close
Sayahna Sayahna
Search

മാന്ത്രികനും കൂലിക്കാരനും


മാന്ത്രികനും കൂലിക്കാരനും
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

ചന്ദ്രന്‍ അന്തരീക്ഷത്തിലൂടെ നീങ്ങുന്നു. ആപ്ള്‍പഴം മരത്തില്‍നിന്നു വീഴുന്നു. വിഭിന്നങ്ങളായ രണ്ടു ദൃഷ്ടിഗോചരവിഷയങ്ങള്‍. ഇവ കാണുന്ന ശാസ്ത്രകാരന്‍ രണ്ടിനെയും കൂട്ടിയിണക്കുന്നു. അതാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം. വൈവിദ്ധ്യത്തില്‍ ഏകത്വം കാണുകയാണ് ശാസ്ത്രം. ഇതു പറഞ്ഞത് ആല്‍ഡസ് ഹക്സിലി എന്ന ചിന്തകനാണ്. എന്നാല്‍, മനുഷ്യരെസ്സംബന്ധിച്ച് ഇതുപോലെയൊരു സിദ്ധാന്തം രൂപവത്കരിക്കരിക്കാന്‍ കഴിയുകയില്ല. കാരണം ഓരോ മനുഷ്യനും അസദൃശനാണ് എന്നത്രേ. മനുഷ്യനൊഴിച്ചു ലോകത്തുള്ളതെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ ഈ ലേഖനം മേശപ്പുറത്തുവച്ചാണ് എഴുതുന്നത്. മേശയെന്നത് കോടിക്കണക്കിനുള്ള പരമാണുക്കളുടെ സംയോജനമാണ്. അന്യോന്യമുള്ള ഊര്‍ജ്ജപ്രസരത്തിലാണ് അതു രൂപമാര്‍ന്നു നില്ക്കുന്നത്. അതുകൊണ്ട് അചേതവസ്തുക്കള്‍ക്ക് ഐക്യമുണ്ട്. മനുഷ്യന് അതില്ലെന്നു ധൈര്യത്തോടുകൂടി പറയാം. പക്ഷേ, ഒരംശത്തില്‍ മനുഷ്യന്‍ യോജിക്കുന്നു. അത് കലാസ്വാദനത്തിലാണ്. എനിക്ക് ഒരു കാവ്യം ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞാല്‍ എനിക്കു മാത്രമല്ല, വായനക്കാര്‍ക്കാകെ ഇഷ്ടപ്പെടും എന്നാണ് അര്‍ത്ഥം. കലയില്‍ നിന്നു ജനിക്കുന്ന ആഹ്ളാദം അന്യരോടൊത്തു പങ്കിടുന്നു എന്നാണ് അര്‍ത്ഥം. ഇതു തെളിയിക്കാന്‍ ഒരു പൂര്‍വകാല സംഭവത്തെക്കുറിച്ചു പറയട്ടെ. ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുന്ന കാലം. രാഷ്ട്രവ്യവഹാര സംബന്ധിയായ ഒരു കാര്യത്തെച്ചൊല്ലി കുട്ടികള്‍ കഠാര പ്രയോഗിക്കാനും സൈക്ക്ള്‍ചെയ്‌ന്‍ വീശാനും സന്നദ്ധരായി നില്ക്കുകയാണ്. അപ്പോള്‍ കീഴ്‌കുളം രാമന്‍പിള്ളസ്സാര്‍ ക്ലാസിലെത്തി പഠിപ്പിക്കാനായി. കുട്ടികള്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ ക്ലാസ്സില്‍ തന്നെയുള്ള പ്രതിയോഗികളെ വകവരുത്താന്‍ സൗകര്യം നോക്കിയിരിക്കുകയാണ്. സാറ് അവയൊന്നും കണ്ടില്ലെന്ന മട്ടില്‍ കവിത വായിച്ചു തുടങ്ങി. അത് ഓര്‍മ്മയില്‍ നിന്ന് ഞാനിവിടെ പകര്‍ത്തുകയാണ്.

