close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 12 01



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 12 01
ലക്കം 846
മുൻലക്കം 1991 11 24
പിൻലക്കം 1991 12 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


“അനശ്വരത”

പാരീസിന്റെ തെക്കുഭാഗത്തുള്ള മൊങ്പര്‍ണാസ് ഡിസ്റ്റ്രിക്റ്റില്‍ ഫ്രഞ്ച് പൗരനായി താമസിക്കുന്ന ചെക്ക് സാഹിത്യകാരന്‍ മിലാന്‍ കുന്ദേരയുടെ പുതിയ നോവല്‍ “Immortality” ഉദാത്തവും സുന്ദരവുമാണ്. ചെക്ക് ഭാഷയില്‍ 1991-ല്‍ എഴുതിത്തീര്‍ത്ത ഈ നോവല്‍ ഉടനെ തന്നെ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടു. ഉദാത്തങ്ങളായ കൃതികള്‍ സുന്ദരങ്ങളായ കൃതികളെ അപേക്ഷിച്ചു മേലേക്കിടയിലാണ്. കല ആനന്ദാവേശവും തീക്ഷ്ണതയും കൗതുഹലവും വിസ്മയവും ഉളവാക്കുമ്പോള്‍ നിരൂപകര്‍ അതിനെ ഉദാത്തമെന്നു വിശേഷിപ്പിക്കുന്നു. നയഗ്ര വെള്ളച്ചാട്ടം സുന്ദരമല്ല, ഉദാത്തമാണ് എന്നു ബ്രാഡ്_ലി പറഞ്ഞത് ഇവിടെ ഓര്‍മ്മിക്കത്തക്കതാണ്. സൗന്ദര്യം പരിമേയമായതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാത്തത അപരിമേയമായതിനോടും എന്നു തത്ത്വചിന്തകന്‍ കാന്‍റ് പറഞ്ഞതും നമുക്ക് ഓര്‍മ്മിക്കാം. കുന്ദേരയുടെ ഈ നോവല്‍ അനശ്വരതയെ അദ്ദേഹത്തിന്റെ രീതിയില്‍ പ്രതിപാദിക്കുന്നതിനാല്‍ ഉദാത്തം. രസബോധനിഷ്ഠമായ തലത്തിലേക്ക് ഇത് ഉയരുന്നതിനാല്‍ സുന്ദരം.

നോവലിനെക്കുറിച്ച് — ആ കലാരൂപത്തെക്കുറിച്ച് — കുന്ദേരയ്ക്കു സുനിയതങ്ങളായ മതങ്ങളുണ്ട്. മറ്റൊരു വിധത്തിലും പറയാനാവാത്തതിനെ പറയാന്‍ കഴിയുന്നതാണ് നോവല്‍. സമുദായത്തിന്റെ ചിത്രീകരണമല്ല അതിന്റെ ലക്ഷ്യം. കാരണം അതു മറ്റുതരത്തില്‍ നിര്‍വഹിക്കാമല്ലോ എന്നതാണ്. ചരിത്രവര്‍ണ്ണനവുമല്ല അത്. ചരിത്രവിജ്ഞാനീയത്തിന് അതു അനുഷ്ഠിക്കാവുന്നതേയുള്ളു. സ്റ്റാനിലിസത്തെ നിന്ദിക്കലല്ല നോവലെഴുത്തുകാരുടെ ജോലി. സോള്‍ഷെനിറ്റ്സ്യന് അത് പ്രഖ്യാപനങ്ങളിലൂടെ നടത്താം. മനുഷ്യജീവിതത്തെ സാകല്യാവസ്ഥയില്‍ വര്‍ണ്ണിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതാണ് നോവലിന്റെ കര്‍ത്തവ്യം. നോവല്‍ സാക്ഷാത്കരിക്കുന്നതിനെ ഒരു ധിഷണാപരമായ പ്രവൃത്തിക്കും സാക്ഷാത്കരിക്കാനാവില്ല. എക്സിസ്റ്റെന്‍ഷ്യ്ല്‍ ഫിലോസഫിക്കു പോലും അതിനു കഴിവില്ല. (“The Novel Today, “Edited by Malcolm Bradbury — An interview with Milan Kundera, Ian Mc Ewan, Page 218, Fontana Edition.)


ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീഷ്ണ പ്രകാശമുണ്ടാക്കുമെന്നും അത് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര.

തുച്ഛമായ കഥയേ ഈ നോവലിനുള്ളു. പോള്‍, അയാളുടെ ഭാര്യ അഗ്നിസ്, അഗ്നിസിന്റെ സഹോദരി ലൊറ, അവളുടെ കാമുകന്‍ ബര്‍നാര്‍ഡ് ഇവരാണ് കഥയുണ്ടെങ്കില്‍ അതു തുടങ്ങുന്നവരും മുന്നോട്ടു കൊണ്ടുപോകുന്നവരും. നോവല്‍ ആരംഭിക്കുമ്പോള്‍ പോളിന്റേയും അഗ്നിസിന്റേയും ദാമ്പത്യജീവിതത്തിന് ഇരുപതു വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷേ അവള്‍ക്ക് ഒറ്റപ്പെടലിന്റെ ബോധമാണുള്ളത്. ഭര്‍ത്താവിനെസ്സംബന്ധിച്ചു മാത്രമല്ല ആ ബോധം. മനുഷ്യരാശിയെ സാകല്യാവസ്ഥയില്‍ പരിഗണിക്കുമ്പോഴും അവള്‍ക്കു അതിനോട് ആശയപരമായ ഐക്യമോ ഇല്ല. അവള്‍ യാചകര്‍ക്കു ധാരാളം പണം കൊടുക്കും. യാചകര്‍ മനുഷ്യരില്‍ പെട്ടവരായതു കൊണ്ടല്ല അവള്‍ അതു നല്കിയത്. അവര്‍ മനുഷ്യസമുദായത്തില്‍ പെടാത്തവരായതുകൊണ്ടാണ്. തന്നെപ്പോലെ മനുഷ്യരോടും ഐക്യമില്ല അവര്‍ക്കും എന്ന് അഗ്നിസ് വിചാരിച്ചു. അവളെസ്സംബന്ധിച്ചിടത്തോളം സ്നേഹം ഇച്ഛാശക്തിയുടെ പ്രകടനം മാത്രമാണ്. സ്നേഹിക്കാനുള്ള ഇച്ഛാശക്തി. നല്ല ദാമ്പത്യജീവിതത്തിനു വേണ്ടിയുള്ള ഇച്ഛാശക്തി. ഈ ഇച്ഛാശക്തിയെ അല്പനേരം ഇല്ലാതാക്കിയാല്‍ അവള്‍ കൂടു തുറന്നുവിട്ട പക്ഷിയെപ്പോലെ പറന്നുപോകും. വിദൂര ഗ്രഹത്തില്‍ നിന്ന് ഒരു സന്ദര്‍ശകന്‍ അവളുടെ അടുത്തെത്തിയതായി ഒരു തോന്നല്‍. അയാളുടെ ചോദ്യം: “അടുത്ത ജന്മത്തില്‍ നിങ്ങള്‍ക്കു ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ചു ജീവിക്കണമെന്നുണ്ടോ? അതോ ഒരിക്കലും തമ്മില്‍ കാണാതിരിക്കണോ?” പോളിന്റെ സാന്നിദ്ധ്യത്തില്‍ അടുത്ത ജന്മത്തില്‍ ഞങ്ങള്‍ക്കു ഒരുമിച്ചു കഴിയേണ്ടതില്ല” എന്ന് അവള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും. അവള്‍ മനോരഥസൃഷ്രിയിലെ ആ സന്ദര്‍ശകനു മറുപടി നല്കിയില്ല. എന്നാല്‍ പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണെന്നു കണ്ട് അവള്‍ ആന്തരശക്തി മുഴുവന്‍ സംഭരിച്ചു ദൃഢശബ്ദത്തില്‍ പറഞ്ഞു:- “ഇനി വീണ്ടും ഒരുമിച്ചുകൂടാതിരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുക.” അഗ്നിസ് പോയി. ദുരന്തം വരിക്കുകയും ചെയ്തു.

