close
Sayahna Sayahna
Search

ഒരു പഴയ ആസ്റ്റിൻ കാർ



വൈകുന്നേരം ഏഴുമണിക്കാണ് രഘു വീട്ടിൽ നിന്നിറങ്ങിയത്. ആദ്യമായി അമ്പല ത്തിൽ പോകണം. പിന്നെ അമ്പലക്കമ്മിറ്റി മീറ്റിംഗിനും ചേരണം. ഇതൊക്കെ ക്കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒമ്പതുമണി യെങ്കിലുമാവും. ഇതെല്ലാം ഒരുമാതിരി ദിന കൃത്യങ്ങളാണ്. ഏഴു മണിക്ക് അമ്പലത്തിൽപോയിതൊഴും. അതു കഴിഞ്ഞാൽ തൊട്ടടു ത്താണ് കമ്മിറ്റി ഓഫീസ്. മീറ്റിംഗില്ലാത്ത ദിവസം അച്യുതൻനായരുമായി വെടി പറഞ്ഞിരിക്കും. ഒന്നുകിൽ ഓഫീസിനുള്ളിലൊ അല്ലെങ്കിൽ ആൽത്തറയിലോ, ഇതിലൊന്നൂം സൗദാമിനിക്ക് ആക്ഷേപമില്ല. താൻ പുറത്തിറ ങ്ങിയാൽ ഉടനെ തുടങ്ങും കുട്ടികളെ പഠിപ്പി ക്കാൻ. ഒരു ചൂരലും മുമ്പിൽവെച്ച് അവളിരി ക്കുന്നു. ആദ്യം കുട്ടികളുടെ ഹോംവർക്ക് മുഴുവൻ ചെയ്യിക്കും. പിന്നെ അന്നന്ന് എടുത്ത പാഠങ്ങൾ മുഴുവൻ പഠിപ്പിക്കും. അതു കഴിഞ്ഞ് ക്ലാസിൽ പഠിപ്പിക്കാൻ പോകുന്ന പാഠങ്ങൾ വായിപ്പിക്കും. ഇതെല്ലാം കഴിയുമ്പോൾ സമയം ഒമ്പതാവും. താനവിടെ ഇല്ലാതിരിക്കുകയാണ് നല്ലത്. കുട്ടികളെ വീട്ടിലും ഇങ്ങിനെ പീഡിപ്പിക്കുന്നത് അയാൾക്കിഷ്ടമല്ല. ഐ.എ. എസ്സൊന്നുമല്ലല്ലൊ. ഒന്നാം ക്ലാസും മൂന്നാം ക്ലാസുമാണ്. സൗദാമിനിക്കതു പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് പാവം മക്കൾക്ക് കളിക്കാനുള്ള സമയം കൂടി നഷ്ടമാവുന്നു.

കുംഭമാസത്തിലെ ചൂട്. ഏഴുമണിക്കും ചൂടുള്ള കാറ്റാണടിക്കുന്നത്. റോഡ് വരണ്ടു കിടക്കുന്നു. ഓടകൾ പോലും ഉണങ്ങി വരണ്ടിരിക്കയാണ്. മൈതാനം കുട്ടികളുടെ കളിയെല്ലാം കഴിഞ്ഞ് ഒരു മാതിരി ശാന്തമായിരിക്കുന്നു.

ആദ്യം അമ്പലത്തിൽ പോയി തൊഴാം. എന്നിട്ടുമതി ഓഫീസിൽ പോക്ക്. കാരണം ഒരിക്കൽ അച്യുതൻ നായരെ കണ്ടാൽ സം സാരിച്ച് സമയം പോകുന്നതറിയില്ല. അമ്പലത്തിലേക്കു നടന്നു തൊഴുതു പുറത്തു കടന്നപ്പോഴാണ് അച്യുതൻ നായർ ആൽച്ചുവട്ടിൽ നിൽക്കുന്നതു കണ്ടത്.

ഒത്ത തടിയും ഉയരവും ഇരുനിറവുമുള്ള അച്യുതൻ നായർ ഡബിൾമുണ്ടും മേൽ ഒരു തോർത്തുമായി അവിടെ നിൽക്കുന്നതു കണ്ടാൽ ആനയെ എഴുന്നള്ളിച്ചതാണെന്നേ തോന്നു.

ഇന്ന് എഴുന്നള്ളിപ്പ് നേർത്തെയായിട്ടുണ്ടല്ലൊ.

രഘു ചോദിച്ചു.

താൻ അമ്പലത്തിലേക്ക് കടക്കുന്നത് ഞാൻ കണ്ടു. അപ്പൊ കാത്തു നിന്നതാ.

പിന്നെ അയാൾ ചുറ്റും നോക്കി സ്വരം താഴ്ത്തി പറഞ്ഞു തുടങ്ങി.

