close
Sayahna Sayahna
Search

മോഹവും മോഹഭംഗവും


__NOMATHJAX__

മോഹവും മോഹഭംഗവും
Vayana.png
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഡിസി ബുക്‌സ്
വർഷം
1999
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?


ഇംഗ്ലണ്ടില്‍ ഷാര്‍ലെറ്റ് മൂ എന്നൊരു കവയിത്രി ഉണ്ടായിരുന്നു.(Charlote Mew 1869-1928) വിഷാദപൂര്‍ണമായ ജീവിതം നയിച്ച അവരോട് ഒരു പീടിക ഉടമസ്ഥന്‍ ചോദിച്ചു: `Are you Charlote Mew ?' അവര്‍ മന്ദസ്മിതത്തോടെ മറുപടി നല്കി: `I am sorry to say I am'. എന്റെ ബാല്യകാലത്ത് ആരെങ്കിലും `നിങ്ങളാണോ കൃഷ്ണന്‍നായര്‍ എന്നു ചോദിച്ചാല്‍ സന്തോഷത്തോടേ അതേ എം.കൃഷ്ണന്‍നായര്‍ തന്നെ' എന്നു മറുപടി പറയും. ജീവിതാസ്തമയത്തിലെത്തിയ ഇക്കാലത്ത് ആരെങ്കിലും `Are you Professor M.Krishnan Nair?' എന്ന് ചോദിച്ചാല്‍ `I am sorry to say I am Krishnan Nair' എന്ന് ഉത്തരം പറയും. പ്രഫെസര്‍ എന്ന് ചേര്‍ക്കില്ല. 'എം' എന്ന ഇനിഷലും ഞാന്‍ മറുപടിയില്‍ ഇപേക്ഷിക്കും. `വയസ്സാലുളവാകുന്ന മനസ്സില്‍ പരിപക്വത ബുദ്ധിയോ വിദ്യയോകൊണ്ടു സിദ്ധമായ് വരികില്ല താന്‍' എന്നു കവി പറഞ്ഞതു മാത്രമല്ല ഇതിനു കാരണം. ബാല്യകാല കൌതുകങ്ങള്‍ സത്യാവസ്ഥകളോടു ബന്ധപ്പെട്ടവയല്ല എന്നതും കൂടിയാണ്. എന്റെ ബാല്യകാലത്തുണ്ടായ ഒരു സംഭവം വിവരിക്കട്ടെ.

