സൂക്ഷിച്ചു വച്ച മയിൽപ്പീലി
സൂക്ഷിച്ചു വച്ച മയിൽപ്പീലി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | സൂക്ഷിച്ചുവച്ച മയിൽപ്പീലി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 100 |
രാജി അവളുടെ മനസ്സിന്റെ വാതായനങ്ങൾ ജീവിതത്തിൽ ആദ്യമായി മലർക്കെ തുറന്നിടുകയാണ്. മൂന്നു കൊല്ലത്തെ സഹവാസത്തിനുള്ളിൽ ദിവാകരന് അങ്ങിനെയൊരനുഭവമുണ്ടായിട്ടില്ല. ആദ്യമായി ദിവാകരൻ ഒരു ശ്രോതാവായി. സാധാരണയുള്ള റോളിൽ നിന്നു വ്യത്യസ്തം. സാധാരണ ദിവാകരൻ സംസാരിക്കുകയും രാജി കേട്ടുകൊണ്ടിരിക്കുകയുമാണ് പതിവ്. അവൾ അത്യാവശ്യം സംസാരിക്കുകയേ ചെയ്യൂ. കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ അത് പല തെറ്റിദ്ധാരണകൾക്കും വഴിവെച്ചു. അയാൾ ചോദിക്കും.
രാജിക്കെന്നെ ഇഷ്ടാവാതെ കല്യാണം കഴിച്ചതാണോ?
അല്ലല്ലൊ. രാജി പറയും. അത്ര മാത്രം. പക്ഷേ ദിവാകരൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. തന്നെ ഇഷ്ടമാണെന്ന് പറയണം. തന്നെയല്ലാതെ വേറെ ആരെയും സ്നേഹിച്ചി ട്ടില്ല എന്നെല്ലാം. അവൾ ഒന്നും പറയാതെ തന്നോട് ചേർന്നു കിടക്കും. പക്ഷേ അവൾ ദു:ഖിതയാണെന്ന് അവളുടെ മുഖം വിളിച്ചുപറയും. പിന്നീട് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അത് അവളുടെ സ്ഥായിയായ ഭാവമാണെന്നും തന്നോടുള്ള സ്നേഹക്കുറവല്ലാ എന്നും ദിവാകരന് മനസ്സിലായത്. പിന്നെ പതുക്കെ, വളരെ പതുക്കെ അവളുടെ ബാല്യത്തിന്റെ ചെപ്പു തുറന്നു. മഴകൊണ്ട് ആകാശംമൂടിയ ഒരു സായാഹ്നത്തിൽ തന്റെ കൈകളിൽ ഒരു സംഭോഗാലസ്യത്തിൽ കിടക്കുമ്പോൾ, അല്ലെങ്കിൽ നഗരവിളക്കുകളുടെ പ്രഭയിൽ മങ്ങപ്പെട്ട നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്ന ആകാശത്തിനു താഴെ ബീച്ചിലെ മണലിൽ ഇരിക്കുമ്പോൾ അവൾ ദു:ഖമയമായ തന്റെ ബാല്യകാലത്തിന്റെ ഏടുകൾ ലുബ്ധോടെ തുറന്നു. ചില നൈമിഷികപ്രകാശത്തിന്റെ ക്ഷണികമായ മിന്നലുകൾ മാത്രം. ഉടനെ വാതിലുകൾ അടക്കപ്പെടും. അവൾ ഒരിക്കലും ഒന്നും വിശദമാക്കിയില്ല. പക്ഷേ പറയപ്പെട്ട വാക്കുകളിൽ ഒരു വികാരപ്രപഞ്ചം മുഴുവൻ ഒതുങ്ങി നിൽക്കുന്നത് ദിവാകരൻ ശ്രദ്ധിക്കാറുണ്ട്.
ബോംബെയിൽനിന്ന് ഒരു മാസത്തെ ലീവിൽ വരുമ്പോഴൊന്നും അവർ തറവാട്ടിൽ പോയിരുന്നില്ല. തൃശൂരിൽ രാജിയുടെ അച്ഛന്റെയും അമ്മയുടെയും അടുത്തു കൂടും. അമ്മ ഓരോ പ്രാവശ്യവും നിർബ്ബന്ധിക്കും. മോളെ നീ അമ്മായിയെ പോയി കാണ്ണില്ലേ?
സമയമായിട്ടില്ലമ്മേ. രാജിപറയും. സമയമാകുമ്പോൾ ഞാൻ പോകും. എനിക്ക് ചോദിക്കേണ്ടത് ഞാൻ ചോദിക്കും.
അമ്മ പിന്മാറും. ദിവാകരന്റെ മുമ്പിൽ വെച്ച് മകൾ അങ്ങനെ സംസാരിക്കുന്നത് അവർ ഇഷ്ടപ്പെട്ടില്ല. മകളുടെ പെരുമാറ്റം അവർക്ക് ഭയമുണ്ടാക്കി. കുടുംബത്തിലെ സ്വരച്ചേർച്ചയില്ലായ്മ മരുമകന്റെ മുമ്പിൽ വെച്ച് വെളിപ്പെടുന്നത് അവർ ഇഷ്ടപ്പെട്ടില്ല. അവളെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കാതിരിക്കാൻ അവർ ശ്രമിച്ചു.
ഒരിയ്ക്കൽ രാജിയില്ലാത്ത അവസരത്തിൽ ദിവാകരൻ അമ്മയോട് ചോദിച്ചു. എന്താണ് രാജിയുടെ പ്രശ്നം.
എല്ലാം അവളുടെ ഭാവനയാണ്. അമ്മ പറയും. ആർക്കും അവളെ ഇഷ്ടല്ല്യായ ഒന്നും ഇല്ല. ഞങ്ങളൊക്കെ എത്ര പറഞ്ഞതാണ്. അവൾക്ക് മനസ്സിലാവണ്ടെ. അവര് പാവം വയസ്സായ സ്ത്രീയല്ലേ? ഓരോ പ്രാവശ്യവും നിങ്ങള് വന്നൂന്നറിഞ്ഞാൽ ചോദിക്കും എന്തേ രാജി ഇങ്ങട്ടൊന്നും വരാഞ്ഞത്ന്ന്. ഞാൻ എന്താ പറയ്വാ? സമയം കിട്ടീല്ല്യാന്ന് പറയും. ഇവിട്ന്ന് ആകെ പത്തു കിലോ മീറ്റർ ദൂരമേയുള്ളു. പതിനഞ്ചു മിനിറ്റ് കൂടുമ്പോൾ ബസ്സുംണ്ട്.
കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് അവർ പോയതാണ്. ആ നാലുകെട്ട് ദിവാകരന് ഓർമ്മയുണ്ട്. നിറയെ മരങ്ങളുള്ള ഒരു പറമ്പ്. പടി കടന്നാൽ കുളിർമ്മ അനു ഭവപ്പെടും. വിശാലമായ മുറ്റം നിറയെ മണൽ വിരിച്ചിരിക്കുന്നു. തണുത്ത സിമന്റു തിണ്ണകൾ. സിമന്റിട്ടു മിനുസപ്പെടുത്തിയ ചുവന്ന നിലം. ചിത്രപ്പണികളുള്ള വാതിലുകൾ. വാതിലുകൾക്കും ജനലുകൾക്കും മുകളിൽ കമാനങ്ങൾ ഉണ്ടാക്കിയിരുന്നു. മരത്തിന്റെ തട്ടിട്ട കുളിർമയുള്ള മുറികൾ. അവർ മെയ് മാസത്തിലാണ് പോയത്. എന്നിട്ടും മുറികളിൽ തങ്ങിനിന്ന തണുപ്പ് അത്ഭുതമായിരുന്നു.
എന്റെ അച്ഛൻ ജനിച്ച വീടാണിത്. മുകളിൽ ഒരു ചെറിയ മുറിയിലെത്തിയപ്പോൾ രാജി പറഞ്ഞു. ഞാൻ കുട്ടിക്കാലത്ത് കുറച്ചുകാലം ഉപയോഗിച്ചിരുന്ന മുറിയാണിത്.
ജനലിലൂടെ നോക്കിയാൽ തൊടിയിലെ മരങ്ങൾക്കിടയിലൂടെ പച്ചപിടിച്ച വയൽ കാണാം. അതിനുമപ്പുറത്ത് പുഴയുടെ മണൽ. മണൽമാത്രം. വെള്ളം കാണാൻ പറ്റുന്നില്ല.
ഈ ജനലിൽ ഇരുന്ന് ഞാൻ കരയാറുണ്ട്.
എന്തിനെന്നവൾ പറഞ്ഞില്ല. അവളെ സംബന്ധിക്കുന്ന എന്തിന്നും ഒരു രഹസ്യാത്മകതയുണ്ടായിരുന്നു. ദിവാകരന് ഇഷ്ടപ്പെടാത്തതും എന്നാൽ അതേ സമയം മോഹിപ്പിക്കുന്നതുമായ ഒരു നിഗൂഢത.
പിന്നെ അവൾ ഒരു ചുമരലമാര തുറന്നു. അതിൽ അടുക്കിവെച്ച പഴയ സാധനങ്ങളി ൽ നിന്ന് ഒരു ചെറിയ പെട്ടി പുറത്തെടുത്തു. ബിസ്ക്കറ്റിന്റെ പെട്ടിയാണത്. അതിന്റെ മൂടി തുരുമ്പു പിടിച്ചിരുന്നു. ഒരു ആണിയെടുത്ത് അവൾ അതിന്റെ മൂടി തിക്കിത്തുറന്നു. അതിൽ തലമുടി കെട്ടുന്ന ഒരു റിബ്ബണും, രണ്ടുകളർ ചോക്കും, രണ്ടുമൂന്നു മയിൽപ്പീലികളുമുണ്ടായിരുന്നു.
ഞാൻ അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇവിടെ നിന്ന് പോയത്. അപ്പോൾ വെച്ചു പോയതാണ് ഈ പെട്ടി. രണ്ടു മിനിറ്റ് നേരം അവൾ ആ പെട്ടിയും മടിയിൽ വെച്ച് കസേരയിൽ ഇരുന്നു; പെട്ടിമേൽ, ഒരു ചെറിയ കുട്ടിയെയെന്ന പോലെ, താലോലിച്ചുകൊണ്ട്. പിന്നെ അത് തിരിച്ച് അലമാരിയിൽ വെച്ച് അവൾ പറഞ്ഞു. അതിൽ ഒരു മയിൽപ്പീലി ഞാൻ ജാനകിക്കു കൊടുക്കാമെന്ന് പറഞ്ഞതായിരുന്നു. കൊടുക്കാൻ പറ്റിയില്ല. അപ്പോഴേക്ക് ഞാൻ സ്ക്കൂൾ വിട്ടു.
ആരാണ് ജാനകി?
എന്റെ ഒപ്പം അഞ്ചിൽ പഠിച്ചിരുന്ന കുട്ടി.
അന്നാണ് ഞാൻ ആദ്യമായും അവസാനമായും ആ തറവാട്ടിലേക്ക് പോയതെന്ന് ദിവാകരൻ ഓർത്തു. ഈ പ്രാവശ്യം പോകാൻ രാജി തയ്യാറാവുമോ ആവോ.