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീക്ഷ്ണ പ്രകാശമുണ്ടാക്കുമെന്നും അത് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര. അതിന് അനുസരിച്ചാണ് ലൊറയുടെയും റേഡിയോ ജേണലിസ്റ്റ് ബര്‍നാര്‍ഡിന്റെയും കാമോത്സുകതയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ജേര്‍ണലിസ്റ്റിന് അവളെക്കാള്‍ വയസ്സു വളരെക്കുറവ്. എങ്കിലും എന്തെന്നില്ലാത്ത കാമാവേശമാണ് അവള്‍ക്ക്. പക്ഷേ അതും ദുഃഖപര്യവസായിയായി മാറി ബര്‍നാര്‍ഡ് പോളിനോടു പറഞ്ഞു: “ഒരു അപരിചിതന്‍ എന്നെക്കാണാന്‍ വന്നു. അയാളുടെ തല മാത്രം എന്റെ പൊക്കത്തില്‍ നിന്ന് ഉയര്‍ന്നുനില്ക്കുന്നു. കുടവയറ്... [അയാള്‍ തന്ന] ഡിപ്ലൊമ ഞാന്‍ വായിച്ചു. അതിലെഴുതിയിരിക്കുന്നു. “ബര്‍നാര്‍ഡ് ബര്‍ട്രന്‍ഡ് ഒരു മുഴുക്കഴുതയാണെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചിരിക്കുന്നു” [Berrard Bertrand is hereby declared a Compleat Ass] (Compleate എന്ന വാക്കു നോവലിലുള്ള സ്പെല്ലിങ്ങില്‍]. ഇത് ഏല്പിച്ച ആഘാതത്താലാണ് ബര്‍നാര്‍ഡ് ലോറയുമായുള്ള ബന്ധം ശിഥിലമാക്കിയത്.

ഈ ക്ഷുദ്രസംഭവങ്ങളെ അവലംബിച്ചു കൊണ്ട് കുന്ദേര ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കും വൈവിധ്യങ്ങളിലേക്കും അനായാസമായി പോകുന്നു. ആ പോക്ക് അദ്ഭുതാവഹമാണു താനും. മനുഷ്യന്റെ അനന്യതയെ — സെല്‍ഫിനെ കുറിച്ചുള്ള അന്വേഷണമാണ് കുന്ദേരയുടെ നോവല്‍. അതിനെ പൂര്‍ണ്ണമായും ഗ്രഹിക്കാനാവില്ലെന്നും അദ്ദേഹം വിചാരിക്കുന്നു. അംഗവിക്ഷേപങ്ങളിലൂടെ സെല്‍ഫിനെ മനസ്സിലാക്കാമോ? വയ്യ. നോവലിന്റെ ആരംഭത്തില്‍ തന്നെ അറുപതോ അറുപത്തഞ്ചോ വയസ്സുള്ള ഒരുസ്ത്രീ ഒരു ചെറുപ്പക്കാരനെ പുഞ്ചിരിയോടെ നോക്കി കൈ വീശുന്നതിന്റെ വര്‍ണ്ണനയുണ്ട്. ഇരുപത്തഞ്ചു വയസ്സുള്ള യുവതിയെപ്പോലെയായിരുന്നു. ആ വൃദ്ധയുടെ അംഗവിക്ഷേപം. സൗന്ദര്യമില്ലാത്ത ശരീരത്തില്‍ സൗന്ദര്യമാര്‍ന്ന അംഗവിക്ഷേപം. അഗ്നിസിന്റെ അച്ഛനെ കാണാന്‍ വന്ന പ്രായം കൂടിയ ഒരു സ്ത്രീ അദ്ദേഹത്തിന്റെ നേര്‍ക്ക് ഇങ്ങനെ കൈവീശിയത് അഗ്നിസ് കണ്ടു. ആ കൈവീശല്‍ മനോഹരമായിരുന്നു. എന്നാല്‍ ഈ അംഗവിക്ഷേപങ്ങള്‍ എല്ലാവര്‍ക്കുമുള്ളതല്ലേ (the gesture was available to all)? കൈവീശുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മോഷണം നടത്തുകയാണ്. അല്ലെങ്കില്‍ കള്ളയൊപ്പിടുകയാണ്. കഥാപാത്രങ്ങള്‍ക്കു മാത്രമല്ല, സെല്‍ഫിനെ കാണിക്കാത്ത അംഗവിക്ഷേപങ്ങളെ കുന്ദേരയ്ക്കും അംഗീകരിക്കാനാവില്ല. അംഗവിക്ഷേപം പോകട്ടെ. മുഖമോ? മുഖവും സെല്‍ഫിനെ കാണിക്കുന്നില്ല (my face is not myself). സത്യമിതാണെങ്കിലും അംഗവിക്ഷേപങ്ങളാണ് നമ്മെ ഭരിക്കുന്നത്. കാപട്യപൂര്‍ണ്ണമായ ജീവിതം.

