close
Sayahna Sayahna
Search

കുട്ടികൃഷ്ണമാരാര്‍ സഹൃദയനോ?


കുട്ടികൃഷ്ണമാരാര്‍ സഹൃദയനോ?
Front page of War and Peace, first edition, 1869 (Russian)
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

ആഴമില്ലാത്തതും ലഘുവായതുമായ തന്റെ ʻʻചങ്ങമ്പുഴകൃഷ്ണപിള്ളˮ എന്ന പ്രബന്ധത്തില്‍ കുട്ടികൃഷ്ണമാരാര് പറയുന്നു:

ʻʻശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ. മലയാളത്തിലെ ഭക്തിയില്ലാത്ത ജയദേവനായിരുന്നു എന്നതില്‍ കവിഞ്ഞ് എനിക്ക് അദ്ദേഹത്തിന്റെ കവിത്വത്തെപ്പറ്റി ഏറെയൊന്നും നല്ലതുപറവാനില്ല.ˮ കുട്ടികൃഷ്ണമാരാര്‍ മരിച്ചിട്ട് ഇരുപത്തിയാറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. തെല്ല് ലജ്ജയോടെ ഞാന്‍ സമ്മതിക്കട്ടെ. ഇന്നലെയാണ് മാരാരുടെ ഈ പ്രബന്ധം ഞാന്‍ വായിച്ചത്. ചങ്ങമ്പുഴ നല്ല കവിയാണെന്നും മഹാകവി എന്നു പോലും അദ്ദെഹത്തെ വിശേഷിപ്പിക്കാമെന്നും വിശ്വസിക്കുന്ന ഞാന്‍ അദ്ദേഹത്തിന്റെ ഈ വാക്യം വായിച്ചയുടനെ ചുവപ്പുകണ്ട നാടന്‍ കാളയെപ്പോലെ വിരണ്ടോടിയില്ല.

(കാള ചുവപ്പുകണ്ടാല്‍ വിരണ്ടോടുമെന്നത് മിഥ്യമതി – Fallacy – ആണ്. ശൈലിക്ക് വേണ്ടി അങ്ങനെ എഴുതിയെന്നേയുള്ളൂ.) അങ്ങനെ ഓടേണ്ടകാലം കഴിഞ്ഞു പോയി എനിക്ക്. അല്ലെങ്കില്‍തന്നെ സാഹിത്യരാഷ്ട്രത്തില്‍ ജനാധിപത്യമുണ്ടായിരിക്കുമ്പോള്‍ ഏതു സഹൃദയപൗരനും ഏതഭിപ്രായവും ഉണ്ടായിരിക്കാമല്ലോ. ലോകം കണ്ട പ്രതിഭാശാലികളില്‍ അഗ്രിമസ്ഥാനത്തെത്തിയ ഷെയ്ക്സ്പിയറിനെ അസംസ്കൃത ചിന്താഗതിക്കാരന്‍ എന്നുവിളിച്ച ഫ്രഞ്ച് ചിന്തകനുണ്ട്. കലയുടെ അധികൃതയിലെത്തിയ ʻʻകിങ് ലീയര്‍ˮ എന്ന നാടകത്തിന്റെ നേര്‍ക്ക് ഉപലാഭം ചൊരിഞ്ഞ റഷ്യന്‍ സാഹിത്യകാരനുണ്ട്. ഇവയെല്ലാം കേട്ട് ഹൃദയപരിപാകമുള്ളവര്‍ ക്ഷോഭിക്കാറില്ല. എങ്കിലും ഈ വ്യത്യസ്ത ശബ്ദങ്ങള്‍ക്ക് മുകളിലായി ഭൂരിപക്ഷം സഹൃദയരുടെ അഭിപ്രായം അര്‍ക്കകാന്തി ചൊരിഞ്ഞുനില്ക്കുന്നു. ആ അഭിപ്രായം ഷെയ്ക്സ്പിയറിനു അനുകൂലമാണ്. കിങ് ലീയര്‍ നാടകത്തിന് അനുകൂലമാണ്. അതിന്റെ പ്രഭയില്‍ ഫ്രഞ്ച് ചിന്തകന്റെയും റഷ്യന്‍ സാഹിത്യകാരന്റെയും കുട്ടികൃഷ്ണമാരാരുടെയും മതങ്ങള്‍ മങ്ങിപ്പോകുന്നു. കലയെ സംബന്ധിച്ച് അസ്വാദനത്തിന് സാര്‍വ്വലൗകിക ഘടകമുണ്ട്. സാര്‍വ്വലൗകിക പ്രാധാന്യമുണ്ട്. കാളിദാസന്റെ കവിത്വശക്തിയെക്കുറിച്ച് രണ്ടഭിപ്രായമില്ല. എതിരായ അഭിപ്രായമുണ്ടായാല്‍ ആസ്വാദന സൗധത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടല്ല അയാള്‍ ഇരിക്കുന്നതെന്ന് ഉടനെ തീരുമാനിക്കാം. വാതായനങ്ങള്‍ അടച്ച് അയാള്‍ ഇരുട്ടുണ്ടാക്കി അവിടെയിരുന്നുകൊണ്ട് അയാള്‍ ജല്പിക്കുകയാണെന്ന് നമുക്ക് തീരുമാനിക്കാം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ നിസ്തുലമായ കവിത്വശക്തിയെക്കുറിച്ച് ഇപ്പോഴൊന്നും പറയേണ്ടതില്ല. സൂര്യനു വെളിച്ചമുണ്ടെന്ന് തെരുവുനീളെ വിളിച്ചു കൂവിക്കൊണ്ടു നടക്കുന്നവന്‍ ഭ്രാന്തനായേ പരിഗണിക്കപ്പെടൂ. അങ്ങനെ ഭ്രാന്തനാകാന്‍ എനിക്ക് കൗതുകം തീരെയില്ല. സാര്‍വലൗകിക മൂല്യമാര്‍ന്ന കവിതയെയോ നോവലിനെയോ വിപ്രതിപത്തിയോടു വീക്ഷിക്കുമ്പോള്‍ ആ വീക്ഷണം നടത്തുന്നയാളിന്റെ സഹൃദയത്വത്തിലായിരിക്കും നമ്മുടെ സംശയം ചെന്നുവീഴുക.

