തിരുവനന്തപുരവും സഹാറയും
തിരുവനന്തപുരവും സഹാറയും | |
---|---|
ഗ്രന്ഥകാരന് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മോഹഭംഗങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസാധകർ | ഒലിവ് ബുക്സ് |
വർഷം |
2000 |
മാദ്ധ്യമം | Print (Paperback) |
പുറങ്ങൾ | 87 (first published edition) |
സഹാറ മണല്‍ക്കാട്ടിലൊരിടത്ത് തിരുവനന്തപുരത്തെ പദ്മനാഭസ്സ്വാമി ക്ഷേത്രം നിര്‍മ്മിച്ചുവെന്നു പ്രിയപ്പെട്ട വായനക്കാര്‍ സങ്കല്പിക്കുക. അതിലേ പോകുന്ന അറബിക്ക് മനസ്സിലാകായ്ക എന്ന അവസ്ഥയല്ലാതെ വേറെ എന്തെങ്കിലുമുണ്ടാകുമൊ? ഇല്ല, തന്നെ, കാരണം സ്പഷ്ടമാണ്. മണല്ക്കാടിന് ആഫ്രിക്കന്‍ സ്ഥിതിഗതികളോടാണു പൊരുത്തം. പദ്മനാഭസ്വാമി ക്ഷേത്രത്തിനു കേരളത്തിലെ ഭൂവിവിഭാഗത്തോടും സംസ്കാരത്തോടും ആണ് ബന്ധം. അതിനാല്‍ ഒട്ടകപ്പുറത്തിരിക്കുന്ന അറബി ദേവാലയം കണ്ട് അതിനോട് മനസ്സുകൊണ്ട് യോജിക്കാതെ അദ്ബുതാധീനനാകുന്നു. മണല്‍ക്കാടിനു നാവുണ്ടെങ്കില്‍ ʻനീയാര്ʼ എന്നു ദേവാലയത്തോടു ചോദിച്ചെന്നു വരും. ദേവാലയത്തിനു ഭാഷണ വൈദഗ്ദ്ധ്യമുണ്ടെങ്കില്‍ ʻനീയാര്...? നിനക്കു വൈദേശിക സ്വഭാവമുണ്ടല്ലോʼ എന്ന് മണല്‍ക്കാടിനോടു പറഞ്ഞെന്നും വരും. ഈ ചേര്‍ച്ചകേടാണ് മലയാളസാഹിത്യത്തില്‍ ഇന്നു കാണുന്നത്. മലയാള പദങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ശില്പത്തെ പാശ്ചാത്യസാഹിത്യത്തിന്റെ മരുഭൂമിയില്‍ പ്രതിഷ്ഠിക്കുകയാണ് ഏറെ സാഹിത്യകാരന്മാരും. അതു കൊണ്ടുണ്ടാകുന്ന പൊരുത്തകേടിനാല്‍ സഹൃദയസംവാദം നടക്കുന്നില്ല എന്നതു സത്യമത്രേ. ഇതു പകല്‍ പോലെ തെളിഞ്ഞ സത്യം എന്നു പറഞ്ഞാല്‍ ക്ലീഷേ ആകുമോ? എങ്കില്‍ സിതോപലം പോലെ തെളിഞ്ഞ സത്യം എന്നു പറഞ്ഞുകൊള്ളട്ടെ. (ക്ലീഷേ = പ്രയോഗിച്ചു പ്രയോഗിച്ച് വൈരസ്യദായകമായി ഉദ്ബ്ഭവിച്ച ശൈലിയോ പദമോ) പെട്ടന്ന് തോന്നിയ ഒരു ശ്ലോകം ഇവിടെ എടുത്തെഴുതുകയാണ് ഞാന്‍.
ഉടന്‍ മഹാദേവി ഇടത്തുകൈയാ
ലഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ചകണ്‍കൊണ്ടൊരു നോക്കു നോക്കി
പ്പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു
മകന് ക്ഷതാംഗനായി പോയതില്‍ അമ്മയ്ക്കുണ്ടായ ദേഷ്യവും സങ്കടവും സ്പുടീകരിക്കുകയാന് കവി. അങ്ങു ʻദൂരെ –- കൈലാസത്ത് –- നടന്ന സംഭവമാണിതെന്നു കവിയുടെ സങ്കല്പം. പക്ഷേ കേരളത്തിലെ ഒരു സ്ത്രീ എങ്ങനെ പ്രതികരിക്കുമോ അതേ രീതിയില്‍ പ്രതികരിക്കുകയാണ് ഈ കാവ്യത്തിലെ ദേവി. ആ ദേവിക്കുണ്ടായ വികാരത്തെ ഇതെഴുതിയ കവി സ്വന്തം വികാരമാക്കി അതിനൊരു ഘടനയുളവാക്കി അനുവാചക മനസ്സിലേക്ക് വാക്കുകളുടെ സഹായത്തോടെ പകര്‍ത്തുകയാണ്. ആ ഘടന പകര്‍ന്നു കിട്ടിയ വായനക്കാരന് കവിയനുഭവിച്ച വികാരത്തെ അതേ അളവില്‍ അനുഭവിക്കുന്നു. കവി നേരത്തെ വര്‍ണ്ണിച്ച ഭൂപ്രദേശം കേരളത്തിലെ ഭൂപ്രദേശമായി മാറുന്നു. അലൗകിക കഥാപാത്രങ്ങള്‍ കേരളീയ കഥാപാത്രങ്ങളായി പ്രത്യക്ഷരാകുന്നു. അങ്ങനെ കൈലാസ പര്‍വ്വതത്തിലുള്ള ദേവി നമ്മുടെ ഒരു സാധാരണ സ്ത്രീയായി മാറുന്നു. കേരളത്തിന്റെ മണ്ണിനുള്ള മണം ഈ കാവ്യഭാഗത്തു നിന്നുയരുന്നു. അറിവു പകരുകയല്ല സാഹിത്യത്തിന്റെ –- കവിതയുടെ –- കൃത്യം. എഴുത്തുകാരന്റെ അനുഭവത്തോടു ചേരുക എന്നതാണത്. പദ്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരത്തു തന്നെയിരിക്കുന്നു. സ്ഫിങ്ങ്സ് ഇരിക്കേണ്ടിടത്തല്ല അതിരിക്കുന്നത്. ഇനി മറ്റൊരു കാവ്യണ്ഡം നോക്കുക:
ഇന്നലെ ഞാന്‍ വാള്‍ട്ട് വിറ്റ്മാനേ കണ്ടു.
