close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 09 29



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 09 29
ലക്കം 524
മുൻലക്കം 1985 09 22
പിൻലക്കം 1985 10 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ അടുത്ത ബന്ധുവായ ഒരു ചെറുപ്പക്കാരിക്കു് കൂടെക്കൂടെ സിനിമാ കാണാന്‍ പോകണം. പോയി­ക്കഴിഞ്ഞാല്‍ അവിടിരുന്ന് അവള്‍ നല്ലപോലെ ഉറങ്ങും. ഇടവേളയില്‍ വിളക്കുകള്‍ തെളിയുമ്പോള്‍ അവള്‍ കണ്ണൊന്നു തുറക്കും പരസ്യ­പ്രദര്‍ശനം തുടങ്ങുമ്പോള്‍­ത്തന്നെ ഉറക്കം തുടങ്ങും. ചലച്ചിത്രം അവസാനിക്കുമ്പോള്‍ കൂടെച്ചെന്നവരില്‍ ആരെങ്കിലും തട്ടിയുണര്‍­ത്തിയാല്‍ എഴുന്നേറ്റു “തീര്‍ന്നോ’’ എന്നു ചോദിക്കും. കസേരകളില്‍ തട്ടിയും മുട്ടിയും പുറത്തേക്കു പോരികയും ചെയ്യും. ഉറങ്ങാന്‍ മാത്രമായി പത്തു രൂപ പാഴില്‍­ക്കളയുന്ന­തെന്തിനാണെന്ന് അവളോടു ചോദിച്ചാല്‍ മന്ദസ്മിതം മാത്രമേ മറുപടിയായി ലഭിക്കൂ. ഇന്നും അവള്‍ സിനിമ കാണാന്‍ പോകുന്നു. അവിടിരുന്നു സുഖമായി ഉറങ്ങുന്നു. പുതിയ സാരി വാങ്ങുമ്പോ­ഴൊക്കെ അതു കാണിക്കാ­നായിട്ടാണ് അവള്‍ സിനിമയ്ക്കു പോകുന്നതെന്ന് ചില ബന്ധുക്കള്‍ പറയുന്നു. ശരിയായിരിക്കാം. എന്തുമാകട്ടെ.

ഇതെഴുതുന്നയാള്‍ മലയാള ചലച്ചിത്രങ്ങള്‍ കാണാന്‍ പോകാറില്ല. ചിലപ്പോള്‍ ബന്ധുക്കള്‍ക്കു വേണ്ടി പോകും. പോയാല്‍ ഉറങ്ങാറില്ല. സിനിമ കാണാതെ ആളുകളെ നിരീക്ഷിക്കലാണ് ജോലി. ഇടവേളകളിലും സിനിമ തീരുമ്പോഴും Exit എന്നു് തീകൊണ്ടുള്ള അക്ഷരത്തില്‍ എഴുതി­ക്കാണിക്കുമ്പോള്‍ എന്തു രസമാണെനിക്ക്! മൈക്രോഫോണില്‍ രണ്ടു തട്ടു തട്ടി അതിന്റെ ഭദ്രത പരിശോധിക്കുന്ന പ്രഭാഷകനെ­പ്പോലെ കൈകൊണ്ടു മുന്‍പേ നീങ്ങുന്ന നിതംബത്തിന്റെ ദാര്‍ഢ്യം പരിശോധിക്കുന്നവനെ ഞാനുറ്റുനോക്കാറുണ്ട്. സിനിമ ശാലയ്ക്കു പുറത്ത് ഒരു രൂപയ്ക്കു കിട്ടുന്ന ചുവന്ന ദ്രാവകം മൂന്നു രൂപയ്ക്ക് അകത്തു വില്‍ക്കുന്നവന്റെ ക്രൂരതയെ­ക്കുറിച്ചു വിചാരിക്കാറുണ്ട്. തലയ്ക്കു മുകളില്‍­ക്കൂടി പ്രിസത്തിന്റെ ആകൃതിയില്‍ രശ്മിസമൂഹം പാഞ്ഞു പോകുന്നതു കാണാന്‍ രസമാണ്. അതു് വെള്ള­ത്തുണിയില്‍ വീഴ്ത്തുന്ന ഇമേജുകളെ മാത്രമേ ഞാന്‍ നോക്കാതുള്ളൂ. പൈങ്കിളിക്കഥ പോലെ പൈങ്കിളി­സ്സിനിമയും ഉണ്ട്. ആ സിനിമ കണ്ടിട്ട് തീയറ്ററില്‍ നിന്നു റോഡിലേക്കു വരുന്ന അടുക്കളക്കാരികള്‍ സാരിത്തുമ്പു കൊണ്ട് കണ്ണൊപ്പുന്നതും മറ്റുചിലര്‍ ശോകാര്‍ദ്രമായ മന്ദഹാസം പൊഴിക്കുന്നതും നോക്കി ആഹ്ളാദിക്കാറുണ്ട്. സിനിമ കണ്ടാല്‍ ഉളവാകുന്ന ജീവിതാനു­ഭൂതിയെക്കാള്‍ മേന്മയെറിയ ജീവിതാനു­ഭൂതികളാണ് ഈ നിരീക്ഷണങ്ങള്‍ പ്രദാനം ചെയ്യുക. അതുകൊണ്ട് പൈങ്കിളിയായതെന്തും നോക്കേണ്ടതില്ല. വായിക്കേണ്ടതില്ല. അതിനു പകരം റോഡിലിറങ്ങി നടന്നാല്‍ മതി. എങ്കിലും ആളുകള്‍ക്ക് വിശേഷിച്ചും സ്ത്രീകള്‍ക്ക് — ആവേശമാണ് പൈങ്കിളി­സ്സിനിമയിലും സാഹിത്യത്തിലും. ആവേശം കൊണ്ട് തങ്ങളെ­ത്തന്നെ അവര്‍ മറന്നു പോകും. ഒരു ദിവസം ‘എലിപ്പത്തായം’ എന്ന സിനിമ കണ്ടിട്ട് പുറത്തേക്കു പോരിക­യായിരുന്നു ഞാന്‍. അടുത്ത കളിക്കു ടിക്കററ് വാങ്ങാന്‍ ‘ക്യു’ ആയി നിന്ന സ്ത്രീകളുടെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു വൃദ്ധ “മൂന്ന് എലിപ്പത്തായം” എന്നു ടിക്കററു വില്പനക്കാരനോടു പറയുന്നതു ഞാന്‍ കേട്ടു. “മൂന്നു ബാല്ക്കണി” എന്നു പറയുന്നതിനു പകരമായി ആവേശം കൊണ്ടു് അവര്‍‌ അങ്ങനെ ഉറക്കെ വിളിച്ചതായിരുന്നു. ടിക്കററു വില്ക്കുന്നയാളിനെ സഹായിക്കാനിരുന്ന ആളു് സരസന്‍. അയാള്‍ പറഞ്ഞു: “മൂന്നു എലിപ്പത്തായം തന്നെ കൊടുക്കെടേ. പെമ്പിറന്നവരുടെ വീട്ടില്‍ എലികള്‍ ധാരാളം കാണും.”