അമ്മായി തീരെ സുഖല്ല്യാതെ കിടക്ക്വാണ്. അമ്മ പറഞ്ഞു. നീ പോയി ഒന്നു കാണ്വാ നല്ലത്. അടുത്ത കൊല്ലം ഒരു പക്ഷേ കാണാൻ കഴിഞ്ഞില്ല്യാന്ന് വരും.
രാജി ഒന്നും പറഞ്ഞില്ല. പോവില്ലെന്നു പറയാത്തതുകൊണ്ട് ഒരുപക്ഷെ പോയേക്കാമെന്ന ഒരു തോന്നലുണ്ടായി ദിവാകരന്. അതു ശരിയാണെന്ന് വൈകുന്നേരത്തെ സംഭവങ്ങൾ തെളിയിച്ചു.
ചായ കുടികഴിഞ്ഞപ്പോഴാണ് രാജി പറഞ്ഞത് നമുക്ക് തറവാട്ടിലേക്ക് പോകാം.
ഉച്ചയൂണുകഴിഞ്ഞശേഷം താൻ മോളുടെ ഒപ്പം മുകളിൽ കിടന്നുറങ്ങുകയായിരുന്നു. അമ്മയും രാജിയും കൂടി താഴെയാണ് കിടന്നത്. തീർച്ചയായും അമ്മ അത്രയും സമയം അവളെ ഉപദേശിക്കുകയായിരു ന്നിരിക്കണം, കെഞ്ചുകയായിരുന്നിരിക്കണം. എന്തായാലും പോകാൻ തീർച്ചയാക്കിയല്ലോ. അയാൾക്കു സമാധാനമായി. രാജിയുടെ മോളെ കാണണമെന്ന് അമ്മായി പറയാൻ തുടങ്ങിയിട്ട് മാസങ്ങളായത്രെ. ഒരു പക്ഷേ അടുത്ത പ്രാവശ്യം ലീവിൽ വരുമ്പോഴേക്കും വൈകിയെന്നിരിക്കും.
ഇടതുഭാഗം തളർന്നിരിക്ക്യാണ്. അമ്മ പറഞ്ഞു. കുറേശ്ശ സംസാരിക്കും. ഒന്നും വ്യക്തായി മനസ്സിലാവില്ല. ഒപ്പം കാൻസറിന്റെ സംശയോണ്ട്. വല്ലാതെ കെടക്കാതെ കഴിഞ്ഞ് കിട്ട്യാ മത്യായിരുന്നു.
അവർ അഞ്ചുമണിയോടെ പുറപ്പെട്ടു. നാട്ടിൻ പുറത്തേക്കുള്ള റോഡുകൾ ഇത്ര വീതി കുറഞ്ഞതും വളവുകളുള്ളതുമാണെന്ന് ദിവാകരൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. കല്യാണം കഴിഞ്ഞ സമയത്ത് കാറിലാണ് പോയിരുന്നത്. അന്ന് സമയം പോയതറിഞ്ഞതുമില്ല. ഇന്നത്തെ ബസ്സിന്റെ ഡ്രൈവറും മോശമായിരുന്നു. പത്തു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ എടുത്ത സമയം അമ്പതു മിനിറ്റ്. മോൾ, പക്ഷെ യാത്ര പരമാവധി ആസ്വദിച്ചു. കുഞ്ഞിക്കണ്ണുകൾകൊണ്ട് ഒരു മരം നോക്കുമ്പോഴേക്കും അത് പിന്നിലേക്ക് പോകും. അപ്പോഴേയ്ക്കും വേറെ ഒരു മരം കണ്ണിൽ പെടും. പിന്നെ അതും പിന്നിലേക്ക് പോവും. മരങ്ങൾ അവളുടെ ഇഷ്ടതോഴന്മാരായിരുന്നു. മരങ്ങളോ ചെടികളോ അടുത്തുണ്ടെങ്കിൽ അവൾ എത്രസമയം വേണമെങ്കിലും അവളുടെതായ ഭാഷയിൽ അവരോട് സംസാരിച്ചു കൊണ്ടിരിക്കും. കാറ്റിൽ ചില്ലകൾ ആടുമ്പോൾ, ആ മരങ്ങൾ അവളോട് സംസാരിക്കുകയാണെന്നാണ് ഭാവം.
രാജിയുടെ മുഖം മ്ലാനമായിരുന്നു. യാത്രയ്ക്കിടയിൽ അവൾ ഒന്നും സംസാരിച്ചില്ല.
ഇറങ്ങേണ്ട സ്ഥലമായപ്പോൾ അവൾ പറഞ്ഞു. നമുക്കിറങ്ങേണ്ട സ്ഥലായി.
പടിപ്പുരയുടെ മുമ്പിൽത്തന്നെയാണ് ബസ്സ് നിന്നത്. ബസ്സിറങ്ങി നടക്കുമ്പോൾ ആദ്യം അനുഭവപ്പെട്ടത് അന്തരീക്ഷത്തിലെ ഓജസ്സാണ്. പലതരം പൂക്കളുടെ വാസന. ഏതു പൂക്കളുടേതാണെന്ന് ദിവാകരന് മനസ്സിലായില്ല. തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഈ ഏപ്രിൽ മാസത്തിലും തണുത്ത കാറ്റോ? പതിനൊന്നു മാസം ബോംബയിലെ ചുടിലും, ഒരു മാസം തൃശൂരിലെ ചൂടിലും കഴിയുന്ന അയാൾക്ക് ഈ പൂക്കളുടെ വാസനയുള്ള തണുത്ത ഉന്മേഷം പകരുന്ന കാറ്റ് ഒരത്ഭുതമായിരുന്നു. എല്ലാം നശിച്ചിട്ടില്ലെന്ന ഒരു തോന്നൽ അയാളിലുണ്ടായി.
രാജി പതുക്കെ നടക്കുകയാണ്. അവൾക്ക് ലക്ഷ്യത്തിലെത്താൻ ഒരു ധൃതിയുമുണ്ടായിരുന്നില്ല. പടിപ്പുര കടന്ന് മുറ്റത്തെത്തിയപ്പോഴാണ് ദിവാകരൻ മുന്നിൽ ഉയർന്നു കണ്ട നാലു കെട്ട് ശ്രദ്ധിച്ചത്. ഓർമ്മയി ലുണ്ടായിരുന്ന വീടിന് ഇത്ര പഴക്കമില്ലാ യിരുന്നു. മുമ്പിൽ കണ്ട കെട്ടിടത്തിന് വയസ്സായിരിക്കുന്നു. പെട്ടെന്ന് തകർച്ചയുടെ വക്കിലെത്തിയ പോലെ. ഓടുകൾ പലയിടത്തും പൊട്ടിയിരിക്കുന്നു. ചോർച്ചയുണ്ടായ ചുവന്ന പാടുകൾ ചുമരിൽ. ജനൽ പാളികളുടെ പോളീഷ് പോയി നരച്ചിരുന്നു. തകർച്ചയുടെ അപ്രതീക്ഷിതവും ശോചനീയവുമായ ദൃശ്യങ്ങൾ. അയാൾക്കെന്തോ വളരെ വ്യസനം തോന്നി. ഇനി കാണാൻ പോകുന്ന ദൃശ്യങ്ങളും അത്ര നന്നാവാൻ പോകുന്നില്ലെന്ന മുന്നറിയിപ്പ് ദിവാകരനുണ്ടായി.
പൊട്ടിത്തുടങ്ങിയ ഒതുക്കുകൾ കയറുമ്പോൾ വല്ല്യമ്മ അകത്തു നിന്നു വന്നു.
അല്ല ആരാണിത്? നീയൊന്നും ഇനി ഇങ്ങോട്ടു വരില്ല്യാന്നല്ലേ ഞാൻ വിചാരിച്ചത്.
അവർ ധൃതിയിൽ നടന്നുവന്ന് ദിവാകരന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ ഏറ്റു വാങ്ങി.
മോളറിയ്യോ ഈ വല്ല്യമ്മേ?
അവൾ, ബലാൽക്കാരമായി തന്നെ പിടിച്ചുവാങ്ങിയ സ്ത്രീയെ പകച്ചു നോക്കി. പാടെ നരച്ച തലമുടി, ചുളിഞ്ഞു തുടങ്ങിയ മുഖം. അവൾ പക്ഷേ കരഞ്ഞില്ല. നാട്ടിലെത്തിയാൽ ഇങ്ങിനെയുള്ള മിന്നലാക്രമണങ്ങ ളെല്ലാം ഉണ്ടാവുമെന്ന് അവൾ ഇതിനകം മനസ്സിലാക്കിയിരിക്കണം.
എത്ര മാസായി ഇവൾക്ക്?
ആറ്.
വല്ല്യമ്മ അവളെ വിട്ടു പിടിച്ചു, മുഖം പരിശോധിച്ചു.
രാജി തന്ന്യാ.
അമ്മായിക്ക് എങ്ങിനെണ്ട്? ദിവാകരൻ ചോദിച്ചു.
അങ്ങിനെത്തന്നെണ്ട് കുട്ടീ. അവർ ശബ്ദം താഴ്ത്തി പറഞ്ഞു. ഒരേ കെടത്താണ്. ഇടത്തെ ഭാഗം അങ്ങിനെ തളർന്നിരിക്കുന്നു.
ചായ കുടിച്ചിട്ട് കാണാം. ഇപ്പോൾ കണ്ടിട്ടും വല്ല്യ കാര്യൊന്നൂല്ല്യ. വേദനക്കുള്ള ഗുളിക കൊടുത്തിരി ക്ക്യാണ്. അത് കൊടുത്താൽ നല്ല ഉറക്കാണ്. ഇനി നാളെ രാവിലെയേ ഉണരൂ.
വന്ന കാല്മ്മല് നിക്കണ്ട, ഇരിക്കൂ.
സിമന്റിട്ട ചുവന്ന നിലം മിനുസമുണ്ടായിരുന്നു. നിലത്തു കിടത്തിയപ്പോൾ മോൾ നീന്തിക്കളിക്കാൻ തുടങ്ങി.
മുട്ടുകുത്തിത്തുടങ്ങിയിട്ടില്ലേ?
ശ്രമിക്ക്ണ്ണ്ട്. ദിവാകരനാണ് പറഞ്ഞത്. രാജി അപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല.
നീ വാ, വല്ല്യമ്മ അവളെ വിളിച്ചു. നമുക്ക് ചായയുണ്ടാക്കാം. എനിക്ക് നിന്റെ വിശേഷങ്ങളൊക്കെ അറിയണം.
വല്ല്യമ്മയും രാജിയും അകത്തേക്കു പോയപ്പോൾ ദിവാകരൻ മോളേയുമെടുത്ത് മുറ്റത്തിറങ്ങി. മുറ്റത്തെ മണൽ അയാളുടെ കാലടികളെ നോവിക്കാതെ സ്വീകരിച്ചു. അയാൾ വീണ്ടും ഒരു കുട്ടിയായി മാറി. മോൾക്ക് നടക്കാ നായിരുന്നെങ്കിൽ ഈ മണലിൽ ഓടിക്കളിക്കാമായിരുന്നു.
മുറ്റത്തിന്നരികിലുള്ള ചെമ്പരത്തിപ്പൂക്കൾ മോൾ കൗതുകത്തോടെ നോക്കി.
