അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം
അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | സൂക്ഷിച്ചുവച്ച മയിൽപ്പീലി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 100 |
വാക്വംക്ലീനർ മെഷീന്റെ അപാരസാദ്ധ്യതകളെപ്പറ്റിയായിരുന്നു റീജ്യനൽ മാനേജർ സംസാരിച്ചിരുന്നത്. എയർ കണ്ടീഷൻ ചെയ്ത കോൺഫറൻസ് ഹാൾ ഹോട്ടലിന്റെ രണ്ടാം നിലയിലാണ്. സ്റ്റേജിനു താഴെ ഇട്ട മേശക്കു മുമ്പിൽനിന്ന് മാനേജർ ഉത്തരേന്ത്യൻ ചുവയുള്ള ഇംഗ്ലീഷിൽ സംസാരിച്ചു. സാധാരണ വാക്വം ക്ലീനറുകളും നമ്മുടെ വാക്വം ക്ലീനറും തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിക്കുകയാണയാൾ. അയാളുടെ വലതു വശത്ത് ചുമരരുകിലിട്ട മേശമേൽ തിളങ്ങുന്ന, വർണ്ണശബളമായ ഉപകരണം വെച്ചിരുന്നു. മാനേജർ ഓരോ സവിശേഷതകളെപ്പറ്റി പറയുമ്പോഴും ഡെമോൺസ്‌ട്രേറ്റർ ഉപകരണത്തിൽ തൊട്ടോ, അതു പ്രവർത്തിപ്പിച്ചോ അവർക്കു കാണിച്ചു കൊടുക്കും. ഡെമോൺസ്‌ട്രേറ്റർ പകുതി കഷണ്ടി കയറിയ ഒരു മദ്ധ്യവയസ്‌കനായിരുന്നു. വെളുത്ത പാന്റും നീല ഷർട്ടും അതേ നിറത്തിൽത്തന്നെയുള്ള ഒരു ടൈയും ആണ് വേഷം. വില പിടിച്ച സൂട്ടും, റെയ്ബൺ ഗ്ലാസും ഇട്ട മാനേജർ അയാൾക്ക് കുറച്ച് അപകർഷതാ ബോധമുണ്ടാക്കുന്നുണ്ടെന്ന് വേണുവിന് തോന്നി. ഉയരം കുറഞ്ഞതുകൊണ്ടാവണം അയാൾ ഹീലുള്ള ഷൂസാണിട്ടിരുന്നത്. നടക്കുമ്പോൾ സ്പ്രിംഗിൽ നടക്കുന്നപോലെ ഉയരാനും അയാൾ ശ്രമിച്ചു.
ഇതൊന്ന് കഴിഞ്ഞാൽ താഴെ പോയി ലഞ്ചു കഴിക്കാമായിരുന്നു. ആരോ പിന്നിൽ നിന്ന് പിറുപിറുത്തു. വേണു നോക്കി. എല്ലാവരുടെയും മുഖത്ത് വിരസത.
ലഞ്ചുണ്ടോ? വേറൊരാൾ ചോദിച്ചു.
പിന്നല്ലാതെ. അതാണ് പ്രധാനപ്പെട്ട കാര്യം. ഈ ട്രെയിനിംഗ് ക്ലാസ്സൊക്കെ വെറും ഫാഴ്‌സാണ്. ബുഫെ ലഞ്ചാണ് അറേയ്ഞ്ച് ചെയ്തിരിക്കുന്നത്.
ബുഫെ ലഞ്ച്?
അതെയതെ. നല്ലവണ്ണം തട്ടിക്കോ. അമ്പതുറുപ്പികയാണ് ലഞ്ചിന്. കമ്പനി തരുമ്പോൾ മാത്രെ ഇതൊക്കെ പറ്റൂ.
എല്ലാം പുതിയ ജോലിക്കാർ. ട്രെയ്‌നി സേൽസ്മാൻമാർ. ഇരുപത്തഞ്ചു വയസ്സിനു താഴെ പ്രായമുള്ള സുമുഖരായ ചെറുപ്പക്കാർ. ഏറ്റവും നല്ല ഷർട്ടും പാന്റും ടൈയും ധരിച്ചാണ് വന്നിരിക്കുന്നത്. കത്തിൽ ആ കാര്യം പ്രത്യേകം പറഞ്ഞിരുന്നു. നിങ്ങൾ വിൽക്കാൻ പോകുന്നത് വൃത്തിയാക്കുന്ന മെഷീനാണ്. നിങ്ങളുടെ ക്ലൈയന്റേയ്ൽ അപ്പർ ക്ലാസ്സാണ്. മാസം അയ്യായിരത്തിൽ മീതെ വരവുള്ളവർ. ടോപ്പ് എക്‌സിക്യൂട്ടീവ്‌സ്, ബിസിനസ്സുകാർ തുടങ്ങിയവർ. അവരുടെ വീട്ടിലേക്കാണ് നിങ്ങൾ ഡെമോൺസ്‌ട്രേഷന് പോകുന്നത്. യുവർ പേഴ്‌സണൽ അപ്പിയറൻസ് മാറ്റേഴ്‌സ്.
