ഇരുട്ടിലേയ്ക്ക്
ഇരുട്ടിലേയ്ക്ക് | |
---|---|
ഗ്രന്ഥകാരന്‍ | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | പനിനീര്‍പ്പൂവിന്റെ പരിമളം പോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസിദ്ധീകരണ വർഷം | 1977 |
പ്രസാധകർ | എച് അന്റ് സി പബ്ലിഷിംഗ് ഹൗസ് |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങൾ | 72 (ആദ്യ പതിപ്പ്) |
← പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഏലീയാസ് കാനേറ്റിയുടെ ആത്മകഥയുടെ അവസാനത്തെ ഭാഗമായ “The Play of the Eyes”-ല്‍ ജര്‍മ്മന്‍ നാടക കര്‍ത്താവ് ഗേഓര്‍ക്ക് ബൂഹ്നറുടെ (Georg Buchner 1813–1837) “വൊയ്റ്റ്സക്ക്” (Woyzech) എന്ന നാടകത്തെക്കുറിച്ചു പല പുറങ്ങളിലായി ഉപന്യസിച്ചിട്ടുണ്ട്. ആദരാത്ഭുതങ്ങളോടു കൂടിയാണു കാനേറ്റി ആ നാടകത്തിന്റെ മഹത്ത്വം വിശദീകരിക്കുന്നത്. ഏതാനും വാക്യങ്ങള്‍ ഞാന്‍ ഭാഷാന്തരീകരണം ചെയ്തു താഴെ ചേര്‍ക്കുന്നു.
- “ഒരു രാത്രി അത്യന്ത നിരാശതയുടെ ഒരു നിമിഷത്തില്‍ ഞാന്‍ ഒരിക്കലും ഒന്നും എഴുതുകയില്ല എന്ന് ഉറപ്പുണ്ടായിരുന്നപ്പോള്‍, ഇനി ഒന്നും വായിക്കുകയില്ല എന്ന് ഉറപ്പുണ്ടായിരുന്നപ്പോള്‍ ഞാന്‍ ആ മഞ്ഞപ്പുസ്തകമെടുത്തു ലക്ഷ്യമില്ലാതെ തുറന്നു. വൊറ്റ്സക്ക് (Wozzeck) എന്ന് അന്നു വിളിച്ചിരുന്ന ആ നാടകത്തിന്റെ ഒരു രംഗമായിരുന്നു അത്. ഡോക്ടര്‍ വൊറ്റ്സക്കിനോടു സംസാരിക്കുന്ന രംഗം. മിന്നലേറ്റ അനുഭവമായിരുന്നു എനിക്ക്. ഞാന്‍ ആ രംഗം വായിച്ചു. ആ ഖണ്ഡത്തിന്റെ ശേഷമുള്ള ഭാഗമാകെ വായിച്ചു. ആ അപൂര്‍ണ്ണ നാടകത്തിന്റെ എല്ലാ ഭാഗവും വീണ്ടും വീണ്ടും വായിച്ചു. എത്ര തവണ വായിച്ചുവെന്നു പറയാന്‍ വയ്യ. എണ്ണമറ്റ തവണകള്‍ ഞാനതു വായിച്ചിരിക്കണം. കാരണം രാത്രി മുഴുവന്‍ ഞാനതു വായിച്ചുകൊണ്ടിരുന്നു എന്നതു തന്നെ. മഞ്ഞനിറമാര്‍ന്ന ആ പുസ്തകത്തില്‍ നിന്ന് “വൊറ്റ്സക്ക് മാത്രമേ തുടക്കം തൊട്ട് അവസാനം വരെ വീണ്ടും വീണ്ടും വായിച്ചുള്ളു.” കാനേറ്റി ആ പാരായണം കൊണ്ട് അത്രകണ്ട് ഇളകിപ്പോയിരുന്നതിനാല്‍ കാലത്ത് ആറുമണിയാകുന്നതിനു മുമ്പു തന്നെ തീവണ്ടിയാപ്പീസിലേക്കു ഓടുകയും പ്രണയിനിയോട് ആ നാടകത്തെക്കുറിച്ചു പറയാന്‍ വേണ്ടി പട്ടണത്തിലേക്കു ചെല്ലുകയും അവളെ അഗാധനിദ്രയില്‍ നിന്നു വിളിച്ചുണര്‍ത്തുകയും ചെയ്തു.
