close
Sayahna Sayahna
Search

വീവാദിയോസ്


വീവാദിയോസ്
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


സ്പെയിനിലെ മഹാനായ കവിയും നാടകകാരനും ചിത്രകാരനും ആയിരുന്നു ഫെതറീകോ ഗാര്‍തിയാ ലൊര്‍ക (Federico Garcia Lorca) വിശ്വസാഹിത്യത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അനിഷേദ്ധ്യമാണ്. കലാകാരന്മാര്‍ മനുഷ്യസ്നേഹികളാണല്ലോ. അക്കാരണത്താല്‍ തന്റെ കാലഘട്ടത്തിലെ രക്തരൂഷിതമായ വിപ്ലവത്തില്‍ അദ്ദേഹം ഭാഗഭാക്കായി. ഫാസ്സിസ്റ്റുകള്‍ അദ്ദേഹത്തെ വിട്ടില്ല. അവര്‍ ആ ഉജ്ജലപ്രതിഭാശാലിയെ തെരുവുകളിലുടെ വലിച്ചിഴച്ചു. ഇടതുപക്ഷ ചിന്താഗതിക്കാരനെന്ന് മുദ്രയടിച്ചാണ് ഫാസ്റ്റിസ്റ്റുകള്‍ അദ്ദേഹത്തെ ജീവനോടെ വലിച്ചിഴച്ചത്. ആതതായികളുടെ മുൻപില്‍ അദ്ദേഹത്തെ കൊണ്ടിട്ടു. അവര്‍ തോക്കിന്‍റെ കാഞ്ചി വലിച്ചു. മനുഷ്യന്റെ മോഹനസ്വപ്നങ്ങള്‍ക്കും മൃദുലവികാരങ്ങള്‍ക്കും രൂപം നല്കിക്കൊണ്ടിരുന്ന ഒരു കലാകാരന്‍ അപ്രത്യക്ഷനായി. 1936-ലാണ് ഇതു സംഭവിച്ചത്. നാല്പതു വര്‍ഷത്തിനു ശേഷം, കേരളത്തിന്‍റെ ഒരു കോണിലിരുന്ന്, വളരെക്കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഒരു ഭാഷയില്‍ ആ മഹാനെക്കുറിച്ച് അല്പപ്രഭാവനായ ഒരാള്‍ എഴുതുന്നു. ലൊര്‍കയുടെ മഹത്വം ഒന്നിനൊന്ന് ആദരിക്കപ്പെടുന്നു എന്നതിന് ഇതു ഒരു തെളിവു തന്നെയാണ്. ഇരുപതാം ശതകത്തിലെ വിശ്വസാഹിത്യത്തെക്കുറിച്ച് പര്യാലോചന ചെയ്യുമ്പോൾ ആര്‍ക്കും ഈ സ്പാനിഷ് കലാകാരനെ അവഗണിക്കാന്‍ വയ്യെന്നായിട്ടുണ്ട്. അത്രകണ്ട് അദ്ദേഹത്തിന്റെ പ്രാധാന്യം കൂടിയിരിക്കുന്നു. എന്തിനാണ് ഫാസിസ്റ്റുകള്‍ അദ്ദേഹത്തെ വെടിവെച്ചുകൊന്നത്? ലൊര്‍ക പേരു കേട്ട കമ്യുണിസ്റ്റായിരുന്നില്ല. അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് കരുതാനും വയ്യ. എങ്കിലും ഫാസിസ്റ്റുകള്‍ ത്നദ്ദേഹത്തെ കൊന്നു. ഒന്നേയുള്ളു കാരണം. കലാകാരന്മാരുടെ ശക്തി സമഗ്രാധിപത്യത്തിന്‍റെ ഉദ്ഘോഷകര്‍ മനസ്സിലാക്കുന്നു എന്നതു തന്നെ. ഹെര്‍ബര്‍ട്ട് റീഡ് എന്ന ചിന്തകന്‍ Anarchy and Order എന്ന പുസ്തകത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ.