പരസ്യങ്ങൾ വന്നു തുടങ്ങിയിരുന്നു. പത്രങ്ങളിൽ, വാരികകളിൽ, ടി.വി.യിൽ ടൈകെട്ടി ചിരിക്കുന്ന മുഖവുമായി ഒരു ചെറുപ്പക്കാരൻ സെയിൽസ്മാൻ സിറ്റിംഗ് റൂമിലിരുന്ന് തന്റെ പെട്ടി തുറക്കുന്നു. മുമ്പിൽ ഗൃഹനാഥനും കുടുംബവും സോഫയിൽ പ്രതീക്ഷാനിർഭരമായ മുഖത്തോടെ, സെയിൽസ്മാൻ വാക്വം ക്ലീനർ പുറത്തെടുക്കുന്നതും കാത്തിരിക്കുന്നു. ചുവട്ടിൽ വലുതായി എഴുതിയിരിക്കുന്നു. അടുത്തൊരു ദിവസം ഞങ്ങളുടെ ചെറുപ്പക്കാരായ സെയിൽസ്മാൻമാരിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ വരും. ഞങ്ങളുടെ പുതിയ വാക്വം ക്ലീനർ എന്ന അത്ഭുതയന്ത്രം നിങ്ങൾക്ക് പ്രവർത്തിപ്പിച്ച് കാണിച്ചുതരും…
കമ്പനി അമ്പതു ലക്ഷം ഉറുപ്പികയാണ് പരസ്യത്തിനു ചെലവാക്കുന്നത്. മാനേജർ പറഞ്ഞു. കമ്പനി കൂടുതൽ പണം പരസ്യങ്ങൾക്കു ചെലവാക്കുംതോറും സെയിൽസ്മാന്റെ ജോലി എളുപ്പമാവുന്നു.
ലഞ്ചു നന്നായിരുന്നു എന്നു പറയുന്നത് കാര്യങ്ങൾ വളരെ ലഘൂകരിക്കലാണ്. അമ്പതുറുപ്പികക്ക് ഇത്രയധികം സാധനങ്ങൾ തിന്നാൻ കിട്ടുക അത്ഭുതം തന്നെ. മൂന്നു വരിയായി ഇട്ട നീളൻ മേശകളിൽ വെള്ളവിരി. ഒരു വരി മേശമേൽ വെജിറ്റേറിയൻ വിഭവങ്ങൾ. ഒരു വരി മേശമേൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ. ഇനിയും ഒരു വരി മേശമേൽ മധുര പലഹാരങ്ങൾ, പാനീയങ്ങൾ, ഐസ്‌ക്രീമുകൾ.
പ്ലേറ്റുമെടുത്ത് വിഭവങ്ങൾക്കു മുമ്പിലൂടെ നടന്നുനീങ്ങുമ്പോൾ ആരോ പിന്നിൽ നിന്ന് പറഞ്ഞു.
മനുഷ്യാ കിട്ടുന്ന അവസരം പാഴാക്കാതെ കുറച്ചുകൂടി എടുക്ക്. വേണു ഒരു കട്‌ലറ്റ് കൂടി പ്ലെയിറ്റിലിട്ട് ഒരു മേശയ്ക്കു മുമ്പിൽ പോയി ഇരുന്നു. പിന്നാലെ അയാളും എത്തി.
ഡെസ്സർട്ടിന്റെ ഭാഗത്ത് പിന്നെ പോവാം. അയാൾ പറഞ്ഞു.
നമുക്ക് പരിചയപ്പെടാം. എന്റെ പേർ ജോൺമാത്യു. നിങ്ങൾ?
വേണു.
അപ്പോൾ വേണു, ഇതെല്ലാം നമുക്ക് തരുന്ന മൾട്ടിനാഷണൽ കമ്പനിയെ മനസ്സിൽ സ്തുതിച്ചു കൊണ്ട് നമുക്ക് തുടങ്ങാം.
ഒരു പരിഭ്രമവുമില്ല. വേവലാതിയുമില്ല. വേണുവിന്റെ പ്രശ്‌നം മറ്റൊന്നായിരുന്നു. കുറച്ചു നേരമായി അതയാളെ അലട്ടാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം ശരിയാണോ? ജീവിതകാലം മുഴുവൻ അയാളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നമാണിത്. ശരി തെറ്റുകളെപ്പറ്റി നിരതമായ ഒരു വിചിന്തനം. സെയ്ൽസ്മാന്റെ വേക്കൻസിക്ക് അപേക്ഷിച്ചപ്പോൾ ഇത്രയൊന്നും കരുതിയില്ല. ഇന്റർവ്യൂ തന്നെ ഫൈവ്സ്റ്റാർ ഹോട്ടലിലെ സ്വീറ്റിൽ വെച്ചായിരുന്നു. ഹോട്ടൽ റിസപ്ഷനിസ്റ്റ് തന്റെ പേർ വിളിച്ചു. ചുവപ്പും നീലയും യൂണി ഫോമിട്ട റൂംബോയിയുടെ ഒപ്പം സ്വീറ്റ് നമ്പർ മുന്നൂറ്റിരണ്ടിലെത്തിച്ചു. അകത്തു കടന്നപ്പോൾ പരിഭ്രമത്തേക്കാൾ വേണുവിന് തോന്നിയത് താൻ ആ പരിസരവുമായി പൊരുത്തപ്പെടുന്നില്ലെന്ന ബോധമാണ്. തന്റെ വസ്ത്രധാരണത്തിൽ അപാകതയുണ്ടായിട്ടല്ല. വെള്ളയിൽ നീലവരയുള്ള ഷർട്ടും ടൈയും, പുതിയ സ്റ്റൈലിലുള്ള സഞ്ചി പോലെയുള്ള പാന്റ്‌സും പോളിഷ് ചെയ്ത ഷൂസും പരിസരത്തിനു യോജിച്ചതുതന്നെയായിരുന്നു. യോജിക്കാത്തത് തന്റെ അന്തസ്സത്തയായിരുന്നു. ആഡംബരങ്ങളോടു വിമുഖതയുള്ള മനസ്സായിരുന്നു.
