close
Sayahna Sayahna
Search

നിനക്കുവേണ്ടി


നിനക്കുവേണ്ടി
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

തണുത്തു മങ്ങിയ വെളിച്ചം വിങ്ങിനില്ക്കുന്ന ബാർ. ശാന്തമായ കടൽപ്പരപ്പിൽ അകലെ നിന്നടുക്കുന്ന തിരകൾ പോലെ ശബ്ദങ്ങൾ സാവധാനത്തിൽ വന്നു വലയം ചെയ്യുന്നത് അയാൾ ശ്രദ്ധിച്ചു. ശബ്ദങ്ങളുടെ ആരോഹണമാണ്. കുറച്ചുകൂടി കഴിഞ്ഞാൽ അവ ഉച്ചസ്ഥായിയാകും. പിന്നെ അടുത്തിരിക്കുന്നവരോടു കൂടി ഉറക്കെ സംസാരിക്കണം.

രോഹിണി സംസാരിക്കുകയായിരുന്നു. എനിക്കു വിശ്വാസമാകുന്നില്ല. എന്നെ കാണാൻ നീ ഡൽഹിയിൽ നിന്നു കൽക്കത്ത വരെ വരുകയോ? നീ ഇവിടെയായിരുന്നപ്പോൾപ്പോലും എ ന്നെ അത്ര കാര്യമായിട്ടെടുത്തിട്ടില്ലല്ലോ.

അടുത്ത മേശയ്ക്കു മുമ്പിൽ ഒറ്റയ്ക്കിരുന്നു തണുത്ത ബീയർ മൊത്തിക്കുടിക്കുന്ന വെളുത്തുതടിച്ച ആൾ തങ്ങളെ ശ്രദ്ധിക്കുകയാണെന്ന് സുഹാസൻ മനസ്സിലാക്കി. അയാൾ കറുത്തുതടിച്ച ഫ്രേയ്മുള്ള ഗ്ലാസ്സുകളിട്ടിരുന്നു.

‘എനിക്കു സൺഗ്ലാസ്സിട്ടവരെ ഇഷ്ടമല്ല.’

‘ചിലർക്ക് അതു യോജിക്കും.’ രോഹിണി പറഞ്ഞു.

‘അവരുടെ മുഖഭാവമെന്താണെന്നു മനസ്സിലാക്കാൻ കഴിയില്ല.’

‘നിനക്ക് എപ്പോഴും ഈമാതിരി വിചിത്രഭാവനകളുണ്ട്.’

അടുത്ത മേശയ്ക്കു പിന്നിലിരുന്ന ആൾ അപ്പോഴും തങ്ങളെ നോക്കുന്നുണ്ടായിരുന്നു.

‘ദൽഹി എന്നെ വല്ലാതെ ബോറടിച്ചു. ഒരു മാറ്റം ഇല്ലെങ്കിൽ ശ്വാസം മുട്ടുമെന്നായി.’

‘നീ ദൽഹിയിൽ പോയപ്പോൾ കുറച്ചു നന്നാവുമെന്നു കരുതി.’

‘ഇപ്പോൾ ഇവിടെ വന്നപ്പോൾ മനസ്സിലായി ഒന്നും മാറിയിട്ടില്ലെന്ന്.’ അയാൾ തുടർന്നു.

‘ഞാൻ മാറിയിട്ടുണ്ടല്ലോ.’

‘ഒട്ടും ഇല്ല.’

‘നോക്ക്, ഞാൻ സാരിയാണുടുത്തിരിക്കുന്നത്. ഇന്നു ശനിയാഴ്ചയല്ലേ? നീ ഇവിടെയുണ്ടായിരുന്നപ്പോൾ ഞാൻ എല്ലാ ശനിയാഴ്ചയും സ്‌കർട്ടല്ലേ ഇ ടാറ്.’

അവൾ സാരിയാണുടുത്തിരിക്കുന്നതെന്നും, അതൊരു ശനിയാഴ്ചയാണെന്നും അയാൾ മനസ്സിലാക്കി. അതു നിസ്സാരമാണ്. എങ്കിലും അയാൾ സന്തോഷിച്ചു. ഒരു മാറ്റമുണ്ടാകുന്നതെത്ര നല്ലതാണ്. ദൽഹിയിൽനിന്നുള്ള പതിനെട്ടു മണിക്കൂർ യാത്ര ഒരു മാറ്റമുണ്ടാക്കാൻ പര്യാപ്തമായിരുന്നില്ല. എന്താണു സംഭവിക്കുന്നതെന്ന് അറിയും മുമ്പു നിങ്ങൾ കൽക്കത്തയിലെത്തി. എതിരേല്ക്കുന്നതു കണ്ടുമടുത്ത, ഇവിടെ നിന്ന് ഓടിപ്പോകാൻ കാരണക്കാരായ, പരിസരങ്ങൾ, ഭാവങ്ങൾ, ഗന്ധങ്ങൾ.