So she asked her father whether she ever prayer He said: ‘That would be like praying to Edison when a lightbulb burns out.

—Immortality

ഇങ്ങനെയുള്ള ഈ ലോകത്ത് അനശ്വരതയെക്കുറിച്ചു (immortality) ചിന്തിക്കുന്നതില്‍ എന്തര്‍ത്ഥമിരിക്കുന്നു? 1981-ല്‍ ഫ്രാങ്സ്വ മോറിസ് മീതേറാങ് ഫ്രഞ്ച് പ്രസിഡന്റായി. അദ്ദേഹം മൂന്നു റോസാപ്പൂക്കളെടുത്തുകൊണ്ട് അറുപത്തിനാലു ശവകുടീരങ്ങളുടെ മധ്യത്തിലേക്കു ചെന്നു. തിരഞ്ഞെടുത്ത മൂന്നു ശവകുടീരങ്ങളില്‍ ഓരോ റോസാപ്പൂ അദ്ദേഹം വച്ചു. പൂക്കളുണ്ടാക്കിയ ആ ത്രികോണത്തിന്റെ മദ്ധ്യത്തിലാണ് മിതേറാങ്ങിന്റെ അനശ്വരതയുടെ കൊട്ടാരം നിര്‍മ്മിക്കേണ്ടത്. ഇതാണ് അനശ്വരതയെക്കുറിച്ചുള്ള കൂന്ദേരയുടെ സങ്കല്പം. കുറഞ്ഞ തോതില്‍, കൂടിയ അളവില്‍ അനശ്വരതയുണ്ട്. അത് ഓര്‍മ്മകളെ അവലംബിച്ചിരിക്കുന്നു. മരിച്ചയാളിനെസ്സംബന്ധിച്ച ഓര്‍മ്മ അയാളെ അറിയാവുന്നവര്‍ക്കു കാണുമല്ലോ. അത് കുറഞ്ഞ തരത്തിലുള്ള അനശ്വരത; നേരിട്ടറിയാന്‍ വയ്യാത്ത ആളിനെക്കുറിച്ച് ആളുകളുടെ മനസ്സില്‍ ജനിക്കുന്ന ഓര്‍മ്മ വലിയ തരത്തിലുള്ള അനശ്വരത. കലാകാരന്മാര്‍, രാജ്യതന്ത്രജ്ഞന്മാര്‍ ഇവരെക്കുറിച്ചുള്ള ഈ ഓര്‍മ്മ വലിയ തോതിലുള്ള അനശ്വരതയാണ്. തത്ത്വചിന്താപരങ്ങളായ ഈ ആശയങ്ങള്‍ നോവലിലെ കഥാപാത്രങ്ങളില്‍ നിന്ന്, അവരുടെ ജീവിതങ്ങളില്‍ നിന്ന് ഒഴുകി വരുന്നു. അതുകൊണ്ട് അവ വെറും സങ്കല്പനങ്ങളായി വായനക്കാര്‍ക്കു തോന്നുന്നില്ല.

കൂന്ദേരയുടെ ഈ നോവല്‍ അന്യാദൃശവും അസാധാരണവുമാണ്. ഇതു വായിക്കുമ്പോള്‍ നമ്മള്‍ കലയുടെ മഹാദ്ഭുതം കാണുന്നു. ഇതെഴുതിയ കുന്ദേരയ്ക്കു നോബല്‍ സമ്മാനം കൊടുക്കാതെയാണ് വര്‍ണ്ണവിവേചനത്തെക്കുറിച്ച് പറഞ്ഞതിനെത്തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ‘ഇന്‍ഫീരിയര്‍ ആര്‍ടിസ്റ്റായ’ നേഡീന്‍ ഗോഡിമാര്‍ക്ക് ആ സമ്മാനം നല്കിയത്.

* * *


വ്യക്തിയില്‍നിന്നു സമൂഹത്തിലേക്ക്

റോസാപ്പൂ വിടര്‍ന്നുനില്ക്കുന്നതു കണ്ടാല്‍ അതിന്റെ പരുക്കന്‍ ഞെട്ടിനോടോ മുള്ളുകളുള്ള തണ്ടിനോടോ നമുക്കു പുച്ഛം തോന്നുമോ? തോന്നുമെങ്കില്‍ അതു ആദരണീയമായ മാനസികനിലയല്ല. പൂവിനു കാരണം ഞെട്ടാണ്. ഞെട്ടിനു കാരണം തണ്ടാണ്. തണ്ടിനു കാരണം വേരാണ്. വേരു വിരൂപം. പക്ഷേ ആ വേരില്ലെങ്കില്‍ മനോഹരമായ പനിനൂര്‍പ്പൂവില്ല. ആ ഒറ്റപ്പൂവ് ലോകത്തുള്ള എല്ലാപ്പൂവുകളെയും എന്നെ ഓര്‍മ്മിപ്പിക്കുന്നു. വിഷാദമനുഭവിക്കുന്ന ഭാര്യ അമ്മട്ടില്‍ ദുഃഖിക്കുന്ന എല്ലാ ഭാര്യമാരെയും ഓര്‍മ്മിപ്പിക്കുന്നു എന്നെ. കുഞ്ഞു മരിച്ചു യാതനയില്‍ വീഴുന്ന അമ്മ അതേ രീതിയില്‍ തീവ്രവേദനയിലാണ്ട എല്ലാ അമ്മമാരുടെയും സ്മരണ എനിക്കുളവാക്കുന്നു. ശ്രീമതി നളിനി ബേക്കലിന്റെ “നിവേദിത” എന്ന ചെറുകഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ദുഃഖപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോള്‍ ലോകത്തുള്ള എല്ലാ ഹതഭാഗ്യകളുടെയും ഓര്‍മ്മയുണ്ടായി എനിക്ക്. അവരുടെ

Symbol question.svg.png നോബല്‍ സമ്മാനങ്ങളെക്കുറിച്ച് എന്തുപറയുന്നു?