ചുമർതൊട്ട് ചമർവരെ കാൽ പുതഞ്ഞുപോകുന്ന കാർപ്പെറ്റ്. കട്ടിയുള്ള കർട്ടനുകൾ, വെൽവെറ്റ് ലൈനിംഗുള്ള സോഫ, വാൾപേപ്പർ. വാതിലിന്നപ്പുറത്ത് കിടപ്പറയുടെ ഭാഗം കാണാം.
ഇന്റർവ്യൂ കഴിഞ്ഞപ്പോഴും ജോലി കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നില്ല.
ഹോട്ടലിലെ സ്വീറ്റിന് അറുന്നൂറുറുപ്പികയാണ് ദിവസവാടക എന്നു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒരു പാവപ്പെട്ടവന് ഒരു മാസം സുഖമായി കഴിയാനുള്ള സംഖ്യയാണത്. പലപ്പോഴും അയാളുടെ മാസവരവ് ഇതിലും വളരെ കുറവായിരിക്കും.
ജോൺമാത്യു പ്ലേയ്റ്റ് കാലിയാക്കി. അയാൾ പറയുന്നു.
ഇതൊന്നും അത്ര നല്ല ചിന്തകളല്ല. പ്രത്യേകിച്ചും മധുരപലഹാരങ്ങൾ നിരത്തിവെച്ച മേശ നമ്മെ മാടിവിളിക്കുമ്പോൾ. വരൂ നമുക്ക് ഡെസ്സർട്ടിന്റെ മേശ പരിശോധിക്കാം.
മേശമേൽനിന്ന് ചിത്രപ്പണികളുള്ള വെളുത്ത പിഞ്ഞാണമെടുത്ത് വേണു ജോൺമാത്യുവിന്റെ പിന്നിൽ നിന്നു. പിഞ്ഞാണത്തിന് ആവികൊള്ളിച്ച ചൂട് അപ്പോഴുമുണ്ടായിരുന്നു. ജോൺ മാത്യുവിന്റെ പിഞ്ഞാണം പലഹാരങ്ങൾ കൊണ്ട് നിറഞ്ഞു.
തിരിച്ച് മേശയ്ക്കു മുമ്പിൽ വന്നിരുന്നപ്പോൾ ജോൺമാത്യു പറഞ്ഞു.
താങ്ക് യുവർ സ്റ്റാർസ്, മാൻ. ഈ ജോലി കിട്ടിയതിന്. രണ്ടായിരം രൂപ ശമ്പളം. ഒന്നര ശതമാനം കമ്മീഷൻ, സെയിൽസിൽ. പിന്നെ യാത്രക്ക് ബൈക്ക് കിട്ടും. നമ്മൾ ചെയ്യേണ്ടത് അവരുടെ വാക്വംക്ലീനർ വിൽക്കുക മാത്രം. എത്ര മനോഹരം.
വേണുവിന് ജോൺമാത്യുവിനെ പെട്ടെന്ന് ഇഷ്ടമായി. മുഖംമൂടിയില്ലാത്ത സംസാരം. താൻ വിചാരിക്കുന്നത് ശരിയാണെന്ന ഉറപ്പ്. നല്ല ഭക്ഷണം, സുഖകരമായ ജീവിതം. ഇതിനപ്പുറത്ത് എന്തെങ്കിലുമുണ്ടൊ എന്നയാൾ നോക്കിയിരുന്നില്ല. ഈ മനുഷ്യനെ അല്പം ബോധവൽക്കരിക്കേണ്ടത് ആവശ്യമാണെന്ന് വേണുവിന് തോന്നി. അയാൾ പറഞ്ഞു.
ഞാൻ നിങ്ങളുടെ ഉത്സാഹം കെടുത്തുകയല്ല. പക്ഷേ ഈ യന്ത്രമില്ലേ, നമ്മൾ വിൽക്കുന്ന വാക്വംക്ലീനർ. അത് അനാവശ്യമായ ഒരു വസ്തുവാണെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?
ജോൺമാത്യു ഐസ്‌ക്രീം തീറ്റ നിർത്തി. അയാളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ത്യാഗമായിരുന്നു. പക്ഷേ വഴിപിഴച്ചുപോകുന്ന തന്റെ സഹപ്രവർത്തകനു വേണ്ടി ആ ത്യാഗം ചെയ്യാൻ അയാൾ സന്നദ്ധനായി.
എന്താണ് താൻ പറഞ്ഞത്?
ഈ വാക്വം ക്ലീനർ ഇല്ലേ? നമ്മുടെ രാജ്യത്തെ സാമ്പത്തികനിലയിൽ ഒരനാവശ്യ വസ്തുവാണ്. ഇവിടെ ചൂല് തന്നെ ധാരാളമാണ്.
കേൾക്കാൻ പാടില്ലാത്ത എന്തോ കേൾക്കുന്നപോലെ ജോൺമാത്യു സ്തംഭിച്ചിരുന്നു.
വാക്വം ക്ലീനറില്ലാത്ത ഒരു ജീവിതം എനിക്ക് ആലോചിക്കാൻകൂടി വയ്യാതായിരിക്കുന്നു. എനിക്ക് ഇരുപത്തഞ്ചു വയസ്സായി. ഒരു മൂന്നുകൊല്ലത്തിനകം കല്ല്യാണം കഴിക്കണം. സ്ത്രീധനമായി ഞാൻ ചോദിക്കാൻ പോകുന്നത് ഒരു വാക്വം ക്ലീനറാണ്. അതും നമ്മുടെ ബ്രാന്റുതന്നെ വേണം താനും.