ബൂഹ്നറുടെ വൊയ്റ്റ്സക്ക് (പഴയപേര് വൊറ്റ്സക്ക്) വായിക്കുന്നവര്‍ സഹൃദയരാണെങ്കില്‍ കാനേറ്റിക്കുണ്ടായ അനുഭവം തന്നെ അവര്‍ക്കുണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ല. അത്രകണ്ട് അതു മൗലികമാണ്, എല്ലാക്കാലത്തേക്കും നൂതനമാണ്. ഭാവനയുടെ സമുജ്ജ്വലാവസ്ഥ സഹൃദയര്‍ക്ക് ഇതില്‍ ദര്‍ശിക്കാം. ഏതു ഉദാത്ത രചനയുടെയും കഥ സംഗ്രഹിച്ചെഴുതിയാല്‍ അത് പരിഹാസ്യമാകും. തീരെ ചുരുക്കുമ്പോള്‍ പരിഹാസാവസ്ഥ പരകോടിയിലെത്തും. ഏങ്കിലും അതിനേ മാര്‍ഗ്ഗമുള്ളു.
ജര്‍മ്മന്‍ സൈന്യത്തിന്റെ ഒരു ഭാഗം. അതിന്റെ ക്യാപ്റ്റന്റെ ‘ഓര്‍ഡര്‍ലി’യാണ് (ആടുതലി എന്നു മലയാളത്തിലെ ഗ്രാമ്യപ്രയോഗം) വൊയ്റ്റ്സക്ക്. സാന്മാര്‍ഗ്ഗികചിന്ത ഒട്ടുമില്ലാത്ത ഒരു ഡോക്ടര്‍ ഏതും ശാസ്ത്രീയമായി നിരീക്ഷണം ചെയ്യുന്നു. അയാള്‍ ഓര്‍ഡര്‍ലിക്കു പയറ് മാത്രമേ ആഹാരമായി കൊടുക്കൂ. പട്ടിണിക്കിട്ട് അയാളെ മാനസികമായും ശാരീരികമായും തകര്‍ക്കുക എന്നതാണ് ഡോക്ടറുടെ ലക്ഷ്യം. ആ മനുഷ്യാധമന്റെ ക്രൂരത നോക്കുക:
- ഡോക്ടര്‍
- വെയ്റ്റ്സക്ക്, ഞാനതു കണ്ടു. നീ തെരുവില്‍ മൂത്രമൊഴിച്ചു. പട്ടിയെപ്പോലെ ചുവരിനോടു ചേര്‍ന്നു മൂത്രമൊഴിച്ചു...
- വൊയ്റ്റ്സക്ക്
- പക്ഷേ ഡോക്ടര്‍ അത് വിസര്‍ജ്ജനാവശ്യമല്ലേ? (Call of nature എന്നു നാടകത്തില്‍ — ലേഖകന്‍)
- ഡോക്ടര്‍
- വിസര്‍ജ്ജനാവശ്യം. വിസര്‍ജ്ജനാവശ്യം. വിസര്‍ജ്ജനാവശ്യകത എന്ന് എന്നോടു പറയരുത്. മൂത്രസഞ്ചിയെ നിയന്ത്രിക്കുന്ന സ്ഫിങ്ക്റ്റര്‍ മാംസപേശി ഇച്ഛാശക്തിക്കു കീഴ്പ്പെട്ടിരിക്കുകയാണെന്ന് ഞാന്‍ തെളിയിച്ചിട്ടില്ലേ?... മൂത്രം നിയന്ത്രിക്കാന്‍ വയ്യ പോലും. വൊയ്റ്റ്സക്ക് നീ പയറുതിന്നോ?... വൊയ്റ്റ്സക്ക് നീ നിശ്ചയമായും വേറൊരു മൂത്രമൊഴിക്കലിന് തയ്യാറായിട്ടില്ലേ? ഒന്നകത്തേക്കുപോയി ശ്രമിച്ചുനോക്ക്.
