മധുരസംഗീതം പരിപൂർണ്ണമാകാൻ
മധുരസംഗീതം പരിപൂർണ്ണമാകാൻ | |
---|---|
ഗ്രന്ഥകാരന് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | പനിനീര്‍പ്പൂവിന്റെ പരിമളം പോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസിദ്ധീകരണ വർഷം | 1997 |
പ്രസാധകർ | എച് അന്റ് സി പബ്ലിഷിംഗ് ഹൗസ് |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങൾ | 72 (ആദ്യ പതിപ്പ്) |
← പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
ഒരു തരത്തിലുള്ള പുനരാവര്‍ത്തനവും നമുക്ക് സഹിക്കാനാവില്ലെന്ന് വൈറ്റ്ഹെഡ് എന്ന തത്വചിന്തകന്‍ എവിടെയോ എഴുതിയിട്ടുണ്ട്. ആശയങ്ങളുടെയോ സംഭവങ്ങളുടെയോ ഹാസ്യപ്രതിപാദനങ്ങളുടെയോ പുനരാവര്‍ത്തനങ്ങള്‍ മാത്രമല്ല ആ തത്വചിന്തകന്‍ ലക്ഷ്യമാക്കുന്നത്. ഇംഗ്ലീഷില്‍ Perfection എന്നു വിളിക്കുന്ന സര്‍വോത്കൃഷ്ടതയുടെ ആവര്‍ത്തനവും നമുക്ക് അസഹനീയമത്രേ.
സ്വഭാവത്തിന്റെ അന്യൂനാവസ്ഥയിലെത്തിയ ഒരുത്കൃഷ്ട പുരുഷന് കേരളത്തിലുണ്ടായിരുന്നു കുറച്ചുകാലം മുമ്പ്. കുട്ടികളുടെ ഉത്തരക്കടലാസുകള്‍ നോക്കി മാര്‍ക്ക് ചെയ്തപ്പോള്‍ അദ്ദേഹം മുപ്പത്തിമൂന്നേമുക്കാല് എന്ന് ആദ്യത്തെ ഷീറ്റില്‍ മാര്‍ക്ക് കൂട്ടിയെഴുതിയതു ഞാന്‍ കണ്ടു. സര്‍വ്വകലാശാലയുടെ നിയമമനുസരിച്ച് മുപ്പത്തിമൂന്നര എന്നു മാര്‍ക്ക് വന്നാല്‍ മുപ്പത്തിനാലാക്കി കാണിക്കണം അത്. അപ്പോള്‍ മുപ്പത്തിമൂന്നേ മുക്കാലിനെക്കുറിച്ച് എന്തു പറയാനിരിക്കുന്നു?
എങ്കിലും ധര്‍മ്മനിഷ്ഠയുടെ ശാശ്വതപ്രതീകമാണ് താനെന്നു വിചാരിച്ചിരുന്ന അദ്ദേഹം മുപ്പത്തിനാല് എന്ന് ഉത്തരക്കടലാസിന്റെ ആദ്യത്തെ ഷീറ്റില്‍ എഴുതുമായിരുന്നില്ല. മാര്‍ക്ക് ലിസ്റ്റ് എഴുതുമ്പോഴും മുപ്പത്തിമൂന്നേ മുക്കാലായി ആ അക്കം അവിടെ കിടക്കുന്നുണ്ടായിരിക്കും. ആ മുപ്പത്തിമൂന്നേ മുക്കാലില്‍ നിന്ന് എഴുന്നേറ്റു നമ്മുടെ മുമ്പില്‍ നില്ക്കുന്ന സന്മാര്ഗ്ഗപ്രതീകം മനുഷ്യത്വമുള്ളവനാണോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ഞാനും ഉത്തരക്കടലാസ് നോക്കിയിട്ടുള്ളവനാണ്. മാര്‍ക്ക് ചെയ്യുമ്പോള്‍ മുപ്പത്തിമൂന്നാണ് വരുന്നതെങ്കില്‍ ഉത്തരക്കടലാസിനകത്ത് ഇട്ട മാര്‍ക്കില്‍ അരമാര്ക്കുവീതം ചിലയിടങ്ങളില്‍ കൂട്ടിയിട്ട് മുപ്പത്തഞ്ചോ മുപ്പത്തിയേഴോ ആക്കി മാറ്റി ഞാന്‍ പരീക്ഷയെഴുതിയവനെ ജയിപ്പിച്ചു വിടുമായിരുന്നു.
