കള്ളിച്ചെടി
കള്ളിച്ചെടി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | സൂക്ഷിച്ചുവച്ച മയിൽപ്പീലി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 100 |
വിമല ഗെയ്റ്റ് കടന്നു വരുന്നത് രമേശൻ ജനലിലൂടെ കണ്ടു. രാവിലെ ചായയോടൊപ്പം വർത്തമാനപത്രം വായിക്കുകയായിരുന്ന അയാൾ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
രജനീ, നിന്റെ പ്രാരാബ്ധം വരുന്നുണ്ട്.
വിമലയുടെ വരവിന് സമയമൊന്നുമില്ല. ഏതു സമയത്തും സംഭവിക്കാവുന്ന അപകടമാണത്. എപ്പോഴും കരുതലോടെ ഇരിക്കണം. രജനി വന്ന് ജനലിലൂടെ നോക്കി, ഉടനെ തലയിൽ കയ്യുംവെച്ച് അകത്തേക്കോടി.
ഇതെന്തൊരു ചടങ്ങെന്ന മട്ടിൽ രമേശൻ നോക്കി. സാധാരണ വിമല വരുന്നതു കണ്ടാൽ അവൾ വെറുതെ പറയുക മാത്രമെ ചെയ്യൂ. ഓ വരുന്നുണ്ട് സാധനം. എന്നാൽ ഇന്ന് അവൾ ചെയ്യുന്നത് വളരെ വിചിത്രമായൊരു കാര്യമാണ്. തലയിൽ കയ്യും വെച്ച് അവൾ രണ്ടടി പിന്നോക്കം വാങ്ങി, മൂന്നടി മുന്നോക്കം വെച്ചു. തിരിഞ്ഞ് അകത്തേക്കോടുകയും ചെയ്തു. ഒരു ആഫ്രിക്കൻ ഡാൻസിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങ്. അതെന്താണെന്നറിയാൻ രമേശൻ അവളുടെ പിന്നാലെ പോയി.
രജനി കട്ടിലിൽ ചിതറിക്കിടന്ന രണ്ടു സാരികൾ ധൃതിയിൽ കവറിലാക്കി അലമാരിയിൽ തിരുകി വെക്കുകയാണ്. ഇന്നലെ വൈകുന്നേരം വാങ്ങിയ സാരികളാണ്. എന്താണ് പരിപാടിയെന്നയാൾ ചോദിച്ചു. അവൾ ചൂണ്ടാണിവിരൽ ചുണ്ടിൽ ചേർത്ത് പറഞ്ഞു.
പിന്നെ പറയാം.
രജനി അലമാരി അടച്ചപ്പോഴേക്കും വിമല മുറിയിലെത്തിയിരുന്നു. രമേശിനെ കണ്ടപ്പോൾ അവൾ പെട്ടെന്ന് വലിഞ്ഞു.
ഓ ചേട്ടനുണ്ടോ? ഞാനറിഞ്ഞില്ല. അവൾ പറഞ്ഞു. ഞാൻ വാതിൽക്കൽ മുട്ടി. ആരേയും കണ്ടില്ല. അപ്പോ അകത്തു കടന്നതാ.
നുണയാണ്. രമേശനതറിയാം.അവൾ എപ്പോഴും അങ്ങിനെയാണ്. വാതിൽ തുറന്നു കണ്ടാൽ അകത്തു നുഴഞ്ഞു കയറും. കിടപ്പറവരെ എത്തുകയും ചെയ്യും. ഒരിക്കൽ രജനി കുളിച്ചുവന്ന് ബ്രേസിയറിന്റെ ഹുക്ക് ഇട്ടുതരാൻ പറഞ്ഞതായിരുന്നു. അയാൾ ഒരു കുസൃതി ഒപ്പിച്ചു. ഹുക്കിടുന്നതിനു പകരം ബ്രേസിയർ തന്നെ അഴിച്ചുമാറ്റി. എന്നിട്ട്… അപ്പോഴാണ് വിമലയുടെ വരവ്. അവൾ ശബ്ദമുണ്ടാക്കാതെയാണ് വരിക. മുറിയിലെത്തിയാലെ അറിയൂ.
സംഭവം നല്ലവണ്ണം ആസ്വദിച്ചതിനുശേഷമാണ് അവൾ തൊണ്ടയനക്കി ശബ്ദമുണ്ടാക്കിയത്.