- വൊയ്റ്റ്സക്ക്
- എനിക്കു വയ്യ ഡോക്ടര്‍.
മാറീ (Marie) എന്ന വേശ്യയോടൊരുമിച്ചാണ് വൊയ്റ്റ്സക്കിന്റെ താമസം. അവര്‍ക്ക് ഒരു മകനുണ്ട്. കാപ്റ്റനും ഓര്‍ഡര്‍ലിയെ വല്ലാതെ പീഡിപ്പിക്കുന്നു. അയാള്‍ക്കു മുഖക്ഷൗരം ചെയ്തുകൊടുക്കേണ്ടതും വൊയ്റ്റ്സക്കാണ്. എല്ലാ മനുഷ്യരെയും രാസവസ്തുക്കളായി കാണുന്ന ഡോക്ടര്‍, വൊയ്റ്റ്സക്കിന്റെ മാനസികമായ തകര്‍ച്ച പൂര്‍ണ്ണമായെന്നു കണ്ടപ്പോള്‍ അയാളുടെ വേതനം വര്‍ദ്ധിപ്പിച്ചു.
നാടകത്തിലെ വേറൊരു കഥാപാത്രമാണ് ഡ്രംമേജര്‍. അയാള്‍ മാറീയെ ലൈംഗികാഭിലാഷത്തിനു വിധേയമാക്കിയിട്ട് അവള്‍ക്കു കാതിലിടുന്ന വളയങ്ങള്‍ സമ്മാനിച്ചു. അവ കണ്ടതോടെ മാനസിക ഭ്രംശമാര്‍ന്ന വൊയ്റ്റ്സക്ക് വല്ലാത്ത ദുശ്ശങ്കയ്ക്ക് അധീനനായി. മാറീയും ഡ്രംമേജറും കൂടി ഒരിടത്ത് ഒരുമിച്ചു നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ അതു മൂര്‍ദ്ധന്യാവസ്ഥയിലെത്തി. മാറീയെ കൊല്ലാനായി അയാള്‍ തീരുമാനിച്ചു. വൊയ്റ്റ്സക്ക് അവളെ ഒരു കുളത്തിനടുത്തു കൊണ്ടുപോയി കത്തികൊണ്ടു കുത്തിക്കൊന്നു. തികഞ്ഞ ഭ്രാന്താണ് അയാള്‍ക്ക്. രക്തം പുരണ്ട കൈകളോടെ നൃത്തത്തില്‍ പങ്കുകൊണ്ട അയാളെ കൊലപാതകിയായി ആളുകള്‍ ദര്‍ശിച്ചു. അതു മനസ്സിലാക്കി അയാള്‍ കുളത്തിലേക്ക് ഓടിച്ചെന്നു കത്തി അതിലെറിയുകയും കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. അവസാനത്തെ രംഗവും ക്ഷോഭജനകമാണ്.
- വൊയ്റ്റ്സക്ക്
- ഇതാ പോകുന്നു അത് (അയാള്‍ വെള്ളത്തിലേക്കു കത്തിയെറിയുന്നു) ഇരുണ്ട വെള്ളത്തില്‍ അത് കല്ലുപോലെ താഴ്ന്നുപോകുന്നു. ചന്ദ്രന്‍ രക്തം പുരണ്ട കത്തിപോലെ... കഷണം കഷണമായി ഞാനതു മുറിക്കേണ്ടിയിരുന്നു. എന്നില്‍ ഇപ്പോഴും ചോര പറ്റിയിരിക്കുന്നോ? എനിക്കു കുളിക്കേണ്ടിയിരിക്കുന്നു. ഇതാ ഒരു പാട്. അതാ വേറൊന്ന്.
- പോലീസുകാരന്‍
- “നല്ല കൊലപാതകം. ശരിയായ കൊലപാതകം, മനോഹരമായ കൊലപാതകം. ആര്‍ക്കും ആഗ്രഹിക്കാവുന്ന രീതിയില്‍ മനോഹരമായ കൊലപാതകം. വര്‍ഷങ്ങളായി ഇതുപോലെയൊരു കൊലപാതകം നമ്മള്‍ കണ്ടിട്ടില്ല” എന്നു പറയുമ്പോള്‍ നാടകത്തില്‍ യവനിക വീഴുന്നു.