ശക്തരായ കലാകാരന്മാരെ ജനത സ്നേഹിക്കും, ബഹുമാനിക്കും. സമഗ്രാ ധിപത്യത്തിന് ആ സ്നേഹത്തെയും ബഹുമാനത്തെയും അംഗീകരിക്കാ നാവില്ല. ലൊർകയെ മാത്രമല്ല അക്കൂട്ടർ നിഗ്രഹിച്ചതെന്ന കാര്യം നാം ഓർമ്മിക്കണം.

നിസ്തുലനായ ഒരു കലാകാരന്റെ ഒരു നാടകത്തിനുള്ള ഭംഗി കാണാനാണ് ഞാന്‍ പ്രിയപ്പെട്ട വായനക്കാരെ സാദരം ക്ഷണിക്കുന്നത്. നാടകത്തിന്‍റെ വിഷയം ’ശതാബ്ദങ്ങളോളം പഴക്കമുള്ളതു’ തന്നെ. വൂദ്ധന്‍ യുവതിയെ വിവാഹം കഴിച്ചിട്ടുണ്ടാകുന്ന ദുരന്തം. ആയിരമായിരം കലാകാരന്മാർ കൈകാര്യം ചെയ്ത ആ വിഷയം ലൊര്‍ക തനിക്കു മാത്രം കഴിയുന്ന മട്ടില്‍ ആവിഷ്കരിക്കുന്നു. അതിന്റെ ഭംഗി കാണേണ്ടതു തന്നെ.

യവനിക ഉയരുമ്പോള്‍ അമ്പതുവയസ്സായ ഡോണ്‍ പെര്‍ലീംച്ചിനും അയാളുടെ പരിചാരികയും സംസാരിച്ചുകൊണ്ടു നില്ക്കുന്നതു നാം കാണുന്നു. അമ്പതു വയസ്സായവന്‍ കൊച്ചു കുഞ്ഞല്ല. താന്‍ ഏതു സമയവും മരിച്ചെന്നുവരാം. അതുകൊണ്ട് പെര്‍ലീംപ്ലിൻ ഉടനെ വിവാഹം കഴിക്കണമെന്നാണ് പരിചാരികയുടെ അഭിപ്രായം. പക്ഷേ, അയാള്‍ക്കു വിവാഹമെന്നു പറഞ്ഞാല്‍ പേടിയാണ്. പെര്‍ലീംപ്ലിന്‍ ശിശുവായിരുന്നപ്പോള്‍ ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു. അന്നു മുതല്‍ തുടങ്ങിയതാണ് ആ പേടി. അവര്‍ അങ്ങനെ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോള്‍ അടുത്ത വീട്ടിലെ സുന്ദരി ബലീസയുടെ അശ്ലീലഗാനം ഉയരുകയാണ്. ’ഹാ പ്രേമമേ! ഹാ പ്രേമമേ! എന്റെ ഇറുകിയ തുടകളില്‍ തടവിലാക്കപ്പെട്ട് സൂര്യന്‍ മത്സ്യത്തെപ്പോലെ നീന്തുന്നു. പുല്ലുകള്‍ക്കിടയില്‍ ചുടുള്ള വെള്ളം. പ്രഭാതത്തിലെ പൂങ്കോഴി, രാത്രി ഇതാ കടന്നു പോകുന്നു. അതിനെ പോകാൻ സമ്മതിക്കരുതേ! അരുതേ.’ ആ ബലീസ തന്നെയാണ് പെർലീംപ്ലിന് യോജിച്ച ഭാര്യയെന്ന് പരിചാരിക പറഞ്ഞു. അവളുടെ നിര്‍ദ്ദേശമനുസരിച്ച് അയാള്‍ ’ബലീസ’ എന്ന് ഉറക്കെ വിളിച്ചു. അര്‍ദ്ധനഗ്നയായ ബലീസ അത്യന്ത സുന്ദരിയായി അവളുടെ വീട്ടിന്‍റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷയായി. താന്‍ ബലീസയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പെര്‍ലീംപ്ലിന്‍ അവളെ അറിയിച്ചു. ബലീസയ്ക്കു സംശയം. പക്ഷേ, അവളുടെ അമ്മ അതു ദുരീകരിച്ചു കൊടുത്തു. ’പെര്‍ലീംപ്ലിനു ധാരാളം ഭുമിയുണ്ട്. അവയില്‍ ധാരാളം താറാവുകളും ആടുകളും ഉണ്ട്. ആടുകളെ ചന്തയില്‍ കൊണ്ടു പോകുന്നു.ചന്തയിലെ ആളുകള്‍ അവയ്ക്കു വേണ്ടി പണം നല്കുന്നു. പണം സൗന്ദര്യം ജനിപ്പിക്കുന്നു. എല്ലാ പുരുഷന്മാരും സൗന്ദര്യം അന്വേഷിച്ചു പോകുകയും ചെയ്യുന്നു. ’ബലീസ വിവാഹത്തിനു സമ്മതിച്ചു. പഞ്ചസാര പോലെ വെളുത്ത ഉള്‍ത്തടമുള്ള ബലീസ. അവള്‍ തന്നെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ കഴിവുള്ളവളാണോ എന്നാണ് പെര്‍ലീംപ്ലിന്റെ സംശയം. എങ്കിലും ഏറിയ കൂറും നഗ്നയായ ബലീസയുടെ ദര്‍ശനം അയാളെ ഹര്‍ഷോന്മാദത്തിലേക്ക് എറിഞ്ഞു.