അവർ തളത്തിലിരുന്ന് ചായ കുടിച്ചു. മൂന്നുകൊല്ലം മുമ്പ് ഒരു ദിവസം ഈ തളത്തിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചത് അയാൾ ഓർത്തു. അമ്മായിയായിരുന്നു വിളമ്പിത്തന്നത്. അവർ വളരെ സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. രാജിയുടെ പെരുമാറ്റത്തിലും അകൽച്ചയൊന്നും കണ്ടിരുന്നില്ല. അയാൾ പറഞ്ഞിരുന്ന തമാശകൾക്കെല്ലാം അമ്മായിയും വല്ല്യമ്മയും അവരുടെ മകൾ രോഹിണിയും ഉറക്കെ ചിരിച്ചിരുന്നു.
അയാൾ ചോദിച്ചു.
രോഹിണി ഇപ്പോൾ എവിടെയാണ്?
അതാ ഞാൻ രാജിയോട് പറഞ്ഞു കൊണ്ടിരുന്നത്. അവൾ ബാംഗ്ലൂരിലാണ്. രണ്ടാമത്തെ കുട്ടിക്ക് മൂന്നു മാസേ ആയിട്ടുള്ളു. അവള് പരിഭവിച്ചിരിക്ക്യാണ്. ഞാനെന്താ ചെയ്യേണ്ടത്? നാരായണിയെ വിട്ട് പോകാൻ പറ്റ്വോ? ഞാനും ബാലേട്ടനും ഇവിടെ കെട്ടിയിട്ട മാതിരിയാണ്. അമ്മയ്ക്ക് വരാൻ പറ്റിയില്ലങ്കിൽ അച്ഛനെങ്കിലും വന്നു കൂടേന്നാണ് അവൾ പറയണത്. എനിയ്ക്കൊറ്റക്ക് പേടിയാണ്. എപ്പഴാ അധികാവാന്നറിയില്ല്യ. ന്നാള് തന്നെ ഒരു ദിവസം എന്നെ വല്ലാതെ പേടിപ്പിച്ചു. എന്താ ചെയ്യ്വാ? കർമ്മഫലം ഓരോരുത്തരും അനുഭവിക്കാതെ പറ്റ്വോ?
മോൾ ഉറക്കമായിരുന്നു. യാത്ര കാരണം നാലു മണിക്കുള്ള ഉറക്കം ഉണ്ടായില്ല.
മോളെ എന്റെ മുറീല് കെടത്തിക്കോ രാജി.
മോളെ കിടത്തിയശേഷം അവർ അമ്മായി കിടക്കുന്ന മുറിയിലേക്ക് പോയി. മുറിയിൽ അസുഖകരമായ മണ മുണ്ടായിരുന്നു. ഫിനോയ്ലിനും നശിപ്പിക്കാൻ പറ്റാത്ത നാറ്റം. ആദ്യത്തെ ഏതാനും നിമിഷങ്ങൾ അതയാളെ വല്ലാതെ അലോസരപ്പെടുത്തി.
വല്ല്യമ്മ പോയി ജനൽ തുറന്നിട്ടു. പുറത്തുനിന്ന് വെളിച്ചം കടന്നുവന്നപ്പോൾ കട്ടിലിൽ കിടക്കുന്ന രൂപം തെളിഞ്ഞു വന്നു. അയാൾ വല്ലാതായി. വളരെ മെലിഞ്ഞ ഒരു രൂപം. ചടച്ച് എല്ലും തോലും മാത്രമേയുള്ളു. വായ അല്പം തുറന്ന് കണ്ണുമടച്ച് കിടക്കുകയാണ്. ചുവന്ന ചകലാസ് കൊണ്ട് പുതപ്പിച്ചിട്ടുണ്ട്. രാജിയും വല്ലാതായി എന്നയാൾക്കു മനസ്സിലായി. ഈ രൂപം അവളും പ്രതീക്ഷിച്ചിരുന്നില്ല.
എന്തെങ്കിലും സംസാരിക്കണ്ടേ എന്നു കരുതി അയാൾ ചോദിച്ചു.
എത്ര കാലമായി ഈ കിടത്തം?
രണ്ടുമാസം കഴിഞ്ഞു. വല്ല്യമ്മ പറഞ്ഞു. എന്താ ചെയ്യാ. കിടക്കാതെ പോകാനും വേണം ഒരു ഭാഗ്യം.
അവർ പുറത്തു കടന്നു, ഉമ്മറത്തേക്കു നടന്നു. പുറത്ത് വെയിൽ മങ്ങിയിരുന്നു. നാട്ടിൻപുറങ്ങളെല്ലാം ഒരു പോലെയാണ്. അയാൾ തന്റെ നാട്ടിനെപ്പറ്റിയോർത്തു. നിറയെ മരങ്ങളുള്ള പറമ്പ്. വൈകുന്നേരങ്ങളിൽ വെയിൽ പെട്ടെന്ന് അപ്രത്യക്ഷമാവുകയും മരങ്ങൾക്കിടയിൽ ഇരുട്ട് പരക്കുകയും ചെയ്യും. കാറ്റ് നിൽക്കുകയും ഇലകൾ നിശ്ചലമാവുകയും ചെയ്യും. പ്രകൃതി വീർപ്പടക്കി നിൽക്കുന്ന പോലെ. പെട്ടെന്നു ണ്ടാവുന്ന നിശ്ശബ്ദത തകർക്കാൻ കിളികളുടെ ശബ്ദമോ, അകലെ എവിടെയോ ഉള്ള കാവിൽനിന്ന് ഒഴുകിയെത്തുന്ന ചെണ്ടയുടെ ശബ്ദമോ മാത്രം.
കല്ല്യാണം കഴിഞ്ഞ് പിറ്റേന്ന് വന്നതല്ലേ നീ. പിന്നെ ഇങ്ങോട്ട് കയറിയിട്ടില്ലല്ലൊ. അമ്മായിക്ക് നല്ല പരിഭവണ്ട്. എപ്പോഴും നിങ്ങടെ കാര്യം പറയും. കുട്ട്യായിന്ന് കേട്ടപ്പോ സന്തോഷായി, പ്രത്യേകിച്ചും പെൺകുട്ട്യാന്നറിഞ്ഞ പ്പോൾ.
ദിവാകരൻ ആലോചിച്ചു.
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അമ്മ കണ്ടമാനം നിർബന്ധിച്ചതാണ്. താനും കുറെയേറെ വാദിച്ചു നോക്കി. പക്ഷേ അച്ഛൻ പറഞ്ഞത് ഇങ്ങിനെയാണ്.
അവൾക്കിഷ്ടല്ല്യാച്ചാൽ നിർബ്ബന്ധിക്കേണ്ട. ഇതൊക്കെ അവളുടെ ഓരോ ധാരണകളാണ്. അതൊക്കെ തെറ്റാന്ന് അവൾക്ക് തന്നെ മനസ്സിലാവും. നാരായണീടെ സ്വഭാവം അവൾക്കറിയില്ല്യെ? അവള് എല്ലാവരോടും അങ്ങിന്യാ പെരുമാറ്വാ. ഒപ്പം വളർന്നുവന്ന എനിക്കറിയില്ല്യെ.
ഞാൻ അടുക്കളയിലേയ്ക്കു പോട്ടെ. വല്ല്യമ്മ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. നിങ്ങൾ ഇവിടെ ഇരിയ്ക്കൂ.
പിന്നെ രാജിയോടായി അവർ പറഞ്ഞു.
നീ പോയി സാരി മാറ്റിക്കോ. രോഹിണീടെ സാരിണ്ടാവും അവളുടെ മുറീല്. ഞാൻ ഇപ്പൊ കോണി കേറാ റില്ല. മോളിലേക്ക് പോയിട്ട് കുറെ ദിവസായി. മുറിയൊക്കെ എങ്ങിന്യാണ് കെടക്കണത്ന്ന് അറിയില്ല. കമലത്തോട് ആഴ്ചേല് രണ്ടു പ്രാവശ്യം നെലം തൊടക്കണംന്നൊക്കെ പറയാറ്ണ്ട്. ചെയ്യ്ണണ്ടോ ആവോ?
വല്ല്യമ്മ പോയപ്പോൾ അവർ രണ്ടു പേരും മാത്രമായി. ഉമ്മറത്ത് തിണ്ണമേൽ ചാരിയിരുന്നുകൊണ്ടവർ അന്യോന്യം നോക്കി. ക്രമേണ ചുറ്റുമുള്ള ഇരുട്ട് കൂടി വന്നു. പറമ്പിനും അപ്പുറത്ത് വയലുകളിൽ വെളിച്ച മുണ്ടാകുമെന്നയാൾ ഓർത്തു. നാട്ടുവെളിച്ചത്തിൽ വയലുകൾക്കിടയിലെ വരമ്പുകളിൽകൂടി നടക്കാൻ അയാൾ ആഗ്രഹിച്ചു.
നമുക്ക് മോളിൽ പോകാം. രാജി പറഞ്ഞു.
അയാൾ എഴുന്നേറ്റു.
നടുമുറ്റത്തുനിന്നു വന്ന നേരിയ വെളിച്ചം കാരണം ലൈറ്റിടാതെ കോണി കയറാൻ പറ്റി. കോണിയിൽ നരിച്ചീറിന്റെ മണമുണ്ടായിരുന്നു. മുകളിലും. രാജി അവളുടെ മുറിയിലേക്ക് കടന്നു. മുകളിൽ നിലം കൂടുതൽ മിനുസമുള്ളതാണ്. അവൾ ജനലിനടുത്തു പോയി പുറത്തേക്കു നോക്കി നിൽക്കുകയാണ്.
ദിവാകരൻ ചോദിച്ചു.
നിന്റെ കുട്ടിക്കാലത്തെ നിക്ഷേപം നോക്കണ്ടെ?
അവൾ തിരിഞ്ഞുനോക്കി. അയാൾ ചുമരലമാരിയിലേയ്ക്ക് ചുണ്ടിക്കാട്ടി. അവൾ ചിരിയ്ക്കുകമാത്രം ചെയ്തു. അതു പുറത്തെടുക്കുവാൻ പക്ഷേ അവൾ താല്പര്യം കാണിച്ചില്ല.
കുറച്ചു നേരത്തെ മൗനത്തിനുശേഷം രാജി പറഞ്ഞു.
നമുക്കത് ഇപ്രാവശ്യം കൊണ്ടു പോയി അലമാരിയിൽ സൂക്ഷിച്ചു വെക്കാം. നമ്മുടെ മോള് വലുതായി നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്ത് അത് കാണിച്ചുകൊടുക്കണം. അമ്മ അഞ്ചിൽ പഠിക്കണ കാലത്ത് എടുത്തുവെച്ച താന്നു പറയുമ്പോൾ അവൾക്ക് അത്ഭുതാവും. അമ്മയും അവളുടെ മാതിരി ഒരു കുട്ടി യായിരുന്നെന്നറിയുമ്പോൾ അവൾക്ക് എന്നെ കൂടുതൽ ഇഷ്ടണ്ടാവും.
രാജിയുടെ ശബ്ദം ഇടറിയ മാതിരി തോന്നി. ദിവാകരൻ നോക്കിയപ്പോൾ അവൾ കരയുകയായിരുന്നു. അയാൾ അവളെ ചേർത്തുപിടിച്ചു, കവിളിൽ ചുംബിച്ചു.
നീയൊരു പൊട്ടിപ്രമാണമാണ്.
