സാഹിത്യവാരഫലം 1991 08 25
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1991 08 25 |
ലക്കം | 832 |
മുൻലക്കം | 1991 08 18 |
പിൻലക്കം | 1991 09 01 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
മനുഷ്യന്‍ ഈശ്വരനാണ്; അതേസമയം പിശാചും...ഈ വൈരുദ്ധ്യം പ്രതിപാദിക്കാത്ത വലിയ എഴുത്തുകാരില്ല.
ഇക്കാലത്തെപ്പോലെ പ്ളാസ്റ്റിക് കൂടുകളിലല്ല അക്കാലത്ത് മില്‍മ പാലുവിതരണം ചെയ്തിരുന്നത്. ആകര്‍ഷകങ്ങളായ കുപ്പികളില്‍ പാലുനിറച്ച് ബൂത്തിന്റെ സിലില്‍ (sill) വച്ചിരിക്കും. വെണ്മയാര്‍ന്ന ആ പാല്ക്കുപ്പികള്‍ കാണുമ്പോഴൊക്കെ പണ്ട് ആശുപത്രികളില്‍ ജോലി നോക്കിയിരുന്ന യൂറോപ്യന്‍ നേഴ്സുകളെ ഞാന്‍ ഓര്‍മ്മിക്കും. അങ്ങനെ നിരത്തിവച്ച കുപ്പികള്‍ക്കിടയില്‍ വിരലമര്‍ത്തിക്കൊണ്ട് അവള്‍ — ഏതോ വീട്ടില്‍ നല്ലപോലെ നിറുത്തിയിരിക്കുന്ന പരിചാരിക — “രണ്ടുകുപ്പിപ്പാല്” എന്നു മൊഴിഞ്ഞു. നെയ്ല്‍ പോളിഷ് ഇട്ടവിരലുകള്‍ രണ്ടു കുപ്പികളിലും പനിനീര്‍പ്പൂക്കളുണ്ടാക്കി. അതുകണ്ട ഞാന്‍ വിചാരിച്ചു ഇവള്‍ വീട്ടില്‍ച്ചെന്ന് ഓരോ അരിയും വിരല്‍കൊണ്ടു നീക്കിവയ്ക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ ഓരോ അരിമണിയും ഓരോ സ്വര്‍ണ്ണമണിയായിത്തീരില്ലേ? തീരും എന്നതിനു സംശയം വേണ്ട. മുറത്തിന്റെ ഒരറ്റത്തേക്കു ചെല്ലുമ്പോള്‍ അവ വീണ്ടും അരിമണികളായി മാറും. ഫ്രിജിയന്‍ രാജാവ് മൈദസ് എന്തുതൊട്ടാലും സ്വര്‍ണ്ണമായി മാറും. ഇവള്‍ക്കു താല്‍കാലികമായി പനിനീര്‍പ്പൂക്കളുണ്ടാക്കാന്‍ കഴിയും. താല്‍കാലികമായി അരിമണികളെ സ്വര്‍ണ്ണമണികളാക്കാന്‍ കഴിയും. അനുഗ്രഹീതനായ കവി വെറും വാക്കുകളെ മാന്ത്രികസ്പര്‍ശംകൊണ്ട് എല്ലാക്കാലത്തേക്കും സ്വര്‍ണ്ണമാക്കി മാറ്റുന്നതു നോക്കുക:
“കന്യമാര്‍ക്കു നവാനുരാഗങ്ങള്‍ കമ്രശോണസ്ഫടികവളകള്‍/ഒന്നുപൊട്ടിയാല്‍ മറ്റൊന്ന്...”
Contents
വൈരുദ്ധ്യം
മനുഷ്യന്‍ ഈശ്വരനാണ്; അതേസമയം പിശാചും. ഒരാള്‍ ‘മേഘസന്ദേശ’മെഴുതുകയും മറ്റൊരാള്‍ നൗഖാലിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ ചുവരില്‍ ചേര്‍ത്തുവച്ച് ആണിയടിക്കുകയും ചെയ്യുന്ന വൈരുദ്ധ്യമല്ല ഞാന്‍ ലക്ഷ്യമാക്കുന്നത്. ഒരാളില്‍ത്തന്നെയുള്ള ഐശ്വരാംശവും പൈശാചികത്വവുമാണ് ഞാനുദ്ദേശിക്കുന്നത്. ഈ വൈരുദ്ധ്യം പ്രതിപാദിക്കാത്ത വലിയ എഴുത്തുകാരില്ല. യുഗോയുടെ ‘പാവങ്ങള്‍’ എന്ന നോവല്‍ നോക്കുക. പത്തൊന്‍പതുകൊല്ലം കാരാഗൃഹത്തില്‍ കിടന്നിട്ട് മഞ്ഞപ്പാസ്പോര്‍ട്ടുമായി പുറത്തേക്കുപോന്ന ഷാങ്വല്‍ഷാങ് തന്നെ സ്നേഹിച്ച മെത്രാന്റെ വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചു. അയാളെ പൊലിസ് പിടിച്ചു മെത്രാന്റെ മുന്‍പില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം വെള്ളി മെഴുകുതിരിക്കാലുകള്‍ എടുത്തു കൊടുത്തിട്ട് ‘ഇതും ഞാന്‍ നിങ്ങള്‍ക്കു തന്നതാണല്ലോ. എന്തേ കൊണ്ടുപോകാത്തത്?’ എന്നുചോദിച്ച് അയാളെ രക്ഷിച്ചു. അതോടെ തീക്ഷ്ണപ്രകാശത്തില്‍പ്പെട്ടു കണ്ണുകാണാത്തവനെപ്പോലെയായി ഷാങ്വല്‍ഷാങ്. ബിഷപ്പിന്റെ ഭവനത്തില്‍നിന്നു തെരുവിലേക്കു പോന്ന അയാള്‍ ആദ്യം ചെയ്തത് ഒരു ബാലന്റെ നാണയം അപഹരിക്കുക എന്നതായിരുന്നു. മനുഷ്യസ്വഭാവത്തിന്റെ വൈരുദ്ധ്യം!
