close
Sayahna Sayahna
Search

സാഹിത്യവാരഫലം 1989 09 24



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1989 09 24
ലക്കം 732
മുൻലക്കം 1989 09 17
പിൻലക്കം 1989 10 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കഥ പറയുക എന്ന ഒറ്റലക്ഷ്യത്തോടെ ഒരു സംഭവം വിവരിക്കുന്നവരുണ്ട് — മലബാര്‍ കെ. സുകുമാരന്റെ ‘ജഡ്ജിയുടെ കോട്ട്’ അല്ലെങ്കില്‍ ‘ആരാന്റെ കുട്ടി.’ സമൂഹപരിഷ്കരണം മനസ്സില്‍ വച്ചുകൊണ്ട് കഥയെഴുതുന്നവര്‍ വേറൊരു കൂട്ടര്‍ — പൊന്‍കുന്നം വര്‍ക്കിയുടെ ‘മോഡല്‍’ തത്ത്വചിന്താത്മകമായ രചനയാണ് ചെറുകഥയെന്ന് വിശ്വസിക്കുന്നവര്‍ മറ്റൊരുവിഭാഗം — അസ്തിത്വവാദത്തെസ്സംബന്ധിച്ച, ഒ.വി. വിജയന്റെ ഏതു ചെറുകഥയും ഇതിന് ഉദാഹരണമാണ്. ‘സംഭവവര്‍ണ്ണനയിലോ സമൂഹപരിഷ്കരണത്തിലോ തത്വചിന്താവിഷ്കാരത്തിലോ ഞങ്ങള്‍ക്കു താല്പര്യമില്ല, കഥയെന്നത് ഒരു നിര്‍മ്മിതവസ്തു മാത്രമാണ്’ എന്നു കരുതുന്നവര്‍. ഇംഗ്ലീഷില്‍ ‘ആര്‍ടിഫാക്റ്റ്’ എന്നു വിളിക്കുന്ന ഇത്തരം കഥകള്‍ മുകുന്ദനും കാക്കനാടനും മുന്‍പ് ധാരാളമെഴുതിയിട്ടുണ്ട്. ഇവിടെപ്പറഞ്ഞ ഈ കഥാകാരന്മാരുടെ രചനകളെ നിയന്ത്രിക്കുന്ന മാനസികനിലകളോടു വായനക്കാര്‍ക്ക് ഒരെതിര്‍പ്പും ഉണ്ടാകേണ്ടതില്ല. നിങ്ങള്‍ സംഭവം ഹൃദ്യമായി വര്‍ണ്ണിച്ചിട്ടുണ്ടോ, സമൂഹപരിഷ്കരണമെന്ന നിങ്ങളുടെ ലക്ഷ്യം കഥാഗതിയുടെ കരകളെ കവിഞ്ഞ് ഒഴുകി പാര്‍പ്പിടങ്ങളെ നശിപ്പിക്കുന്നുണ്ടോ, നിങ്ങളുടെ തത്ത്വചിന്തയോട് ഞങ്ങള്‍ യോജിക്കുന്നില്ലെങ്കിലും അതിന് ആകര്‍ഷകമായ രൂപം നല്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ, കഥ ആര്‍ടിഫാക്റ്റാണെങ്കില്‍ ആയിക്കൊള്ളട്ടെ അത് അനുഭൂതിജനകമാണോ എന്നൊക്കെയാണ് വായനക്കാര്‍ ചോദിക്കുക. വര്‍ണ്ണന സുന്ദരമാണെങ്കില്‍, സമൂഹപരിഷ്കരണം കലയുടെ പഞ്ജരത്തിലിരിക്കുന്ന കിളിയാണെങ്കില്‍, തത്ത്വചിന്താ പ്രതിപാദനം കലാപരമായ ദൃഢപ്രത്യയം ഉളവാക്കുന്നതാണെങ്കില്‍ വായനക്കാരനു പരാതിയില്ല. ‘അയാള്‍ ‘ജഡ്ജിയുടെ കോട്ട്’ വായിച്ചു രസിക്കും; ‘പാറകള്‍’ വായിച്ചു രസിക്കും. എന്നാല്‍ കഥ വികാരചാപല്യത്തിലേക്കു ചെന്നാല്‍, മാതൃകയാക്കലിലേക്കു ചെന്നാല്‍ ഹൃദയസംവാദമെന്ന പ്രക്രിയ ഉണ്ടാവുകയില്ല. പൈങ്കിളിക്കഥകള്‍ വികാര ചാപല്യം പ്രദര്‍ശിപ്പിക്കുന്നവയാണ്. അതിനാലാണ് ‘അസത്യ’മെന്നു മുറവിളികൂട്ടി വായനക്കാര്‍ — മനസ്സിനു പരിപാകം വന്ന വായനക്കാര്‍ — അവയെ നിരാകരിക്കുന്നത്. അതുപോലെ കഥയിലെ സംഭവങ്ങളെയോ കഥാപാത്രങ്ങളെയോ പരിപൂര്‍ണ്ണമാതൃകകളാക്കുമ്പോഴും വായനക്കാര്‍ പ്രതിഷേധിക്കും. ആളുകള്‍ എങ്ങനെയാണ് യഥാര്‍ത്ഥത്തിലെന്നതു മറന്നോ കരുതിക്കൂട്ടിയോ അവയെ കുറ്റമറ്റവരായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ജനിക്കുന്ന