താഴെ വന്നപ്പോൾ വല്ല്യച്ഛനും വല്ല്യമ്മയും കൂടി മോൾക്ക് കുറുക്കിയത് കൊടുക്കുന്നതിന്റെ ബഹള മായിരുന്നു. വല്ല്യമ്മ മോളെ കാലിൽ കിടത്തി കുറുക്കിയത് കൊടുക്കുകയാണ്. വല്ല്യച്ഛൻ അടുത്തുതന്നെ ഒരു ഗ്ലാസിൽ വെള്ളവും സ്പൂണുമായി ഇരിക്കുന്നുണ്ട്. രണ്ടു സ്പൂൺ കുറുക്കിയതു കഴിഞ്ഞാൽ ഒരു സ്പൂൺ വെള്ളം എന്നതാണ് കണക്ക്.
രാത്രി ഊണുകഴിച്ച് അവൾ മുകളിൽ ഉറങ്ങാൻ കിടന്നു. മോൾ വല്ല്യമ്മയുടെ കൂടെ താഴെയാണ് കിടന്നത്. രാത്രി അവൾ ഒരിക്കലേ ഉണരാറുള്ളൂ. അപ്പോൾ കുറച്ച് പാലുകൂട്ടി കുടിയ്ക്കാൻ കൊടുത്താൽ മതി. വീണ്ടും ഉറങ്ങി ക്കൊള്ളും.
ദിവാകരന് ഉറക്കം വന്നില്ല. രാജിയും ഉറങ്ങുകയായിരുന്നില്ല. നിലാവുദിച്ചിരുന്നു. പുറത്ത് മരങ്ങളുടെ രൂപരേഖ തെളിഞ്ഞു വന്നു. ദൂരെ കുറുക്കന്മാർ ഓരിയിടുന്ന ശബ്ദവും നായ്ക്കളുടെ കുരയും. അതൊന്നും പക്ഷേ ശല്യമായിരുന്നില്ല.
അയാൾ ചോദിച്ചു.
എന്താണ് നിനക്ക് അമ്മായിയെ ഇത്ര ദ്യേഷ്യം?
ഞാനവരെ വെറുക്കുണു. രാജി പറഞ്ഞു. വളരെ പതുക്കെ, പക്ഷേ ഉറപ്പിച്ചുകൊണ്ട്.
എന്താണ് കാരണമെന്ന് ഇനിയെങ്കിലും പറഞ്ഞു കൂടേ?
പുറത്തെ നിലാവ്, രാത്രിയുടെ ശബ്ദങ്ങൾ, കിടപ്പുമുറിയുടെ പ്രാചീനതയും, പരിചിതത്വവും എല്ലാം അവളെ ബാധിച്ചിരുന്നു. ജീവിതത്തിലാദ്യമായി അവൾ ദിവാകരന്റെ മുമ്പിൽ സ്വന്തം ഭൂതകാലത്തിന്റെ, വളരെ അകലെയുള്ള ബാല്യകാലത്തിന്റെ കഥ, അതിനും മുമ്പ് അവരുടെ കുടുംബത്തിന്റെ ചരിത്രം, ഒരു കുടിപ്പകയുടെ കഥ വിശദമായി ചുരുൾ നിവർത്തി.
ചരിത്രം പുരാതനമായിരുന്നു. കുടിപ്പകയുടെ ബീജാവാചം നടന്നത് ശരിക്കു പറഞ്ഞാൽ അറുപത്തിരണ്ടു കൊല്ലം മുമ്പാണ്. ദിവസം കൂടി കൃത്യമായി പറയാൻ പറ്റും. കാരണം കരണത്തു വീട്ടിൽ ശങ്കരൻകുട്ടി നായരുടെ പെങ്ങൾ ഇക്കാവുഅമ്മയും അവർക്കു പുടവ കൊടുത്ത ഇല്ലിക്കാട്ടുവീട്ടിൽ കരുണാകരൻനായരും തമ്മിൽ ഒരു രാത്രിയേ സംസർഗ്ഗമുണ്ടായിട്ടുള്ളു. പിറ്റേന്ന് അയാൾക്ക് റംഗൂണിൽ ജോലിയിൽ പ്രവേശിക്കാ നായി രാവിലെത്തന്നെ ആപൽക്കരമായ യാത്ര തുടങ്ങേണ്ടതുണ്ട്. ആ യാത്രയിൽ ഒരു അത്യാഹിതത്തിൽ അയാൾ കൊല്ലപ്പെട്ടു. കപ്പൽ മുങ്ങിയതാണെന്നു കേട്ടിരുന്നു. അതല്ല, അപകടമൊന്നുമുണ്ടായിട്ടില്ലെന്നും അയാൾ ഒരു പതിമൂക്കി ബർമ്മക്കാരിയെ കല്യാണം കഴിച്ച് റംഗൂണിൽ സ്ഥിരതാമസമാക്കിയെന്നും ശ്രുതിയുണ്ട്.
എന്തായാലും ഇക്കാവുവമ്മയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു. അഗ്നിസാക്ഷി യായി തനിയ്ക്കു പുടവ തന്ന വരൻ രാത്രി മുകളിലെ അലങ്കരിച്ച കിടപ്പറയിൽ തന്റെ കാതിൽ മന്ത്രിച്ചു കൊണ്ടിരുന്ന പ്രലോഭനങ്ങൾക്ക് താൻ വഴങ്ങാതിരുന്നതും, പിന്നെ മാധുര്യം കട്ടപിടിച്ച രാത്രി വളർന്നപ്പോൾ, ഈ ഒരു രാത്രിയെ തനിക്കു കിട്ടുവെന്നും, പിറ്റേന്ന് രാവിലെത്തന്നെ യാത്ര തിരിക്കേണമെന്നും പിന്നീടെപ്പോഴാണ് വരാൻ കഴിയുക എന്നറിയില്ലെന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ അവൾ സ്വർഗ്ഗകവാടം അയാൾക്കായി തുറന്നു കൊടുത്തതും സ്വയം ആനന്ദമൂർഛയിൽ ഇല്ലാതായതും ഇക്കാവുന് നേരിയ ഓർമ്മയേ ഉള്ളൂ.
പിറ്റേന്ന് വരൻ യാത്ര പറഞ്ഞുപോകുമ്പോൾ തലേന്നു രാത്രിയിലെ ഉറക്കം കൺപോളകളെ കനപ്പിക്കു കയും മനസ്സിന് മധുരമായ ഒരനുഭവത്തിന്റെ ഓർമ്മ സുഖകരമായ ഒരു തളർച്ച സമ്മാനിക്കുകയും ചെയ്ത കാരണം മര്യാദയ്ക്കൊന്ന് കരയാൻ കൂടി കഴിഞ്ഞില്ല.
കരുണാകരൻനായർ പോയതിന്റെ പത്താം ദിവസമാണ് കമ്പി സന്ദേശം കിട്ടുന്നത്.
കരണത്തുവീട്ടിലെ ശങ്കരൻകുട്ടി നായർ ആകെ തളർന്നു. അമ്മാവൻ നേർത്തെ മരിച്ചതു കാരണം തറവാട്ടിലെ കാര്യങ്ങൾ കഴിഞ്ഞ എട്ടുകൊല്ലമായി ശങ്കരൻകുട്ടി നായരായിരുന്നു നോക്കിയിരുന്നത്. നല്ലൊരു നായരെക്കൊണ്ട് തന്റെ കുഞ്ഞിപ്പെങ്ങൾക്ക് പുടവ കൊടുപ്പിക്കണം, അതിൽ നിന്നുണ്ടാവുന്ന തിരി ഈ തറവാടിനെ ദീപ്തമാക്കണം, തന്റെ എട്ടു വയസ്സു ള്ള മകന് അവൾ മുറപ്പെണ്ണാവണം എന്നൊക്കെ അദ്ദേഹം കരുതിയിരുന്നതാണ്. ദൈവം മറിച്ചു കല്പിച്ചു. എന്തുചെയ്യാം! തലയിൽ കൈയും വെച്ച് വിശാലമായ പൂമുഖത്ത് കടഞ്ഞെടുത്ത കാലുകളും വീതിയുള്ള കൈത്തട്ടു മുള്ള വീട്ടിക്കസേരയിൽ കിടന്ന കാരണവർ എഴുന്നേറ്റത് ഒരു മാസം കഴിഞ്ഞിട്ടാണ്.
ഭാര്യ ചിരുതേയിഅമ്മ ഒരു ദിവസം അതിപ്രധാനമായ ഒരു വാർത്ത ഭർത്താവിനെ അറിയിക്കാൻ വാതിലിനു പിറകിൽ നിന്ന് മുരടനക്കിയപ്പോൾ കാരണവർ തിരിഞ്ഞു നോക്കിയില്ല. അടുക്കള ചെലവിനുള്ള പണം ചോദിക്കേണ്ട സമയമായിരിക്കുന്നു. ചെലവു ചെയ്യേണ്ട കാര്യം വരുമ്പോൾ ശങ്കരൻകുട്ടി നായർ കുറച്ചു പിന്നിലാണ്.
അപ്പഴേയ്…
ചിരുതേയി അമ്മ പറഞ്ഞു.
എന്താച്ചാൽ പറഞ്ഞോളു.
കാരണവർ അക്ഷമനായി.
നമ്മടെ ഇക്കാവുല്ല്യെ. അവള് രാവിലെ ശർദ്ദിച്ചു. പുളിങ്കുരു ചുട്ടു തിന്നും ചെയ്തു.
ഉം. കാരണവർ അമർത്തി മൂളി. പുളിങ്കുരു തിന്നാൽ ശർദ്ദിക്കും. സാധാരണ്യാണ്. അപ്പുക്കുട്ടൻ വൈദ്യരുടെ കടേന്ന് കൊമ്പഞ്ചാദി ഗുളിക വരുത്തിച്ചു കൊടുക്ക്.
അങ്ങിനെയല്ല. ചിരുതേയിഅമ്മ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അവള് ആദ്യം ശർദ്ദിക്ക്യേ ചെയ്തത് പിന്ന്യാണ് പുളിങ്കുരു തിന്നത്.
ശങ്കരൻകുട്ടിനായർ ചാടിയെഴുന്നേറ്റു. പുളിങ്കുരു തിന്ന് ശർദ്ദിക്കണത് സാധാരണ്യാണ്. എന്നാൽ ശർദ്ദിച്ച തിനുശേഷം പുളിങ്കുരു തിന്നുന്നത് അങ്ങിനെയല്ല. അതു വാർത്തയാണ്.
ആവൂ അവസാനം തറവാടിന് ഒരു തുമ്പുണ്ടായി. കാരണവർക്ക് കരുണാകരൻ നായരെപ്പറ്റി മതിപ്പുണ്ടായി. എന്തായാലും മരിച്ചുപോകുന്നതിനു മുമ്പ് തനിയ്ക്ക് ഒരു മരുമകളെ തന്നുവല്ലോ. ജനിക്കാൻ പോകുന്ന കുട്ടി പെണ്ണുതന്നെയായിരിക്കുമെന്ന് കാരണവർക്ക് നല്ല നിശ്ചയമായിരുന്നു. തന്റെ മകന്റെ മുറപ്പെണ്ണ്.