നീണ്ട കൈയുകള് നീട്ടി
രോമാവൃതമായ ഉടലില്‍ ചിന്തയുടെ
പായലുകള്‍ കുരുങ്ങി
നീണ്ട ദ്വീപില്‍ നിന്നുവരുന്നു
ദെദ്വപാനയന്‍
എന്തുമാത്രം ചോദ്യങ്ങള്‍!
നിങ്ങളുടെ നാട്ടുകാരെന്താ
നിങ്ങളുടെ നാട്ടുകാരെ കാണുമ്പോള്‍
നിങ്ങളുടെ നാട്ടുകാരല്ല എന്ന
മട്ടില്‍ കടന്നുകളയുന്നത്?
കറുത്തവരെക്കാള്‍ വെളുത്തവരെ
യാണോ നിങ്ങള്‍ക്കിഷ്ടം?
പാശ്ചാത്യര്‍ പോലും പൗരസ്ത്യരുടെ മഹനീയതയെ വാഴ്ത്തുമ്പോള്‍ പൗരസ്ത്യര്‍ തങ്ങളുടെ സംസ്കാരത്തെ അവഗണിച്ച് പാശ്ചാത്യരുടെ ആരാധകരായിത്തീരുന്നു എന്ന സ്ഥിതിവിശേഷത്തെ പരിഹസിക്കുന്ന ഈ കാവ്യത്തിന് ധിഷണാപരമായ ഔന്നത്യമുണ്ട്. എന്നാല്‍ ഇതെഴുതിയ കവി പ്രതിപാദ്യവിഷയത്തെ അനുവാചകന്റെ ബുദ്ധിയുടെ മുമ്പില്‍ മാത്രമേ നിര്‍ത്തുന്നുള്ളൂ എന്ന പരമാര്‍ത്ഥം നമ്മള് ഓര്‍മ്മിക്കുന്നുണ്ടോ? അമ്മയുടെ കോപം ആവിഷ്കരിക്കുന്ന ശ്ലോകം വായനക്കാരന്റെ വൈകാരിക ജീവിതത്തെ സാന്ദ്രതയിലേയ്ക്ക് നയിക്കുമ്പോള്‍ വിറ്റ്മാന്റെ ചോദ്യങ്ങളെ സംബന്ധിച്ച ഈ കാവ്യഖണ്ഡം അയാളുടെ വൈകാരിക കേന്ദ്രത്തെ സ്പര്‍ശിക്കാതെ ബുദ്ധിപരമായ മണ്ഡലത്തിലേയ്ക്ക് അയാളെ നയിക്കുന്നതെയുള്ളൂ. അതുപോകട്ടെ. കേരളീയന്റെ മനസ്സില്‍ നിന്ന് ആവിര്‍ഭവിച്ചതാണ് ഈ കാവ്യം എന്നു പറയാന്‍ നമുക്കു ധൈര്യമുണ്ടോ? ഉണ്ടെന്ന് ഉദ്ഘോഷിക്കുന്നവര്‍ കാണുമായിരിക്കും. ഞാനവരുടെ കൂട്ടത്തിലില്ല. ഭീരുവായി മാറി നില്ക്കുന്നതേയുള്ളൂ. ആദ്യത്തെ ശ്ലോകം കവിയുടെ ജീവരക്തത്തില്‍ നിന്നുവരുന്നു. വിറ്റ്മാനെ സംബന്ധിച്ച വരികള്‍ കവിയുടെ മസ്തിഷ്കത്തില്‍ നിന്നു വരുന്നു. ബുദ്ധിയില്‍ നിന്നു വന്നുകൊള്ളട്ടെ. അതു കേരളീയന്റെതായി വായനക്കാര്‍ക്കു തോന്നുന്നുണ്ടോ? തോന്നുന്നവരോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. കേരളത്തിന്റെ മണ്ണില്‍ നിര്‍മിച്ച ദേവാലയങ്ങള്‍ കാണാനല്ല അവര്‍ക്കു കൗതുകം. മരുഭൂമിയില്‍ –- സഹാറയില്‍ –- പദ്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിച്ചു കാണാനാണ് അവര്‍ക്കു താല്പര്യം. വിറ്റ്മാനെക്കുറിച്ച് കാവ്യം രചിച്ച കവിയുടെ സാന്മാര്ഗികമായ കാഴ്ചപ്പാടിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ ദേവാലയത്തില്‍ ഉയരുന്ന മണിനാദം എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. തിരുവനന്തപുരത്തെ മണ്ണില്‍ നില്ക്കുന്ന ക്ഷേത്രത്തില്‍ നിന്ന് സന്ധ്യാവേളയില്‍ ഉയരുന്ന മണിനാദമേ എന്നെ കൈവല്യദര്‍ശനത്തിനു പ്രേരിപ്പിക്കൂ.