മുപ്പത്തിമൂന്നേ മുക്കാല്‍ മാര്‍ക്ക് കിട്ടിയ പയ്യന് പിന്നെയും ഒരു വര്‍ഷം കണ്ണില്‍ എണ്ണയൊഴിച്ചു പഠിക്കേണ്ടി വരുമെന്നു കണ്ണില്‍ച്ചോരയില്ലാത്ത ഈ സര്‍വ്വോത്കൃഷ്ട പുരുഷന് ഓര്‍മ്മിക്കുന്നില്ല. ഒരു പക്ഷേ ഓര്‍മ്മിച്ചാലും അന്യതാവസ്ഥയിലെത്തിയ അദ്ദേഹത്തിന്റെ സദാചാരതല്പരത്വം അതിനു അനുമതി നല്‍കുന്നില്ല. ഇദ്ദേഹത്തെ മനസ്സില്‍ക്കണ്ടാണ് നമ്മുടെ ഒരു ഹാസ്യസാഹിത്യകാരന്‍ ഒരു സാങ്കല്‍പ്പിക സംഭവം വിവരിച്ചത്. നമ്മുടെ മുപ്പത്തിമൂന്നേ മുക്കാലുകാരന്റെ വീട്ടിന്റെ മുറ്റത്ത് പ്ലാവുണ്ട്.
അതില്‍ നിന്നു വീണ ഇല താഴെക്കിടക്കുന്നു. അയല്വീട്ടുകാരന് വന്ന് പഞ്ചപുച്ഛമടക്കി അദ്ദേഹത്തോടു ചോദിക്കുന്നു: “സാറേ ഒരു പ്ളാവില എടുത്തോട്ടോ?” അദ്ദേഹത്തിന്റെ മറുചോദ്യം: “എന്തിനാ?” അയല്വീട്ടുകാരന്: ‘കോട്ടി കഞ്ഞികുടിക്കാനാണേ’. സന്മാര്ഗനിഷ്ഠക്കാരന് പിന്നെയും ചോദ്യമെറിയുന്നു: ‘പച്ച പ്ളാവിലയോ പഴുത്ത പ്ളാവിലയോ?’ അടുത്ത വീട്ടുകാരന് കൂടുതല്‍ വിനയത്തോടെ: ‘പഴുത്ത പ്ളാവിലയാണേ. താഴെക്കിടക്കുന്നതാണേ.’ സദസദ്വിചാരക്കാരന് ഗൗരവത്തോടെ: ‘നിയമം അതനുശാസിക്കുന്നുണ്ടോ എന്നു നോക്കട്ടെ. നാളെ വരൂ.’ അയല്ക്കാരന് ചൂടുള്ള കഞ്ഞി കൈകൊണ്ടു കോരിക്കുടിച്ചിരിക്കും. അല്ലെങ്കില്‍ ഭാര്യ അതു തണുപ്പിച്ചു കൊടുത്തിരിക്കും.
സന്മാര്ഗനിരതന് മുപ്പത്തിമൂന്നേ മുക്കാലെന്നു എഴുതിയതു കണ്ടു ഞാന്‍ അദ്ദേഹത്തോട് വിനയത്തോടെ ചോദിച്ചു: “സാര്‍ സെന്‍സിറ്റീവ് ബാലന്‍സില്‍ വച്ചാണോ അങ്ങ് ഉത്തരങ്ങള്‍ തൂക്കിനോക്കുന്നത്. സാറിനെപ്പോലെ വേറൊരാള് നോക്കിയെങ്കില്‍ ഈ കുട്ടിക്ക് ചിലപ്പോള്‍ നാല്‍പ്പതോ നാല്‍പ്പത്തിയഞ്ചോ മാര്‍ക്ക് കിട്ടുമായിരുന്നില്ലേ?” ആ അധൃഷ്യപ്രഭാവന് സംഹാരരുദ്രന്റെ ഭാവം പൂണ്ടു. ഞാന്‍ പേടിച്ചു പോവുകയും ചെയ്തു. തന്റെ ധര്‍മ്മനിഷ്ഠയുടെ ആവര്‍ത്തനങ്ങളെ പുനരാവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് അദ്ദേഹം വളരെക്കാലം കേരളത്തില്‍ ജീവിച്ചിരുന്നു.
