തിളച്ചുമറിയുന്നതു കണ്ടു. മുള്ളുകൊണ്ട് വിരലില്‍ പോറല്‍ ഉണ്ടാകുന്നതിനെ ചിത്രീകരിക്കുന്നതു മാത്രം സത്യമാകുന്നതെങ്ങനെ? രക്തം പൊടിഞ്ഞുവെന്നു മാത്രം പറഞ്ഞാല്‍ സത്യമാകുന്നതെങ്ങനെ അത്? പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുള്ള സത്യം പിടിച്ചെടുക്കാന്‍തന്നെ അവിശ്വാസ്യമാണ്. അതുകൊണ്ടു നീനയുടെ വിരലില്‍നിന്നു തുള്ളിത്തുള്ളിയായി വീണ രക്തം ഒടുവില്‍ പ്രവാഹമായിയെന്നും ആ പ്രവാഹത്താല്‍ അവള് മരിച്ചുവെന്നും പറയാവുന്നതേയുള്ളൂ. ഇതാണ് മാര്‍കേസിന്റെ മാജിക്കല്‍ റിയലിസം. പ്രസ്ഥാനമെന്തായാലും കഥ വായിക്കുമ്പോള്‍ നമ്മള്‍ക്കു കലയെസ്സംബന്ധിച്ച വിശ്വാസമുണ്ടാകുന്നു. ആ വിശ്വാസം — ദൃഢപ്രത്യം — നമുക്കു ഭാവാനുഭൂതി ജനിപ്പിക്കുകയും ചെയ്യുന്നു.
ഇതുപോലെ അസാധാരണങ്ങളായ പത്തുകഥകള്കൂടിയുണ്ട് ഈ ഗ്രന്ഥത്തില്‍. ഋജുവായ പ്രതിപാദനം പക്ഷേ ആ പ്രതിപാദനം സ്ഥൂലികരണമാര്ന്ന ഒരു ജീവിതവീക്ഷണത്തെയാണ് നമുക്കു കാണിച്ചുതരിക. വിഷന്റെ — ജീവിതാഭിവീക്ഷണത്തിന്റെ — ഈ സ്ഥൂലത ഒരിടത്തും വിരസമായിത്തീരുന്നില്ല. വിരസമാകുന്നില്ലെന്നു മാത്രമല്ല അത് രസകരമായിത്തീരുന്നുമുണ്ട്. യഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനും തമ്മില്‍ എന്തേ വ്യത്യാസം? അവയുടെ അതിരു നേര്ത്തതല്ലേ? സ്വപ്നാത്മകത്വത്തിലൂടെ ജീവിതത്തിന്റെ പരോക്ഷസത്യങ്ങളിലേക്കു നയിക്കാനാണ് മാര്‍കേസ് ശ്രമിക്കുന്നത്. ആ യത്നം വിജയഭാസുരമാകുകയും ചെയ്യുന്നു.
Strange Pilgrims — അപൂര്‍വ്വ തീര്‍ത്ഥാടകര്‍. അവര്‍ തീര്‍ത്ഥാടനം നടത്തുന്നതു മരണത്തിലേക്കാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു പ്രസിഡന്റും, റ്റെലിഫോണില്‍ സംസാരിക്കാന്‍ ചെന്ന ഒരു യുവതിയെ ഉന്മാദമുള്ളവളായി മുദ്രകുത്തുന്ന ചില ക്രൂരസ്ത്രീകളും സ്വന്തം ശവസംസ്കാരം നേരത്തേക്കൂട്ടി സംവിധാനം ചെയ്യുന്ന ഒരു വേശ്യയും മരണത്തിലേക്കു തീര്‍ത്ഥാടനം നടത്തുന്നു. ജീവിതവും മരണവും ഈ കഥകളിലൂടെ നമ്മള് ദര്‍ശിക്കുന്നു. ആ ദര്‍ശനം മാജിക്ക് റീയലിസത്തിന്റെ കാചത്തിലൂടെയാണെന്നു മാത്രം (Translated from the Spanish by Edith Grossman — Jonathan Cape, London).