ʻʻഎന്തൊരു തിരുമാലി രാജാവേ ഭവാന്‍ പ്രേമ
ഗന്ധമില്ലാത്തോന്‍ പച്ചശ്‌ശൃംഗാര നാട്യക്കാരന്‍
രാത്രി ഞാന്‍ സങ്കേതത്തില്‍ സമയത്തെത്താറില്ലേ?
കാത്തുനില്ക്കാറില്ലേ നീ കളങ്കിവരുവോളം.
അക്ഷമയായ് ഞാനിങ്ങുകാത്തു നില്ക്കവേ കാമ
യക്ഷികളുടെ വീട്ടിലങ്ങുന്നു തങ്ങുന്നല്ലോ
മാസത്തിലൊരുനാളില്‍ മര്യാദയ്ക്കെത്തിച്ചേര്‍ന്നാ
ലാ സമാധാനം തീരാനൊരുനാള്‍ വരാതീരെ
എന്തിനു കറുപ്പെന്നെന്‍ രൂപത്തെപ്പഴിക്കുന്നു
പന്തിയല്ലീയൗദ്ധത്യമല്ലെങ്കിലനാദരം
കാമുകനലസനെന്നറിഞ്ഞാല്‍പ്പെണ്ണിന്നുണ്ടാ-
മാമഹാദുഖ:ത്തിന്റെ ചൂടങ്ങയ്ക്കറിയാമോ?
ഇപ്പരാതികള്‍ രാവിന്‍ഹൃത്തില്‍ നിന്നുയര്‍ന്നിട്ടെ-
ന്തപ്പൊഴും രാജാവിനാപ്പണ്ടത്തെചിരിതന്നെ.ˮ

കുട്ടികള്‍ കാവ്യം കേട്ട് പകമറന്നു ശ്രദ്ധിക്കാന്‍ തുടങ്ങി. സാറ് വിശദീകരണം നല്കി. ചന്ദ്രന്‍ രാത്രിയുടെ കാമുകനാണ് എന്ന ഭാരതീയകാവ്യസങ്കല്പത്തെ അവലംബിച്ചു രചിച്ച കാവ്യമാണിത്. കാമുകനായ രാജാവിനെ –- ചന്ദ്രനെ –- കാത്ത് വളരെ നേരമായി കാമുകിയായ രാത്രി നില്ക്കുകയാണ്. നേരമേറെയായപ്പോള്‍ ഒരു കള്ളച്ചിരിയുമായി അയാള്‍ എത്തുന്നു. ഭൂമിയെന്ന പ്രേമസങ്കേതത്തില്‍ നേരത്തെ തന്നെ രാത്രി എത്തിയതാണ്. അപ്പോഴാണ് പച്ചശ്ശൃംഗാരനാട്യക്കാരനായ കാമുകന്റെ ആഗമനം. അയാള്‍ കളങ്കിയാണ്. കളങ്കമുള്ളവന്‍ എന്നു ശ്ലേഷാര്‍ത്ഥപ്രയോഗം. കളങ്കമുള്ളവനാണെങ്കിലും കാമൂകനല്ലെ? കാമുകി കാത്തുനില്ക്കുന്നു. എന്താണ് അയാള്‍ വരാന്‍ അത്ര വൈയ്കിയത്? കാമം അതിരുകടന്ന യക്ഷികളുടെ വീട്ടില്‍ അയാള്‍ തങ്ങുന്നതുകൊണ്ടാണ് ഈ കാല വിളംബം. അവര്‍ ചന്ദ്രനുമായി രമിക്കുക മാത്രമല്ല യക്ഷികളുടെ സ്വഭാവത്തിന് അനുരൂപമായി അയാളുടെ രക്തം കുടിക്കുന്നുമുണ്ട്. (ചന്ദ്രന്‍ ഓരോ ദിവസം കഴിയുന്തോറും കൃശതയാര്‍ജ്ജിക്കുന്ന സത്യത്തിന്റെ ഭാവനാത്മകമായ ആവിഷ്കാരം –- ലേഖകന്‍) ഇനി വെളുത്ത വാവ് ദിവസം സമയത്തെത്തി നേരം വെളുക്കുന്നതുവരെ കാമുകിയോട് ഒരുമിച്ചു കഴിഞ്ഞാലും ആ സമാധാനം തകര്‍ക്കാനായി കറുത്ത വാവിന്‍ നാളില്‍ തിരിഞ്ഞു നോക്കുന്നതേയില്ല അയാള്‍. കാമുകി കറുമ്പിയായിപ്പോയതു കൊണ്ടാണ്, കാമുകന്‍ സുന്ദരനായതു കൊണ്ടാണ് അയാള്‍ക്ക് ഈ ഔദ്ധത്യമെങ്കില്‍ അത് ശരിയല്ല. എന്നിട്ടു കലാസൗന്ദര്യത്തിനു കിരീടം വച്ചു കൊടുക്കുന്ന മട്ടില്‍ കവി കാമുകിയെക്കൊണ്ടു പറയിക്കുന്നു. ʻകാമുകനലസമെന്നറിഞ്ഞാല്‍പ്പെണ്ണിനുണ്ടാം ആ മഹാദുഃഖത്തിന്റെ ചൂട് അയാള്‍ക്കറിയാമോʼ എന്ന്. ഇത്രയും പരിവേദനം അവള്‍ നടത്തിയിട്ടും കാമുകന് പണ്ടത്തെ കള്ളവെള്ളച്ചിരിതന്നെ.

