close
Sayahna Sayahna
Search

ജീവിതം ഒരു ചതുരംഗക്കളി


ജീവിതം ഒരു ചതുരംഗക്കളി
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഡിസി ബുക്‌സ്
വർഷം
1999
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?


`അദ്ദേഹം അമൂര്‍ത്തങ്ങളായവയ്ക് മാംസളത്വം നല്കുകയും ആശയങ്ങളെ തീവ്രവേദന അനുഭവിക്കുന്ന പുരുഷന്മാരായും സ്‌ത്രീകളായും മാറ്റുകയും ചെയ്തു: റഷ്യന്‍ നോവലിസ്റ്റ് ദസ്തെയേവ്സ്കിയെക്കുറിച്ച് ഒരു നിരൂപകന്‍ പറഞ്ഞതാണിത്. സ്പാനിഷ് ദാര്‍ശനികനും നോവലിസ്റ്റും കവിയുമായ ഊനാമൂനോ ഈ ഹൂഗോ (Unamuno Y Jugo 1864-1936) ഇതിനു നെരേ വിപരീതമായിട്ടാണ് സര്‍ഗാത്മക പ്രക്രിയയില്‍ വ്യാപരിച്ചത്. അദ്ദേഹം അമൂര്‍ത്തങ്ങളായവയ്ക്കു മാംസളത്വം നല്കിയില്ല. യാതന അനുഭവിക്കുന്ന സ്‌ത്രീ പുരുഷന്മാരെ ആശയങ്ങളാക്കി മാറ്റുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ നോവലുകള്‍ വായിക്കുമ്പോള്‍ നമുക്കു സൌന്ദര്യാനുഭൂതി മാത്രമേ ഉണ്ടാകുന്നുള്ളൂ. ആശയങ്ങള്‍ ആശയങ്ങളായി മാത്രം നില്ക്കുമ്പോള്‍, അമൂര്‍ത്ത സ്വഭാവം മൂര്‍ത്തസ്വഭാവം ആവാഹിക്കാതുരിക്കുമ്പോള്‍ അനുവാചകന് വേദനയുണ്ടാകും. എന്നാല്‍ ഊനാമൂനോയുടെ പ്രതിഭാശക്തി ആ വേദനയെ ഹര്‍ഷാതിരേകമാക്കി മാറ്റുന്നു. ആ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനു സദൃശനായി മറ്റാരെഴുത്തുകാരന്‍ ഇല്ല. ഊനാമൂനോയുടെ നോവ്‌ലെറ്റ് - `The Novel of Don Sandalio, Chess Player' ഞാന്‍ കാലത്ത് ആറുമണി മുതല്‍ വായിക്കാന്‍ തുടങ്ങി. പ്രാതലും മദ്ധ്യാഹ്ന ഭക്ഷണവും ആ സമയത്ത് ആവശ്യകതകളായി എനിക്കു തോന്നിയില്ല. നോവ്‌ലെറ്റ്' വായിച്ച് അവസാനിപ്പിച്ചിട്ടേ ഞാന്‍ എഴുന്നേറ്റുള്ളു. ആഖ്യാനത്തിന്റെ ഊര്‍ജമല്ല സ്വഭാവ ചിത്രീകരണത്തിന്റെ സവിശേഷതയല്ല എന്നെ നിശ്ചലനാക്കിയത്. അവ രണ്ടും ഈ കൃതിയില്‍ വേണ്ടുവോളമുണ്ട്. ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത മണ്ഡലങ്ങള്‍ എനിക്ക് ഈ കൃതി അനാവരണം ചെയ്തു തന്നു. ചക്രവാളത്തിനപ്പുറത്തെ മഹാരഹസ്യം തേടിപ്പോകുന്ന കവിയെപ്പോലെ (ഒനീലിന്റെ Beyond the Horizon എന്ന നാടകത്തിലെ കഥാപാത്രം ) ഞാന്‍ ഊനാമൂനോയുടെ കലാസൃഷ്ടിയെന്ന യാനപാത്രത്തില്‍ കയറി അംബരാന്തത്തിനപ്പുറം ചെന്നു. മഹാരഹസ്യം സാക്ഷാത്കരിച്ചു. ജീവിതം ധന്യമായി എന്ന തോന്നല്‍. അത്ര വളരെക്കാലത്തിനു മുന്‍പല്ല അജ്ഞാതനായ ഒരു വായനക്കാരനില്‍ നിന്ന് ഊനാമൂനോയ്ക്ക് ഒരെഴുത്തു കിട്ടി. ആ കത്തിന്റെ കൂടെ ചില പകര്‍പ്പുകളുമുണ്ടായിരുന്നു. അജ്ഞാതനായ വായനക്കാരന്റെ ഒരു സ്നേഹിതന്‍ അയാളുടെ സ്നേഹിതനായ സാന്താലിയോ എന്ന ചതുരംഗകളിക്കാരന്റെ സവിശേഷതകളെ വിവരിക്കുന്ന കത്തുകളാണ് അവ. ആ കത്തുകളിലൂടെ സാന്താലിയോയുടെ ജീവിതം ചുരുളഴിഞ്ഞു വീഴുന്നു. പര്‍വതപംക്തികളുടെ ഉപത്യകയില്‍, കടല്‍ത്തീരത്ത്, വിജനപ്രദേശത്ത് കത്തുകളെഴുതിയവന്‍ മനുഷ്യരെപ്പേടിച്ച് ആശ്രയം തേടിയിരിക്കയാണ്. മരങ്ങളുടെ ഇലകളും കടലിലെ തിരകളും മാത്രമേ അയാള്‍ക്ക് കൂട്ടുകാരായുള്ളു. ഇംഗ്ലീഷ് നോവലിസ്റ്റ് ഡിഫോയുടെ റോബിന്‍സന്‍ ക്രൂസോ ഏന്ന നോവലില്‍ ക്രൂസോ ബോട്ടിനടുത്തേക്കു പോകുമ്പോള്‍ കടല്‍ക്കരയിലെ മണ്ണില്‍ ഒരുത്തന്റെ നഗ്നപാദങ്ങന്‍ കണ്ടു പേടിച്ചതിന്റെ വിവരണമുണ്ട്. ക്രൂസോ നിന്നു: ചുറ്റും നോക്കി. ഒന്നും കണ്ടില്ല, കേട്ടുമില്ല. അയാള്‍ തിരിച്ച് വാസസ്ഥലത്തേക്കു നടന്നു. കൂടെക്കൂടെ തിരിഞ്ഞു നോക്കി. ഓരോ കുറ്റിക്കാടിനെയും മരത്തെയും മനുഷ്യനായി അയാന്‍ തെറ്റിദ്ധരിച്ചു. എഴുത്തുകള്‍ എഴുതിയവന്‍ നഗ്നപാദമുദ്രകള്‍ കണ്ട് പേടിച്ച് പോന്നവനല്ല. ബുദ്ധിശൂന്യത പൊതിഞ്ഞ വാക്കുകളെ -- മനുഷ്യരുടെ വാക്കുകളെ -- പേടിച്ച് അവിടെ എത്തിയവനാണ്. അയാള്‍ക്ക് പുരുഷനെ വേണ്ട, സ്ത്രീയെ വേണ്ട. അവിടത്തെ ഒരു കസീനോയില്‍ വച്ചാണ് അയാള്‍ ചതുരംഗം കളിക്കാരനായ സന്താലിയോയെ കണ്ടത്. ചതുരംഗം കളിയല്ലാതെ സന്താലിയോയ്ക്ക് മറ്റൊരു പ്രവര്‍ത്തിയില്ല. ആ കളിക്കപ്പുറത്ത് അയാള്‍ക്ക് ലോകവുമില്ല. പാവനമായ അനുഷ്ഠാനത്തെപ്പോലെ അയാള്‍ കളിക്കും. കളിക്കാത്ത സന്ദര്‍ഭങ്ങളില്‍ അയാളെന്ത് ചെയ്യും? അറിഞ്ഞുകൂടാ. ഒരു ദിവസം അയാള്‍ ആ ചതുരംഗം കളിക്കാരന്റെ പിറകേ പോയി. ഒരു സ്ക്വയറില്‍ നിന്നും മറ്റൊരു സ്ക്വയറിലേയ്ക്ക് ചതുരംഗക്കരു എന്നപോലെയാണ് അയാള്‍ ചാടിച്ചാടിപ്പോയത്. ലജ്ജകൊണ്ട് അയാളെ കൂടുതല്‍ അനുഗമിച്ചില്ല അയാള്‍.