പ്രഥമ രാത്രി. അന്നു വയസ്സനും യുവതിയും കൂടെ കിടന്നു. നേരം വെളുത്ത് പെർലിംപ്ലിൻ ബാൽക്കണിയിലേക്കു നോക്കിയപ്പോൾ അഞ്ചുതൊപ്പികള്‍ ഇരിക്കുന്നതു കണ്ടു. അതിന്‍റെ അര്‍ത്ഥം അഞ്ചുയുവാക്കന്മാര്‍ ബലീസയുമായി വേഴ്ച നടത്തിയിട്ടു പോയിയെന്നാണ്. ആറാമത്തെ യുവാവിനോടും അവള്‍ക്ക് സ്നേഹം തോന്നിക്കഴിഞ്ഞുവെന്ന് പരിചാരിക പെര്‍ലീംപ്ലിനോടു പറഞ്ഞു. യജമാനന്റെയും വേലക്കാരിയുടെയും സംഭാഷണം കേട്ടാലും:

പരിചാരിക
അമ്മയുടെ വിവാഹം കഴിഞ്ഞ ആദ്യത്തെ രാത്രിയില്‍ അഞ്ചുപേര്‍ ബാല്‍ക്കണിയിലൂടെ ശയനമുറിയില്‍ പ്രവേശിച്ചു. ഭുമിയിലെ അഞ്ചു വർഗ്ഗങ്ങളുടെ പ്രതിനിധികള്‍. താടിയുള്ള യുറോപ്യന്‍, ഇന്ത്യക്കാരൻ, നീഗ്രോ, മഞ്ഞമനുഷ്യന്‍, അമേരിക്കക്കാരന്‍. അങ്ങയ്ക്ക് ഇത് ഒട്ടും അറിഞ്ഞുകുടാ.
പെര്‍ലീംപ്ലിന്‍
അതിനു വലിയ പ്രാധാന്യമൊന്നുമില്ല.
പരിചാരിക
ഒന്നാലോചിക്കു. ഇന്നലെ അവളെ വേറൊരുവനുമായി ഞാന്‍ കണ്ടു.
പെര്‍ലീംപ്ലിൻ
സത്യമോ?
പരിചാരിക
എന്നിട്ട് അവള്‍ അത് എന്നില്‍നിന്നു മറച്ചുവച്ചതുമില്ല.

ഇങ്ങനെ പറയുമ്പോള്‍ യജമാനന്‍ ക്ഷോഭിച്ചു പോകുമെന്നാണ് വേലക്കാരി വിചാരിച്ചത്. പക്ഷേ, പെര്‍ലീംപ്ലിന്‍ ആഹ്ലാദിച്ചതേയുള്ളു. ഈ സമയത്ത് ദിവാസ്വപ്നങ്ങളില്‍ മുഴുകി യുവാവിനെക്കുറിച്ചു സ്നേഹപുര്‍വ്വം ചിലതൊക്കെ പറഞ്ഞുകൊണ്ട് ബലീസ അവിടെ എത്തുന്നു. അവളുടെ നൂതന പ്രേമത്തിന്റെ സാക്ഷാത്കാരത്തിനായി കിഴവനായ താന്‍ മരിക്കാന്‍ സന്നദ്ധനാണെന്ന് പെര്‍ലീംപ്ലിന്‍ അവളെ അറിയിച്ചു.