അവാസ്തവികതയാണിത്. മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍. മോഹനന്‍ വികാരചപലങ്ങളായ കുറെ കഥകളെഴുതി. വേണ്ടിടത്തോളം സാഹിത്യ വിജ്ഞാനമാര്‍ജ്ജിക്കാത്ത ഞാന്‍ അന്ന് അവയെക്കുറിച്ചു നല്ലവാക്കു പറഞ്ഞോ എന്നു സംശയം. ഇന്ന് ഈ കഥാകാരന്‍ കഥാപാത്രങ്ങളെ സ്വഭാവപരിപൂര്‍ണ്ണതയുടെ പ്രതീകങ്ങളായി ചിത്രീകരിച്ച് അസത്യാത്മകതയുടെ ബോധമുളവാക്കുന്നു വായനക്കാര്‍ക്ക്. ഉദാഹരണം അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ശേഷപത്രം’ എന്ന കഥ തന്നെ. കലയുടെ ആവശ്യകതയ്ക്ക് അതീതമായി ദൈര്‍ഘ്യം വരുത്തിയ ആ കഥയിലെ പ്രധാനകഥാപാത്രം ഗോവിന്ദന്‍കുട്ടിയാണ്. അയാളുടെ ഭാര്യ ദുബായില്‍ വേറൊരുത്തനോടുകൂടി താമസിക്കുന്നു. മകന്‍ അമേരിക്കയില്‍ ഒരു മദാമ്മയുടെ ഭര്‍ത്താവായി വിലസുന്നു. ഗോവിന്ദന്‍കുട്ടി ചെറുപ്പകാലത്ത് ഒരു പരിചാരികയെ — സരസ്വതിക്കുട്ടിയെ — ഗര്‍ഭിണിയാക്കി. അവളെ വിവാഹം കഴിക്കാന്‍ അയാള്‍ക്കു സമ്മതമായിരുന്നു. പക്ഷേ, ‘ഐഡിയലൈസേഷ’ന്റെ തുണിത്തുണ്ടുകൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടിയ ആ ഗാന്ധാരിയുണ്ടോ ഗോവിന്ദന്‍കുട്ടിയെ കാണുന്നു. ഒരു വലിയ ‘നോ’ (No) അവള്‍ അയാളുടെ അഭ്യര്‍ത്ഥനയുള്ള ധവള പത്രത്തിലിട്ടുകൊടുത്തു. കാലം കഴിഞ്ഞു. സരസ്വതിക്കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു ഭാസ്കരന്‍ അവളെ കല്യാണം കഴിച്ചു. ഗോവിന്ദന്‍കുട്ടിക്കുണ്ടായ മകളോടും തനിക്കുണ്ടായ സന്താനങ്ങളോടും കൂടി അയാളങ്ങു ജീവിച്ചു ആഹ്ളാദാതിരേകത്തോടെ (ഇവിടെയും ഐഡിയലൈസേഷന്റെ മൂര്‍ഖന്‍പാമ്പ് പത്തി വിടര്‍ത്തുന്നു. മോഹനന്‍ കുഴലൂതുകയല്ലേ? ഫണം വിടരാതിരിക്കുന്നതെങ്ങനെ?). കാലം കഴിഞ്ഞു. ഗോവിന്ദന്‍കുട്ടിയും സരസ്വതിക്കുട്ടിയും തമ്മില്‍ കാണുന്നതിനു വേണ്ടി — അവരുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കുന്നതിനുവേണ്ടി — കഥാകാരന്‍ ഭാസ്കരനെയങ്ങു കൊന്നു. ടെലിവിഷന്‍കാരുടെയും റേഡിയോക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ കൊല്ലപ്പെട്ടു. ഗോവിന്ദന്‍കുട്ടി ധനികനാണ്. തന്റെ സമ്പത്തെല്ലാം അയാള്‍ തലനരച്ച സരസ്വതിക്കുട്ടിക്ക് ഓഫര്‍ ചെയ്യുന്നു. ജലോപരിനടക്കുന്ന യോഗാഭ്യാസിയപ്പോലെ അവള്‍ ‘മാതൃകയാക്കലി’ന്റെ മുകളില്‍ക്കൂടി ഒറ്റ നടത്തം വച്ചു കൊടുത്തു. ഗത്യന്തരമില്ലാതെ അയാള്‍ അവളുടെ മൂത്തമോള്‍ക്ക് (അയാളുടെ മകള്‍ക്ക്) സ്വത്ത് നല്കാമെന്നു പറയുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. തള്ളക്കോഴിയുടെ ചുറ്റുമായി കോഴിക്കുഞ്ഞുങ്ങള്‍ നെന്മണിക്കോ മണ്ണെരയ്ക്കോവേണ്ടി തത്തിത്തത്തി നില്ക്കുന്നതുപോലെ ഐഡിയലൈസേഷന്റെ പ്രതിരൂപമായ സരസ്വതിക്കുട്ടിയുടെ ചുറ്റും അതേ അവാസ്തവികതയുടെ പ്രതിരൂപങ്ങളായ