ഞാൻ പിള്ളയോട് സംസാരിച്ചു. അയാൾക്കോ, അല്ലാ മറ്റാർക്കെങ്കിലും ഇതു കൊണ്ടു നടത്താൻ താല്പര്യമു ണ്ടെങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുക്കാം. ഈ സെക്രട്ടറിസ്ഥാനം വേണമെന്ന് യാതൊരു നിർബന്ധവുമില്ല എനിയ്ക്ക്…

അച്ചുതൻനായർക്കൊരു ഗുണമുണ്ട്. ഉദ്ദേശിക്കുന്നതല്ല പറയുക. പറയുന്നത് ഉദ്ദേശിച്ചതുമായിരിക്കില്ല. സെക്രട്ടറി സ്ഥാനം തനിക്കു വേണ്ടെന്നു പറഞ്ഞാൽ അതു വേണമെന്നാണ് ഉദ്ദേശം. അതിനു വേണ്ടി സകല അടവും പയറ്റു കയും ചെയ്യും. പക്ഷെ, എന്തൊക്കെയായാലും അച്ചുതൻനായരുമായി സംസാരിക്കുക രഘുവിന് ഇഷ്ടമായിരുന്നു. ഒരര മണിക്കൂർ സംസാരിച്ചാൽ എന്തോ കാര്യമായി നേടിയ മട്ടാണ്. കമ്മിറ്റി തെരഞ്ഞെടുപ്പു സമയത്തു മാത്രമേ സംസാരം കുറച്ചു വിരസമാകൂ.

കുറച്ചകലെ അധികം വെളിച്ചമില്ലാത്ത ദിക്കിൽ ഒരാൾ നില്ക്കുന്നത് രഘുവിന്റെ കണ്ണിൽ പെട്ടു. വയസ്സായ ഒരു മനുഷ്യൻ. കഷണ്ടിത്തല. പിന്നിൽ അല്പാല്പം മുടിയുള്ളത് പാടേ നരച്ചിരിക്കുന്നു.

അയാൾ തന്നെ സൂക്ഷിച്ചു നോക്കുകയാണെന്ന് രഘുവിന് മനസ്സിലായി. ഒരു പരിചയമുള്ള മുഖമാണ്. ഇദ്ദേഹ ത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ട്. രഘു ആലോചിച്ചൂ.

വൃദ്ധൻ നിന്നിരുന്ന സ്ഥലത്ത് വെളിച്ചം കുറവായിരുന്നു. ആകപ്പാടെ ഒരു ഇരുട്ട് പടർന്നുപിടിച്ച പോലെ. തനിക്ക് അടുത്തു തന്നെ കണ്ണടവെക്കേണ്ടി വരുമെന്ന് രഘു വിചാരിച്ചു.

അച്യുതൻനായർ സംസാരിക്കുകയായിരുന്നു. രഘുവിന് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം എന്നും പറയുന്നതാണ്. കുറച്ചു ചില വ്യത്യാസങ്ങളേ ഉണ്ടാവൂ. വൃദ്ധൻ അപ്പോഴും തന്നെ നോക്കുകയാണ്. അദ്ദേഹവും തന്നെ എവിടെയോവെച്ച് കണ്ടിട്ടുണ്ടെന്ന് ആലോചിക്കുകയാണോ?

പെട്ടെന്ന് അദ്ദേഹം കയ്യുയർത്തി രഘുവിനെ മാടിവിളിച്ചു. തന്നെയാണോ വിളിക്കുന്നതെന്നറിയാൻ രഘു പിന്നിലേക്കു നോക്കി. ആരുമില്ല. അദ്ദേഹം രഘുവിനെത്തന്നെയാണ് വിളിക്കുന്നത്.

ആ വിളിയിൽ എന്തോ തിടുക്കമുണ്ടെന്നും അയാൾക്കു തോന്നി. വെറും തോന്നലല്ല. ശരിക്കും തിടുക്കമുണ്ട്. വൃദ്ധൻ ഒരു മാതിരി തിരിഞ്ഞു കഴിഞ്ഞു. അപ്പോഴും തന്നെ മാടി വിളിക്കുന്നുമുണ്ട്.

ഞാനിപ്പോൾ വരാം. രഘു അച്യുതൻനായരോട് പറഞ്ഞു. ഒരാൾ കാണാൻ വന്നിട്ടുണ്ട്.

ശരി.

പിറകിൽനിന്നു നടന്നുവരുന്ന രാജൻ പിള്ളയെ നോക്കി അച്യുതൻ നായർ പറഞ്ഞു.

വരൂ, വരൂ. എന്തൊക്കെയാണ് വിശേഷങ്ങൾ?

രഘു വൃദ്ധന്റെ അടുത്തേക്കു നടന്നു. അടുത്തെത്തിയപ്പോഴാണ് അയാളുടെ മുഖം വ്യക്തമായി കാണുന്നത്. എവിടെയോ വെച്ച് കണ്ടിട്ടുണ്ട് എന്ന പ്രതീതി ഉളവാക്കുന്ന ഷെയ്‌വ് ചെയ്ത മുഖം. പുരികം നരച്ചിരിക്കുന്നു. തല കഷണ്ടി. സാമാന്യത്തിലധികം വലിപ്പമുള്ള ചെവി. വരയൻ ഷർട്ടിന്റെ ശരിക്കുള്ള നിറമെന്താണെന്ന് രഘുവിനപ്പോൾ മനസ്സിലായില്ല.

ഇദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ദൈവമേ, അയാൾ വീണ്ടും വിചാരിച്ചു.

രഘു അടുത്തെത്തിയ ഉടനെ വയസ്സൻ നടക്കാൻ തുടങ്ങി. ഒപ്പം വരാനുള്ള ആംഗ്യവും കാണിച്ചുകൊണ്ട്.

അദ്ദേഹത്തിന്റെ തിടുക്കവും, ധൃതിയും കണ്ടപ്പോൾ എന്തോ അത്യാവശ്യകാര്യമായിരിക്കുമെന്നു കരുതി രഘു പിന്നാലെ നടന്നു.