പതിനേഴു വയസ്സായ ഇക്കാവുവിന് വീട്ടിൽ പ്രത്യേക പദവി അനുവദിച്ചു. ചാക്കൂൾ എന്തൊക്കെയാണെന്ന് കണ്ട റിഞ്ഞു കൊടുക്കാൻ ആജ്ഞയായി. ചിരുതേയിക്ക് നാത്തൂന്റെ പ്രത്യേക പദവിയിൽ അസൂയ യൊന്നുമുണ്ടാ യില്ല. അവൾക്ക് ഇരുപത്തിയഞ്ചു വയസ്സായി. പതിനാറാം വയസ്സിൽ കല്യാണം കഴിച്ച് ആ വീട്ടിൽ വരുമ്പോൾ ഇക്കാവുവിന് എട്ടുവയസ്സേ ആയിരുന്നുള്ളൂ. അമ്മയില്ലാത്ത ആ കുട്ടിക്ക് ചിരുതേയി അമ്മയായി. പോരാത്തതിന് അവൾ പ്രസവിച്ചുണ്ടാകാൻ പോകുന്ന കുട്ടി തന്റെ മകന്റെ മുറപ്പെണ്ണാണു താനും.
അപ്പുക്കുട്ടൻവൈദ്യർ വന്ന് ഗർഭിണിയെ പരിശോധിച്ചു. കുറുന്തോട്ടിവേരും മറ്റും ചേർത്ത് ഒരു കഷായവും കല്യാണഘൃതവും കൊടുത്തയച്ചു. പത്ഥ്യമൊന്നും കാര്യമായി നോക്കാനില്ലെന്നും പറഞ്ഞു. ലക്ഷണങ്ങൾ കണ്ട് പ്രജ പെണ്ണുതന്നെയാവാനാണ് സാദ്ധ്യതയെന്നും അദ്ദേഹം ശങ്കരൻകുട്ടി നായരുടെ ദേഹത്ത് കുളിർ കോരിയിട്ടു കൊണ്ട് പറഞ്ഞു. കണിയാനെ വിളിച്ച് ഇക്കാവുവിന്റെ ജാതകം പരിശോധിപ്പിച്ചു. കുട്ടി പെണ്ണുതന്നെയാവാനാണ് സാദ്ധ്യതയെന്നും, അങ്ങിനെയല്ലാതാവാനുള്ള വിരളമായ സാദ്ധ്യതയിൽ പെൺകുട്ടിയല്ല ഉണ്ടായതെങ്കിൽ അത് ആൺകുട്ടിയാവാമെന്നും അദ്ദേഹം പ്രവചിച്ചു.
പിന്നീടുണ്ടായത് സദ്യകളുടെ ദിവസങ്ങളായിരുന്നു. ആകപ്പാടെ ഒരുത്സവപ്രതീതി.
ജ്യോതിഷി ദൈവജ്ഞനാണ്. അദ്ദേഹത്തിന്റെ പ്രവചനം ഫലിക്കുകതന്നെ ചെയ്തു. കൃത്യം ഒമ്പതുമാസം ഒമ്പതു ദിവസം. വയറ്റാട്ടി തൂക്കിപ്പിടിച്ച ചോരപ്പൈതലിന്റെ കാലുകൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന കറുത്ത സാധനം കണ്ട് ചിരുതേയിഅമ്മ വായ പൊളിച്ചു നിന്നു, മിണ്ടാനാവാതെ.
വയറ്റാട്ടിക്ക് വാതിൽ തുറന്ന് പുറത്തേക്കു വരാൻ ധൈര്യമുണ്ടായില്ല. അവസാനം കുട്ടിയുടെ കരച്ചിൽ കേട്ട് അക്ഷമനായ കാരണവർ വാതിൽക്കൽ ഉറക്കെ മുട്ടിയപ്പോൾ വാതിൽ തുറക്കാനും കാരണവരുടെ രോഷം സ്വീകരിക്കാനും ചിരുതേയിയമ്മതന്നെ വേണ്ടിവന്നു.
ആ കുട്ടിയാണ് എന്റെ അച്ഛൻ. രാജി പറഞ്ഞു.
ആൺപ്രജയാണുണ്ടായിരിക്കുന്നതെന്നറിഞ്ഞ കാരണവർ അച്ഛമ്മയേയും ഒരു ദിവസം മാത്രം ഒപ്പം കഴിഞ്ഞ് അച്ഛമ്മയിൽ വംശത്തിന്റെ ബീജാവാപം നടത്തി മരിച്ചു പോയ അച്ഛനേയും, പരദൈവങ്ങളേയും അടക്കി ചീത്ത പറഞ്ഞു കഴിഞ്ഞ് പൂമുഖത്ത് കസേരയിൽ തലയിൽ കൈയ്യുംവെച്ച് ഒരിരിപ്പിരുന്നു.
അന്നു തുടങ്ങിയതാണ് ഞങ്ങളുടെ തറവാട്ടിലെ കുടിപ്പക.
ആർക്കും വേണ്ടാത്തവനായി അച്ഛൻ വളർന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ ശങ്കരൻകുട്ടിനായർ പെങ്ങൾക്ക് വേറൊരാളെക്കൊണ്ട് പുടവ കൊടുപ്പിച്ചു. ശാന്ത പ്രകൃതനായ കേശവൻ നായർ. പകൽ സ്വന്തം തറവാട്ടിലെ നിലത്തിൽ അദ്ധ്വാനിച്ചു. രാത്രി ഭക്ഷണവും കഴിഞ്ഞ് ഒമ്പതു മണിയോടുകൂടി ഒരു റാന്തലും കത്തിച്ച് ഭാര്യാവീട്ടിൽ സംബന്ധത്തിനു വന്നു. ഒരു കൊല്ലം സംഭവരഹിതമായി കഴി ഞ്ഞു. രണ്ടാം കൊല്ലം പകുതിയായപ്പോൾ ഒരു രാത്രി റാന്തലുമായി വന്ന കേശവൻ നായരും കരണത്തുവീട്ടിൽ കാരണവർ ശങ്കരൻകുട്ടിനായരും തമ്മിൽ ചെറിയൊരു സംവാദം നടന്നു.
തറവാട്ടില് ഒരു പൊടിണ്ടായിക്കാണാനാണ് കേശവൻ നായരേ ഞാൻ പെങ്ങൾക്ക് രണ്ടാമതൊരാളെ ക്കൊണ്ട് പൊടവ കൊടുപ്പിച്ചത്. ഇപ്പോ ഒന്നരകൊല്ലായില്ല്യെ?
ഒക്കെ ദൈവത്തിന്റെ അടുത്തല്ലേ ശങ്കരൻകുട്ട്യാരെ?
ദൈവം മാത്രം മത്യോ കേശവൻ നായരെ?
അകത്തു നിന്നൊരു വളകിലുക്കം ഡയലോഗിന് വിരാമമിട്ടു.
സംഭരഹിതമായ ആറുമാസക്കാലം വീണ്ടും കടന്നുപോയി. ഒരു രാത്രി കേശവൻ നായർ റാന്തലുമായി കയറി വന്നപ്പോൾ കാരണവർ പൂമുഖത്തു ഒതുക്കു കല്ലിൽ നിൽക്കുകയാണ്. റാന്തൽ ഉമ്മറക്കോലായിൽ വെച്ച് ഒതുക്കു കയറാൻ പോയ കേശവൻ നായരെ എതിരേറ്റത് ഒരു പ്രത്യേക തരത്തിലുള്ള ചോദ്യമായിരുന്നു.
ഉം?
ആ ചോദ്യത്തിനു മുമ്പിൽ കേശവൻ നായരുടെ അടിതെറ്റി. ഒതുക്കിലേക്ക് കയറ്റി വെച്ച കാൽ തിരിച്ചെടുത്ത് അയാൾ മാന്യതയോടെ ചോദിച്ചു.
എന്തേ ശങ്കരൻകുട്ട്യാരെ?
ഒരു കാര്യം പറണംന്ന് കുറച്ചുകാലായി നിരീക്കുന്നു.
എന്താ അളിയന് പറയാനുള്ളത്?
ഇക്കാവുവിന് വേറെ സംബന്ധം ആക്കീരിക്കുന്നു. ഇന്ന് പൊടവ കൊടുക്കലാണ്. കേശ്വാര് ഇനി ഇവിടെ സംബന്ധത്തിന് വരണംന്നില്ല്യ.
കേശവൻനായർക്ക് പെട്ടെന്ന് രക്തക്കുഴലുകൾക്കുള്ളിൽ തണുത്ത വെള്ളം കുത്തി ഒഴുകുന്നതു പോലെ തോന്നി. അപമാനം അയാളെ വിവസ്ത്രനാക്കിയെങ്കിൽ, ഇക്കാവുവിനേയും മകനേയും വേർപിരിയണമെന്ന ചിന്ത അയാളെ നിശ്ചേതനാക്കി. അയാൾ ഇക്കാവുവിനെ വളരെയധികം സ്നേഹിച്ചിരുന്നു. സ്വന്തം രക്തത്തിൽ പിറന്നതല്ലെങ്കിലും മകനും അയാൾക്കു വലിയ കാര്യമായിരുന്നു. രാത്രി പത്തു മണിയോടെ കിടപ്പറയി ലെത്താറുള്ള അയാൾ ഒരു മണിക്കൂറോളം മകനുമായി കളിക്കുകയാണ് പതിവ്. പലപ്പോഴും അച്ഛന്റെയും മകന്റെയും കളി കഴിയുമ്പോഴേക്കും ഇക്കാവു ഉറക്കമായിട്ടുണ്ടാവും.
എന്തു ചെയ്യേണ്ടു എന്നറിയാതെ കേശവൻനായർ മുറ്റത്തു നിന്നു. അപ്പോഴാണ് പുറത്തെ മുറിയിൽനിന്ന് ഒരേമ്പക്കത്തോടെ ഭദ്രൻനമ്പൂതിരിപ്പാട് വന്നത്. പുളിയിലക്കരമുണ്ടും ഒരു മേൽമുണ്ടു മടക്കി തോളത്തിട്ടതും വേഷം.
എന്താ ശങ്കരൻകുട്ട്യാരേ തൊടങ്ങ്വല്ലെ എന്നു ചോദിച്ചതും; നോക്കിയത് കേശവൻനായരുടെ മുഖത്താ യിരുന്നു. നമ്പൂതിരിപ്പാട് വല്ലാതായി. കേശവൻനായരുടെ മുഖം വിളറി. അയാൾ കുനിഞ്ഞ്, ചവിട്ടുപടിയിൽ വെച്ച റാന്തൽ എടുത്ത് തിരിനീട്ടി, പുറംതിരിഞ്ഞു നടന്നു. കണ്ണിൽ ഉരുണ്ടുകയറിയ വെള്ളം ചുമലിലിട്ട തോർത്തുകൊണ്ട് തുടച്ചുകളഞ്ഞത്പടിപ്പുര കടന്നശേഷമാണ്.
ഇക്കാവു ഒന്നും സംശയിച്ചിരുന്നില്ല. ഊണിന് വിഭവങ്ങൾ കണ്ടപ്പോൾ ചോദിച്ചു, വിരുന്നുകാരാരെ ങ്കിലുമുണ്ടോ?