സര്‍വോത്കൃഷ്ടതയുടെ അല്ലെങ്കില്‍ അന്യൂനാവസ്ഥയുടെ ആവര്‍ത്തനം സഹിക്കാനൊക്കുകയില്ലെന്നാണ് വൈറ്റ്ഹെഡ് പറഞ്ഞത്. ഇതു മനസ്സിലാക്കിയാണ് മഹാന്മാരായ കലാകാരന്മാര് തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ആ അവസ്ഥ നല്‍കാത്തത്. നല്കിയാല് പുനരാവര്‍ത്തനത്തിന് ഉദ്യുക്തരാവാത്തതും. പ്രിയപ്പെട്ട വായനക്കാര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് അവരുടെ വൈരസ്യം ക്ഷണിച്ചുവരുത്താന്‍ എനിക്കു കൗതുകമില്ല. അതുകൊണ്ടു സൂചനകള്‍ മാത്രമേ നല്കുന്നുള്ളു.
ധര്മ്മാശ്രിതനായ ശ്രീരാമന് അച്ഛന്റെ നിയോഗമനുസരിച്ച് കാട്ടില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ നേര്‍ക്ക് ഉപാലംഭം ചൊരിയാതിരുന്നില്ല. ജീവിതത്തില്‍ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലാത്ത ധര്‍മ്മപുത്രര്‍ അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് അസത്യം പറഞ്ഞു. അതു പറയുന്നതു വരെ ധര്‍മ്മപുത്രരുടെ തേര് ഭൂമിയില്‍ നിന്ന് ഉയര്‍ന്നാണ് സഞ്ചരിച്ചിരുന്നത്. അസത്യോക്തിക്കു ശേഷം അതു ഭൂമിയെ സ്പര്‍ശിച്ച് ഓടാന്‍ തുടങ്ങി. വിക്തോര്‍ യൂഗോയുടെ ‘പാവങ്ങള്‍’ എന്ന നോവലില്‍ ഒരു കന്യാസ്ത്രീ കഥാപാത്രമായിയുണ്ട്. അവര്‍ ഒരു നാളും കള്ളം പറഞ്ഞിട്ടില്ല. പൊലീസുദ്യോഗസ്ഥനെ ഭയന്ന് അവരുടെ മുറിയില്‍ ആശ്രയം തേടിയ ഷാങ്വാല് ഷാങ് കതകിന്റെ പുറകില്‍ ഒളിച്ചുനിന്നു. ഇന്‍സ്പെക്ടര്‍ മുറിയുടെ നടയിലെത്തി. പ്രാര്‍ത്ഥിക്കുന്ന കന്യാസ്ത്രീയുടെ മുറിയില്‍ വേറെ ആരും പ്രവേശിക്കാന്‍ പാടില്ല എന്ന നിയമമുള്ളതുകൊണ്ട് അയാള്‍ അവിടെനിന്നുകൊണ്ടു ചോദിച്ചു: ‘സിസ്റ്റര്‍, ഭവതി മാത്രമേയുള്ളോ ഈ മുറിയില്‍?’ ഒരു സങ്കോചവും കൂടാതെ അവര്‍ മറുപടി നല്കി: ‘കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നിടത്ത് മറ്റാര്‍ക്കെങ്കിലും പ്രവേശമുണ്ടോ?’ ഇതുകേട്ട് ഉദ്യോഗസ്ഥന് തിരിച്ചുപോയി. ഷാങ് വാല് ഷാങ് രക്ഷപ്പെടുകയും ചെയ്തു. ആ സിസ്റ്റര്‍ പറഞ്ഞ കള്ളം അവരെ സ്വര്‍ഗ്ഗപ്രവേശത്തിന് അര്ഹതയുള്ളവളാക്കിയെന്ന് യൂഗോ എഴുതി (ഓര്‍മ്മയില്‍നിന്നു കുറിക്കുന്നത്). ഇവയെല്ലാം അന്യൂനാവസ്ഥയുടെ അല്ലെങ്കില്‍ സര്‍വോത്കൃഷ്ടതയുടെ ഗര്‍ഹണീയ സ്വഭാവത്തിലേക്കു കൈചൂണ്ടുന്നു.
ഈ സന്ദര്‍ഭത്തില്‍ പ്രശസ്തനായ ഒരു കഥാകാരന് വള്ളത്തോളിനെക്കുറിച്ചു പറഞ്ഞത് എന്റെ സ്മരണമണ്ഡലത്തില്‍ വന്നുചേരുന്നു. ഒരഭിനേതാവ് കഥകളിയില്‍ ‘മനോധര്‍മ്മം ആടുക’യായിരുന്നു. സ്വര്‍ഗ്ഗമായിരുന്നു അയാളുടെ വിഷയം. സ്വര്‍ഗ്ഗത്ത് എല്ലാ മരങ്ങള്‍ക്കും ഒരേ പൊക്കം. എല്ലാ ചെടികള്‍ക്കും ഒരേ ഉയരം. അംഗനകള്ക്ക് സര്‍വാതിശായിയായ ഒരേ സൗന്ദര്യം. അതു കണ്ടു വള്ളത്തോള്‍ ക്ഷോഭിച്ചു പറഞ്ഞത്രേ: ‘എടാ ഈ വിധത്തില്‍ അന്യൂനമായ ഒരു സ്ഥലം ആര്‍ക്കുവേണം? നിറുത്ത് നിന്റെ മനോധര്‍മ്മം.’ മഹാകവിയുടെ ഈ സൂക്ഷ്മനീരീക്ഷണം എത്ര കേമം!