കഥ വികാരചാപല്യത്തിലേക്കു ചെന്നാല്‍ ഹൃദയസംവാദമെന്ന പ്രക്രിയ ഉണ്ടാവുകയില്ല. പൈങ്കിളിക്കഥകള്‍ വികാരചാപല്യം പ്രദര്‍ശിപ്പിക്കുന്നവയാണ്. അതിനാലാണ് ‘അസത്യ’മെന്നു മുറവിളി കൂട്ടി വായനക്കാര്‍ — മനസ്സിനു പരിപാകം വന്ന വായനക്കാര്‍ — അവയെ നിരാകരിക്കുന്നത്.

മറ്റു കഥാപാത്രങ്ങള്‍ ത്രിപുടതാളം ചവിട്ടിക്കൊണ്ടു നില്ക്കുന്നു. അസത്യാത്മകതയാണ് ഇക്കഥയുടെ മുദ്ര. മാതൃകയാക്കല്‍ നിത്യജീവിതത്തില്‍ നല്ലതാണ്. അത് ജീവിക്കാനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കും. കലയില്‍ അതിനു അതിപ്രസരം വന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടും. ഗോവിന്ദന്‍ കുട്ടിയുടെയും സരസ്വതിക്കുട്ടിയുടെയും വേഴ്ച ഒരു ദുര്‍ഭഗസന്തതിയുടെ ജനനത്തിനു ഹേതുവായി. മോഹനനും ഐഡിയലൈസേഷനും തമ്മിലുള്ള വേഴ്ചയുടെ ഫലമായ ദുര്‍ഭഗസന്തതിയാണ് ‘ശേഷപത്രം’.

* * *

ന്യൂയോര്‍ക്കിലെ ഏവന്‍ (Avon) പ്രസാധകരുടെ ഏതു പുസ്തകവും നമുക്കു വിശ്വസിച്ചു വാങ്ങാം. സാഹിത്യപരമായ മൂല്യം അതില്‍ കാണാതിരിക്കില്ല. അടുത്ത കാലത്ത് ഞാന്‍ വായിച്ച പുസ്തകമാണ് Eye of the Heart എന്നത്. ബസീലിലെ ഷ്വാകീം മരിയ മഷാദൂ ഡി അസീസിന്റെ (Joaquim Maria Machado de Assis 1839-1908) The Psychiatrist എന്നൊരു കൊച്ചുനോവല്‍ സേസാര്‍ വായേഹോ (Cesar Vallejo 1895, 1938, പെറൂവ്യന്‍ കവി), പാവ്‌ലോ നെറൂദ (Pablo Neruda 1903–73 ചിലിയന്‍ കവി), ഹൊര്‍ഹേ ലൂയിസ് ബൊര്‍ഹേസ് (Jorge Luis Borges, ആര്‍ജന്റിന്‍ കവി, കഥാകാരന്‍), ഗീമറാങ്ഷ്റോസ്സ (Guimaraes Rosa, 1908–1967, ബ്രസീലിലെ നോവലിസ്റ്റ്), കാവ്രീറ ഇന്‍ഫാന്റോ (Cabrera Infante, b. 1929) ക്യൂബന്‍ നോവലിസ്റ്റ് മീഗല്‍ ആങ്ഹെല്‍ ആസ്റ്റുറ്യാസ് (Miguel Angel Asturias, 1899–1974, ഗ്വാട്ടിമാലന്‍ നോവലിസ്റ്റ്), ഒക്ടോവ്യാപാസ് (Octavio Paz, b. 1914, മെക്സിക്കന്‍ കവി) ഇങ്ങനെ നാല്പത്തിരണ്ടു മഹാന്മാരുടെ ചെറുകഥകള്‍ ഇതിലടങ്ങിയിരിക്കുന്നു. ഓരോന്നും സുന്ദരം. വായേഹോയുടെയും പാസ്സിന്റെയും ചെറുകഥകള്‍ വായിക്കുന്നവര്‍ marvellous എന്നു പറയാതിരിക്കില്ല. വല്ല പറട്ടക്കഥയെഴുതുകയും അതു കൊള്ളുകില്ല എന്നു പറയുന്നവനെ നോക്കി പിന്നീട് പുലഭ്യം പറയുകയും ചെയ്യുന്ന നമ്മുടെ നവീന കഥാകാരന്മാര്‍ ഇപ്പുസ്തകം വായിക്കണം. ഒരിക്കല്‍ വായിച്ചാല്‍ അവര്‍ പേന താഴെവയ്ക്കും (1974-ലെ വില $5.95, Avon/Bard, Edited by Barbara Howes).

ചോദ്യം, ഉത്തരം

Symbol question.svg.png വിവാഹം കഴിഞ്ഞവളെ എങ്ങനെ തിരിച്ചറിയാം? വിവാഹം കഴിഞ്ഞവനെ അറിയാനുള്ള മാര്‍ഗ്ഗമെന്ത്?

താലി അന്തസ്സില്‍ പ്രദര്‍ശിപ്പിക്കുകയും തലമുടി പകുത്ത രേഖയില്‍ സിന്ദൂരം വാരിത്തേച്ച് തലയുയര്‍ത്തി നടക്കുകയും ചെയ്യുന്നവള്‍ വിവാഹിത. താടിവളര്‍ത്തി മുഷിഞ്ഞ വേഷം ധരിച്ച് ‘എന്റെ ജീവിതം അവസാനിക്കുന്നില്ലല്ലോ’ എന്ന മുഖഭാവത്തോടെ അവളുടെ മുന്‍പില്‍ നടക്കുന്നവന്‍ അവളുടെ ഭര്‍ത്താവ്.

Symbol question.svg.png ജീവിതാസ്തമയത്തില്‍ പല പുരുഷന്മാരും നിശ്ശബ്ദരായി ഏകാന്തത്തില്‍ കഴിയുന്നത് എന്തുകൊണ്ട്? അധ്യാത്മചിന്തകൊണ്ടാണോ?

അല്ല. ദാമ്പത്യജീവിതം പരാജയമായതുകൊണ്ട്. ഭാര്യയോടുമിണ്ടാതിരിക്കാന്‍ വേണ്ടി മറ്റുള്ളവരോടും മിണ്ടുന്നില്ലെന്നു കാണിക്കുന്നു.

Symbol question.svg.png എന്‍. ഗോപാലപിള്ള?

പേനകൊണ്ട് ആരെയും വധിക്കാത്ത സാഹിത്യകാരന്‍. നാക്കുകൊണ്ട് എല്ലാരെയും വധിച്ച ബുദ്ധിമാന്‍.