ഷാങ്വല്‍ഷാങ് പിന്നീട് ഒരു നഗരത്തിന്റെ മേയറായി. മേയറായിരിക്കുമ്പോള്‍ അയാള്‍ അറിഞ്ഞു തന്റെ പേരുള്ള ഒരുത്തനെ പിടികൂടി ശിക്ഷിക്കാന്‍ പോകുന്നുവെന്ന്. താനാണ് കുറ്റക്കാരന്‍; നിരപരാധന്‍ ജയിലില്‍ കിടക്കാന്‍പോകുന്നു. അയാളെ രക്ഷിക്കാനായി ഷാങ്വല്‍ഷാങ് പാഞ്ഞുപോകുമ്പോള്‍ അയാള്‍ക്കു വേറൊരു കുതിരയെ വേണ്ടിവന്നു. അതിന് അയാളെ സഹായിച്ച ഒരു കുട്ടി പ്രതിഫലം ചോദിച്ചിട്ടും അതു കൊടുക്കാതെയാണ് അയാള്‍ പോയത്. അതേസമയം താന്‍ മേയറായ പട്ടണത്തില്‍ ആരെങ്കിലും കഷ്ടപ്പെടുന്നുവെന്നറിഞ്ഞാല്‍ ഷാങ്വല്‍ഷാങ് അവന്റെ വീട്ടില്‍ ആരുമറിയാതെ ചെന്ന് സ്വര്‍ണ്ണനാണയം മേശപ്പുറത്തുവച്ചിട്ടു പോരും. ഇവിടെയും മനുഷ്യസ്വഭാവത്തിന്റെ വൈരുദ്ധ്യം കാണുന്നു നമ്മള്‍.
കലയെന്ന നിലയില്‍ ഭാവനാത്മകമായി ആശയാവിഷ്ക്കാരം നടത്തുമ്പോഴാണ് അനുവാചകഹൃദയം വേഗമാര്‍ന്ന് സ്പന്ദിക്കുന്നത്.
മീഗല്‍ ദെ തെര്‍വാന്റസിന്റെ (Miguel de Cervantes) ദോണ്‍ കീ ഹോട്ടെ (Don Quixote) എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങളായ ദോണ്‍ കീ ഹോട്ടെയും സാന്‍ചൊ പാന്‍തായും (Sncho Panza) ഒരു വ്യക്തിയില്‍ത്തന്നെയുള്ള വൈരുദ്ധ്യത്തിനാണ് പ്രാതിനിധ്യം വഹിക്കുന്നത്. പട്ടിക്കുട്ടിയെ കാറിലിരുത്തിക്കൊണ്ടു പോകുകയും പൂച്ചക്കുട്ടിയെ കൂടെക്കിടത്തുകയും ചെയ്യുന്ന വീട്ടമ്മ കോഴിയുടെ കഴുത്തു കണ്ടിച്ചു ഫ്രൈ ഉണ്ടാക്കുകയും അതു രുചിയോടെ ഭക്ഷിക്കുകയും ചെയ്യുന്നു. മഹത്ത്വമുള്ള മനുഷ്യന്‍ ക്രൂരനായി പെരുമാറും. ജന്മവാസനയ്ക്കു യോജിച്ച രീതിയില്‍ എന്തും ചെയ്യുന്നവന്‍ യുക്തിക്കു യോജിച്ച രീതിയില്‍ നൃശംസതയില്‍ നിന്നു മാറിനില്ക്കും. സന്ന്യാസി ബലാത്സംഗത്തിനു ഒരുമ്പെട്ടാല്‍ അതിലദ്ഭുതപ്പെടേണ്ടതില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ.ബാലകൃഷ്ണന്‍ എഴുതിയ ‘മൂര്‍ത്തീദമ്പതികള്‍’ എന്ന ചെറുകഥയിലും കാണാം ഈ വൈരുദ്ധ്യ പ്രതിപാദനം. ചര്‍ക്ക കറക്കി നൂലു നൂല്ക്കുകയും ആധ്യാത്മികജീവിതം നയിക്കുകയും ചെയ്യുന്നവരാണ് മൂര്‍ത്തിയും അയാളുടെ ഭാര്യയും. പക്ഷേ സ്വന്തം പട്ടി ഒരു ചത്ത എലിയെ കടിച്ചുതിന്നപ്പോള്‍ ആ സ്ത്രീ അതിനെ തല്ലിക്കൊല്ലുന്നു. അവിടെ യുക്തിയല്ല, ജന്മവാസനയാണ് ജയിക്കുക. മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവം ഇതായതുകൊണ്ടാണ് ബുദ്ധനും ക്രിസ്തുവും ഗാന്ധിജിയും ഉദ്ബോധനങ്ങള്‍ നടത്തിയിട്ടും അവര്‍ അണുപോലും വ്യതിചലിക്കാത്തത്.
ബാലകൃഷ്ണന്റെ ആശയം നന്ന്. പക്ഷേ പ്രതിപാദനം നന്നല്ല. ജീവനില്ലാത്ത ഒരു കഥയായി മാത്രം ഞാനിതിനെ കാണുന്നു. കലയെന്ന നിലയില്‍ ഭാവനാത്മകമായി ആശയാവിഷ്കാരം നടത്തുമ്പോഴാണ് അനുവാചകഹൃദയം വേഗമാര്‍ന്നു സ്പന്ദിക്കുന്നത്. അത് ഈ രചനയില്‍ നിന്ന് ഉണ്ടാകുന്നില്ല.
പറയുന്നത്–മനസ്സിലുള്ളത്
- ഡോക്ടര്‍ (രോഗിയോട്)
- ഞാന്‍ സ്പെഷലിസ്റ്റിനു എഴുത്തു തരാം. ഞാന്‍ തന്നെ ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതാണത്.
[ഡോക്ടറുടെ മനസ്സിലുള്ളത്: തന്റെ രോഗമെന്തെന്ന് എനിക്ക് അറിഞ്ഞുകൂടാ. വേറൊരുത്തന്റെ അടുത്തു പോടോ.]
- ഓഫീസര്‍ (അപേക്ഷയില്‍ എന്തു തീരുമാനിച്ചുവെന്നറിയാന്‍ വന്നവനോട്)
- മഴയല്ലേ സ്റ്റാഫ് മുഴുവനുമെത്തിയിട്ടില്ല. രണ്ടുദിവസം കഴിഞ്ഞുവരൂ.
[ഓഫീസറുടെ മനസ്സില്‍: എന്റെ കൊള്ളരുതായ്മ കൊണ്ട് എല്ലാവരും എന്നും ലീവിലാണ്. സമാധാനം ചോദിച്ചാല്‍, ലീവ് കൊടുക്കാതിരുന്നാല്‍ അവര്‍ എന്നെ ഘേരാവോ ചെയ്യാം. ഉപദ്രവിക്കാതെ സ്ഥലം വിടടോ:]
- മാന്യനായി കഴിയുന്നവന്‍ (കടം ചോദിക്കുന്നയാളിനോട്)
- ഇന്നലെ ചോദിച്ചിരുന്നെങ്കില്‍ ആയിരമോ രണ്ടായിരമോ തരാമായിരുന്നു.