മറ്റൊരു ജോലിയും കണ്ടതില്ലന്നുഞാന്‍
മുറ്റത്തെപ്പൂല്‍ പറിക്കാനിരുന്നു.
ഇക്കൈവിരല്‍കൊണ്ടു ഹിംസാക്ഷരം കുറി
പ്പിക്കുവാനുള്ളതിത്തൂവലാവാം

എന്ന നാലപ്പാട്ട് നാരായണ മേനോന്റെ വരികള്‍ വായിച്ചു അതിന്റെ പ്രൗഢതയ്ക്ക് മുന്‍പില്‍ കുട്ടികൃഷ്ണമാരാര്‍ തലകുനിച്ചുനില്ക്കുന്നു ആദരാതിശയത്തോടെ. എന്നാല്‍ ഈ കാവ്യഖണ്ഡത്തില്‍ കവിതയുണ്ടോ? കേവല ചിന്തകളെ കലാകഞ്ചുകം ധരിപ്പിക്കാതെയല്ലേ അദ്ദേഹം അവയെ നമ്മുടെ മുന്‍പില്‍ കൊണ്ടുവന്നു നിറുത്തുന്നത്. ആന്തര സംഗീതം ഈ വരികളില്‍ ഇല്ലെന്നതുപോകട്ടെ, ബാഹ്യസംഗീതമെങ്കിലും ഉണ്ടോ? എന്നിട്ടും,

അന്നാപ്പുലരിയില്‍ പൂ പറിച്ചും കൊണ്ടു
നിന്നുനീയാളിയുമൊത്താവനികയില്‍
കാളമേഘത്തില്‍ കവിത തുളുമ്പിച്ച
കാളിദാസന്റെ ശകുന്തളമാതിരി

