അലക്കു യന്ത്രം
അലക്കു യന്ത്രം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | സൂക്ഷിച്ചുവച്ച മയിൽപ്പീലി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 100 |
ശാലിനി അല്പം ആശയകുഴപ്പത്തിലായിരുന്നു. പണിക്കാരി രാധ പറഞ്ഞത് അവൾക്ക് വിശ്വസിക്കാനായില്ല. പക്ഷേ അവൾ നുണപറയുകയാണെന്ന് തോന്നിയില്ല. മറ്റെല്ലാം പറയുന്ന പോലെയാണവൾ പറഞ്ഞത്.
എനിയ്ക്കെന്തിനാ മോളെ അസൂയ? എന്റെ വീട്ടിലുംണ്ട് ഒരു വാഷിംഗ് മെഷീൻ.
രാധ തുണികൾ ഓരോന്നോരോന്നായി വാഷിംഗ് മെഷീനിൽ ഇടുകയായിരുന്നു. ആ പന്ത്രണ്ടു വയസ്സുകാരിക്ക് വാഷിംഗ് മെഷീന്റെ ഉയരം തന്നെയേ ഉള്ളൂ. അതുകൊണ്ട് അവൾ മെഷീന്റെ മുമ്പിൽ ഒരു പലകക്കഷ്ണം വെച്ച് അതിനു മുകളിൽ നിന്നാണ് തുണികൾ ഇട്ടിരുന്നത്.
ട്യൂഷൻടീച്ചറുടെ അടുക്കൽ നിന്ന് രക്ഷപ്പെട്ടു വന്നതാണ് ശാലിനി. ഇരുപത്തഞ്ചു മുതൽ അമ്പതുവരെ എഴുതാൻ ഏല്പിച്ച് ചായ കുടിക്കാനിരുന്നതാണ് ടീച്ചർ. ചായ കുടിച്ചു കഴിഞ്ഞാൽ ടീച്ചർക്ക് പോവാൻ ധൃതിയാവും. ഇനി അമ്മ കുളിക്കാൻ വിളിക്കുന്നതു വരെ അവൾ സ്വതന്ത്രയാണ്. ആ സ്വാതന്ത്ര്യം ആഘോഷിക്കുക രാധയോട് സംസാരിച്ചുകൊണ്ടാണ്. തിരുമ്പുമ്പോഴോ, അടിച്ചുവാരി തുടക്കുമ്പോഴോ ഒക്കെ അവൾ രാധയുടെ പിന്നൽ സംസാരിച്ചുകൊണ്ടുണ്ടാവും. അധികവും ക്ലാസിലെ വിശേഷങ്ങളായിരിക്കും. അല്ലെങ്കിൽ നഴ്സറി റൈമുകൾ പാടി നൃത്തം വെക്കും. തുടച്ച മാർബ്ൾ നിലത്ത് ശാലിനിയുടെ കൊച്ചു കാലുകൾ പതിയും. അവ നോക്കി രാധ പറയും.
ഞാൻ തുടച്ചിടത്തൊക്കെ മോള് ചവിട്ടി നടന്നോളു. അമ്മ കണ്ടാൽ കിട്ടിക്കോളും.
ശാലിനി ശ്രദ്ധിക്കില്ല. അമ്മ അവളെ പഠിത്തത്തിന്റെ കാര്യത്തിൽ മാത്രമെ ശിക്ഷിക്കുകയുള്ളു. മകൾ പഠിച്ച് ഒരു ഡോക്ടറാകണമെന്നാണ് ശാരദയുടെ മോഹം. ഡോക്ടർമാരെക്കുറിച്ച് ശാരദയ്ക്ക് സങ്കല്പങ്ങളുണ്ട്. ഒരു ബിസിന സ്സുകാരനായ തന്റെ ഭർത്താവിന്റെ പ്രാരബ്ദങ്ങൾ ഒന്നും ഇല്ലാതെ വെറുതെ ഒരു ചേമ്പറിൽ കഴുത്തിൽ സ്റ്റെത്തും തൂക്കി പണം വാരുന്ന ഡോക്ടർമാരെ ശാരദ എന്നും അസൂയയോടെയാണ് നോക്കിയിരുന്നത്. തന്റെ ഭർത്താവ് ഒരു നല്ല ഡോക്ടറെക്കാൾ സമ്പാദിക്കുന്നുണ്ടെങ്കിലും ഒരു ഡോക്ടർക്കുള്ള സ്ഥാനം കിട്ടുന്നില്ലെന്ന് അവൾ കണ്ടു. അവൾ മകളെ ഒരു സ്നോബായി വളർത്താൻ ശ്രമിച്ചു. തന്നേക്കാൾ താഴെക്കിടയിലുള്ളവരെ പുച്ഛത്തോടെ നോക്കാൻ, മേലെക്കിടയിലുള്ളവരെ കാണുമ്പോൾ അവരെ അനുകരിക്കാൻ എല്ലാം അവൾ ശ്രമിച്ചു. മകളെ പ്രേരിപ്പിക്കുകയും ചെയ്തു. പാവപ്പെട്ടവരെല്ലാം പുഴുക്കൾക്ക് സമമാണെന്നവൾ വിശ്വസിച്ചു. അതുകൊണ്ട് രാധ ശാലിനിയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോട്ടെ എന്നു ചോദിച്ചാൽ ശാരദ സമ്മതിക്കാറില്ല. ദാരിദ്ര്യം ഒരു പകർച്ചവ്യാധിയാണെന്നും, തന്റെ മകളെ അതിൽ നിന്നും മാറ്റി നിർത്തണ മെന്നും അവൾ കരുതി.