പോകണം കെട്ട് ഇടപാടുകള്‍. അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ ആര്‍ക്കാണു നോബല്‍ സമ്മാനം എന്നറിയാന്‍ കാത്തിരിക്കില്ല.

പുരുഷന്‍ സ്ത്രീയാല്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാള്‍ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പര്‍ശിച്ച് അതിനെ ചലനാത്മകമാക്കാന്‍ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാള്‍ യത്നിക്കും.

ജീവിതത്തെ സാകല്യാവസ്ഥയില്‍ കാണാനുള്ള കൊതിയോടേ ആ ആഖ്യാനത്തിലൂടെ ഒഴുകിയപ്പോള്‍ രാഷ്ട്രവ്യവഹാരത്തിന്റെ പാറക്കെട്ട് എന്നെ തടഞ്ഞു. പ്രവാഹത്തിനും ആ പാറക്കെട്ടിനും തമ്മില്‍ ഒരു പൊരുത്തവുമില്ലല്ലോ. അതില്‍ തടഞ്ഞതോടെ എന്റെ അഭിലാഷത്തിനും ഭംഗം വന്നു. റിയലിസ്റ്റിക് തലത്തില്‍ നിന്ന് പെട്ടെന്ന് അവാസ്തവികമായ ഈ നൂതനതലത്തിലേക്കുള്ള പ്രവേശം കഥയെ തകര്‍ത്തു കളഞ്ഞു. റീയലിസത്തില്‍നിന്ന് കഥയെ ഫാന്‍റസിയിലേക്കുതന്നെ കൊണ്ടുപോകാം. പക്ഷേ അത് വായനക്കാരന്‍ അറിയരുത്. രാഷ്ട്രവ്യവഹാരത്തിന്റെ ഈ തള്ളിക്കയറ്റവും അതു ജനിപ്പിക്കുന്ന അവിശ്വാസ്യതയുമാണ് ഇക്കഥയുടെ പോരായ്മകള്‍. രാത്രിസമയത്ത് ഏകാന്തത്തില്‍ ഇരിക്കുമ്പോള്‍ ഒരു ഗോസ്റ്റ് നമ്മുടെ മുന്‍പില്‍ വന്നുനിന്നാല്‍ എന്തു തോന്നും നമുക്ക്? എന്തു തോന്നുമോ അതുതന്നെയാണ് ഇക്കഥ വായിച്ചപ്പോള്‍ എനിക്കും തോന്നിയത്.

* * *

എല്ലാ ദിവസവും നമ്മള്‍ ആയിരമായിരം നോട്ടങ്ങളില്‍ കുത്തി മുറിവേല്പിക്കപ്പെടുന്നു. ഒടുവില്‍ ഒരുനോട്ടം നമ്മളെ ഒരു നിമിഷംപോലും വെറുതെ അനുധാവനം ചെയ്യും. അതു തെരുവുകളില്‍, കാടുകളില്‍, ശാസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ മേശപ്പുറങ്ങളില്‍ ഒക്കെ നമ്മളെ പിന്‍തുടര്‍ന്നു വരും. (Immortality.)

ചോദ്യം ഉത്തരം

Symbol question.svg.png സാഹിത്യത്തിലുമുണ്ടോ സാറേ അന്യവത്കരണം?

നിരൂപകനോ കവിയോ കഥാകാരനോ എഴുതിയത് വായനക്കാരനു മനസ്സിലാകാതെ വരുമ്പോള്‍ അയാള്‍ക്ക് ഒറ്റപ്പെടലിന്റെ ബോധമുണ്ടാകും. ബ്രഹ്റ്റ് എന്ന മഹാനായ നാടക കര്‍ത്താവ് പ്രേക്ഷകര്‍ക്കും അഭിനേതാക്കള്‍ക്കുമിടയ്ക്ക് ഈ ബോധം കരുതിക്കൂട്ടി ഉണ്ടാക്കിയിരുന്നു. നാടകത്തിലെ ക്രിയാംശത്തില്‍ നിന്ന് പ്രേക്ഷകരെ അകറ്റിനിറുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗ്ഗം.

Symbol question.svg.png ചങ്ങമ്പുഴയോടു ഇപ്പോഴുള്ള കവികള്‍ക്ക് എന്തുകൊണ്ടാണിത്ര കോപം?

അസൂയയാണ് അതിനു ഹേതു. ഇന്നുള്ള എല്ലാക്കവികളും അമ്പതുകൊല്ലം കഴിയേണ്ടതില്ല, അതിനുമുന്‍പ് വിസ്മരിക്കപ്പെടും. അന്നും ചങ്ങമ്പുഴക്കവിത ഉണ്ടായിരിക്കും. മഹാകവി വള്ളത്തോള്‍ പോലും ചങ്ങമ്പുഴയുടെ മഹായശസ്സില്‍ അസൂയാലുവായിരുന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേഷ്ഠ’ എന്നു ആ കവിയെ കീചകനാക്കിയതിനു ശേഷം ‘നിന്നുള്ളു പൊള്ളയെന്നാണു കേള്‍വി’ എന്നു അദ്ദേഹം പറയുകയുണ്ടായി. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നു മഹാകവി തെളിയിച്ചു തന്നു.

Symbol question.svg.png നോബല്‍ സമ്മാനങ്ങളെക്കുറിച്ച് എന്തുപറയുന്നു?

പോക്കണം കെട്ട് ഇടപാടുകള്‍. അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ ആര്‍ക്കാണു നോബല്‍ സമ്മാനം എന്നറിയാന്‍ കാത്തിരിക്കില്ല.

Symbol question.svg.png മലയാളസാഹിത്യത്തെക്കുറിച്ചു നിങ്ങളുടെ ആത്മാര്‍ത്ഥമായ അഭിപ്രായം എന്ത്?

ആത്മാര്‍ത്ഥമെന്നാല്‍ തനിക്കുവേണ്ടി എന്നാണ്. ആര്‍ജ്ജവമുള്ള അഭിപ്രായം പറയാം. വര്‍ഷത്തില്‍ ഒരിക്കലോ രണ്ടു തവണയോ വരുന്ന നല്ല കഥയും നല്ല കാവ്യവും മാറ്റിവച്ചാല്‍ നാലു കാശിനു വിലപിടിക്കാത്ത സാഹിത്യം. കാശ് പഴയ തിരുവിതാംകൂര്‍ നാണയമാണ്.

Symbol question.svg.png നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്ത്?