പെട്ടെന്നാണത് സംഭവിച്ചത്. പരിസരം മുഴുവൻ വോൾട്ടേജ് കുറഞ്ഞാലുണ്ടാകുന്ന പോലെ മങ്ങിയിരിക്കുന്നു. ചുറ്റുമുള്ളവ സ്തുക്കളെല്ലാം ഒരു മാതിരി അപ്രത്യക്ഷമായ പോലെ. തനിക്ക് ആ വയസ്സനെ മാത്രം കാണാം. അദ്ദേഹം പ്രകാശം പ്രസരിപ്പിക്കുന്ന ഒരു വസ്തുവിനെപോലെ മുമ്പിൽ നീങ്ങി. അമ്പലപ്പറമ്പിനു പുറത്തു കടന്ന് റോഡിൽ പാർക്കു ചെയ്ത ഒരു കാറിനടുത്തേയ്ക്കു അദ്ദേഹം നടന്നു. തന്റെ ദൃശ്യലോകം ആ മനുഷ്യനും തൊട്ടടുത്തുള്ള കാറും മാത്രമായി ചുരുങ്ങിയത് രഘു അറിഞ്ഞു. മുമ്പിലുള്ള തിരക്കേറിയ റോഡോ, അതിലൂടെ ചീറിപ്പായുന്ന വാഹനങ്ങളൊ, റോഡിന്റെ അപ്പുറത്ത് കമ്മിറ്റി ഓഫീസിന്റെ ബോർഡോ, ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്ന ആൾ ക്കാരോ അയാളുടെ ദൃഷ്ടിയിൽ പെട്ടില്ല. അവരെല്ലാം അയാൾക്കു ചുറ്റുമുണ്ടെന്ന തോന്നൽ ഉണ്ടുതാനും.

പണ്ടൊരിക്കൽ പനിപിടിച്ചു കിടന്നപ്പോൾ മാത്രമാണ് ഇത്തരം ഒരു വിഭ്രാന്തി തനിക്കുണ്ടായിട്ടുള്ളത്. ഇപ്പോൾ പനിയൊന്നുമില്ലാത്തപ്പോൾ…

വയസ്സൻ കാറിന്റെ മുമ്പിലുള്ള വാതിൽ തുറന്ന് ഉള്ളിൽ കയറി ഇടതുവശത്തെ വാതിൽ രഘുവിന് കയറാൻ തുറന്നു പിടിച്ചു. രഘുവും കാറിൽകയറി.

ദൈവമേ ഇദ്ദേഹത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ. അതുപോലെ ഈ പഴയ ആസ്റ്റിൻ മോഡലിലുണ്ടാക്കിയ ഹിന്ദുസ്ഥാൻ കാറും. എന്റെ മനസ്സിന്റെ ഏതൊക്കെയോ വാതിൽ കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്. ഒരു കാര്യവും ഓർക്കാൻ കഴിയുന്നില്ല. കണ്ണിനു പറ്റിയ പോലെ മങ്ങൽ ഓർമ്മയ്ക്കും പറ്റിയിരിക്കുന്നു.

കാർ എം.ജി. റോഡിൽകൂടി കുതിക്കുകയാണ്. വയസ്സൻ ഒന്നും മിണ്ടുന്നില്ല. മുമ്പിലുള്ള റോഡിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, അല്പം കൂന്നിരുന്ന് അദ്ദേഹം കാറോടിക്കുകയാണ്. എങ്ങോട്ടാണ് പോകുന്നത്? ഊഹിക്കാൻ കൂടി കഴിയുന്നില്ല.

പെട്ടെന്ന് രഘുവിന് അതൊന്നും ഒരു പ്രശ്‌നമല്ലെന്നു തോന്നി. ആഴ്ന്നു പോകുന്ന ഫോമിന്റെ ഇരിപ്പിടം വളരെ സുഖകരമായി തോന്നി. പുറത്തുള്ള ഉഷ്ണം, അത്ഭുതമെന്നു പറയട്ടെ, അകത്തുണ്ടായിരുന്നില്ല. ഒരു കുളുർമ്മ, എഞ്ചിന്റെ നേരിയ മുരൾച്ച സുഖകരമായിരുന്നു. മുമ്പിൽ പ്രകാശത്തിന്റെ ഒരു വലയം സൃഷ്ടിച്ചുകൊണ്ട് ആ കാർ കുതിക്കുകയായിരുന്നു.

കച്ചേരിപ്പടി കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞു. നോർത്ത് ഓവർബ്രിഡ്ജ് കഴിഞ്ഞ് പോകുന്നതെല്ലാം രഘുവിന് മനസ്സിലാവുന്നുണ്ട്. കാറിന്റെ വേഗത്തെപ്പറ്റിയും അയാൾക്ക് പെട്ടെന്ന് മനസ്സിലായി. കച്ചേരിപ്പടി കഴിഞ്ഞപ്പോ ഴേയ്ക്കും ഓവർ ബ്രിഡ്ജായി, പിന്നെ നോക്കുമ്പോൾ കലൂർ കഴിഞ്ഞിരിക്കുന്നു. കാർ ഹൈവേയിൽക്കൂടി കുതിക്കുകയാണ്. നിമിഷങ്ങൾക്കകം ഇടപ്പള്ളിയായി. പിന്നെ കളമശ്ശേരി. കാറിന്റെ വിചിത്രമായ അതിവേഗത രഘു വിനെ അപ്പോൾ അത്ഭുതപ്പെടുത്തിയില്ല.