ഭദ്രൻനമ്പൂതിരിപ്പാടുണ്ടാകുമെന്ന മറുപടി കിട്ടി. അതിൽ അസാധാരണമായൊന്നും തോന്നിയതുമില്ല. അവൾ എന്നും സന്ധ്യയ്ക്ക് കുളിച്ച് മുണ്ടും ബ്ലൗസും മാറ്റാറുണ്ട്. ഇന്ന് കുളത്തിൽ കുളിക്കാൻ പോകുമ്പോൾ അവളോട് കസവുള്ള മുണ്ടെടുക്കാൻ ചിരുതേയി ആവശ്യപ്പെട്ടു. അതിഥികൾ ഉള്ളതു കാരണമായിരിക്കു മതെന്ന് അവൾ കരുതി.
രാത്രി എട്ടുമണിയോടെ തളത്തിൽ ഉണ്ണാനിരുന്ന ആണുങ്ങൾക്ക് വിളമ്പിക്കൊടുക്കാൻ അവളും കൂടിയിരുന്നു. ഉണ്ണാനിരുന്ന നമ്പൂതിരിപ്പാടിന്റെ കണ്ണുകൾ സുന്ദരിയായ ഇക്കാവുവിലും കൈകൾ ഇലയിലും വിരുന്നുണ്ടു. തന്നെ ഒരാൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇക്കാവു സംശയിച്ചില്ല. നാൽപ്പത്തഞ്ചു വയസ്സുകാരനായ നമ്പൂതിരിപ്പാടിനെ ഇക്കാവു മുമ്പും കണ്ടിട്ടുള്ളതാണ്. സവിശേഷതയൊന്നും തോന്നിയിട്ടില്ല.
ഭർത്താവ് വന്നതും ഒതുക്കുപടികൾ കയറാൻ കൂടി സമ്മതിക്കാതെ തിരിച്ചയച്ചതും അവൾ അറിഞ്ഞില്ല. ഊണു കഴിഞ്ഞശേഷം അവൾ മോനേയും കൊണ്ട് മുകളിലേക്ക് കയറിപ്പോയി. സമയം പത്തരയായിരി ക്കുന്നു. എന്താണ് ഭർത്താവ് വരാത്തതെന്ന് ആലോചിച്ചു കൊണ്ടിരിക്കെയാണ് ചിരുതേയി വന്ന് നാത്തൂനെ വിളിച്ചത്. താഴെ ഇറങ്ങി നോക്കിയപ്പോൾ തളത്തിൽ നിറയെ ആളുകൾ. അവിടെ നിലവിളക്കു കത്തിച്ചു വെച്ചിരിക്കുന്നു. നിലവിളക്കിനു മുമ്പിൽ പുല്ലുപായ നിവർത്തിയിട്ടിരുന്നു. ഒരു തട്ടിൽ വെറ്റിലയും അടക്കയും ചുണ്ണാമ്പും. വേറൊരു താലത്തിൽ ഒരു കസവുമുണ്ടും.
വാ ഇക്കാവു, ശങ്കരൻകുട്ടിനായർ പറഞ്ഞു. ഇവിടെ വന്നിരിക്ക്.
അപ്പോഴാണ് പുല്പായിൽ ചമ്രം പടിഞ്ഞിരിക്കുന്ന നമ്പൂതിരിപ്പാടിനെ അവൾ കണ്ടത്. അവൾ ആകെ പകച്ചു.
ഇവിടെ ഇരിക്ക്. ശങ്കരൻകുട്ടി നായർ പിന്നെയും പറഞ്ഞു.
ഇതെന്തൊക്കെയാണ് ഓപ്പെ?
അവൾ ചോദിച്ചു.
മോളെ നമ്മുടെ ഭാഗ്യാ. ഭദ്രൻ നമ്പൂതിരിപ്പാട് നെനക്ക് പൊടവ തരാൻ സമ്മതിച്ചിരിക്ക്യാണ്.
ഭ്രാന്തുണ്ടോ നിങ്ങക്കൊക്കെ?
പെട്ടെന്നായിരുന്നു ആ അട്ടഹാസം. അത് ഇക്കാവുവിൽ നിന്നാണെന്ന് ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. അവളുടെ ശബ്ദം ഇതുവരെ തറവാട്ടിൽ ഉയർന്നു കേട്ടിട്ടില്ല.
എന്താ നിങ്ങൾ വിചാരിച്ചത്? ഞാൻ വിലയില്ലാത്ത പെണ്ണാണെന്നോ?
അവൾ ഓടി കോണികയറി. മരത്തിന്റെ കോണി പ്രകമ്പനം കൊണ്ടു. തളത്തിലെ സകല സാമാനങ്ങളും പ്രകമ്പനം കൊണ്ടു. അവൾ തന്റെ മുറിയിൽ പോയി മോനെയും വാരിയെടുത്ത് കോണിയിറങ്ങി വന്നു. എല്ലാവരും പകച്ചു നിൽക്കെ അവൾ തുറന്ന വാതിലിലൂടെ പുറത്തേക്കു നടന്നു. ഓടിയെന്നുതന്നെ പറയാം.
ജ്യേഷ്ഠൻ വിലക്കുന്നതും കേണപേക്ഷിക്കുന്നതും അവൾ കണ്ടില്ലെന്നു നടിച്ചു. ജ്യേഷ്ഠത്തിയമ്മ വന്ന് കൈ പിടിച്ചപ്പോൾ അവൾ തട്ടിമാറ്റി. ഇടവഴിയിലൂടെ, വരമ്പിലൂടെ അവൾ നടന്നു. ഇരുട്ടിൽ അവൾക്കു വഴി തെറ്റിയില്ല, കാലിടറിയുമില്ല.
ഭാര്യവീട്ടിൽനിന്നു തിരിച്ചുവന്ന കേശവൻ നായർ തന്റെ തറവാട്ടിലേക്കു കടക്കാതെ പടിപ്പുരയിൽ ഇരുന്നു. തന്നെ ആരും കാണരുതെന്നുണ്ടായിരുന്നു അയാൾക്ക്. റാന്തൽ വഴിക്കുവെച്ചുതന്നെ കെടുത്തിയിരുന്നു. തിരിച്ച് വീട്ടിൽ വന്ന് തന്റെ പെങ്ങമ്മാരും അവരുടെ ഭർത്താക്കന്മാരെയും അഭിമുഖീകരിക്കാൻ ആ അഭിമാനിക്കു കഴിഞ്ഞില്ല.
പടിപ്പുരയിൽ ഇരുന്ന് അയാൾ ആ ഇക്കാവുവിനെക്കുറിച്ചോർത്തു. കണ്ണീർ ധാരയായി ഒഴുകി. ഇക്കാവുവിന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല. ഇക്കാവുവിന്റെ ചന്ദനഗന്ധമുള്ള ശരീരം ഓർമ്മ വന്നപ്പോൾ കേശവൻനായർ വാവിട്ടു കരഞ്ഞു.
ഇക്കാവുവിന് വേറെ പുടവ കൊടുക്കുകയാണെന്ന് കാരണവർ പറഞ്ഞപ്പോൾ അയാൾക്ക് ഭാര്യയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടാമായിരുന്നു. അങ്ങിനെ ചെയ്യാത്തതിൽ അയാൾക്ക് അരിശം തോന്നി. അയാൾ ആവശ്യപ്പെടുമായിരുന്നു. പക്ഷേ തന്നോട് ഇരിക്കാൻപോലും പറയാൻ മര്യാദയില്ലാത്ത ഒരു അഹന്തയ്ക്കു മുമ്പിൽ അയാൾ തളർന്നിരുന്നു. പോരാത്തതിന് അകത്തുനിന്ന് നമ്പൂതിരിപ്പാടിന്റെ വരവും തൊടങ്ങ്വായില്ലെ എന്ന ചോദ്യവും. അതോടെ ചോദിക്കാനൊന്നുമില്ലാതായി.
അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകണം. താൻ അങ്ങിനെ ഇറങ്ങിപ്പോരാൻ പാടില്ലായിരുന്നു എന്ന തോന്നൽ കേശവൻ നായർക്കുണ്ടായി. തിരിച്ചു ചെന്ന് ഇക്കാവുവിനെ കാണണം, സംസാരിക്കണം എന്നു തീർച്ചയാക്കി അയാൾ എഴുന്നേറ്റു. ഇടവഴി കടന്ന് വരമ്പത്തേക്കെത്തിയപ്പോഴാണ് നാട്ടുവെളിച്ചത്തിൽ ഒക്കത്ത് ഒരു കുട്ടിയുമായി ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടത്.
അയാളുടെ ഹൃദയം തുടിച്ചു. നടത്തം വേഗത്തിലായി.
അങ്ങിനെയാണ് അച്ഛൻ അച്ഛച്ഛന്റെ വീട്ടിൽ വളരാൻ ഇടയായത്. രാജി പറഞ്ഞു. അതിനു ശേഷം രണ്ടു വീട്ടുകാരും കുറെക്കാലം ശത്രുതയിലായി രുന്നു.
ഏറെക്കാലം കൊണ്ടുനടത്താൻ കഴിയാത്ത ഒന്നാണ് ശത്രുത. സാവധാനത്തിൽ പിരിമുറുക്കത്തിന് അയവു വരുന്നു. രക്തം സ്വന്തം രക്തത്തിന്റെ വേരുകൾ അന്വേഷിക്കുന്നു. അപ്രസന്നമായ ഓർമ്മകളെ മറവിയിലേക്കു തള്ളു ന്നു. അമ്പലത്തിൽ വെച്ച്, വഴിക്കു വെച്ച് കാണുമ്പോൾ ഒരു ചെറുചിരിയിൽ തുടങ്ങുന്ന ലോഗ്യങ്ങൾ കൂടുതൽ ആഴമുള്ളതായി മാറുന്നു.
അതിനിടയ്ക്ക് ചിരുതേയി ഒരിക്കൽക്കൂടി പ്രസവിച്ചു. പെൺകുട്ടി. അതോടെ കാരണവരുടെ മനസ്സിൽ വീണ്ടും ആശയുടെ കതിരുകൾ വിരിഞ്ഞു. അപ്പോഴേക്കും ആറുവയസ്സു പ്രായമായ തന്റെ മരുമകനെ കാണുവാനും, വീട്ടിലേയ്ക്ക് ക്ഷണിക്കുവാനും കാരണവർ താല്പര്യം കാട്ടി. തറവാട്ടുസ്വത്ത് വളരെ വലുതായിരുന്നു. ഏക്കർ കണക്കിന് പറമ്പുകൾ, രണ്ടായിരം പറയുടെ നെൽപ്പാടം. ഇതെല്ലാം അന്യർക്ക് കൊടുക്കുന്നതിനേക്കാൾ നല്ലത് സ്വന്തം പെങ്ങളുടെ മകന് കൊടുക്കുകയല്ലേ?
ജ്യേഷ്ഠന് പെൺകുട്ടിയുണ്ടായപ്പോൾ ഇക്കാവു പോയി കണ്ടിരുന്നു. പക്ഷേ അവൾ കരുതിക്കൂട്ടി ജ്യേഷ്ഠനെ ഒഴിവാക്കി. ജ്യേഷ്ഠൻ ഇല്ലാ എന്നുറപ്പുള്ള സമയങ്ങളിലേ അവൾ തറവാട്ടിൽ ചെന്നിരുന്നുള്ളൂ.
ഒരു ദിവസം അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശങ്കരൻകുട്ടിനായർ വന്നു. കയ്യിൽ ഒരു പൊതിയു മുണ്ടായിരുന്നു.
അത് പെങ്ങളെ ഏല്പിച്ചശേഷം അയാൾ മരുമകന്റെ കുശലം അന്വേഷിച്ചു.
