യുങ് എന്ന മനുഷ്യൻ
യുങ് എന്ന മനുഷ്യൻ | |
---|---|
ഗ്രന്ഥകാരന് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | പനിനീര്‍പ്പൂവിന്റെ പരിമളം പോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസിദ്ധീകരണ വർഷം | 1997 |
പ്രസാധകർ | എച് അന്റ് സി പബ്ലിഷിംഗ് ഹൗസ് |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങൾ | 72 (ആദ്യ പതിപ്പ്) |
← പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
സെസ്ഷു (Sesshu, 1420–1506) ജപ്പാനിലെ കലാകാരനും സെന്‍ പുരോഹിതനുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്. ചിത്രകലയോടുള്ള അതിരു കടന്ന അഭിനിവേശം കൊണ്ട് സെസ്ഷുവിനു വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ വൈമുഖ്യം വന്നുപോയിയെന്നു ദേവാലയത്തിലെ പ്രധാനപ്പെട്ട പുരോഹിതന് മനസ്സിലാക്കി. പല തവണ അദ്ദേഹം ആ ചെറുപ്പക്കാരനെ ശാസിച്ചു. അപ്പോഴൊക്കെ അയാള്‍ വേദനിച്ചെങ്കിലും ചിത്രരചനയില്‍ നിന്നു പിന്മാറാന് കഴിഞ്ഞതേയില്ല. കുറ്റബോധം കൂടുതലായപ്പോള്‍ തന്നെ ദേവാലയത്തിലെ തൂണില്‍ കൈകളും കാലുകളും കെട്ടിവയ്ക്കാന്‍ അയാള്‍ അധികാരികളോട് അപേക്ഷിച്ചു. “ഈ ദുശ്ശീലം ഒരു ദിവസത്തേയ്ക്കു മാറ്റാന്‍ കഴിഞ്ഞാല്‍ എല്ലാക്കാലത്തേക്കുമായി ഞാനതു മാറ്റും” എന്നു സെസ്ഷു അവരെ അറിയിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മനസ്സിന്റെ തകര്‍ച്ച വേദനയായി മാറി. അയാള്‍ കരഞ്ഞു. കണ്ണീര് നിരന്തരം ഒഴുകിയതു കൊണ്ട് അയാള്‍ നിന്ന സ്ഥലമാകെ നനഞ്ഞു; കുതിര്‍ന്നു. സെസ്ഷുവിന്റെ കാല് വിരല്‍ സ്വയം ചലനം കൊണ്ടു. സായാഹ്നത്തില്‍ പുരോഹിതന്മാര് വന്നു നോക്കിയപ്പോള്‍ യുവാവിന്റെ കാലിനടുത്ത് ഒരു ചത്ത എലി കിടക്കുന്നതായി കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതു മരിച്ച എലിയല്ലെന്നു സെസ്ഷു പെരുവിരല്‍ കൊണ്ടു വരച്ച എലിയുടെ രൂപമാണെന്നും അവര്‍ക്കു മനസ്സിലായി.
ലോറന്‍സ് വാന്‍ ഡെര്‍ പോസ്റ്റ് (Laurens Van Der Post) എന്ന ഗ്രന്ഥകാരന്റെ “Yet Being Someone Other” എന്ന മനോഹരമായ ആത്മകഥയില്‍ കണ്ട കഥയാണ് ഇത്. വാന്‍ ഡെര്‍ പോസ്റ്റ് ഭടനായിരുന്നു. ജപ്പാന്‍കാരുടെ തടവുകാരനായിരുന്നു. ബ്രിട്ടീഷ് മിനിസ്റ്ററുടെ മിലിറ്ററി അറ്റഷേയായിരുന്നു. അങ്ങനെ പലതും. ഈ തൂണുകളിലെല്ലാം അദ്ദേഹത്തെ കെട്ടിവച്ചിരുന്നെങ്കിലും സ്വയമറിയാതെയെന്ന മട്ടില്‍ അദ്ദേഹം കലാത്മകങ്ങളായ കൃതികള്‍ രചിച്ചു. അവയില്‍ ഒന്നാണ് ആത്മകഥ. അതിനെക്കാള്‍ മനോഹരവും ഉദാത്തവുമാണ് “Jung and the Story of Our Time” എന്ന പുസ്തകം. ഞാൻ അതു വായിച്ച് അനിര്‍വാച്യമായ അനുഭൂതിക്കു വിധേയനായി വളരെ നേരം ഇരുന്നു പോയി. അത്രകണ്ട് ഇതു സമുജ്ജ്വലവും ചിന്താസുന്ദരവുമാണ്.