രാധ വിഷിംഗ് മെഷീനിൽ തുണികളിടുന്നത് കണ്ടപ്പോഴാണ് ശാലിനി ഓർത്തത്. അവൾ പറഞ്ഞു.
ഞങ്ങൾക്കിന്ന് പുതിയ വാഷിംഗ് മെഷീൻ കിട്ടൂലോ.
പുതിയ വാഷിംഗ് മെഷീനോ?
അതെ.
അപ്പൊ ഇതിനെന്താ കുഴപ്പം? ഇത് വാങ്ങീട്ട് ഒരു കൊല്ലല്ലെ ആയിട്ടുള്ളു.
ഇത് ഓട്ടോമാറ്റിക്കല്ല. പുതിയത് ഓട്ടോമാറ്റിക്കാണ്.
ഓ. കുട്ടീടെ മമ്മി ഏതെങ്കിലും വീട്ടിൽ പോയപ്പോ കണ്ടിട്ടുണ്ടാകും. അപ്പൊ അത് വാങ്ങണംന്ന് പറഞ്ഞ് ഡാഡിയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകും അല്ലെ?
ശാലിനി ഒന്നും പറഞ്ഞില്ല.
രാധ കൊച്ചമ്മയെ അനുകരിച്ചു.
‘നോക്കുന്നെ അവര്ടെ കയ്യില് ആട്ടോമാറ്റിക് വാഷിംഗ് മെഷീനുണ്ട്. അപ്പൊ നമ്മക്കും വേണ്ടെ ഒന്ന്’ എന്നിട്ട് അതു വാങ്ങി വർക്കേരിയയിൽ പ്രതിഷ്ഠിക്കും. എന്നിട്ട് പറയും. ‘രാധേ,നീ ഇത് തൊടുകയൊന്നും വേണ്ട കേട്ടോ. പഴയതിൽത്തന്നെ തിരുമ്പിയാൽ മതി.’ പുതിയ മെഷീൻ ഒരു കാഴ്ചവസ്തുവായി വെക്കും. വിരുന്നു വരുന്നവർ ക്കൊക്കെ കാണിച്ചുകൊടുക്കും. വാക്വംക്ലീനർ എനിക്കിതുവരെ തൊടാൻ തന്നിട്ടില്ലല്ലൊ.
ശാലിനി കോക്രി കാട്ടി. അമ്മയുടെ എല്ലാ പ്രവർത്തികളും അവൾക്കിഷ്ടമില്ലെങ്കിലും ആരും അമ്മയെപ്പറ്റി പറുന്നത് അവൾക്കിഷ്ടമല്ല. അവൾ പറഞ്ഞു.
രാധയ്ക്ക് അസൂയയാണ്. അതോണ്ടാണ് ഇങ്ങനെ പറേണത്.
അസൂയയോ? രാധയ്ക്കോ? രാധ ചോദിച്ചു. എനിക്കെന്തിനാ മോളെ അസൂയ? എന്റെ വീട്ടിലുംണ്ട് ഒരു വാഷിംഗ് മെഷീൻ.
നുണ.
അല്ല ശരിക്ക് പറയ്യാണ്. ന്റെ വീട്ടിലുംണ്ട് ഒരു വാഷിംഗ് മെഷീൻ.
ന്നിട്ടാണോ രാധ പബ്ലിക്ക് ടാപ്പിന്റെ അവിടെ പോയി തിരുമ്പുന്നത്? ഞാൻ കാറില് പോവുമ്പോ രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്.
ഞങ്ങടെ വാഷിംഗ് മെഷീൻ കേടായി കെടക്ക്ാണ്.
നുണ.