പെട്ടെന്ന് ചുറ്റുമുള്ള വാഹനങ്ങൾ വ്യക്തമായി കാണത്തക്കവിധത്തിൽ കാറിന്റെ വേഗത കുറഞ്ഞു. അതുവരെ പുകമറയിലായിരുന്ന പരിസരങ്ങൾ തിരിച്ചു വ്യക്തമായിരിക്കുന്നു. ആലുവ അടുക്കാറായിരിക്കുന്നു. ഇപ്പോൾ കാറിന്റെ ഉൾവശം വ്യക്തമല്ല. ഡാഷ് ബോർഡുപോലും അവ്യക്തമാണ്. തൊട്ടടുത്തിരുന്ന് ഡ്രൈവ് ചെയ്യുന്ന വയസ്സനെകൂടി വ്യക്തമായി കാണുന്നില്ല. വിന്റ്‌സ്‌ക്രീൻ തെളിമയുള്ളതായിരുന്നു. അതിൽകൂടി മുമ്പിൽ പോകുന്ന കാർ വ്യക്തമായി കാണാം. ഇളം നീലനിറത്തിലുള്ള ഒരു അംബാസിഡർ. താൻ പോയിരുന്ന കാർ മറ്റെ കാറിന്റെ തൊട്ടുപിന്നിലായി പോകുന്നത് അയാളിൽ അല്പം ആശങ്കയുണ്ടാക്കി.

അപ്പോഴാണ് കാറിന്റെ നമ്പർ അയാൾ ശ്രദ്ധിച്ചത്. 8765. ഓ ഇതു നമ്മുടെ രാമകൃഷ്ണന്റെ കാറാണല്ലൊ. അയാൾ വിചാരിച്ചു ഓടിക്കുന്നതും രാമകൃഷ്ണൻ തന്നെ. തനിയ്ക്ക് ആ കാറിനുള്ളിൽ വ്യക്തമായി കാണാൻ കഴിയുന്നു. കാറിനുള്ളിൽ ഒരസാധാരണ വെളിച്ചം തുടിച്ചു നിൽക്കുന്നപോലെ. ആ വെളിച്ചത്തിൽ രാമകൃഷ്ണൻ കാറോടി ക്കുന്നത് രഘുവിന് വ്യക്തമായി കാണാം. അവൻ സാധാരണപോലെ നല്ലവണ്ണം കുടിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഇരിപ്പിടത്തിൽ വെച്ച കുപ്പിയെടുത്ത് തുറന്ന് ഒരു കവിൾ കുടിക്കും. പിന്നിലെ കാറിലിരിക്കുന്ന തനിക്ക് എങ്ങിനെയാണ് മുമ്പിലുള്ള കാറിന്റെ മുൻസീറ്റിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ കഴിയുന്നതെന്ന് രഘു അപ്പോൾ ചിന്തിച്ചില്ല. പക്ഷെ അയാൾ രാമകൃഷ്ണന്റെ ഒപ്പം ഇരുന്നു യാത്ര ചെയ്യുന്ന പോലെ മുൻസീറ്റിലെ കാര്യങ്ങൾ വ്യക്ത മായി കാണുന്നുണ്ടായിരുന്നു. രാമകൃഷ്ണൻ കണ്ടമാനം മദ്യപിച്ചിരിക്കണം. കാരണം അയാളുടെ കൈകൾ വിറയ്ക്കുന്നത് കാണാമായിരുന്നു. സ്റ്റിയറിംഗ് വീലിലെ പിടുത്തത്തിന് അയവു വരുന്നതും, ഇടയ്ക്ക് കൈകൾ വഴുതി വീഴുന്നതും രഘു കണ്ടു. വഴുതി വീണ ഉടനെ അയാൾക്ക് ജാഗ്രത തിരിച്ചുകിട്ടും. വീണ്ടും കുറച്ചു കഴിഞ്ഞാൽ കൈകൾ വഴുതിപ്പോകുന്നു.

കാറ് ഇപ്പോൾ നിയന്ത്രണമില്ലാതെ പോകുകയാണെന്ന് രഘു കണ്ടു. രണ്ടുവശത്തും വയലുകളാണ്. ഇടയ്ക്ക് കലുങ്കുകൾ. രാമകൃഷ്ണൻ വീണ്ടും കുപ്പിയെടുത്ത് തുറക്കുന്നത് രഘു കണ്ടു. മുമ്പിൽ ഒരു വലിയ വളവായിരുന്നു. കാറിന്റെ വെളിച്ചത്തിൽ വെളുത്ത ചായം തേച്ച അടയാളക്കുറ്റികൾ നിരയായി വളഞ്ഞു കിടക്കുന്നത് രഘു കണ്ടു. റോഡ് ഉയരുകയായിരുന്നു. അവിടെ ഒരു വലിയ പാലമുള്ളത് രഘുവിന് ഓർമ്മ വന്നു. രാമകൃഷ്ണൻ അതു ശ്രദ്ധിച്ചില്ലെന്നതും രഘുവിന് മനസ്സിലായി. കാറ് തിരിക്കേണ്ടയിടത്ത് തിരിച്ചില്ല, മറിച്ച് റോഡിൽ നിന്നിറങ്ങി പുഴക്കരയുടെ താഴേയ്ക്ക് കുതിക്കുകയും ചെയ്തു.

വയസ്സൻ കാറു നിർത്തി. ഇപ്പോൾ രഘുവിന് അയാളെ മൂടലില്ലാതെ ശരിക്കും കാണാം. അയാൾ രാമകൃഷ്ണന്റെ കാർ ഇടിച്ചുചെന്ന് പുഴക്കരയിലെത്തി നിന്നിടത്തേക്ക് ചൂണ്ടിക്കാട്ടുകയായിരുന്നു. രഘു കാറിനു പുറത്തു കടന്ന് ഓടി.