[മാന്യന്റെ മനസ്സില്‍: ഇന്നു ബസ്സ്കൂലിക്കു പോലും പൈസയില്ല എന്റെ കൈയില്‍. ഇന്നലെയല്ല ശതാബ്ദങ്ങളായി ഞാന്‍ ദാരിദ്ര്യം അനുഭവിക്കുന്നവനാണ്.]
- പുരുഷന്‍ (തരുണിയോട്)
- സാരി എത്ര മനോഹരം!
[പുരുഷന്റെ മനസ്സില്‍: നിന്നെ കണ്ടിട്ട് എനിക്കു കാമവികാരമിളകുന്നു.]
- ഞാന്‍ (അതിഥിയോട്)
- എന്റെ ഈ വീട് ഒഴിഞ്ഞ പ്രദേശത്താണ്. അതുകൊണ്ട് ഉപദ്രവമില്ലാതെ വായിക്കാം. എഴുതാം. മുന്‍വശത്തു വയല്‍. നാലുചുറ്റും മരങ്ങള്‍. വീടാണെങ്കില്‍ ചെലവുകുറഞ്ഞ ബേക്കര്‍ മോഡല്‍. എന്റെ ഭാഗ്യം.
[എന്റെ മനസ്സില്‍: ഒഴിഞ്ഞ പ്രദേശത്തു വാങ്ങിച്ചതുകൊണ്ട് സെന്റിന് മൂവായിരം രൂപയ്ക്കു കിട്ടി. ഈ പ്രദേശത്തേക്കു ആരും തിരിഞ്ഞുനോക്കുന്നില്ല. വയലിലെ ചെള്ളും കൊതുകും കടിച്ച് എനിക്ക് ഉറക്കമില്ല. മരങ്ങള്‍ മറിഞ്ഞുവീണ് ഏതു സമയത്തും ഞാന്‍ മരിക്കാം. പണം കുറവായതുകൊണ്ട് ബേക്കര്‍ മോഡല്‍. ഫലം ഞാന്‍ കഷ്ടപ്പെട്ടു വാങ്ങിയ പുസ്തകം മുഴുവനും ചിതല്‍ തിന്നുകഴിഞ്ഞു.]
- ഹോട്ടല്‍ബോയ് (കടയില്‍ കയറിയവനോട്)
- ചൂടാന ഇഡ്ഡലി ഇരുക്ക് സാര്‍.
[അവന്റെ മനസ്സില്‍: ഉച്ചയ്ക്കു മിച്ചംവന്ന ചോറ് ഉടമ ഇഡ്ഡലിയാക്കി വച്ചിട്ടുണ്ട്. കഴിക്ക് വയറ്റുവേദന വരുത്ത്.]
നാലാങ്കല്‍
നാലാങ്കല്‍ കൃഷ്ണപിള്ളസ്സാറ് മരിച്ചിട്ട് ഒരുമാസം തികയുന്നു ഇന്ന് (2–2–1991). ഇതുവരെയും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയില്ല. അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ പുത്രന്‍ ഡോക്ടര്‍ ശബരീനാഥ് എന്ന റ്റെലിഫോണിലൂടെ അറിയിച്ചിട്ടും ഞാന്‍ പോയില്ല. പനിപിടിച്ചു ഞാന്‍ കിടപ്പിലായിരുന്നു. ഒരു സഞ്ചയനത്തിനും പോകരുതെന്നു ഞാന്‍ വളരെക്കാലം മുന്‍പ് തീരുമാനിച്ചതുകൊണ്ട് സാറിന്റെ സഞ്ചയനകര്‍മ്മത്തിനും ഞാന്‍ ചെന്നില്ല. അതു കൊണ്ട് എന്റെ ഗുരുനാഥനായ അദ്ദേഹത്തോട് എനിക്കു സ്നേഹമില്ല. ബഹുമാനമില്ല എന്ന് വരുന്നില്ല. ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചില ഗുരുനാഥന്മാരില്‍ പ്രധാനനാണ് നാലാങ്കല്‍ കൃഷ്ണപിള്ള അവര്‍കള്‍.
നാലാങ്കല്‍ കൃഷ്ണപിള്ള എന്ന പേരുവച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അക്കാലത്ത് — 1938-ല്‍ — കവിതകള്‍ വന്ന സന്ദര്‍ഭം. ആ കവിതകള്‍ ഞാനും എന്റെ സുഹൃത്തുമായ ശ്രീ. ഈ.ഐ. ജോര്‍ജ്ജും വായിച്ചുരസിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അവയുടെ രചയിതാവ് ഞങ്ങളുടെ അധ്യാപകനായി വന്നു. ചരിത്രമാണ് സാറിന്റെ വിഷയമെങ്കിലും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത് ഇംഗ്ളീഷായിരുന്നു. കോണ്‍ക്രീറ്റ് കൊണ്ടുനിര്‍മ്മിച്ച മനസ്സുകളായിരുന്നു പല വിദ്യാര്‍ത്ഥികള്‍ക്കും. അതില്‍ ഇംഗ്ളീഷ് കവിതയുടെ പൂക്കള്‍ വിരിയിച്ച പ്രതിഭാശാലിയായിരുന്നു നാലാങ്കല്‍സ്സാറ്. ഞാനും എന്റെ കൂടെപ്പഠിച്ചവരും അദ്ദേഹത്തെ ഇന്നോര്‍മ്മിക്കുന്നത് ആ വൈദഗ്ദ്ധ്യത്താല്‍ത്തന്നെയാണ്.
കവിതയിലും സൌന്ദര്യത്തിന്റെ പുഷ്പങ്ങള്‍ വിടര്‍ത്തി അദ്ദേഹം. ആ പൂക്കള്‍ക്കു സൌരഭ്യമുണ്ട് സൌന്ദര്യമുണ്ട്. പക്ഷേ കേരളീയര്‍ ആ പരിമളവും ഭംഗിയും വേണ്ടപോലെ ആസ്വദിച്ചോ എന്നു സംശയം. ആസ്വദിച്ചെങ്കില്‍ നാലാങ്കല്‍സ്സാറ് ഇന്നാര്‍ജ്ജിച്ച യശസ്സിനെക്കാള്‍ കൂടുതല്‍ യശസ്സ് ആര്‍ജ്ജിക്കുമായിരുന്നു. ഭാരതീയ സംസ്കാരത്തില്‍നിന്ന് ജീവിതത്തെയും അതിനോടു ബന്ധപ്പെട്ട സത്യത്തെയും വലിച്ചെടുത്തു നമ്മുടെ മുന്‍പില്‍ വച്ച കവിയായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.