ലോകജനത മഹാന്മാരെന്നു കരുതുന്നവരില്‍ ഏറെപ്പേരെ വാന്‍ ഡെര്‍ പോസ്റ്റിന് അറിയാം. യഥാര്‍ത്ഥത്തില്‍ മഹത്ത്വമുള്ളവരെ നമുക്കു വളരെ മുന്‍പിലായി നിറുത്താന്‍ കാലത്തിനു കഴിയും. സ്വന്തം ജീവിത കാലത്ത് മഹാന്മാരായി പരിഗണിക്കപ്പെട്ടവര്‍ മരിച്ചാല്‍ മഹത്വം ഇല്ലാത്തവരായി ഭവിക്കുന്നു. യഥാര്‍ത്ഥമായ മഹത്ത്വമുള്ളവര്‍ മാത്രമേ ഔന്നത്യത്തില്‍ നിന്ന് ഔന്നത്യത്തിലേക്കു പോകൂ. അങ്ങനെ പോയ ഒരാളാണ് യുങ് എന്ന് വാന്‍ ഡെര്‍ പോസ്റ്റ് യുക്തിഭദ്രമായി സ്ഥാപിക്കുന്നു.
യുങിന് എഴുപതു വയസ്സു കഴിഞ്ഞപ്പോഴാണ് വാന്‍ ഡെര്‍ പോസ്റ്റ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ആദ്യത്തെ സന്ദര്‍ശനത്തില്‍ത്തന്നെ അവര്‍ അഞ്ചു മണിക്കൂറോളം സംസാരിച്ചു. തന്റെ ആഫ്രിക്കന്‍ ജീവിതത്തില്‍ കേള്‍ക്കാനിടയായ ശബ്ദങ്ങള്‍ പോലെ; അവിടത്തെ സംഭാഷണങ്ങള്‍ പോലെയായിരുന്നു അവരുടെ സംഭാഷണം. സിംഹത്തിന്റെ ശബ്ദം, പുലിയുടെ കടുത്ത ചുമ, ഇഷ്ടമുള്ള മരത്തില്‍ നിന്ന് ആന പുറന്തോടു വലിച്ചുകീറുമ്പോള്‍ വെടി പൊട്ടുന്ന തോക്കില്‍ നിന്നുണ്ടാകുന്ന ശബ്ദം, കുറ്റിക്കാട്ടിലെ മാന്‍ ധൈര്യമാര്ജ്ജിക്കുന്നതിനു വേണ്ടി കേള്‍പ്പിക്കുന്ന ശബ്ദം, നക്ഷത്രങ്ങള്‍ നിറഞ്ഞ ജലാശയങ്ങളില്‍ തവള കേള്‍പ്പിക്കുന്ന ശബ്ദം — ഇവയ്ക്കു പുറമേ ആദ്യത്തെ മഞ്ഞു വീഴുമ്പോള്‍ ഭൂമി പുറപ്പെടുവിക്കുന്ന സൗരഭ്യം, ഇവയെല്ലാം ഓര്‍മ്മയിൽ എത്തുകയായി ആ സംഭാഷണം നിര്‍വഹിച്ചു കൊണ്ടിരുന്നപ്പോള്‍. സംഭാഷണത്തിനു ശേഷം താന്‍ ആഫ്രിക്കയെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും അതില്‍ ഇലിസബത്ത് രാജ്ഞിയുടെ കാലത്തെ സര് തോമസ് ബ്രൗണിന്റെ ഒരു വാക്യം എടുത്തുചേര്‍ത്തിട്ടുണ്ടെന്നും വാന്‍ ഡെര്‍ പോസ്റ്റ് യുങിനോടു പറഞ്ഞു. വാക്യമിതാണ്: We carry with us the wonders we seek without us: there is all Africa and her prodigies in us. ഇതു യുങിനെ വല്ലാതെ ചലനം കൊള്ളിച്ചു. അദ്ദേഹമതു കുറിച്ചെടുത്തു.
സംഭാഷണത്തിനിടയില്‍ യുങ് ഒന്നു ചിരിച്ചു. Olympian ചിരിയായിരുന്നു അത് (മൗണ്ട് ഒലിമ്പസിലെ ദേവനെ സംബന്ധിച്ചത്). അതേ സമയം മനുഷ്യത്വപൂര്‍ണ്ണവും. തന്റെ ജന്മദേശമായ ആഫ്രിക്കന്‍ നാട്ടിലെ ബുഷ്മാന്‍ ചിരിക്കുന്നതു പോലെയുള്ള ചിരിയായിരുന്നു അതെന്ന് വാന്‍ ഡെര്‍ പോസ്റ്റ് പറയുന്നു. ആ രീതിയില്‍ ഒരു ചിരി കേള്‍ക്കാന്‍ അദ്ദേഹം തനിക്കുള്ളതെല്ലാം വിൽക്കാന് പോലും സന്നദ്ധനായിരുന്നു.