എന്ന് ഹര്‍ഷാദമായ വരികളെഴുതിയ ചങ്ങമ്പുഴയെ കുട്ടികുഷ്ണമാരാര്‍ നിന്ദിക്കുന്നല്ലോ. റഷ്യന്‍കവി പസ്തര്‍നക്ക് പറഞ്ഞിട്ടുണ്ട് സുന്ദരിയുടെ ആകര്‍ഷകത്വത്തെ നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവിതത്തിന്റെ ഗൂഢപ്രശ്നങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുകയാണെന്ന്. പ്രത്യക്ഷത്തില്‍ ബഹിര്‍ഭാഗസ്ഥമെന്ന് തോന്നാവുന്ന ഈ വരികളെഴുതി തരുണിയുടെ സൗന്ദര്യമാസ്വദിക്കുന്ന കവി ജീവിതത്തിന്റെ പ്രഹേളികകള്‍ക്കും ഉത്തരങ്ങള്‍ കണ്ടെത്തുകയാണ്. എഴുത്തച്ഛനും കുഞ്ചന്‍ നമ്പിയാര്‍ക്കും പുനം നമ്പൂതിരിക്കും വള്ളത്തോളിനും കുഞ്ഞിരാമന്‍ നായര്‍ക്കും അഭിലഷിക്കത്തവിധത്തില്‍ കാവ്യപ്രചോദനമാര്‍ന്ന ചങ്ങമ്പുഴയെക്കുറിച്ച് മാരാര്‍ക്ക് നല്ലതൊന്നും പറയാനില്ല പോലും. ഇതിന് ഒന്നേ പ്രസ്താവിക്കാനുള്ളൂ. അത് സ്പഷ്ടമായി എഴുതാന്‍ എനിക്ക് മടിയില്ല. കുട്ടികൃഷ്ണമാരാര്‍ എന്ന മഹായശസ്കനായ നിരൂപകന് സഹൃദയത്വമില്ലായിരുന്നു. മനുഷ്യരാശിക്കാകെ പ്രയോജനമുള്ള, എല്ലാവരും ഒരേമട്ടില്‍ സ്വീകരിക്കുന്ന സൗന്ദര്യാംശങ്ങളെ കണ്ടറിയാനുള്ള, ആസ്വദിക്കാനുള്ള സഹൃദയത്വം മാരാര്‍ക്കില്ലായിരുന്നു. കാളിദാസന്റെ അതിസുന്ദരങ്ങളായ കാവ്യങ്ങള്‍ തിരുത്തിയെഴുതി മാലിന്യം കലര്‍ത്തിയ വ്യക്തിവിവേകകാരന്‍ മഹിമഭട്ടന്റെ കുത്സിതമായ യുക്തികള്‍ ചെറിയ തോതില്‍ വശത്താക്കിയ നിരൂപകനായിരുന്നു കുട്ടികൃഷ്ണമാരാര്‍ എന്നേ എനിക്ക് പ്രിയപ്പെട്ട വായനക്കാരോട് പറയാനുള്ളൂ.

ഈ നിരൂപകന്റെ സഹൃദയത്വമില്ലായ്മയ്ക്ക് മകുടം ചാര്‍ത്തുന്ന പ്രബന്ധമാണ് ʻആശാന്റെ ലീലʼ എന്നത്. ലീല ഭര്‍ത്താവിനെ കൊന്നുകളഞ്ഞുവെന്നാണ് മാരാരുടെ വാദം. അദ്ദേഹം പറയുന്നു.

ʻʻഅതുമല്ലെങ്കില്‍ തനിക്കൊരു തീരാപ്പൊറുതികേടായിരിക്കുന്ന ആ സുഭഗമാനിക്ക് ഒരു ലോകമാറ്റം കൊടുത്തുവിടും; നാലാമതൊന്നു ചെയ്യാനില്ല. ലീല ആദ്യത്തതു രണ്ടുമല്ല ചെയ്തതെങ്കില്‍,

ʻഅവളുടെ ശയനീയശായിയാ
മവനൊരുഷസിലുണര്‍ന്നിടാതെയായʼ

എന്നതിലെ ആ ശയനീയശായി പ്രയോഗത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതെന്തെന്നു സംശയിപ്പാനില്ല. ഇപ്രകാരം ലീലയുടെ കഷ്ഠാഗതമായ പ്രണയദുഖം തന്നെയാണ് ഒരു നാള്‍ തന്റെയടുത്തു അഭിമാന കൃതാര്‍ത്ഥനായുറങ്ങുന്ന ആ ഒഴിയാബാധയെ ʻക്ഷണം അകരുണംʼ ഉന്മൂലനം ചെയ്തു കളഞ്ഞതെന്നു വന്നാല്‍ കാവ്യാര്‍ത്ഥം സുപോഷിതമായി...ˮ