മനുഷ്യനെന്ന നിലയില്‍ ശുദ്ധാത്മാവ്. ഒരുദിവസം തിരുവനന്തപുരത്തെ സബ്ബ് ട്രഷറിയില്‍ അദ്ദേഹം സഹധര്‍മ്മിണിയുമായി വന്നു. “നാലാങ്കല്‍സ്സാറ്, നാലാങ്കല്‍സ്സാറ്” എന്ന് അദ്ദേഹത്തെ നേരിട്ടറിയാത്തവരും അടക്കിയ സ്വരത്തില്‍ ബഹുമാനത്തോടെ പറയുന്നതു ഞാന്‍ കേട്ടു. ഒരാള്‍ കസേരയെടുക്കാന്‍ ഓടിപ്പോയി. അതു കൊണ്ടുവരുന്നതിനു മുന്‍പ് സാറ് ശക്തിക്കുറവുകൊണ്ട് താഴെ വീണുപോയി.
കോണ്‍ക്രീറ്റുകൊണ്ട് നിര്‍മ്മിച്ച മനസ്സുകളായിരുന്നു പല വിദ്യാര്‍ത്ഥികള്‍ക്കും അതില്‍ ഇംഗ്ളീഷ് കവിതയുടെ പൂക്കള്‍ വിരിയിച്ച പ്രതിഭാശാലിയായിരുന്നു നാലാങ്കല്‍സ്ലാറ്... കവിതയിലും സൗന്ദര്യത്തിന്റെ പൂക്കള്‍ വിടര്‍ത്തി അദ്ദേഹം ആ പൂക്കള്‍ക്ക് സൗരഭ്യമുണ്ട്, സൗന്ദര്യമുണ്ട്. പക്ഷേ കേരളീയര്‍ ആ പരിമളവും ഭംഗിയും വേണ്ടപോലെ ആസ്വദിച്ചോ എന്ന് സംശയം.
അവിടിരുന്നുകൊണ്ട് “തിടുക്കമൊന്നുമില്ല. സൗകര്യംപോലെ ഡി.എ. കുടിശ്ശിക എത്രയുണ്ടെന്നു കണക്കാക്കിത്തന്നാല്‍ മതി” എന്ന് പറയുന്നുണ്ടായിരുന്നു. വാര്‍ദ്ധക്യത്തോടും ശക്തിരാഹിത്യത്തോടും ചേര്‍ന്ന അസഹിഷ്ണുത അദ്ദേഹം കാണിച്ചതേയില്ല. ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ച്ചെന്നു കൈകള്‍ കൂപ്പിനിന്നു. സാറ് എന്റെ കൈകള്‍ ഗ്രഹിച്ച് “കൃഷ്ണന്‍നായര്‍ മാത്രമേ എന്നെക്കുറിച്ചു വല്ലപ്പോഴുമെങ്കിലും എഴുതുന്നുള്ളു. നിങ്ങള്‍ എന്റെ ശിഷ്യനാണെങ്കിലും താങ്ക്സ് പറയുന്നു.” എന്നു പറഞ്ഞു.
നാലാങ്കല്‍സ്സാറിന്റെ “രഥ”മെന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ട്. ചെറുപ്പക്കാര്‍ മരണത്തെ നിഷേധിക്കും. അനുഭവസമ്പത്തുള്ള വൃദ്ധരായ കവികള്‍ അത് മുന്‍പിലെത്തിയ സത്യമായി ദര്‍ശിക്കും. ആ ദര്‍ശനമാണ് ഇക്കാവ്യത്തിലുള്ളത്. സാറ് വളരെക്കാലമായി ആ ദര്‍ശനത്തെക്കുറിച്ച് എഴുതുകയായിരുന്നു. ഇപ്പോള്‍ അത് സാക്ഷാത്കരിച്ച് നമ്മുടെയിടയില്‍നിന്ന് അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നു. വേദവേദാന്തങ്ങള്‍ പ്രകീര്‍ത്തനം ചെയ്യുന്ന അമരത്വത്തിനും മറ്റും ദൗര്‍ബ്ബല്യം സംഭവിച്ച കാലയളവിലാണ് നമ്മള്‍ ജീവിക്കുന്നത്.
“വേദവേദാന്തങ്ങളെത്ര വായിച്ചിട്ടും
ചേതന, ജന്നല്‍ തുറക്കുന്നീല”
എന്നു കവി പറഞ്ഞത് എത്ര സത്യം. അതിനെക്കുറിച്ചു പര്യാലോചന ചെയ്യാന്‍ ആഹ്വാനം നടത്തിയിട്ട് അദ്ദേഹം പോയി. ആ നല്ല മനുഷ്യന്റെ മുന്‍പില്‍, നല്ല കവിയുടെ മുന്‍പില്‍, നല്ല ഗുരുനാഥന്റെ മുന്‍പില്‍ ഞാന്‍ വിഷാദത്തോടെ നില്ക്കുന്നു.
