ഒരു ടാപ് ഡാൻസർ
ഒരു ടാപ് ഡാൻസർ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | സൂക്ഷിച്ചുവച്ച മയിൽപ്പീലി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 100 |
ഹോട്ടലിന്റെ തണുത്ത ലോബിയിൽ കാത്തുനിൽക്കുക വിഷമമുള്ളതായിരുന്നില്ല. വിദേശികൾ വന്നിരുന്നത് മിക്കവാറും ഉച്ചതിരിഞ്ഞ നേരത്തായിരുന്നു. എയർപോർട്ടിൽ നിന്നുള്ള ബസ്സിൽ അവർ കൂട്ടമായി വന്നിറങ്ങി. ചിലപ്പോൾ ടാക്‌സിയിൽ. കട്ടിയുള്ള ചില്ലുഭിത്തിയിലൂടെ നാരായണൻ നായർ അവർ ബസ്സിൽ നിന്നിറങ്ങുന്നത് നോക്കിയിരുന്നു. തോളത്തും പുറത്തും സഞ്ചി തൂക്കിക്കൊണ്ട് അവർ ഇറങ്ങി. വാതിൽക്കൽ നിൽക്കുന്ന ചുവന്ന യൂനിഫോമിട്ട ഡോർമാൻ വാതിൽ തുറന്നുകൊണ്ടവരെ സ്വാഗതം ചെയ്തു. ബെൽ ബോയ്‌സ് ബസ്സിൽ നിന്ന് സന്ദർശകരുടെ പെട്ടികളും സഞ്ചികളും എടുത്ത് ലിഫിറ്റിന്നരികിൽ നിരത്തി. ഇനി അതിഥികൾ കൗണ്ടറിൽച്ചെന്ന് ചെക്കിൻ ചെയ്താൽ അവർ വന്ന് മുറിയുടെ നമ്പർ നോക്കിവെക്കും. അവർക്ക് പോകേണ്ട ലിഫ്റ്റ് കാണിച്ചുകൊടുക്കും. സാധനങ്ങൾ ബെൽ ബോയ്‌സ് വേറൊരു ലിഫ്റ്റിലാണ് കൊണ്ടു പോകുക. വിദേശികൾ അവരവരുടെ മുറികളി ലെത്തുമ്പോഴേക്ക് അവർ സാധനങ്ങളുമായി അവിടെ എത്തിയിട്ടുണ്ടാകും.
ആ സമയത്താണ് നാരായണൻ നായർ സ്വയം പരിചയപ്പെടുത്തുന്നത്. കയ്യിലുള്ള ഫോൾഡർ അവരെ ഏൽപ്പിക്കുന്നു. അതിൽ കഥകളിയുടെയും, ഓട്ടംതുള്ളലിന്റെയും മറ്റു കേരളീയ നാടൻ കലകളുടെയും ചിത്രങ്ങളുണ്ട്. ചുവട്ടിൽ ചെറുകുറിപ്പുകളും. അവസാനത്തെ പേജിൽ തന്റെ വീട്ടിന്റെ വിലാസവും അവിടെ എത്തേണ്ടതെങ്ങിനെയാണ് എന്ന് മേപ്പ് സഹിതം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളും.