ലീല ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് പൊതിക്കാത്ത തേങ്ങ പോലെയിരിക്കുന്ന ഈ വാക്യങ്ങളില്‍ നിന്ന് നമ്മള്‍ ഗ്രഹിക്കേണ്ടത്. ആ അനുമാനത്തിന് ഉപോദ്ബലകമായിരിക്കുന്നതു കുമാരനാശാന്റെ ʻഅവളുടെ ശയനീയ ശായിയാം അവന്‍ʼ എന്ന പ്രയോഗമാണെന്ന് സാചീകരണത്തോളമെത്തിയ മാരാര്‍ വാദിക്കുന്നു. (സാചീകരണം –- വക്രഗമനം) ശയനീയശായി എന്നാല്‍ ശയനീയത്തില്‍ ശയിക്കുന്നവന്‍ എന്നര്‍ത്ഥം. ഭര്‍ത്താവ്, പതി, പ്രിയന്‍, ധവന്‍ ഇങ്ങനെ പല പദങ്ങളുണ്ടായിട്ടും കവി ʻശയനീയശായിʼ എന്നു പ്രയോഗിച്ചത് കരുതിക്കൂട്ടിയാണെന്നു മാരാര്‍ വിചാരിക്കുന്നു. കിടക്കയില്‍ കിടന്നുറങ്ങുന്നവന്റെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ എത്ര എളുപ്പം! ലീല അതു ചെയ്തുവെന്നാണ് മാരാരുടെ അഭിപ്രായം. നിരൂപകന്റെ സഹൃദയത്വമില്ലായ്മയില്‍ നിന്നും ജനിച്ച ഈ അഭിപ്രായം അതര്‍ഹിക്കുന്ന അവജ്ഞതയോടെ നമ്മള്‍ തള്ളിക്കളയേണ്ടതാണ്. കാരണം ശയനീയശായി എന്ന പദത്തിന്റെ അവയവാര്‍ത്ഥമെടുത്ത് ആ വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ഒരു നിരൂപകനും ഒരുമ്പെടില്ല എന്നത്രേ. ʻസീത ചെറുപ്പകാലത്ത് ശ്രീരാമന്റെ സഹധര്‍മ്മചാരിണിയാണ്ʼ എന്നു പറഞ്ഞാല്‍ അവള്‍ ഭര്‍ത്താവിന്റെ എല്ലാധര്‍മ്മങ്ങളോടൊത്തും ചരിച്ചിരുന്നു എന്നല്ല അര്‍ത്ഥം. അങ്ങനെയാണെങ്കില്‍ ശ്രീരാമന്‍ കാലത്തു പല്ലു തേക്കാന്‍ ഭാവിക്കുന്നതു കണ്ട് സീതയും റ്റൂത്ത് ബ്രഷും പെയ്സ്റ്റും എടുക്കേണ്ടതല്ലേ. സഹധര്‍മ്മചാരിണിക്കും ഭാര്യയെന്നേ അര്‍ത്ഥമുള്ളൂ. ബ്രഹ്മചാരി എന്ന പദത്തിന്റെ അവയവാര്‍ത്ഥം ബ്രഹ്മത്തില്‍ –- വേദത്തില്‍ –- ചരിക്കുന്നവന്‍ എന്നാണ്. അതുകൊണ്ട് റ്റൊന്റിഫോര്‍ ഔവേഴ്സും അയാള്‍ വേദത്തില്‍ ചരിച്ചുകൊണ്ടിരുന്നു എന്നുകരുതാവുന്നതല്ല. ബ്രഹ്മചാരി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കും, ആഹാരം കഴിക്കും, രാത്രി ഉറങ്ങും. അവയവാര്‍ത്ഥമെടുത്ത് ലീലയെ കൊലപാതകം ചെയ്തവളാക്കിയ മാരാര്‍ തന്റെ ആസ്വാദന പ്രക്രിയയുടെ താണതലത്തെ മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ.

ഇത്ഥം വണങ്ങി സ്തുതിക്കുന്ന ഭീമന്റെ
ഹസ്തങ്ങള്‍ രണ്ടും പിടിച്ചു കപീശ്വരന്‍
നക്തഞ്ചാരാസത്രങ്ങളേറ്റുവടുതക്കട്ടി
വിസ്താരമായുള്ള തന്നുടെ മാറത്തു
ചേര്‍ത്തു പുണര്‍ന്നുകൊണ്ടാപാദമസ്തകം ചേര്‍ത്തു
പേര്‍ത്തു പേര്‍ത്താശുതലോടി കരംകൊണ്ടു
മൂര്‍ദ്ധാവുതൊട്ടങ്ങനുഗ്രഹിച്ചീടിനാന്‍