ആഹാരം കഴിക്കുമ്പോള്‍ വായന പാടില്ല
ഔചിത്യമില്ലാതെ എഴുതുകയാണു ഞാന്‍. ചിലര്‍ ‘ക്ളോസിറ്റി’ല്‍ പോകുമ്പോള്‍ ഒന്നുകില്‍ വര്‍ത്തമാനപ്പത്രം കൊണ്ടുപോകും. വായിക്കാനായി. അല്ലെങ്കില്‍ പുസ്തകം. തെറ്റാണിത്. എന്തുകൊണ്ടു തെറ്റെന്ന് എനിക്കു വിശദീകരിക്കാന്‍ വയ്യ. അതുപോലെ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നോവല്‍ വായിക്കുന്ന മുതിര്‍ന്നവരുണ്ട്. ‘കോമിക്സ്’ നോക്കുന്ന കുട്ടികളുണ്ട്. ഇതും തെറ്റാണ്. പാരായണത്തിലുള്ള രസം കൊണ്ട് വേണ്ടിടത്തോളം ചവയ്ക്കുകയില്ല. അല്ലെങ്കില്‍ നാക്കില്‍ തനിയെ കടിക്കും. ചിലപ്പോള്‍ ആഹാരവസ്തു അന്നനാളത്തില്‍ പോകാതെ വരാം. ശ്വാസക്കുഴലിലേക്കു കടന്നു ചെന്നുവെന്നും വരാം. ഹാസ്യചിത്രങ്ങള്‍ കണ്ടു ചിരിക്കുന്ന കുട്ടി ചോറും കൂട്ടാനും നേരെ മൂക്കിലേക്കു കയറ്റുന്നതും അപൂര്‍വ സംഭവമല്ല.
കഥയെഴുതുമ്പോള്‍ പ്രകടമായ സമൂഹവിമര്‍ശനം നടത്തുന്നത് ഭക്ഷണം കഴിക്കുമ്പോള്‍ നോവല്‍ വായിക്കുന്നതു പോലെയാണ്. രണ്ടു പ്രക്രിയകളും വേണ്ട മട്ടില്‍ നടക്കുകയില്ല. ആപത്തുണ്ടാക്കുകയും ചെയ്യും. കലാകൗമുദിയില്‍ ‘കുലചിഹ്നം’ എന്ന ചെറുകഥയെഴുതിയ ശ്രീ. എം.എ. രഹ്മാന് ചെയ്തതു ഈ പ്രവൃത്തിതന്നെയാണ്. ആഹാരം കഴിക്കുന്നതിനെക്കാള്‍ കൂടുതലായി നോവല്‍ വായിക്കുന്നു അദ്ദേഹം. കലാകൗമുദിയില്‍ ‘കറന്സറസ് ലവ്’ എഴുതിയ ശ്രീ. എം. ഗോപിനാഥന് നായര്‍ കുട്ടികളെപ്പോലെ കോമിക്സ് നോക്കി രസിക്കുന്നു. ആ നോട്ടത്തിലാണ് തല്പരത്വം കൂടുതല്‍. ഈ വളച്ചുകെട്ടലുകള്‍ ഒഴിവാക്കിപ്പറയാം. ലോകത്തിന്റെ നൃശംസതയെ തലയോടു ശേഖരിക്കലായി ചിത്രീകരിക്കുന്ന റഹ്മാന് കലയെയല്ല, സമൂഹവിമര്ശനത്തെയാണ് ആദരിക്കുക. ഗോപിനാഥന് നായര്‍ ഫാന്റസിയേയും യഥാതഥ്യത്തെയും ചേരുമ്പപടി ചേര്‍ക്കാതെ അവയെ അടുത്തടുത്തു നിറുത്തി വായനക്കാരെ ക്ളേശിപ്പിക്കുന്നു. പ്രേമവിവശനായ യുവാവിനു ഹൃദയത്തില്‍ മുഴ. ഡോക്ടര്‍ കീറി നോക്കിയപ്പോള്‍ രക്താശയത്തില് മുഴയില്ല. ചോര മാത്രമേയുള്ളൂ. അപ്പോള്‍ തലയ്ക്കകത്തു മുഴയെന്നു ചെറുപ്പക്കാരന്. അയാലെ വെറുക്കുന്ന ‘കാമുകി’ അയാളുടെ പിറകേ പോകുന്നു. നമ്മുടെ ചെറുകഥാ സാഹിത്യം അവിദഗ്ദധരുടെ കൈയ്യില്‍പ്പെട്ടു എന്തുമാത്രം ഉഴലുന്നു!