‘ബുഷ്മാനെപ്പോലെ ചിരിക്കാന്‍ താങ്കള്‍ക്കു മാത്രമേ കഴിയൂ’ എന്ന് വാന്‍ ഡെര്‍ പോസ്റ്റ് അദ്ദേഹത്തോടു പറഞ്ഞു. അതു കേട്ടു യുങ് കൂടുതല്‍ ചിരിച്ചു. ഇറ്റലിയില്‍ നിന്നു സ്വിറ്റ്സര്‍ലണ്ടിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ യുങിന്റെ ചിരി കേട്ട് അത്ഭുതത്തോടെ ആ വീട്ടിലുള്ള സ്ത്രീയോടു ചോദിക്കുമായിരുന്നു: “ഈ വലിഞ്ഞുകയറ്റം ക്ഷമിക്കൂ. അത്ഭുതകരമായ വിധത്തില്‍ ഇങ്ങനെ ചിരിച്ചതാര്?” ഇതുപോലെയുള്ള ചില സംഭവങ്ങളിലൂടെയാണ് വാന്‍ ഡെര്‍ പോസ്റ്റ് യുങിന്റെ സ്വഭാവസവിശേഷതകള്‍ പ്രകാശിപ്പിക്കുക.
പ്രകൃതി വികാരരഹിതമാണെന്നോ വസ്തുനിഷ്ഠസത്യം മാത്രമാണെന്നോ യുങ് വിശ്വസിച്ചില്ല. മനുഷ്യചൈതന്യത്തിന്റെ പ്രതിരൂപാത്മകമായ ആവിഷ്കാരമാണ് അതെന്ന് അദ്ദേഹം കരുതി. ജഡവസ്തു — നിശ്ചേതനമായ വസ്തു — പ്രതിരൂപം മാത്രമാണ്. ഭൗതികശാസ്ത്രത്തിന്റെ ഭാവി ഉപയോഗിക്കട്ടെ. നിശ്ചലമാക്കപ്പെട്ട പ്രതിരൂപമാണത്. ഊര്‍ജ്ജമെല്ലാം ആ നിശ്ചേതന വസ്തുവിന്റെ അകത്തുണ്ട്. അചേതനവസ്തുവില്‍ അടങ്ങിയ ഭീമമായ ശക്തിവിശേഷം അണുഭഞ്ജനത്തിലൂടെ സ്പഷ്ടമായല്ലോ. നിശ്ചേതനപ്രകൃതി ചലനാത്മകമാണ്. ഹെന്‍ട്രി മൂറിന്റെ പ്രതിമകള്‍ നോക്കുക. പ്രകൃതിയില്‍ പ്രതിരൂപാത്മകമായി പ്രത്യക്ഷമാകുന്നതിനെ വസ്തുവിന്റെ അകത്തുള്ള സജീവമായ ബിംബത്തോടു കൂട്ടിയിണക്കാനുള്ള ജീനിയസ് അദ്ദേഹത്തിനുണ്ട്. പ്രകൃതിയോടുള്ള ഈ താദാത്മ്യം പ്രാപിക്കലാണ് യുങിന്റെ സവിശേഷത. “I never could look at the mountain tops without also looking at the valleys and their rivers and lakes and thinking of them all as great and mysterious whole” എന്ന് യുങ് ഒരിക്കല്‍ വാന്‍ ഡെര്‍ പോസ്റ്റിനോടു പറഞ്ഞു.