ഒ.എന്‍.വി. കുറുപ്പു്

എലിപ്പത്തായത്തില്‍ കിടക്കുന്ന എലികളാണോ നമ്മള്‍? അല്ല. ഖാണ്ഡവ­വനത്തില്‍ തീപിടിച്ചപ്പോള്‍ അതിനകത്തായിപ്പോയ ശാര്‍ങ്ഗക­പ്പക്ഷികളാണ്. ആ പക്ഷികളായ നമ്മുടെ ദൈന്യവും പ്രത്യാശയും കാവ്യാത്മകമായി ആവിഷ്കരിച്ചു് സമകാലിക ലോകത്തിന്റെ ചിത്രംവരയ്ക്കുന്നു ഒ.എന്‍.വി. കുറുപ്പ് (ശാര്‍ങ്ഗകപ്പക്ഷികള്‍, കലാകൗമുദി, ലക്കം 522). സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും അടിത്തറ തകര്‍ന്നു കൊണ്ടിരിക്കുന്നു ഇന്ന്. മനുഷ്യര്‍ക്കു മഹാക്ഷോഭവും ആകസ്മികവിപത്തും തകര്‍ച്ചയും വരുത്തിയ ഈ കാലയളവു പോലെ മറ്റൊരു കാലയളവു് ഒരിക്കലും ഉണ്ടായിട്ടില്ല. അവയൊക്കെക്കണ്ട കവിയുടെ മനുഷ്യത്വത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഉജ്ജ്വലമായ കാവ്യം. അതിനിന്ദ്യമായ നരത്വത്തിലൂടെ നീങ്ങുന്നവരുടെ പ്രതിനിധികളായി രണ്ടുപേരെ കവി അവതരിപ്പിക്കുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ ഉണര്‍ന്നിരിക്കുന്നു.രണ്ടുപേരും ഉറങ്ങിയാല്‍ ജീവിതത്തിന്റെ സംഹാരാത്മകശക്തി അവരെ നശിപ്പിച്ചുകളയും. അതുകൊണ്ടു് സുഷുപ്തിതിയില്‍ വീഴുന്ന വ്യക്തിയെ ഉണര്‍ന്നിരിക്കുന്ന വ്യക്തി സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ സൂക്ഷിക്കാതിരിക്കും? വെറും കിടാങ്ങളായ അവരെ നടുക്കുന്ന നൃശംസതകളെ കണ്ടാലും:

മാമ്പൂവുരുക്കുന്ന വേനലിലെ — കണ്ണി–
മാങ്ങകള്‍ തല്ലിക്കൊഴിക്കുന്ന കാററിനെ.


പ്രാവിന്‍കുരുന്നിനെ റാഞ്ചും പരുന്തിനെ–
പൂവാങ്കരുന്നിലരിക്കും പുഴുവിനെ–
കുഞ്ഞിന്റെ പൊക്കിളില്‍ നോക്കിയിരുന്നതിന്‍
കന്നിയിളം ചോരയൂറ്റുന്നാരോന്തിനെ–
പോത്തിന്‍ പുറത്തു വന്നെത്തുന്ന രൂപത്തെ–
ഓര്‍ത്തു നടങ്ങും കിടാങ്ങള്‍ നാമിപ്പോഴും.

ലോകത്തന്റെ പാതകങ്ങളെയും ഉന്മാദങ്ങളെയും ഇങ്ങനെ പ്രതീകങ്ങളിലൂടെ സ്ഫുടീകരിച്ചിട്ട് പ്രസാദാത്മകത്വത്തിന്റെ പ്രകാശം വിതറുന്നു കവി.

“എങ്കിലും സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ
കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ:
കന്നിവെറിയില്‍ മകരക്കുളിരിനെ
കര്‍ക്കിടകക്കരിവാവില്‍ തെളിവുററ
ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളില്‍
സംഗീതധാരയെ–കാളും വിശപ്പിലും
നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–”
യുള്ളിലുമേതോ കരുണതന്‍ മൂര്‍ത്തിയെ
നമ്മള്‍ കിനാവു കാണുന്നൂ! കിനാവുകള്‍
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”

ശരിയായ ജിവിതം. ധാര്‍മ്മികമായ ചിന്ത ഇവയൊക്കെ ഈ കിനാക്കളുടെ ഫലങ്ങളാണ്. ആ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കാന്‍ ആഹ്വാനം നടത്തുന്ന കവി വിഷാദത്തിന്റെ “കരിനീല തടകങ്ങളെ” ദര്‍ശിക്കുന്ന ആളല്ല; ആഹ്ളാദത്തിന്റെ ധവളശൃംഗങ്ങളെ കാണുന്ന വ്യക്തിയാണ്. ഖാണ്ഡവവനത്തില്‍ അകപ്പെട്ട ശാര്‍ങ്ഗകപ്പക്ഷികള്‍ രക്ഷപ്പെട്ടു. ക്രൂരതയുടെ അഗ്നി നാലുപാടും കത്തുന്ന ഈ ലോകത്ത് അകപ്പെട്ട നമ്മളും രക്ഷപ്പെട്ടു. സമകാലിക സമൂഹത്തിന്റെ ചേതനയെ കണ്ടറിഞ്ഞ കവിയാണ് ഒ.എന്‍.വി. കറുപ്പെന്ന് ഈ കാവ്യം ഉദ്ഘോഷിക്കുന്നു.