വേണങ്കിൽ വിശ്വസിച്ചാൽ മതി.
രാധ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിച്ചു.
ശാലിനീ.
അമ്മ വിളിച്ചു. കുളിക്കാൻ വരു.
ഇതാ വരുന്നു.
അവൾക്ക് രണ്ടിലൊന്ന് അറിയണം. രാധയെ അവൾക്ക് നല്ലപോലെ അറിയാം. നുണ പറയാറില്ല. ഇല്ലാത്ത സാധനം ഉണ്ടെന്നൊന്നും പറയാറില്ല. പിന്നെ ഈ വാഷിംഗ് മെഷീൻ മാത്രം?
ശാലിനീ…
അമ്മയുടെ വിളി വീണ്ടും.
മോള് വേഗം പൊയ്ക്കോ. അമ്മ വിളിക്ക്ണ്ട്. രാധ പറഞ്ഞു.
രാധേടെ വീട്ടില് വന്നാ വാഷിംഗ് മെഷീൻ കാണിച്ചുതര്വോ?
ശാലിനി ചോദിച്ചു.
അല്ലാതെന്താ. രാധ പറഞ്ഞു. പക്ഷേ മോള്ടെ അമ്മ മോളെ എന്റെ കൂടെ വിട്വോന്നുല്ല്യ.
അവൾ ബക്കറ്റിൽ വെള്ളം നിറച്ച് വാസനയുള്ള വെള്ള ഫിനൈൽ ഒഴിച്ച് ഇളക്കി.
ശാലിനി ആലോചിച്ചു. ചിലപ്പോൾ താൻ അവളുടെ വീട്ടിൽ ചെല്ലില്ലെന്ന ധൈര്യത്തിലായിരിക്കും രാധ നുണ പറഞ്ഞത്. താൻ ഇന്ന് അമ്മയെക്കൊണ്ട് സമ്മതിപ്പിക്കാൻ പോകുന്നു.
കുളിച്ചുകൊണ്ടിരിക്കെ അവൾ രാധയുടെ അവകാശവാദത്തെപ്പറ്റി പറഞ്ഞു.
നെണക്ക് പ്രാന്തുണ്ടോ? വാഷിംഗ് മെഷീൻ. അവർക്ക് മര്യാദക്ക് ഭക്ഷണം കഴിക്കാനില്ല. ന്ന്ട്ടാ വാഷിംഗ് മെഷീൻ.
രാധ നല്ല ഒറപ്പ് പറയ്ണ്ണ്ട്. ശാലിനി പറഞ്ഞു. അവൾടെ വീട്ടില് പോയാ കാണിച്ചു തരാംന്ന് പറഞ്ഞു. അമ്മേ ഞാനിന്ന് രാധേടെ വീട്ടില് പോട്ടെ?
വേണ്ട വേണ്ട. അവര്ടെ വീട്ടില് വൃത്തിയൊന്നുംണ്ടാവില്ല്യ.
ഞാൻ അവിട്യൊന്നും ഇരിക്കിണില്ല്യ അമ്മേ. വാഷിംഗ് മെഷീൻ കണ്ട് തിരിച്ചു വരാം.
നെനക്ക് പ്രാന്ത് തന്ന്യാ. രാധേടെ അച്ഛൻ മരിച്ചിട്ട് അഞ്ചുകൊല്ലമായി. അതിന് ശേഷാ അവള്ടെ അമ്മ പണിക്കു പോവാൻ തൊടങ്ങിയത്. നെനക്ക് ഓർമ്മയില്ലെ ലക്ഷ്മിയെ? തീരെ ആര്യോഗ്യമില്ലാത്ത ഒരു സാധനം. അവളും കെടപ്പിലായപ്പോഴാ രാധ വരാൻ തൊടങ്ങീത്. അവർക്കെവിട്യാ മോളെ വാഷിംഗ് മെഷീനൊക്കെ വാങ്ങാൻ പണം?
ഞാൻ പോയി നോക്കട്ടെ.
വേണ്ട.
ശാലിനി നിർബ്ബന്ധം പിടിച്ചു. അവൾക്ക് പോയേ തീരു. രാധയുടെ അഹംഭാവം ഒന്നു നിർത്തണം. വീട്ടിൽ കൊണ്ടു പോയി വാഷിംഗ് മെഷീൻ കാണിക്കാൻ പറ്റാതിരിക്കുമ്പോൾ രാധയുടെ മുഖത്തുണ്ടാവുന്ന ജാള്യത ഓർത്ത് ശാലിനി ചിരിച്ചു.