ആറു വയസ്സായില്ല്യെ ഇനി സ്ക്കൂളിലൊക്കെ ചേർക്കണം.
പൊതിയിൽ പെങ്ങൾക്ക് ഒരു കസവു മുണ്ടും മരുമകന് ഷർട്ടും ട്രൗസറുമായിരുന്നു. ഷർട്ടും ട്രൗസറും ഫാഷനായി വന്നിരുന്ന കാലമായിരുന്നു അത്.
പോകുമ്പോൾ അമ്മാവൻ വീണ്ടും ലോഗ്യം പറഞ്ഞു. നീയും കേശവൻ നായരും കൂടി കുട്ടികൃഷ്ണനീം കൊണ്ട് വാ. അവന്റെ മൊറപ്പെണ്ണിനെ കാണിച്ചു കൊടുക്കേണ്ടെ?
അമ്മാവൻ കൊടുത്ത വള്ളിട്രൗസറും അവനേക്കാൾ വലിയ ഷർട്ടും ധരിച്ച് മുറപ്പെണ്ണിനെ കാണാൻ പോയ ആറു വയസ്സുകാരൻ, തോന്നുമ്പോൾ മൂത്രമൊഴിക്കുകയും അപ്പിയിടുകയും നാണമില്ലാതെ എല്ലാവരുടെയും മുമ്പിൽ വെച്ച് അമ്മിഞ്ഞകുടിക്കുകയും ചെയ്യുന്ന മുറപ്പെണ്ണിനെ കണ്ട നിമിഷത്തിൽ തന്നെ നിരാകരിച്ചു.
അവിടെ നിന്നാണ് കുഴപ്പങ്ങളുടെ തുടക്കം. നാരായണി വലുതായി വളരെ ഭംഗിയുള്ള പെൺകുട്ടിയായി. പക്ഷേ കുട്ടിക്കൃഷ്ണന് ആ കുട്ടിയിൽ താൽപര്യമുണ്ടായിരുന്നില്ല. ഒപ്പം കളിക്കുന്നതും ഉപദ്രവിക്കുന്നതും ഒക്കെ ശരി തന്നെ. പക്ഷെ ഒരു മുറപ്പെണ്ണായി അവളെ കല്യാണം കഴിക്കാൻ അവൻ തയ്യാറായില്ല. അത് കുടുംബത്തിൽ വീണ്ടും അപസ്വരങ്ങൾ സൃഷ്ടിച്ചു. മരുമകനെ പഠിപ്പിയ്ക്കാമെന്ന അമ്മാവന്റെ വാഗ്ദാനം ഉപാധിയോടെയായിരുന്നു. മകളെ വിവാഹം ചെയ്യില്ലെന്നുറപ്പായപ്പോൾ മരുമകനുള്ള സഹായം അമ്മാവൻ നിർത്തി.
അങ്ങിനെ അച്ഛന്റെ പഠിപ്പു നിന്നു പോയി.
രാജി പറഞ്ഞു.
നാരായണിയും അവരുടേതായ നിലയിൽ മുറച്ചെറുക്കനെ വശീകരിക്കാൻ ശ്രമിച്ചു. അതൊന്നും ഫലിച്ചില്ല എന്നു കണ്ടപ്പോൾ അവരും നിരാശയായി.
ഇതിന്റെയെല്ലാം ഫലം അനുഭവിച്ചത് ഞാനാണ്. രാജി പറഞ്ഞു. അച്ഛൻ കല്യാണം കഴിച്ച സ്ത്രീയാകട്ടെ ഒരു പാവം പെണ്ണായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടി. അവരെ സ്വാധീനിക്കാൻ നാരായണി അമ്മായിയ്ക്ക് വലിയ പ്രയാസൊന്നുണ്ടായിരുന്നില്ല. കാലക്രമത്തിൽ അവരുടെ സ്വാധീനം ഞങ്ങളുടെ വീട്ടിൽ വളർന്നു.
അമ്പലത്തിൽ പോകാൻ തൊട്ട് ഉച്ചയ്ക്ക് ഉണ്ടാക്കേണ്ട കറികളേതെന്ന് വരെ തീരുമാനിക്കാൻ അമ്മായി വേണംന്നായി. എങ്ങിന്യാണ് ഇങ്ങിന്യൊക്കെ വന്നുപെട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. എനിക്കോർമ്മ വെച്ച കാലം തൊട്ട് വീട്ടിൽ അമ്മായിയുടെ സ്വാധീനം വളരെ അധികമുണ്ടായിരുന്നു.
അച്ഛന് ഗവർമ്മേണ്ട് ജോലിയായിരുന്നില്ലേ. എപ്പോഴും മാറ്റമുണ്ടായിക്കൊണ്ടിരിക്കും. അമ്മ അച്ഛന്റെ ഒപ്പം പോകാറില്ല, എന്റെ പഠിത്തം നശിപ്പിക്കണ്ട എന്നും കരുതിയിരിക്കണം. അച്ഛച്ഛന്റെ മരണത്തിനുശേഷം ഞങ്ങൾ ഒരു കൊല്ലം തറവാട്ടിൽ താമസിച്ചു. ആ ഒരു കൊല്ലംകൊണ്ട് സ്വന്തമായി ഒരു വീടുണ്ടാക്കി അങ്ങോട്ടുമാറി. പിന്നെ അച്ഛമ്മയും മരിച്ചു. അപ്പോൾ സഹായത്തിനായി എത്തിയത് അമ്മായിയായിരുന്നു
അമ്മായിയെ കല്യാണം കഴിച്ചിരുന്നത് എന്റെ ഒരു അകന്ന അമ്മാവനായിരുന്നു. അമ്മാവൻ എയർ ഫോഴ്സിലായിരുന്നു. അങ്ങോട്ട് അമ്മായിയെ കൊണ്ടുപോകാൻ തരപ്പെട്ടില്ല. കൊല്ലത്തിലൊരിക്കൽ ഒരു മാസത്തെ ലീവിൽ വരും. അത്രതന്നെ. കുട്ടികളൊന്നുമാവാതെ അമ്മാവൻ മരിച്ചു പോയി.
അച്ഛൻ മിക്കവാറും എല്ലാ ശനിയാഴ്ച കളും എത്താറുണ്ട്. അതുകൊണ്ട് എനിക്ക് ശനിയും ഞായറും ഉത്സവ ദിനങ്ങളായിരുന്നു. ആറു ദിവസത്തെ അമ്മായി ഭരണത്തിന് അറുതി കിട്ടുക അന്നാണ്.
പുറമെനിന്ന് നോക്കുമ്പോൾ അവർ ചീത്തയാണെന്ന് ആർക്കും പറയാൻ പറ്റി ല്ല. എനിക്കുതന്നെ പറ്റില്ല. പക്ഷേ അവർ എന്റെ ആശകളെ, എന്റെ മോഹങ്ങളെ, എന്റെ സ്വപ്നങ്ങളെ ക്രമമായി നശിപ്പിച്ചു. എനിയ്ക്ക് ഒരു പുതിയ ഉടുപ്പ് അച്ഛൻ കൊണ്ടുവന്നാൽ അതുടുത്ത് ഒരഞ്ചു മിനിറ്റ് നിൽക്കാൻകൂടി അവർ സമ്മതിക്കില്ല. അച്ഛനും എന്നെ പുതിയ ഉടുപ്പിൽ കാണാൻ ആഗ്രഹമുണ്ടാകും. പക്ഷേ അമ്മായി അഴിച്ചിടാൻ പറഞ്ഞാൽ പിന്നെ അച്ഛൻ ഒന്നും പറയില്ല.
നിസ്സാരമായ എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ അത് അമ്മായി അറിയുകയും മുടക്കുകയും ചെയ്യും. പണമില്ലാഞ്ഞിട്ടല്ല. അച്ഛന് ഒരു മാതിരി നല്ല ശമ്പളമുണ്ടായിരുന്നു. അമ്മായിയുടെ കയ്യിലും ധാരാളം പണമുണ്ട്. കാരണവർ മരിച്ചശേഷം തറവാട് ഭാഗിച്ചതിൽ അവർക്ക് ധാരാളം സ്വത്തു കിട്ടിയിരുന്നു.
എനിയ്ക്ക് എന്റെ സഹപാഠികളോടൊപ്പം നടക്കാൻ പറ്റിയിരുന്നില്ല. കാരണം എന്റെ ഉടുപ്പുകൾ പഴയതായിരുന്നു. ചെരുപ്പ് പൊട്ടിയതായിരുന്നു. കൂട്ടുകാരികൾക്ക് അനായാസേന കിട്ടിയിരുന്ന പല കൗതുക വസ്തുക്കളും എന്റെ കയ്യിലില്ലായിരുന്നു.
എനിക്ക് അത്രയും വിഷമം തോന്നാൻ വേറെയും ഒരു കാരണമുണ്ട്. ഈ അമ്മായി തന്നെ രോഹിണിക്ക് എന്തൊക്കെയാണ് വാങ്ങിക്കൊടുക്കാറ് എന്നറിയ്യ്വോ? രോഹിണിയും ഏകദേശം എന്റെ പ്രായം തന്ന്യാണ്. എന്നേക്കാൾ കുറച്ചുകൂടി പ്രായം കൂടും. കൂടാതെ എന്റെ മുമ്പിൽ വെച്ചുതന്നെ അവളെ കൊഞ്ചിക്കാറുണ്ട്. പലപ്പോഴും പൂരത്തിന് പോകുമ്പോൾ അമ്മായിയാണ് ഞങ്ങളെ രണ്ടുപേരെയും കൊണ്ടുപോകാറ്. രോഹിണിക്ക് എന്തൊക്കെ സാധനങ്ങളാണ് വാങ്ങിക്കൊടുക്കുക എന്നറിയാമോ? എന്നോട് പേരിന് വല്ലതും വില കുറഞ്ഞത് വേണോ എന്ന് ചോദിച്ചെങ്കിലായി. എനിയ്ക്കിഷ്ടപ്പെട്ട പല സാധനങ്ങളും അവിടെ യുണ്ടാവും. എന്നാലും ഞാൻ ഒന്നും വേണ്ടന്നേ പറയാറുള്ളൂ. രോഹിണിയോടും എന്നോടും ഉള്ള പെരുമാറ്റത്തിലുള്ള വ്യത്യാസം എനിയ്ക്കു നല്ലവണ്ണം മനസ്സിലാവാറുണ്ട്. എന്നോട് എന്തോ പകയുള്ളതു പോലെയാണ് പെരുമാറാറ്.
ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും ഞാൻ എന്തുകൊണ്ട് എന്റെ അവകാശങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചില്ല. കഴിയുമായിരുന്നോ എന്ന് സംശയായിരുന്നു. അമ്മായിയുടെ ആധിപത്യവും അമ്മയുടെ മേലുള്ള സ്വാധീനവും അത്ര ശക്തമായിരുന്നു. അഞ്ചര ദിവസം കൂടുംബത്തിൽ നിന്ന് വിട്ടു നിൽക്കുകയും ശനിയാഴ്ച വൈകുന്നേരം എത്തുകയും കുടുംബത്തിൽ നിന്ന് സ്നേഹം മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്ന അച്ഛനെ ഞാൻ എന്തായാലും എന്റെ പ്രാരാബ്ധങ്ങൾ പറഞ്ഞ് വിഷമിപ്പിക്കില്ലായിരുന്നു. ഞാൻ കൂടുതൽ അന്തർമുഖിയായി വളർന്നു.