ഇന്നത്ത തലമുറയ്ക്ക് പി.കെ. വിക്രമന്‍നായരെ അറിഞ്ഞുകൂടാ. അദ്ദേഹം പ്രശസ്നനായ അഭിനേതാവായിരുന്നു. വിശ്വനാടകത്തില്‍ അവഗാഹമുള്ള ആളായിരുന്നു. എന്റെ ഒരകന്ന ബന്ധുവും. ഒരിക്കല്‍ അദ്ദേഹം ഞാന്‍ താമസിച്ചിരുന്നിടത്തു വന്ന് എന്റെ കാരണവരുടെ ഭാര്യയെ ഒരു നാടകം വായിച്ചു കേള്‍പ്പിച്ചു. കൈയെഴുത്തു പ്രതിയാണത്: അച്ചടിച്ചതല്ല. നിസാരങ്ങളായ കാര്യങ്ങള്‍ നോവലില്‍ വര്‍ണിക്കുന്നതു വായിച്ചാല്‍ പോലും പൊട്ടിക്കരയുന്ന ആ സ്‌ത്രീ വിക്രമന്‍നായരുടെ നാടകം വായനയില്‍ മുഴുകി കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വായന കേള്‍ക്കാന്‍ ആളുകള്‍ കൂടി. ഞാനും അവിടെച്ചെന്ന് കസേര റ്വലിച്ചിട്ട് ഇരുന്നു. ഒരു മണിക്കൂറിനു ശേഷം വിക്രമന്‍നായര്‍ വായന അവസാനിപ്പിച്ചപ്പോള്‍ എല്ലാവരുടെയും മുഖങ്ങളില്‍ `വിഷാദത്തിന്റെ ദീപ്തി.' ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു. ``ഈ നാടകമെഴുതിയതാര്? ഇതിന്റെ പേരെന്ത്?" വിക്രമന്‍നായര്‍ പറഞ്ഞു. എന്‍. കൃഷ്ണപിള്ള. നാടകത്തിന്റെ പേര് `ബിരുദധാരി'. ബിരുദം നേടിയെങ്കിലും ജോലികിട്ടാതെ ദുരന്തത്തില്‍ എത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് `ബിരുദധാരി' എന്ന നാടകത്തില്‍ കൃഷ്ണപിള്ള പ്രകാശിപ്പിച്ചത്. ഇംഗ്ലീഷ് നാടകങ്ങളോ മറ്റു പടിഞ്ഞാറന്‍ നാടകങ്ങളോ ഞാന്‍ വായിച്ചിട്ടില്ലാത്ത കാലം. ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ എട്ടാം ക്ലാസ്) ഒരു ബാലന്‍ അവ വായിക്കാത്തതില്‍ എന്തേ അത്ഭുതം. ഷെക്സ്പിയര്‍ എന്ന പേര് അധ്യാപകര്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പറയുന്നതു മാത്രം കേട്ടിരിക്കും അവന്‍. അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥി അഭിനയ ചാതുര്യത്തോടെ, സംഭാഷണങ്ങള്‍ക്ക് ഊന്നല്‍ നല്കി നാടക പാരായണം നടത്തുമ്പോള്‍ `ഇതുതന്നെ ഉജ്ജ്വലമായ നാടകം' എന്നു കരുതിപ്പോയതില്‍ എന്തു തെറ്റിരിക്കുന്നു. അന്നുമുതല്‍ ഞാന്‍ എന്‍. കൃഷ്ണപിള്ളയെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ അഭിലാഷം ഞാന്‍ വിക്രമന്‍നായരെ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ഞാന്‍ ഓടിയോടി കൃഷ്ണപിള്ളയുടെ പ്രഭാഷണങ്ങള്‍ കേട്ട് അത്ഭുത സ്തബ്‌ധധനായി ഇരുന്നുപോയിട്ടുണ്ട്.

caption
എന്‍. കൃഷ്ണപിള്ള

കാലമേറെക്കഴിഞ്ഞു. എന്‍.കൃഷ്ണപിള്ള `ഭഗ്നഭവനം' എന്ന നാടകമെഴുതി മഹായശസ്കനായി. അതിസുന്ദരിയായ രാജമ്മ എന്ന യുറ്വതി അതിലെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ആദരാഭിനന്ദനങ്ങള്‍ നേടിയതിന് ഞാന്‍ ദൃക്‌സാക്ഷിയായി. ഞാന്‍ `ഭഗ്നഭവന'ത്തെക്കുറിച്ചു പ്രസംഗിച്ചു, എഴുതി. അതൊക്കെക്കൊണ്ടാവണം കൃഷ്ണ്വിള്ള തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാടകമായ `ബലാബല'ത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിപ്പിച്ചത്. എന്റെ അവതാരിക പോരെന്നു കണ്ടിട്ടാണ് കുഷ്ണപിള്ളതന്നെ മറ്റൊന്ന് എഴുതി നാടകത്തില്‍ കൂടെച്ചേര്‍ത്ത് എന്റെ പേരില്‍ അത് പ്രത്യക്ഷീഭവിപ്പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ആ അവതാരിക ദൂരെയെറിഞ്ഞ് അതില്ലാതെ പുസ്തകം അച്ചടിച്ചെങ്കിലും ആദ്യത്തെ പതിപ്പ് കൈയിലുള്ളവര്‍ക്ക് അവതാരികയില്‍ ഒന്നു കണ്ണോടിച്ചാല്‍മാത്രം മതി അത് കൃഷ്ണപിള്ളയുടെ പേരുകേട്ട ശൈലിയില്‍ എഴുതിയ പ്രബന്ധമാണെന്നു ഗ്രഹിക്കാനാവും. `ഭഗ്നഭവനം' ജനിപ്പിച്ച അസുലഭാനുഭൂതിയില്‍ വീണ ഞാന്‍ ഷെയ്ക്സ്പിയര്‍, ഇബ്സന്‍, ഷാ, പീറാന്തെല്ലോ ഇവരുടെയെല്ലാം നാടകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഇബ്സന്റെ നാടകങ്ങള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു നാടകക്കാരനായ കൃഷ്ണപിള്ളയോടുണ്ടായിരുന്ന ആദരം വളരെക്കുറഞ്ഞു. അദ്ദേഹത്തിന്റെ `ബലാബലം' എന്ന നാടകം അമേരിക്കന്‍ നാടക കര്‍ത്താവായ സിഡ്നി ഹോവേഡിന്റെ Silver Cord എന്ന നാടകത്തിന്റെ `റെട്ടറിക്കലായ' അനുകരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കൃഷ്ണപിള്ള എന്റെ ദൃഷ്ടിയില്‍ ആരുമല്ലാതായി. ബാല്യകാല കൌതുകങ്ങള്‍ ശുദ്ധഭോഷ്കാണെന്ന് അപ്പോഴാണു ഞാന്‍ മനസ്സിലാക്കിയത്. തെളിച്ച് പറയട്ടെ. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ആര്‍ട്ടല്ല, 'ക്രാഫ്റ്റ്' ആണ്. `ജീവിതം ഹ്രസ്വമാണ്, ക്രാഫ്റ്റ് വളരെക്കാലംകൊണ്ട് വശമാക്കേണ്ടതും' എന്നുപറഞ്ഞത് ചോസറാണ്. അത്ര ഹ്രസ്വമായിരുന്നില്ല കൃഷ്ണപിള്ളയുടെ ജീവിതം. പക്ഷേ, ക്രാഫ്റ്റ് അദ്ദേഹം ഒരു നിമിഷം കൊണ്ടു പഠിച്ചു. അതിന് അദ്ദേഹത്തിന്റെ ആചാര്യന്മാര്‍ പടിഞ്ഞാറന്‍ സാഹിത്യത്തിലെ പ്രതിഭാ ശാലികളായി ഭവിച്ചു. ആരാണ് പ്രതിഭാശാലി? ആരാണ് ക്രാഫ്റ്റ്സ്‌മാന്‍?