ഒരു ദിവസം അയാള്‍ സാന്താലിയോടൊരുമിച്ച് ചതുരംഗം കളിച്ചു. സാന്താലിയോ ജയിച്ചു. കുറേ നേരം കളിച്ചതിനുശേയം അയാള്‍ (കത്തുകളെഴുതിയ ആള്‍)അതവസാനിപ്പിച്ചു. തുടര്‍ന്നും പല ദിവസം അവര്‍ കളിച്ചു. പക്ഷേ, തന്റെ പേരെന്തെന്നുപോലും സാന്താലിയോ തിരക്കാത്തത് അയാള്‍ക്ക് അദ്ഭുതം ജനിപ്പിച്ചു. ഒരു ദിവസം ചതുരംഗം കളിക്കാരന്‍ വരാതിരുന്നപ്പോന്‍ അയാള്‍ ഒരാളോടു തിരക്കി, `സാന്താലിയോയ്ക്ക് എന്തു സംഭവിച്ചു?' അയാളുടെ മകന്‍ മരിച്ചുവെന്നായിരുന്നു മറുപടി. `സാന്താലിയോയ്ക്ക് മകനോ?' എന്നയാള്‍ വിസ്മയത്തോടെ ചോദിച്ചു. `അറിഞ്ഞുകൂടേ, ആ സംഭവത്തില്‍ ഇടപെട്ടതുകൊണ്ട്.....' സംഭവമെന്തെന്ന് അയാള്‍ അന്വേഷിച്ചതേയില്ല. സാന്താലിയോയെക്കുറിച്ച് ഒരു `ഇമേജ്'അയാള്‍ക്ക് മനസ്സിലുണ്ട്. അത് മകന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞു കളങ്കപ്പെടുത്താന്‍ അയാള്‍ക്കിഷ്ടമില്ല.

കുറേ ദിവസം കഴിഞ്ഞ് സാന്താലിയോ കസീനോയില്‍ എത്തി. `എന്റെസത്യസന്ധമായ അനുശോചനം' എന്നയാള്‍ കള്ളം പറഞ്ഞപ്പോള്‍ `നന്ദി, വളരെ നന്ദി' എന്നാണയാള്‍ മറുപടി നല്‍കിയത്.

ചതുരംഗത്തിലെ കരുവായ ബിഷപ്പ് ഭ്രാന്തനാണ്. അതിന്റെ നിറമെന്തായാലും വെളുത്ത കളത്തില്‍നിന്നു വെളുത്തതിലേക്കും കറുത്ത കളത്തില്‍ നിന്നു കറുപ്പിലേക്കും നീങ്ങുകയാണ് അത്. നേരേ പോകുകില്ല ഒരിക്കലും. അയാള്‍തന്നെ ഭ്രാന്തനായോ? മനുഷ്യന്റെ ബുദ്ധിശുന്യതയില്‍നിന്ന് ഒളിച്ചോടിയ അയാള്‍ക്കു ഭ്രാന്തുതന്നെ. ഒരു മനുഷ്യന്റെ ആത്മാവിലെ നഗ്നപാദമുദ്രയില്‍ അയാള്‍ ഭ്രാന്തനായ ബിഷപ്പിനെ പ്പോലെ ഒരു വശത്തുകൂടെ മാത്രം നീങ്ങുകയല്ലേ. കറുപ്പോ വെളുപ്പൊ?. സാന്താലിയോ അയാളെ ഭ്രാന്തനാക്കുകയാണ്. കുറച്ചു ദിവസം അയാള്‍ രോഗംപിടിച്ചു കിടന്നു. ഒരു പേടിസ്വപ്നത്തില്‍ സാന്താലിയോ ചതുരംഗക്കരുവായ കുതിരയെ ആക്രമിക്കുന്നതായി കണ്ടു. അയാള്‍ നികൃഷ്ടനായ വെള്ള ബിഷപ്പ് -- അടിയറവാകാതിരിക്കാനായി അയാള്‍ വെളുത്ത രാജാവിനെ സംരക്ഷിച്ചു കളിക്കുകയാണ്. അപ്പോഴാണ് കുതിരയുടെ (ഇംഗ്ലീഷില്‍ Knight) ആക്രമണം. ഒരു ദിവസം ഒരാള്‍ അയാളോടു പറഞ്ഞു:

`'സാന്താലിയോയെ നിങ്ങള്‍ക്കറിയാമല്ലോ?
`'ഇല്ല. എന്താണു കാര്യം?'
`അയാള്‍ ജയിലിലാണ്.