മോപസാങ്ങും ചെക്കോവും റ്റോമസ്മന്നും ഒക്കെ ഗിരിശൃംഗങ്ങളാണ്. അവിടെ നിന്നു വീശുന്ന കാറ്റിന് സാദൃശ്യമുണ്ട്. സാഹിത്യം ജനിപ്പിക്കുന്ന അധ്യാത്മികമായ ഐക്യമാണ് ആ ശീതളവായുവിനുള്ളത്.
കുളിര്കാറ്റു വേണം
ഞാന്‍ താമസിക്കുന്ന സ്ഥലവും ഹിമാലയ പര്വ്വതവുമുള്ള സ്ഥലവും തമ്മില്‍ എന്ത് അകൽച്ച! എങ്കിലും എനിക്കവിടത്തെ പുതിഗന്ധം കലര്‍ന്ന വായു ശ്വസിക്കാനല്ല കൗതുകം. ധവളങ്ങളായ ഗിരിശൃംഗങ്ങളില്‍ തട്ടിവരുന്ന കുളിർകാറ്റേല്ക്കാനാണ് ആഗ്രഹം. ആ കാറ്റ് എന്റെ ശ്വാസകോശങ്ങളില്‍ നിറയുമ്പോള്‍ ജീവിതം സഫലമായിയെന്ന് എനിക്കു തോന്നുന്നു. വിദൂര സ്ഥലമായതെന്തും ഉത്കൃഷ്ടം എന്ന രീതിയിലല്ല ഞാനിതു പറയുന്നത്. ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും ദുർഗ്ഗന്ധം വന്നെന്നു വരും. പക്ഷേ മഞ്ഞണിഞ്ഞ ഉത്തരഭാരത പര്‍വ്വത പംക്തികളില്‍നിന്ന് കുളിർകാറ്റു മാത്രമേ വീശുകയുള്ളൂ.
മോപസാങ്ങും ചെക്കോവും റ്റോമസ്മന്നും ഒക്കെ ഗിരിശൃംഗങ്ങളാണ്. അവിടെനിന്ന് വീശുന്ന കാറ്റിന് സാദൃശ്യമുണ്ട്. സാഹിത്യം ജനിപ്പിക്കുന്ന അധ്യാത്മികമായ ഐക്യമാണ് ആ ശീതളവായുവിനുള്ളത്. തിരുവനന്തപുരത്ത് ആ കറ്റില്ല. കേരളത്തിലൊരിടത്തും അതില്ല. ഞാന്‍ മാതൃഭാഷാസ്നേഹമില്ലാത്തവനാണെന്നു പ്രിയപ്പെട്ട വായനക്കാര്‍ക്കു തോന്നുന്നെങ്കില്‍ ക്ഷമിക്കണം. ശ്രീ. മണര്‍ക്കാട് വിജയന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ശുദ്ധവായു’ എന്ന ചെറുകഥയൊന്നു വായിച്ചു നോക്കുക. മഞ്ഞിന്റെ വെണ്മയെവിടെ? പര്‍വ്വതത്തിന്റെ ഒന്നത്യമെവിടെ? വായുവിന്റെ കുളിർമ്മയെവിടെ? അവര്‍ ദമ്പതികള്‍. അവരുടെ പാര്പ്പിടത്തിനടുത്തു വേറൊരു ഭാര്യയും ഭര്‍ത്താവും വന്നു താമസിക്കുന്നു. അവര്‍ ആദ്യം പറഞ്ഞ ദമ്പതികള്‍ക്കു വിദേശനിര്മ്മിതങ്ങളായ വസ്തുക്കള്‍ നല്കുന്നു. ആഹ്ളാദം. ഒടുവില്ത്തെളിയുന്നു നവാഗതന് കള്ളക്കടത്തുകാരനാണെന്ന്. ദമ്പതികള്‍ ആ കള്ളന്റെ സാമീപ്യം ഒഴിവാക്കാനായി വീടു മാറാന്‍ ആലോചിക്കുന്നു. ഇതിവൃത്ത നിവേശനത്തില്‍, സംഭവവര്ണ്ണനയില്, സാകല്യാവസ്ഥയിലുള്ള സങ്കല്പത്തില് എന്നു വേണ്ട ഏതിലും ക്ഷുദ്രത്വം. മണര്‍കാടു വിജയനെ എനിക്കു നേരിട്ടറിയാം. മാന്യതയുടെ പ്രതിരൂപമാണ് ആ മനുഷ്യന്. അതു നല്കുന്ന അധികാരം ഉപയോഗിച്ചു ഞാന്‍ പറയുകയാണ്. അദ്ദേഹം ചെറുകഥാസാഹിത്യത്തിലെ മാസ്റ്റര്‍പീസുകള്‍ വായിക്കണം. വായിച്ചാല്‍ ഇത്തരം കഥകള്‍ അദ്ദേഹം എഴുതുകില്ല.