‘നീ സാരിയാണുടുത്തതെന്നു ഞാൻ ശ്രദ്ധിച്ചില്ല.’

‘എനിക്കറിയാം. നിന്റെ ആസ്വാദനശക്തി എന്നെ എന്നും നിരാശപ്പെടുത്തിയിട്ടേ ഉള്ളു. മറ്റുള്ളവർ എന്നെപ്പറ്റി എന്താണു പറയുന്നതെന്നു നീ കേൾക്കണം.’

‘നീ സുരാജിനെയായിരിക്കും ഉദ്ദേശിക്കുന്നത്.’

‘അല്ല. സുരാജ് ചൗധരി മാത്രമല്ല. മറ്റുള്ളവരും. പിന്നെ, നീ ഇപ്പോഴും വളരെ അസൂയാലുവാണ്. എനിക്കു ചൗധരിയുമായി നീ വിചാരിക്കുന്ന മാതിരി യാതൊരു ഇടപാടുമില്ല.’

ബാറിനുള്ളിലെ ശബ്ദങ്ങളെപ്പറ്റി സുഹാസൻ ബോധവാനായി. സംഗീതമല്ല, വെറും ശബ്ദങ്ങൾ, താളപ്പെടുത്താത്ത മുരത്ത ശബ്ദങ്ങൾ. എത്ര മധുരങ്ങളാണവ. സംഗീതമുള്ള ബാറിലാണെങ്കിൽ ഈ ശബ്ദങ്ങൾ ആസ്വദിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതും. താളപ്പെടുത്തിയതുമായ ഒരു വലിയ ശബ്ദം മറ്റു ശബ്ദങ്ങളെ കീഴ്‌പെടുത്തുന്നു. പിന്നെയുള്ള ആശ്വാസം, ചേർന്നു നിന്നു നൃത്തം ചെയ്യുന്ന ഒരിളം ശരീരം മാത്രമാണ്. ഒരിളം ശരീരം എന്നെന്നും ലഹരി പിടിപ്പിക്കുന്നതാണ്. കാമിക്കപ്പെടാവുന്നതാണ്. പക്ഷേ, ആ ശരീരം ക്രമേണ വലുതാകുന്നു. കൈയിൽ ഒതുങ്ങാതാകുന്നു. പിന്നെ ആ ശരീരത്തെ സ്‌നേഹിക്കാൻ കഴിയില്ല. രോഹിണിക്കതറിയാം. അതുകൊണ്ടവൾ എന്നെ പൊറുക്കുന്നു. എനിക്കവളെ ആ കാര്യത്തിൽ ബഹുമാനമുണ്ട്.

‘നീ എന്നെ കല്യാണം കഴിക്കാനൊന്നും പോകുന്നില്ല.’ രോഹിണി പറയും. ‘എനിക്കറിയാം, എന്നാലും നീ കല്ക്കത്തയിലുള്ളിടത്തോളം കാലം ഞാൻ നിന്നോടു സത്യമായും കൂറുള്ളവളായിരിക്കും.’

‘ഞാൻ പോയിക്കഴിഞ്ഞാലോ?’

അവൾ ഒന്നും പറഞ്ഞില്ല. അതു മാസങ്ങൾക്കു മുമ്പാണ്. കല്ക്കത്ത ഒരു വലിയ കാരാഗൃഹമാണെന്നും, അവിടെനിന്ന് ഓടി രക്ഷപ്പെടണമെന്നും തോന്നാൻ തുടങ്ങിയപ്പോൾ. എന്തിനെ ഭയന്നാണ് ഓടിപ്പോകാൻ ശ്രമിക്കുന്നതെന്നു സ്വയം അറിയാതിരുന്നപ്പോൾ. അത് അസ്വസ്ഥതയുടെ കാലമായിരുന്നു.

‘നീ ആരെയാണു ഭയപ്പെടുന്നത്?’ രോഹിണി ചോദിക്കുന്നു.

‘എനിക്കീ നശിച്ച നഗരം മടുത്തു. ഇവിടുത്തെ കാലാവസ്ഥ, ഇവിടുത്തെ ആളുകൾ, എല്ലാം മടുത്തു.’

അതൊരു അവ്യക്തമായ പ്രസ്താവനയാണെന്നു സുഹാസൻ മനസ്സിലാക്കി.

‘എനിക്കറിയാം. നീ നിന്നെത്തന്നെയാണു ഭയപ്പെടുന്നത്. എപ്പോഴും പുതുമയെ പ്രതീക്ഷിക്കുന്ന നിന്റെ മനസ്സിനെ.’

അയാൾ സംശയിച്ചു.