എന്റെ കൈയിലുള്ള ഇംഗ്ലീഷ് തര്‍ജ്ജമയില്‍ 29 രംഗങ്ങളുണ്ട്. ഒരു രംഗവും സമ്പൂര്‍ണ്ണമല്ല. ഖണ്ഡങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം. പക്ഷേ ഈ 29 രംഗങ്ങളെയും കൂട്ടിയിണക്കുന്ന ഒരു ഘടകം നാടകത്തിനുള്ളതുകൊണ്ട് ഒരു തരത്തിലുള്ള സമ്പൂര്‍ണ്ണത ഇതിനു കൈവന്നിരിക്കുന്നുവെന്നു പറയാം. എന്താണ് ആ ഘടകം? ഈ ലോകത്തു തിന്മയുണ്ട്. ആ തിന്മ സമൂഹത്തില്‍ നിന്ന് ഉത്ഭവിക്കുന്നോ? അതോ വ്യക്തിയില്‍ നിന്നോ? സമൂഹത്തില്‍ നിന്ന് തിന്മയുണ്ടാകുന്നില്ലെന്നു ബുഹ്നര്‍ പറയുന്നില്ല. എന്നാല്‍ വ്യക്തിയില്‍ നിന്നു രൂപംകൊള്ളുന്ന തിന്മയാണ് മനുഷ്യരെ തകര്‍ക്കുന്നത് എന്ന ആശയം നാടകത്തിലെ സുപ്രധാന ഘടകമാണ്; അല്ലെങ്കില്‍ ഒരാന്തരപ്രവാഹമാണ്. മനഃസാക്ഷിക്കുത്തില്ലാത്ത ഒരു ഡോക്ടര്‍ ശാസ്ത്രത്തിന്റെ പേരില്‍ ഒരു പാവത്തിനെ ഉന്മാദത്തോളം എത്തിക്കുന്നു. മൂത്രവിസര്‍ജ്ജനം ശാരീരികമായി ഒരാവശ്യകതയാണ്. അതിനെ നിയന്ത്രിക്കാന്‍ പ്രയാസം. പക്ഷേ ഇച്ഛാശക്തികൊണ്ട് അത് നടക്കാത്തതു തെറ്റാണെന്നു ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ഡോക്ടര്‍ മൂക്കു ജന്നലില്‍ക്കൂടി വെളിയിലേക്കിട്ടു തുമ്മാന്‍ ശ്രമിക്കുകയാണ്. തുമ്മലിനെക്കുറിച്ച് ഒരു ശാസ്ത്രീയ പഠനം നടത്തേണ്ടിയിരിക്കുന്നു അയാള്‍ക്ക്. അപ്പോഴാണ് അയാള്‍ വൊയ്റ്റ്സക്കിന്റെ മൂത്രമൊഴിക്കല്‍ കണ്ടത്. ഡോക്ടര്‍ക്കു ദേഷ്യംവന്നോ? ഇല്ല. ദേഷ്യം അനാരോഗ്യത്തിന്റെ അടയാളമാണ്. അത് ശാസ്ത്രീയവുമല്ല. വെറും മനുഷ്യനല്ലേ വൊയ്റ്റ്സക്ക്? അയാളോടു കോപിച്ചിട്ടു കാര്യമൊന്നുമില്ല. ഇങ്ങനെ അയാളെ ബലിമൃഗമാക്കിയും ഭ്രാന്ത് കൂടുന്തോറും ബോണസ് വര്‍ദ്ധിപ്പിച്ചുമാണ് ഡോക്ടര്‍ ആ പാവത്തിനെ മൃഗസദൃശനാക്കുന്നത്. ശാസ്ത്രം മനുഷ്യ സമൂഹത്തെ മൃഗീയതയിലേക്കു നയിക്കുന്നുവെന്നാണ് ബുഹ്നറുടെ പക്ഷം. ശാസ്ത്രം മാത്രമോ? സൈനികശക്തി, സെക്സ് ഇവയെല്ലാം അപമാന നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു, അങ്ങനെ വ്യക്തിയും ആ വ്യക്തി ഉള്‍ക്കൊള്ളുന്ന സമുദായവും അനേകം സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രവും ട്രാജഡിയിലെത്തുന്നു. ഈ ഉപാലംഭത്തിലൂടെ ബൂഹ്നര്‍ പരോക്ഷമായി മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നു.