ജോൺമാത്യു തമാശയായിരിക്കും പറയുന്നത്. പക്ഷേ അയാളുടെ മനസ്സിലിരിപ്പ് ഏറെക്കുറെ അതുതന്നെയാണെന്നു വ്യക്തം.
ഒരു കാര്യം ജോൺ ഓർത്തിട്ടുണ്ടോ? വേണു ചോദിച്ചു. അയ്യായിരവും ആറായിരവും ശമ്പളം കിട്ടുന്നവർ അവരുടെ വീട്ടു ജോലിക്കാരിക്ക് എന്ത് ശമ്പളം കൊടുക്കുന്നുണ്ടെന്നറിയാമോ? അടിച്ചുവാരിത്തുടയ്ക്കൽ, അത് മൂന്ന് മുതൽ എട്ടോ പത്തോ മുറിവരെയുണ്ടാവും. എച്ചിൽ പാത്രം കഴുകൽ, ഒരു കുന്നു വസ്ത്രങ്ങൾ തിരുമ്പിയെടുക്കൽ, പോരാത്തതിന് പലപ്പോഴും അടുക്കളയിൽ സഹായിക്കാനും രണ്ടോ മൂന്നോ മണിക്കൂർ കഠിനാദ്ധ്വാനം. ഇതിന് ആ ജോലിക്കാരിക്ക് എന്തു കൊടുക്കുന്നുവെന്നാണ് ജോൺ കരുതുന്നത്? മാസം എൺതുറുപ്പിക അല്ലെങ്കിൽ നൂറുറുപ്പിക. അതുതന്നെ അധികമാണെന്ന പരാതിയും. സ്വന്തം ഭർത്താവിന് അയ്യായിരവും വീട്ടുവാടകയും മറ്റ് നൂറായിരം ആനുകൂല്യങ്ങളും കിട്ടിയാലും മതിയാവില്ല. സ്വന്തം ജോലിക്കാരിക്ക് എൺപതുറുപ്പിക കൊടുക്കുന്നത് അധികമാണ്. സ്ത്രീകൾ പരസ്പരം ജോലിക്കാരികളുടെ ഡിമാൻഡുകളെപ്പറ്റി പറയുന്നത് കേൾക്കാറില്ലേ. നൂറുറുപ്പികയാണ് ശംബളം ചോദിക്കുന്നത് എന്നൊക്കെ. അവർ ഒരു പാർട്ടിക്കുടുക്കാൻ വേണ്ടി മാത്രം ആയിരം ഉറുപ്പികയുടെ സാരി ഒരു തൂവാല വാങ്ങുന്ന ലാഘവത്തോടെ വാങ്ങുന്നു.
ഒരു രാഷ്ട്രീയക്കാരനും ഇവർക്കു വേണ്ടി വാദിക്കില്ല. കാരണം അവർക്കും വീട്ടിൽ ജോലിക്ക് അറുപതുറുപ്പികക്ക് ജോലിക്കാരിയെ വേണം.
വേണുവിന്റെ പ്ലേയ്റ്റിലെ ഐസ്‌ക്രീം ഉരുകിക്കഴിഞ്ഞു. ജോൺ തന്റേത് ഉരുകാൻ ഇടവരുത്തുന്നതിനു മുമ്പുതന്നെ അകത്താക്കിയിരുന്നു. ത്യാഗത്തിനും ഒരു പരിധിയൊക്കെയുണ്ട്. അദ്ദേഹം ഒരു പ്ലെയ്റ്റ് ഐസ് ക്രീം കൂടി എടുക്കാനായി എഴുന്നേറ്റു.
ഈ ത്രീ ഇൻ വൺ ഐസ്‌ക്രീമില്ലേ എന്റെ വീക്ക്‌നെസ് ആണ്. അയാൾ ക്ഷമാപണത്തോടെ പറഞ്ഞു. മറ്റേത് ഐസ്‌ക്രീമും എന്റെ വീക്ക്‌നെസ്സു തന്നെ.
ജോൺമാത്യു ഐസ്‌ക്രീമുമായി തിരിച്ചെത്തിയപ്പോൾ വേണു പറഞ്ഞു.
ഞാൻ പറഞ്ഞുവരുന്നത് എന്തെന്നാൽ നിങ്ങളുടെ ഈ വാക്വം ക്ലീനറില്ലേ അത് ഈ ജോലിക്കാരി കളുടെ ഉള്ള വരുമാനവും എടുത്തു കളയും. ചൂലിന്റെ കടയ്ക്കൽ മുറുകുന്ന തഴമ്പുപിടിച്ച കൈകളില്ലേ, ആ കൈകളാണ് നിങ്ങൾ വെട്ടുന്നത്. അവരുടെ കുടുംബമാണ് നിങ്ങൾ നിരാലംബമാക്കുന്നത്. ഇന്ന് വാക്വം ക്ലീനർ, നാളെ വാഷിംഗ് മെഷീൻ. പിന്നെ ഡിഷ്‌വാഷർ. നമുക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ വേറെ എത്രയുണ്ട്? പുകയില്ലാത്ത അടുപ്പുകൾ, പാവങ്ങൾക്ക് വീടുവെക്കാൻ ചെലവു കുറഞ്ഞ സാധനങ്ങൾ, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, മരുന്നുകൾ.