സ്ക്കൂളിൽ പോകുന്നതിനുമുമ്പുള്ള ഒരു മണിക്കൂർ സമയം നിരന്തരം ശല്യപ്പെടുത്തുകവഴി അവൾ അമ്മയെ ക്കൊണ്ട് സമ്മതിപ്പിച്ചു. അച്ഛൻ ടൂറിലല്ലായിരുന്നെങ്കിൽ ഇത്ര വിഷമമുണ്ടാവില്ലായിരുന്നു. അച്ഛൻ പറയും.
മോള് പൊയ്ക്കോളു. വേഗം തിരിച്ചു വരണംട്ടോ.
അപ്പോൾ അങ്ങിനെ തീർച്ചയാക്കി. രാധ എല്ലാ വീട്ടിലേയും പണികഴിഞ്ഞ് പോകുമ്പോൾ നാലു മണിയാവും. അപ്പോഴേക്ക് ശാലിനി സ്കൂൾ യൂണിഫോം മാറി പുറപ്പെട്ടു നിൽക്കണം.
നീയെന്തിനാ രാധേ കുട്ടികളോട് ഇങ്ങിനെ ഓരോന്ന് പറയണത്? കണ്ടില്ലെ ഇപ്പൊ തലവേദന?
ശാരദ കയർത്തു. രാധ ചിരിക്കുക മാത്രം ചെയ്തു.
നീയിനി നെന്റെ വീട്ടിന്ന് അവൾക്ക് തിന്നാനൊന്നും കൊടുക്കരുത് കേട്ടോ. അവൾക്ക് അങ്ങിനെ അതും ഇതും ഒന്നും തിന്ന് ശീലല്യ. വയറ് കേട്വരും. പിന്നെ രണ്ട് ദിവസത്തെ ക്ലാസ് പോകും.
പേടിക്കേണ്ട ചേച്ചി. അവിടെ തിന്നാൻ ഒന്നുംണ്ടാവില്ല്യ.
അവൾ സത്യം പറയുകയായിരുന്നു. നാലു വീട്ടിലെ പണിയെടുക്കുന്നതു കൊണ്ടാണ് ആ പെൺകുട്ടിക്ക് പട്ടിണിയില്ലാതെ കഴിയാൻ പറ്റുന്നത്. അമ്മ, താൻ, അനുജൻ. അച്ഛൻ മരിച്ചപ്പോൾ സ്കൂളിൽ പോക്കു നിർത്തി. പിന്നെ അമ്മ വാതമായി കിടപ്പിലായപ്പോൾ അവൾ ജോലിക്കു പോക്കും തുടങ്ങി. അമ്മ പോയിരുന്ന വീടുകളിൽത്തന്നെ. അവളുടെ ഭക്ഷണം ഓരോ വീടുകളിലായി കഴിയും. വൈകുന്നേരം തിരിച്ചുപോകുമ്പോൾ ഏതെങ്കിലും വീട്ടിൽ നിന്നു കിട്ടിയ ചോറും കൂട്ടാനും കാണും. അതായിരിക്കും ആ കുടുംബത്തിന്റെ രാത്രി ഭക്ഷണം. അവൾക്ക് പരാതികളൊന്നുമുണ്ടായിരുന്നില്ല. ഇങ്ങിനെയെങ്കിലും കഴിഞ്ഞുകൂടുന്നുണ്ടല്ലോ എന്നവൾ സമാധാനിച്ചു. ഇത്രയും ഇല്ലാത്തവർ എത്രയുണ്ട്.