അയാൾ എന്നും വൈകുന്നേരം വീട്ടിന്റെ ചായ്പിൽ കഥകളി കാണിച്ചിരുന്നു. കാണികളായി വിദേശികൾ മാത്രമേ ഉണ്ടാകൂ. അവരെ കാൻവാസ് ചെയ്തു കൊണ്ടു പോകുന്നത് ഈ ഹോട്ടലിൽ വെച്ചായിരുന്നു. ആദ്യമെല്ലാം ഒരുമാതിരി നല്ല ബിസിനസ്സ് കിട്ടിയിരുന്നു. ഒരു സന്ദർശകന് അമ്പതു രൂപയാണ് നിരക്ക്. നാലും അഞ്ചും, ചിലപ്പോൾ എട്ടും പത്തും വരെ വിദേശികളെ കിട്ടാറുണ്ട്. പിന്നീട് പക്ഷെ വേറെയും രണ്ടു പാർട്ടികൾ രംഗത്തെത്തിയതോടെ നാരായണൻനായരുടെ ബിസിനസ്സ് മോശമായിത്തുടങ്ങി. മറ്റുള്ളവർ കൂടുതൽ സംഘടിതമായാണ് ബിസിനസ്സ് നടത്തിക്കൊണ്ടിരുന്നത്. തമ്മിൽ മാത്സര്യം ഉണ്ടാകുകമൂലം രണ്ടുപേർക്കും ബിസിനസ്സ് കുറയുകയാണെന്നു മനസ്സിലായപ്പോൾ അവർ ഒരു ഒത്തുതീർപ്പിലെത്തി. ഓരോ ദിവസം ഓരോരുത്തരുടെ വകയായി കഥകളി നടത്താമെന്ന്. അവർ ചെറിയൊരു ഹാൾ വാടകയ്‌ക്കെടുത്ത് സ്ഥിരം വേദിയാക്കി മാറ്റി. ഓരോരുത്തർ ഇടവിട്ടുള്ള ദിവസം അവിടെ കഥകളി നടത്തി.
നാരായണൻനായർക്ക് പക്ഷേ അതിൽ ചേരാൻ പറ്റിയില്ല. താൻ ഒരു ഭീഷണിയായി അവർക്കു തോന്നി യില്ല. മാത്രമല്ല ആവശ്യപ്പെട്ട മുതൽ മുടക്ക് അയാളുടെ കയ്യിലില്ലായിരുന്നുതാനും. അതുകൊണ്ടയാൾ ഇപ്പോഴും ഹോട്ടലിൽ വന്ന് സ്വന്തം ക്യാൻവാസ് ചെയ്തു വന്നു. അതു പക്ഷേ അധികം ഫലവത്തായില്ല. കാരണം മറ്റുള്ള രണ്ടുപേരും ഹോട്ടലിലും ടൂറിസ്റ്റ് ഓഫീസിലും സ്വാധീനിച്ചിരുന്നു. അതുകൊണ്ട് വിദേശികൾക്ക് ഹോട്ടലിൽ നിന്ന് കൊടുക്കുന്ന വിവരങ്ങളിലും, ടൂറിസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന ഫോൾഡറിലും മറ്റുള്ളവർ കഥകളി നടത്തുന്ന വിലാസമാണ് കൊടുക്കാറ്. അതുകൊണ്ട് അവർ നഗരം കാണുന്നതിന്റെ ഒരു ഭാഗമായി ഹാളിൽ പോയി കഥകളി കണ്ടു മടങ്ങി.
ഒന്നോ രണ്ടോ ഒറ്റതിരിഞ്ഞ വിദേശികളെ തനിക്കു കിട്ടിയെങ്കിലായി. ആരേയും കിട്ടാത്ത ദിവസം അയാൾ വീട്ടിൽ ചെന്ന് മേളക്കാരേയും വായ്പാട്ടുകാരേയും ഒഴിവാക്കും.
ഇന്നും അതുതന്നെയാവും സ്ഥിതിയെന്ന് നാരായണൻനായർ കരുതി. ഇരുപത്തിരണ്ട് വിദേശികൾ ഒരുമിച്ചാണ് ഒരു ബസ്സിൽ വന്നത്. അങ്ങിനെയുള്ളവരിൽനിന്ന് തനിയ്ക്ക് ബിസിനസ്സ് കിട്ടാൻ പോകു ന്നില്ല. അയാൾ നിരാശനായി ലോബിയിലെ ഒരു സോഫയിൽ ഒറ്റയാന്മാരേയും പ്രതീക്ഷിച്ചുകൊണ്ട് കൂനിക്കൂടിയിരുന്നു. മുകളിലുള്ള ഡക്ടിൽക്കൂടി താഴേക്കടിക്കുന്ന തണുത്ത കാറ്റ് അയാളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. തന്റെ പ്രായത്തിനു പറ്റിയതല്ല എയർ കണ്ടീഷൻ. അയാൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. അര മണിക്കൂർ കൂടി കാത്തുനിന്നിട്ട് പോകാം.