Symbol question.svg.png സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ വലിയ ക്രിട്ടിക്കാണെന്നു ഭാവിച്ച് തീയറ്ററില്‍നിന്ന് തിടുക്കത്തില്‍ ഇറങ്ങിപ്പോകുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം?

ഒരു സിനിമയും പൂര്‍ണ്ണമായി കാണാതെ മൂല്യം നിര്‍ണ്ണയിക്കാനൊക്കുകയില്ല. പുസ്തകം അവസാനത്തെപ്പുറംവരെ വായിച്ചെങ്കിലേ അതു നല്ലതോ ചീത്തയോ എന്നു തീരുമാനിക്കാനാവൂ.

Symbol question.svg.png Close the door; Shut the door ഇവ തമ്മില്‍ വ്യത്യാസമുണ്ടോ?

ഞാന്‍ ഇംഗ്ളീഷ് പ്രഫെസറാണോ? Close എന്ന വാക്കില്‍ വാതില്‍ അടയ്ക്കുന്നവന്‍ തന്നിലേക്ക് സംക്രമിക്കുന്നതിന്റെ പ്രതീതിയുണ്ട്. Shut എന്ന വാക്കില്‍ അതില്ല. പുറത്തുനിന്നു വരുന്നവരെ തടയാനുള്ള അഭിലാഷമാണ് അതില്‍ മുന്നിട്ടു നില്ക്കുക. പദമുയര്‍ത്തുന്ന നാദമവലംബിച്ചാണ് ഞാനിത് എഴുതുന്നത്. Sit എന്നു കേള്‍ക്കുമ്പോള്‍ വേഗത്തില്‍ അനുഷ്ഠിക്കുന്ന ഒരു പ്രക്രിയയുടെ പ്രതീതി. stand എന്നു കേള്‍ക്കുമ്പോള്‍ സ്വല്പം സമയമെടുത്തുചെയ്യുന്ന പ്രവൃത്തിയുടെ തോന്നല്‍. സ്വരത്തിന്റെ ദീര്‍ഘതയാലാണ് അതുണ്ടാവുക.

Symbol question.svg.png നിങ്ങള്‍ ജ‍ഡ്ജിയായാല്‍ വിധശിക്ഷ വിധിക്കുന്നതെങ്ങനെ?

ഈ പ്രതികൊലപാതകം ചെയ്തവനാണ്. അതുകൊണ്ട് ഇയാളെ വധിക്കേണ്ടതത്രേ. പക്ഷേ, കയറില്‍ തൂക്കുകയോ വെടിവയ്ക്കുകയോ ഇലക്ട്രിക് ചെയറില്‍ ഇരുത്തുകയോ അരുത്. അവയെക്കാളൊക്കെ കഠിനമായ ശിക്ഷയാണ് ഇയാള്‍ക്കു നല്കേണ്ടത്. ദൂരദര്‍ശന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇയാളെ ഒരു ടി.വി. സെറ്റിന്റെ മുന്‍പില്‍ ഇരുത്തണം. വൈകിട്ട് അഞ്ചരമണിതൊട്ട് ഇരുത്തിയാല്‍ മതി. അരമണിക്കൂറോ ഒരു മണിക്കൂറോ കൊണ്ടു മരിച്ചുകൊള്ളും.

ആവശ്യകത — സന്മാര്‍ഗ്ഗത്തിന്റെ പേരില്‍

കാവ്യം വായിച്ചിട്ട് മിഴിനീരു വീണു എന്നു പറഞ്ഞാല്‍ അതു രണ്ടാംതരം സഹൃദയത്വമാണെന്നു ചിലര്‍ പറഞ്ഞേക്കും. എങ്കിലും എനിക്കു പരാതിയില്ല. ടി.കെ. ജയന്തന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ഉള്‍ക്കരച്ചില്‍’ എന്ന കാവ്യം വായിച്ച് ഞാന്‍ കരഞ്ഞു. വൃദ്ധനും മകളും കൂടി ബാങ്ക് ഓഫീസറുടെ മുന്‍പിലെത്തുന്നു; അയ്യായിരം രൂപ നിക്ഷേപിക്കാന്‍. മാസമറുതിക്ക് അവള്‍ വന്നു പലിശ വാങ്ങിക്കൊള്ളുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു ഭര്‍ത്താവിന്റെ പേരുകൂടി ചേര്‍ത്താല്‍ രണ്ടിലൊരാള്‍ക്ക് അതു വാങ്ങാന്‍ കഴിയുമെന്ന് അപ്പോള്‍,

“നൊടിയിട വീര്‍ത്തുവോ, തേങ്ങിയോ തയ്യലാള്‍
നടുപാതിരക്കാറ്റിലില കണക്കെ
‘പട്ടാളക്കാരന്‍, സമാധാനസേനയില്‍ കിട്ടീ ::അശനിപോല്‍ കമ്പിവാര്‍ത്ത ::അടിയന്തരാശ്വാസത്തുകയി...’ തിടര്‍ച്ചയില്‍
മുഴുവന്‍ പറഞ്ഞോ പിതാവു വൃദ്ധന്‍.” ഓഫീസര്‍ പ്രതികരിക്കുന്നു:
“കേട്ടു ഞാന്‍, എന്നാലും കേട്ടില്ലറിയാതെ
നോക്കി വിറയ്ക്കും മിഴികളോടെ
കുങ്കുമമില്ലാത്ത നെറ്റിയില്‍ വാടിയ
ഗണ്ഡത്തിലേറെ വരണ്ട കണ്ണില്‍.”

ഒരു സമകാലിക ദുരന്തത്തെ സഹതാപത്തോടെ ആവിഷ്കരിച്ചതിലാണ് ഈ കാവ്യത്തിന്റെ സവിശേഷതയിരിക്കുന്നത്. പര്യവസാനം ശക്തമല്ലെങ്കിലും ഇതിനാകെ ഒരു moral urgency ഉണ്ട്. അത് നമ്മെ ചിന്തിപ്പിക്കുന്നു. വികാരത്തിലേക്ക് എറിയുന്നു.