സറീയലിസം

ഇതെഴുതുന്ന ആളിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനല്ല വായനക്കാര്‍ ഈ പംക്തി വായിക്കുന്നതെന്ന് എനിക്കറിയാം. എങ്കിലും വായനക്കാരുടെ സദയാനുമതിയോടെ എഴുതട്ടെ. ‘ഞാനേററവും വെറുക്കുന്ന ഒരു കലാപ്രസ്ഥാനമാണ് സറീയലിസം.’ സറീയലിസ്റ്റുകള്‍ തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ വിശദീകരക്കാറില്ല. സൂചനകള്‍ പോലും നല്‍കാറില്ല. അതുകൊണ്ട് ആര്‍‌ക്കും അവരുടെ കലാസൃഷ്ടികള്‍ മനസ്സിലാകാറുമില്ല. ലൂയിസ് ബുന്‍യുയില്‍ (Luis Bunuel) വിശ്വവിഖ്യാതനായ ഫിലിം ഡയറക്ടറാണല്ലോ. അദ്ദേഹത്തിന്റെ നാല്പതോളം ചിത്രങ്ങളില്‍ ഒരെണ്ണം പോലും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അവയെക്കുറിച്ച് പലരും എഴുതിയതു വായിച്ചിട്ടുണ്ട്. ഒരാള്‍ — ബുന്‍യുയില്‍തന്നെ — കത്തിക്കു മൂര്‍ച്ച കൂട്ടിക്കൊണ്ടു നില്‍ക്കുമ്പോള്‍ ഒരു സ്ത്രീയുടെ ക്ലോസപ്പ്മുഖം. അവളുടെ കൃഷ്ണമണി ബുന്‍യുയില്‍ കത്തി ക്കൊണ്ടു കീറുന്നു. വേറൊരു ചലച്ചിത്രത്തില്‍ ഒരു നൃത്തം നടന്നു കൊണ്ടീരിക്കുമ്പോള്‍ ഒരു കാള കർട്ടനു പിറകില്‍ നിന്ന് ഇരച്ചു കയറി പീയാനോയില്‍ ഇടിച്ചു അതിനെ തുണ്ടുതുണ്ടാക്കുന്നതായി കാണിക്കുന്നു. കാളയുടെ ഇടി കിട്ടിയ ആളുകള്‍ പേടിച്ചോടുന്നു. ഒരുത്തന്റെ കൈയില്‍ കറുത്ത എറമ്പുകള്‍ അരിക്കുന്നു. പുരുഷ വേഷം ധരിച്ച ഒരു സ്ത്രീ മുറിച്ചെടുത്ത ഒരു കൈ കുത്തി നോക്കുന്നതായി വേറൊരു ചിത്രത്തില്‍. ഇതൊക്കെക്കൊണ്ട് എന്തു പ്രയോജനം? കാഴ്ചക്കാരെ ഞെട്ടിക്കണമെന്നാകാം ബുന്‍യുയിലിന്റെ ലക്ഷ്യം. കലാകൗമുദിയില്‍ “ഉച്ചസമയം” എന്ന സറീയലിസ്ററിക് ചെറുകഥ എഴുതിയ പി.എഫ്. മാത്യൂസിന്റെ ലക്ഷ്യവും അതുതന്നെയാവണം.

“മനുഷ്യ ജീവിതത്തിന്റെ നിസ്സാരത വര്‍ണ്ണിക്കുന്ന ദിനപത്രം എന്റെ കിടക്കയിലേക്കിട്ടിട്ട് അമ്മായി വാത്സല്യത്തോടെ എന്റെ കണ്ണുകളിലേക്കു നോക്കിനിന്നു. ഞാന്‍ കൈപ്പടം കൊണ്ടു അവരുടെ ഓജസ്സുറ്റ മുഖം ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ട് ആസക്തിയോടെ അവരുടെ മനോഹരമായ കഴുത്തില്‍ പല്ലുകളാഴ്ത്തി. മൈഥുനത്തിനായെന്നവണ്ണം അവര്‍ കിടക്കയിലെക്കു ചരിഞ്ഞു. കഴുത്തില്‍ നിന്നുള്ള രക്തപ്രവാഹം എന്റെ സിരകളെ ജ്വലിപ്പിച്ചു. രതിയുടെ ഉച്ചകോടിയില്‍ ഞാന്‍ ഞരങ്ങുകയും മറുഭാഷ സംസാരിക്കുകയും ചെയ്തു. ഒടുവില്‍ തളര്‍ന്ന് കിടക്കയോടൊട്ടിക്കിടന്നു. ജീവന്റെ അവസാനത്തെ മടിപ്പും ആവാഹിച്ച് ഭ്രാന്തമായ സ്നേഹത്തോടെ അവര്‍ എന്നെ കെട്ടിപ്പുണര്‍ന്നു. എന്നാല്‍ അവരുടെ കൈകള്‍ വിടര്‍ത്തി മാറ്റി ഞാന്‍ സ്വതന്ത്രനായി. എന്റെ കൈകള്‍ക്കിരുവശവും നീളമേറിയ കറുത്ത ചിറകുകള്‍ മുളച്ചു.”

കഥയിലുള്ള ഒരു ഖണ്ഡികയാണിത്. രോഗാര്‍ത്തമായ സറിയലിസമല്ലാതെ ഇതു വേറൊന്നുമല്ല.

* * *

യഥാതഥവും മതിവിഭ്രമപരവും ആയതിനെ കൂട്ടിയിണക്കുന്നതാണ് നേരമ്പോക്കെന്ന് സറീയലിസ്റ്റ് കരുതുന്നതായി Introduction to Surrealism എന്ന ഗ്രന്ഥത്തില്‍ കാണുന്നു. സത്യത്തിന്റെ വേറൊരു മണ്ഡലത്തിലേക്ക് അതു വായനക്കാരെ — ദ്രഷ്ടാക്കളെ — കൊണ്ടു ചെല്ലുന്നതായി അതില്‍ത്തന്നെ പ്രസ്താവമുണ്ട്. മാജിക് കാണിക്കുന്നവർ കാഴ്ചക്കാരെ മറ്റൊരു മണ്ഡലത്തിലേക്കു കൊണ്ടുപോകുന്നുണ്ടല്ലോ. ആ മണ്ഡലം ഒരു താല്‍ക്കാലിക­സത്യവുമാണ്. സറിയലിസ്റ്റുകള്‍ ചെപ്പടി വിദ്യക്കാരാണ്.