‘നീ പോകണമെന്നില്ല. രോഹിണി പറഞ്ഞു. ഇവിടെത്തന്നെ കൂടിക്കൊള്ളു. വിവാഹത്തിനു പോലും ആവശ്യപ്പെടാത്ത ഒരു സുന്ദരിയായ പെൺകുട്ടി നിനക്കു തുണയ്ക്കുണ്ടല്ലോ. നമുക്കു സന്തോഷമായി കഴിയാം.’

അവൾ കാര്യമായിട്ടു പറയുകയാണ്. വ്യസനത്തിന്റെ നേരിയ ഈർപ്പം സ്വരത്തിൽ കലർന്നിരുന്നു.

‘ഞാൻ പോയാൽ നീ വ്യസനിക്കുമോ?’

പറഞ്ഞ ഉടനെ ആ ചോദ്യത്തിൽ വലിയ അർത്ഥമില്ലെന്നു സുഹാസൻ ഓർത്തു.

‘വ്യസനിക്കും.’ രോഹിണി പറഞ്ഞു. ‘പക്ഷേ, അതു പുറത്തു കാട്ടില്ല. വല്ല കാര്യവുമുണ്ടോ? ഈ രണ്ടു കൊല്ലത്തെ പരിചയം കൊണ്ട് എനിക്കെന്നല്ല, ആർക്കും നിന്നെ പിടിച്ചു നിർത്താൻ ആവില്ലെന്ന് എനിക്കു ബോധ്യം വന്നിരിക്കുന്നു. ഞാൻ കരഞ്ഞിട്ടെന്താണു കാര്യം?’

അവൾ എല്ലാം കാര്യമായെടുക്കാൻ തുടങ്ങിയോ എന്നയാൾ സംശയിച്ചു.

‘നമുക്കു ട്രിൻകാസിൽ പോകാം.’ സുഹാസൻ പറഞ്ഞു. ‘കുറച്ചുനേരം ഡാൻസുചെയ്യാം.’

‘എനിക്കിപ്പോൾ ഡാൻസു ചെയ്യാൻ തോന്നുന്നില്ല.’

‘എന്നാൽ എന്റെ ഫ്‌ളാറ്റിൽ പോകാം.’

വീട്ടിലെത്തിയപ്പോൾ നീലച്ചുമരുകൾക്കിടയിൽ എല്ലാം ഒരിക്കൽക്കൂടി സ്വാഭാവികമായി തോന്നി.

‘ഇത് അവസാനത്തെ തവണയാണ്.’ അവൾ പറഞ്ഞു. ‘നിന്നെ ഞാനോർക്കുന്നത് പക്ഷേ, ഈ നിമിഷങ്ങളിലൂടെയായിരിക്കും.’

‘ഞാൻ ഇനിയും വന്നുകൂടെന്നില്ല.’ സുഹാസൻ പറഞ്ഞു. ‘അപ്പോൾ ഇത് അവസാനത്തെ തവണയാണെന്നു പറയാമോ?’

അന്നൊരു തമാശ മാത്രമായി പറഞ്ഞത് ഇന്നു കാര്യമായി വന്നിരിക്കുന്നു.

‘നീ വീണ്ടും വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.’

ബാറിലെ ശബ്ദം ഇപ്പോൾ തലവേദനയുണ്ടാക്കുന്നതായിരുന്നു.

‘നിന്റെ ടെലിഫോൺ കിട്ടിയപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. നിനക്കെന്നെ അറിയിക്കാമായിരുന്നില്ലേ?’

‘നിന്നെ അത്ഭുതപ്പെടുത്താമെന്നു കരുതി.’

ഈ വരവ് സ്വയം പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും, ഒരു ്രഭാന്തൻ നിമിഷത്തിൽ മനസ്സ് എന്ന അപരിചിതന്റെ ശക്തമായ പ്രേരണയിൽ ഇറങ്ങിത്തിരിച്ചതാണെന്നും അവൾ അറിയാതിരിക്കട്ടെ.

‘വെയ്റ്റർ, ഒരു ബിയർകൂടി.’

‘നീ ഇങ്ങനെ കുടിക്കുന്നത് എനിക്കിഷ്ടമല്ല.’

അവളുടെ പുരികം ആകൃതിപ്പെടുത്തിയിരുന്നു. ചുണ്ടിനു മുകളിൽ നനുത്ത ചെമ്പിച്ച രോമങ്ങൾ.

‘നീ വളരെ സുന്ദരിയാണ്.’

‘അവസാനം നീ അതും കണ്ടുപിടിച്ചുവോ?’

‘ആട്ടെ, ഞാൻ നിന്നെ വിട്ടുപിരിഞ്ഞപ്പോൾ നിനക്കെന്താണു തോന്നിയത്?’

രോഹിണി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്തു നിഴലുകൾ വീണു. ക്ഷണികമായ ദുഃഖത്തിന്റെ നിഴലുകൾ. അവ വേദനാപൂർവ്വം അവളുടെ ചുണ്ടുകളിൽ തങ്ങിനില്ക്കുന്നതയാൾ ശ്രദ്ധിച്ചു.