രജനി ഒറ്റയ്ക്കായിരിയ്ക്കുംന്ന് വിചാരിച്ചു…
പിന്നീട് വിമല പോയപ്പോൾ രജനിയുടെ ചീത്തപറച്ചിലിനിടയിൽ, അയാൾ ഇനി മുതൽ വാതിൽ തുറന്നിട്ടുകൊണ്ട് ഭാര്യയ്ക്ക് ബ്രേസിയർ കെട്ടിക്കൊടുക്കില്ലെന്ന് ശപഥം ചെയ്തു.
ഇന്നലെ സാരി വാങ്ങാൻ പോയി അല്ലേ? എന്തെ എന്നെ വിളിക്കാതിരുന്നത്?
വിമല ചോദിച്ചു.
സാരിയുടെ സഞ്ചിയും തൂക്കി രജനി ഇന്നലെ വൈകുന്നേരം നടന്നുവരുന്നത് അവൾ കണ്ടിരുന്നു എന്നർ ത്ഥം.
അതന്വേഷിക്കാനാണ് അതിരാവിലെ എത്തിയിരിക്കുന്നത്.
എത്ര സാരി വാങ്ങി? കാണിച്ചുതരൂ.
അത് പുതിയതൊന്നും അല്ല കുട്ടി. രജനി പറഞ്ഞു. ഡ്രൈവാഷിന് കൊടുത്തത് വാങ്ങീതാണ്.
വളരെ വിദഗ്ദമായി രജനി നുണ പറയുന്നത് കേട്ടുകൊണ്ട് രമേശൻ ഉള്ളിൽ ചിരിച്ചു. വിമല പോയപ്പോൾ രജനി പറഞ്ഞു.
ഞാൻ സാരി വാങ്ങാൻ പോണൂന്ന് പറഞ്ഞാൽ ഒപ്പം വരും. കടയിലുള്ള സാരി മുഴുവൻ പുറത്തെ ടുത്ത് നിവർത്തിയിടീക്കും. അയ്മ്പതുറുപ്പിക തൊട്ട് രണ്ടായിരം രൂപവരെ വിലയുള്ള സാരി മുഴുവൻ വാരിവലിച്ച് ഇടീക്കും. ഒരൊറ്റ സാരി പോലും വാങ്ങുകയുമില്ല. ആ സാധനത്തിന്റെ ഒപ്പം രണ്ടു പ്രാവശ്യം പോയാൽ എനിയ്ക്കും ചീത്തപ്പേരു കിട്ടും. ആ പെൺകുട്ടികൾക്കൊക്കെ എന്നെ നല്ല പോലെ അറിയാം. ഞാനിപ്പോൾ അവരുടെ ഇടയിൽ കുറച്ച് പോപ്പുലർ ആണ്.
തങ്ങളുടെ ഓരോ ചലനവും വിമല ശ്രദ്ധിക്കുന്നുണ്ടെന്ന് രമേശനറിയാമായിരുന്നു. മുക്കാലും അടച്ചിട്ട ജനലിന്റെ നേരിയ വിടവിലൂടെ, വാതിലിന്റെ താക്കോൽ പഴുതിലൂടെ, രാത്രി മുറിയിൽ വിളക്കു കെടുത്തി ഇരുട്ടിന്റെ മറവിലൂടെയൊക്കെ അവൾ തങ്ങളെ ശ്രദ്ധിക്കുകയാണ്. അയാൾ തോട്ടത്തിൽ ഇറങ്ങിയാൽ അയൽ വീട്ടിന്റെ തുറന്നിട്ട ജനൽ, ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ ഒരു ചെറിയ വിടവു മാത്രം ബാക്കി നിർത്തി അടയ്ക്കപ്പെടുന്നു, വളരെ നിശ്ശബ്ദമായി. ആദ്യമെല്ലാം മുഖത്തിനു നേരെ അടയ്ക്കുന്ന ജനലുകളും വാതിലുകളും അയാളിൽ രോഷമുയർത്തിയിരുന്നു. പിന്നീട് അടച്ച വാതിലുകളുടെ വിടവുകളുടെ അർത്ഥം മനസ്സിലായപ്പോൾ രോഷം അനുകമ്പയ്ക്കു വഴിമാറി. നാൽപതു വയസ്സുള്ള സ്ത്രീയാണ്. ഒരു പുരുഷന്റെ സ്പർശം ഏറ്റിട്ടില്ലാത്ത സ്ത്രീ. ചോരയും നീരും ആരോഗ്യവുമുളള സ്ത്രീ.