പേരു പറഞ്ഞാല്‍ ചിലര്‍ വഴക്കുകൂടാന്‍ വരും. നേരമ്പോക്കാണെന്ന വസ്തുതപോലും അവര്‍ ഓര്‍മ്മിക്കുകയില്ല. അതുകൊണ്ടു പേരു പറയുന്നില്ല. അദ്ദേഹം കേരളത്തില്‍നിന്നു ദുബായ് വിമാനത്താവളത്തിലിറങ്ങി പുറത്തുവരുന്നു. ഒരുഭാഗത്ത് Arrival എന്ന ബോര്‍ഡ്. അതുകണ്ട് കമ്മ്യൂണിസ്റ്റ് വിരോധിയായ അദ്ദേഹം ആക്രോശിച്ചു. “ഹെടാ ഇതെന്തൊരു പാട്. ഇവിടെയും വന്നോ ‘അവ
നിരീക്ഷണങ്ങള്‍
- സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തിയ കാലത്ത് അതൊരു വിശേഷപ്പെട്ട സംഭവമായിരുന്നു. കുമാരനാശാന്റെ ‘വീണപൂവും’ വള്ളത്തോളിന്റെ ‘മഗ്ദലന മറിയ’വും ബഷീറിന്റെ ‘ബാല്യകാലസഖി’യും ചങ്ങമ്പുഴയുടെ ‘രമണനും’ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും പ്രസാധനം ചെയ്ത കാലങ്ങളില്‍ ഓരോ പ്രസാധനവും ഓരോ സംഭവമായിരുന്നു. ഇന്ന് ഗ്രന്ഥപ്രസാധനങ്ങള് സംഭവങ്ങളായി മാറുന്നില്ല. എന്താണതിനു കാരണം? ബഹുജനത്തിനു സാഹിത്യത്തിന്റെ വൈശിഷ്ട്യം എവിടെയിരിക്കുന്നുവെന്ന് അറിയാമെന്നതു തന്നെ.
- നാലായിരം കൊല്ലങ്ങള്ക്കുമുന്പ് ഈജിപ്തില്‍ ആവിര്‍ഭവിച്ച ഒരു കാവ്യത്തിന്റെ ഭാഷാന്തരീകരണമാണ് താഴെ:
ഇതാ എന്റെ പേരു ദുര്‍ഗ്ഗന്ധധൂമം വമിക്കുന്നു. ഇതാ ഉഷ്ണകാലദിനങ്ങളില് കത്തുന്ന ആകാശത്തിനു താഴെ പൂതിമാംസം നാറുന്നതിനെക്കാള്‍ നാറ്റത്തോടെ.
ഇതാ എന്റെ പേരു ദുര്‍ഗ്ഗന്ധധൂമം വമിക്കുന്നു. ബലിഷ്ഠശിശുവിനെ അവന്റെ രക്ഷകര്‍ത്താവ് ഉപേക്ഷിച്ചാല്‍ നാറുന്നതിനെക്കാള്‍ നാറ്റത്തോടെ.