അവൾ ജോലിയെടുത്തിരുന്ന വീട്ടിലുള്ളവരെല്ലാം ഒരു മാതിരി സമ്പന്നരായിരുന്നു. അവരുടെ ജീവിതത്തിന്റെ പകിട്ടു കണ്ട് അവൾ ആദ്യമെല്ലാം അന്ധാളിച്ചു. ഒരു എട്ടുവയസ്സുകാരിയായി അമ്മയുടെ ഒപ്പം ഈ വീടുകളിലേക്ക് പോയപ്പോൾ അവൾ തികച്ചും അത്ഭുതപ്പെടാറുണ്ട്. അതുവരെ അവളുടെ ലോകം തീവണ്ടിപ്പാതയ്ക്കിരുവശത്തും പുറംപോക്കു സ്ഥലത്ത് തഴച്ചുവളർന്ന കുടിലുകൾക്കിടയിലായിരുന്നു. നാറുന്ന, കൊതുക് ആർക്കുന്ന കറുത്ത വെള്ളം കെട്ടിനിൽക്കുന്ന ചുറ്റുവട്ടം. തേളിന്റെയും പഴുതാരയുടെയും കടി, വൈകുന്നേരങ്ങളിൽ കുടിച്ചുവന്ന് വഴക്കിടുന്ന പുരുഷന്മാർ. ഈ അനാരോഗ്യകരമായ ചുറ്റുപാടിൽ ജീവിച്ചുവന്ന അവൾക്ക് അമ്മ ജോലിയെടുക്കാൻ പോകുന്ന വീടുകൾ വേറൊരു ലോകത്താണെന്നു തോന്നി. ക്രമേണ ശിശുസഹജമായ നൈർമല്യത്തോടെ, അവൾ മനസ്സിലാക്കി. അവരും തങ്ങളും തമ്മിൽ വ്യത്യാസം ഉള്ളവരും ഇല്ലാത്തവരും എന്നുമാത്രമേ ഉള്ളൂ. അവൾ ബുദ്ധിമതിയായിരുന്നു. കാര്യങ്ങളുടെ കിടപ്പ് അവൾ വേഗം പഠിച്ചു. ഉള്ളവർ ഒരു ഞായറാഴ്ച വൈകുന്നേരം പുറത്തിറങ്ങിയാൽ ഭക്ഷണശാലകളിൽ ചെലവാക്കുന്ന തുകയുടെ പകുതിപോലും അമ്മയ്ക്കു മാസശമ്പളമായി കൊടുക്കുന്നില്ലെന്നവൾ കണ്ടു. ഉള്ളവർ, ഇല്ലാത്തവർക്കു കൊടുക്കുകയില്ലെന്നും അവൾ മനസ്സിലാക്കി. തൊഴിലാളി, മുതലാളിയുടെ ചൂഷണത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുമ്പോൾ തങ്ങളുടെ വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുകയാണ്. ഒരു രാഷ്ട്രീയപാർട്ടി ഭരിച്ചിട്ടും തങ്ങളുടെ സാമ്പത്തിക നിലക്ക്, തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾക്ക് മാറ്റം വന്നിട്ടില്ലെന്ന് അവൾ കണ്ടു. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞേ പൊതുടാപ്പിൽ വെള്ളം വരൂ. എട്ടുമണിക്ക് രാത്രി ഭക്ഷണം കഴിഞ്ഞാൽ അവൾ രണ്ടു കുടവുമായി ടാപ്പിനടുത്തു വന്ന് ക്യൂവിൽ സ്ഥലം പിടിക്കും. അപ്പോഴേക്ക് പത്തു പന്ത്രണ്ടു കലങ്ങൾ വരിയിൽ ഉണ്ടാവും. സ്ഥലം പിടിച്ച ശേഷം അവൾ കുടിലിൽ വന്ന് ഉറങ്ങാൻ കിടക്കും. പകലത്തെ അദ്ധ്വാനം കാരണം കൊതുകടിയൊന്നും അവളുടെ ഉറക്കത്തിന് ഭംഗം വരുത്തിയില്ല. പന്ത്രണ്ടു മണിക്ക് എഴുന്നേറ്റ് ടാപ്പിനടുത്തേക്ക് നടക്കും. അവിടെ സ്ത്രീകൾ ബഹളം കൂട്ടിത്തുടങ്ങിയിട്ടുണ്ടാകും. വെള്ളത്തിനു വേണ്ടി കലഹമുണ്ടാവാത്ത ദിവസമില്ല. രണ്ടു രണ്ടരയോടെ, ചിലപ്പോൾ മൂന്നുമൂന്നരയാവും, രണ്ടു കുടം വെള്ളം കിട്ടും. പിന്നെ തിരുമ്പൽ, കുളി, രാവിലത്തെ ഭക്ഷണമുണ്ടാക്കൽ. എല്ലാം കഴിയുമ്പോൾ ആറ് ആറരമണിയാവും. അവൾക്ക് ജോലിക്ക് പോകേണ്ട സമയമാവും.
ഓരോ തിരിഞ്ഞെടുപ്പ് വരുമ്പോഴും സ്ഥാനാർത്ഥികൾ ചിരിച്ചുകൊണ്ട് വരും. തങ്ങളെ ജയിപ്പിച്ചാൽ അവിടെ കൂടുതൽ ടാപ്പുകൾ ഇട്ടുതരുമെന്നും, കൂടുതൽ കക്കൂസുകളും കുളിമുറികളും ഉണ്ടാക്കിത്തരുമെന്നും മറ്റും വാഗ്ദാനം ചെയ്യും. ജയിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കുകയും ഇല്ല. കൂടുതൽ ലാഭകരമായ മറ്റു ജോലിക ളുള്ളപ്പോൾ ഈ കുടിലുകളിലും അതിൽ ഒടുങ്ങുന്ന മനുഷ്യരിലും അവർക്കെന്തു താൽപര്യം?