നാൽപത് വയസ്സ് ഒരു സ്ത്രീയുടെ ജീവിതത്തിൽ വളരെ വിഷമം പിടിച്ച ഒരു കാലമാണ്. സൗന്ദര്യം ചോർന്നു പോകുകയാണെന്നറിയാം. അതിനെ തിരെ പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടു ന്നതു കാണുന്നത്, താൻ പുരുഷന്റെ മുമ്പിൽ ആകർഷകയല്ലാതായി മാറുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്നത്, എല്ലാം വിഷമം പിടിച്ചതു തന്നെ.
വിമല പറയുന്നത് അവൾക്ക് മുപ്പ ത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ എന്നാണ്. രമേശനും രജനിയും അവിടെ താമസമാക്കിയിട്ട് അഞ്ചുകൊല്ലം കഴിഞ്ഞു. ഈ അഞ്ചുകൊല്ലവും വിമലയുടെ വയസ്സിൽ മാറ്റമുണ്ടായിട്ടില്ല. മുപ്പത്തഞ്ചിൽ അവളുടെ വയസ്സ് ഉറച്ചു പോയിരിക്കുന്നു. ഉറച്ചുപോകാത്തത് അവളുടെ കഴുത്തിലെ ചുഴിവുകളും, മയം നഷ്ടപ്പെട്ട ചർമ്മവും, ഗ്ലാസ്സില്ലാതെ കാഴ്ച അനുവദിക്കാത്ത കണ്ണുകളും, കറുപ്പിച്ചിട്ടും ഇടയ്ക്കിടയ്ക്ക് പല്ലിളിച്ചു കാട്ടുന്ന വണ്ണം കുറഞ്ഞു തുടങ്ങിയ തലമുടിയുമായിരുന്നു. ഒരു ദിവസം രമേശൻ ഓഫീസിൽ നിന്ന് വന്നപ്പോൾ രജനി ആകപ്പാടെ നല്ല മൂഡിലായിരുന്നു. വളരെ നല്ല വർത്തമാനം കിട്ടുമ്പോഴാണ് അവളെ ഇത്ര ഉന്മേഷവതിയായി കാണാറ്.
ചായയുണ്ടാക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
ഒരു നല്ല ന്യൂസുണ്ട്. നമ്മുടെ വിമലയില്ലേ? അവൾക്ക് ഒരു അഫേയർ തുടങ്ങിയിരിക്കുന്നു.
അഫയറോ?
അതെ. രണ്ടുമൂന്നാഴ്ചയായീത്രെ തുടങ്ങീട്ട്. എന്നോട് പറയാതെ വെച്ചിരിക്ക്യായിരുന്നു.
കഥകൾ തുടങ്ങുന്നത് മഴ തിമർത്തു പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയിൽ അവളുടെ കിടപ്പറയുടെ ജനലിന് അഭിമുഖമായ കെട്ടിടത്തിൽ ഒരു ചെറുപ്പക്കാരൻ താമസമാക്കിയതു തൊട്ടായിരുന്നു. മഴ തോർന്നപ്പോൾ, അപ്പോൾ ഏകദേശം പത്തുമണിയായിട്ടുണ്ടാകും, അവളുടെ കിടപ്പറയുടെ എതിരി ലുള്ള ജനൽ തുറന്നിട്ടുവത്രെ. ഒരു ലുങ്കി മാത്രമുടുത്ത് അയാൾ ജനലിന്നടുത്ത് വന്ന് പുറത്തേക്കു നോക്കി. നല്ല നിറവും തടിയുമുള്ള മനുഷ്യൻ. മുപ്പതു മുപ്പത്തഞ്ചു വയസ്സായിട്ടുണ്ടാകും. മാറിൽ നിറയെ രോമം. ക്രോപ്പുചെയ്ത മുടി. കട്ടിയുള്ള മീശ. കിടക്കാനുള്ള വട്ടം കൂട്ടുന്ന വിമലയെ കണ്ടപ്പോൾ അയാൾ വശ്യമായി ചിരിച്ചത്രെ. അന്നു തുടങ്ങിയതാണ് അനുരാഗം.
അതേതായാലും നന്നായെന്ന് രജനി പറഞ്ഞു. അതിനു മുമ്പ് കേട്ടിരുന്നത് അത്ര കേൾക്കാൻ സുഖമുള്ള കാര്യങ്ങളായിരുന്നില്ല. അലസിപ്പോയ നിരവധി കല്ല്യാണാലോചനകളുടെ കദനകഥകൾ. അച്ഛനമ്മമാരുടെ കടുംപിടുത്തം കാരണമാണത്രെ കുറെ ആലോചനകൾ നടക്കാതിരുന്നത്.