ആരോടാണ് ഞാനിന്നു സംസാരിക്കേണ്ടത്?
സഹോദരന്മാര് അധമന്മാര് സ്നേഹത്തിനു വേണ്ടി പരിചയമില്ലാത്തവരുടെ അടുക്കലേക്കാണൂ പോകേണ്ടത്.
ആരോടാണു ഞാനിന്നു സംസാരിക്കേണ്ടത്? ദുഃഖഭാരമാണ് എനിക്ക്; ഉറ്റ സ്നേഹിതന് ഇല്ലാത്തതുകൊണ്ട്.
ഇന്നു മരണം എന്റെ മുന്പിലുണ്ട്; രോഗി രോഗവിമുക്തനായതുപോലെ; ബന്ധനത്തിനു ശേഷം പുറത്തേക്കു പോകുന്നതുപോലെ.
ഇന്നു മരണം എന്റെ മുന്പിലുണ്ട്. ബന്ധനത്തില്‍ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞുകൂടിയവനു സ്വന്തം വീടു കാണാനുള്ള കൊതിയെന്നപോലെ.” ആത്മഹത്യയെ പ്രകീര്‍ത്തിക്കുന്ന കാവ്യമാണിത്. ഇന്നത്തെ നമ്മുടെ നിരൂപകര്‍ ഇതു രചിച്ച കാലത്ത് ഈജിപ്തിലുണ്ടായിരുന്നെങ്കില് ഇതിലെ ആളിനെ എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട്സൈഡറാക്കി കളഞ്ഞേനേ.
സാല്‍വാര്‍ കമീസ്: വിവേകമുള്ളവരെ ഓക്കാനിപ്പിക്കുന്ന വസ്ത്രവിശേഷം.
“” - “പ്രരോദനം” നല്ല വിലാപകാവ്യമാണെന്നു ഒരാള്‍ പറഞ്ഞതായി കുമാരനാശാനോട് ആരോ പറഞ്ഞപ്പോള്‍ “അവര്‍ക്കൊക്കെ അതു മനസ്സിലാകുമോ?” എന്ന് അദ്ദേഹം ചോദിച്ചു. മനസ്സിലായില്ലെങ്കില്‍ത്തന്നെ എന്ത്? നിരൂപണമെഴുതാന്‍ വല്ല പ്രയാസവുമുണ്ടോ? ഏതു അസംബന്ധമെഴുതിയാലും അതിനെ പൊക്കികൊണ്ടു നടക്കാന്‍ കുറെ ആളുകള്‍ ഉണ്ടാവും. ദുര്‍ഗ്രഹതയേറിയ ‘പ്രരോദന’ത്തിന്റെ സ്ഥിതി ഇത്. കാവ്യം തികഞ്ഞ സ്പഷ്ടതയുള്ളതാണെന്നു വിചാരിക്കൂ. എന്നാല്‍പ്പോലും നിരൂപകന് അതിനെ രൂപപരിവര്‍ത്തനം വരുത്തിയാവും പ്രദര്‍ശിപ്പിക്കുക. കുമാരനാശാന്റെ “ലീല” എന്ന കാവ്യത്തിലെ ആ പേരുള്ള നായിക കൂടെക്കിടന്ന ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ചു കൊന്നുവെന്നു പറഞ്ഞ കുട്ടികൃഷ്ണമാരാര് ആ കാവ്യത്തിനു ‘ഡിസ്റ്റോര്‍ഷന്‍’ (വളച്ചുതിരിക്കല്‍) വരുത്തിയിട്ടാണ് വിമര്ശനമെഴുതിയതെന്നു വ്യക്തമാകുന്നു.