ഒന്നിനെ പൂജ്യം കൊണ്ടു ഹരിച്ചാല്‍ അമേയാവസ്ഥ (Infinity) ഉണ്ടാകും. ശൂന്യതയില്‍ നിന്ന് ഈശ്വരന് പ്രപഞ്ചം സൃഷ്ടിക്കാതിരുന്നാല്‍ അദ്ദേഹത്തിന് ഒരിക്കലും ഒന്നും സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് മിസ്റ്റിക്കുകള്‍ പറയുന്നതിനു ഹേതു ഇതാണ്. ഒന്നിന് എതിരായ ശൂന്യതയില്‍ നിന്ന് (anti-one) ഒന്നിനെ അളക്കുമ്പോള്‍ അമേയമായതേ (Infinite) ഉണ്ടാകൂ. ഈ സങ്കല്പത്തിലൊക്കെ മനസ്സുവച്ച യുങ് ഫ്രായിറ്റുമായി തെറ്റിപ്പിരിഞ്ഞതില്‍ എന്തേ അത്ഭുതം? ഫ്രായിറ്റിന്റെ ഒരു സ്വപ്നത്തെക്കുറിച്ചു ഫ്രായിറ്റും യുങും സംസാരിക്കുകയായിരുന്നു. സ്വപ്നത്തിന്റെ ഒരു ഭാഗം വ്യക്തമാക്കാന്‍ ഫ്രായിറ്റ് ഇഷ്ടപ്പെട്ടില്ല. “എന്റെ അധീശത്വത്തിന് അതു നല്ലതല്ല” എന്നാണ് ഫ്രായിറ്റ് പറഞ്ഞത്. സത്യത്തെക്കാള്‍ അധീശത്വത്തിനു പ്രാധാന്യം കല്പിച്ച ഫ്രായിറ്റുമായി സഹകരിക്കാനാവില്ലെന്നു കണ്ട് യുങ് എല്ലാക്കാലത്തേക്കുമായി അദ്ദേഹത്തില്‍ നിന്ന് അകന്നു പോയി.
സൗന്ദര്യാത്മകവും ചിന്താപരവുമായ ഈ ഗ്രന്ഥത്തിലൂടെ തെളിഞ്ഞു വരുന്ന യുങിന്റെ രൂപത്തിന്റെ ആയിരത്തില്‍ ഒരംശം പോലും ഈ ചെറിയ വിവരണത്തിലൂടെ വ്യക്തമാക്കാന്‍ എനിക്കു കഴിയില്ല. അതിനു ഗ്രന്ഥം തന്നെ വായിക്കണം. അതുകൊണ്ടു പര്യവസാനമായിക്കൊള്ളട്ടെ. വടിയില്‍ കൂടുതലായി ശരീരം താങ്ങിക്കൊണ്ടു യുങ് വാന്‍ ഡെര്‍ പോസ്റ്റിന്റെ മുന്പില് നിന്നു. സ്കൂള്‍ ബോയ് ഇംഗ്ലീഷില്‍ “I’ll be seeing you” എന്നു യുങ് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, കണ്ടില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ലോകം കണ്ട ധിഷണാശാലികളില്‍ പ്രധാനനും മനുഷ്യസ്നേഹികളില്‍ അദ്വിതീയനുമായ യുങ് മരിച്ചു. ജീവിതത്തിന്റെ ദീര്ഘതയ്ക്കും ജീനിയസ്സിന്റെ പരമോത്കൃഷ്ടതയ്ക്കും തമ്മില്‍ ബന്ധമുണ്ട്. ചെയ്യേണ്ട ജോലി ചെയ്തു തീര്‍ക്കുന്നതിനു വേണ്ടി പ്രകൃതി വ്യക്തിക്കു ജീവിതം നീട്ടിക്കൊടുക്കുന്നു. അനുഷ്ഠിക്കേണ്ടത് അനുഷ്ഠിച്ചു തീരുന്നതു വരെ ആ വ്യക്തി മരിക്കുന്നില്ല. അപ്പോള്‍ ചെറുപ്പത്തില്‍ മരിച്ചു പോകുന്നവരോ എന്ന ചോദ്യമുണ്ടാകും. ഹ്രസ്വമായ കാലയളവില്‍ അവര്‍ ചെയ്ത കൃത്യങ്ങളുടെ ‘ഇംപാക്റ്റ്’ ജനങ്ങളില്‍ ഉണ്ടാകുന്നതിനു വേണ്ടിയാണ് അവരെ നേരത്തേ അന്തരിപ്പിക്കുന്നത്. കാലം കഴിഞ്ഞ് വാന്‍ ഡെര്‍ പോസ്റ്റിന് ഒരു ദര്‍ശനമുണ്ടായി. വീട്ടിന്റെ ഉദ്യാനത്തിലെ ഗെയ്റ്റിന്റെ അടുത്ത് യുങ് നിന്നു കൈ വീശിക്കൊണ്ടു പറഞ്ഞു: ‘I’ll be seeing you.” അതു പറഞ്ഞിട്ട് മലയുടെ അപ്പുറത്തേക്കിറങ്ങി അദ്ദേഹം അപ്രത്യക്ഷനായി. ഇംഗ്ലീഷില്‍ ‘ഫാസിനേറ്റിങ്’ എന്നു പറയാറുണ്ടല്ലോ. ആ വിശേഷണം പ്രത്യക്ഷരം ചേരും ഈ പുസ്തകത്തിന് (Penguin Book,£5.00).