ഞങ്ങൾ ഷാരടിമാരാണ്. അവ ൾ പറയും. അപ്പോ ഒരു ഷാരടി തന്നെ വേണം. നായന്മാരെ ഒക്കെ കല്ല്യാണം കഴിക്കണത് രണ്ടാന്തരായിട്ടാ കണക്കാക്കണത്.
ഇതെല്ലാം തുടക്കത്തിലായിരുന്നു. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയ പ്പോൾ അവളുടെ സംസാരത്തിന്റെ ഗതി മാറിത്തുടങ്ങി.
അച്ഛൻ പറേണത് നായമ്മാരായാലും കുഴപ്പം ഒന്നുംല്ല്യാന്നാ. കുട്ടീടെ സ്റ്റോക്കില് വല്ലോരുംണ്ടെങ്കിൽ ഒന്നു പറയണം ട്ടോ. പത്തുനാൽപതു വയസ്സുള്ള ആരെങ്കിലും മതി.
പിന്നെ ആ നിലയും കടന്നു പോയി. മാസങ്ങളും കൊല്ലങ്ങളും അവളുടെ വരുതിയിൽ നിന്ന് തെ ന്നിപ്പോകുന്നത് നിസ്സഹായയായി നോക്കിനിന്നപ്പോൾ അവളുടെ സ്വരം വീണ്ടും മാറി.
കുട്ടീ, ഭാര്യ മരിച്ചതോ, ഡൈവോഴ്സ് ചെയ്തതോ ആയിട്ട്ള്ള ആരെങ്കിലുണ്ടെങ്കിൽ പറയണംട്ടോ. എന്നെപ്പോലെ വയസ്സായ ഒരു പെണ്ണിനെ കെട്ടാൻ ഇനി വയസ്സായ ആരെങ്കിലുമേ വരൂ.
അവളുടെ സംസാരം കേട്ടാൽ സങ്കടം വരും. രജനി രമേശിനോടു പറയും. അപൂർവ്വം ചില സന്ദർഭ ങ്ങളിലേ അവൾ സ്വന്തം വിധിയെ അതിന്റെ ശരിയായ വെളിച്ചത്തിൽ പുറത്തു കാണിക്കൂ. അല്ലാത്ത അവസരങ്ങളിൽ അവൾ സ്വന്തം ദുർവിധി ഒളിപ്പിച്ചുവെച്ച് അഹങ്കാരത്തിന്റെയും, പൊങ്ങച്ചത്തിന്റെയും മുഖം മൂടിയണിഞ്ഞ് നടക്കുകയാണ്.
എന്തായാലും പുതിയ അനുരാഗം ഇതെല്ലാം മാറ്റി. ഇപ്പോൾ വിമലയുടെ കഥകൾ കേൾക്കാൻ രസമുണ്ടെന്നാണ് രജനി പറയുന്നത്.
രമേശൻ ഓഫീസിൽ പോയാൽ വിമല വന്ന് തലേന്നുണ്ടായ സംഭവങ്ങൾ മുഴുവൻ വിവരിച്ചു കൊടുക്കു ന്നു.
പുതിയ അയൽക്കാരൻ നല്ല റൊമാന്റിക് ആണെന്നാണ് വിമല പറയുന്നത്. ദിവസവും രാവിലെ എഴുന്നേറ്റാൽ വിമല ജനൽ തുറക്കുന്നതുവരെ കാത്തു നിൽക്കുമത്രെ. ഗുഡ്മോണിംഗ് പറഞ്ഞിട്ടേ അയാൾ പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുകയുള്ളൂ.
മറ്റൊരാളുടെ സ്നേഹബന്ധങ്ങളെപ്പറ്റി കേൾക്കുക രസമാണ്. നമ്മുടെയൊക്കെ ഒരു ദൗർബ്ബല്യ മാണത്. വിമല പെട്ടെന്ന് ആ വീട്ടിൽ സ്വീകാര്യയായി. ഓരോ ദിവസവും പുതിയ പുതിയ കഥകൾ കേൾക്കാനായി രജനി, രമേശിനെ ഓഫീസിൽ പറഞ്ഞയച്ചശേഷം വിമലയെ കാത്തിരിപ്പായി.
ദുഃഖം പോലെത്തന്നെയാണ് സന്തോഷവും. ആരുടെയെങ്കിലും മണ്ടയിൽ അതിറക്കി വെച്ചാലെ സമാധാനമാവൂ.
ആ ചെറുപ്പക്കാരൻ ഒരു ആവേശത്തള്ളിച്ചയിലെങ്കിലും വിമലയെ കല്ല്യാണം കഴിക്കട്ടെ എന്ന് രമേശൻ ആശിച്ചു. ഒരു ജീവിതം എങ്ങിനെയെങ്കിലും രക്ഷപ്പെടട്ടെ.