ടാപ്പിനു മുമ്പിൽ വെള്ളത്തിനുവേണ്ടി കാത്തുനിൽക്കുമ്പോൾ താൻ ജോലിക്കു പോകുന്ന വീടുകളിലെ കുളിമുറികൾ ഓർമ്മ വരും. ടാപ്പു തുറന്നാൽ വെള്ളം, എത്ര വേണമെങ്കിലും എപ്പോൾ വേണമെങ്കിലും. മുകളിൽ കുളിക്കാൻ ഷവർ. രണ്ടു വീടുകളിൽ ചൂടുവെള്ളമുണ്ടാക്കാനുള്ള ഗെയ്സറുമുണ്ട്. തീക്ഷ്ണമായ ഈ വൈരുദ്ധ്യ ങ്ങളിലും അവൾക്ക് അവരെ വെറുക്കാൻ കഴിഞ്ഞില്ല. വൈരുദ്ധ്യങ്ങൾ പ്രകൃതിനിയമ മാണെന്നവൾ വിശ്വസിച്ചു.
ശാലിനിയെ അവൾക്കിഷ്ടമാണ്. അവളുടെ ഗർവ്വ് രാധ വകവെച്ചില്ല. പക്ഷേ അവളിൽ ഉണ്ടായിരുന്ന കുട്ടിത്തം അവളെ ആകർഷിച്ചു.
വൈകുന്നേരം രാധയുടെ കൈപിടിച്ച് നിരത്തിന്റെ ഓരത്തുകൂടെ നടക്കുമ്പോൾ ശാലിനി ചോദിച്ചു.
രാധേടെ വീട് വലുതാണോ?
ഒരു മാതിരി. രാധ പറഞ്ഞു. വലിയ വീടൊക്കെ ആയാൽ അത് കൊണ്ടു നടക്കാൻ വിഷമമല്ലെ.
ഞങ്ങൾ മൂന്നു പേരല്ലേ ഉള്ളൂ. ന്ന്ട്ടും ഞങ്ങളുടെ എത്ര വലിയ വീടാ.
നിങ്ങൾക്ക് ജോലിക്കൊക്കെ ആളുണ്ട്. അടിച്ചുവാരി നിലം തുടക്കാനും, പാത്രം മോറാനും, തിരുമ്പാനും ഒരു പണിക്കാരി. അടുക്കളയിൽ വെപ്പു പണിക്ക് വേറൊരു പണിക്കാരി. ഞങ്ങൾക്ക് അതിനൊന്നുംള്ള പണംല്ല്യ. അപ്പൊ ചെറിയ വീടല്ലേ നല്ലത്?
ശാലിനി തലയാട്ടി.
നിങ്ങടെ വാഷിംഗ് മെഷീൻ വർക്ക് ഏരിയയിലാണോ വെച്ചിരിക്കുന്നത്?
വർക്ക് ഏരിയയിൽ? രാധ ഒരു നിമിഷം സംശയിച്ചു. ഞങ്ങളുടെ വീട്ടിൽ… അല്ലെങ്കിൽ കുട്ടിക്ക് വീടു കണ്ടാൽ മനസ്സിലാവും.
അവർ ടാറിട്ട റോഡിൽനിന്ന് ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. കഴിഞ്ഞ ഒരാഴ്ച അടച്ചു പെയ്ത മഴയിൽ വഴി മുഴുവൻ ചെളിക്കുണ്ടായിരുന്നു. ചളിയിൽ ചവിട്ടാതെ വഴിയുടെ ഓരത്തുകൂടെ അവർ നടന്നു. ഇടവഴി ചെന്നവസാനിച്ചത് ഒരു പറമ്പിന്റെ നടുവിലൂടെ പോകുന്ന വീതി കുറഞ്ഞ നടപ്പാതയിലാണ്. ആ വഴിയും ചളികെട്ടി വൃത്തികേടായിരുന്നു. ശാലിനി മുഖം ചുളിച്ചു.
രാധടെ വീട്ടിലേക്കിനിയും ദൂരമുണ്ടോ?
ഇല്ല. അടുത്തുതന്നെയാണ്.