വാക്കുകള്‍കൊണ്ട് പുതിയ മാതൃകാരൂപമുണ്ടാക്കി സത്യം, സൌന്ദര്യം ഇവയ്ക്കു സ്ഫുടീകരണം നല്കുന്നവനാണ് പ്രതിഭാശാലി. ആ സത്യസൌന്ദര്യാവിഷ്കാരങ്ങളിലൂടെ അയാള്‍ ജനതയെ ഉദ്ബുദ്ധരാക്കും. അയാള്‍ മരിച്ചാലും ജനത അയാളെ ഓര്‍മ്മിക്കും. അയാളുടെ കൃതികളെ ഓര്‍മ്മിക്കും. അവ വീണ്ടും വീണ്ടും വായിക്കും. ആ നിലയിലുള്ള പ്രതിഭാശാലിയായിരുന്നു ഇബ്സന്‍. അദ്ദേഹത്തിന്‍റെ `പ്രേതങ്ങള്‍' എന്ന നാടകത്തില്‍തന്നെ ജീനിയസ് കൊടുമുടിയിലെത്തി. പുതിയരൂപം, പുതിയ ആശയങ്ങള്‍ ഇവയെല്ലാം ഇബ്സന്‍ കൃതികളിലുണ്ട്. കൃത്രിമത്വം എറെയുള്ള Well-made plays നെ സര്‍ഗാത്മകത്വം കൊണ്ട് പൈതന്യ ധന്യമാക്കിയ വലിയ നാടക കര്‍ത്താവായിരുന്നു ഇബ്സന്‍. കൃഷ്ണപിള്ള ആകെ ചെയ്തത് ഇബ്സന്റെ രൂപശില്പം കടംവാങ്ങി എന്നതാണ്. അതില്‍ കേരളത്തിലെ സമൂഹത്തെ ആനയിച്ചു അദ്ദേഹം. അതൊരു കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. കല എന്നതു കരുതിക്കൂട്ടി ഉണ്ടാക്കുന്ന