നമ്മള്‍ നാടകത്തിന്റെ അവസാനത്തെ ഘട്ടത്തില്‍ എത്തുകയാണ്.

പെര്‍ലീംപ്ലിന്‍
ശരി, അവന്‍ വരും.
ബലീസ
അദ്ദേഹത്തിന്‍റെ ശരീരത്തിനുള്ള സുഗന്ധം വസ്ത്രങ്ങള്‍ കടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. പെര്‍ലീംപ്ലിന്‍! ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാന്‍ വേറൊരു സ്ത്രീയായിയെന്ന് തോന്നുകയാണ്.
പെര്‍ലീംപ്ലിന്‍
ഇത് എന്റെ വിജയമാണ്.
ബലീസ
എന്തു വിജയം?
പെര്‍ലീംപ്ലിന്‍
എന്റെ ഭാവനയുടെ വിജയം.
ബലീസ
അദ്ദേഹത്തെ സ്നേഹിക്കാന്‍ അങ്ങ് എന്നെ സഹായിച്ചു എന്നതു സത്യംതന്നെ.
പെര്‍ലീംപ്ലിന്‍
ഇപ്പോള്‍ അവനെക്കരുതി വിഷാദിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കാം.
ബലീസ
(കുഴങ്ങി) പെര്‍ലീംപ്ലിന്‍! നിങ്ങള്‍ എന്തു പറയുന്നു? (നാഴികമണി പത്തടിക്കുന്നു. രാപ്പാടി പാടുന്നു.)
പെര്‍ലീംപ്ലിന്‍
ഇതാണ് സമയം.
ബലീസ
ഇപ്പോള്‍ അദ്ദേഹം വരും.
പെര്‍ലീംപ്ലിന്‍
അവന്‍ എന്‍റെ പുന്തോട്ടത്തിന്റെ മതിലുകള്‍ ചാടിക്കടക്കുകയായിരിക്കും.
ബലീസ
ചുവന്ന വസ്ത്രം പുതച്ചുകൊണ്ട്.
പെര്‍ലീംപ്ലിൻ
(കഠാര വലിച്ചുരിക്കൊണ്ട്) അവന്‍റെ രക്തം പോലെ ചുവന്നത്.

ബലീസ ആറാമഞ്ഞ കാമുകനെ അത്രകണ്ട് സ്നേഹിക്കുന്നതു കൊണ്ട് അയാള്‍ അവളുടെ അടുത്തുനിന്ന് ഒരിക്കലും പിരിഞ്ഞു പോകരുതെന്നാണ് പെര്‍ലീംപ്ലിന്റെ ആഗ്രഹം. അയാള്‍ സമ്പൂര്‍ണ്ണമായ മട്ടില്‍ അവളുടേതായിരിക്കാന്‍ വേണ്ടി പെര്‍ലീംപ്ലിന്‍ കഠാര അയാളുടെ മാറില്‍ കുത്തിയിറക്കാന്‍ പോകുകയാണ്. മരിച്ചു കഴിഞ്ഞ അയാളെ കിടക്കയില്‍ കിടത്തി ബലീസയ്ക്ക് എപ്പോഴും ആശ്ലേഷിക്കാം. ഇങ്ങനെ അറിയിച്ചകൊണ്ട് പെര്‍ലീംപ്ലിന്‍ കഠാരയുമായി ഓടി. ഭര്‍ത്താവിനെ കൊല്ലാന്‍ വാളു വേണമെന്ന് ബലീസ ഉച്ചത്തില്‍ പറഞ്ഞു. പക്ഷേ, ആ സമയത്ത് ചുവന്ന വസ്ത്രം കൊണ്ട് ശിരസ്സു മുടി, കഠാര താഴ്ന്നിറങ്ങിയ നെഞ്ചോടുകൂടി ഒരു യുവാവ് അവളുടെ മുന്‍പില്‍ വന്നു വീണു. ബലീസ ചുവന്ന വസ്ത്രം വലിച്ചു മാറ്റിയപ്പോള്‍ കണ്ടത് യുവാവിനെയല്ല, പെര്‍ലീംപ്ലിനെത്തന്നെയാണ്. അങ്ങനെ അയാളുടെ ഭാവന വിജയം പ്രാപിക്കുന്നു. ബലീസയ്ക്ക് പെർലീംപ്ലിന്‍ ആത്മാവിനെ നൽകുന്നു. മരണത്തോട് അടുത്ത പെർലീംപ്ലിന്‍ ബലീസയോട് പറഞ്ഞു: ’ഞാന്‍ എന്റെ ആത്മാവാണ്. നീ നിന്റെ ശരീരവും. നീ എന്നെ അത്രയ്ക്ക് സ്നേഹിച്ചതു കൊണ്ട് ഈ അവസാന നിമിഷത്തില്‍ ആ ശരീരം ആലിംഗനം ചെയ്തു ഞാൻ മരിച്ചു കൊള്ളട്ടെ.’ അര്‍ദ്ധനഗ്നയായ ബലീസ പെര്‍ലീംപ്ലിനെ ആശ്ലേഷിച്ചു.