ഓരോ ദിവസവും അവൾ തലേ ദിവസത്തെ കാര്യങ്ങൾ പറയുമ്പോഴൊക്കെ രജനിയോട് പറയും.
കുട്ടി ഇതൊന്നും ചേട്ടനോട് പറയ്ണില്ല്യല്ലോ.
രജനി പരുങ്ങി. അവൾ വാസ്തവത്തിൽ എല്ലാം രമേശനോട് പറയുന്നുണ്ടായിരുന്നു. ശരിക്കു പറഞ്ഞാൽ അവർ ഉറങ്ങാൻ കിടക്കുമ്പോൾ സംസാരവിഷയം ഇപ്പോൾ വിമലയുടെ അനുരാഗ കഥകൾ മാത്രമാണ്. നല്ല പൈങ്കിളിക്കഥകൾ. സെക്സിന്റെ അതിപ്രസരമുള്ള ആ അനുരാഗകഥകൾ അവരുടെ രാവുകളെ മദകരങ്ങളാക്കി.
രജനി പറഞ്ഞു.
ഏയ്, ഞാൻ ചേട്ടനോട് ഒന്നും പറയാറില്ല.
പക്ഷേ ആകസ്മികമായി ഒരു ദിവസം വിമല ചോദിച്ചു.
ചേട്ടൻ എന്താണ് പറഞ്ഞത്?
എന്തിനെപ്പറ്റി?
ഞാൻ പറയാറില്ലേ? അയാളെപ്പറ്റി.
അതിന് എന്നോട് വിമല പറഞ്ഞത് ചേട്ടനോട് പറയേണ്ട എന്നല്ലേ?
വിമലയുടെ മുഖത്ത് നിരാശ പരന്നു.
എന്താ ഞാൻ ചേട്ടനോട് എല്ലാം പറയണോ? രജനിയെ അമ്പരപ്പിച്ചു കൊണ്ട് അവൾ പെട്ടെന്ന് ഇറങ്ങിപ്പോയി.
പിന്നെ കുറച്ചുദിവസം വിമല വന്നില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരു ദിവസം അവൾ കയറി വന്നു. രമേശൻ വാതിൽ തുറന്നു.
അവൾ മുഖമുയർത്താതെ ചോദിച്ചു.
രജനിണ്ടോ?
ഉണ്ട്.
അവൾ അയാളുടെ മുഖത്ത് നോക്കാതെ അകത്തേക്കു കയറിപ്പോയി. എപ്പോഴും അങ്ങിനെയാണ്. നേരെ കണ്ടാൽ മുഖത്തു നോക്കില്ല. പിന്നെ ജനൽപാളികളുടെ വിടവിലൂടെ ഒളിച്ചു നോക്കുകയും ചെയ്യും. ഇതെന്തൊരു സ്വഭാവമാണപ്പാ.
പതിനഞ്ചു മിനിറ്റു നേരം അടുക്കളയിൽ കുശുകുശുക്കൽ നടന്നു. അതിനു ശേഷം വിമല തിരിച്ചുപോയി. പക്ഷേ പോകുന്നതിനു മുമ്പ് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പറഞ്ഞു.
ചേട്ടാ, ഞാൻ പോട്ടെ ട്ടോ.
ചായ കുടിക്കുന്നതിനിടയിൽ രജനി, വിമല പറഞ്ഞിരുന്നത് ഒരു മിമിക്രി കലാകാരിയുടെ പാടവത്തോടെ അനുകരിക്കുകയായിരുന്നു.