എന്റെ വായനക്കാരില്‍ പലരും ഫ്ളോബറിന്റെ ‘മദാം ബൂവറി’ എന്ന നോവല്‍ വായിച്ചിരിക്കും. ഭര്‍ത്താവുണ്ടായിരിക്കെ മറ്റു പുരുഷന്മാരെ പ്രാപിച്ച് ഒടുവില്‍ ആത്മഹനനം നടത്തിയ ഒരു യുവതിയുടെ കഥയാണല്ലോ അത്. അവള് ഒരു കെമിസ്റ്റിന്റെ കടയില്‍ കയറി പാഷാണമെടുത്തു തിന്നു ജീവനൊടുക്കി. ഭര്‍ത്താവിനെ അവള് സ്നേഹിക്കാതിരിക്കുന്നില്ല. എങ്കിലും അതിരു കടന്ന റൊമാന്സില് അഭിരമിച്ച അവള്‍ക്ക് ദുരന്തം സംഭവിക്കുകയാണ്.
ഫ്ളോബറിന്റെ രചനാവൈദഗ്ദ്ധ്യം കൊണ്ടു നമ്മള് അവളെ വെറുക്കുന്നില്ല. സഹാനുഭൂതിയോടെ നോക്കുന്നതേയുള്ളു. കാമുകന് — ജാരപുരുഷന് — ഉറങ്ങിക്കിടക്കുകയാണ്. അവള് അയാളെക്കാണാന്‍ വയലുകളിലൂടെ ഓടി. തെന്നുന്ന പാത. വീഴാതിരിക്കാന്‍ അവള് ചെടികളില്‍ കയറിപ്പിടിച്ചു. ഉഴുതിട്ട വയലുകളില്‍ക്കൂടി ഓടിയപ്പോള്‍ അവളുടെ കാലുകള്‍ ചെളിയില്‍ താണുപോയി. കാളകളെപ്പേടിച്ച് അവള് ഓടുകയാണ്. കിതച്ചുകൊണ്ട് അരുണാഭമായ കവിള്‍ത്തടങ്ങളോടുകൂടി അവള് അവിടെയെത്തി. കാമുകന് അപ്പോഴും ഉറങ്ങുകയാണ്. “വസന്തകാല പ്രഭാതം മുറിയിലെത്തുന്നതുപോലെയായിരുന്നു” അവളുടെ പ്രവേശം. നമ്മുടെ ദൃഷ്ടിയില് അവള് വ്യഭിചാരിണിയായിരിക്കാം. പക്ഷേ ഫ്ളോബറിന്റെ നോട്ടത്തില്‍ അവള്‍ക്ക് വസന്തകാലപ്രഭാതത്തിന്റെ രാമണീയകമുണ്ട്. ഇതാണ് ന്യൂനാവസ്ഥയിലുള്ള അന്യൂനാവസ്ഥ. ഇതുണ്ടെങ്കിലേ മനുഷ്യത്വം പ്രകാശിക്കൂ. ‘യുഷ്മാദൃശ പ്രോഷ്മള ബാഷ്പനീരില്‍’ എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ ബാഷ്പത്തേയും നീരിനേയും അങ്ങനെ ചേര്‍ത്തതു ശരിയായോ എന്നൊരു വിമര്ശകന് എന്നോടു ചോദിച്ചു. ആ ചേര്‍ച്ചയിലാണ് സൗന്ദര്യമിരിക്കുന്നതെന്നു ഞാന്‍ മറുപടി പറയുകയും ചെയ്തു. ‘മധുര സംഗീതം പരിപൂര്‍ണ്ണമാകാന്‍ യതിഭംഗം വന്നേ മതിയാവൂ’ എന്നാണ് കവി പാടിയത്. ആ യതിഭംഗം അന്യൂനാവസ്ഥയില് ന്യൂനാവസ്ഥ സംജാതമാക്കി നമ്മളെ സൗന്ദര്യത്തിന്റെ ലോകത്തേക്കു നയിക്കുന്നു.