റിസപ്ഷനിലെ പെൺകുട്ടി മാറിയിരിക്കുന്നു. ഇപ്പോൾ ഡേവിഡ് എന്നു പേരുള്ള ഒരു ചെറുപ്പക്കാര നാണ്. നൈറ്റ് ഡ്യൂട്ടി അയാൾക്കാണ്. നാരായണൻനായർ അവരെയെല്ലാം സ്വാധീനിക്കാൻ ശ്രമിച്ചതാണ്. വിദേശികൾ വരുമ്പോൾ തന്റെ ഫോൾഡർ കൊടുക്കണമെന്നും തന്റെ കഥകളിക്ക് വരാൻ പ്രേരിപ്പിക്കണ മെന്നും അയാൾ ആവശ്യപ്പെട്ടിരുന്നു.
വൈകുന്നേരം എന്നും കണിശമായി വരികയും ഏഴുമണിവരെ ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്ത അറുപത്തഞ്ചു വയസ്സുകാരനോട് അവർക്ക് സഹതാപമുണ്ടായിരുന്നു. ആദ്യമെല്ലാം അവർ വിദേശി കൾക്ക് അയാളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അന്നെല്ലാം ഒരു മാതിരി നല്ല ബിസിനസ്സും കിട്ടിയിരുന്നു. പിന്നെ ഏതാനും വിദേശികൾ അയാൾ കഥകളി നടത്തുന്ന സ്ഥലത്തെപ്പറ്റി വളരെ മോശമായി പറഞ്ഞപ്പോൾ അവർ നിർത്തുകയാണുണ്ടായത്. വീട്ടിന്റെ മുറ്റത്തുതന്നെ കെട്ടിയ ചെറിയ പന്തലിലായിരുന്നു കഥകളി നടത്തിയിരുന്നത്. വൈകുന്നേരം കൊതുകടി, മഴക്കാലത്ത് ഓലമേഞ്ഞ പന്തലിൽ ചോർച്ച, അയൽവക്കത്തുനിന്ന് കുട്ടികളുടെ ബഹളം, ഇതെല്ലാം നിരന്തരശല്യമായിരുന്നു. വിദേശികൾക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ല.
നാരായണൻനായർ ഹോട്ടലിനു പുറത്തുകടന്നു. ഇന്ന് ആരേയും കിട്ടിയില്ല. തിരിച്ചു ചെന്ന് മേളക്കാരേയും പറഞ്ഞയക്കണം. അവർ എത്ര കാലം ക്ഷമിക്കുമെന്നറിയില്ല. ദിവസവും കളിയില്ലെങ്കിൽ അവരുടെ കാര്യവും വിഷമമാണ്. അവർ പോവുകകൂടി ചെയ്താൽ താൻ ശരിക്കും കഷ്ടപ്പെടും.