തെറ്റാലി

സറീയലിസ്റ്റുകളെ ചെപ്പടിവിദ്യക്കാരെന്ന് ഇവിടെ വിളിച്ചെങ്കിലും യഥാര്‍ത്ഥ കലാകാരന്മാര്‍ മജീഷ്യന്മാരാണ്. അവരുടെ മാജിക്കിന്റെ രഹസ്യം ഒരിക്കുലും ഗ്രഹിക്കാന്‍ കഴിയുകയില്ല എന്നതു സത്യം. കാവാബത്തയുടെ നോവലുകള്‍ വായിക്കൂ. അവയുടെ മാന്ത്രികത്വം വായനക്കാരെ എപ്പോഴും ‘ഹോണ്‌ട്’ചെയ്തുകൊണ്ടിരിക്കും. പക്ഷേ, ചീട്ടുവിദ്യ കാണിക്കുന്ന മജീഷ്യനെ ആ വിദ്യയുടെ രഹസ്യം മനസ്സിലാക്കി­ക്കഴിഞ്ഞാല്‍ പുച്ഛിക്കുകയേയുള്ളു ആളുകള്‍. നമ്മുടെ ബന്ധുക്കള്‍ പലപ്പോഴും ചെപ്പടിവിദ്യക്കാരായിട്ടാണ് മുന്‍പില്‍ വരിക. ഒരുദാഹരണം നല്കട്ടെ. ദീപാവലി ദിവസം അച്ഛൻ സന്ധ്യയ്ക്കു വരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ ബ്രൌണ്‍ പേപ്പറില്‍ പൊതിഞ്ഞ ചില സാധനങ്ങള്‍. വളരെ നേരം പടക്കം പൊട്ടിക്കാം. പൂത്തിരി കത്തിക്കാം എന്ന പ്രതീക്ഷയൊടെ കുഞ്ഞുങ്ങള്‍ അച്ഛന്റെ ചുറ്റും കൂടുന്നു. കെട്ടു പൊട്ടിക്കുന്നു. നാലു മാലപ്പടക്കം, രണ്ടു കമ്പിത്തിരി, ഒരു പൂക്കുററി, മൂന്നു കൂട് മത്താപ്പ്, (മഹ്താബ് എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് മത്താപ്പ് — ശബ്ദതാരാവലി). കുട്ടികള്‍ക്കു നിരാശ. അച്ഛന്‍ മജീഷ്യനല്ലെന്ന് അവര്‍ തീരുമാനിക്കുന്നു. മറ്റൊരു­ദാഹരണം നിത്യജീവിതത്തില്‍ നിന്നെടുക്കട്ടെ. ഇന്നലെ എന്ന ദിനം തികച്ചും വിരസം. ഇന്നു് എന്ന ദിവസം അതിനെക്കാള്‍ വിരസമായിരിക്കു­മെന്നതിനു തെളിവുകളേറെ. പ്രതീക്ഷ നാളെ എന്ന ദിവസത്തെ­ക്കുറിച്ചു മാത്രമേയുള്ളൂ. നാളെ എന്തെല്ലാം സംഭവിക്കാം? ഇന്നത്തെ അന്ധകാരത്തിനു പകരം പ്രകാശം പ്രസരിക്കും. ഇന്നത്തെ ദുര്‍ഗ്ഗന്ധത്തിനു പകരം സുഗന്ധം വ്യാപിക്കും. ഇന്നത്തെ രാത്രിയില്‍ വിളക്കു കെടുത്തുമ്പോള്‍ ഇരുട്ടു പൊതിയുന്നു നമ്മളെ. പൊതിയൂ കൂരിരുട്ടേ. നിന്നെ ആരു വകവയ്ക്കുന്നു. നാളെ എനിക്കു വെള്ളിവെളിച്ചം കിട്ടുമെന്നു നീ അറിയുന്നുണ്ടോ? ഉറങ്ങി. നേരം വെളുത്തു. സൂര്യന്‍ പ്രകാശിക്കുന്നില്ലെങ്കിലും എന്റെ ചുറ്റും ഇരുട്ടു തന്നെ. ഇന്നലെ, ഇന്ന് ഈ ദിനങ്ങളെ­പ്പോലെ തന്നെയാണ്. ഈ “നാളെ”യും. പ്രതീക്ഷ തകരുന്നു. പ്രശസ്തി­യാര്‍ജ്ജിച്ചവരുടെ കഥകള്‍ വിശേഷാല്‍­പ്രതികളില്‍ അച്ചടിച്ചു കാണുമ്പോള്‍ പടക്കം പൊതിഞ്ഞു കൊണ്ടുവരുന്ന അച്ഛനെ കാണുന്ന കുട്ടിയായി ഞാന്‍ മാറുന്നു. വിരസമായ ‘ഇന്നി’നെ നിരാകരിച്ച് ആഹ്ളാദ­ദായകമായ ‘നാളെ’ എന്ന ദിനത്തെ കൊതിക്കുന്ന സാധാരണക്കാരനായി ഞാന്‍ മാറുന്നു. രണ്ടുപേര്‍ക്കു­മുണ്ടാകുന്ന നിരാശത എനിക്കുമുണ്ടാകുന്നു.