‘നീ എന്താണ് ആലോചിക്കുന്നത്?’

‘ഒന്നുമില്ല. നിന്റെ ചോദ്യം കേട്ടപ്പോൾ ചിലതാലോചിച്ചുപോയി. നീ പോയപ്പോൾ ഞാൻ കാര്യമായൊന്നും വിചാരിച്ചില്ല. ഉച്ചയ്ക്ക് ഓഫീസിൽ ഇരിക്കാറില്ല. ലഞ്ച് കഴിഞ്ഞാൽ ഡെയ്‌സിയുടെ ഒപ്പം പുറത്തു പോകും. രണ്ടു മണിക്കേ തിരിച്ചുവരൂ. ഓഫീസ് സമയങ്ങളിൽ ധാരാളം ജോലിയുണ്ടാകും. ഇടയ്ക്ക് തിരക്കിനിടയിൽ നിന്നെ ഓർമ്മ വരുമ്പോഴെല്ലാം സ്വയം ചോദിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയാത്ത ഒരു പയ്യനെപ്പറ്റി നീ എന്തിനോർക്കുന്നു?’

‘നീ സംസാരിക്കുന്നതു കേൾക്കാൻ എനിക്കിഷ്ടമാണ്.’

‘ഞാൻ കാര്യമല്ലേ പറയുന്നത്? നീ ഒരിക്കലെങ്കിലും എന്നെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞിട്ടുണ്ടോ? ഒപ്പം കിടക്കുമ്പോഴെങ്കിലും?’

അത ് ഉത്തരം പറയാൻ വിഷമമുള്ളതായിരുന്നു. വാസ്തവത്തിൽ താൻ അവളെ സ്‌നേഹിച്ചിരുന്നുവോ? ഉണ്ടെങ്കിൽ അതു സമ്മതിക്കുന്നതിനെന്തായിരുന്നു തടസ്സം?

‘നമുക്കു പുറത്തുപോകാം.’ സുഹാസൻ പറഞ്ഞു. ‘ഇതൊരു ഭ്രാന്തശാലയേക്കാൾ പരമായിരിക്കുന്നു’

പുറത്തു ദിവസത്തിന്റെ വൃദ്ധമുഖം വാടിയിരുന്നു. ബാറിലെ കൃത്രിമവെളിച്ചം എത്ര ചതിവുണ്ടാക്കുന്നതാണ്. പാക്ക്‌സ്ട്രീറ്റ് ഉണർന്നുകഴിഞ്ഞു. കൈ കോർത്തു നടക്കുമ്പോൾ രോഹിണി പറഞ്ഞു. ‘നമ്മൾ ഓഫീസ് വിട്ടു ദിവസേന നടക്കാനിറങ്ങിയത് ഓർക്കുന്നുണ്ടോ?’

‘ഉണ്ട്. നീ അതിൽ ഇപ്പോൾ വ്യസനിക്കുന്നുണ്ടോ?’

‘ഹും! ഞാൻ ഇതുവരെ ഒന്നിന്നും വ്യസനിച്ചിട്ടില്ല. നിനക്കറിയാമോ, അച്ഛൻ മരിച്ചത് എന്റെ പത്താം പിറന്നാൾ ദിവസമായിരുന്നു. അച്ഛൻ മരിച്ചിട്ടുപോലും ഞാൻ ഒരു തുള്ളികണ്ണീർ പൊഴിച്ചിട്ടില്ല. അന്നു മുതല്‌ക്കേ ഞാൻ ഒരു ‘ഭാഗ്യമില്ലാത്ത പെൺകുട്ടി’ യാണെന്ന് എല്ലാവരും പറഞ്ഞു. ഞാൻ കൂട്ടാക്കിയില്ല. ആർക്കും എന്നെ ഇഷ്ടമില്ലെന്ന ധാരണയും വെച്ചുപുലർത്തി ഞാൻ വളർന്നു. പതിനാലാം വയസ്സിൽ ഞാൻ മരിക്കേണ്ടതായിരുന്നു. എല്ലാവരും വിചാരിച്ചു ഞാൻ പിന്നെ ജീവിക്കില്ലെന്ന്. അന്നു ഞാൻ വൈശാഖിൽ അമ്മാവന്റെ ഒപ്പം താമസിക്കുകയായിരുന്നു. എനിക്കു ടൈഫോയ്ഡ് പിടിച്ചു. ഒരാഴ്ചയോളം ബോധമുണ്ടായിരുന്നില്ല. നേരിയ ബോധം വന്നപ്പോഴെല്ലാം കട്ടിലിന്നു കാല്ക്കൽ ഒരവ്യക്തരൂപം വന്നിരിക്കുന്നതു കണ്ടു. അത് ഒപ്പം പോകാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ പോകാൻ തയ്യാറായിരുന്നു. ഞാൻ പറഞ്ഞു, ഞാൻ വരാം. ആ രൂപം വീണ്ടും വീണ്ടും വന്നു. അതു വളരെ യഥാർത്ഥമായി തോന്നി. അതെന്നോടു വീണ്ടും വീണ്ടും അപേക്ഷിക്കുന്നതുപോലെ തോന്നി.