ഇടിയേറ്റ മട്ടില്‍ അയാള്‍ പറഞ്ഞു.

`ജയിലിലോ?'

ജയിലില്‍ ആയാലെന്ത്? അത് അയാളുടെ (എഴുത്തുകള്‍ അയച്ചവന്റെ) കാര്യമല്ല. ജയിലില്‍ ചെന്ന് അനുവാദം വാങ്ങി സാന്താലിയോയുമായി ചതുരംഗം കളിച്ചാലെന്ത്. ഒരുപക്ഷേ, സാന്താലിയോ അവിടത്തെ ഗാര്‍ഡുമായി കളിക്കുകയായിരിക്കാം.

ആപത്തുകള്‍ വര്‍ഷിക്കുകയല്ല, കോരിച്ചൊരിയുകയാണ്. അയാളെ ജഡ്ജി കോടതിയിലേക്കുവിളിച്ചു ചോദിച്ചു, സാന്താലിയോയെ അറിയാമോ എന്ന്. ചതുരംഗം കളിക്കുന്നവന്‍ എന്നല്ലാതെ മറ്റൊന്നുമറിഞ്ഞുകൂടെന്ന് അയാളുടെ മറുപടി. സാന്താലിയോ അയാളുടെ മകളുഒട ഭര്‍ത്താവുമായി ഏതുരീതിയില്‍ കഴിഞ്ഞുകൂടിയെന്ന് ജഡ്ജിക്കറിയണം. അയാള്‍ക്ക് മകളുണ്ട് എന്ന വിവരം പോലും തനിക്കറിയാന്‍ പാടില്ല എന്നു മറുപടി. ജഡ്ജി അയാളെ പൊയ്ക്കൊള്ളാന്‍ അനുവദിച്ചു.

ഇനിയാണ് അസാധാരണവും അവിശ്വസനീയവുമായ കാര്യം സാന്താലിയോ ജയിലില്‍ കിടന്നു മരിച്ചു. ഇനി അയാള്‍ ചതുരംഗംകളി ക്കാരന്റെ നിശ്ശബ്ദത കേള്‍ക്കില്ല. കരു നീക്കിക്കൊണ്ട് `ചെക്ക്' എന്നു പറഞ്ഞ് നിശ്ശബ്ദതയെ സാന്താലിയോ തീക്ഷ്ണമാക്കുന്നത് അയാള്‍ ഇനി അറിയുകയില്ല. മകളുടെ ഭര്‍ത്താവാകാം അമ്മാവനെ ജയിലിലാക്കിയത്. നിശ്ശബ്ദ്ദനായി ചതുരംഗംകളിക്കുന്ന അയാള്‍ എങ്ങനെ ജയിലിലായിി. അല്ലെങ്കില്‍ അയാളുടെ സ്നേഹിതന്‍ സാന്താലിയോ തന്നെ ജീവിച്ചിരിക്കുന്നുണ്ടോ? ചതുരംഗം കളിക്കാരന്റെ മരണംതന്നെ ജയിലധികാരികളുടെ വിദ്യയല്ലേ?

കവി പിന്‍ഡാര്‍ പറഞ്ഞു: `Man is the dream of a shadow.' കസീനോയിലെ ആളുകള്‍ നിഴലുകളുടെ സ്വപ്നങ്ങളല്ല, സ്വപ്നങ്ങളുടെ നിഴലുകളാണ്. സാന്താലിയോ ചതുരംഗക്കളി സ്വപ്നംകാണുന്നത് എഴുത്തുകള്‍ അയച്ചവന്‍ അറിയുന്നുണ്ട്.