പാലത്തിനു മുകളിലെ വിളക്കു കാരണം കാർ നിന്നിടത്ത് വെളിച്ചം വീശുന്നുണ്ടായിരുന്നു. കാറിനുള്ളിൽ രാമകൃഷ്ണനുണ്ടായിരുന്നില്ല. ഡ്രൈവറുടെ ഭാഗത്തുള്ള വാതിൽ തുറന്നു കിടക്കുകയാണ്. രാമകൃഷ്ണൻ വെള്ളത്തിൽ കിടക്കുന്നു. ബോധമില്ല. കാൽ കരയിലായിരുന്നെങ്കിലും തല വെള്ളത്തിൽ താഴ്ന്നു കിടക്കുകയാണ്. അയാൾ വേഗം രാമകൃഷ്ണനെ താങ്ങിയെടുത്തു. വയസ്സൻ കാലും അയാൾ തലയും പിടിച്ച് മേലേക്കുള്ള യാത്ര തുടങ്ങി.

അത്ഭുതകരമായി തോന്നേണ്ടതും, എന്നാൽ ആ സമയത്ത് സാധാരണമായി തോന്നിയതുമായ ഒരു കാര്യം രാമകൃഷ്ണന്റെ ഭാരമില്ലായ്മയായിരുന്നു. വെള്ളത്തിൽക്കൂടി ഭാരമുള്ള സാധനങ്ങൾ നീക്കുമ്പോഴുണ്ടാകുന്ന പോലെ വളരെ അനായാസേന അയാളുടെ ദേഹം പൊക്കിയെടുത്തു നടക്കുകയായിരുന്നു രഘു. വയസ്സന് ഈ പ്രായത്തിലും നല്ല ശക്തിയുണ്ടെന്നു തോന്നുന്നു. കാറിന്റെ പിൻവാതിൽ തുറന്നാണിരുന്നത്. അത് അദ്ദേഹം വരുന്നതിനു മുമ്പ് തുറന്നിട്ടതായിരിക്കണം. രാമകൃഷ്ണനെ പിൻസീറ്റിൽ കിടത്തി, അയാളുടെ കാലുകൾ മടക്കിവെച്ച് രഘു വാതിലടച്ചു, മുൻസീറ്റിൽ വന്നിരുന്നു. വയസ്സൻ കാർ സ്റ്റാർട്ടാക്കി. വീണ്ടും അസാമാന്യ വേഗതയിൽ കാർ പായാൻ തുടങ്ങി. കാറ് അതേ ദിശയിലാണ് ഓടിച്ചുപോകുന്നത്. വളരെ വേഗം ചാലക്കുടി എത്താറായി. ഇന്ന് അത്ഭുതങ്ങളുടെ ദിവസമാണെന്ന് രഘു കരുതി. കാറിപ്പോൾ ഹൈവേയിൽ നിന്ന് ഒരു ചെറിയ റോഡിലേക്കു തിരിഞ്ഞു. ഒരു കിലോമീറ്റർ ഉള്ളിൽ പോയി ഒരു ഓടിട്ട വീടിനു മുമ്പിൽ നിന്നു. അതു രാമകൃഷ്ണ ന്റെ വീടാണ്.

ഞാൻ എവിടെയാണ്.

ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ രാമകൃഷ്ണൻ പിൻസീറ്റിലിരിക്കുന്നു. അയാൾക്ക് ബോധം തിരിച്ചു കിട്ടിയിരിക്കുന്നു. രഘു ഇറങ്ങി പിൻവാതിൽ തുറന്നു കൊടുത്തു.

ഞാൻ പിടിക്കണോ?

വേണ്ട.

എന്നാലും പിടിക്കുകയാണ് ഭേദമെന്ന് കരുതി രഘു അയാളെ പതുക്കെ താങ്ങി. ആടിക്കൊണ്ട് രാമകൃഷ്ണൻ നടന്നു.

ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നുവന്ന ദേവകിയ്ക്ക് തന്നെ കണ്ടപ്പോൾ ആദ്യം അത്ഭുതമായി, പിന്നെയാണ് കുറച്ച് വിട്ടു ആടിക്കൊണ്ട് നില്ക്കുന്ന രാമകൃഷ്ണനെ കണ്ടത്. അയാളുടെ വസ്ത്രങ്ങൾ നനഞ്ഞിരുന്നു. ചളിയായിരുന്നു. അയാൾ അപ്പോഴും കുറേശ്ശെ ആടുന്നുണ്ട്.

ദേവകി വാതിൽ മലർക്കെ തുറന്നിട്ടു. രാമകൃഷ്ണന്റെ കൈപിടിച്ച് അകത്തേക്കു കൊണ്ടുപോയി. സോഫയി ലിരുത്തി. നനഞ്ഞ ഷർട്ട് അഴിച്ചു. രാമകൃഷ്ണൻ സോഫയിൽ വീഴുകയും ഉറങ്ങാൻ തുടങ്ങുകയും ചെയ്തു.

ദേവകിയുടെ മുഖത്തു നോക്കാൻ രഘുവിന് കഴിഞ്ഞില്ല. അത്ര ശോചനീയമായിരുന്നു ആ മുഖം.

എന്തിനാ ഇങ്ങനെ കുടിക്കണത്? രഘു ചോദിച്ചു.

എനിക്കറിയില്ല. ഇപ്പൊ അടുത്തു വെച്ച് കുറെ കൂടീട്ടുണ്ട്.