ബന്ധുക്കളും സ്നേഹിതരും പരിപൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനുമുന്‍പ് എനിക്ക് ഈ ലോകമുപേക്ഷിക്കണം.

Symbol question.svg.png കേശവദേവിനെ പുലഭ്യം പറയുന്നതു നിറുത്തിയോ?

ഞാന്‍ ആരെയും പുലഭ്യം പറയാറില്ല. നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചു പറഞ്ഞാല്‍ അവര്‍ക്ക് ഇരുപതു ശതാബ്ദങ്ങള്‍ മുന്‍പു മരിച്ച സാഹിത്യകാരന്മാരും ജീവിച്ചിരിക്കുന്നവരാണ്. രാമായണവും മഹാഭാരതവും ഭൂതകാലത്തിലുള്ളവയല്ല. വര്‍ത്തമാനകാലത്തിലാണ് അവ. കേശവദേവ് നിരൂപകന്റെ ദൃഷ്ടിയില്‍ മരിച്ചിട്ടില്ല. അതുകൊണ്ടു വിമര്‍ശനമാകാം. പിന്നെ ഒരു കാര്യത്തില്‍ എനിക്കു കേശവദേവിനോടു ബഹുമാനമാണ്. അദ്ദേഹം പറഞ്ഞു ‘എനിക്കു സാഹിത്യമെന്തെന്ന് അറിഞ്ഞുകൂടാ. ജീവിതമെന്തെന്ന് അറിയാം.’ ഈ പ്രസ്താവം നല്ല എഴുത്തുകാരനില്‍ നിന്നേ വരൂ. അതുകൊണ്ടു മാത്രം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.”

Symbol question.svg.png കുറെനാളായി ഇന്ത്യയെ കുറ്റം പറയുന്നല്ലോ: ഇവിടംവിട്ടു പോകണോ? എങ്കില്‍ ഏര്‍പ്പാടുകള്‍ ചെയ്യാം.

വേണ്ട. അമേരിക്കയില്‍ പോയാല്‍ അതു വിദേശം. ഇംഗ്ലണ്ടില്‍ പോയാല്‍ അതും വിദേശം. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ഇന്ത്യയും എനിക്കു വിദേശമായി മാറിയിരിക്കുന്നു.
* * *

“ലോകം കൂടുതല്‍ സാങ്കേതികവും യാന്ത്രികവും ആകുന്നതോടുകൂടി, അത് നിര്‍വികാരവും ലോഹമയവും ആകുന്നതോടുകൂടി സ്ത്രിക്കുമാത്രം നല്കാന്‍ കഴിയുന്ന ചൂട് അതിനു കൂടുതലായി വേണ്ടിവരും. നമുക്കു ലോകത്തെ രക്ഷിക്കണമെങ്കില്‍ നമ്മള്‍ സ്‌ത്രീയോടു പൊരുത്തപ്പെടണം, സ്ത്രീയാല്‍ നമ്മള്‍ നയിക്കപ്പെടണം, ശാശ്വത്മായ സ്ത്രീത്വത്താല്‍ തുളച്ചു കയറ്റപ്പെടണം.” (Immortality)

ഗൗതമന്‍

കുന്ദേരയുടെ നോവലില്‍ ജര്‍മ്മന്‍ മഹാകവി ഗെറ്റേയെസ്സംബന്ധിച്ച ഒരു സംഭവം വര്‍ണ്ണിച്ചിട്ടുണ്ട്. ബെറ്റിന നാലപത്തിയൊന്‍പതു കത്തുകള്‍ ഗെറ്റേക്ക് അയച്ചു. ആത്മാവ് എന്ന വാക്ക് അവയില്‍ അമ്പതു തവണ പ്രയോഗിച്ചിട്ടുണ്ട്. ഹൃദയമെന്ന വാക്കു നൂറ്റിപ്പത്തൊന്‍പതു തവണയും. ശരീരഭാഗം എന്ന അര്‍ത്ഥത്തില്‍ അത് (എന്റെ ഹൃദയം മിടിച്ചു) അവയില്‍ വിരളമായ പ്രയോഗിച്ചിട്ടുള്ളു; വക്ഷസ്സിനെ സൂചിപ്പിക്കുന്ന മട്ടില്‍ ‘സിനിക്ഡക്കി’ അലങ്കാരമായി ഏറിയ കൂറും ആ വാക്കിന്റെ പ്രയോഗമുണ്ട് (നിന്നെ എന്റെ ഹൃദയത്തോടു ചേര്‍ക്കാന്‍ എനിക്കു കൊതി).

ഇത് സ്നേഹപ്രസരത്തെസ്സംബന്ധിച്ചിടത്തോളം ശരി. പക്ഷേ നമ്മളില്‍ ഏറെപ്പേര്‍ക്കും ഹൃദയമില്ല, രക്താശയമേയുള്ളു. വ്യക്തിക്ക് അഭിമുഖകരിച്ചു നില്ക്കുമ്പോള്‍ അയാള്‍ ഹൃദയമുള്ളവനാനെന്നു തോന്നും. അങ്ങനെയുള്ള അനേകം വ്യക്തികള്‍ ഒരുമിച്ചു കൂടി ആപ്പീസിലിരിക്കുമ്പോള്‍, കമ്പനിയിലിരിക്കുമ്പോള്‍, സദസ്സായി മാറുമ്പോള്‍ ആ ‘മോബി’നു (mob) ഹൃദയമേയില്ല, രക്താശയമേയുള്ളു. ഈ നൃശംസതയുടെ കലാത്മകമായ ചിത്രീകരണമാണ് ശ്രീ. ഗൗതമന്റെ “രാത്രി, പകല്‍പോലെ” എന്ന കഥയിലുള്ളത്. കമ്പനിയിലെ ജോലിക്കുവന്ന ഒരുത്തന്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണിരിക്കാമെന്നു സങ്കല്പം. നാലു മണിക്കൂര്‍ കൊണ്ടു വെള്ളം വറ്റിച്ചു നോക്കിയപ്പോള്‍ ജഡമില്ല. ജോലിക്കെത്തിയവന്‍ ഒപ്പിട്ടിട്ടു വീട്ടിലേക്കു കടന്നു കളഞ്ഞു എന്നതാണ് സത്യം. അതിനുള്ള സാദ്ധ്യതയെക്കുറിച്ച് അന്വേഷിക്കാതെ അയാള്‍ മരിച്ചുവെന്നു കരുതിയതും ജനക്കൂട്ടത്തിന്റെ — മോബിന്റെ — പ്രച്ഛന്നമായ സാഡിസം തന്നെ. നമ്മുടെ സമൂഹത്തിന്റെ ഏതു വിഭാഗത്തിലും കാണുന്ന ഈ ക്രൂരതയെ ഹാസ്യാത്മകമായി വീക്ഷിക്കുന്നു കഥാകാരന്‍. കഥയുടെ ദീര്‍ഘത ആഖ്യാനവൈദഗ്‌ദ്ധ്യമാണ് ഈ രചനയ്ക്കു ചാരുത നല്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഐസന്‍ ഹൗവര്‍ ഒരു സര്‍വകലാശാലയുടെ മേധാവിയായിച്ചെന്നപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്മാരെ കാണാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം അവരോടു പറഞ്ഞപ്പോള്‍ അവരില്‍ ഒരാള്‍ അറിയിച്ചു: “സര്‍, ഞങ്ങള്‍ ഉദ്യോഗസ്ഥന്മാരല്ല, ഞങ്ങള്‍ തന്നെയാണു സര്‍വകലാശാല.” ഈ പ്രസ്താവത്തിലെ ഉത്കൃഷ്ടചിന്ത നന്ന്. പക്ഷേ ഒറ്റ വ്യക്തിയായ ഉദ്യോഗസ്ഥന്‍ കാരുണ്യമുള്ളവനായിരിക്കും. അയാള്‍ സര്‍വകലാശാലയായി മാരുമ്പോള്‍ കാരുണ്യം പമ്പകടക്കും.