‘ഞാന്‍ കേരളകൌമുദി വിശേഷാല്‍ പ്രതി കൈയിലെടുക്കുന്നു. കവര്‍ പേജ് നന്നായില്ലെങ്കിലും നല്ല അച്ചടി. നല്ല ലേ ഔട്ട്. കേരളത്തിലെ പ്രസിദ്ധരായ സാഹിത്യകാരന്മാരില്‍ പലരുടെയും രചനകള്‍ ഇതിലുണ്ട്. ഒന്നിലും എഴുതാത്ത പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ള പോലും എഴുതിയിരിക്കുന്നു. വിശേഷാല്‍പ്രതി തുറന്നു വത്സലയുടെ ‘വെള്ളിക്കോപ്പുകള്‍’ എന്ന ചെറുകഥ വായിച്ചു. വായിക്കുന്നതിനു മുന്‍പ് ഞാന്‍ പൊതികണ്ട കുട്ടി; നാളെ എന്ന ദിനം പ്രതീക്ഷിക്കുന്ന സാധാരണക്കാരന്‍. വായിച്ചു കഴിഞ്ഞപ്പോള്‍ നിരാശന്‍. സ്വാതന്ത്ര്യ­ദിനത്തില്‍ ഉണര്‍ന്ന മന്ത്രി ചായ കുടിക്കുന്നില്ല. വെള്ളിക്കപ്പിലേ അദ്ദേഹം അതു കുടിക്കൂ. വെള്ളിപാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തുന്നു. മന്ത്രി അതില്‍ നിന്നു ചായകുടിക്കുന്നതോടെ പ്രസന്നതയുള്ളവ­നായിത്തീരുന്നു. വത്സല നൂറു പുഷ്പങ്ങള്‍ വിടര്‍ത്തുന്നതു മന്ത്രിമാരെ പുച്ഛിച്ചും തൊഴിലാളികളെ വാഴ്ത്തിയുമാണ്. നന്ന്. പക്ഷേ അതു ചൈനാക്കാര്‍ ചെയ്യുന്നതു പോലെ കലയാക്കിയാല്‍ ആര്‍ക്കും പരാതിയില്ല. ഇപ്പോഴത്തെ നിലയ്ക്കു പരാതിക്കേ തരമുള്ളു. വത്സലയുടെ സററയറില്‍ പരിഹാസമില്ല, നേരമ്പോക്കില്ല. കുട്ടികള്‍ കാററാപ്പല്‍റ്റിന്റെ — തെറ്റാലിയുടെ — റബ്ബര്‍ വലിച്ചു നീട്ടുന്നതു പോലെ വത്സല പ്രതിപാദ്യ­വിഷയത്തെ വലിച്ചുനീട്ടി ‘മന്ത്രിപുച്ഛം’ എന്ന കല്ലെറിയുന്നു. അതു സഹൃദയത്തിന്റെ നെറ്റിയില്‍ വന്നു കൊള്ളുന്നു. മുറിയുന്നു. ചോരയൊലിക്കുന്നു.

* * *

ഒരുത്തന്‍ ഭാര്യയുടെ കവിളില്‍ ഒരിടി കൊടുത്തു. ഫോം റബ്ബറില്‍ ഇടിക്കുന്ന പ്രതീതി. കൈക്കു നല്ല സുഖം. അവളെ ഇടിച്ചു വേദനിപ്പിക്കാനല്ല. ഇടിക്കും തോറും തന്റെ കൈക്കു ലഭിക്കുന്ന സുഖാനുഭൂതിക്കു വേണ്ടി അയാള്‍ വീണ്ടും വീണ്ടും ഇടിച്ചു. സാഹിത്യം മൃദുത്വമാർന്ന കവിളുള്ള ചെറുപ്പക്കാരിയാണ്. അതുകൊണ്ടാണ് ഞാനിങ്ങനെ ഇടിക്കുന്നത്. പേരുകേട്ട ഒരെഴുത്തുകാരി സാഡിസ്റ്റ് എന്നു പലരോടും എന്നെക്കുറിച്ചു പറയുന്നതും ഇതുകൊണ്ടാണ്. പക്ഷേ ഭാര്യ മര്യാദക്കാരി­യാണെങ്കില്‍ ദുഷ്ടന്മാരൊഴിച്ച് ഒരു ഭര്‍ത്താവിനും ഇടിക്കാന്‍ തോന്നില്ല. ഇളവരശന്റെ ‘ഭ്രാന്തി’യെപ്പോലുള്ള ചെറുകഥകള്‍ ചന്ദ്രിക പോലുള്ള വാരികകളില്‍ വരുമ്പോള്‍ കൈ മുറുക്കി ഇടിക്കാതെന്തു ചെയ്യും.

നവീനതയുടെ കൊതുകു വന്നു കടിക്കുമ്പോള്‍ വിമര്‍ശനത്തിന്റെ പങ്ക പ്രവര്‍ത്തിപ്പിച്ചേ മതിയാകൂ. അപ്പോഴാണ് മഴ പെയ്യാന്‍ തുടങ്ങുന്നത്. മഴ പെയ്താല്‍ കൊതുകു മാറിക്കൊള്ളും. പക്ഷേ, മഴയ്ക്കു പുതുമയില്ലല്ലോ. അതിനു ചിരപരിചിതത്വം എന്ന ദോഷമുണ്ടല്ലോ. ദോഷമുണ്ട്, സമ്മതിച്ചു. എങ്കിലും രാജഗോപാലിന്റെ ‘ദുഃഖതീരം’ എന്ന കാവ്യം (കുങ്കുമം വാരിക) ചിരപരിചതത്വമാര്‍ന്ന മഴയാണ്.

കരളിന്റെകൂട്ടിലെ കനകക്കിനാവുകള്‍
കരിവൂ കദനത്തിന്നെരിവെയിലിൽ
തകരുന്ന തങ്കക്കിനാവിൻ ചിതയിൽവീ-
ണുരുകുന്നു മാനവ ചിത്തമെങ്ങും

ആശയത്തിന്റെ ഒരാലിപ്പഴം പോലും വീഴാത്ത സര്‍വസാധാരണമായ മഴ. എന്നാലും തരക്കേടില്ല. പെയ്യൂ. മശകങ്ങള്‍ അകലട്ടെ.

തായാട്ടു ശങ്കരന്‍

ശത്രുവിന്റെ മരണം പോലും നമ്മളെ വേദനിപ്പിക്കും. മിത്രത്തിന്റെ മരണമാണെങ്കില്‍ പിന്നെ പറയാനുമില്ല. ആ മിത്രം ജനങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അഭിവന്ദ്യന്‍ കൂടിയാണെങ്കിലോ. ശോകത്തിനു അതിരില്ല. എന്റെ അഭിവന്ദ്യ­സുഹൃത്തായ തായാട്ടു ശങ്കരന്‍ ഇവിടം വിട്ടുപോയിട്ട് നാളേറെ­യായിരിക്കുന്നു. എങ്കിലും അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോഴെല്ലാം വിഷാദത്തിന്റെ ആക്രമണം. ഇപ്പോള്‍, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഹേമവതി എഴുതിയ ഓര്‍മ്മ­ക്കുറിപ്പുകള്‍ ഞാന്‍ വായിച്ചു. ആര്‍ദ്രീകരണ­ശക്തിയുള്ള ആ രചനയിലൂടെ ആര്‍ജ്ജവത്തിന്റെ (sincerity) പ്രതീകമായിരുന്ന തായാട്ടു ശങ്കരന്‍ രൂപംകൊണ്ടുവരുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചു നമുക്കുള്ള എല്ലാ ഉത്കണ്ഠകളും ആ ലേഖനത്തില്‍ അദ്ധ്യാരോപം ചെയ്തിട്ട് നമ്മള്‍ നനഞ്ഞ നയനങ്ങളോടു കൂടി ഇരിക്കുന്നു. തായാട്ടു ശങ്കരനെ വീണ്ടും കാണുന്നു (ഓര്‍മ്മക്കുറിപ്പുകള്‍ ദേശാഭിമാനി വാരികയില്‍).