‘ഈ മനുഷ്യന്‍ ആരായിരുന്നു? ആരായിരുന്നു ഇദ്ദേഹം?’ എന്ന് ബലീസ പരിചാരികയോടു ചോദിച്ചു. അവള്‍ മറുപടി നല്കി: ‘സുന്ദരനായ യുവാവ്. അയാളുടെ മുഖം നീ ഒരിക്കലും കാണില്ല.’

ബലീസ സമ്മതിച്ചു: അതേ, അതേ. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ ശക്തിയോടും കൂടി ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു, പക്ഷേ, ചുവന്ന വസ്ത്രം ധരിച്ച യുവാവ് എവിടെ! ഈശ്വരാ! അദ്ദേഹം എവിടെ?

ബലീസയുടെ ഈ വാക്കുകൾ കേട്ട് പരിചാരകർ പെർലീംപ്ലിന്റെ മൃതശരീരത്തോടു പറഞ്ഞു: ‘പെര്‍ലീംപ്ലിന്‍, സമാധാനത്തോടെ ഉറങ്ങൂ, പെര്‍ലീംപ്ലിന്‍! അങ്ങു കേള്‍ക്കുന്നുണ്ടോ? പെര്‍ലീംപ്ലിന്‍! അവൾ പറയുന്നത് അങ്ങു കേള്‍ക്കുന്നുണ്ടോ?’ ഇവിടെ യവനിക ചുരുളു നിവര്‍ത്തി വീഴുകയാണ്.

യുവതിയാകുന്ന പനിനീര്‍ പൂവിന് യുവത്വത്തിന്‍റെ തീക്ഷ്ണകിരണങ്ങളാണ് വേണ്ടത്; വാര്‍ദ്ധക്യത്തിന്റെ ശീതളരശ്മികളല്ല എന്ന് മര്‍സല്‍ പ്രുസ്ത് പറഞ്ഞിട്ടുണ്ട്. മദ്ധ്യാഹ്നസുര്യന്റെ രശ്മികളേറ്റാല്‍ ആ പുഷ്പം കാന്തി ആവഹിക്കും; സായാഹ്നസുര്യന്റെ കിരണങ്ങളേറ്റാല്‍ വാടിപ്പോകും. സത്യമാണ് മഹാനായ ആ ഫ്രഞ്ചെഴുത്തുകാരന്‍ പറഞ്ഞത്. ബലീസ വൃദ്ധനായ പെര്‍ലീം‌പ്ലിന്റെ സാന്നിദ്ധ്യത്തില്‍ വാടിപ്പോകേണ്ടവളാണ്. പക്ഷേ, അവള്‍ യുവാക്കന്മാരോടു ചേര്‍ന്ന് ഭംഗിയും താരുണ്യവും നിലനിര്‍ത്തി. എങ്കിലും വൃദ്ധന്റെ മാനസികനിലയെ ആരെങ്കിലും പരിഗണിച്ചോ? അയാളുടെ ആദ്ധ്യാത്മിക സ്നേഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചോ? അതു പര്യാലോചന ചെയ്യുമ്പോൾ മാത്രമേ നാം ഈ നാടകത്തിന്റെ ഉത്കൃഷ്ടത മനസ്സിലാക്കുകയുള്ളു.

