എന്തുകൊണ്ട് ചിന്തിക്കുന്നില്ല?
കേശു: പുതിയൊരു നാളെയെപ്പറ്റി നാം ചിന്തിക്കുന്നമാതിരി എല്ലാവരും ചിന്തിക്കാറുണ്ടാകുമോ? സാറിന് എന്തു തോന്നുന്നു.
ഞാന്‍: അവിടെയാണ് മാറ്റത്തിന്റെ തടസ്സക്കല്ല് കിടക്കുന്നതെന്ന് ഞാന്‍ കരുതുന്നു. നാം എന്തു വിചാരിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം എല്ലാവരും വിചാരിക്കാറുണ്ടോ എന്നതുതന്നെയാണ്.
കേശു: എല്ലാവരും വ്യവസ്ഥിതിയെ തള്ളിപ്പറയുന്നതായി കാണുന്നുണ്ട്.
രാജു: അതുകൊണ്ടായില്ല. നാളെയെപ്പറ്റി അവര്‍ക്കു വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടോ? അതിന്റെ സാക്ഷാത്കാരത്തിനായിട്ടാണോ ഇന്നിനെ വിമര്‍ശിക്കുന്നത്? അതാണറിയേണ്ടത്.
ഞാന്‍: എന്റെ വേദനാജനകമായ നിഗമനം പുതിയ ലോകത്തെപ്പറ്റി ഭാവന ചെയ്യുന്നവര്‍ ഇന്നു ലോകത്തു വളരെ കുറവാണെന്നാണ്.
രാജു: ഈ വ്യവസ്ഥിതിയുടെ വേദന നിത്യേന അറിഞ്ഞുകൊണ്ടിരിക്കുന്ന ലോകം എന്തുകൊണ്ട് മോചനത്തെപ്പറ്റി ചിന്തിക്കുന്നില്ല.
നവ: സ്വതന്ത്രചിന്താശീലം പൊതുവേ കുറഞ്ഞുവരികയാണ്. എന്നാല്‍ പഠനം കൂടിവരുന്നുണ്ട്. പഠിപ്പിക്കുക, പഠിക്കുക ഇതു രണ്ടും വേണ്ടതിലെത്രയോ അധികം നടക്കുന്നുണ്ട്. എന്നാല്‍ നവസമൂഹരചനയെ ലക്ഷ്യമാക്കിയുള്ള ചിന്തനം, ഭാവന, പ്രവര്‍ത്തനം ഇതൊക്കെ കുറഞ്ഞുകുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്.