കുട്ടീ, എന്റെ അമ്മാവൻ വന്നിരുന്നു രണ്ടീസം മുമ്പ്. എന്റെ ആ കള്ളിച്ചെടിയില്ലേ, കഴിഞ്ഞ കൊല്ലം പൂവിട്ടു എന്നു പറഞ്ഞത്? അതു കണ്ടുട്ടോ അമ്മാവൻ. ഉടനെ പറഞ്ഞു അത് വെട്ടിക്കളയാൻ. കള്ളിച്ചെടി വീട്ടിന്റുള്ളില് വെക്കാൻ പാടില്ലാത്രെ. അശ്രീകരാത്രെ, നമുക്കത് ഭാഗ്യദോഷം ചെയ്യുംന്നാ പറേണത്. എന്റെ കല്ല്യാണം കഴിയാത്തേന്റെ കാരണം തന്നെ അതാവുംന്നാ അമ്മാവൻ പറേണത്. അമ്മാവന് അത്യാവശ്യം ജ്യോതിഷവും ഉണ്ട്. പറമ്പില് വെച്ചാ കൊഴപ്പല്ല്യാത്രെ. അപ്പോ ഞാൻ ആലോചിച്ചു, ചേട്ടന് തോട്ടപ്പണിയൊക്കെ ഇഷ്ടാണല്ലൊ. വേണങ്കിൽ ആ കള്ളിച്ചെടി തരാം. നിങ്ങക്കാവുമ്പോ അത് പറമ്പില് തോട്ടത്തിൽ വെയ്ക്കും ചെയ്യാലോ. ചേട്ടനോട് പറയൂ അതെടുത്തു കൊണ്ടുവരാൻ. വല്യ ചട്ടിയല്ലേ? അല്ലെങ്കിൽ എനിയ്ക്ക് കൊണ്ടെത്തരായിരുന്നു. ടെറസ്സിലാ വെച്ചിരിക്കണത്. കുട്ടി കണ്ടിട്ടില്ല്യേ?
മിമിക്രി നന്നായിട്ടുണ്ട്. രമേശൻ പറഞ്ഞു.
നിങ്ങൾ ആ കള്ളിച്ചെടി കൊണ്ടു വരുന്നുണ്ടോ?
രജനി ചോദിച്ചു.
അയാൾ തീർച്ചയാക്കിയിരുന്നില്ല. അതു നല്ല ഭംഗിയുള്ള ലക്ഷണമൊത്ത കള്ളിച്ചെടിയാണ്. ഇരുട്ടിൽ കണ്ടാൽ ഒരു മനുഷ്യനെപ്പോലെ തോന്നിക്കും. അധികം മുള്ളുകളൊന്നുമില്ല. കഴിഞ്ഞ കൊല്ലം അത് പൂത്തപ്പോൾ കാണാൻ അയാൾ പോയിരുന്നു. നാലു പൂക്കൾ. ഓരോ ഏണിലും ഓരോ പൂവുവീതം. കൂടാതെ മൊട്ടുകളുമുണ്ട്.
അയാൾ കള്ളിപ്പൂവു കാണാൻ പോയ ആ വൈകുന്നേരം ഓർത്തു. രജനി എന്തോ കാര്യത്തിനായി തഴെപ്പോയിരിക്കയായിരുന്നു. ടെറസ്സിൽ വിമലയും രമേശനും മാത്രം. സൂര്യൻ അസ്തമിച്ചെങ്കിലും അരണ്ട വെളിച്ചം അപ്പോഴുമുണ്ടായിരുന്നു. പടിഞ്ഞാറുനിന്ന് വീശിയിരുന്ന കാറ്റ് തണുത്തതായിരുന്നു. വിമല അയാളുടെ വളരെ അടുത്താണ് നിന്നിരുന്നത്, കാറ്റിന്റെ ദിശയിൽ. അവളുടെ തലമുടിയിൽ നിന്നുള്ള എണ്ണയുടെ ഗന്ധം അയാളെ അസ്വസ്ഥനാക്കി.
എന്തു ഭംഗിയുള്ള പൂവ് അല്ലേ?
അതെ. രമേശൻ പറഞ്ഞു. വിമലയുടെ സാരി ഇളം ചുവന്നതായിരുന്നു. കാറ്റത്ത് സാരിയുടെ തുമ്പ് പൂവിന് വളരെ അടുത്തു വന്നു.
ഈ പൂവും എന്നെപ്പോലെയാണ്. വിരിയും. വാസനയില്ലാതെ രണ്ടു ദിവസം നിൽക്കും, പിന്നെ കൊഴിഞ്ഞുപോകും. കായയൊന്നുമുണ്ടാവില്ല.
എന്താണിങ്ങനെ പറയുന്നത്?
രമേശനു തൊണ്ട വരണ്ടപോലെ തോന്നി. അവൾ വളരെ അടുത്തായിരുന്നു. അവളുടെ സാമീപ്യ മാണോ, അല്ല എണ്ണയുടെ ഗന്ധമുള്ള കാറ്റാണോ അതിനു കാരണമെന്ന് അയാൾക്കു മനസ്സിലായില്ല.
സ്റ്റെയർകേസിൽ കാലടികൾ കേട്ടു. വിമല നടന്നു നീങ്ങുകയും ചെയ്തു. അതിനു ശേഷം അവൾ ഒരിക്കലും രമേശിനോട് സംസാരിക്കുകയുണ്ടായിട്ടില്ല. വീട്ടിൽ വരുമ്പോൾ രജനിയുണ്ടോ എന്നന്വേഷി ക്കുകയല്ലാതെ.