സാറ് ഇത്രയും പറഞ്ഞുതീരുന്നതിനുമുമ്പ് കുട്ടികള്‍ പലരും ചോദിക്കുകയായി ʻʻആരുടെ കവിതയാണിത് സാര്‍.ˮ കീഴ്‌കുളം രാമന്‍ പിള്ളസ്സാര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു: ʻʻകെ.കെ.രാജ എഴുതിയതാണ് ഇത്.ˮ കുട്ടികള്‍ ശത്രുത മറന്നു. മണിമുഴങ്ങിയപ്പോള്‍ അവര്‍ സഹോദരന്മാരെപ്പോലെ അടുത്ത ക്ലാസ് മുറിയിലേക്ക് പോകുകയും ചെയ്തു. ഇതാണ് കലയെസ്സംബന്ധിച്ച ആഹ്ളാദത്തിന്റെ സഹഭുക്തി അല്ലെങ്കില്‍ participation. രാത്രിയില്‍ ചന്ദ്രനുദിക്കുന്നു എന്ന പ്രാപഞ്ചിക സംഭവത്തെ മനുഷ്യജീവിതത്തിലേക്ക് പ്രസാരണം ചെയ്തു കവി പുരുഷന്റെയും സ്ത്രിയുടെയും ചിത്തവൃത്തിസംബന്ധികളായ സവിശേഷതകള്‍ സ്ഫുടീകരിക്കുകയാന്. ഇതു കേട്ട് കഴിയുമ്പോള്‍, വായിച്ചു കഴിയുമ്പോള്‍ ചന്ദ്രനെയും രാത്രിയെയും സംബന്ധിച്ചുള്ള ആ കവി സങ്കല്പം അല്ലെങ്കില്‍ ʻʻമിത്ത്ˮ അപ്രത്യക്ഷമാകുന്നു. ദുഖ:ത്തിന്റെ ഉടലെടുത്ത രൂപമായി ഒരു കാമുകിയും അവളെ വഞ്ചിക്കുന്ന കാമുകനും മാത്രം നമ്മുടെ മുന്‍പില്‍ നില്ക്കുന്നു. അങ്ങനെ നമ്മുടെ ജീവിതാവബോധം തീക്ഷ്ണതമമായി ഭവിക്കുന്നു.