അവർ നടന്നു. വഴിയുടെ ഇടതു വശത്തായി തീവണ്ടിപ്പാളങ്ങൾക്കരികിൽ ഒരു വലിയ കോളനി പരന്നു കിടന്നിരുന്നു. തൊട്ടു തൊട്ടടുത്തുള്ള കൊച്ചു കുടിലുകൾ. ക്രിറ്റേഷസ് യുഗത്തിലെ ഒരു ഭീമാകാരൻ പക്ഷി നീണ്ടുനിന്നൊരു ഏറ്റുമുട്ടലിനുശേഷം ചിറകുകൾ ഒടിഞ്ഞ് ചത്തു കിടക്കുന്നതുപോലെ ആ കോളനി കീറിപ്പറിഞ്ഞു കിടന്നു. മിക്കവയും ഓല മേഞ്ഞതാണ്. ചിലത് ഓടോ ഗാൽവനൈസ്ഡ്ഷീറ്റോ മേഞ്ഞവ. പലതിന്റെയും ചുമരുകൾ ഓലയോ ഷീറ്റോ ആയിരുന്നു. ചില വീടുകളിൽ ചുമരിനു പകരം ചാക്കുതുണിയോ പ്ലാസ്റ്റിക് ഷീറ്റോ ആണ് ഉപയോഗിച്ചിരുന്നത്. ഓലകൊണ്ടുണ്ടാക്കിയ കുളിമുറികൾക്ക് തീരെ മറവുണ്ടായിരു ന്നില്ല. ഓരോ വീടുകൾക്കിടയി ലും കറുത്തു നാറുന്ന വെള്ളം കെട്ടിക്കിടന്നു.
കുടിലുകൾക്കിടയിലൂടെ നടക്കുമ്പോൾ ശാലിനി അതെല്ലാം നോക്കി മുഖം ചുളിച്ചു.
രാധയുടെ വീട്ടിലേക്ക് പോകാൻ വേറെ വഴിയൊന്നുംല്ല്യെ?
ഇല്ല. ഇതാ നമ്മൾ എത്തിക്കഴിഞ്ഞു. രാധ പറഞ്ഞു.
അവൾ ഒരു കുടിലിന്റെ മുമ്പിൽ നിന്നു.
ഇതാണ് എന്റെ വീട്.
ശാലിനി പകച്ചു.
ഇതോ, രാധയുടെ വീടോ?
ങ്ങാ, ഇതാണ് ഞാൻ താമസിക്കുന്ന സ്ഥലം. എന്റെ വീട്. വരൂ.
ശാലിനി ഒന്നും പറയാതെ രാധയുടെ കൂടെ അകത്തേക്കു നടന്നു. അവളെ എതിരേറ്റത് ഇരുട്ടും ഓടയുടെ ഗന്ധവുമായിരുന്നു. കുറച്ചു നേരത്തേക്ക് അവൾക്ക് ഒന്നും കാണാൻ പറ്റിയില്ല. മുറിയിലെവിടെനിന്നോ ഒരു ക്ഷീണിച്ച ശബ്ദം വന്നു.
ഇതാരാ മോളെ നെന്റെ ഒപ്പം?
ഇത് ശാരദച്ചേച്ചിയുടെ മോളാ അമ്മേ. ശാലിനിക്കുഞ്ഞ്.
ശാലിനിക്കുഞ്ഞാണോ ഇത്? മോള് വലുതായല്ലോ. മോളെ ഇങ്ങട്ടടുത്തു വരൂ.
കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടു കഴിഞ്ഞപ്പോൾ മുറിയുടെ മൂലയിൽ പായിൽ കിടക്കുന്ന ക്ഷീണിച്ച രൂപം തെളിഞ്ഞു വന്നു. അവൾ അടുത്തു പോയില്ല. ചുറ്റുമുള്ള ഇരുട്ട്, മൂക്കിലേക്ക് കുത്തിക്കയറുന്ന നാറ്റം, പിന്നെ മുക്കിൽ ചുരുണ്ടു കിടക്കുന്ന വിചിത്ര ജീവി. അതൊരു മനുഷ്യസ്ത്രീയാണെന്ന് വിശ്വസിക്കാൻ ശാലിനിക്കു പ്രയാസമായി. അവൾക്കവിടെനിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു തോന്നി.
അവൾ ചോദിച്ചു.
രാധടെ മുറി ഏതാണ്?
എന്റെ മുറിയോ?
രാധ പൊട്ടിച്ചിരിച്ചു. നിർത്താതെയുള്ള ചിരി. ആ ചിരിയുടെ സ്ഫോടനത്തിൽ ആ കുടിലിന്റെ അന്ധകാരവും ആ ജീവിതത്തിന്റെ നിസ്സഹായതയും പാടെ തൂത്തെറിയപ്പെട്ടു. ആഹ്ലാദത്തിന്റെ കൊച്ചു സ്ഫുലിംഗങ്ങൾ ആ കൊച്ചു വീടിനെ ദീപ്തമാക്കി.
എന്റെ മുറിയോ?
രാധ വീണ്ടും ചോദിച്ചു.