എന്താണ് ആലോചിക്കണത്?
രജനി ചോദിച്ചു.
നമുക്കതു കൊണ്ടുവരാം. അയാൾ പറഞ്ഞു. നമ്മൾ കൊണ്ടുവന്നില്ലെങ്കിൽ അവരതു വെട്ടിക്കളയും. ഇവർക്കൊക്കെ വല്ലാത്ത അന്ധവിശ്വാസമാണ്. പ്രത്യേകിച്ച് വയസ്സായോർക്ക്. അതു കാരണം ഒരു ഭംഗിയു ള്ള ചെടി നശിക്കുകയാണെങ്കിൽ കഷ്ടാണ്. നമുക്കത് ഈ ഞായറാഴ്ച കൊണ്ടുവരാം.
ഞായറാഴ്ച സൂര്യൻ അസ്തമിച്ചെങ്കിലും ടെറസ്സിൽ നല്ല വെളിച്ചമുണ്ടായിരുന്നു. കള്ളിച്ചെടി കഴിഞ്ഞ കൊല്ലം കണ്ടതിനേക്കാൾ അരയടി കൂടി ഉയരം വെച്ചിരുന്നു. പച്ചനിറം കൂടുതൽ കടുത്തി രുന്നു. ചെടിയ്ക്ക് വയസ്സാവുകയാണെന്ന് രമേശൻ ഓർത്തു. ചെറു പ്രായത്തിൽ അതിന്റെ നിറം ഇളം പച്ചയാണ്. ഇപ്പോഴും പുതിയ കൊമ്പുകൾ ഇളം പച്ച തന്നെയാണ്. പെട്ടെന്നാണ് രമേശൻ കണ്ടത്. ഏണുകളുടെ അറ്റത്ത് മുലക്കണ്ണുപോലെ ചുവന്ന നിറം. മൊട്ടുകൾ. ഓ, ഇവൾ പൂവിടാൻ പോകയാണ്.
വിമലയുടെ അമ്മയും അവരുടെ ഒപ്പം ടെറസ്സിൽ വന്നിരുന്നു. അധികം സംസാരിക്കാത്ത സ്ത്രീ. മുണ്ടും വേഷ്ടിയും ആണ് വേഷം. നെറ്റിമേൽ ചന്ദനക്കുറിക്കു മേലെ ഒരു ഭസ്മക്കുറി. സന്ധ്യാനാമജപം കഴിഞ്ഞ് എഴുന്നേറ്റ് വന്നതായിരിക്കും.
ഇതെങ്ങിനെയാണ് കൊണ്ടുപോകുക? രമേശൻ ചോദിച്ചു. ഒരു ചാക്ക് തരാമോ എങ്കിൽ അതിൽ ചട്ടിയോടെ വെച്ച് കൊണ്ടു പോകാം.
അമ്മേ ചാക്കുണ്ടോ നമ്മുടെ അടുത്ത്? വിമല അമ്മയോട് ചോദിച്ചു.
കാണും, സ്റ്റോർ റൂമിൽ. അതിൽ കുറച്ചു അരിയുണ്ടാവും. അത് ഏതെങ്കിലും പാത്രത്തിലേക്ക് മാറ്റിയിട്ട് എടുത്തോളൂ.
വിമലയും രജനിയും താഴേക്കു പോയി. അമ്മയും രമേശനും മാത്രമായി.
എത്ര നല്ല ചെടി. രമേശൻ പറഞ്ഞു. എന്തിനാണതു കളയുന്നത്?
കളയേ? ആ അമ്മ അത്ഭുതത്തോടെ ചോദിച്ചു. കളയ്ല്ലല്ലൊ. രമേശൻ കൊണ്ടു പോവല്ലേ? വിമലയ്ക്ക് നല്ല ഇഷ്ടാണ് ഈ കള്ളി. രമേശൻ കഴിഞ്ഞ കൊല്ലം ഇതു പൂത്തു കണ്ടപ്പോൾ നല്ല ഇഷ്ടായീന്ന് പറഞ്ഞിട്ടാ അവള് തരാൻ തീർച്ചാക്ക്യേത്. രണ്ടുമാസമായി ഈ ചെടി രമേശന് കൊടുക്കണംന്ന് പറയാൻ തുടങ്ങീട്ട്.