മഹാദുഃഖത്തിലെ കലര്‍പ്പ്
ഞാന്‍ രാജഭക്തനാണ് എന്നു പറഞ്ഞാല്‍ ‘മോണര്‍ക്കി’യോടു ഭക്തിയുണ്ടെന്നല്ല. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിനോടു എനിക്കു ഭക്തിയും സ്നേഹവും ബഹുമാനവും ഉണ്ടെന്ന് അര്‍ത്ഥം. കോണ്‍ഗ്രസ്സുകാരനല്ലാത്ത ഞാന്‍ ജവാഹര്‍ലാല്‍നെഹ്റുവിനെയും കമ്മ്യൂണിസ്റ്റല്ലാത്ത ഞാന്‍ ശ്രീ. ഇ.എം. എസ്സിനെയും ശ്രീ. അച്യുതമേനോനെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇത് വ്യക്തിവൈശിഷ്ട്യം കണ്ടുണ്ടായ വികാരങ്ങളാണ്. നാടുനീങ്ങിയ മഹാരാജാവിന്റെ ഹൃദയനൈര്‍മല്യം, പ്രജാസ്നേഹം, പതിത കാരുണ്യം ഇവ ആരെയും ആകര്‍ഷിച്ചിരുന്നു. ആ നിലയില്‍ ഞാനും ആ മഹാവ്യക്തിയുടെ ആരാധകനായി മാറി. ഒരിക്കല്‍ കൈനിക്കര പദ്മനാഭപിള്ള മഹാരാജാവിനെ കാണാന്‍ ചെന്നു. പലതും സംസാരിച്ച കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഉന്നതസ്ഥാനത്തിനു ഭ്രംശം വന്നതിനെക്കുറിച്ച് കൈനിക്കര വളരെ പ്രഗല്ഭമായി സൂചനാത്മകമായി പറഞ്ഞപ്പോള്‍ മഹാരാജാവ് “അതിനെന്താ പ്രജാധിപത്യത്തിന്റെ പ്രവാഹത്തില്‍ നാമൊക്കെ തടസ്സം സൃഷ്ടിക്കാന്‍ പാടില്ലല്ലോ” എന്നാണ് അദ്ദേഹം മറുപടി നല്കിയത്. എല്ലാവിധത്തിലുള്ള അധികാരങ്ങളും ഉണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാളിന് ജനാധിപത്യത്തെ മാനിക്കാനും അതിനുവേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുക്കാനും സഹായിക്കുന്ന നന്മയാര്‍ന്ന ഹൃദയമുണ്ടായിരുന്നുവെന്ന് ഈ പ്രസ്താവം തെളിയിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നാടുനീങ്ങിയപ്പോള്‍ ബഹുജനം വല്ലാതെ ദുഃഖിച്ചത്. ആ മഹാദുഃഖം മഹാരാജാവിന്റെ പ്രത്യക്ഷ ശരീരത്തിന്റെ അന്തര്‍ദ്ധാനം കൊണ്ടുണ്ടായതുതന്നെ സംശയമില്ല. എങ്കിലും അത് ഇന്നത്തെ പ്രജാധിപത്യത്തിന്റെ കെടുതികളില്‍നിന്നു കൂടി ജനിച്ചതല്ലേ എന്നു സംശയിക്കേണ്ടതാണ്. രാജവാഴ്ചയുടെ ഏകശാസനാധിപത്യം അന്നത്തെ ജനതയെ ഒട്ടൊക്കെ ക്ളേശിപ്പിച്ചിരുന്നുവെങ്കിലും ജീവിതം താരതമ്യേന സുഖപ്രദമായിരുന്നു. പ്രതിമാസം എട്ടുരൂപ ശംബളമുള്ളവന്‍ നാലുരൂപ ചെലവാക്കി ഒരല്ലലുമില്ലാതെ കഴിഞ്ഞിരുന്നു. ബാക്കി നാലുരൂപ അയാള്‍ അഞ്ചലാഫീസില്‍ നിക്ഷേപിക്കുമായിരുന്നു. എന്റെ പിതാവിനു മാസന്തോറും നാല്പതു രൂപയാണ് ശംബളം കിട്ടിയിരുന്നത്. ആ തുകയില്‍ പകുതിമാത്രം ചെലവാക്കി ഞങ്ങള്‍ രാജകീയമായ മട്ടില്‍ ജീവിച്ചിരുന്നു. റോള്‍സ് റോയിസ് കാറില്‍ കയറിയിരുന്നാല്‍ എന്തു സുഖമുണ്ടാകുമോ ആ സുഖത്തോടുകൂടി അറുപതുരൂപയ്ക്കു കിട്ടിയിരുന്ന റാലിസൈക്കിളില്‍ ഞാന്‍ സ്കൂളില്‍ പോയിരുന്നു. അഞ്ഞൂറു രൂപയ്ക്കു കിട്ടുന്ന ഡി.കെ. ഡബ്ള്‍യു എന്ന ജര്‍മ്മന്‍ കാറ് ഞങ്ങള്‍ക്കു സ്വന്തമായി ഉണ്ടായിരുന്നു. ഇന്നോ? എനിക്കു സിറ്റി ബസ്സില്‍ കയറാന്‍ ഒരുരൂപയില്ല. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കിലോ റ്റൊമാറ്റോ ഇരുപതു പൈസ കൊടുത്തു ഞാന്‍ വാങ്ങിയിരുന്നു. ഇന്നലെ രണ്ടരരൂപ കൊടുത്തു ഒരു റ്റൊമാറ്റോ ഞാന്‍ വാങ്ങി. സ്ഥിരം വരുമാനം; സാധനങ്ങളുടെ വിള ഓരോ ദിവസവും കുതിച്ചുകയറുന്നു. മനുഷ്യര്‍ക്കു എന്തെന്നില്ലാത്ത കഷ്ടപ്പാടാണിപ്പോള്‍. മഹാരാജാവിന്റെ നാടുനീങ്ങലറിഞ്ഞ് ഞാന്‍ കണ്ണീര്‍പൊഴിച്ചപ്പോള്‍ ആ കണ്ണീരില്‍ നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ കൂടി കലര്‍ന്നിരുന്നില്ലേ? ആ രാജവാഴ്ച ഇന്നും ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ ദാരിദ്ര്യവും ക്ളേശങ്ങളും നരഹത്യകളും കുതികാല്‍വെട്ടുകളും സംഭവിക്കില്ലായിരുന്നല്ലോ എന്ന ചിന്തകൂടി അതിലൂടെ ഒഴുകിയിരുന്നില്ലേ? മഹാരാജാവിന്റെ വിയോഗം ജനിപ്പിച്ച ദുഃഖം ഇന്നത്തെ വ്യവസ്ഥിതിയുടെ നേര്‍ക്കുള്ള പ്രതിഷേധവും കൂടിയായിരുന്നില്ലേ? ആലോചിക്കേണ്ട വിഷയമാണത്. ഏതായാലും മഹാനുഭാവനായ മഹാരാജാവിനെ കലാകൗമുദി ഈ രീതിയില്‍ ബഹുമാനിച്ചത് നന്നായി. അത് വാരികയുടെ പ്രവര്‍ത്തകന്മാരുടെ നന്മയെ പ്രകടിപ്പിക്കുന്നു.
ചോദ്യം, ഉത്തരം
“കുട്ടികള്‍ എക്സ്കേര്‍ഷന്‍ പോകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?”
- “ഒരഭിപ്രായവുമില്ല. തിസോറസ് — പര്യായനിഘണ്ടു — എടുത്തു നോക്കു excursion, sexuality എന്നു കണ്ടെന്നുവരും. കണ്ടില്ലെങ്കില്‍ sexuality എന്ന പര്യായപദം വിട്ടുപോയി എന്നു കരുതിയാല്‍ മതി.”
“നിങ്ങള്‍ മരണത്തെ ക്ഷണിച്ചുവരുത്തു
- “അതേ ദിവസവും ഇരുപതു സിഗ്ററ്റിന്റെ അറ്റത്ത് തീ കത്തിച്ച് ഞാന്‍ മരണത്തിന്റെ മാര്‍ഗ്ഗത്തില്‍ പ്രകാശം വിതറുന്നു. അതിനു കാലിടറാതെ വരേണ്ടതുണ്ടല്ലോ.”