അവൾ ക്ഷമാപണത്തോടെ പറഞ്ഞു. വാസ്തവം പറഞ്ഞാൽ അവൾക്ക് ക്ഷമ യാചിക്കേണ്ട കാര്യമൊന്നുമില്ല. തന്റെ അമ്മാവന്റെ മകനാണ് രാമകൃഷ്ണൻ. ആ വിധത്തിൽ ക്ഷമ യാചിക്കേണ്ടത് താനാണ്.

എന്തോ ഭാഗ്യംകൊണ്ട് ഞാൻ പിന്നിലെ കാറിലുണ്ടായിരുന്നു. ഇനിയെങ്കിലും പറയൂ കുടിച്ചു കാറോടിക്കരുതെന്ന്. പുഴയിലേക്കാണ് മറിഞ്ഞത്. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ആള് കാഞ്ഞേനെ. മുഖം വെള്ളത്തിനടിയിലായിരുന്നു.

ദേവകി ഒരു കസേരയിലിരുന്ന് കരയാൻ തുടങ്ങി. രഘു എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്നു. പെട്ടെന്നാണ് ആ വൃദ്ധൻ കാറിൽ ഇരിക്കുന്നുണ്ടാവുമെന്ന് അയാൾ ഓർത്തത്. അയാൾ വാതിലിനു പുറത്തു വന്നു നോക്കി. കാറ് പൊയ്ക്കഴിഞ്ഞിരുന്നു.

കാറ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടില്ലല്ലൊ.

നീ കാറ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടോ? അയാൾ ദേവകിയോട് ചോദിച്ചു.

അവൾ കരച്ചിൽ നിർത്തി. സാരിയുടെ തുമ്പുകൊണ്ട് കണ്ണീർ തുടച്ച് പുറത്തേക്കു വന്നു.

കാറോ? ഏത് കാറ്?

ഒരു വയസ്സനാണ് ഓടിച്ചിരുന്നത്. ഒരു പഴയ കാറ്.

ഇല്ല. ഞാൻ കണ്ടില്ല.

ആ മനുഷ്യനെ എവിടെ വെച്ചാണ് കണ്ടതെന്നോർക്കാൻ രഘു ശ്രമിച്ചു.

ഞാൻ ചായയുണ്ടാക്കട്ടെ, രഘുവേട്ടൻ ഇരിക്കു. ദേവകി പറഞ്ഞു.

വേണ്ട. ഞാൻ പോകാൻ നോക്കട്ടെ. രഘു പറഞ്ഞു. സൗദാമിനി കാത്തിരിക്കുന്നുണ്ടാകും. അമ്പലത്തിലേക്കി റങ്ങിയതാണ്.

അയാൾ പുറത്തു കടന്നു.

ഒരു കാര്യം ചെയ്യുമോ? സൗദാമിനിക്ക് ഫോൺ ചെയ്ത് ഞാൻ ഒരു മണിക്കൂറിനുള്ളിൽ എത്തുമെന്നു പറയൂ. ഒമ്പതുമണി കഴിഞ്ഞാൽ അവൾക്കു പരിഭ്രമമാവും.

ശരി. ദേവകി പറഞ്ഞു.

അയാൾ ഇറങ്ങി, ഗേയ്റ്റിനു പുറത്തു കടന്നു. ഒരു കിലോമീറ്റർ നടന്നാലേ ബസ്സ് കിട്ടുകയുള്ളൂ. ഫാസ്റ്റ് പാസഞ്ചർ കിട്ടിയാൽ മുക്കാൽ മണിക്കൂർ കൊണ്ട് വീട്ടിലെത്താം. അയാൾ വേഗത്തിൽ നടക്കാൻ തുടങ്ങി. അങ്ങിനെ നടക്കു മ്പോൾ പെട്ടെന്ന് ഒരു മൂടൽ വന്ന് തന്റെ കാഴ്ച മങ്ങിയ പോലെ അയാൾക്കു തോന്നി. രണ്ടു ഭാഗത്തുമുള്ള കെട്ടിടങ്ങൾ തെളിഞ്ഞു കാണുന്നില്ല. തൊട്ടുമുമ്പിലുള്ള റോഡ് മാത്രമേ കാണുന്നുള്ളു. അയാൾ ആലോചിച്ചു ഒന്നുകിൽ തന്റെ കാഴ്ച വളരെ മോശമായിട്ടുണ്ട്, അല്ലെങ്കിൽ അത്ഭുതകരമായി എന്തോ സംഭവിക്കുന്നുണ്ട്. മുമ്പിൽ പെട്ടെന്നു കണ്ട കാർ താൻ ചാലക്കുടിക്കു വന്ന ഹിന്ദുസ്ഥാൻ തന്നെയാണെന്നയാൾക്ക് മനസ്സിലായി. മുൻവാതിൽ തുറന്നിരുന്നു. അയാൾ കയറി വാതിലടച്ചു. വയസ്സൻ കാർ സ്റ്റാർട്ടാക്കി.

ഒരാൾക്ക് ഇത്രയും വേഗത്തിൽ കാറോടിക്കാൻ കഴിയുമെന്ന് അയാൾ നടാടെ മനസ്സിലാക്കുകയാണ്. മുമ്പിലുള്ള സകല വാഹനങ്ങളെയും മറികടന്ന് കാർ കുതിക്കുകയായിരുന്നു. വിശ്വസിക്കാൻ പ്രയാസമായ വേഗത്തിൽ അങ്കമാലി കടന്നതും, ആലുവ കടന്നതും അറിയുന്നുണ്ട്, ഏതാനും നിമിഷങ്ങളുടെ ദൈർഘ്യത്തിൽത്തന്നെ.