ഇംഗ്ലീഷില്‍ eros എന്നു പറയുന്ന കാമോത്സുകതയുണ്ടല്ലോ. അത് ആരില്‍ അങ്കുരിച്ചാലും സര്‍വ്വാധിപത്യം സ്ഥാപിക്കും. മറ്റു വികാരങ്ങളെ അതു മാനിക്കില്ല. സംസ്കാരത്തെ അത് കാറ്റില്‍പ്പറത്തും. ഒരു തരത്തിലുള്ള ഉന്മാദമാണത്. ചിത്ത വിപ്ലവമാണത്. പ്രതിബന്ധസഹസ്രങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ട് പ്രവഹിക്കുന്ന ഈ സമ്പൂര്‍ണ്ണമായ അഭിലാഷം ദുരന്തത്തിലാണ് എത്തുക. [കാമോത്സുകത സമ്പൂര്‍ണ്ണമായ അഭിലാഷമാണെന്ന ആശയം എന്റേതല്ല. നിരൂപണസാഹിത്യത്തിലെ ക്ലാസ്സിക്കായി ലോകം കൊണ്ടാടുന്ന Love in the Western World എന്ന ഗ്രന്ഥത്തില്‍ നിന്ന് എനിക്കു കിട്ടിയതാണത്. വിശിഷ്ടമായ ആ ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ദനീ ദി റുഷ് മോങ് (Denis de Rougemont) തര്‍ജ്ജമ മോണ്ട് ഗോമറി ബല്‍ജിയന്‍.] ഈ നാടകത്തിലെ പ്രധാന കഥാപാത്രമായ ബലീസ ഈ സമ്പൂര്‍ണ്ണാഭിലാഷത്തിനു പ്രാതിനിധ്യം വഹിക്കുന്നു. വൃദ്ധനായ പെര്‍ലീംപ്ലിന്‍റെ സ്നേഹം ആദ്ധ്യാത്മിക സ്നേഹമാണ്. അത് പ്ലേറ്റോ വിശദീകരിക്കുന്ന delirium (ദൈവികമായ ഉന്മാദം) ആണ്. ആത്മാവിന്‍റെ ഹര്‍ഷോന്മാദമായോ ആനന്ദപാരവശ്യമായോ അതിനെ കരുതാമെന്ന് പ്ലേറ്റോ അഭിപ്രായപ്പെട്ടിട്ടുണ്ട്. പെര്‍ലീംപ്ലിൻ ഈ വിധത്തിലുള്ള ഉത്കൃഷ്ടമായ വികാരത്തിന്റെ പ്രതിനിധിയത്രേ. രണ്ടും തമ്മിലിടയുന്നു. ശരീരവും ആത്മാവും തമ്മിലുള്ള സംഘട്ടനമാണത്. ആ സംഘട്ടനത്തില്‍ ആത്മാവ് ജയിക്കുന്നു. ‘ഞാന്‍ എന്റെ ആത്മാവാണ്. നീ നിന്റെ ശരീരവും’ എന്നാണ് ബലീസയോടുള്ള പെര്‍ലീംപ്ലിന്റെ അവസാനത്തെ വാക്കുകള്‍. നാടകത്തിന്റെ മര്‍മ്മം പ്രകാശിപ്പിക്കുന്ന പദങ്ങളാണ് അവ.