* * *

ഏതാണ്ടു നൂറു കൊല്ലത്തിനു മുന്‍പ് റഷ്യയിലെ പീഡിപ്പിക്കപ്പെട്ട മാര്‍ക്സിസ്റ്റുകാര്‍ മാര്‍ക്സിന്റെ മാനിഫെസ്റ്റോ പഠിക്കാനായി രഹസ്യമായി ഒരുമിച്ചു കൂടാന്‍ തുടങ്ങി. ഈ ലളിതമായ ഐഡിയോളജി മറ്റു വൃത്തങ്ങളിലേക്കു പകര്‍ന്നു കൊടുക്കാനായി അവര്‍ അതിന്റെ ഉള്ളടക്കത്തെ ലഘൂകരിച്ചു. അവയിലെ അംഗങ്ങള്‍ ലാളിത്യത്തിന്റെ ലഘൂകരണത്തെ വീണ്ടും വീണ്ടും ലഘൂകരിച്ച് മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍ മാര്‍ക്സിസം ഭൂമിയിലാകെ അറിയപ്പെട്ടപ്പോള്‍, അതു ശക്തിയാര്‍ജ്ജിച്ചപ്പോള്‍ അവശേഷിച്ചത് ആറോ ഏഴോ മുദ്രാവാക്യങ്ങള്‍. അവയ്ക്കു തമ്മിലുള്ള ബന്ധം തീരെക്കുറവായിരുന്നതു കൊണ്ട് അതിനെ ഐഡിയോളജി എന്നു വിളിക്കാന്‍ വയ്യാതെയായി. മാര്‍ക്സിന്റെ അവശിഷ്ടങ്ങള്‍ അങ്ങനെ ആശയങ്ങളുടെ യുക്തിയുക്തമായ ഘടനയല്ലാതെയായപ്പോള്‍, ധ്വന്യാത്മകമായ ചില ബിംബങ്ങളും മുദ്രാവാക്യങ്ങളും മാത്രമായപ്പോള്‍ (ചുറ്റിക കൈയിലെടുത്തു പുഞ്ചിരി പൊഴിക്കുന്ന തൊഴിലാളി, സഹോദരസ്നേഹത്തോടെ കൈകള്‍ ഗ്രഹിക്കുന്ന കറുത്ത മനുഷ്യനും വെളുത്ത മനുഷ്യനും മഞ്ഞ മനുഷ്യനും, അന്തരീക്ഷത്തിലേക്ക് ഉയരുന്ന സമാധാനത്തിന്റെ പ്രാവ് ഇങ്ങനെപലതുമായപ്പോള്‍) ‘ഐഡിയോളജി ‘ഇമേജോളജി’യായി ക്രമേണ മാരുന്നുവെന്നു നമുക്കു ന്യായമായിപറയാമെന്നായി (Immortality).

നിര്‍വ്വചനങ്ങള്‍

ധര്‍മ്മരോഷം
അന്യന്റെ ആഭാസപ്രവൃത്തി താന്‍ചെയ്താല്‍ ലോകമാകെ അറിയുമല്ലോ എന്നു ഗ്രഹിക്കുമ്പോള്‍ മാന്യനായി ഭാവിക്കുന്നവന് ഉണ്ടാകുന്ന നൈരാശ്യം.
യമകം
കാവ്യത്തിലെ വിലകുറഞ്ഞ ഏര്‍പ്പാര്.
പത്രറിപ്പോര്‍ട്ട്
കോടതിക്കുശിക്ഷ നല്കാന്‍ വയ്യാത്ത അപവാദവ്യവസായം.
വീട്
ചെല്ലാമെന്നു സമ്മതിച്ച സമ്മേളനത്തിന് കൊണ്ടുപോകാന്‍ സംഘാടകര്‍ വരുമ്പോള്‍ പ്രഭാഷകന് ഒളിച്ചിരിക്കാനുള്ള സ്ഥലം.
പാണിനിസൂത്രം
മലയാളമോ സംസ്കൃതമോ അറിഞ്ഞുകൂടാത്തവനു പണ്ഡിതനായി വിലസാന്‍ സഹായിക്കുന്നത്. (അക്ഷരങ്ങള്‍ എല്ലാമറിഞ്ഞു കൂടാത്തവനായിരിക്കും. പക്ഷേ നമ്മുടെ മുഖത്തുനോക്കി പ്രകാരേഗുണവചനസ്യ’ എന്നു കാച്ചും. നമ്മള്‍ തളരും.)
ആശുപത്രി
കുമാരനാശാന്‍ ‘പ്രരോദന’ത്തില്‍ പറഞ്ഞ അധ്യാത്മവിദ്യാലയം.
പാര്‍വ്വതി
തന്റെ മറ്റ് അഞ്ചുമുഖങ്ങളും ഭര്‍ത്താവായ ശിവനെ കാണിക്കാന്‍പേടിച്ച് മകന്‍ സുബ്രഹ്മണ്യന് അവ നല്കിയ ഒരു സാധാരണസ്ത്രീ.
കുട്ടിക്കൃഷ്ണമാരാര്‍
വളരെക്കുറച്ചുപറഞ്ഞ് അതിലൂടെ ഏറെധ്വനിപ്പിച്ച ആള്‍.
സിഗ്സാഗ്
കുടിയനു സ്ട്രെയിറ്റ് ലൈന്‍.
ഓംലെറ്റ്
ചായക്കടകളിലെ പയ്യന്മാര്‍ക്കു കുശിനിയിലേക്കുനോക്കി ‘ഒരു ആംപ്ളേറ്റ് എട് സാറിന്’ എന്നുവിളിക്കാനുള്ള മുട്ടയപ്പം.