വയസ്സന്റെ പേരെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച് നോക്കിയപ്പോൾ അയാൾ കുനിഞ്ഞിരുന്ന് മുമ്പിലുള്ള കണ്ണാടിയിൽക്കൂടി ഉറ്റുനോക്കി ഓടിക്കുകയാണ്. ഈ വേഗത്തിൽ അയാളുടെ ഏകാഗ്രത കളയണ്ട എന്നു കരുതി രഘു മൗനം ദീക്ഷിച്ചു.

കാറിന്റെ വേഗത വീണ്ടും വർദ്ധിക്കുകയാണ്. ഈ തോതിൽ പോയാൽ എവിടെയെത്തുമെന്ന ചിന്തയുണ്ടായി രഘുവിന്. ലൈറ്റ് പോസ്റ്റുകൾ! ആൾക്കാർ, വാഹനങ്ങൾ എല്ലാം അസാമാന്യവേഗത്തിൽ പിന്നോക്കം തള്ളപ്പെടുക യാണ്. കുറച്ച് വേഗത കുറക്കാൻ പറയാൻ രഘു വയസ്സന്റെ നേരെ തിരിഞ്ഞു.

അവിടെ അയാളുണ്ടായിരുന്നില്ല. ഡ്രൈവറുടെ സ്ഥാനം ഒഴിഞ്ഞിരുന്നു. കാർ ഭയങ്കര വേഗത്തിൽ പായുക തന്നെയാണ്. ഡാഷ് ബോർഡിലെ സൂചകവിളക്കുകൾ മിന്നുന്നുണ്ട്. അയാൾ പിന്നിലെ സീറ്റിലേക്കു നോക്കി. അതും ഒഴിഞ്ഞു കിടക്കുകയാണ്. അയാൾക്ക് പെട്ടെന്ന് ബോധം മറയുന്ന പോലെ തോന്നി.

ബോധം വന്നപ്പോൾ ആൽത്തറയിൽ ഇരിക്കുകയാണ്. അച്യുതൻ നായർ പോയിരുന്നു. അമ്പലത്തിൽ നിന്ന് ശീവേലിയുടെ കൊട്ട് കേൾക്കാനുണ്ട്. അയാൾ വാച്ചു നോക്കി. സമയം എട്ടുമണി. അച്യുതൻ നായരുമായി സംസാരിക്കാൻ തുടങ്ങിയത് ഏകദേശം ഏഴേകാലിനാണ്. അപ്പോൾ ഈ നാൽപത്തിയഞ്ചു മിനിറ്റ് താൻ ഉറങ്ങുക യായിരുന്നോ. താൻ കണ്ട ദുഃസ്വപ്നത്തെപ്പറ്റി ആലോചിച്ചു. വല്ലാത്തൊരു സ്വപ്നം. ഇനി കമ്മിറ്റി ഓഫീസിൽ പോകാൻ വയ്യ. പോരാത്തതിന് മീറ്റിംഗ് തുടങ്ങിയിട്ടുണ്ടാകും. അയാൾ വീട്ടിലേക്കു തിരിച്ചു. വല്ലാത്ത ക്ഷീണം.

നടക്കുമ്പോൾ അയാൾ ആലോചിച്ചു. തനിക്കിന്നെന്താണ് പറ്റിയത്? അച്യുതൻ നായരുമായി സംസാരിച്ചിരിക്ക യായിരുന്നു. അതിനിടയിൽ എപ്പോഴാണ് ഉറങ്ങിപ്പോയത്? നോക്കട്ടെ. ഒരാൾ വിളിച്ചതായ ഓർമ്മയുണ്ട്. ഒരു വയസ്സൻ. അയാളോടൊപ്പം കാറിൽ കയറിയതും. പഴയ ആസ്റ്റിൻ മോഡൽ ഹിന്ദുസ്ഥാൻ കാറ്. പെട്ടെന്നയാൾക്ക് ആ വയസ്സൻ ആരാണെന്നോർമ്മ വന്നു. തന്റെ അമ്മാവൻ, കുഞ്ഞിരാമൻ നായർ. രാമകൃഷ്ണന്റെ അച്ഛൻ, അദ്ദേഹം ഇരുപത്തഞ്ചുകൊല്ലം ഉപയോഗിച്ചിരുന്ന അതേ കാറായിരുന്നു അത്. പക്ഷെ അമ്മാവൻ മരിച്ചിട്ട് പന്ത്രണ്ടു കൊല്ലമായി. എന്തൊരു സ്വപ്നം!

രാമകൃഷ്ണന്റെ കുടി അടുത്ത കാലത്തായി വളരെ കൂടിയിട്ടുണ്ട്. അതു തനിക്കുണ്ടാക്കുന്ന മനഃപ്രയാസമായിരി ക്കണം ഈ സ്വപ്നത്തിനു കാരണം. താനാണ് ആ വിവാഹാലോചന കൊണ്ടുവന്നത്. വളരെ അടുത്തറിയുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ്. വളരെ ശാലീനയായ ഒരു കൂട്ടി. രാമകൃഷ്ണൻ കുറേശ്ശെ കുടിക്കുമെന്നറിയു മായിരുന്നു. ചെറുപ്പക്കാർ വിവാഹം കഴിക്കുന്നതിനുമുമ്പ് അങ്ങിനെയൊക്കെ നടക്കും, പിന്നെ വിവാഹം കഴിഞ്ഞാൽ കുടിയൊക്കെ നിർത്തും എന്നാണ് താൻ കരുതിയത്. തന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. അതുകൊണ്ട് ദേവകിയെ കാണുമ്പോഴെല്ലാം കുറ്റബോധം തോന്നുകയാണ്.