കഥാപപ്പടം
ദേശാഭിമാനി വാരിക എനിക്കു ചൊവ്വാഴ്ച പോസ്റ്റില്‍ വരും. ഇന്നത്തെ മെയ്ലില് അതു കാണാത്തതു കൊണ്ടു ഞാന്‍ തിരുവനന്തപുരത്തെ ദേശാഭിമാനി ബുക്ക് സ്റ്റാളില്ചെന്ന് വാരിക വാങ്ങി. വീട്ടില്‍ കൊണ്ടുവന്നു തുറന്നു നോക്കി അത്. അച്ചടിമഷി നല്ലപോലെ ഉണങ്ങിയിട്ടുണ്ട്. ഉണങ്ങിയ ആ അക്ഷരങ്ങളിലൂടെ ശ്രീമതി. ഡി. ചന്ദ്രലേഖയുടെ ഒരു ഉണക്കക്കഥ ഞാന്‍ കണ്ടു. പണ്ടെങ്ങോ പഠിച്ചതോ പഠിപ്പിച്ചതോ ആയ ഒരലങ്കാരം ഓര്‍മ്മ വന്നു. “സമം ചേരേണ്ടതില്‍ ചേര്‍ച്ച. അച്ചടിമഷി ഉണങ്ങിയ പരുവത്തിലായതുകൊണ്ട് രചനയും ഉണങ്ങിയതായിരിക്കണമല്ലോ? അതിനാല്‍ അര്‍ത്ഥാലങ്കാരം “സമം” തന്നെ. നിര്‍മ്മല കുട്ടിയായിരിക്കുമ്പോള്‍ പടം വരയ്ക്കുമായിരുന്നു. ക്രമേണ അവളുടെ ആ വാസന വികസിച്ചു. പ്രായമെത്തിയ അവളെ വിവാഹം കഴിച്ചത് അരസികനായ അജയന്. അയാള്‍ പടം വരയ്ക്കാന്‍ അവളെ സമ്മതിക്കില്ലെന്നു മാത്രമല്ല നീതിപൂര്‍വകമായ സ്വാതന്ത്യം അനുഭവിക്കാനും സൗകര്യം നല്കുകില്ല. ദാമ്പത്യജീവിതം ഒന്നിനൊന്നു വിരസമായി. നിര്‍മ്മല മിസ്സിസ് അജയനായി. പിന്നീട് നിശ്ചേതനവസ്തുവായി. എലിപ്പത്തായത്തില്‍ കയറുന്ന എലിയുടെ ചിത്രം അവള് വരച്ചുവയ്ക്കുമ്പോള് കഥ പര്യവസാനത്തിലെത്തുന്നു. എന്തൊരു ‘ചീപ്പ് സിംബലിസം! കഥയുടെ ധമനികളില്‍ക്കൂടി സംഭവങ്ങളുടെ ചൂടുള്ള രക്തം ഒഴുകുന്നുണ്ടോ? കഥാഹൃദയം വികാരത്താല്‍ സ്പന്ദിക്കുന്നുണ്ടോ? രണ്ടു ചോദ്യങ്ങള്‍ക്കും ‘ഇല്ല’ എന്നാണ് ഉത്തരം.
പപ്പടമുണ്ടാക്കുന്നവര്‍ മാവു കുഴച്ചുവച്ച് അടിച്ചുപരത്തി വൃത്താകൃതിയിലാക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. വളരെ വര്‍ഷങ്ങളായി പലരും ഉപയോഗിച്ച മാവുതന്നെ ചന്ദ്രലേഖയും പലകമേല്‍ വയ്ക്കുന്നു. അതിനെ അടിച്ചുപരത്തി കഥയെന്നു വിളിക്കുന്നു. ശരിയായ പപ്പടം തിളച്ച വെളിച്ചെണ്ണയില്‍ ഇട്ടാല്‍ പൊള്ളിക്കയറും. വായനക്കാരന്റെ ഹൃദയം വികാരത്താല്‍ തിളയ്ക്കുന്ന സ്ഥലമാണ്. അവിടെ ചന്ദ്രലേഖ എടുത്തിട്ട ഈ കഥാപപ്പടം പൊള്ളാതെ കിടക്കുന്നു.
നിര്‍വ്വചനങ്ങള്‍
- സ്പര്‍ശം
- സമ്മേളനത്തില്‍ സുന്ദരി പൂച്ചെണ്ടു നല്കുമ്പോള് പ്രഭാഷകനു നടത്താനുള്ളത്.