‘സുഖക്കേടു മാറിയപ്പോൾ ഞാൻ തിരിച്ചു കൽക്കത്തയ്ക്കു വന്നു. വീണ്ടും ആർക്കും ഇഷ്ടമില്ലാത്ത ഒരു കുട്ടിയെന്ന നിലയിൽ വളർന്നു. ജോലി കിട്ടിയപ്പോഴാണ് ആ ധാരണ പിന്നെയും മാറിയത്. നിനക്കെന്നെ സ്‌നേഹമാണെന്നു തോന്നി. ഒരു തോന്നൽ മാത്രം. അത് ആശ്വാസംതരുന്നതായിരുന്നു. അതിനുമുമ്പ് എന്നെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞ ഒരു വ്യക്തി വൈശാഖിലെ കസിൻ മാത്രമാണ്. എനിക്കിപ്പോഴും എഴുതാറുണ്ട്. അയാൾ പറയാറുണ്ട്, രോഹിണീ, നീ ഒരു അജ്‌വാണിയല്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ കല്യാണം കഴിച്ചിരുന്നു. സിന്ധി സമ്പ്രദായത്തിൽ ഒരു അജ്‌വാണിക്കു മറ്റൊരു അജ്‌വാണിയെ കല്യാണം കഴിക്കാൻ പാടില്ല.

‘അവസാനം നീയും എന്നെ ഉപേക്ഷിച്ചു. ഇതിലൊന്നും ഞാൻ കരഞ്ഞിട്ടില്ല. എല്ലാം വരുംപോലെ വരുമെന്നു കരുതി. ഞങ്ങൾ മൂന്നു സഹോദരിമാരാണല്ലോ ഉള്ളത്. ഞങ്ങൾക്കു ധാരാളം സ്ത്രീധനം കൊടുത്തല്ലാതെ വരനെ കിട്ടില്ല. അച്ഛൻ മരിക്കുമ്പോൾ അത്രയധികം സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. മൂത്ത രണ്ടു കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുമ്പോഴേക്കും അമ്മ തളരും. ഞാൻ ഇടയ്ക്കിടയ്ക്ക് അമ്മയോടു പറയാറുണ്ട്, അമ്മയുടെ കാലം കഴിഞ്ഞാൽ ഗ്രാന്റിൽ ഒരു പുതിയ കാബറെ ഡാൻസറെ കാണാമെന്ന്.’

മൈതാനത്തിലെ ഇരുട്ടിൽ വെളിച്ചത്തിന്റെ കൊച്ചു താവളങ്ങൾ. ചൗറങ്കിയിൽ ജനങ്ങളുടെയും വാഹനങ്ങളുടെയും പ്രവാഹം. ഒന്നും മാറിയിട്ടില്ല. ഈ പുരാതനനഗരത്തിൽ മാറ്റം അസാദ്ധ്യമായിരിക്കണം. ഇത് എന്നെന്നും ഇങ്ങനെയായിരുന്നു. ഇനി എന്നെന്നും ഇങ്ങനെത്തന്നെയായിരിക്കും.

ഇനി എങ്ങോട്ടു പോകുന്നു?

എങ്ങോട്ടു പോകണം?

എവിടെയായാലും ഒരു മാതിരിയാണ്. കണ്ടുമുട്ടുന്ന എല്ലാവരും, എല്ലാ സംഭവങ്ങളും, എല്ലാ പരിതഃസ്ഥിതികളും നിന്നെ നിരാശനാക്കുന്നു. ജീവിതവുമായുള്ള പൊരുത്തപ്പെടലിൽ നീ ഒരു പരാജയമാണ്. നിനക്കു പിന്മാറാം. നിന്റെ അസ്തിത്വം ഇതാ അസ്തമിക്കുന്നു.

‘ടാക്‌സി.’

‘എങ്ങോട്ടു പോകുന്നു?’ രോഹിണി ചോദിക്കുകയാണ്.

‘ഹോട്ടലിലേക്ക്, എന്റെ ഗുഹയിലേക്ക്.’

നിയോൺ പരസ്യങ്ങളുടെ പരമ്പരകൾ, വൈദ്യുത വിളക്കുകൾ, അവയ്ക്കു താഴെ നിഴലിലാണ്ട മനുഷ്യരുടെ മുഖങ്ങൾ. വികൃതമായ, മനോഹരമായ, ഭാവശൂന്യമായ, മുഖങ്ങൾ. കണ്ടു മറന്ന ഒരു സ്വപ്‌നത്തിന്റെ അസ്വസ്ഥമായ പുനരാവർത്തനം പോലെ, അവ ഒരേ സമയം മടുപ്പിക്കുന്നതും മോഹിപ്പിക്കുന്നതും ആയിരുന്നു.