* * *

മുന്‍പ് മലയാളനാടു വാരികയി­ലെഴുതിയ ഒരു കഥയുടെ മറ്റൊരു രൂപം. രൂപം മാറിയതു കൊണ്ട് ആവര്‍ത്തനദോഷമില്ല.

ബാഗ്ദാദിലെ ഒരു കച്ചവടക്കാരന്‍ വേലക്കാരനെ എന്തോ വാങ്ങാന്‍ കടയിലയച്ചു. തിരിച്ചു വീട്ടിലെത്തിയ ആ പരിചാരകന്‍ പേടിച്ചു വിവര്‍ണ­വദനനായി കാണപ്പെട്ടു. “യജമാനേ ഇപ്പോള്‍ ‍ഞാന്‍ ചന്തയില്‍ വച്ചു മരണത്തെ കണ്ടു. അവന്‍ എന്നെ തുറിച്ചു നോക്കി ഭയപ്പെടുത്തുന്ന ഒരംഗ­വിക്ഷേപം നടത്തി. അതുകൊണ്ടു കുതിരയെ എനിക്ക് തരു. ഞാന്‍ സമാറയിലേക്കു ചെന്നിട്ട് എന്റെ വിധിയെ ഒഴിവാക്കട്ടെ.” അയാള്‍ കുതിരയെ കൊടുത്തു വേലക്കാരന്‍ വളരെ വേഗത്തില്‍ സമാറയിലേക്കു പോയി. എന്നിട്ടു കച്ചവടക്കാരന്‍ ചന്തയില്‍ ചെന്നു. അയാളും കണ്ടു മരണം മനുഷ്യരൂപ­മാര്‍ന്ന് അവിടെ നില്‍ക്കുന്നതായി. അയാള്‍ മരണത്തോടു ചോദിച്ചു: “നേരത്തെ താങ്കള്‍ എന്റെ പരിചാരകനെ കണ്ടപ്പോള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയത് എന്തിനാണ്?” മരണം മറുപടി പറഞ്ഞു. അതു ഭയപ്പെടുത്തുന്ന ചേഷ്ടയായിരുന്നില്ല. എനിക്കുണ്ടായ അത്ഭുതത്തിന്റെ ഫലമായ ചേഷ്ടയായിരുന്നു. നോക്കൂ, നിങ്ങളുടെ പരിചാരകനെ ബാഗ്ദാദില്‍ കണ്ടപ്പോള്‍ ഞാന്‍ വിസ്മയിച്ചു പോയി. ഇന്നു രാത്രി എനിക്ക് അയാളെ സമാറയില്‍ വച്ചു കാണേണ്ടിയിരിക്കുന്നു.

ഷീ സ്മെല്‍സ്

പ്രതിഭാശാലിയായ ഒരു കവിയെക്കുറിച്ച് എന്‍. ഗോപാലപിള്ള സാര്‍ പലപ്പോഴും എന്നോടു പറയുമായിരുന്നു. കവി മാത്രമല്ല ചിത്രകാരനും ഡോക്ടറുമായിരുന്നു അദ്ദേഹം. കഷണ്ടിക്കു് എതോ ദിവ്യമായ ഔഷധം അദ്ദേഹത്തി­നറിയാമായിരുന്നു. ‘തലയില്‍ അവന്നൊരു രോമവുമില്ല’ എന്ന മട്ടില്‍ നടന്നവരെ അദ്ദേഹം രോമക്കാടുള്ള­വരാക്കി മാറ്റി. ഒരിക്കല്‍ ഞാന്‍ സാറിനോടു ചോദിച്ചു: “അദ്ദേഹം മാരീഡായിരുന്നോ?” സാറ് മറുപടി പറഞ്ഞു: ഓ വെരിമച്ച് മാരീഡ്. അങ്ങനെ ഒരുത്തിയെ ഉപേക്ഷിക്കാന്‍ കാരണമെന്തെന്നു ഗോപാലപിള്ള സാര്‍ ചോദിച്ചപ്പോള്‍ കവി നല്‍കിയ മറുപടി വിചിത്രമായിരുന്നു. “She smells.” അതെ. നാററമുള്ള സ്ത്രീയെ ആര്‍ക്കും സഹിക്കാ­നാവില്ല. കവി വസ്ത്രം മാറുന്നതു പോലെ ഭാര്യയെ മാറിയതില്‍ വലിയ കുറ്റമില്ല. കവിതയേയും സ്ത്രീയേയും സംബന്ധിച്ച് എല്ലാവരും ദുര്‍ജ്ജനങ്ങള്‍ എന്നു ഭവഭൂതി പറഞ്ഞിട്ടുള്ളതു ഞാനോര്‍­മ്മിക്കുന്നു. കവിതയ്ക്കും നാററം വന്നാലോ? അത് അസഹനീയമാണ്. ഇതോ ഒരു നാററക്കവിതയുടെ ഒരു ഭാഗം:

“അരശതത്തോളം ഞങ്ങള്‍ തൊടുമാ സ്ക്കൂളിലെ
പുഷ്പങ്ങളാം കുട്ടികള്‍ സുഗന്ധ വികീരണങ്ങള്‍
രാഷ്ട്രശില്പിയാം ഒന്നാംസാര്‍ ഒരുക്കുന്നു
തന്‍ ശില്പത്തെ ഡോക്ടറായ് എന്‍ജിനീയറായ്
മന്ത്രിയായ്, പൂജാരിയായ് കര്‍മ്മയോഗിയായ്
ശില്പിയിന്‍ അനുയായികളായ് രാഷ്ട്രത്തെ നയിക്കുന്നു”.