ഞാൻ ഏഴിൽ പഠിക്കുമ്പോഴാണതുണ്ടായത്. സ്കൂളിൽ ആനിവേഴ്സറിയായിരുന്നു. എന്നെ ഒരു ഡാൻസ് പരിപാടിയിൽ ടീച്ചർ ചേർത്തു. അമ്മായിയുടെ വിലക്കുണ്ടായിരുന്നതു കാരണം ഞാനത് വീട്ടിൽ പറഞ്ഞില്ല. ആനിവേഴ്സറിയുടെ രണ്ടു ദിവസം മുമ്പാണ് ടീച്ചർ പറഞ്ഞത്. ഡാൻസിന്നായി ഒരു പ്രത്യേക ഉടുപ്പ് തുന്നണമെന്ന്. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മായി സ്വാഭാവികമായും ഇടപെട്ടു. ഡാൻസിനു പോകണ്ട എന്നു പറഞ്ഞു. ഡാൻസിനു പോകേണ്ട എന്നു പറഞ്ഞാൽ ഞാൻ ടീച്ചറേയും മറ്റു കുട്ടികളേയും ബുദ്ധിമുട്ടിപ്പിക്കുകയെന്നാണ്. കാരണം വേറൊരു കുട്ടിയെ രണ്ടു ദിവസംകൊണ്ട് പരിശീലിപ്പിക്കാൻ പറ്റില്ല. ആ ഐറ്റം വേണ്ടെന്നു വെക്കുകയേ പറ്റൂ. ഞാൻ സമ്മതിച്ചില്ല. വാക്കേറ്റമായി. അവസാനം അമ്മായി എന്നെ വല്ലാതെ അടിച്ചു.
അമ്മയോ അച്ഛനോ എന്നെ ജീവിതത്തിൽ ഒരിക്കൽ പോലും അടിച്ചിട്ടില്ല. അമ്മായി ഇടയ്ക്കിടക്ക് എന്തെങ്കിലും കാരണം പറഞ്ഞ് അടിക്കാറുണ്ട്. പഠിക്കാത്തതിനോ, തലമുടി കെട്ടി വെയ്ക്കാത്തതിനോ, എന്തെങ്കിലുമായി. പക്ഷേ ഇത്യാദ്യമായാണ് ഇത്രയും വേദനിപ്പിച്ച് അടിക്കുന്നത്.
എനിക്കു വിഷമമായി. ഞാൻ ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നു. അതു വെള്ളിയാഴ്ച യായിരുന്നു. പിറ്റേന്ന് രണ്ടാം ശനിയാഴ്ചയായതിനാൽ അച്ഛൻ രാവിലെതന്നെ എത്തി. എന്റെ സ്ഥിതി കണ്ടപ്പോൾ അച്ഛന് നല്ല വിഷമമായി. എന്നെ മടിയിലിരുത്തി ഭക്ഷണം കഴിപ്പിച്ചു. ഒപ്പം കൊണ്ടു പോയി ഡാൻസിന് ആവശ്യമായ ഉടുപ്പുകൾ വാങ്ങിത്തന്നു.
അതിനുശേഷം ഞാൻ അമ്മായിയോട് മിണ്ടിയിട്ടില്ലെന്നുതന്നെ പറയാം. എന്റെ ഭാഗ്യത്തിന് അച്ഛന് ഒരു കൊല്ല ത്തിനകം തൃശൂരിൽ സ്ഥിരമായി ജോലിയായി. ആ വീട് വിറ്റ് ഞങ്ങൾ തൃശൂരിൽ താമസമാക്കുകയും ചെയ്തു. അമ്മായി തറവാട്ടിലേക്കു തന്നെ മടങ്ങി. അവിടെ അമ്മായിയുടെ ചേട്ടനും ചേട്ടത്തിയമ്മയും മക്കളുമുണ്ടായിരുന്നു.
എന്റെ കല്യാണത്തിന് അവർ ആദ്യവസാനക്കാരിയായിരുന്നു. ഞാൻ ശ്രദ്ധിക്കാൻ പോയില്ല. അവർ ക്കെന്നെ ഇഷ്ടമായിരുന്നിരിക്കണം. പക്ഷേ ഒരുതരം വൈകൃതമുള്ളതരം സ്നേഹം. വളരെ രസകരമാകു മായിരുന്ന എന്റെ കുട്ടിക്കാലം മുഴുവൻ നശിപ്പിച്ചതവരാണ്.
രാത്രി വളരെ വൈകിയിരുന്നു. നിലാവസ്തമിച്ചു. ജനലിലൂടെ കാണുന്നത് ഇരുട്ടു മാത്രം. ഇരുട്ട് ആശ്വാസ കരമായിരുന്നു. അയാൾ അവളുടെ അരക്കെട്ടിൽ കൈവെച്ച് അടുപ്പിച്ച് ഒന്നും പറയാതെ കുറെനേരം കിടന്നു. അവൾ ഉറക്കമായിട്ടും അയാൾ കുറെ നേരം ഉറങ്ങാതെ കിടന്നു.
താഴെ മരുന്നുകളുടെയും തൈലത്തിന്റെയും മൂത്രത്തിന്റെയും കുത്തുന്ന മണമുള്ള മുറിയിൽ പകുതിയും ഇരുട്ടു കയറിയ മനസ്സുമായി, ഒട്ടും തന്നെ ആശാവഹമല്ലാതിരുന്ന അപൂർണ്ണമായ ഒരു ജീവിതാന്ത്യത്തിൽ ക്രൂരമായ വിധിയുമായി പടപൊരുതുന്ന ഒരു വൃദ്ധയെ അയാൾ ഓർത്തു. അയാൾ ദുഃഖിതനായി.
രാവിലെ ഉണർന്നപ്പോൾ നേരം നല്ലവണ്ണം വെളുത്തിരുന്നു. താഴെ ഇറങ്ങി വന്നപ്പോഴേയ്ക്ക് വല്ല്യമ്മ മോൾക്ക് പാൽ കൊടുത്ത് അവളുടെ പ്രഭാതകൃത്യങ്ങളെല്ലാം കഴിച്ചിരുന്നു. രാജി വിളിച്ചപ്പോൾ അവൾ തിരിഞ്ഞ് വല്ല്യമ്മയുടെ തോളിലേക്കുതന്നെ വലിഞ്ഞു.
വല്ല്യമ്മേ വല്ല്യ ഇഷ്ടായിരിക്കുന്നു. രാജി പറഞ്ഞു.
നാരായണിയോട് നിങ്ങള് വന്ന കാര്യം പറഞ്ഞിട്ടില്ല. അവർ പറഞ്ഞു. പറഞ്ഞാൽ കാണാൻ ധൃത്യാവും. കമലം വന്നിട്ടുണ്ട്. അവര്ടെ രാവിലെത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞോട്ടെ.
നൂൽപിട്ടും കടലക്കൂട്ടാനും നന്നായിരുന്നു. ചായ കുടിച്ചശേഷം അവർ അമ്മായിയുടെ മുറിയിലേക്ക് പോയി. തുറന്നിട്ട രണ്ടു ജനലുകൾ മുറിയെ പ്രകാശമയമാക്കിയിരുന്നു. അകത്ത് ദുർഗന്ധമൊന്നുമുണ്ടായിരു ന്നില്ലെന്ന് കണ്ട് ദിവാകരന് ആശ്വാസ മായി. രാജിയാണ് മോളെ എടുത്തത്.
ഇതാരാ വന്നിരിക്കണത്ന്ന് നോക്കു നാരായണി.
വല്ല്യമ്മ പറഞ്ഞു. പിന്നെ തിരിഞ്ഞ് അവരോടായി പറഞ്ഞു.
ഇപ്പൊത്തൊട്ട് ചെലപ്പോ മറവിംണ്ട്.
അമ്മായി ഒരര മിനിറ്റ് നേരം രാജിയേയും ദിവാകരനേയും നോക്കി. നേരിയ ശബ്ദത്തിൽ ചോദിച്ചു.
രാജി വന്ന്വോ?
അവർ ഇടതുകൈ സാവധാനത്തിൽ ഉയർത്തി. നീയൊന്നടുത്ത് ചെല്ല് മോളെ. വല്ല്യമ്മ പറഞ്ഞു.
നെന്റെ മോളെ തൊടാനാണ്.
രാജി മോളെ അമ്മായിയുടെ അടുത്തേക്ക് നീട്ടി. അവർ വിറയ്ക്കുന്ന കൈ കൊണ്ടവളെ തഴുകി. ഒരു നിമിഷ നേരത്തേക്കു മാത്രം. പിന്നെ ആ കൈ ബലമില്ലാതെ വീണു. അവർ വല്ല്യമ്മയെ നോക്കി എന്തോ പറഞ്ഞു. ദിവാകരനു മനസ്സിലായില്ല.
വല്ല്യമ്മ, അമ്മായി കിടക്കുന്ന കിടയ്ക്കയുടെ തലഭാഗം പൊക്കി ഒരു ചെറിയ പൊതി പുറത്തെടുത്തു. അതു തുറന്ന് ഒരു അരഞ്ഞാൺ എടുത്ത് രാജിയെ കാണിച്ചു.
ഈ അരഞ്ഞാൺ ഓർമ്മണ്ടോ?
ഇല്ലെന്ന് രാജി പറഞ്ഞു.
ഇത് അമ്മായി നിന്നെ കെട്ടിച്ച അരഞ്ഞാണാണ്. ചോറൂണിന്റെ അന്ന്. പിന്നെ നിനക്ക് പാകമാവാതായ പ്പോൾ എടുത്തു വെച്ചതാണ്. നിന്റെ മോൾടെ അരയില് അരഞ്ഞാണംണ്ടായിരുന്നു. ഇതാ, ഈ മാല അമ്മായി കെടപ്പിലാവണേന്റെ ഒരു മാസം മുമ്പ് ഉണ്ടാക്കിച്ചതാണ്. ഇതും അമ്മായിടെ കയ്യോണ്ട് മോളെ കെട്ടിക്കണംന്ന് പറഞ്ഞതാണ്. എന്താ ചെയ്യാ ഇങ്ങിനെയൊക്കെ വരുംന്ന് മുൻകൂട്ടി വിചാരിച്ച്വോ ആരെങ്കിലും?
അവർ ആ രണ്ട് ആഭരണങ്ങളും അമ്മായിയുടെ കയ്യിൽ വെച്ചുകൊടുത്തു. അവർ കൈ ഉയർത്താൻ ഒരു വിഫല ശ്രമം നടത്തി, ദയനീയമായി വല്ല്യമ്മയെ നോക്കി.
ഞാൻ കെട്ടിച്ചു കൊടുത്താ മത്യോ?
അവർ തലയാട്ടി.
രാജിയുടെ നിർവ്വികാരമായ മുഖത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നതും കണ്ണിൽ ജലകണങ്ങൾ നിറയുന്നതും ദിവാകരൻ കണ്ടു. കുട്ടിയെ വല്ല്യമ്മയുടെ കയ്യിലേൽപ്പിച്ച് അവൾ കട്ടിലിന്റെ കാൽക്കലിരുന്ന് കരയാൻ തുടങ്ങി.