‘നീ ദൽഹിയേപ്പറ്റി എന്താണ് ഒന്നും പറയാത്തത്?’

‘ഒന്നും പറയാനില്ലാത്തതു കൊണ്ട്. ജീവിതം വിരസമായിരുന്നു. വൃത്തിയുള്ള തെരുവീഥികൾ, ഒരേ അച്ചിനു വാർത്തെടുത്ത മഞ്ഞക്കെട്ടിടങ്ങൾ, നരിച്ചീറുകളുടേയും പക്ഷിക്കാഷ്ഠങ്ങളുടേയും രൂക്ഷഗന്ധമുള്ള പുരാതന ശവകുടീരങ്ങൾ. ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവരുള്ള നഗരം.

‘സായാഹ്നങ്ങളിൽ ലോഡി ഗാർഡനിൽ വേപ്പു മരങ്ങൾക്കു താഴെ പുല്ലിൽ ഇരിക്കും. വേപ്പിലകൾ താഴെ വീണു ചീഞ്ഞുണ്ടാകുന്ന സർപ്പഗന്ധം ശ്വസിച്ചു പുല്ലിൽ കിടക്കും. സൂര്യൻ അസ്തമിക്കും, ഇരുട്ടാകും, വഴിവിളക്കുകൾ കൺമിഴിക്കും. പിന്നെ രാത്രി വീണ്ടും പകലിലേക്കു യാത്രയാകും. വേറൊരു ദിവസം കൂടി.’

‘നീ മറ്റു പെൺകുട്ടികളുടെ ഒപ്പം കിടക്കാറില്ലേ?’

‘ഒരിക്കൽ.’

‘പറയൂ.’

‘ഒരു റിസപ്ഷനിസ്റ്റായിരുന്നു. ഒരു ആഫീസിൽ ബിസിനസ്സു കാര്യമായി പോയപ്പോൾ കണ്ടുമുട്ടി. ഇടയ്ക്കിടയ്ക്കു വൈകുന്നേരം അവളുടെ വീട്ടിലേക്കു ലിഫ്റ്റു കൊടുത്തു. ഒരു രാത്രി ഒപ്പം ഉറങ്ങാൻ സമ്മതിക്കുകയും ചെയ്തു. ഒരു ശനിയാഴ്ച അവൾ വന്നു. അവൾക്കു നിന്റെ അത്രതന്നെ നിറമുണ്ട്. നിന്നേക്കാൾ കുറച്ചുകൂടി തടിയും. പക്ഷേ, അവൾ ഒരു വേശ്യയെപ്പോലെ പെരുമാറി. എനിക്കു മടുത്തു. ഒരു വേശ്യയുടെ ഒപ്പം കിടക്കണമെന്നുണ്ടായിരുന്നില്ല. ഞാൻ രാത്രി തന്നെ അവളെ പറഞ്ഞയച്ചു. പിന്നീട് ആ സാഹസത്തിനു പോയിട്ടില്ല.’

‘നിന്റെ വിഷമങ്ങൾ വളരെയധികം അയഥാർത്ഥങ്ങളാണ്. രോഹിണി പറഞ്ഞു. നിനക്കവയെ തരണം ചെയ്യാൻ കഴിയില്ല. നീ വിവാഹത്തിന്നൊരുമ്പെടാത്തതു തന്നെ നിന്നെപ്പോലെ കിറുക്കുള്ള ഒരു കുട്ടിയെ കിട്ടാഞ്ഞിട്ടല്ലേ? ഫോക്ക്‌നറുടെ നോവലും, റീഡിന്റെ കലാസ്വാദവും ഒരേ താൽപര്യത്തോടെ വായിക്കുന്ന; ഗാലറികളിൽ അബ്‌സ്ട്രാക്ട് ചിത്രങ്ങളുടെ മുമ്പിൽ അലസമായി കണ്ണോടിച്ചു നടക്കുന്ന; ഷൂമാന്റേയോ, മൊത്‌സാർട്ടിന്റേയോ നീണ്ട സിംഫണികൾക്കു മുമ്പിൽ ചെവി കൂർപ്പിച്ചു മണിക്കൂറുകൾ ചെലവഴിക്കാൻ കഴിവുള്ള; ക്ഷമയുള്ള ഒരു പെൺകുട്ടിയെ നിനക്കു കിട്ടാൻ ഞാൻ ആംശസിക്കട്ടെ. അങ്ങനെ ഒരുത്തിയെ കിട്ടിയില്ലെങ്കിൽ നിന്റെ ജീവിതം എന്താകുമെന്ന് എനിക്കറിയാം.’