എന്ന ശ്രേഷ്ഠങ്ങളായ വരികളെഴുതിയ കുഞ്ചന്‍നമ്പിയാരെ ഉണ്ണായിവാരിയരുടെ നളചരിതത്തെ വാഴ്ത്തുന്നതിനു വേണ്ടി ആക്ഷേപിക്കുക, പുരാതന മഹാകാവ്യങ്ങളുടെ ലക്ഷണങ്ങളനുസരിച്ചു രചിച്ച ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതത്തെ ഉണ്ണായിവാര്യരുടെ ഉത്കൃഷ്ടമായ കൃതിയോടുകൂടി താരതമ്യപ്പെടുത്തി പുച്ഛിക്കുക, രമണീയമായ ʻഉണ്ണുനീലിസന്ദേശʼത്തെ ഹാസ്യകൃതിയായിക്കാണുക, വിക്തോര്‍ യൂഗോയുടെ ʻപാവങ്ങളെʼ ടോള്‍സ്റ്റായിയുടെ ʻവാര്‍ ആന്‍ഡ് പീസിʼന്റെ മുകളില്‍ പ്രതിഷ്ഠിക്കുക ഇവയൊക്കെ കലാസൗധത്തിന്റെ വാതായനങ്ങള്‍ ഊക്കോടെ വലിച്ചടച്ച് അന്ധകാരത്തിലിരുന്ന മാരാര്‍ക്കേ കഴിയുകയുള്ളൂ. ജീനിയസുകള്‍ രാഷ്ടം സങ്കല്പിച്ച ഉജ്ജ്വലമാതൃകകളോട് അടുക്കുമ്പോള്‍ അതു കാണാതെ സാചീകരണത്തിലൂടെ കൊഞ്ഞനം കാണിക്കുന്നത് ശരിയല്ല.

സംസ്കൃത ഭാഷയിലുള്ള പാണ്ഡിത്യം ജന്മസിദ്ധമായ സഹൃദയത്വത്തോട് ഒരിക്കലും പൊരുത്തപ്പെടുകയില്ല. കുട്ടികൃഷ്ണമാരാര്‍ക്കു സംസ്കൃതത്തില്‍ അവഗാഹമുണ്ടായിരുന്നുവെന്ന് വാദത്തിനു വേണ്ടി മാത്രം ഞാന്‍ സമ്മതിക്കാം. പക്ഷേ അലകളിളകുന്ന കുളത്തെ നോക്കി ʻകുളം എന്നെ നോക്കിച്ചിരിക്കുന്നുʼ എന്നു പറയുന്ന ശിശുവിന്റെ സഹൃദയത്ത്വം അദ്ദേഹത്തിനില്ലായിരുന്നു.

ʻʻഅമ്പിളിയമ്മാവാ കൂടയിലെന്തോന്ന്?ˮ എന്നു ചോദിക്കുന്ന കുട്ടിയോട് ʻഎടാ അതു അമ്മാവനാണോ? ചന്ദ്രനെന്ന മരിച്ച ഗ്രഹമല്ലേʼ എന്നു മറുചോദ്യം ചോദിക്കുന്ന ആ കുട്ടിയുടെ അമ്മാവന്റെ സഹൃദത്വരാഹിത്യമാണ് അദ്ദേഹത്തിന് ആകെയുള്ളത്.

കാലികള്‍ നക്കിത്തുടയ്ക്കുമച്ചെന്തളിര്‍
ക്കാലടിവെച്ചു കൊണ്ടുണ്ണിക്കണ്ണന്‍
സഞ്ചരിക്കുന്ന നിന്‍ദിക്കിലെങ്ങാനൊരു
പിഞ്ചു പുല്ലായിപ്പിറക്കാവൂഞാന്‍

എന്ന് അക്രൂരന്റെ സ്വഗതോക്തി (വള്ളത്തോള്‍ – ʻഅമ്പാടിയില്‍ ചെല്ലുന്ന അക്രൂരന്‍ʼ എന്ന കാവ്യം.) ഇതിനു കുട്ടികൃഷ്ണമാരാരുടെ വ്യാഖ്യാനമിങ്ങനെ: ʻʻകൃഷ്ണന്റെ പാദസ്പര്‍ശമേല്ക്കാനിടവന്നില്ലെങ്കിലും അതു നക്കിത്തുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച ഗോക്കള്‍ വന്ന് ആ വായ്കൊണ്ട് പിഞ്ചു പുല്ലുപായ എന്നെ കടിക്കുകയെങ്കിലും ചെയ്തേക്കാമല്ലോ എന്നും വ്യഞ്ജിക്കുന്നു.ˮ എന്തൊരു വിലക്ഷണമായ വ്യാഖ്യാനം! ഇങ്ങനെ തന്റെ വിരസതയാര്‍ന്ന മാനസികനിലയുള്ള കുട്ടിക്കൃഷ്ണമാരാരാണ് ചങ്ങമ്പുഴയെന്ന കനക നക്ഷത്രം സ്വര്‍ണ്ണ രശ്മികള്‍ നിത്യതയിലേക്ക് പ്രസരിപ്പിക്കുമ്പോള്‍ പരാങ്മുഖനായി വര്‍ത്തിക്കുക.