വലിയ ദോഷം

അനുഗൃഹീതനായ കഥാകാരന്‍ പി.സി. കുട്ടിക്കൃഷ്ണന്‍ ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. കുങ്കുമം വിശേഷാല്‍പ്രതിക്കു ലേഖനം ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. കുറെനേരം അദ്ദേഹം സംസാരിച്ചു. മലബാര്‍ സുകുമാരന്റെ ‘ആരാന്റെ കുട്ടി’ എന്ന ചെറുകഥയെ വാഴ്ത്തിയിട്ട് കുട്ടിക്കൃഷ്ണന്‍ അദ്ദേഹത്തിന്റെ നേരമ്പോക്കുകളിലേക്കു തിരിഞ്ഞു. സുകുമാരന്‍ ശിരസ്തദാരായിരുന്നല്ലോ. പത്തു രൂപ സ്റ്റാമ്പ് ഒട്ടിക്കേണ്ട ഹര്‍ജിയില്‍ പത്തു രൂപയ്ക്കുള്ള ഒറ്റ സ്റ്റാമ്പു തന്നെ പതിച്ചിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആ നിര്‍ബ്ബന്ധം കണ്ട് ഒരു ഹര്‍ജിക്കാരന്‍ ചോദിച്ചു: ‘എന്താ അഞ്ചുറുപ്പികയുടെ രണ്ടു സ്റ്റാമ്പായാല്‍? സര്‍ക്കാരിന് കിട്ടേണ്ടതു കിട്ടില്ലേ?’ സുകുമാരന്‍ ചിരിച്ചിട്ട് അയാളോടു ചോദിച്ചു: ‘വയസ്സെത്ര?’

ഹര്‍ജിക്കാരന്‍
25
സുകുമാരന്‍
വിവാഹം കഴിഞ്ഞില്ലല്ലോ. പെണ്ണിന് എത്ര വയസ്സുണ്ടായിരിക്കണം?
ഹര്‍ജിക്കാരന്‍
പതിനെട്ട്.
സുകുമാരന്‍
എന്നാല്‍ ഒന്‍പതു വയസ്സുവീതമുള്ള രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചു തന്നാല്‍ തൃപ്തിപ്പെടുമോ?

ഇത്രയും പറഞ്ഞിട്ടു കുട്ടിക്കൃഷ്ണന്‍ ഹൃദ്യമായി ചിരിച്ചു. ആ ചിരിയുടെ തിളക്കം ഇന്നും എന്റെ കണ്ണിന്റെ മുന്‍പിലുണ്ട്. അദ്ദേഹം മാത്രം ഇന്നില്ല.

കാലമേറെക്കഴിഞ്ഞു. ഇന്നു ഞാന്‍ സുകുമാരനോടു ചോദിക്കുകയാണ്: (അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സദയം ക്ഷമിക്കണം. രചനയുടെ ഭംഗിയെ ലക്ഷ്യമാക്കിമാത്രം ഞാന്‍ എഴുതുകയാണ്) അതേ ഞാനൊരു സങ്കല്പസംഭാഷണമെഴുതുകയാണ്. ആദ്യം പറഞ്ഞതുപോലെ മലബാര്‍ സുകുമാരനോട് ഒരു ചോദ്യം:

അങ്ങയുടെ ഭാര്യയ്ക്ക് എത്ര വയസ്സായി?

സുകുമാരന്‍
അമ്പത്.
ഞാന്‍
ഇരുപത്തഞ്ചുവയസ്സു വീതമുള്ള രണ്ടു സുന്ദരികളെ അങ്ങയ്ക്കു തന്നാല്‍ അമ്പതു വയസ്സുള്ള സഹധര്‍മ്മിണിയെ ഉപേക്ഷിച്ചിട്ട് അവരെ സ്വീകരിക്കില്ലേ? സുകുമാരന്‍ സദാചാര തല്‍പരനായിരുന്നതുകൊണ്ട് എന്നെ ആട്ടിപ്പുറത്താക്കുമായിരുന്നു. പക്ഷേ, ‘എന്നാല്‍ അവരെ കൊണ്ടുവരൂ’ എന്നു പറയുന്നവര്‍ ഈ ലോകത്തു ധാരാളം കാണില്ലേ?

ആദ്യമെഴുതിയ യഥാര്‍ത്ഥ സംഭവവും രണ്ടാമത് എഴുതിയ സാങ്കല്പികസംഭവവും രസാവഹമായത് എന്തുകൊണ്ട്? അതിലെ പ്രച്ഛന്നമായ സെക്സു തന്നെ ഹേതു. സെക്സില്ലെങ്കില്‍ ഒന്നും രസാവഹമായിരിക്കില്ല. ‘കാതിലോലാ? നല്ല താളി’ എന്ന ചോദ്യത്തിലും ഉത്തരത്തിലും ശോഭ പ്രസരിപ്പിക്കുന്നത് സെക്സല്ലാതെ മറ്റെന്താണ്? ഇത്തരം നിര്‍ദ്ദോഷമായ ലൈംഗികതയേ സാഹിത്യവാരഫലത്തിലുമുള്ളു. എന്നിട്ടും ചില സദാചാരവ്യസനികള്‍ ‘അയ്യോ സെക്സ്’ എന്നു മുറവിളികൂട്ടുന്നു. അതൊരു മാനസിക ഭ്രംശമായോ റിപ്രെഷനായോ മാത്രം കരുതിയാല്‍മതി.