ഒരു ദിവസം സാന്താലിയോയുടെ ജാമാതാവ് അയാളെ കാണാനെത്തി. അമ്മാവനെക്കുറിച്ചറിയാന്‍ വന്ന മരുമകനോട് അയാള്‍ പറഞ്ഞത് ഇങ്ങനെ: `My Sandalio, the one who silently played chess with me and not yours, not your father-in-law. I could be interested in chess players, but never in fathers-in-law'

സാന്താലിയോയുടെ മകളെക്കാണാന്‍ അയാള്‍ക്ക് ളദ്ദേശമില്ല. മകളെ മാത്രമല്ല, മറ്റൊരു സ്‌ത്രീയേയും കാണാന്‍ അയാള്‍ ഒരുമ്പെടുന്നില്ല. ചതുരംഗപ്പലകയിലെ രാജ്ഞിയെ മാത്രമേ സാന്താലിയോയ്ക്ക് അറിയാമായിരുന്നുള്ളു. വെള്ളക്കളത്തില്‍നിന്ന് കറുപ്പുകളത്തിലേക്ക്, അവിടെ നിന്നു തിരിച്ച് വെള്ളയിലേക്ക്. ചതുരംഗപ്പലകയില്‍ ആധിപത്യം പുലര്‍ത്തിയ രാജ്ഞിയെ മാത്രമേ സാന്താലിയോയ്ക്ക് അറിയൂ. ചതുരംഗം കളിക്കാരന്റെ രാജ്ഞി കൊടുംവെയിലില്‍ മണല്‍ക്കാട്ടില്‍ ഇരിക്കുന്ന സ്ഫിങ്സല്ല. ചതുരംഗത്തിലെ രാജ്ഞി പലകയുടെ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവളാണ്. ഇത്രയും അറിയിച്ചിട്ട് അയാള്‍ നഗരത്തില്‍ നിന്ന് പോയി.

പര്യവസാനത്തില്‍ ഊനാമൂനോ ചോദിക്കുന്നു. എഴുത്തുകള്‍ എഴുതിയ ആളിന്റെ സാന്താലിയോ ആ എഴുത്തുകള്‍ സ്വീകരിച്ച ആള്‍ തന്നെയല്ലേ? എഴുത്തുകള്‍ കിട്ടിയവന്റെതന്നെ നോവലാക്കിയ ആത്മകഥയല്ലേ ഇത്? ഊനാമൂനോയുടെ ആത്മകഥയല്ലേ ഇത? എല്ലാ ആത്മകഥകളും നൊവലുകളില്‍ കുറഞ്ഞ് ഒന്നുമല്ല. സെയ്ന്റ് ഒഗസ്റ്റിന്‍ തൊട്ട് റൂസ്സോ വരെയുള്ളവരുടെ ആത്മകഥകള്‍ നോവലുകള്‍തന്നെ. ചതുരംഗം കളിക്കാരനായ സാന്താലിയോയുടെ ജീവചരിത്രമെഴുതുന്ന കത്തുകളുടെ രചയിതാവ് സാന്താലിയോ തന്നെയല്ലേ? സ്വന്തം മരണത്തെക്കുറിച്ചും അതിനു ശേഷമുള്ള സംഭവങ്ങളെക്കുറിച്ചും അയാള്‍ എഴുതുന്നത് നമ്മളെ വഴിതെറ്റിക്കാനല്ലേ?