അവൾ ശാലിനിയുടെ അടുത്തുവന്ന് മുട്ടു കുത്തിനിന്നു. അവളുടെ കണ്ണുകളിലെ സാരള്യം അവളുടെ ഹൃദയത്തിലെവിടെയൊക്കെയോ കൊണ്ടു. താനും ഒരു കുട്ടിയാണെന്നും, സ്നേഹത്തിന്റെ ലാളനക്കും ചൂടിനും താനും അവകാശിയാണെന്നും ഉള്ള കാര്യം അവൾ വിസ്മരിച്ചു. സ്വീകരിക്കുന്നതിനുപകരം നൽകാൻ അവൾ തയ്യാറായി. ഒരമ്മയായി മാറിയ അവൾ ശാലിനിയെ എടുത്തുപൊന്തിച്ചു. അവളുടെ തുടുത്ത കവിളിൽ ഉമ്മവെച്ചു. ശാലിനിക്കും അങ്ങിനെ ഒരുറപ്പ് ആവശ്യമായിരുന്നു.
ശാലിനിമോൾക്ക് തിന്നാൻ കൊടുക്കാൻ എന്തെങ്കിലും ഉണ്ടോ മോളെ?
രാധയുടെ അമ്മ ചോദിച്ചു.
ഉത്സാഹത്തിന്റെ തിരകൾ പിറകോട്ടു വലിഞ്ഞു. വേലിയിറക്കത്തിൽ മനസ്സിന്റെ മണൽത്തിട്ടുകൾ നഗ്നമാക്ക പ്പെട്ടു. അവിടെ യാഥാർത്ഥ്യത്തിന്റെ ക്ഷുദ്രജീവികൾ ഇഴഞ്ഞു നടന്നു.
രാധ ശാലിനിയെ താഴെ വെച്ചു.
ഇവിടെ ഒന്നുംല്ല്യമ്മെ. അവൾ പറഞ്ഞു.
ഇനിണ്ടെങ്കിൽത്തന്നെ മോൾക്ക് ഒന്നും കൊടുക്കരുതെന്ന് പറഞ്ഞിട്ടുമുണ്ട്.
തന്റെ ദൗത്യം എന്താണെന്ന് ശാലിനി അപ്പോഴാണ് ഓർത്തത്. അവൾ ചോദിച്ചു.
എവിടെയാണ് രാധേടെ…
അവൾ മുഴുമിച്ചില്ല. ചോദ്യത്തിന്റെ നിരർഥകത അവൾക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. അവൾക്ക് എങ്ങിനെയെങ്കിലും അവിടെ നിന്ന് പോയാൽ മതി.
എന്താ മോളെ? രാധ ചോദിച്ചു.
വാഷിംഗ് മെഷീൻ?
വാഷിംഗ് മെഷീനോ?
ഉം. അതെവിടെയാണ്?
അതാ അവിടെ കിടക്കുന്നു. രാധ ചൂണ്ടിക്കാട്ടി. അവളുടെ സ്വരം നിർവ്വികാരമായിരുന്നു. മുറിക്കുള്ളിലെ ഇരുട്ട് നീങ്ങിയിരുന്നു. ശാലിനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാം. ആ കാഴ്ച അവളെ വേദനിപ്പിച്ചു. അവൾ വിക്കിക്കൊണ്ട് പറഞ്ഞു.
അതോ, അത് രാധടെ അമ്മയല്ലെ?
അതെ. രാധ പറഞ്ഞു. ഞാൻ പറഞ്ഞില്ലെ അത് കേടുവന്ന് കിടക്ക്വാന്ന്. നിർവ്വികാരമായ ആ ശബ്ദത്തിന്റെ അന്ത്യത്തിൽ ഒരു തേങ്ങൽ കലർന്നുവോ?
ശാലിനി തരിച്ചു നിന്നു. രാധ പറയുകയായിരുന്നു.
ഒരു കാലത്ത് നന്നായി അലക്കിയിരുന്നതാണ്. എന്താ ചെയ്യ്വാ, കേടുവന്നില്ലേ?
ശാലിനി ഓടി പുറത്തേക്കു കടന്നു.
എനിക്ക് അമ്മടെ അടുത്ത് പോണം.
അവൾ കരഞ്ഞുകൊണ്ട് ഓടുകയാണ്.
മോളെ നിൽക്കു എന്ന രാധയുടെ വിളി അവൾ കേട്ടില്ല. അവൾക്കവിടെനിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണം. അവൾ ഓടി, ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും ഇരുണ്ട ഇടവഴികളിൽ സ്വയം നഷ്ടപ്പെടുംവരെ.