close
Sayahna Sayahna
Search

പ്രസാധകക്കുറിപ്പ്


“ഭ്രാന്തരാവുക നാമു,മതിനാല്‍ സ്വപ്നങ്ങള്‍തന്‍ കാന്തരാവുക", എന്ന് മലയാളകവിതയെ മാറ്റിമറിച്ച കവി അയ്യപ്പപ്പണിക്കര്‍. മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന അനേകം സ്വപ്നങ്ങളുടെ — മനുഷ്യന്റെ വര്‍ത്തമാന, ഭാവി ജീവിതത്തെപ്പറ്റിയുള്ള മഹത്തായ സ്വപ്നങ്ങളുടെ — കാന്തനായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്. അവനവന്‍ കേന്ദ്രീകൃതമായ ജീവിതശൈലിയില്‍നിന്ന് മാറി, തന്റെ ചുറ്റുപാടുമുള്ള അയല്‍ക്കാരിലേയ്ക്കു്‌ ശ്രദ്ധയും താല്പര്യവും വളര്‍ത്തുക, അവരുടെ ജീവിതം സുഗമമാക്കാന്‍ തന്നാലാവുന്നതു ചെയ്യുക, അങ്ങനെയുണ്ടാവുന്ന ‘അയല്‍ക്കൂട്ടങ്ങള്‍ ’ വഴി, പരസ്പര സഹകരണം വഴി, നാടിനാകെ സമാധാനവും ശാന്തിയും സംതൃപ്തിയും നിറഞ്ഞ ജീവിതം സാധ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ കാതല്‍.

അങ്ങേയറ്റം ലളിതവും സാധാരണവും അതേ സമയം ഏറ്റവും ആദര്‍ശവല്‍കൃതവുമായ ഈ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിലേക്കായി പങ്കജാക്ഷക്കുറുപ്പ് നടത്തിയ പരീക്ഷണങ്ങളുടേയും അഗാധമായ മനനത്തിന്റെയും പരിണിതഫലമാണ് ‘പുതിയ ലോകം പുതിയ വഴി ’ എന്ന ഈ പുസ്തകം. ലളിതവല്‍ക്കരണത്തിലൂടെ വിഷയത്തിന്റെ ഗൗരവവും ഗാംഭീര്യവും ചോര്‍ന്നു പോകാന്‍ ഇടയാക്കാതെ, എന്നാല്‍ ഏറ്റവും ലളിതമായ രീതിയില്‍ ഗഹനമായ സാമൂഹ്യ യാത്ഥാര്‍ത്ഥ്യങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ക്രിയാത്മകമായ ഇടപെടലുകളിലും അധിഷ്ഠിതമായ ഒരു നവ സമൂഹം ഉയര്‍ന്നുവരണം എന്ന് കാംക്ഷിക്കുന്ന ‘സായാഹ്ന ’യ്ക്ക് ഇത്തരം ഒരു കൃതി പ്രസിദ്ധീകരിക്കാനായതില്‍ സന്തോഷമുണ്ട്.

1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ. പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

സായാഹ്ന പ്രവര്‍ത്തകര്‍