ഈ ദര്‍ഗ്ഗന്ധം എവിടെ നിന്നു വരുന്നുവെന്നു വായനക്കാര്‍ അദ്ഭുതപ്പെടുന്നുണ്ടാവാം. മൊഴിയില്‍ ആനി ജോസഫ് മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘രാഷ്ട്രശില്പി’ എന്ന ‘കാവ്യ’ത്തില്‍ നിന്നു. അന്തരിച്ച ആ വെരിമച്ച് മാരീഡ് കവിയുടെ ആത്മാവിനോടു് ഞാന്‍ ഇംഗ്ലീഷില്‍ സംസാരിക്കട്ടെ.

കൃഷ്ണന്‍നായര്‍: Great soul, The smell of this poem!

കവി: It is worse than the smell of my wives.

കൃഷ്ണന്‍നായര്‍: Is it?

കവി: Indeed.

നിരീക്ഷണങ്ങള്‍

വിന്‍സിയും ബിയാട്രീസും അന്യോന്യം സ്നേഹിച്ചവര്‍. ഭീരുവായ വിന്‍സി ബിയാട്രീസിനെ വിവാഹം കഴിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടു് അയാള്‍ സുഷയെ കല്യാണം കഴിച്ചു. നാട്ടില്‍ വന്നിട്ടു് അമേരിക്കയിലേക്കു തിരിച്ചു പോയ ബിയാട്രീസ് പൂര്‍വ്വകാമുകന്റെ മകന് ഒരു പേരു നിര്‍ദ്ദേശിച്ചു. വിന്‍സിയേയും സുഷയേയും കൂട്ടിചേര്‍ക്കുന്ന പേര്. സുഷയ്ക്കു അതിഷ്ടവുമായി. ഭര്‍ത്താവു് പൂര്‍വ്വകാമുകിയെ കാണാന്‍ പോയതിലും അവള്‍ക്കു നീരസമില്ല. ഭാര്യയും ഭര്‍ത്താവും സ്നേഹത്തിന്റെ നീര്‍ക്കയത്തില്‍ മുങ്ങി കൈയും കാലുമിട്ട­ടിക്കുമ്പോള്‍ ബാബു തടത്തില്‍ മംഗളം വാരികയിലെഴുതിയ “നന്ദി, ബിയാട്രീസ്” എന്ന കഥ അവസാനിക്കുന്നു — സംസ്കാരത്തെ പിടിച്ചു പിറകോട്ടു വലിക്കുന്നവര്‍ തങ്ങളുടെ അധമകൃത്യത്തെ­ക്കുറിച്ച് അറിയുന്നില്ല എന്നതാണ് ഇന്നത്തെ വലിയ തകരാറു്. ബാബു തടത്തില്‍ അതറിഞ്ഞെങ്കില്‍!

ജനയുഗം വാരികയില്‍ അമൃതാ പ്രീതത്തിന്റെ ‘മെഴുകുതിരി’ എന്ന കവിതയുടെ തര്‍ജ്ജമയുണ്ടു് (കെ. രാധാകൃഷ്ണന്‍ തര്‍ജ്ജമ ചെയ്തത്).

“ഒരു പള്ളിയിലെ മെഴുകുതിരിയാണ് ഞാന്‍. നിത്യവും നെഞ്ചിലെ അഗ്നിയെ കാലുകളിലേ­ക്കിറക്കിയിട്ട് ഞാന്‍ പള്ളിയില്‍ നിന്നു പുറത്തു കടക്കം.” എന്നു അതിന്റെ തുടക്കം. സില്‍വിയാ പ്ലാത്തും Candles എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്.

“They are the last romantics, these candles:
Upside down hearts of Light tripping wax fingers
And the fingers, taken in by their own haloes
Grown milky, almost clear, like the bodies of saints
It is touching, the way they’ll ignore”

എന്നു് ആരംഭം. അമൃതാ പ്രീതത്തിന്റെതു ദുഷ്കവിത; സില്‍വിയാ പ്ലാത്തിന്റേതു ഉജ്ജ്വലമായ കവിത എന്ന് ഇതു തെളിയിക്കും.

മകന്‍ പൂയം നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ടു് തനിക്കോ ഭര്‍ത്താവിനോ ആപത്തു വരുമെന്നു അവള്‍ക്കു പേടി. ആ പേടിയോടു കൂടി ഉറങ്ങുമ്പോള്‍ അവള്‍ അയാളുടെ മുതുകു കടിച്ചുമുറിച്ചു. ഭര്‍ത്താവു് ഉണര്‍ന്ന് കാര്യം മനസ്സിലാക്കി അവളെ ആശ്വസിപ്പിക്കുന്നു; അന്ധവിശ്വാസം അകററുന്നു. ഇത് സുമതിക്കുട്ടി പെരുവന്താനം പൌരധ്വനി വാരികയില്‍ എഴുതിയ ‘ശാന്തിയുടെ വഴി’ എന്ന കഥ — ക്ഷമയെപ്പോലെ ക്ഷമിക്കണം എന്നതു നല്ല ഉപദേശം. പക്ഷേ, ഇക്കഥ വായിച്ചപ്പോള്‍ ഞാന്‍ ക്ഷമയായെങ്കില്‍ എന്നു് എനിക്കഭിലാഷം (ക്ഷമ = ഭൂമി).

കഥയും ആള്‍മാറാട്ടവും

ദൂരെ നിന്നു നോക്കുമ്പോള്‍ മാത്രമാണു ജിവിതം സുന്ദരമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ദൂരെ നിന്നു നോക്കാതെ അതില്‍ വിലയം കൊള്ളൂ. അസുന്ദരമാണ്’ അതെന്നു മാത്രമല്ല നമ്മള്‍ മനസ്സിലാക്കുക. യാതന നിറഞ്ഞ­താണെന്നും. ജിവിതത്തെ ഒരു യാത്രയാക്കി അതിലെ വേദനകളെ ഒരു പെണ്‍കുട്ടി എന്ന പ്രതീകമാക്കി സതീഷ്ബാബു പയ്യന്നൂര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ചെറുകഥ എഴുതിയിരിക്കുന്നു (ജീവിതം തുടങ്ങുന്നു). പ്രതിപാദ്യ­വിഷയത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി അതിനെ വികസിപ്പിച്ചു­കൊണ്ടു വരുമ്പോഴാണു ഏതു കഥയും ഹൃദയ­ഹാരിയാവുന്നത്. കലാപരമായ ആവശ്യകതയ്ക്ക് അതീതങ്ങളായ പ്രസ്താവങ്ങള്‍ ഇക്കഥയിലുണ്ട്. എങ്കിലും പാരായണ­യോഗ്യമാണിത്.