caption
ഇബ്സന്‍

പ്രവര്‍ത്തനമല്ല. അജാഗരിതഹൃത്തില്‍നിന്നു തീനാളം പോലെ ഉയരുന്ന സര്‍ഗശക്തിയുടെ പരണിതഫലമാണ് കലാസൃഷ്ടി. ജന്മനാ കലാകാരനല്ലാത്ത കൃഷ്ണപിള്ളയ്ക്ക് സര്‍ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇബ്സനെ വിട്ടിട്ട് അദ്ദേഹത്തിന് സിഡ്നി ഹോവേഡിനെ ആശ്രയിക്കേണ്ടിവന്നത്. പ്ര‌ഖ്യാതമായ `ഭഗ്നഭവനം' നാടകത്തിന്റെ തുടക്കംതന്നെ കൃഷ്ണപിള്ളയുടെ ക്രാഫ്റ്റിന്റെ സ്വഭാവം വ്യക്തമാക്കിത്തരും. നാടകം എന്റെ കൈയിലില്ല. ഞാന്‍ ഓര്‍മ്മയില്‍നിന്നു കുറിക്കുകയാണ്.

രാധ: അയ്യോ ഇതാര്? എന്റെ ഹരിച്ചേട്ടന്‍.
ഹരി: ആ ബന്ധവും ഉടമയും വിട്ടേക്ക്.
രാധ: ചേട്ടന്‍ ഇപ്പോള്‍ എങ്ങനെയിരിക്കും?
ഹരി: എങ്ങനെയിരിക്കുമെന്നോ? ഉടഞ്ഞ കപ്പല്‍പോലെ, തകര്‍ന്ന സ്വപ്നംപോലെ.

ഇതിനോട് ഇബ്സന്‍റെ ghost നാടകത്തിന്‍റെ തുടക്കം താരതമ്യപ്പെടുത്തുക.

Regine: (in a low voice) Well, what is it you want?
No! - Stay where you are, you're dripping wet!
Engstrand: It's only God's rain my child.

കൃഷ്ണപിള്ളയ്യുടെ നാടകത്തിലെ സംഭാഷണം കൃത്രിമമാണ്, ഇബ്സന്റെ നാടകത്തിലേതു സ്വാഭാവികമായും. `ഉടഞ്ഞ കപ്പല്‍പോലെ' എന്ന സാദൃശ്യ കല്പന പോലും കേരളീയമല്ല. ഇബ്സന്റെ നാടകങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ശബ്ദമുയരുന്നു. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളിന്‍നിന്ന് നമ്മള്‍ ജീവിതത്തിന്റെ ശബ്ദമല്ല കേള്‍ക്കുന്നത്. ഇബ്സന്റെയും മറ്റു പടിഞ്ഞാറന്‍ നാടക കര്‍ത്താക്കന്മാരുടെയും പ്രേതങ്ങളാണ് കാണുന്നത്.

എന്റെ ബാല്യകാല കൌതുകം മാറാന്‍, സത്യത്തിലെത്തിച്ചേരാന്‍, സംവത്സരങ്ങള്‍ തന്നെ വേണ്ടിവന്നു. എറണാകുളത്ത് ജോലി നോക്കിയിരുന്നകാലത്തു ഞാന്‍ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം സായാഹ്നത്തില്‍ അകലെയുള്ള ഒരു സൌധത്തിന്റെ കണ്ണാടിയിട്ട ജനലുകളിലേക്കു നോക്കിയപ്പോള്‍ അവയ്ക്കാകെ ചുവപ്പുനിറം. അസ്മമിക്കുന്ന സൂര്യന്റെ ചെങ്കനല്‍ പ്രഭയാണ് കണ്ണാടിയില്‍ പ്രതിഫലിച്ചതെന്ന് ഞാന്‍ വിപാരിച്ച. ഉടനെ ഞാന്‍ നടക്കാനിറങ്ങി. ആ സൌധത്തിന്റെ അടുത്തു ചെന്നപ്പോള്‍ ജനലിന്റെ നേരെ താഴെയായി കരിയിലകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതായിരുന്നു ചുവപ്പുനിറത്തിന്റെ ഹേതുവെന്ന് അപ്പോള്‍ ഗ്രഹിച്ചു. മോഹം മാറി മോഗഭംഗം വരാന്‍ കുറച്ചു നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. സാഹിത്യത്തെ സംബന്ധിച്ചുണ്ടാകുന്ന ബാല്യകാലമോഹം മാറാന്‍ സംവത്സരങ്ങള്‍ തന്നെ വേണ്ടിവരും.