ഈ കാവ്യം ഉറക്കെ ചൊല്ലിനോക്കുക. ഭൗതിക പരിത:സ്ഥിതികള്‍ വിസ്മരിച്ചു നമ്മള്‍ ഒരാദ്ധ്യാത്മിക ലോകത്തില്‍ എത്തുന്നു. ഈ പോക്കിനു സഹായിക്കുന്നത് വാക്കുകളാണ്. മര്‍സല്‍ പ്രൂസ്തിന്റെ Remembrance Of Things Past എന്ന നോവലില്‍ മരങ്ങളില്‍ മനുഷ്യചൈതന്യം ഒളിച്ചിരിക്കുന്നുവെന്നും അതിന്റെ പേരു വിളിച്ചാല്‍ അത് മരങ്ങളില്‍ നിന്നു മുക്തി നേടുമെന്നും വായിച്ചതായി ഇപ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. അതു പോലെ തനിക്കുവേണ്ട വാക്കുകളെ വിളിച്ചു രചനയിലിരുത്തുമ്പോള്‍ അവയുടെ ചൈതന്യം പ്രസരിക്കുകയാണ്. ഈ കാവ്യമെഴുതിയ കെ.കെ.രാജ ഇനി ഇത്തരത്തിലൊന്ന് എഴുതുകയില്ല. അദ്ദേഹത്തിന്റെ ഈ കാവ്യം നശിച്ചുപോയിയെന്നു വിചാരിക്കൂ. എങ്കിലും അതിന്റെ ആദ്യത്തെ പാരായണത്തില്‍ അല്ലെങ്കില്‍ കേഴ്‌വിയില്‍ സഹൃദയത്വമുള്ളവര്‍ക്ക് ഉണ്ടായ ചൈതന്യത്തിന്റെ പ്രസരിക്കലിന് നാശമില്ല. അതിനാലാണ് 1942-ല്‍ ഞാന്‍ അദ്ധ്യാപകനില്‍ നിന്നു കേട്ട കാവ്യം ഇപ്പോഴും ഓര്‍മ്മിക്കുന്നത്. അതിനെക്കുറിച്ചെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

വാക്കുകളിലടങ്ങിയ അധ്യാത്മിക ശക്തിയെ, ചൈതന്യത്തെ ബഹിര്‍ഗ്ഗമിപ്പിക്കാന്‍ ആര്‍ക്കു കഴിയുന്നുവോ ആ ആളാണ് കവി.

പുണ്യശാലിനീ നീ പകര്‍ന്നീടുമി-
ത്തണ്ണീര്‍തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നി
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം

എന്ന് കുമാരനാശാനും

താമരപ്പൂമാല പോലാം കൈ കങ്കണ
സ്തോമം കിലുങ്ങുമാറൊന്നുയര്‍ത്തി
തൂവിരല്‍ച്ചെന്തളിര്‍ പൊന്മണി മോതിര
ശ്രീവിരിച്ചീടിനപാണിയാലേ

എന്നു വള്ളത്തോളും എഴുതുമ്പോള്‍ അവര്‍ വാക്കുകള്‍ എടുത്തു നിരത്തുകയല്ല. ഓരോ പദത്തിന്റെയും അന്തര്‍ഭാഗത്തിരിക്കുന്ന ചൈതന്യത്തിന് ബഹി:പ്രകാശനം നല്കുകയാണ്. മാന്ത്രികവിദ്യ കാണിക്കുന്നവന്‍ തന്റെ കൈയിലിരിക്കുന്ന നീളം കുറഞ്ഞ വടി വീശീ ഒരദ്ഭുത പ്രപഞ്ചമുണ്ടാക്കുന്നതു പോലെ പ്രതിഭാശാലിയായ കവിയെന്ന മാന്ത്രികന്‍ വാക്കുകളുടെ ചൈതന്യത്തെ ബഹിര്‍ഗമിപ്പിച്ച് വിസ്മയദായകമായ ഒരു പ്രപഞ്ചം നിര്‍മ്മിക്കുന്നു.

ദൗര്‍ഭാഗ്യം കൊണ്ട് ഇന്നത്തെ പലകവികള്‍ക്കും ഈ മാന്ത്രിക വിദ്യ അറിഞ്ഞുകൂടാ. ഞാന്‍ പറഞ്ഞ അധ്യാത്മികത (ഇതിനു മതവുമായി ഒരു ബന്ധവുമില്ല) അല്ലെങ്കില്‍ ചൈതന്യം സൗന്ദര്യത്തിന്റെയും സത്യത്തിന്റെയും പ്രതീതിയുളവാക്കുന്നു. ഒരാളും ഒരു നദിയില്‍ തന്നെ രണ്ടു തവണ മുങ്ങുന്നില്ല എന്നു യവനതത്ത്വചിന്തകന്‍ പറഞ്ഞില്ലേ. ഒന്നുമുങ്ങി നിവരുമ്പോള്‍ ആ നദി പുതിയ വെള്ളമൊഴുകി മറ്റൊരുനദിയായിത്തീരുന്നു. അതു പോലെ കാവ്യപാരായണത്തില്‍ ഒരനുഭൂതി. വീണ്ടും അതു വായിക്കുമ്പോള്‍ മറ്റൊരനുഭൂതി. ഈ വിഭിന്നങ്ങളായ അനുഭൂതികള്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. വാക്കുകളെ ദാരുഖണ്ഡങ്ങളാക്കി പ്രയോഗിക്കുകയാണ് ചില കവികള്‍.