(ഇതിനോടു ബന്ധമില്ലാത്ത ഒരു ‘കാര്യം കൂടി സതീഷ് ബാബുവിനെ അറിയിക്കട്ടെ. ഒരു മുടന്തന്‍ ഞാന്‍ താമസിക്കുന്നിടുത്തു കയറി വന്നു. താന്‍ സതീഷ് ബാബു പയ്യന്നൂരാണെന്നും മെഡിക്കല്‍ കോളേജില്‍ സുഖമില്ലാതെ കിടക്കുന്ന തനിക്കു അവിടെ നിന്നു വിട്ടു പോരാന്‍ കുറെ പണം വേണമെന്നും അയാള്‍ അറിയിച്ചു. സാക്ഷാല്‍ സതീഷ് ബാബുവിനെ കണ്ടിട്ടില്ലാത്ത ഞാന്‍ അയാളെ സതീഷ് ബാബുവായി­ത്തന്നെ വിചാരിച്ചു. ഭേദപ്പെട്ട ഒരു തുക കൊടുക്കുകയും ചെയ്തു. പിന്നീട് ഒരു സുഹൃത്തു പറഞ്ഞ് അറിഞ്ഞു എന്റെ വീട്ടില്‍ വന്ന മനുഷ്യന്‍ സതീഷ് ബാബു അല്ലെന്ന്. രണ്ടുമാസം കഴിഞ്ഞപ്പോള്‍ വെട്ടൂര്‍ രാമന്‍ നായര്‍ എന്നോട് പറഞ്ഞു: “രണ്ടു മൂന്നാഴ്ചയ്ക്കു മുമ്പ് ഒരു കള്ളന്‍ സതീഷ് ബാബുവാണെന്നു പറഞ്ഞുവന്ന് എന്റെ കൈയ്യില്‍ നിന്ന് അമ്പതു രൂപ തട്ടിക്കൊണ്ടു പോയി. എന്റെ മകന്‍ പറഞ്ഞു. ‘അച്ഛനെ അയാള്‍ കളിപ്പിച്ചു.’ ഞാനതു ശരിയാണെന്നു കരുതിയില്ല. പിന്നീട് മനസ്സിലാക്കി ആ ചതിയുടെ സ്വഭാവം.” ഇക്കാര്യം ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ ചതിക്ക­പ്പെടരുതല്ലോ എന്ന വിചാരത്തിലാണ്. സതീഷ് ബാബുവിന്റെ പേരിനു കളങ്കം വരരുതല്ലോ എന്നു കരുതിയും.)

യാതന

വിമോചന സമരം കഴിഞ്ഞ കാലം മന്നത്തു പത്മനാഭനും കെ. ബാലകൃഷ്ണനും തമ്മിലുള്ള സംഭാഷണം ഞാന്‍ കേട്ടു.

ബാലകൃഷ്ണന്‍: ഹംസരഥത്തില്‍ ഇരുന്നു പോകുന്ന കാഴ്ച കണ്ടു.

മന്നം: ങ’ഹാ, ബാലനറിയാമോ അതിന്റെ പ്രയാസം? എനിക്കു മൂത്രമൊഴിക്കാന്‍ മുട്ടും. രണ്ടു മൂന്നു മണിക്കൂര്‍ അനങ്ങാന്‍ വയ്യാതെ ഞാനിരിക്കും. വല്ലാത്ത വേദനയാണത്. വിമോചന സമരവും വേണ്ട. ഒരു സമരവും വേണ്ട എന്ന് അപ്പോള്‍ തോന്നിയിട്ടുണ്ട്. ഇനി ഒരോഫീസിലെ നോട്ടീസ് ബോര്‍ഡില്‍: “മൂത്രമൊഴിക്കാനെന്നു പറഞ്ഞ്” എല്ലാവരും തോന്നിയപോലെ ഇറങ്ങിപ്പോകുന്നു. ഇതു അനുവദിക്കാന്‍ വയ്യ. അതുകൊണ്ട് പേരുകളുടെ അക്ഷര­ക്രമമനുസരിച്ച് വേണം ഇനി മൂത്രപ്പുരയിലേക്കു പോകാന്‍ എ: 10 മണിതൊട്ട് 10:5 വരെ. ബി: 10:5 തൊട്ട് 10:10 വരെ. ആര്‍ക്കെങ്കിലും നിശ്ചയിക്കപ്പെട്ട സമയത്തു പോകാന്‍ സാധിച്ചില്ലെങ്കില്‍ അയാള്‍ അടുത്ത ദിവസം ആ സമയം വരെ കാത്തിരിക്കണം.

മന്നത്തിനും ഓഫീസ് ഗുമസ്തനും ഉണ്ടാകുന്ന പ്രയാസത്തെക്കാള്‍ വലിയ പ്രയാസമുണ്ടോ? ഉണ്ട്. മനോരാജ്യം വാരികയില്‍ എന്‍.വി. ദേവന്‍ എഴുതിയ ‘ലോക്കററ്’ എന്ന കഥ വായിക്കുന്നത്.

* * *

അമേരിക്കന്‍ മൂവി കോമേഡിയ­നായിരുന്നു ഗ്രൂഷോ മാര്‍ക്സ് അദ്ദേഹം പറഞ്ഞു: “ടെലിവിഷന് അറിവു നല്കാനുള്ള കഴിവുണ്ട്. ആരെങ്കിലും ടെലിവിഷന്‍ സെറ്റ് സ്വിച്ചോണ്‍ ചെയ്താല്‍ ഉടനെ ഞാന്‍ അടുത്ത മുറിയില്‍ ചെന്നിരുന്നു പുസ്തകം വായിച്ചു തുടങ്ങും”. തിരുവനന്തപുരത്ത് വിവേകമുള്ളവര്‍ ഇപ്പോള്‍ കൂടുതല്‍ പസ്കകങ്ങള്‍ വായിക്കുന്നുണ്ട്. അങ്ങനെ കൂടുതലായി അറിവു നേടുന്നു.