ഞാന്‍ രാജഭക്തനാണ് എന്ന് പറഞ്ഞാല്‍ ‘മോണാര്‍ക്കി’യോട് ഭക്തിയുണ്ടെന്നല്ല. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിനോട് എനിക്ക് ഭക്തിയും സ്നേഹവും ബഹുമാനവും ഉണ്ടെന്ന് അര്‍ത്ഥം. കോണ്‍ഗ്രസ്സുകാരനല്ലാത്ത ഞാന്‍ ജവാഹര്‍ലാല്‍ നെഹ്റുവിനെയും കമ്മ്യൂണിസ്റ്റല്ലാത്ത ഞാന്‍ ശ്രീ. ഇ.എം. എസ്സിനെയും ശ്രീ. അച്യുതമേനോനെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇത് വ്യക്തിവൈശിഷ്ട്യം കണ്ടുണ്ടായവികാരങ്ങളാണ്.
“നമ്മുടെ ഭാരതത്തിലെ ഓരോ പൗരനും പൗരിയും എന്തു ചെയ്യുന്നു?”
- “നിമിഷംതോറും മരിച്ചുകൊണ്ടിരിക്കുന്നു.”
“സാഹിത്യം കൊണ്ട് വല്ല പ്രയോജനവുമുണ്ടോ വാദ്ധ്യാരേ?”
- “നിങ്ങള്‍ക്കു പ്രയോജനമില്ല. എനിക്കു പ്രയോജനമുണ്ട്. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യം എന്റെ അവ്യക്തങ്ങളായ ചിന്തകളെ തേജോമയങ്ങളാക്കുന്നു. വള്ളത്തോളിന്റെ ‘മഗ്ദലനമറിയം’ നിഴല്‍പോലെ അകലെക്കാണുന്ന സൗന്ദര്യത്തെ തിളക്കമുള്ളതാക്കുന്നു. ജി.ശങ്കരക്കുറുപ്പിന്റെ ‘വിശ്വദര്‍ശനം’ എനിക്കു കിട്ടാത്ത കോസ്മിക് വിഷന്‍ നല്കുന്നു.”
“മനുഷ്യന്‍ സൃഷ്ടിച്ചകഥാപാത്രങ്ങള്‍ക്കു മനുഷ്യനെക്കാള്‍ ശക്തിയുണ്ടോ?”
- “ഉണ്ട്. ധര്‍മ്മപുത്രര്‍, ഹാംലെറ്റ്, ദോണ്‍കീ ഹോട്ടെ ഈ കഥാപാത്രങ്ങള്‍ ഈ ലോകത്തെ ഏതു മനുഷ്യനെക്കാളും ശക്തിയുള്ളവരാണ്.”
“ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയേത്?”
- “അതിസുന്ദരിയായ തരുണി.”
“നിങ്ങള്‍ക്കു ശത്രുക്കളല്ലാതെ വല്ലവരുമുണ്ടോ ഹേ?”
- “ശത്രുക്കളെ സൃഷ്ടിക്കാതെ സത്യം പറയാനാവില്ല.”
ആവര്‍ത്തനം
മധ്യവയസ്കനായ ഭര്‍ത്താവ് കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരിയായ ഭാര്യയുമായി റോഡിലൂടെ പോകുന്നതു നമ്മളൊക്കെ കണ്ടിട്ടുണ്ട്. അയാളെ ഒന്നുനോക്കൂ. വിലകൂടിയതാണെങ്കിലും മനംമറിപ്പ് ഉണ്ടാക്കുന്ന ഒരുതരം ഷൂസ് ഇളംനീലനിറത്തിലുള്ള തുണികൊണ്ടു തച്ചട്രൗസേഴ്സ്, പുന്നയ്ക്കപോലുള്ള ചന്തികളെ ആവരണം ചെയ്ത ആ കാലുറകളില്‍ നിറയെകീശകളാണ്. വിശേഷിച്ചും ഓരോ ചന്തിയുടെയും മുകളില്‍ ഓരോ പോക്കറ്റുണ്ട്. അയാളങ്ങനെ നടന്നുപോകുന്നതു കണ്ടാല്‍ പ്രകൃതിയുടെ വൈരുപ്യം അയാളില്‍ ഘനീഭവിച്ചിരിക്കുകയാണെന്നു തോന്നും. അവളോ? പട്ടുപോലുള്ള തലമുടി, വിടര്‍ന്ന കണ്ണുകള്‍, മൃദുത്വമാര്‍ന്ന കവിളുകള്‍, നെറ്റിയില്‍തൊട്ട സിന്ദൂരത്തിന്റെ ഒരംശം വന്നുവീണ മനോഹരമായ മൂക്ക്, സുന്ദരമായ നടത്തം, ആകെ ഒരു ചന്തം. പ്രകൃതിയുടെ സൗന്ദര്യം അവളില്‍ ഘനീഭവിച്ചിരിക്കുന്നു. കട്ടിയാര്‍ന്ന തൊലിയുള്ള പുരുഷനും മൃദുലതയാര്‍ന്ന തൊലിയുള്ള സ്ത്രീയും തമ്മില്‍ എന്തന്തരം! അവള്‍ സത്യാത്മകമായ കലയാണ്. അയാള്‍ അസത്യാത്മകമായ അലിഗറിയാണ്. ഈ അലിഗറിയാണ് ദേശാഭിമാനി വാരികയിലെ “തീര്‍ത്ഥാടനം” (ശ്രീ.പി.ആര്‍. ഹരികുമാര്‍). ജീവിതത്തെ ഒരു മലയായി കരുതുകയും അതിന്റെ ഉച്ചിയിലിരിക്കുന്ന പള്ളിയെ അന്തിമലക്ഷ്യമായി കാണുകയും ചെയ്യുന്ന ഈ ലാക്ഷണിക കഥ ലാക്ഷണിക കഥയായതുകൊണ്ടുതന്നെ കലയുടെ മണ്ഡലത്തില്‍ ചെല്ലുന്നില്ല. ഇരുപത്തിരണ്ടു കൊല്ലങ്ങളായി അലിഗറി കലയല്ലെന്നു ഞാന്‍ പറയുന്നു. ഇനിയും അതാവര്‍ത്തിക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. എങ്കിലും എഴുതിപ്പോയി.
വ്യക്തികള്‍
“ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയേത്?”