കാണെക്കാണെ വെളിച്ചം മങ്ങി. നേരിയ തണുത്ത കാറ്റുവീശാൻ തുടങ്ങി. ചുറ്റുമുള്ള മരങ്ങളുടെ ഇടതൂർന്ന ഇലകൾക്കിടയിൽ ഇരുട്ട് ചേക്കേറി. സന്ധ്യകൾ എന്നും ദുഃഖകരമായിരുന്നു. വിമലയെ ക്കുറിച്ചോർത്തപ്പോൾ അയാളുടെ മനസ്സ് ദുഃഖിതമായി. എന്തിനാണവൾ കള്ളിച്ചെടിയെപ്പറ്റി ഈ കഥകളൊക്കെ പറഞ്ഞത്?
രമേശൻ ടെറസ്സിന്റെ അരമതിലിനടുത്തേക്കു നീങ്ങി. അപ്പുറത്ത് വിമലയുടെ കിടപ്പറയുടെ ജനലിൽ നിന്നു നോക്കിയാൽ കാണുന്ന ഇരുനില കെട്ടിടമുണ്ടായിരുന്നു. ജനലുകൾ അടച്ചിട്ടിരിക്കയാണ്. അയാൾ അമ്മയോട് ചോദിച്ചു.
ഇവിടെ ആരാണ് താമസിക്കുന്നത്?
എവിടെ?
ഈ കെട്ടിടത്തിൽ.
അയാൾ ചൂണ്ടിക്കാട്ടി. അവർ അരമതിലിന്നടുത്തു വന്നു.
ആ കെട്ടിടത്തിലോ? അവിടെ ആരും താമസംല്ല്യല്ലൊ. അഞ്ചുകൊല്ലായിട്ട് പൂട്ടിയിട്ടിരിക്ക്യാണ്. കേസിലാണ്. കോർട്ട് റീസീവറ് വന്ന് സീൽ ചെയ്ത് പോയിരിക്ക്യാണ്. കാലെത്ര്യായി? അതിന്റെ ജനലൊക്കെ ഒന്ന് തൊറന്ന് കാണാൻ കൊത്യായിത്തൊടങ്ങി…
തൊട്ടടുത്ത് വേറെ വീടുകളൊന്നുമില്ലെന്ന് അയാൾ ശ്രദ്ധിച്ചു.
കോണിപ്പടി കയറി രജനിയും വിമലയും വന്നു. രജനിയുടെ കയ്യിൽ മടക്കിയ ഒരു ചാക്കുണ്ട്.
അയാൾ വിമലയെ അടുത്തു വിളിച്ച് ആ കള്ളിച്ചെടി കാണിച്ചുകൊടുത്തു. അതിന്റെ ഏണുകളിൽ നേരിയ ചുവപ്പുള്ള മൊട്ടുകൾ മുളയ്ക്കുന്നു.
ഞാൻ അതു കണ്ടിട്ടുണ്ട്. വിമല പറഞ്ഞു. അവൾ കുമ്പിട്ടു നിൽക്കുകയായിരുന്നു. അയാളുടെ അടുത്ത് വളരെ അടുത്ത്. ബ്ലൗസിന്റെ മുകൾ ഭാഗത്തു കൂടെ അവളുടെ മാറിടം കാണാം. കാറ്റിൽ കാച്ചിയ വെളിച്ചെണ്ണ യുടെ ഗന്ധം. അയാൾ അസ്വസ്ഥനായി പിൻമാറി.
ഇതിൽ നിറയെ മൊട്ടുകളാണ്. അയാൾ പറഞ്ഞു. അതെല്ലാം വിരിയട്ടെ. എന്താണിത്ര ധൃതി. ഞാൻ പിന്നീട് കൊണ്ടുപൊയ്ക്കൊള്ളാം.
അയാൾ തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു.
പിന്നെ, എനിയ്ക്ക് കള്ളിച്ചെടികൾ അത്രയ്ക്ക് ഇഷ്ടൊന്നുംല്ല്യ.
കോണിപ്പടികൾ ഇറങ്ങി ആദ്യത്തെ ലാൻഡിംഗിൽ നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ കോണി വാതിലിലൂടെ കണ്ട ഫ്രെയിമിൽ ആകാശത്തിന്റെ ഒരു കഷണവും അതിനു താഴെ ഇരുട്ടു നിറഞ്ഞ മുഖവുമായി അനങ്ങാതെ നിൽക്കുന്ന വിമലയും അവളുടെ കാൽക്കൽ അമ്മയോട് എടുക്കാൻ ആവശ്യപ്പെട്ട് കൈകളുയർത്തി നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ കള്ളിച്ചെടിയുമുണ്ടായിരുന്നു.
അയാൾ ധൃതിയിൽ കോണിയിറങ്ങി.