വാക്വംക്ലീനർ പോലത്തെ ഒരു അനാവശ്യസാധനം, പ്രചരിപ്പിക്കാൻ കമ്പനി ചെലവാക്കുന്നത് വർഷ ത്തിൽ അമ്പതു ലക്ഷം ഉറുപ്പികയാണ്. അമ്പതു ലക്ഷം കൊണ്ട് നമുക്ക് പാവങ്ങൾക്കുവേണ്ടി എന്തൊക്കെ ചെയ്യാം.
ജോൺമാത്യു ഐസ്‌ക്രീമിനോട് നീതി പുലർത്തി. ഇനി നീതി പുലർത്തേണ്ടത് ഇരുട്ടിൽ തപ്പുന്ന തന്റെ സഹപ്രവർത്തകനോടാണ്. അയാൾ പറഞ്ഞു.
തനിക്ക് ഇപ്പോൾ ആവശ്യം എന്നെപ്പോലെയുള്ള ഒരു ഗുരുവാണ്. ഞാൻ വേണുവിനെ എന്റെ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു.
വേണു ചിരിച്ചു. അയാളുടെ ടെൻഷൻ കുറച്ച് അയഞ്ഞു. ജോൺമാത്യു തടിച്ചിട്ടാണ്. മുഖമാകട്ടെ ശിശുവിനെപ്പോലെ നിഷ്‌കളങ്കവും. ഒരു പക്ഷേ മോക്ഷത്തിനായി ജോൺ മാത്യുവിനെ ഗുരുവായി സ്വീകരിക്കേണ്ടിവരും. ജോൺമാത്യു പറയുന്നു.
വേണു, നിങ്ങൾ ഇത്ര കാര്യമായിട്ടൊന്നും ചിന്തിക്കരുത്. നമുക്ക് ചുറ്റും ഈ കാണുന്നതെല്ലാം ക്ഷണ ഭംഗുരമാണ്.
ഗുരുവായതിനുശേഷം കനപ്പെട്ട വാക്കുകൾ ഉപയോഗിക്കാൻ ജോൺ മാത്യു ശ്രദ്ധിച്ചു.
അപ്പോൾ കിട്ടുന്ന സമയം സുഖിക്കുക, ജീവിക്കുക. സുഖലോലുപത. അതാണ് ജീവിതത്തിന്റെ ശരിയായ സാരം.
എപ്പിക്യൂറസ്സിന്റെ അവതാരമായിരിക്കണം ജോൺമാത്യു.
ഭക്ഷണത്തിനു ശേഷം വീണ്ടും കോൺഫറൻസ് ഹാളിൽ ട്രെയിനിംഗ്.
ബൈക്കിന്റെ പിന്നിൽ വാക്വംക്ലീനർ വെച്ചു കെട്ടി വേണു നഗരത്തിൽ ചുറ്റി. മാനേജർ പറഞ്ഞിരുന്നത് അയാളുടെ മനസ്സിലുണ്ട്. നമ്മുടെ കസ്റ്റമേഴ്‌സ് അപ്പർ ക്ലാസ്സാണ്. അതായത് മാസം അയ്യായിര ത്തിലുമധികം വരവുള്ളവർ. അതിലും താഴെ വരവുള്ളവരുടെ വീടുകളിൽ പോയി സമയം കളയരുത്. റോട്ടറി ക്ലബ്ബുകളിലും അതുപോലത്തെ വലിയ ക്ലബ്ബുകളിലും അതുപോലെത്തെ വലിയ ക്ലബ്ബുകളിലും പോയി അംഗങ്ങളുടെ അഡ്രസ്സ് വാങ്ങണം. നിങ്ങളുടെ സന്ദർശനം വഴി നിങ്ങൾ അവരെ ബഹുമാനിക്കുകയാണെന്ന് അവരെ തോന്നിപ്പിക്കണം. അതു ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഓർഡർ പുസ്തകം പുറത്തെടുക്കുകയേ വേണ്ടു.
വേണുവിന് ഇതൊന്നും ഇഷ്ടമായില്ല. കസ്റ്റമേഴ്‌സിന്റെ പൊങ്ങച്ചം മുതലെടുത്ത് വില്പന നടത്തുന്നത് ശരിയല്ല. ഇത് തലകീഴായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കും. ആവശ്യമില്ലാത്ത വസ്തുക്കൾക്ക് ഡിമാൻഡ് ഉണ്ടാക്കുക മൂലം അവയുടെ ഉല്പാദനം. പ്രോത്സാഹിക്കപ്പെടും. ആവശ്യമുള്ളവർക്ക് ക്ഷാമ മുണ്ടാക്കുകയും ചെയ്യും. മറ്റുള്ളവരുടെ ബലഹീനത മുതലെടുക്കുകയല്ല വേണ്ടത്. അവർക്ക് ആവശ്യമുള്ള സാധനം വിൽക്കുകയാണ്. ഒരു സെയിൽസ്മാൻ എന്ന നിലയിൽ ഒരു പരിധിവരെ താഴാൻ മാത്രമേ വേണു ഇഷ്ടപ്പെട്ടുള്ളൂ.