“അതിസുന്ദരിയായ തരുണി”
സൂക്ഷ്മത
ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ അഞ്ചു പ്രേമകഥകളുടെ പേരുകള്‍ പറയൂ എന്ന് എന്നോട് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാന്‍ രണ്ടാമതൊരാലോചനയും കൂടാതെ കാര്‍സന്‍ മക്കലേര്‍സിന്റെ (Carson Mc-Cullers, 1917–1967) “The Sojourner” എന്ന ആദ്യം പറയും. പിന്നെ മാത്രമേ മറ്റുള്ള കഥകളുടെ പേരുകള്‍ നല്കൂ. അത് അത്രയ്ക്കു മനോഹരമാണ്. കഥയുടെ ചുരുക്കം നല്കിയാല്‍ കലാഹിംസയാകും. എങ്കിലും ശ്രമിക്കട്ടെ. ജോണ്‍ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിലിരിക്കുമ്പോള്‍ അയാളുടെ ആദ്യത്തെ ഭാര്യ ഇലിസബത്ത് റോഡിലൂടെ പോകുന്നതുകണ്ടു. എട്ടുവര്‍ഷത്തിനു ശേഷമാണ് അയാള്‍ അവളെ കാണുന്നത്. ജോണ്‍ അവളുടെ പിറകേ തിടുക്കത്തില്‍ ചെന്നെങ്കിലും അവള്‍ നടന്നകന്നു. നിരാശതയോടെ ഹോട്ടലില്‍ വന്നിരുന്ന് അയാള്‍ അവളെ റ്റെലിഫോണില്‍ വിളിച്ചു. രണ്ടാമത്തെ ഭര്‍ത്താവും അയാളില്‍നിന്നു ജനിച്ച കുട്ടികളുമായി താമസിക്കുന്ന അവള്‍ അയാളെ വീട്ടിലേക്കു ക്ഷണിച്ചു. ഭര്‍ത്താവ് ജോണിനെ സ്വാഗതം ചെയ്തു. തല്‍കാലത്തേക്കു അയാള്‍ വീട്ടിനകത്തേക്കു പോയപ്പോള്‍ ഇലിസബത്തിനോടു പിയാനോവായിക്കാന്‍ ജോണ്‍ ആവശ്യപ്പെട്ടു. ഒരു തടസ്സവും കൂടാതെ അവളതു വായിക്കാന്‍ തുടങ്ങിയെങ്കിലും പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല. അല്പംകഴിഞ്ഞപ്പോള്‍ പരിചാരിക മെഴുകുതിരികള്‍ ചുറ്റും കത്തിച്ചുവച്ച കെയ്ക്ക് കൊണ്ടുവന്നു. “Happy birthday, John, blow out the candles” എന്ന് ഇലിസബത്ത് പറഞ്ഞപ്പോഴാണ് അന്നാണ് തന്റെ ജന്മദിനമെന്നു ജോണറിയുന്നത്. യാത്രപറഞ്ഞുപോയിട്ടും ഇലിസബത്തിന്റെ സംഗീതം അയാളെ ഹോണ്‍ട് ചെയ്തു. അടുത്തദിവസം ജോണ്‍ പാരീസിലേക്കു പറന്നു. അയാള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ജീനിക്കു ആറുവയസ്സായ കുഞ്ഞുണ്ട്. പാരീസിലെത്തിയ ജോണ്‍ അവനെ ആശ്ളേഷിക്കുന്നു. അയാളുടെ കവിള്‍ത്തടം അവന്റെ മൃദുലമായ കവിള്‍ത്തടത്തില്‍ സ്പര്‍ശിച്ചു. കടുത്ത നൈരാശ്യത്തോടെ അയാള്‍ ആ കുട്ടിയെ ഗാഢമായി പുണര്‍ന്നു; തന്റെ സ്നേഹം കാലത്തിന്റെ സ്പന്ദനത്തില്‍ ആധിപത്യം പുലര്‍ത്തിയേക്കുമെന്നതുപോലെ. പാര്‍വണ ചന്ദ്രന്‍ കുറെനേരം നിശാഗന്ധിപ്പൂവിനെ തിളക്കിയതിനുശേഷം വാരിദമാലകള്‍ക്കു പിറകിലായി മറഞ്ഞാല്‍ ആ പൂവ് ദീര്‍ഘശ്വാസം പൊഴിക്കില്ലേ? ആ ദീര്‍ഘശ്വാസം ഞാന്‍ ഇക്കഥയില്‍നിന്ന് കേള്‍ക്കുന്നു. നിശാഗന്ധിയുടെ വിഷാദം എന്റെ വിഷാദമായിത്തീരുന്നു. നേരത്തേ പൂര്‍ണ്ണചന്ദ്രന്‍ എറിഞ്ഞ നിലാവിന്റെ ശ്രേണിയിലൂടെ പുഷ്പത്തിനു കയറിപ്പോകാന്‍ വയ്യ. അത് ഏകാന്തതയുടെ ദുഃഖമനുഭവിക്കുന്നു. ചന്ദ്രന്റെ മൂകസംഗീതം നിശാഗന്ധിയെ ഹോണ്‍ട് ചെയ്യുന്നു. അനുഗൃഹീതയായ കഥയെഴുത്തുകാരി കാര്‍സന്‍ മക്കലേര്‍സിന്റെ കഥയിലെ മൂകസംഗീതം എന്നെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു; ജോണിനെ പിയാനോ സംഗീതം അനുധാവനം ചെയ്തതുപോലെ.
അമേരിക്കന്‍ കഥയില്‍ പുരുഷന്റെ ദുഃഖമാണ് പ്രതിപാദ്യം. ശ്രീമതി കെ.ആര്‍, മല്ലികയുടെ “അശ്വതിയില്‍നിന്ന് അശ്വതിയിലേക്കു” എന്ന കഥയില്‍ (കുങ്കുമം) വിവാഹിതയായ സ്ത്രീയുടെ ദുഃഖവും ഒരപരിചിതനോട് അവള്‍ക്കു തോന്നുന്ന പ്രച്ഛന്നരതിയുമാണ് പ്രതിപാദ്യവിഷയം. ഒരു പടിഞ്ഞാറന്‍ കഥയെക്കുറിച്ചു പറഞ്ഞിട്ട് ഇവിടത്തെ ഒരു കഥയെക്കുറിച്ചു പറഞ്ഞാല്‍ ആളുകള്‍ തെറ്റിദ്ധരിച്ച് രണ്ടാമത്തേത് ആദ്യത്തേതിന്റെ ചൂഷണമാണോ എന്നു ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഇവിടെ സാംഗത്യമില്ല. രണ്ടും രണ്ടു വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കെ.ആര്‍.മല്ലിക ഒരു ഭാര്യയുടെ ദുഃഖത്തെ സൂക്ഷ്മതയോടെ — subtlety-യോടെ — ആവിഷ്കരിച്ചിട്ടുണ്ട്.