മുറിയിൽ രോഹിണിയുടെ നഗ്നമായ ശരീരത്തിന്റെ സ്പർശമേറ്റു കിടക്കുമ്പോൾ സുഹാസന്ന് എല്ലാം വ്യത്യസ്തമായി തോന്നി. തന്നെ സംബന്ധിക്കുന്നതും, അവളെ സംബന്ധിക്കുന്നതും. മുറിക്കു പുറത്ത് ജാലകത്തിന്നും പുറത്തെ വഴിവിളക്കിന്നും ഇടയിൽപ്പെട്ട് ശ്വാസം മുട്ടുന്ന അന്ധകാരത്തിന്റെ പിടച്ചിൽ എനിക്കറിയാം. എന്റെ യാത്ര വിഫലമായോ?

‘നീയെന്താണ് പെട്ടെന്നു മാറിയത്?’

സുഹാസൻ ഒന്നും പറഞ്ഞില്ല. അയാൾ ദൽഹിയിൽ വൈകിയെത്തുന്ന സന്ധ്യകളെ ഓർത്തു. രാത്രിയുടെ സുരക്ഷിതത്വത്തെത്തേടി അസ്വസ്ഥമായി ചരിക്കുന്ന സന്ധ്യകൾ. നിഴൽപോലെ സാമീപ്യത്തിൽ മാത്രം അറിയുന്നതും ഓർമ്മയിൽ അവ്യക്തമായി സ്വപ്നം പോലെ മാത്രം തങ്ങിനില്ക്കുന്നതുമായ സന്ധ്യകൾ. എന്തിനുവേണ്ടിയെന്നറിയാതെ, ലക്ഷ്യമില്ലാതെ, മങ്ങിയ തെരുവുകളിൽക്കൂടി അലഞ്ഞുതിരിഞ്ഞ സന്ധ്യകൾ.

‘നീ വലുതായിരിക്കുന്നു.’ സുഹാസൻ പറഞ്ഞു.

രോഹിണി ചിരിച്ചു. ചെവിയിൽ മന്ത്രിച്ചു; ‘എന്റെ ഏതവയവമാണ് വലുതായിരിക്കുന്നത്?’

‘നീ തെറിപറച്ചിൽ ഇനിയും നിർത്തിയിട്ടില്ല, അല്ലേ?’

‘ഇപ്പോൾ പറയാറില്ല. ആരോടു പറയാനാണ്?’

‘ഉണ്ടല്ലൊ. ഓഫീസിൽത്തന്നെ ധാരാളം ചെറുപ്പക്കാരും കിഴവന്മാരും നിന്റെ പിന്നാലെ നടക്കുന്നുണ്ടല്ലൊ.’

‘ഞാൻ അവരെയെല്ലാം എങ്ങനെയാണു കണക്കാക്കുന്നതെന്നു നിനക്ക് നന്നായി അറിയാമല്ലൊ.’

‘സുരാജ് ചൗധരി?’

‘നീ വളരെ അസൂയാലുവാണ്. സുരാജ് ചൗധരിയുമായി എനിക്ക് യാതൊരിടപാടുമില്ലെന്ന് പറഞ്ഞില്ലേ?’

‘നീ അയാളുടെ ഒപ്പം ട്രിൻകാസിൽ ജാംസെഷനു പോയതോ?’

‘എപ്പോൾ?’

‘ഞാൻ ദില്ലിക്കു പോയതിനു ശേഷം.’

‘ഇല്ല.’

‘ഉണ്ട്.’

‘ഇല്ല.’

‘ഉണ്ട്. എനിക്കറിയാം.’

‘ശരിയാണ്. ഒരിക്കൽ പോയി. കാരണവുമുണ്ടായിരുന്നു. പക്ഷേ, നീ അതറിയണമെന്നുണ്ടായിരുന്നില്ല.’

‘എന്തായിരുന്നു കാരണം?’

‘നിന്നോടു പറയില്ല.’

‘എനിക്കറിയാം. നിനക്കയാളെ ഇഷ്ടമാണ്. അതുതന്നെ. അതു സമ്മതിച്ചുകൂടേ?’

‘ചൗധരിയെ ഇഷ്ടമാവുകയോ? നീയെന്തൊരു വിഡ്ഢിയാണ്! ഒന്നാമതായി അയാൾ വിവാഹിതനാണ്. ഇനി അല്ലെങ്കിൽത്തന്നെ, അയാളിൽ ഇഷ്ടപ്പെടാവുന്നതായി ഒന്നും ഞാൻ കാണുന്നില്ല. അയാൾ ഒരു ഉണക്കമത്സ്യത്തെപ്പോലെ മെലിഞ്ഞിട്ടാണ്. എനിക്കു മെലിഞ്ഞ ആൾക്കാരെ ഇഷ്ടമല്ലെന്നു നിനക്കറിഞ്ഞുകൂടേ?’

‘എനിക്കു മനസ്സിലാവുന്നില്ല.’ അയാൾ പറഞ്ഞു. ‘നിനക്കയാളെ ഇഷ്ടമല്ലെന്നു പറയുന്നു. അയാളുടെ ഒപ്പം പോകുകയും ചെയ്യുന്നു.’