മിലിറ്ററിസം വ്യക്തിയുടെ സ്വത്വത്തെ നശിപ്പിക്കുന്ന രീതിക്കും നിദര്‍ശകമായിട്ടുണ്ട് ഈ നാടകം. ക്യാപ്റ്റന്‍, വൊയ്റ്റസക്കിനെക്കൊണ്ടു മുഖക്ഷൗരം നടത്തിച്ച് അയാളുടെ ആത്മാഭിമാനം കെടുത്തുന്നു. എത്ര വിദഗ്ദ്ധമായിട്ടാണെന്നോ ക്യാപ്റ്റന്‍ അയാളുടെ ഇച്ഛാശക്തിയെ തകര്‍ക്കുന്നത്. “വൊയ്റ്റ്സക്ക് നിനക്ക് സന്മാര്‍ഗ്ഗമെന്നത് ഇല്ലേയില്ല. പള്ളിയുടെ അനുഗ്രഹമില്ലാതെയാണ് നിനക്കു ഒരു കുഞ്ഞുണ്ടായിരിക്കുന്നത്. അത് ഞാന്‍ പറയുന്നതുമല്ല.” മിലിറ്ററിസത്തിന്റെ പ്രതിരൂപമായ കാപ്റ്റന്‍ ഇങ്ങനെ സാമാന്യമനുഷ്യജീവിതത്തിന്റെ പ്രതിരൂപമായ വൊയ്റ്റ്സക്കിനെ നശിപ്പിക്കുന്നു. ഈ തിന്മയെ കാണിക്കുകയല്ലാതെ അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നതേയില്ല ബൂഹ്നര്‍. അത് കലാകാരന്റെ കര്‍ത്തവ്യമല്ലെന്ന് അദ്ദേഹത്തിനറിയാം. തിന്മ ലോകത്തെ ഭരിക്കുന്നു; അല്പം നന്മ ഇവിടെ ഉണ്ടായെങ്കില്‍! എന്നേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളു.
അനുവാചകരെ മാത്രമല്ല, സമുന്നതരായ കലാകാരന്മാരേയും ഹോണ്‍ട് ചെയ്ത നാടകമാണ് ബൂഹ്നറുടെ വൊയ്റ്റ്സക്ക്. ഹൗപ്റ്റ്മാന്‍ വേഡേകിന്റ്, മാക്സ് ഫ്രിഷ്, ബ്രെഹ്റ്റ് ഇവരുടെ കൃതികളിലെല്ലാം ഞാന്‍ ഈ കലാകാരന്റെ സ്വാധീനശക്തി ദര്‍ശിച്ചിട്ടുണ്ട്. നാടകത്തില്‍ ഒരിടത്ത് ഡോക്ടറുടെ ക്രൂരതയ്ക്ക് ഇരയായി വൊയ്റ്റ്സക്ക് “ഡോക്ടര്‍ എല്ലാം ഇരുട്ടിലാവുന്നു” എന്നുപറഞ്ഞ് താഴെ ഇരിക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ, നമ്മളില്‍ ഓരോ വ്യക്തിയും ഇങ്ങനെ അന്ധകാരത്തില്‍ ആമജ്ജനം ചെയ്തുകൊണ്ടിരിക്കുന്നു.
ഇതു ലോകസ്വഭാവമാണ്. ഇതില്‍നിന്ന് നമ്മള്‍ രക്ഷപ്രാപിക്കുമോ? പ്രകാശത്തിലെത്തുമോ? ഇല്ലെന്നാവാം മഹാന്മാരില്‍ മഹാനായ ഈ നാടകകര്‍ത്താവ് ഉദ്ഘോഷിക്കുക.