വേണു ബ്രേയ്ക്കിട്ടു. വലിയ ഗെയ്റ്റിനു പിന്നിൽ പടുകൂറ്റൻ കെട്ടിടം. വിശാലമായ മട്ടുപ്പാവിലേക്ക് പടർന്നുപിടിച്ച വള്ളിച്ചെടികൾ പൂത്തു നിൽക്കുന്നു. മുറികളുടെ ജനലുകൾക്കു താഴെ പുറത്തേയ്ക്കു തള്ളി നിൽക്കുന്ന എയർകണ്ടീഷണറുകൾ. ഗെയ്റ്റിനു തൊട്ടുപിന്നിൽ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന കാവൽ മുറിയിൽ നിന്ന് കാക്കി യൂണിഫോമിട്ട ഒരു വാച്ച്മാൻ പുറത്തേക്കു തലയിട്ടു.
ബൈക്ക് സ്റ്റാൻഡിലിട്ട് പിന്നിൽ നിന്ന് പെട്ടി കെട്ടഴിച്ച് എടുക്കുവാൻ നോക്കുകയായിരുന്നു വേണു. അപ്പോഴാണ് അയാൾ കണ്ടത്. തന്റെ പ്രവർത്തനഗതിയിൽ കാര്യമായ മാറ്റമുണ്ടായ ആ ദൃശ്യം. ഒരു പാവപ്പെട്ട സ്ത്രീ വരുന്നു. ഒപ്പം ഒരു കുട്ടിയും. കീറിയ ട്രൗസർമാത്രം ധരിച്ച അവന്റെ തലമുടി എണ്ണ കാണാതെ ചകിരി പോലിരുന്നു. അവന്റെ കറുത്ത മുഖത്ത് ചളി ഉണങ്ങിക്കിടന്നു. അവൻ അമ്മയോട് എന്തിനോ കെഞ്ചുകയാണ്. അമ്മയാകട്ടെ അവനെ ശാസിക്കുകയും. ഗെയ്റ്റിനടുത്തെത്തിയപ്പോൾ അവർ മകനെ ഒരു തള്ളുതള്ളി.
പോ, വീട്ടിൽ പോ. എന്റേല് എവിട്യാ പൈസാ.
അവൻ നിലത്ത് വീണിടത്തു കിടന്ന് കരയാൻ തുടങ്ങി. പെട്ടെന്ന് മനസ്സലിഞ്ഞിട്ടോ എന്തോ ആ പാവപ്പെട്ട അമ്മ തിരിഞ്ഞുനിന്നു. അവരുടെ കീറിയ പർസ് തുറന്ന് ഇരുപത്തഞ്ചു പൈസയുടെ നാണയം എടുത്ത് അവന് കൊടുത്തു.
അവന്റെ മുഖത്തുണ്ടായ സന്തോഷം വേണുവിന്റെ മനസ്സിനെ ആർദ്രമാക്കി. വാച്ച്മാൻ തുറന്നു കൊടുത്ത ഗെയ്റ്റിലൂടെ ആ അമ്മ അകത്തു കടന്നു, ചരൽ പാകിയ മുറ്റം താണ്ടി വീട്ടിനു പുറകിലേക്ക് പോയി.
ഇരുപത്തഞ്ചു പൈസ? അതിനു വേണ്ടിയാണ് ആ കുട്ടി വീട്ടിൽനിന്ന് അമ്മ ജോലിയെടുക്കുന്ന സ്ഥലം വരെ പിന്നാലെ നടന്ന് ഇരന്നത്. ഇരുപത്തഞ്ചു പൈസ? ആ ഇല്ലാത്ത പൈസക്കുവേണ്ടിയാണ് ആ അമ്മ, തന്റെ പിഞ്ചുമകന് സ്‌നേഹത്തിന്റെ മുലപ്പാൽ ചുരക്കാൻ മടിച്ചത്.
ആ അമ്മയുടെ ജോലി കളയാനാണ് താൻ ശ്രമിക്കുന്നത്. വാക്വം ക്ലീനർ അതിന്റ ഒന്നാമത്തെ പടിയാണ്. അഴിച്ചു കൊണ്ടിരുന്ന കെട്ട് അയാൾ മുറുക്കി കെട്ടി ബൈക്കിൽ കയറി സ്റ്റാർട്ടാക്കി. വാച്ച്മാൻ അമ്പരന്നു നോക്കി നിന്നു. അതു ശ്രദ്ധിക്കാതെ വേണു ഓടിച്ചു പോയി.
ഓടിപ്പോയ കുട്ടിയെ പിൻതുടർന്ന് ബൈക്കിൽ പോയ വേണു എത്തിയത് ഒരു ചേരിപ്രദേശ ത്തായിരുന്നു. റോഡിനരുകിലുള്ള മൂന്നുനില കെട്ടിടം ആ ചേരിപ്രദേശത്തെ വിദഗ്ദമായി മറച്ചു. ബൈക്കു നിർത്തി കെട്ടിടത്തിന് ഓരത്തു കൂടെ പോകുന്ന വീതികുറഞ്ഞ ഇടവഴിയിലൂടെ വേണു നടന്നു. ഓട കവിഞ്ഞൊഴുകിയതു കാരണം നിരത്ത് ചളികെട്ടിയിരുന്നു. ഉള്ളിലെത്തിയപ്പോഴാണ് മനസ്സിലായത് അനേകം കുടിലുകൾ നഗരത്തിന്റെ നടുവിൽത്തന്നെ. മൺകട്ടകൾ കൊണ്ട് ചുമർ. മേൽപ്പുര ഓലയോ ടിൻ ഷീറ്റോ ആണ്. ഇടക്ക് നാലുഭാഗവും ഓലകൊണ്ട് കഷ്ടിച്ചു മറച്ച കുളിമുറികൾ. പൊതുവായ ടാപ്പിൽ നിന്ന് വെള്ളം നിറയ്ക്കുന്ന സ്ത്രീകൾ. കുടിലുകൾക്കു മുമ്പിലൂടെ ദുർഗന്ധം വമിക്കുന്ന ഓട ഒഴുകുന്നു, അല്ല തളം കെട്ടി നിൽക്കുന്നു. ഇതു വേറൊരു ലോകമാണ്.