ഗെയ്റ്റിനു പുറത്തു കടന്നപ്പോഴാണ് ഒരു സായ്പ് നടന്നു വരുന്നത് കണ്ടത്. പത്തറുപതു വയസ്സായിട്ടു ണ്ടാകും. മെലിഞ്ഞ ദേഹം. അയഞ്ഞ ഷർട്ടും പാന്റ്‌സും വേഷം. ചുമലിൽ ഒരു തുണിസഞ്ചി തൂക്കിയിട്ടിരിക്കുന്നു. ഒറ്റനോട്ടത്തിൽ അയാൾ ഒരു സമ്പന്നനല്ലെന്നു നാരായണൻ നായർക്കു തോന്നി. ഒന്നും ശരിക്കു പറയാൻ പറ്റില്ല. വിദേശികളെ സംബന്ധിച്ചിടത്തോളം പുറത്തു കാണുന്ന രൂപം നമ്മെ ചതിക്കും. അയാൾ തിരിച്ച് ഹോട്ടലിലേക്കു നടന്നു. സായ്‌വ് കൗണ്ടറിലെത്തി റിസപ്ഷനിസ്റ്റുമായി സംസാരിക്കുകയാണ്. അയാൾക്ക് റിസർവേഷനൊന്നുമുണ്ടായിരുന്നില്ല. പക്ഷേ മുറി ഒഴിവുള്ളതു കൊണ്ട് അവിടെ പാർപ്പിക്കാമെന്ന് റിസപ്ഷനിസ്റ്റ് പറയുന്നത് നാരായണൻ നായർ കേട്ടു. സായ്‌വ് താക്കോൽ വാങ്ങി തിരിഞ്ഞപ്പോൾ നാരായണൻ നായർ അയാളെ നേരിട്ടു.
ഹല്ലോ.
ഹല്ലോ.
തന്റെ കഥകളി ഫോൾഡർ നീട്ടിക്കൊണ്ട് നാരായണൻനായർ പറഞ്ഞു.
ഐ പെർഫോം കഥകളി. ട്രഡീഷണൽ ആർട്ട് ഫോം ഓഫ് കേരള. യൂ ലൈക് സീയിംഗ്?
കഥാകളി?
സായ്‌വിനു താൽപര്യമായി. അയാൾ തിരിച്ച് റിസ്പഷൻ കൗണ്ടറിലേക്ക് നടന്നു. തോളത്തെ സഞ്ചി കൗണ്ടറിൽ വെച്ച് സിപ്പ് തുറന്ന് ഒരു ഫോൾഡറെടുത്തു. ടൂറിസം വകുപ്പിന്റെ ഒരു ഫോൾഡറായിരുന്നു അത്. അതു മറിച്ച് കഥകളിയുടെ പേജുള്ള ഭാഗം അയാൾ നാരായണൻ നായർക്കു കാണിച്ചുകൊടുത്തു.
കഥാകളി. ഡുയു. പെർഫോം ദിസ് ഡാൻസ്?
യെസ്.
ഫോൾഡർ മടക്കി സഞ്ചിയിലാക്കി സിപ്പ് വലിച്ചുകൊണ്ട് സായ്‌വു പറഞ്ഞു.
ഐ ഗോ വിഥ് യു. കാൻ യു വെയ്റ്റ് ഫോ മി ഫോറെ വൈൽ? ഐ നീഡെ ചേയ്ഞ്ച്.
ഷുവർ.
ജസ്റ്റെ കപ്‌ളോഫ് മിനിറ്റ്‌സ്.
സായ്‌വ് ലിഫ്റ്റിനടുത്തേക്കു നടന്നു.
പത്തുമിനിറ്റിന്നകം സായ്‌വ് തിരിച്ചുവന്നു. വേഷം മാറിയിരിക്കുന്നു. നിറയെ കള്ളികളുള്ള ഒരു ഷർട്ടും നരച്ചു തുടങ്ങിയ ജീൻസുമാണ് വേഷം. സായ്പ് കുറെക്കൂടി ഉന്മേഷവാനായി തോന്നി.
യു ഹാവ് ടൈം ഫോറെ ക്വിക്കീ?
ഹാളിന്റെ ഒരറ്റത്തുള്ള ബാർ ചൂണ്ടി സായ്‌വ് ചോദിച്ചു.
വെൽ!
അയാൾ സായ്‌വിന്റെ പിന്നാലെ നടന്നു. ബീയർ കുടിച്ചു കൊണ്ടിരിക്കെ സായ്‌വ് ചോദിച്ചു.