സി.അച്യുതമേനോന്‍
സാഹിത്യവാരഫലം പതിവായി വായിക്കുന്ന ഒരു പ്രൊഡ്വിവാകന്‍ എന്റെ മുന്‍പില്‍ വിനയാന്വിതനായി നില്ക്കാറുണ്ട്. ബഹുമാനത്താലാവാം അദ്ദേഹം വാക്കുകള്‍പോലും എന്റെ സാന്നിദ്ധ്യത്തില്‍ വിക്കി വിക്കി മാത്രമേ പറയു. സാഹിത്യവിഷയകങ്ങളായ കാര്യങ്ങളില്‍ അദ്ദേഹം സംശയപരിഹാരം അഭ്യര്‍ത്ഥിക്കുമ്പോള്‍ ശിഷ്യന്റെ മട്ടുണ്ട് അദ്ദേഹത്തിന് അങ്ങനെയിരിക്കെ, അദ്ദേഹം കോടതിയില്‍ ജഡ്ജിയായിരിക്കുമ്പോള്‍ എനിക്കു ഒരു കെയ്സില്‍ സാക്ഷിയായി ചെല്ലേണ്ടതായി വന്നു. അപ്പോള്‍ വിഭിന്നനായ ആളെയാണ് ഞാനവിടെ കണ്ടത്. ഗൗരവത്തോടെയുള്ള ചോദ്യങ്ങള്‍. ‘ഭാഷയില്‍ നിങ്ങള്‍ക്കു പാണ്ഡിത്യമുണ്ടോ’ എന്നും മറ്റുമുള്ള ചോദ്യങ്ങളായിരുന്നു അവ. അതിനിടയില്‍ അദ്ദേഹം എന്നെ എന്തോ കളിയാക്കിപ്പറഞ്ഞു. അതുകേട്ട് മറ്റു വക്കീലന്മാര്‍ പൊട്ടിച്ചിരിച്ചു. ഇവിടെ എനിക്കൊരു സംശയം. അദ്ദേഹം സാര്‍ത്ര പറഞ്ഞതുപോലെ റോള്‍ അഭിനയ്ച്ചത് എപ്പോഴാണ്? ശിഷ്യനായി മുന്‍പില്‍ നിന്നപ്പോഴോ? അതോ പ്രാഡ്വിവാകനായി കോടതിക്കസേരയില്‍ ഇരുന്നപ്പോഴോ? അറിഞ്ഞുകൂടാ. ഇതുകൊണ്ടാണ് ഒരു പ്രഭവകേന്ദ്രത്തില്‍ നിന്നല്ല മനുഷ്യന്റെ സ്വഭാവ സ്രോതസ്വിനി ഒഴുകുന്നതെന്ന് ഞാന്‍ മുന്‍പ് എഴുതിയത്. സത്യമിതാണെങ്കിലും കഴിയുന്നിടത്തോളം സ്വഭാവസ്ഥൈര്യം കാണിക്കുന്നവരുണ്ട്. അവയില്‍ ഒരാളാണ് ശ്രീ.സി.അച്യുതമേനോന്‍. മുഖ്യമന്ത്രിയായും രാഷ്ട്രവ്യവഹാര മണ്ഡലത്തിലെ നേതാവായും സാഹിത്യകാരനായും പ്രവര്‍ത്തിക്കുമ്പോഴെല്ലാം അദ്ദേഹം സ്വഭാവത്തിന്റെ സ്ഥിരത കൈവിട്ടു കളയാറില്ല. അതിനാലാണ് കേരളീയരെല്ലാം അച്യുതമേനോനെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ജനയുഗം വാരികയില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിനെക്കുറിച്ചു അദ്ദേഹമെഴുതിയ ലേഖനത്തിലും ഈ ഗുണമുണ്ട് അച്യുതമേനോന്‍ പറയുന്നു:
ശത്രുക്കളെ സൃഷ്ടിക്കാതെ സത്യം പറയാനാവില്ല.
- “അതുകൊണ്ടോ എന്തോ വൈദ്യനാഥയ്യര്‍ ഒരിക്കല്‍ക്കൂടി എന്നെ സമീപിച്ചു ചോദിച്ചു: “താങ്കളേയും സഹധര്‍മ്മിണിയേയും കവടിയാര്‍ കൊട്ടാരത്തില്‍ ഒരു സ്വകാര്യ കുടുംബവിരുന്നിന് അമ്മമഹാറാണിയും മഹാരാജാവും കൂടി ക്ഷണിച്ചാല്‍ വരുമോ?” എന്ന് ഞാന്‍ ചോദിച്ചു: “അല്ല മി. വൈദ്യനാഥയ്യര്‍ നിങ്ങള്‍ എന്തിനാണിത്ര സംശയിക്കുന്നത്? മഹാരാജാവും അമ്മമഹാറാണിയും ക്ഷണിച്ചാല്‍ വരില്ല എന്നു പറയാന്‍തക്ക മര്യാദകേടോ മനുഷ്യത്വമില്ലായ്മയോ ഞാന്‍ കാണിക്കുമെന്നു വിചാരിച്ചോ? കമ്മ്യൂണിസ്റ്റുകാരനാണെന്നുള്ളതു കൊണ്ട് സാധാരണ മനുഷ്യത്വമോ മര്യാദയോ കാണിക്കില്ലെന്നു സംശയിക്കുന്നതു തെറ്റാണ്. ഞങ്ങള്‍ തീര്‍ച്ചയായും വരും.”
ഇവിടെ പ്രകടമാകുന്ന ആര്‍ജ്ജവവും സ്വഭാവ വൈശിഷ്ട്യവുമാണ് അച്യുതമേനോനെ അച്യുതമേനോനാക്കിയത്.
- പൈങ്കിളിക്കഥകള്‍
- ചേട്ടാ, നമുക്കു ഒളിച്ചോടാം.
ഓടുന്നു.
- നവീന കഥകള്‍
- അച്ഛന്‍ മരിച്ചു. ഇന്നലെയോ ഇന്നോ? അതോ മറ്റന്നാളോ? അറിഞ്ഞുകൂടാ.
- പഴഞ്ചന്‍ സാഹിത്യകാരന്‍
- സര്‍വാഭരണവിഭൂഷിതയായ ദേവിയെപ്പോലെ കലാംഗന കുടികൊള്ളുന്ന ആ സരസ്വതീക്ഷേത്രത്തില്‍ ഞാന്‍ അടിവച്ച് അടിവച്ച് കയറിച്ചെന്നു.
- നവീനനിരൂപകന്‍
- വാചിക സൃഷ്ടിയായ ഒരു നൂതന പ്രപഞ്ചത്തില്‍ സ്ട്രക്ചറലിസത്തിന്റെ കൊഹിയറന്‍സ് വരുത്തി ഒരു ജനറിക് കണ്‍വന്‍ഷന്‍ ജനിപ്പിച്ചു തകഴി ശിവശങ്കരപ്പിള്ള.