ഈ നിര്‍ദ്ദോഷമായ ലൈംഗികതയാണ് സി.വി. ബാലകൃഷ്ണന്‍ ദേശാഭിമാനി വാരികയിലെഴുതിയ ‘മെതിയടിപ്പുറത്ത്’ എന്ന കഥയിലും ഉള്ളത്. സ്രാമ്പിക്കല്‍ വലിയ കോയയ്ക്ക് ഒരു കാലത്ത് സുന്ദരിയായ ബീയാത്തുവിനോടു ബന്ധമുണ്ടായിരുന്നു. ഇന്ന് അവള്‍ കോയയുടെ ആശ്രിതന്റെ ഭാര്യയാണ്. മാദകത്വം വിടാത്ത അവളെക്കണ്ട് കോയ ‘അന്തംവിട്ടു’ നില്ക്കുമ്പോള്‍ അയാളുടെ ഭാര്യവന്ന് ‘ഈ മോന്തിക്കു നിങ്ങളാട എന്ത് കാണാന്‍ നിക്ക്വ’ എന്നു ചോദിക്കുന്നു. കള്ളം കണ്ടുപിടിക്കപ്പെട്ട തസ്കരനെപ്പോലെ ഇളിഭ്യനായി കോയ ഭാര്യയുടെ അടുക്കലേക്കു പോകുന്നു. കൊമ്പൊടിഞ്ഞ കാള ചിലപ്പോള്‍ കുത്താന്‍ വരും. സുല്‍ത്താന്മാരുടെ ‘ഹേര’ങ്ങളിലെ ഷണ്ഡന്മാര്‍ അവിടെയുള്ള സുന്ദരിമാരുടെ നേര്‍ക്ക് കാമോത്സുകതയോടെ ചെന്ന കഥകള്‍ ധാരാളം ഞാന്‍ വായിച്ചിട്ടുണ്ട്. സ്രാമ്പിക്കല്‍ വലിയ കോയ കൊമ്പു പോയ കാളയാണ്. അതിന് ഇടിക്കണമെന്നു തോന്നുന്നു. സഹധര്‍മ്മിണി വഴിമുടക്കാന്‍ വന്നതു കഷ്ടമായി. പക്ഷേ, സി.വി. ബാലകൃഷ്ണന്റെ ചെറുകഥ, ചെറുകഥയെന്ന പേരിന് അര്‍ഹതയുള്ളതല്ലെന്ന് ഒരു ദോഷം. കോയയുടെ കാമോത്സുകതയെക്കാള്‍ അതു വലിയ ദോഷം തന്നെ.

കൗതുകമില്ല എനിക്ക്

“പ്രകൃതിയെ പ്രജ്ഞകൊണ്ടു നിയന്ത്രിക്കുക, കൂടുതല്‍ കൂടുതല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുക, ഇവ ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങളായി. ഈ പ്രവര്‍ത്തനത്തിലൂടെ മനുഷ്യനും സ്വയം വസ്തുവായി മാറി. വസ്തുവിന് കീഴ്പ്പെട്ടുപോയി ജീവിതം. ‘നേടുക’യെന്നത് (to have) ‘ആയിരിക്കുക’ (to be) എന്നതില്‍ ആധിപത്യം സ്ഥാപിച്ചു. ജീവിതത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അന്യൂനാവസ്ഥയാണെന്ന് പടിഞ്ഞാറന്‍ സംസ്കാരവും — ഗ്രീക്ക് സംസ്കാരവും ഹീബ്രു സംസ്കാരവും — കരുതി. എന്നാല്‍ ആധുനിക മനുഷ്യന്‍ വസ്തുക്കളുടെ അന്യനാവസ്ഥയിലാണ് താല്‍പര്യം കാണിക്കുക; അവയെ (വസ്തുക്കളെ) നിര്‍മ്മിക്കുന്നതിനെസ്സംബന്ധിച്ച അറിവിലും... സത്യത്തില്‍ താനെന്തിനു ജീവിക്കുന്നുവെന്ന് ഒരുത്തനും അറിഞ്ഞുകൂടാ. അവനുലക്ഷ്യമില്ല. അരക്ഷിതാവസ്ഥയില്‍ നിന്നും ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനുള്ള ആഗ്രഹം മാത്രമേ അവനുള്ളു. “മഹാനായ എറിക് ഫ്രെമ്മിന്റെ ഈ വാക്കുകള്‍ ഐഡന്റിറ്റി (അനന്യത) നഷ്ടപ്പെട്ട മനുഷ്യന്റെ ചിത്രം വരയ്ക്കുന്നു. ഈ ആശയം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രചുര പ്രചാരമാര്‍ന്നത് ഏതാണ്ട് നാല്പതു കൊല്ലം മുന്‍പാണ്. അന്ന് അതിനെ അവലംബിച്ച് നോവലുകളും ചെറുകഥകളും ധാരാളമുണ്ടായി. മാക്സ് ഫ്രിഷിന്റെ I’m not stiller എന്ന നോവല്‍ ഈ അനന്യതയുടെ നാശത്തെ കലാത്മകമായി സ്ഫുടീകരിക്കുന്നു. ഫ്രിഷിന്റെ നോവലിനു മുന്‍പും പിന്‍പും പല കൃതികളും ഈ ചിന്താഗതിയെ അവലംബിച്ച് ആവിര്‍ഭവിച്ചു.