ഇതാണ് നിങ്ങളുടെ ഏറ്റവും പോപ്പുലറായ ഡാൻസ് അല്ലേ. എ ഗ്രെയ്റ്റ് ഫോം ഓഫ് ആർട്ട്.
സായ്‌വ് അമേരിക്കനായിരുന്നു. മിൽവോക്കിയിൽ താമസിക്കുന്നു.
ഞാൻ ചെറുപ്പകാലത്ത് ഒരു ടാപ് ഡാൻസറായിരുന്നു. അയാൾ പറഞ്ഞു. നല്ലൊരു ഡാൻസർ. ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്.
അയാൾ കീശയിൽനിന്നെടുത്ത പേഴ്‌സിന്റെ ഉള്ളറയിൽ നിന്നൊരു ഫോട്ടോ തപ്പിയെടുത്തു.
പഴയൊരു കളർ ഫോട്ടോ.
ഇപ്പോൾ ആരും ടാപ് ഡാൻസ് ചെയ്യുന്നില്ല. വളരെ പഴഞ്ചനായെന്നാണ് പറയുന്നത്. എനിക്കുശേഷം ആരെയെങ്കിലും പഠിപ്പിക്കണമെന്നുണ്ടായിരുന്നു. മകനെയെങ്കിലും. അവനതിൽ താൽപര്യമുണ്ടായിരു ന്നില്ല. കംപ്യൂട്ടർ സയൻസിൽ ടാപ് ഡാൻസിനേക്കാൾ പണമുണ്ട്. എന്റെ കാലം കഴിഞ്ഞാൽ മിൽവോക്കി യിൽ ഒരു ടാപ് ഡാൻസർ ഉണ്ടാവില്ല. നല്ലൊരു കലയായിരുന്നു അത്. എ റിയൽ ഗ്രൂവി തിങ്.
സായ്‌വ് ബീയർ മൊത്തിക്കുടിച്ചു.
മഗ്ഗിൽ നിന്ന് ഒരു വലിയ കവിൾ ബീയർ കുടിച്ചുകൊണ്ട് നാരായണൻ നായർ പറഞ്ഞു.
ഇവിടെയും ഇതൊക്കെയാണ് സംഭവിക്കുന്നത്. ക്ലാസ്സിക്ക് കലകൾ ഇന്ന് ആർക്കും ആവശ്യമില്ല. ഞങ്ങൾ കഥകളി നടത്തുന്നിടത്ത് വിദേശികൾ മാത്രമേ വന്നിരിക്കാറുള്ളൂ. ഈ നാട്ടുകാർ വന്നാൽ ഞങ്ങൾ പണം ആവശ്യപ്പെടാറില്ല. അവർ വരാറില്ല. ഇനി വന്നാൽ തന്നെ പത്തുമിനിറ്റിനകം തിരിച്ചു പോവുകയും ചെയ്യും. ആരും ഈ കലകൾ ഇവിടെ പേട്രണൈസ് ചെയ്യുന്നില്ല.
സായ്‌വിന് അതൊരു പുതിയ അറിവായിരുന്നു. അയാൾ കഥകളിയുടെ വീഡിയോ ഫിലിം കണ്ടിരുന്നു. നിറഞ്ഞ ഹാളിൽ പ്രേക്ഷകരുടെ സജീവമായ പ്രതികരണത്തോടെ നടത്തിയ ഒരു പരിപാടിയായിരുന്നു അത്. ആ കല, പിറന്നുവീണ നാട്ടിൽ വളരെ ചുരുക്കം പേരെ ആസ്വദിക്കുന്നുള്ളു വെന്ന അറിവ് അയാളെ വേദനിപ്പിച്ചു.
അയാൾ എന്തുകൊണ്ടോ മിൽവോക്കിയിലെ മിനസമുള്ള ഡാൻസ് ഫ്‌ളോറുകൾ ഓർത്തു. ഷൂസുകൾ നിലത്തു വെച്ചടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം. ഷൂസും ഷൂസും കൂട്ടിയടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം. ആദ്യം സാവധാനത്തിൽ, പിന്നെ പിരിമുറക്കം കൂടിക്കൂടി അപാരമായ വേഗത്തിൽ.
ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോൾ ഏഴരയായിരിക്കുന്നു. മേളക്കാരും വായ്പാട്ടുകാരും പോയിട്ടുണ്ടായിരു ന്നില്ല. പന്തലിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ നോക്കിക്കൊണ്ട് സായ്‌വ് പറഞ്ഞു.
ക രമി ലെല വേലൃല മൃലി’ ോമി്യ ുമൃേീി െളീൃ ്യീൗൃ മൃ.േ ഛൃ മൃല ംല ീേീ ലമൃഹ്യ?
നാരായണൻനായരുടെ മുഖത്തെ വല്ലായ്മ കണ്ടപ്പോൾ സായ്‌വ് മനസ്സിലായെന്ന ഭാവത്തിൽ തലയാട്ടി.
നാരായണൻനായർ ചുട്ടി കുത്തുന്നത് സായ്‌വ് നോക്കിയിരുന്നു. ഇടയ്ക്ക് തന്റെ കയ്യിലുള്ള ക്യാമറ ക്ലിക്ക് ചെയ്യും.
അരമണിക്കൂർ നേരത്തേക്ക് ആടാനുള്ള ഉദ്ദേശമേയുള്ളൂ. നളചരിതം ഒന്നാം ദിവസത്തിൽ രണ്ടാം രംഗം. നളൻ ഹംസത്തെ പിടിച്ച് ദൂതുമായി പറഞ്ഞയക്കുന്ന ഭാഗം മാത്രം.
ഒമ്പതരയായപ്പോഴേക്കും വേഷമിടൽ കഴിഞ്ഞു. അതിനിടയ്ക്ക് സായ്‌വിന് ആടാൻ പോകുന്ന കഥയെപ്പറ്റി ഒരു ചെറിയ വിവരണം നൽകിയിരുന്നു. കഥ മനസ്സിലാവാൻ ആവശ്യമായ മുദ്രകളെപ്പറ്റിയും അയാളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.
കേളികൊട്ടു തുടങ്ങി. മദ്ദളവും, ചെണ്ടയും, ചേങ്ങല, ഇലത്താളങ്ങളും കൂടി അന്തരീക്ഷത്തിൽ ഒരത്ഭുത പ്രപഞ്ചം സൃഷ്ടിച്ചു. സായ്‌വ് ഈ താളലയങ്ങളിൽ മുഴുകിയിരുന്നു. എവിടെയോ കേട്ടുമറന്ന ഒരു താളത്തിനു വേണ്ടി അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു.
വായ്പ്പാട്ടുകാർ പാടുകയാണ്.
‘ഊർജ്ജിതാശയ…’
പാട്ടുകാർ മോശമായിരുന്നു. പക്ഷേ താൻ കൊടുക്കുന്ന പ്രതിഫലത്തിൽ തനിക്ക് ഉണ്ണികൃഷ്ണ കുറുപ്പിനെ കിട്ടില്ലല്ലൊ.
നിലവിളക്കിൽ എണ്ണ കത്തുന്ന മണം പരന്നു. പന്തലിലിട്ട പത്തിരുപതു കസേരകളിൽ ഒന്നൊഴികെ എല്ലാം ഒഴിഞ്ഞു കിടന്നു. സായ്‌വ് പക്ഷേ അതൊന്നും ശ്രദ്ധിച്ചില്ല. സ്റ്റേജിൽ തനിക്കുവേണ്ടി ഒരുക്കുന്ന ദൃശ്യവിരുന്നി ന്റെ മാധുര്യം ഓരോ തുള്ളിയും ആസ്വദിക്കുകയായിരുന്നു, ആ പഴയ ടാപ് ഡാൻസർ.