കഥാസംഗ്രഹം ദീര്‍ഘമായിപ്പോയി. മഹാനായ ഒരു കലാകാരന്റെ രചനാരീതി, വായനക്കാരനെ ഗ്രഹിപ്പിക്കാനായിരുന്നു എന്റെ യത്നം. അതുകൊണ്ടു നിരൂപണം ഏതാനും വാക്യങ്ങളില്‍ ഒതുക്കേണ്ടതായി വന്നിരിക്കുന്നു സ്ഥലപരിമിതിയാല്‍. വായനക്കാര്‍ക്ക് ഇഷ്ടംപോലെ ഈ നോവലിനെക്കുറിച്ചു കിനാവുകളാകാം. മണല്‍ക്കാട്ടിലെ സ്ഫിങ്സിനു പ്രഹേളികകള്‍ ഉണ്ട്. ചതുരംഗപ്പലകയിലെ രാജ്ഞിക്കു പെണ്ണിന്റെ മുഖമില്ല, സ്നനങ്ങളില്ല. എങ്കിലും പ്രഹേളികകളുണ്ടാവാം. സാന്താലിയോയുടെ മകള്‍ സ്ഫിങ്സാണോ?  അവളാണോ ഒരു സ്വകാര്യ ദുരന്തത്തിനു കാരണക്കാരി? ഇങ്ങനെയൊക്കെ ചോദിച്ചുകൊണ്ട് ഊനാമൂനോ ഈ ലോകത്തിന്റെ സ്വപ്നസന്നിഭമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ജനിച്ചുപോയി നമ്മളിവിടെ. സ്ഫിങ്സ് മൂകമായി മണല്‍ക്കാട്ടില്‍ ഇരിക്കുന്നു. അതൊരു `മിസ്റ്ററി.' ഈ ജീവിതവും അങ്ങനെതന്നെ. സാന്താലിയോയെ എഴുത്തുകളെഴുതിയ ചങ്ങാതിക്കറിഞ്ഞുകൂടാ. സാന്താലിയോയ്ക്ക് തന്നെത്തന്നെ അറിഞ്ഞുകുടാ. അയാളുടെ ജയില്‍വാസവും മരണവും അജ്ഞാതം. എല്ലാം കേവലശൃന്യതയിലേക്കു ചെല്ലുന്നു. ആശയവിനിമയം അസാദ്ധ്യമാണെന്ന തത്ത്വത്തിലേക്കു വിരല്‍ ചൂണ്ടുകയാണ് എക്സിസ്റ്റന്‍ഷ്യലിസ്റ്റായ ഊനാമൂനോ. അദ്ധ്യാപകന്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഉദ്ബോധനം കഴിഞ്ഞ് അയാള്‍ നിശ്ശബ്ദനായി വീട്ടിലേക്കു പോകുന്നു. കുട്ടികളോട്  ഇടപെട്ടാല്‍ വികാര സംഘട്ടനങ്ങളും ചിന്താസംഘട്ടനങ്ങളും ഉണ്ടാകും. അധ്യാപകന്‍ മാത്രമല്ല, ഡോക്ടറും എന്‍ജിനീയറുമെല്ലാം ഇങ്ങനെയാണു പെരുമാറുക. ഓരോ 

വ്യക്തിയും അനന്യസംസക്തനായി വര്‍ത്തിക്കുന്നു. സത്യത്തിന്റെ അകല്ച എത്ര ഭയജനകം. ഊനാമൂനോ എഴുതുന്നു. അത് അദ്ദേഹത്തിന് അജ്ഞാത വായനക്കാരന്റെ കത്തു കിട്ടിയതനുസരിച്ച്. ആ വായനക്കാരന് കുറെ കത്തുകള്‍ കിട്ടി. അവ എഴുതിയത് വേറൊരാള്‍. ആ ആള്‍ ഒരു ചതുരംഗം കളിക്കാരന്റെ പ്രവൃത്തികള്‍ വിവരിക്കുന്നു. കഥയുടെ സ്വപ്നസന്നിഭമായ അന്തരീക്ഷം നിലനിര്‍ത്താന്‍വേണ്ടിയാണ് സത്യത്തെ ഇങ്ങനെ പല കരങ്ങളില്‍ ഊനാമൂനോ എത്തിക്കുന്നത്. ചതുരംഗംകളിക്കാരന്റെ സത്യം അയാളുടെ സ്നേഹിതര്‍ കണ്ടറിയുമ്പോള്‍ അതിനു കുറച്ച് മാറ്റം വരും. അത് അജ്ഞാതനായ വായനക്കാരനിലേക്കും അയാളില്‍ നിന്ന് ഊനാമൂനോയിലേക്കും ചെല്ലുമ്പോള്‍ പിന്നെയും മാറ്റം വരും. സത്യത്തിന് ഇങ്ങനെ കിനാവിന്റെ ഛായ നല്‍കുന്ന രീതി പില്‍ക്കാലത്ത് ബോര്‍ഹസ് സ്വീകരിച്ചു. മനുഷ്യന്റെ ദുരന്തബോധത്തിന് ഊന്നല്‍ നല്‍കി മനുഷ്യജീവിതത്തിന്റെ അഗാധതയിലേക്കു ചെല്ലാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന മഹനീയമായ കലാസൃഷ്ടിയാണ് ഈ നോവ്‌ലെറ്റ്. ഇതു വായിക്കുമ്പോള്‍ കലയ്ക്ക് ഏത് അധിത്യകവരെ കടന്നു ചെല്ലാമെന്ന് അനുവാചകന്‍ മനസ്സിലാക്കുന്നു. അയാളുടെ സംസ്കാര ചക്രവാളം വികസിക്കുന്നു.