അച്യുതൻ നായരുമായി സംസാരിച്ചു കൊണ്ടിരിക്കെ എങ്ങിനെ ഉറങ്ങിപ്പോയിയെന്നത് അത്ഭുതകരമായിരി ക്കുന്നു.

സൗദാമിനി കുട്ടികളെ പഠിപ്പിക്കുന്ന തിരക്കിലാണ്. രഘുവിനെ കണ്ടപ്പോൾ അവൾ ക്ലോക്ക് നോക്കി. എട്ടുമണി കഴിഞ്ഞിട്ടേ ഉള്ളു.

എന്താ ഇന്ന് നേർത്തെ? അവൾ ചോദിച്ചു.

ഒന്നുംല്യ. എനിയ്ക്ക് കുറച്ചു ചുക്കു വെള്ളം തരു.

സൗദാമിനി അടുക്കളയിൽ പോയി സ്റ്റീൽ ഗ്ലാസ്സിൽ ചുക്കുവെള്ളമെടുത്തു കൊണ്ടു വന്നു. അപ്പോഴാണ് അവൾ ട്യൂബ് ലൈറ്റിന്റെ തെളിഞ്ഞ വെളിച്ചത്തിൽ അയാളുടെ മുഖം കാണുന്നത്.

എന്തുപറ്റി? സുഖമില്ലേ?

ഏയ് ഒന്നുംല്യ. ഉറക്കം വന്നിരുന്നു.

എന്തേ ഇപ്പോത്ര ഒറക്കം വരാൻ?

ആവോ. മാത്രമല്ല. ഞാൻ അച്യുതൻ നായരുമായി സംസാരിച്ചു നിൽക്ക്വായിരുന്നു. അതിനിടയിൽ കിടന്ന് ഒറങ്ങിപ്പോയി.

എന്തൊക്കെയാണ് പറയണത്? എങ്ങിന്യാ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒറങ്ങ്വാ? എവിട്യാ കെടന്നത്? കമ്മിറ്റി ഓഫീസിലാണോ? ഇനി ബോധംകെട്ട് വീഴുകയൊന്നുമല്ലല്ലോണ്ടായിട്ടുള്ളത്?

ഏയ് ഒറങ്ങീത് ഓഫീസിലൊന്നുമല്ല, ആൽത്തറയിലാ. മാത്രമല്ല, ഒരു വൃത്തികെട്ട സ്വപ്നം കാണും ചെയ്തു. എണീറ്റപ്പൊ അച്യുതൻനായരൊന്നുല്യ അവ്‌ടെ!

സൗദാമിനി വിശ്വാസമാവാത്ത മട്ടിൽ രഘുവിനെ നോക്കി.

ഫോൺ ബെല്ലടിച്ചു. രഘു കയ്യേന്തി ഫോണെടുത്തു.

ഹലോ സൗദാമിനിചേച്ചിയല്ലെ. ഇത് ദേവകിയാണ്. രഘുവേട്ടൻ കുറച്ചു വൈകിയിട്ടേ എത്തൂന്ന് പറയാൻ പറഞ്ഞിരിക്കുന്നു. രാമകൃഷ്‌ണേട്ടന് അപകടം പറ്റി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. കുടി തന്നെ. എന്താ ചെയ്യാ?

പെട്ടെന്ന് എന്തോ സംശയം തോന്നിയ പോലെ ദേവകി നിർത്തി.

ആരാണവിടെ? സൗദാമിനിചേച്ചി തന്നെയല്ലെ.

ഇതു ഞാനാണ്, രഘുവേട്ടൻ.

രഘുവേട്ടൻ? അപ്പോൾ രഘുവേട്ടനല്ലെ പത്തു മിനിറ്റുമുമ്പ് എന്നോട് ചേച്ചിക്ക് ഫോൺ ചെയ്യാൻ പറഞ്ഞത്?

അതെയതെ, അയാൾ പറഞ്ഞു. അതിനെപ്പറ്റിയൊക്കെയാണ് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ആട്ടെ രാമകൃഷ്ണൻ എന്തു പറയുന്നു?

അതേ കിടത്തമാണ്. ഇനി നാളെ രാവിലെ നോക്കിയാൽ മതി, എന്താ ചെയ്യ്വാ? പിന്നെ രഘുവേട്ടൻ നാളെ ഒന്നിവിടംവരെ വരണം കേട്ടോ. കാറ് എവിടെയാണ് ഇടിച്ചു കിടക്കണത്‌ന്നൊന്നും മൂപ്പർക്ക് ഓർമ്മണ്ടാവില്ല്യ.

രഘു ഫോൺ വെച്ച് അടുത്തു കണ്ട കസേരയിൽ കുഴഞ്ഞിരുന്നു.

ചാലക്കുടിയിൽ നിന്ന് എറണാകുളത്തേക്ക് നാൽപത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട്. വൈകുന്നേരത്തെ തിരക്കിനിട യിൽക്കൂടി കാറിൽ എറണാകുളത്തെത്താൻ ചുരുങ്ങിയത് നാൽപത്തഞ്ചു മിനിറ്റെങ്കിലും എടുക്കും. താനാകട്ടെ ഏകദേശം പത്തു മിനിറ്റുകൊണ്ട് ഇവിടെ എത്തുകയും ചെയ്തു.

അപ്പോൾ നടന്ന കാര്യങ്ങളെല്ലാം…?