ബ്വാനസ് ഐറീസിലും, ഹവാനയിലും ലൊര്‍ക നടത്തിയ പ്രഭാഷണത്തില്‍ ‘ദുന്തി’ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ‘ദുന്ത്’(duende) എന്ന സ്പാനിഷ് വാക്കിന് ദേവത, വേതാളം എന്നൊക്കെയാണ് അര്‍ത്ഥം. മറ്റൊരര്‍ത്ഥത്തിലാണ് ലൊര്‍ക അത് ഉപയോഗിക്കുന്നത്. ദുന്ത് അദ്ദേഹത്തിന് അത്ഭുതാവഹമായ ശക്തിവിശേഷമാണ്. പാടുന്നവന്റെ കണ്ഠത്തിലല്ല ‘ദുന്ത്’ ഇരിക്കുന്നത്. അവന്റെ ഉള്ളം കാലില്‍ നിന്നാണ് അത് ഉയരുന്നത്. ശരിയാണ്. നമ്മുടെ പല ഗായകര്‍ക്കും പാട്ടു പാടുകയെന്നത് ഒരു vocal exercise മാത്രമാണ്. പക്ഷേ, യേശുദാസന്‍ പാടുമ്പോൾ ദുന്തോടു കൂടി പാടുന്നു. ഇറ്റാലിയൻ സംഗീതജ്ഞനായ നീക്കോലോ പാഗാനീനി (Niccolo Paganini, 1784–1840) വിരസങ്ങളായ പാട്ടുകൾ പാടിയപ്പോൾ അവയെല്ലാം ഉല്‍കൃഷ്ടമായ സംഗീതമായി മാറിയെന്ന് ഗോയ്ഥെ പ്രസ്താവിച്ചതായി ലൊര്‍ക ചൂണ്ടിക്കാണിക്കുന്നു. പാരായണത്തിനു രസശുന്യങ്ങളായ ഭാഗങ്ങള്‍ ഇറ്റാലിയന്‍ അഭിനേത്രിയായ ഏലിയോ നോറ ഡൂസി (Eleonora Duse, 1859–1924) അഭിനയിച്ചപ്പോൾ അവ രസാവഹങ്ങളായിയെന്നും ലൊര്‍ക പ്രസ്താവിക്കുന്നു. കലയ്ക്ക് മാന്ത്രിക ശക്തി നല്‍കുന്നത് ഈ ദുന്താണെന്ന് അങ്ങനെ വ്യക്തമാകുന്നു. ലൊര്‍കയുടെ നാടകത്തിന്‍റെ വിഷയം പ്രാചീനമാണ്. പക്ഷേ, അതു വായിക്കുമ്പോള്‍ നാം അത്ഭുതപ്പെടുന്നു. ഇതിനെക്കാള്‍ നൂതനമായ വേറൊരു നാടകമില്ലെന്നു നമുക്കു തോന്നുന്നു. ദുന്തിന്റെ പ്രസരംതന്നെയാണിവിടെ ഉള്ളത്. അനുഗൃഹീതരായ ഗായകര്‍ പാടുമ്പോള്‍, കവികള്‍ കവിത ചൊല്ലുമ്പോൾ ദുന്തിന്‍റെ പ്രവര്‍ത്തനം കണ്ടറിഞ്ഞ സ്‌പെയിൻ ജനത വീവാദിയോസ് (Viva Dios) എന്നു തങ്ങളറിയാതെ വിളിച്ചു പോകും. ‘വീവ’ എന്നാല്‍ അദ്ദേഹം വളരെക്കാലം ജീവിച്ചിരിക്കട്ടെ എന്നാണര്‍ത്ഥം. ദിയോസിന്‍റെ അർത്ഥം ഈശ്വരന്‍ എന്നും. ലൊര്‍കയുടെ ഈ നാടകം വായിക്കുമ്പോള്‍ കേരളീയനായ ഞാന്‍ ‘വീവാദിയോസ്’ എന്നു വിളിക്കുന്നു. പക്ഷേ, ലൊർകയെ ഫ്രാങ്കോയുടെ കിങ്കരന്മാർ വെടിവച്ചു കൊന്നു കളഞ്ഞു. യുവാവായിരുന്ന ലൊര്‍ക മരിച്ചെങ്കിലും അദ്ദേഹം സഹൃദയരുടെ മുമ്പിൽ ജീവനോടെ നില്‍ക്കുന്നു. അവർ പ്രത്യക്ഷശരീരം അപ്രത്യക്ഷമാക്കിയ ആ മഹാനായ കലാകാരനെ ലക്ഷ്യമാക്കി വീവാദീയോസ് എന്നു വിളിക്കുന്നു.