രോഹിണി ഒന്നും പറഞ്ഞില്ല. ദേഹത്തിൽ തഴുകുന്ന മാർദ്ദവമുള്ള കൈകൾ നിശ്ചലങ്ങളാകുന്നതും വീണ്ടും സാവധാനത്തിൽ ചലിക്കുന്നതും സുഹാസൻ ശ്രദ്ധിച്ചു.

‘നീയെന്താണ് നിശ്ശബ്ദയായത്?’

അവൾ ചിരിച്ചു. വേദന കലർന്ന ചിരി.

‘ഞാൻ ഒരു പെൺകുട്ടിയെപ്പറ്റി ആലോചിക്കുകയായിരുന്നു. ഏകാകിയായ ഒരു ചെറിയ പെൺകുട്ടി. ചാടിക്കളിച്ച് അരികിലെത്തുന്ന കറുത്ത ആട്ടിൻ കുട്ടിയോടു ചോദിക്കുന്നു. നിന്റെ കൈയിലെന്താണുള്ളത്? ആട്ടിൻ കുട്ടി മറുപടി പറയുന്നു. മൂന്നു സഞ്ചി കമ്പിളി രോമം. ഒന്ന് എന്റെ യജമാനന്, ഒന്ന് യജമാനത്തിക്ക്. ഒന്ന് അടുത്ത തെരുവിൽ താമസിക്കുന്ന ആൺകുട്ടിക്കും. അജ്ഞാതനായ ആ ആൺകുട്ടിയെപ്പറ്റി ഞാൻ ആലോചിക്കാറുണ്ട്. അവൻ എന്നെപ്പോലെ ഏകാകിയായിരുന്നു. എനിക്കവനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞെങ്കിൽ!’

‘ഞാൻ നിന്നെ വേദനിപ്പിക്കണമെന്നുദ്ദേശിച്ചില്ല, രോഹിണി.’ സുഹാസൻ പറഞ്ഞു. ‘എനിക്ക് ചൗധരിയെ ഇഷ്ടമല്ല. അതുകൊണ്ട് നീ അയാളുടെ ഒപ്പം പോയത് ഇഷ്ടമായില്ല. അത്രയേ ഉള്ളൂ.’

‘എനിക്കും അയാളെ വെറുപ്പായിരുന്നു. ഇത്ര വയസ്സായിട്ടും, ഭാര്യയും കുട്ടികളുമുണ്ടായിട്ടും അയാൾ ശൃംഗരിക്കാൻ വന്നിരുന്നു. പക്ഷേ, ഒരു ദിവസം അയാൾ നിന്നെക്കുറിച്ച് വളരെ നന്നായി പറഞ്ഞു. നീ നല്ല ചെറുപ്പക്കാരനാണെന്നും, നിന്നെ കല്യാണം കഴിച്ചാൽ നല്ല യോജിപ്പായിരിക്കും എന്നും മറ്റും മണിക്കൂറോളം നിന്നെപ്പറ്റിത്തന്നെ അയാൾ സംസാരിച്ചു. അയാൾ ആത്മാർത്ഥമായാണോ സംസാരിക്കുന്നതെന്നൊന്നും ഞാൻ നോക്കിയില്ല. നീ എന്നെ വിവാഹം ചെയ്യില്ലെന്നും എനിക്കറിയാം. പക്ഷേ, ആ ചിന്ത വളരെ സന്തോഷം തരുന്നതായിരുന്നു. ഒരു കുട്ടിക്കു കിട്ടിയ പുതിയ കളിക്കോപ്പു പോലെ താലോലിക്കപ്പെടാവുന്നതായിരുന്നു. അതുകൊണ്ട് ഞാൻ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങി. അതു പറഞ്ഞ ദിവസം അയാൾ എന്നെ ഒപ്പം കിടക്കാൻ വിളിച്ചാലും ഞാൻ പോകുമായിരുന്നു. ഭാഗ്യത്തിന്ന് അയാൾ അതാവശ്യപ്പെട്ടില്ല. ഡാൻസുചെയ്യാൻ മാത്രമേ വിളിച്ചുള്ളു. നിനക്കെന്നോടു ദേഷ്യമുണ്ടോ?’


മുറിക്കു പുറമേ, ജാലകത്തിനും വഴിവിളക്കിനും ഇടയിൽ അസ്വസ്ഥമായി പിടയുന്ന ഇരുട്ടിന്റെ ശകലം. തടഞ്ഞു വെച്ച ഏകാന്തതയുടെ കരച്ചിൽ എത്ര അടുത്താണ്? ഞാൻ എത്ര ദൂരം സഞ്ചരിച്ചു! നിനക്കു വേണ്ടി. നിന്നിൽ നിന്നകലാൻ വേണ്ടി.