സായ്‌വിന്റെ പ്രതികരണം നാരായണൻ നായരിൽ ഉത്സാഹമുണർത്തി.
‘പ്രിയമാനസാ നീ പോയ് വരേണം.’
തോടി രാഗത്തിൽ വായ്പാട്ടുകാർ പാടുകയാണ്. കളി കഴിഞ്ഞപ്പോൾ നാരായണൻ നായർ സ്റ്റേജിൽ നിന്നിറങ്ങിവന്നു. നളന്റെ വേഷത്തിൽത്തന്നെ. സായ്‌വ് അയാളുടെ കൈ പിടിച്ചു കുലുക്കി.
എങ്ങിനെയാണ് നിങ്ങൾക്ക് നന്ദി പറയേണ്ടതന്നറിയില്ല. അയാൾ പറഞ്ഞു. നിങ്ങൾ നല്ലൊരു കലാകാരനാണ്. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.
പിന്നെ എന്തോ ഉൾപ്രേരണയുണ്ടായപോലെ സായ്‌വ് സ്റ്റേജിലേക്കു നടന്നു. വെറുതെ ഷൂസുകൊണ്ട് നിലത്ത് തട്ടിനോക്കി. സിമന്റിട്ട നിലത്ത് ഷൂസിന്റെ അടിഭാഗം കൊണ്ട് കനത്ത ആഴമുള്ള ശബ്ദമുണ്ടായി. അദ്ദേഹം ഒരിക്കൽ കൂടി ഷൂസുകൊണ്ട് തട്ടി നോക്കി. വളരെ ആഴമുള്ള ശബ്ദം, പക്ഷെ മറ്റൊരു ശ്രുതിയിൽ അദ്ദേഹം മുഖമുയർത്തി നാരായണൻനായരെ നോക്കി. അയാൾ, സായ്‌വ് ഷൂസു കൊണ്ടുണ്ടാക്കിയ മാസ്മര ശബ്ദത്തിൽ മോഹിതനായി അനങ്ങാതെ നിന്നു.
വീണ്ടും ഒരു ജോടി ഷൂസുകൾ ശബ്ദിച്ചു. ഈ പ്രാവശ്യം കൂടുതൽ നേരത്തേക്ക്. സായ്‌വിന്റെ ശരീരം ആകെയൊന്നു കുലുങ്ങുകയും ചെയ്തു.
ആദ്യം പ്രതികരണമുണ്ടായത് മദ്ദളം വായനക്കാരന്റേതാണ്. നൃത്തം വെക്കുന്ന ഒരു ജോടി ഷൂസുകൾ സിമന്റ് തറയിലുണ്ടാക്കിയ താളം അയാൾ മദ്ദളത്തിൽ ഭംഗിയായി അനുകരിച്ചു.
പിന്നെ ചെണ്ടക്കാരന്റെ ഊഴമായിരുന്നു. അതേ താളം തന്നെ ചെണ്ടയിൽ വായിക്കപ്പെട്ടു. സായ്‌വ് അത്ഭുതത്തോടെ, സന്തോഷത്തോടെ, നന്ദിയോടെ അവരെ നോക്കി.
വീണ്ടും ഷൂസുകൾ താളം ചവുട്ടി. പിന്നാലെ മദ്ദളവും ചെണ്ടയും. സായ്‌വ് ഒരു ചെറുചിരിയോടെ നൃത്തം തുടർന്നു. ആ മെലിഞ്ഞ ദേഹം ആടിയുലഞ്ഞു. താളം ദ്രുതഗതിയിലായി. വഴിയിലെവിടേയോ വെച്ച് മദ്ദളക്കാരനും ചെണ്ടക്കാരനും നിർത്തി. അവരുടെ വാദ്യോപകരണങ്ങൾ നിലത്തിറക്കിവെച്ച് അവർ ആ മാസ്മരതയിൽ ലയിച്ചു നിന്നു.