ആദ്യം കണ്ട കുടിലിന്റെ വാതിൽക്കൽ വേണു നിന്നു. കയ്യിൽ വാക്വം ക്ലീനർ ഉള്ള പെട്ടി. വാതിലിനു പുറത്തേക്കു വന്ന വൃദ്ധനോട് വേണു പറഞ്ഞു.
ഞാൻ വാക്വം ക്ലീനർ ഉണ്ടാക്കുന്ന കമ്പനിയിൽനിന്നാണ് വരുന്നത്. ഈ യന്ത്രത്തിന്റെ പ്രയോഗം കാട്ടിത്തരാനാണ്.
എന്തു യന്ത്രാ മോനെ അത്?
വേണു യന്ത്രം പുറത്തെടുത്തു. തിളങ്ങുന്ന ഒരു സുന്ദരി. ഒരു കടലാമയും എട്ടുകാലിയും കൂടി ച്ചേർന്നാൽ അതിന്റെ രൂപമായി.
ഇത് നിലം വൃത്തിയാക്കണ യന്ത്രാണ്. കാണിച്ചു തരാം.
വേണ്ട മോനെ. ഇതൊന്നും വാങ്ങാൻ ഞങ്ങൾക്കു കഴിയില്ല. ഇതൊക്കെ വെല പിടിച്ച യന്ത്രല്ലെ? പത്തു മുന്നൂറുറുപ്പികയെങ്കിലും വരില്ലെ?
മന്നൂറ്! വേണു മനസ്സിൽ കരുതി. 4995 ക.യാണ് വിലയിട്ടിരിക്കുന്നത്. അയ്യായിരത്തിൽ താഴെയാണെന്ന് കാണിക്കാനാണ് ഈ അഭ്യാസം. ബില്ലിട്ടു വരുമ്പോൾ ടാക്‌സടക്കം അയ്യായിരത്തി അഞ്ഞൂറു വരും.
ഇവിടെ ഒരു ചെറിയ റേഡിയോ വാങ്ങാൻ ഞാൻ അച്ചൂനോട് എത്ര കാലായി പറേണു.
ഇത് വാങ്ങണമെന്ന് നിർബ്ബന്ധം ഒന്നുംല്ല്യ. കാണിച്ചു തരാം. വേണു ചുമരിൽ ഒരു പ്ലഗ്ഗ്‌പോയിന്റിനുവേണ്ടി പരതി. അവസാനം ഒരിരുണ്ട മൂലയിൽ ഉപയോഗിക്കാതെ അടഞ്ഞു പോയ പോയിന്റ് കണ്ടു. ഒരീർക്കിലെടുത്ത് കുത്തി ഓട്ടയിലെ വൃത്തികേടുകൾ കളഞ്ഞശേഷം അയാൾ വാക്വംക്ലീനർ ഘടിപ്പിച്ചു. അത് ഒരു നേരിയ ശബ്ദത്തോടെ പ്രവർത്തിക്കാൻ തുടങ്ങി.
വാതിലിനു പുറത്ത് ജനം തടിച്ചുകൂടിയിരുന്നു. കുട്ടികളും ചെറുപ്പക്കാരും വൃദ്ധരുമായി ഒട്ടേറെപേർ. എല്ലാം ചേരി പ്രദേശത്തെ വാസികൾ. കുട്ടികൾ കീറിയ ഉടുപ്പുകളാണിട്ടിരുന്നത്. കൂരച്ച നെഞ്ചും ഉന്തിയ വയറുമായ പട്ടിണിക്കോലങ്ങൾ.
മുറിക്കുള്ളിൽ ചല്ലുനാറ്റമുണ്ട്. അതു സഹിച്ചുകൊണ്ട് വേണു വാക്വം ക്ലീനറിന്റെ അപാരസാദ്ധ്യതകൾ വിവരിച്ചു കൊടുക്കുകയായിരുന്നു ചെറിയ പൊത്തുകളിൽ നിന്നു പോലും പൊടി വലിച്ചെടുക്കുന്ന തെങ്ങിനെ യെന്ന്. അതിനുള്ള എക്‌സ്ട്രാ ഉപകരണങ്ങൾ. അവ എങ്ങിനെ ഘടിപ്പിക്കണമെന്ന്.
ചുറ്റും അഭിപ്രായപ്രകടനങ്ങൾ ഉണ്ടായിരുന്നു.
ഇതെന്താ സാധനം.
ഓടയില് മരുന്നടിക്കാൻ വരാറില്ലേ? അതുപോലെ ഒന്നാണ്.
തെഞ്ഞെടുപ്പ് അടുത്തില്ലേ. ഇനി സർക്കാര് ഈ വഴിക്കൊക്കെ ആളെ വിടും.
ഇത് സർക്കാരിന്റെയൊന്നും അല്ല. ഏതോ കമ്പനിക്കാര്ട്യാ.
ടീവീല് കാണണ പരസ്സ്യല്ല്യേ, ആ സാധനാ.