ഒരു വക്കീലായ്
ഒരു കുടിലില്‍
ദര്‍ബാന്‍ നഗരത്തില്‍
സ്ഥിരമായങ്ങു
കുടിപാര്‍ത്തിരുന്നെങ്കില്‍
മുപ്പതിലുപ്പുസത്യാഗ്രഹ
മാരംഭിക്കാതിരുന്നെങ്കില്‍
ക്വിറ്റ് ഇന്ത്യാ പ്രമേയം
ഡ്രാഫ്റ്റ് ചെയ്യാതിരുന്നെങ്കില്‍
വെടിമൂന്നേറ്റു ബിര്‍ലാ ഹൗസില്‍
പിടഞ്ഞു മരിക്കാതിരുന്നെങ്കില്‍
അത്ര മാത്രമല്ലീ
യനുഗ്രഹീത ഭൂവില്‍
പ്പിറക്കാതിരുന്നെങ്കില്‍
ഇന്ത്യക്കാരായ ഞങ്ങള്‍
ക്കെന്തു താന്‍ സംഭവിച്ചിരിക്കും?
ഒന്നുമില്ല
ഒന്നുമില്ല
ഒന്നുമില്ല

എന്ന വരികള്‍ നിര്‍ജ്ജീവങ്ങളാണ്. അവ സ്വന്തം സാന്നിദ്ധ്യം കൊണ്ട് നമ്മളെ ആകര്‍ഷിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ കൊണ്ട് നമ്മള്‍ ചൈതന്യത്തെ –- ബഹിര്‍ഗമിച്ച ചൈതന്യത്തെ –- പിടിച്ചെടുക്കുമ്പോഴാണ് കലയുടെ ആവിര്‍ഭാവം. കവിതയുടെ ഉദയം.

കാലിക്കുടമണിനാദംകാതിന്
പാലമൃതൂട്ടും രംഗത്തില്‍
ഏതൊരു വീട്ടിലുമിന്നൊരു മേഘ
ശ്യാമളനുണ്ണി പിറക്കുന്നു
കുഞ്ഞിക്കൈയുനുണയ്ക്കേകര്‍ഷക
നെഞ്ചിലൊരന്‍പു ചുരക്കുന്നു
തേനൊലിവായ ചിരിക്കെദ്ദീപ
ശ്രേണികള്‍ ചുറ്റും കത്തുന്നു.

എന്നീ വരികളിലെ പദങ്ങള്‍ കൂട്ടില്‍ വച്ച കിളി ചിറകിട്ടടിക്കുന്നതു പോലെ ചലനാത്മകത ആവഹിക്കുന്നു. മുകളിലെഴുതിയ വരികള്‍ (ഒരു വക്കീലായ് എന്നു തുടങ്ങുന്ന വരികള്‍) വായിക്കുമ്പോള്‍ ലോറിയില്‍ നിന്നു കൂലിക്കാരന്‍ കരിങ്കല്ലെടുത്തു റോഡിലേക്ക് ഇടുന്നതു കാണുന്ന പ്രതീതിയാണ് വായനക്കാര്‍ക്ക്. പദങ്ങള്‍ ഇക്കൂട്ടര്‍ക്ക് വിരസങ്ങളായ ചിന്തകള്‍ പൊതിയാനുള്ള കരിമ്പടമാണ്. പ്രതിഭാശാലികളായ കുമാരനാശാനും വള്ളത്തോളിനും അവ ചൈതന്യം മാത്രമാണ്. പ്രിയപ്പെട്ട വായനക്കാരേ, ഒരു കാലത്ത് കവി മാന്ത്രികനായിരുന്നു. ഇന്ന് അയാള്‍ വാഹനത്തില്‍നിന്ന് കരിങ്കല്‍ക്കഷണമെടുത്തു രാജവീഥിയിലേക്ക് ഇടുന്ന കൂലിക്കാരന്‍ മാത്രം.