താളം വീണ്ടും മുറുകി. അത്ഭുതകരമായ വേഗത്തിൽ എല്ലാം മറന്ന് ആ മിൽവോക്കിക്കാരൻ ടാപ് ഡാൻസർ നൃത്തമാടി.
പതിനഞ്ചുമിനിറ്റു കഴിഞ്ഞിട്ടുണ്ടാകും. പരിസരബോധം വന്ന പോലെ അയാൾ നിർത്തി. അയാൾ ക്ഷീണിച്ചിരുന്നു. താഴെയിറങ്ങിവന്ന് കസേരയിൽ ഇരുന്ന് അയാൾ പറഞ്ഞു.
വാട്ടർ.
ഗ്ലാസ്സിൽ കൊടുത്ത വെള്ളം കുടിച്ചുകൊണ്ടിരിക്കെ അയാൾ പറഞ്ഞു.
ഞാൻ വിചാരിച്ചു എനിയ്ക്കിനി ഡാൻസ് ചെയ്യാൻ പറ്റില്ലെന്ന്.
നേരം വൈകിയിരുന്നു. വായ്പ്പാട്ടുകാരും മേളക്കാരും പോയി. ഹംസത്തിന്റ വേഷമിട്ട ചെറുപ്പക്കാരൻ വേഷ മഴിച്ചു വെക്കാൻ അകത്തേക്കു പോയി. ഒഴിഞ്ഞ അരങ്ങിൽ ആ രണ്ടു കലാകാരൻമാർ മാത്രമായി. അവർ മുഖത്തോടുമുഖം നോക്കി നിന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവസമ്മിശ്രം സായ്‌വിന്റെ മുഖത്തുയ ർന്നു. നാരായണൻനായർ അപ്പോഴും കഥകളി വേഷത്തിലായിരുന്നു. അയാളുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സായ്‌വ് പറഞ്ഞു.
മനോഹരമായൊരു സായാഹ്നത്തിന് നന്ദി.
പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് സായ്‌വ് കീശയിൽ നിന്ന് പഴ്‌സെടുത്തു.
എന്റെ കയ്യിൽ ഡോളർ ബില്ലുകളെയുള്ളു. തിരക്കിൽ മാറാൻ പറ്റിയില്ല. നിങ്ങൾ എത്രയാണ് ചാർജ് ചെയ്യുന്നതെന്നറിയില്ല.
അദ്ദേഹം ഏതാനും നോട്ടുകൾ എടുത്ത് നാരായണൻനായരുടെ കയ്യിൽ വെച്ചു.
അല്പം മടിയോടെ അയാൾ അതു വാങ്ങി, എണ്ണിനോക്കി. അമ്പതു ഡോളർ. ഏകദേശം രണ്ടായിരം ഉറുപ്പിക. അതു തിരിച്ചുനീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
ഇതു വളരെയധികമാണ്. ഞാൻ അമ്പതുറുപ്പികയേ ചാർജ് ചെയ്യാറുള്ളൂ.
നോട്ടുകൾ തിരിച്ചുവാങ്ങാതെ സായ്‌വ് പഴ്‌സ് മടക്കി കീശയിൽ ഇട്ടു. കസേരയിൽ വെച്ച ക്യാമറ സഞ്ചിയിലാക്കി തോളത്തിട്ടു.
ഇനിയൊരിക്കൽ കാണാം.
അയാൾ നടന്നകലുന്നത് നാരായണൻനായർ നോക്കിനിന്നു. അയാൾ അപ്പോഴും നളന്റെ വേഷത്തിലായിരുന്നു. കാലദേശാന്തരങ്ങളെ അതിജീവിച്ചുകൊണ്ട് ഏഴു കടലും ഏഴു കരകളും കടന്നുവന്ന ഒരു മഹത്തായ കലയുടെ കാലടിശബ്ദത്തിന്റെ അനുരണനം അയാളുടെ മനസ്സിനെ സമ്പന്നമാക്കിയിരുന്നു.