വേണു വാക്വം ക്ലീനർ നിർത്തി. പ്ലഗ്ഗ് പറിച്ചെടുത്തു. യന്ത്രത്തിൽനിന്ന് പൊടി നിറഞ്ഞ ട്രെ പുറത്തെടുത്ത് കാണിച്ചു കൊടുത്തു. ഒരു മാന്ത്രികന്റെ അംഗവിക്ഷേപത്തോടെ.
കാണികളുടെ ഇടയിൽനിന്നൊരു പത്തുവയസ്സുകാരൻ ധൈര്യം സംഭരിച്ച് വേണുവിനോട് ചോദിച്ചു.
ഞങ്ങടെ വീട്ടിലും ഈ യന്ത്രം ഓടിക്ക്വോ?
അവന് യന്ത്രം വളരെ ഇഷ്ടമായിരിക്കുന്നു.
പിന്നല്ലാതെ. ഞാൻ ഓരോ വീട്ടിലും കാണിച്ചുതരാം.
വേണു പറഞ്ഞു. വൈദ്യുതിയില്ലാത്ത വീടുകളിൽ അടുത്ത വീട്ടിൽ നിന്ന് കണക്ഷൻ എടുത്തു. വയറിന് നല്ല നീളമുണ്ടായിരുന്നു. യന്ത്രമുണ്ടാക്കിയിരിക്കുന്നത് ഇരുപതും മുപ്പതും അടി നീളമുള്ള മുറികളെ ഉദ്ദേശിച്ചാണ്. ഈ കുടിലുകൾ മൂന്നും നാലും കൂടിയാൽ ആവില്ല ആ വലുപ്പം.
പാവങ്ങൾ യന്ത്രത്തിനു ചുറ്റും കൂടി. യന്ത്രം അവരുടെ കുടിലുകളിലേക്ക് ഭാഗ്യം കൊണ്ടു വരുമെന്നവർ ആശിച്ചു. ആശയറ്റ സ്വന്തം ജീവിതങ്ങളിലേക്കിറങ്ങി വന്നേക്കാവുന്ന ഭാഗധേയത്തിന്റെ പ്രണവമന്ത്രം കേൾക്കുന്നപോലെ അവർ യന്ത്രത്തിന്റെ മുരൾച്ച ശ്രവിച്ചു. ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക്. ഉച്ചഭക്ഷണം കൂടി കഴിക്കാതെ വേണു ജോലി ചെയ്തു.
ലോഡ്ജിൽ ജോൺമാത്യു കാത്തിരുന്നു. നാലുമണിയോടെ തിരിച്ചെത്തിയ അയാൾ രണ്ടുപ്ലേറ്റ് കട്‌ലറ്റും ഒരു ഡബിൾ ഓംലറ്റും അകത്താക്കിക്കഴിഞ്ഞു. ഉച്ചയ്ക്കു കഴിച്ച ചിക്കൻ ബിരിയാണി എപ്പോഴോ ദഹിച്ചു പോയിരുന്നു. അയാളുടെ ഓർഡർ ബുക്കിൽ നാല് വാക്വം ക്ലീനറുകളുടെ ഓർഡറുണ്ടായിരുന്നു.
ആളുകൾ പൊതുവെ ദയാലുക്കളാണ്. ജോൺമാത്യു പറഞ്ഞു ആറു വീടുകളിൽ കയറിയിറങ്ങി. നാലുപേർ ഓർഡർ തന്നു. ഒരുമാതിരി എല്ലാവരും എന്തെങ്കിലും കുടിക്കുവാനോ തിന്നാനോ തന്നിട്ടുണ്ട്.
വേണു ക്ഷീണിച്ച് കട്ടിലിൽ ചാരിയിരുന്നു. അയാളുടെ വയറും ഓർഡർ ബുക്കു പോലെ ഒഴിഞ്ഞു കിടന്നു.
ഒരൊറ്റ ഓർഡർപോലും കിട്ടിയില്ലെന്നോ?
ജോൺമാത്യുവിന്നതു മനസ്സിലായില്ല.
പത്തു പതിനഞ്ചു വീടുകളിൽ കയറിയിറങ്ങിയിട്ട് ഒരൊറ്റ ഓർഡറും ഇല്ല? താൻ പോയത് പണച്ചാക്കുകൾ താമസിക്കുന്ന ഏരിയയിലാണല്ലോ.
വേണു ഒന്നും പറയാതെ കണ്ണടച്ചിരുന്നു. അങ്ങിനെയിരുന്നുകൊണ്ടയാൾ ഒരു മയക്കത്തിലാണ്ടു. ഉറക്കത്തിൽ അയാൾ കണ്ടു, കൂരനെഞ്ചും ഉന്തിയ വയറുമായ ഇരുണ്ടു മെലിഞ്ഞ കുട്ടികൾ. അവർക്കു മുമ്പിൽ ദാരിദ്ര്യം സമ്പന്നതയുടെ കാർപെറ്റിൽ മാലിന്യമായി ചിതറിക്കിടക്കുന്നതും, തന്റെ അപാര സാദ്ധ്യതകളുള്ള യന്ത്രംകൊണ്ട് തുടച്ചു നീക്കുന്നതും, ആ കുട്ടികൾ സുന്ദരികളും സുന്ദര ന്മാരുമാകുന്നതും അയാൾ കണ്ടു.
ഉറങ്ങിക്കിടക്കുന്ന തന്റെ സ്‌നേഹിതന്റെ ചുണ്ടിൽ വിടർന്ന മന്ദഹാസം നോക്കിയിരിക്കെ ജോൺമാത്യു ചിന്താധീനനായി.