തുടര്‍ച്ച

ഓംലെറ്റ് — ചായക്കടകളിലെ പയ്യന്മാര്‍ക്കു കുശിനിയിലേക്കു നോക്കി ‘ഒരു ആംപ്ളേറ്റ് എട് സാറിന്’ എന്നു വിളിക്കാനുള്ള മുട്ടയപ്പം.

പാര്‍വ്വതി: തന്റെ മറ്റ് അഞ്ചുമു ഖങ്ങളും ഭര്‍ത്താവായ ശിവനെ കാണിക്കാന്‍ പേടിച്ച് മകന്‍ സുബ്രഹ്മണ്യന് അവ നല്കിയ ഒരു സാധാരണ സ്ത്രീ.

വൈലോപ്പിള്ളിയുടെ “കന്നിക്കൊയ്ത്ത്” എന്ന കാവ്യസമാഹാരഗ്രന്ഥത്തിലെ ആ പ്രശസ്തമായ കാവ്യം — മരണത്താല്‍ ജീവിതം വിച്ഛേദിക്കപ്പെട്ടാലും അതു അനുസൃതമായി പ്രവഹിച്ചുകൊണ്ടിരിക്കും എന്ന് സ്പഷ്ടമാക്കുന്നു. “ചോരതുടിക്കും ചെറുകൈയുകളേ പേറുക വന്നീപ്പന്തങ്ങള്‍” എന്ന ആഹ്വാനത്തിലുമുണ്ട് ആ നൈരന്തര്യത്തിന്റെ സ്വഭാവം. ഒറ്റയായ മനുഷ്യന്റെ ജീവിതം നോക്കുക. നൈരന്തര്യത്തിനുള്ള കൊതികാണാം. അമ്പത്തിയഞ്ചോ അമ്പത്തിയെട്ടോ വയസ്സുകഴിയുമ്പോള്‍ പെന്‍ഷന്‍പറ്റണം. പക്ഷേ ജോലിനീട്ടിക്കിട്ടാന്‍ ആഗ്രഹിക്കുന്നത് പിന്നെയും ശംബളം വാങ്ങി ബാങ്കിലിടാനല്ല. തന്റെ അത്രയും കാലത്തെ തുടര്‍ച്ചയായ ജിവിതത്തിനു ഭംഗം വരാതിരിക്കാനാണ്. ചെറുപ്പകാലത്ത് വീട്ടിന്റെ ജന്നലില്‍ക്കൂടി നോക്കി പതിവുകാരെ അടയാളം കാണിച്ചു വിളിച്ചിരുന്ന വേശ്യ വാര്‍ദ്ധക്യകാലത്തും അതു പോലെ പുരുഷന്മാരെ വിളിക്കുന്നത് അവരുടെ പണത്തിനു വേണ്ടിയല്ല, സ്വന്തം ജീവിതത്തിന്റെ നിരന്തരാവസ്ഥ പുലര്‍ത്തിക്കൊണ്ടു പോകാനാണ്. താന്‍ വൃദ്ധനാകുന്നതുവരെയും നോക്കിയിരുന്ന ജോലി ഇനി തനിക്കു തുടര്‍ന്നു കിട്ടുകില്ലെന്നു വരുമ്പോള്‍ കുടുംബദ്രോഹിയാണു മകനെങ്കിലും അവനതു വാങ്ങിക്കൊടുക്കാന്‍ അച്ഛന്‍ ശ്രമിക്കുന്നതും ഇതിനുവേണ്ടിത്തന്നെയാണ്. ഈ ആശയത്തിനു തിളക്കവും സ്പഷ്ടതയും നല്കാന്‍ ശ്രീ. ഫാസിലിന്റെ “ബലിക്കല്ലിലെ സ്വപ്നം” എന്ന കഥയ്ക്കു കഴിയുന്നു. തൊട്ടിലുകള്‍ അന്യോന്യം ബന്ധിച്ച് അതില്‍ ആളുകളെ കയറ്റിയിരുത്തി കറക്കുന്ന വൃദ്ധന്‍ നെഞ്ചു തകര്‍ന്നു വീഴുമ്പോള്‍ അയാളുടെ മകനെത്തുന്നു ആ ജോലി തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍. ആ മകനും ഒരാശ. ബലമാര്‍ന്ന ശരീരമുള്ള മകനുണ്ടാകണമെന്ന്. ഇതാണ് ജീവിതാവസ്ഥയുടെ നൈരന്തര്യവും അതുളവാക്കുന്ന സ്ഥിരതയും. അതിഭാവുകത്വത്തിലേക്കുവീഴാതെ ഫാസില്‍ ഹൃദ്യമായി കഥപറഞ്ഞിരിക്കുന്നു (കഥ ദേശാഭിമാനി വാരികയില്‍).

* * *
പുരുഷന്‍ സ്ത്രീയാല്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാള്‍ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പര്‍ശിച്ച് അതിനെ ചലനാത്മകമാക്കാന്‍ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാള്‍ യത്നിക്കും.