യൂറോപ്പിലുണ്ടാകുന്ന ഏതാശയവും ഇങ്ങോട്ടുപകര്‍ത്താന്‍ തല്‍പരരായിരിക്കുകയാണ് ഇവിടത്തെ എഴുത്തുകാര്‍. പക്ഷേ, അല്പം വൈകും. ഫ്രഞ്ച് ഭാഷയിലോ ജര്‍മ്മന്‍ ഭാഷയിലോ രചിക്കപ്പെടുന്ന കൃതികള്‍ ഇംഗ്ളീഷിലേക്കു തര്‍ജ്ജമചെയ്യാന്‍ കാലം കുറച്ചെങ്കിലുമാകുമല്ലോ. അവ കേരളത്തിലെത്താന്‍ അതിലും വൈകും. എത്തിക്കഴിഞ്ഞാല്‍ ഉടനെ ഇവിടെയുള്ളവര്‍ ‘ലോസ് ഒഫ് ഐഡന്റിറ്റി’ എന്ന വിഷയത്തെ അവലംബിച്ചു കൊണ്ട് കഥകളും നോവലുകളും പടച്ചു വിടും. യൂറോപ്പില്‍ ഈ ആശയത്തിന്റെ സാംഗത്യം നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ വൈകിയ വേളയിലാണ് എന്‍.പി. തമ്പി ‘അപരിചതന്‍’ എന്ന കഥയുമായി രംഗപ്രവേശം നടത്തുന്നത് (കലാകൗമുദി). ഒരു വാദ്ധ്യാര്‍ക്ക് ഐഡന്റിറ്റി ഇല്ല; സമുദായം നിര്‍മ്മിച്ചുകൊടുക്കുന്ന ഐഡന്റിറ്റിയേ അയാള്‍ക്കുള്ളു എന്ന ആശയം ഭേദപ്പെട്ട രീതിയില്‍ കഥാകാരന്‍ പ്രതിപാദിച്ചിരിക്കുന്നു. ഇതേ ആശയത്തിന്റെ ആവിഷ്കാരം വേറെ പലയിടങ്ങളിലും കണ്ടിട്ടുള്ള എനിക്ക് ഇക്കഥ ഒരു കൗതുകവും ജനിപ്പിച്ചില്ല.

നിര്‍വ്വചനങ്ങള്‍, നിരീക്ഷണങ്ങള്‍

മലയാളം സംസ്കൃതത്തെപ്പോലെ മൃതഭാഷയാകാനാണ് സാദ്ധ്യത. ചില മലയാള സാഹിത്യകാരന്‍മാരുടെ കഥകളും ലേഖനങ്ങളും വായിച്ചാല്‍ അത് ഇംഗ്ളീഷോ മലയാളമോ എന്ന് സംശയം തോന്നും. കൂടുതലും ഇംഗ്ളീഷ് വാക്യങ്ങളായിരിക്കും. എന്നാല്‍ പിന്നെ ഇവര്‍ക്ക് മുഴുവനും ഇംഗ്ളീഷില്‍ തന്നെ എഴുതിക്കൂടെ. എന്തിനിങ്ങനെ ഭാഷാദ്രോഹം ചെയ്യുന്നു.

ചങ്ങമ്പുഴ
മലയാളഭാഷയുടെ മാധുര്യം അദ്ദേഹത്തിന്റെ കവിതയിലുള്ളതുപോലെ വേറെ ഒരു കവിതയിലുമില്ല. കേരളത്തിനു മാത്രമേ ഇമ്മട്ടിലൊരു പുത്രനുണ്ടാകൂ.
റ്റി.എസ്. എല്‍യറ്റ് (Eliot)
കുറേക്കാലം മുമ്പു കവിയായിരുന്നു. ഇപ്പോള്‍ കവിയെന്ന നിലയില്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു. നൂറു കൊല്ലം കഴിയുമ്പോഴും ഷെല്ലി ഉണ്ടായിരിക്കും എല്‍യറ്റ് കാണുകില്ല. എലിയറ്റ് എന്നെഴുതി അദ്ദേഹത്തെ എലി അറ്റതാക്കാതിരുന്നാല്‍ നല്ലത്.
പി. കേശവദേവ്
ശുദ്ധാത്മാവായ സാഹിത്യകാരന്‍. താനൊരു ടോള്‍സ്റ്റോയിയാണെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം ഇവിടം വിട്ടുപോയത്.
ബുക്ക് റിവ്യൂ
വിദഗ്ദ്ധന്‍ എഴുതിയ പുസ്തകത്തെ അവിദഗ്ദ്ധന്‍ വാക്കുകള്‍ കൊണ്ട് എറ്റുന്ന ഏര്‍പ്പാട് (ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ തന്റെ ഒരു പുസ്തകവും മറ്റൊരാളെക്കൊണ്ട് റിവ്യൂ ചെയ്യിച്ചില്ല. തന്നെക്കാള്‍ മോശക്കാരാണ് കേരളത്തിലെ പറ്റിയെഴുത്തുകാരെന്ന് അദ്ദേഹം ഗ്രഹിച്ചിരുന്നു).
അവതാരികകള്‍
മഹാകവികളും മഹാപണ്ഡിതന്മാരും ജീവിച്ചിരുന്നകാലത്ത് അവരെയൊന്ന് എത്തിനോക്കാന്‍ പോലും അര്‍ഹതയില്ലാതിരുന്നവര്‍ അവര്‍ മരിച്ചു എന്നതു സൗകര്യമാക്കിക്കൊണ്ട് അവരുടെ ഉജ്ജ്വലങ്ങളായ കൃതികളില്‍ ചേര്‍ത്തുവയ്ക്കുന്ന മാലിന്യങ്ങള്‍. (ഒരിക്കല്‍ മഹാകവി കുമാരനാശാന്റെ മകന്‍ പ്രഭാകരന്‍ എന്നോട്, ആവശ്യപ്പെട്ടു ‘ചിന്താവിഷ്ടയായ സീത’യ്ക്ക് അവതാരിക എഴുതിക്കൊടുക്കണമെന്ന്. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: ‘ആശാന്‍ ജീവിച്ചിരുന്നെങ്കില്‍ എന്നെക്കൊണ്ട് അവതാരിക എഴുതിക്കുമായിരുന്നോ?’ പ്രഭാകരന്‍ കുറെനേരം മിണ്ടാതിരുന്നിട്ട് അങ്ങുപോയി. എന്റെ ചോദ്യം ശരിയെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം.)
വി.എസ്. നൈപൊള്‍
ഒരു വെസ്റ്റിന്‍ഡ്യന്‍ നോവലിസ്റ്റ്. നോബല്‍ സമ്മാനം വാങ്ങാന്‍ കൈയും നീട്ടി ഇരിക്കുന്നു. അദ്ദേഹം താമസിക്കുന്ന വീട്ടിന്റെ മുമ്പില്‍ ‘ഒരു പത്താംതരമെഴുത്തുകാരന്‍’ എന്ന ബോര്‍ഡ് വയ്ക്കാന്‍ എനിക്കാഗ്രഹം. നൈപൊളിന്റെ A Turn in the South എന്ന പുതിയ പുസ്തകം ഞാന്‍ വായിച്ചു. അതു വാങ്ങിയ പണംകൊണ്ട് ഏതെങ്കിലും ടോണിക് വാങ്ങിക്കഴിച്ചാല്‍ മതിയായിരുന്നു.

കൃതജ്ഞത

ഫ്രഞ്ചെഴുത്തുകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന ഷാതോബ്രീയാങ്ങിന്റെ ആത്മകഥ — The Memoirs of Chateau Briand — സംസ്കാരത്തില്‍ താല്പര്യമുള്ളവരെല്ലാം വായിച്ചിരിക്കണം. അത്രയ്ക്ക് അതു മനോഹരവും പ്രൗഢവുമാണ്. ഫ്രഞ്ചു വിപ്ളവം നേരിട്ടുകണ്ടയാളാണ് ഷാതോബ്രീയാങ്. അദ്ദേഹം മാറി ആങ്ത്വാനത് രാജ്ഞിയെ (Marie, Antoinette, 1755–93) കണ്ടതു വര്‍ണ്ണിക്കുന്നു: “I shall never forget that look of hers which was soon to be extinguished. Marie-Antoinette, when she smiled, shaped her lips so clearly that, horrible to relate, the recollection of that smile enabled me to recognize the jawbone of the daughter of kings when the head of the unfortunate woman was discovered in the exhumations of 1815.”

ഇനി വേറൊരു രംഗം. വിപ്ളവകാരികള്‍ രണ്ടുപേരുടെ തലകള്‍ മുറിച്ചെടുത്ത് കമ്പികളില്‍ കോര്‍ത്തു വച്ച് ആഹ്ലാദാതിരേകത്തോടെ വരികയായിരുന്നു. ഷാതോ ബ്രീയാങ് ഒരു ഹോട്ടലിന്റെ ജന്നലിനു പിറകില്‍ നില്ക്കുന്നു. വിപ്ല്വകാരികള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നിന്നിട്ട് തലകള്‍ കോര്‍ത്ത കമ്പികള്‍ അദ്ദേഹത്തിന്റെ മുഖത്തിനടുത്തേക്കു കൊണ്ടുചെന്നു. അവര്‍ പാടുന്നു, ചാടുന്നു, നൃത്തം വയ്ക്കുന്നു. ഒരു മുഖത്തില്‍ നിന്ന് കണ്ണു തൂങ്ങിവെളിയില്‍ കിടക്കുകയാണ്. തുറന്ന വായിലൂടെ കടന്നുവന്ന കമ്പിയില്‍ ശവത്തിന്റെ പല്ലുകള്‍ അമര്‍ന്നിട്ടുണ്ട്. ഷാതോബ്രീയാങ്ങിനു വല്ലാത്ത കോപം വന്നു. അദ്ദേഹം ചോദിച്ചു:- “കവര്‍ച്ചക്കാരേ, ഇതാണോ സ്വാതന്ത്ര്യം?’ അവര്‍ ഹോട്ടലിന്റെ അടച്ച വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു. ഷാതോബ്രീയാങിന്റെ തലകൂടി കമ്പിയില്‍ കോര്‍ത്തുകൊണ്ടു പോകാനായിരുന്നു അവരുടെ ആഗ്രഹം. ഭാഗ്യത്താല്‍ അദ്ദേഹം രക്ഷപ്പെട്ടു.

ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍പോലെയാണ് ഇവയൊക്കെ. പ്രാചീനങ്ങളായ യഥാര്‍ത്ഥ സംഭവങ്ങള്‍ ഷാതോ ബ്രീയാങ്ങിനെപ്പോലുള്ളവര്‍ വര്‍ണ്ണിച്ചു വച്ചത് നമ്മുടെ ഭാഗധേയം എന്നേ പറയേണ്ടു.

ഇതുപോലെ വായിക്കേണ്ട പുസ്തകമാണ് Pages from the Goncourt Journal. എദ്മങ് ഗൊന്‍കുറും അദ്ദേഹത്തിന്റെ സഹോദരനായ ഷ്യൂള്‍ ഗൊന്‍കൂറും ചേര്‍ന്നെഴുതിയ ഈ ജേണലില്‍ അക്കാലത്തെ പല സാഹിത്യനായകന്മാരുടെയും കാര്യങ്ങള്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ‘മദാം ബൂവറി’ എന്ന തന്റെ നോവലിനെക്കുറിച്ച് ഫ്ളോബര്‍ അവരോട് പറഞ്ഞതു കേള്‍ക്കുക: Flaubert told us that while writing the description of the poisoning of Mme Bovary, he had felt a pain as if he had a copper plate in his stomach, a pain which had made him vomit twice over.