- വൈരൂപ്യം
- ഏതു സുന്ദരന്റെയും സുന്ദരിയുടേയും പാസ്പോര്ട് സൈസ് ഫോട്ടോ ഗ്രാഫില്‍ ഉള്ളത്.
- കേരളം
- വടക്കേയതിരു കാസര്‍ഗോഡല്ല, കോണ്‍ഗ്രസ്. കിഴക്കു സഹ്യപര്വ്വതമല്ല. സി.പി.ഐ (എം). തെക്ക് സമുദ്രമല്ല സി.പി.ഐ. പടിഞ്ഞാറു അറേബ്യന്‍ കടലല്ല മറ്റെല്ലാപ്പാര്ട്ടികളും. ഈ അതിരുകള്‍ക്കുള്ളില്‍ നാരകീയവേദന അനുഭവിക്കുന്ന കുറെ പാവപ്പെട്ട ആളുകള്‍ പാര്‍ക്കുന്ന സ്ഥലം.
- എഞ്ചിനീയറിങ്ങ് കോളിജ്
- സോഷല്‍ സ്റ്റേയ്റ്റസിനുവേണ്ടി അച്ഛനമ്മമാര്‍ സന്താനങ്ങളെ പറഞ്ഞയയ്ക്കുന്ന പ്രയോജനമില്ലാത്ത സ്ഥാപനം.
- സല്‍വാര്‍, കമ്മീസ്
- വിവേകമുള്ളവരെ ഓക്കാനിപ്പിക്കുന്ന വര്‍ണ്ണോജ്ജ്വലമായ വസ്തു വിശേഷം.
- നഗ്നത
- പുരുഷന് കാണിക്കുന്നതിനേക്കാള്‍ കൂടുതലായി സ്ത്രീ കാണിക്കുന്നത്.
- സറീയലസിസം
- ഡാലിയുടേതായാലും തികഞ്ഞ ഭ്രാന്ത്.
സറീയലിസം: ഡാലിയുടേതായാലും തികഞ്ഞ ഭ്രാന്ത്.
അവര്‍ എന്നോടു പറഞ്ഞു
ഗൗരിയമ്മ (മുന്‍മന്ത്രി): എം. കൃഷ്ണന് നായര്‍ ചിരിക്കാത്ത ആളാണ്.
വയലാര്‍ രാമവര്‍മ്മ: (ഞാന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍) പ്രശസ്തനായ ചലച്ചിത്ര സംവിധായകന് എം. കൃഷ്ണന് നായരുണ്ട്. മഹായശസ്കനായ ഡോക്ടര്‍ എം. കൃഷ്ണന് നായരുണ്ട്. നിങ്ങളാര്?
എം. ഹരികുമാര്‍ (മഹാകവി ഉള്ളൂരിന്റെ പൗത്രന്): ഉള്ളൂര്‍ക്കവിതയില്‍ താങ്കള്‍ കാണുന്ന ദോഷങ്ങള്‍ ആശാന് കവിതയിലും വള്ളത്തോള്ക്കവിതയിലുമുണ്ട്. പക്ഷേ അവയെക്കുറിച്ച് താങ്കള്‍ ഒരക്ഷരം പോലും മിണ്ടുന്നില്ല.
മന്നത്ത് പദ്മനാഭന്: ഞാന്‍ നിങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍ വരില്ല. എന്നാല്‍ നിങ്ങള്‍ ഞാനിരിക്കുന്നിടത്ത് വന്നു കയറി പ്രസംഗിക്കുന്നു.
എം. കെ. മേനോന് (വിലാസിനി) [‘അന്നാകവാന് എന്ന അമേരിക്കന്‍ എഴുത്തുകാരി’യെന്ന് ഞാനെഴുതിയത് എഴുത്തുകാരന് എന്നു മലയാളനാടു വാരികയില്‍ അച്ചടിച്ചു വന്നതു വായിച്ച്]: സ്ത്രീയെ പുരുഷനാക്കുകയും പുരുഷനെ സ്ത്രീയാക്കുകയും ചെയ്യുന്നതാണല്ലോ നിങ്ങളുടെ ജോലി.