—Immortality

ഗുരുനാഥന്‍ പറഞ്ഞസത്യം

എന്റെ ഗുരുനാഥന്മാരില്‍ എനിക്കേറ്റവും സ്നേഹം ഉമാമഹേശ്വരനോടാണ്. അദ്ദേഹമാണ് എന്നെ ടെനിസണ്‍, ഡിലാമേര്‍ ഇവരുടെ കാവ്യങ്ങള്‍ പഠിപ്പിച്ചത്. പനിപിടിച്ച് എഴുന്നേല്ക്കാന്‍ വയ്യാതെ കിടന്ന സന്ദര്‍ഭങ്ങളിലും ഞാന്‍ അദ്ദേഹത്തിന്റെ ക്ളാസ്സുകള്‍ക്കു വേണ്ടി നാലു നാഴിക താണ്ടി കോളേജില്‍ ചെന്നിട്ടുണ്ട്. അത്രയ്ക്കു രസപ്രദമാണ് അദ്ദേഹത്തിന്റെ പഠിപ്പിക്കല്‍. സാറ് നാഗര്‍കോവിലിലോ മറ്റോ പോയിട്ടു തിരിച്ചു തിരുവനന്തപുരത്തേക്കു ബസ്സില്‍ പോരുമ്പോള്‍ അപകടത്തില്‍പ്പെട്ടു. ബസ്സ് മറിയാന്‍ പോകുന്നുവെന്നു കണ്ട അദ്ദേഹം അതില്‍ നിന്ന് എടുത്തു ചാടിയെന്നും ബസ്സ് അദ്ദേഹത്തിന്റെ പുറത്തുകൂടെ വീണെന്നുമാണ് ഞാന്‍ കേട്ടത്. സാറല്ലാതെ വേറെ ഒരു യാത്രക്കാരനും മരിച്ചില്ല. ഉമാമഹേശ്വരന്‍ സാറ് മരിച്ചിട്ട് അമ്പതു കൊല്ലം കഴിഞ്ഞു. എങ്കിലും ഇതെഴുതുമ്പോള്‍ എനിക്കു ദുഃഖമുണ്ടാകുന്നു. ഒരിക്കല്‍ ക്ളാസ്സ് കഴിഞ്ഞ് അദ്ദേഹം സ്റ്റാഫ് റൂമിലേക്കു പോകുമ്പോള്‍ “സാര്‍ ഇതൊന്നു തിരുത്തിത്തരണം” എന്നുപറഞ്ഞു ഞാനെഴുതിയ ഒരു ഇംഗ്ലീഷ് കവിത അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. സാറ് നിന്നു. കവിത വായിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: Leave the poems unwritten. “ഞാന്‍ പിന്നീട് ഇംഗ്ലീഷ് കാവ്യങ്ങള്‍ എഴുതിയിട്ടില്ല. എങ്കിലും സാറിന്റെ നിര്‍ദ്ദേശം മറക്കാതെ കൊണ്ടു നടക്കുന്നു. ഇപ്പോള്‍ അത് ചില്ല മാസികയില്‍ “ഉത്തിഷ്ഠതാം, ജാഗ്രതാം” എന്ന പദ്യമെഴുതിയ ശ്രീ. ഉണ്ണി പയ്യനേടത്തിനോടു പറയുന്നു: Leave the peoms unwritten. ഈ പരുക്കന്‍ വാക്കുകള്‍ക്കു നീതിമത്കരണമുണ്ടോ എന്ന് വായനക്കാര്‍ക്കു സംശയമുണ്ടെങ്കില്‍ ചില വരികള്‍ എടുത്തെഴുതാം. പദ്യത്തിന്റെ തുടക്കം തന്നെയാവട്ടെ.

“എണ്‍പതുമഞ്ചും കോടി മാനവസമ്പത്തുള്ളോ-
രെന്റെ നാടിതിന്‍ ശോച്യാസസ്ഥയില്‍ ഞാന്‍ ദുഃഖിപ്പൂ
ആയിരം വര്‍ഷങ്ങളായ് ചൂഷണം ചെയ്യപ്പെട്ടോ-
രാര്‍ഷഭാരതം തീര്‍ത്തും ചേതനാരഹിതയായ്!
സ്വന്തമായ് കഴിവുകളുള്ളവര്‍പോലും പര-
തന്ത്രരായ് കഴിയുവാനല്ലയോ കൊതിക്കുന്നു!
കുറ്റവാളികള്‍ പോലുമെന്തിനും സര്‍ക്കാറിനെ
കുറ്റവാളികളായ് കാണാനല്ലയോ ശ്രമിക്കുന്നു!”

ഇതു കവിതയല്ല, ഓരോ വരിയിലും പതിന്നാല് അക്ഷരങ്ങള്‍ വീതമുണ്ടെങ്കിലും പദ്യമല്ല. നല്ല ഗദ്യംപോലുമല്ല. എന്റെ വീട്ടിന്റെ മുന്‍വശത്തുള്ള ചെമ്മണ്ണുപാത തെല്ലകലെയുള്ള കീലിട്ടറോഡില്‍ ചെന്നുചേരുന്നു. ആ റോഡ് ഒഴുകിയൊഴുതി ദൂരെയുള്ള അവന്യൂവില്‍ (റോഡില്‍) ചേരുന്നു. അവന്യൂ കീലിട്ടറോഡിനെ തടയുന്നില്ല. ചെമ്മണ്ണുപാത കീലിട്ടറോഡിനെ തടയുന്നില്ല. മലയാള കാവ്യത്തിന്റെ രാജരഥ്യ ഈ പദ്യപാതയെ അതിനോടുചേരാന്‍ സമ്മതിക്കില്ല.

* * *
The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia.

—Immortality

ഒരു കവിയുടെ മരണം

ബ്രിട്ടീഷ് കവി George Barker എഴുപത്തിയെട്ടാമത്തെ വയസ്സില്‍ അന്തരിച്ചുവെന്നു റ്റൈറം വാരികയില്‍ കണ്ടു. അശ്ലീലമെന്നു മുദ്രകുത്തിയതും Faber and Faber സമ്പൂര്‍ണ്ണ കൃതികളില്‍ ആദ്യം ചേര്‍ക്കാത്തതുമായ “The True Confession of George Barker” എന്ന കൃതിയാണത്രേ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. ബയറണ്‍ എഴുതിയ “Don Juan”-ന്റെ അനുകരണമെന്നു പറയാവുന്ന ഈ കാവ്യം ഡബ്ലിയൂ.എച്ച്. ഓഡന്റെ “Letter to Lord Byron” എന്ന കാവ്യംപോലെ verse journalism മാത്രമാണ്. ഏതാനും വരികളിതാ:

“I knew a beautiful courtesan
who, after service, would unbosom
Her prettier memories, like blossom
At the feet of the weary man: