close
Sayahna Sayahna
Search

കടൽക്കരയിൽ ഒരു പക്ഷിക്കാരൻ



ഞാൻ ഇന്നലെ എന്റെ മട്ടുപ്പാവിൽ ജ്വരബാധിതയായ ഒരു പക്ഷിയെ കണ്ടു. തണുത്ത പ്രഭാതം. ഇളവെയിൽ കാഞ്ഞ് ഭിത്തിമേൽ ഇരിക്കുന്ന പക്ഷി, ഞാൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞെട്ടി. തകിടംമറിഞ്ഞ തുലനാവസ്ഥ ശരിയാക്കാൻ ചിറകു കുടഞ്ഞ് അതു വീണ്ടും ഇരുന്നു. ഒരു പരുന്ത്, അതിന്റെ ചിറകുകൾ ഉലഞ്ഞിരുന്നു. കണ്ണുകളിൽ വ്യസനം. എന്നെ നോക്കിക്കൊണ്ട് അതു തലകുലുക്കി.

ഞാൻ രാത്രി മുഴുവൻ വാതില്ക്കൽ മുട്ടി. എന്തേ തുറക്കാതിരുന്നത്?

ഞാൻ ആശ്വസിച്ചു. അപ്പോൾ രാത്രി ഇടയ്ക്കിടയ്ക്കു കേട്ട ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കുടമ ഈ പക്ഷിയായിരുന്നു.

എനിക്കു പനിക്കുന്നുണ്ട്. എന്റെ കണ്ണുകൾ ചുവന്നിട്ടില്ലേ?

അവളുടെ കണ്ണുകൾ ചുവന്നിരുന്നു. ഞാൻ തലകുലുക്കി.

രണ്ടു ദിവസമായി ഞാൻ ഭക്ഷണം കഴിച്ചിട്ട്. അവൾ പറഞ്ഞു. ഞാൻ എന്റെ പക്ഷിക്കാരന്റെ അടുത്തു നിന്നു പറന്നു പോന്നു.

പക്ഷിയുടെ കാലിലിട്ട ഇരുമ്പുകണ്ണി ഞാൻ അപ്പോഴാണു ശ്രദ്ധിച്ചത്.

എന്തിനാണ് നിന്റെ പക്ഷിക്കാരനെ ഉപേക്ഷിച്ചത്? ഞാൻ അന്വേഷിച്ചു.

പറയാം. അവൾ പറഞ്ഞു. അവളുടെ കണ്ണുകൾ അല്പത്വം കൊണ്ടു ചെറുതായി. ആദ്യം എനിക്കു തിന്നാൻ വല്ലതും തരൂ. ഞാൻ പറഞ്ഞില്ലെ, രണ്ടു ദിവസായി പട്ടിണിയാണെന്ന്!

അകത്തു വരൂ. തലേദിവസത്തെ ചപ്പാത്തി കഷണങ്ങളാക്കി ഒരു പ്ലേറ്റിൽ നിരത്തി ഞാൻ പരുന്തിനെ വിളിച്ചു.

വേണ്ട; ഇവിടെ ഇളംവെയിലുണ്ട്. ഞാൻ രാത്രി മുഴുവൻ മഴ നനയുകയായിരുന്നു.

ചപ്പാത്തിക്കഷണങ്ങൾ വിരലുകൾ കൊണ്ടു നിലത്തുവെച്ചമർത്തി ആർത്തിയോടെ കൊത്തി വിഴുങ്ങുക യായിരുന്നു പരുന്ത്. രാത്രി ഇതാണു വാതില്ക്കൽ മുട്ടിയതെന്നറിഞ്ഞിരുന്നെങ്കിൽ തുറക്കാമായിരുന്നു. പാവം മഴ നനഞ്ഞു, പക്ഷേ, അതിനു ശരിക്കും പനിയുണ്ടെന്നും വരാം.

പ്ലേറ്റിലെ ചപ്പാത്തി മുക്കാൽഭാഗവും അകത്താക്കിയശേഷം കൊക്കു നിലത്തുരച്ച് അവൾ പറഞ്ഞു:

ഞാൻ എന്റെ പക്ഷിക്കാരനെ ഉപേക്ഷിച്ചു.

എന്തിന്?

എന്തിനെന്നോ? അതിന്റെ കണ്ണുകൾ ബീഭത്സമായി എന്തിനെന്നോ? അയാൾ എനിക്കു മര്യാദയ്ക്കു ഭക്ഷണം കൂടി തരാറില്ല. പ്രത്യേകിച്ച് മഴ തുടങ്ങിയശേഷം. വല്ലപ്പോഴും ഭക്ഷണം എന്നായിരുന്നു. ഞാനാണ് അയാൾക്കു ജീവിക്കാനുള്ള പൈസ സമ്പാദിച്ചു കൊടുക്കുന്നത്. നന്ദി കെട്ടവൻ! അറിയാമോ, നിരത്തിവെച്ച മൂന്ന് അഗ്നിവളയങ്ങളിൽക്കൂടി ഞാൻ ചാടാറുണ്ട് അയാൾ എറിയുന്ന ശീട്ടുകൾ ആകാശത്തു നിന്നു കൊത്തി യെടുത്തു തിരിച്ചുകൊണ്ടു പോയി കൊടുക്കാറുണ്ട്. അറിയാമോ, അയാളുണ്ടാക്കുന്ന ശബ്ദങ്ങൾക്കനുസരി ച്ചുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ ഉള്ള കാർഡുകൾ ഞാൻ കൊത്തിയെടുക്കാറുണ്ട്, ഒരിക്കലും തെറ്റാതെ. എന്നിട്ടും നന്ദിയില്ലാതെ അയാൾ എന്നെ പട്ടിണിക്കിടുന്നു. ഞാൻ ഓടിപ്പോന്നു. അയാളില്ലെങ്കിലും ജീവിക്കാ മോ എന്നു നോക്കട്ടെ.

കൊക്ക് ഒന്നുകൂടി നിലത്തുരച്ച്, ചപ്പാത്തിവെച്ച പ്ലേറ്റ് കാൽകൊണ്ട് ഒരു തട്ടുംതട്ടി ആ പരുന്തു പറന്നു പോയി, നന്ദികൂടി പറയാതെ.

ഞാൻ ഇന്നു രാവിലെ കടൽക്കരയിൽ ഒരു പക്ഷിക്കാരനെ കണ്ടു. കറുത്തുകൃശമായ ഒരു രൂപം. കടലിൽ നിന്നാഞ്ഞടിച്ച കാറ്റിൽ അയാളുടെ എണ്ണമയമില്ലാത്ത ചെമ്പിച്ച തലമുടിയും താടിയും, കീറിയ വസ്ത്രങ്ങളും പറന്നിരുന്നു. അയാളുടെ ചുമലിൽ ഒരു മാറാപ്പ് തൂക്കിയിട്ടിരുന്നു; കൈയിൽ മുന്നു ചെറിയ ഇരുമ്പു വളയങ്ങളും. അയാൾ ഇടയ്ക്കിടെ നിന്നു കൈപ്പടം കണ്ണിനു മുകളിൽ മറപിടിച്ച് ആകാശത്തേക്കു നോക്കി ചൂളംവിളിച്ചിരുന്നു. അടുത്തു വന്നപ്പോൾ അയാളുടെ ക്ഷീണിച്ച മുഖം കണ്ടു. അനേകദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നു തീർച്ച. ശോകരസമുള്ള ചെറിയ കണ്ണുകൾ കുണ്ടിലിറങ്ങിയിരുന്നു.

എന്റെ പക്ഷി പറന്നുപോയി. അയാൾ പറഞ്ഞു. അയാൾ കൈകൾ കുലുക്കി ഒരാഗ്യം കാണിച്ചു, എന്താ ചെയ്യാ എന്നർത്ഥത്തിൽ. അയാൾ ചിരിക്കാൻ ശ്രമിച്ചു. കരച്ചിലിൽ അവസാനിച്ചേക്കാമായിരുന്ന ആ ചിരി അയാൾ നിർത്തി.

എന്റെ പക്ഷി പറന്നുപോയി.

അയാൾ ഒരു ഭ്രാന്തനെപ്പോലെ തല കുലുക്കി നടന്നു പോകാൻ തുനിഞ്ഞു.

ഞാൻ ചോദിച്ചു എന്തിനാണ് പക്ഷി പറന്നുപോയത്?

ഹാ…അയാൾ നിന്നു. ഭാണ്ഡം വലത്തെ തോളത്തു നിന്ന് ഇടത്തെ തോളത്തേക്കു മാറ്റി. അയാൾ പറഞ്ഞു. അതൊരു പരുന്തായിരുന്നു.

പരുന്തുകളെല്ലാം പറന്നുപോകുമെന്ന പോലെ.

എന്തു ഭംഗിയുള്ള പക്ഷിയായിരുന്നു അത്! നിങ്ങൾക്കറിയാമോ?

പരുന്തല്ലെ? ഞാൻ വിചാരിച്ചു. എനിക്ക് അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ല.

അവൾ എനിക്കു വേണ്ടി എന്തൊക്കെ വിദ്യകൾ ചെയ്യാറുണ്ട്! കൈപിടിച്ച വളയങ്ങൾ കാണിച്ച് അയാൾ തുടർന്നു: അഗ്നി വളയങ്ങളിൽക്കൂടി അവൾ പറക്കാറുണ്ട്. ആദ്യം പഠിപ്പി ക്കുന്ന സമയത്ത് അവളുടെ ചിറകു കരിഞ്ഞു. അവൾക്കു പറക്കാൻ വയ്യാതായി. പിന്നെ പുതിയ ചിറകുകൾ മുളച്ചപ്പോൾ അവൾ വീണ്ടും വളയങ്ങൾ ചാടി. അവൾ അത്രയധികം വിശ്വ സ്തയായിരുന്നു. ഞാൻ ആകാശത്തേക്കെറിയുന്ന ശീട്ടുകൾ അവൾ ആകാശത്തുനിന്ന് ഓരോന്നോരോന്നായി പറന്നു കൊത്തിയെടുത്തു കൊണ്ടുവരാറുണ്ട്. ഞാനുണ്ടാക്കുന്ന ശബ്ദങ്ങൾക്കനുസരിച്ച് മൃഗങ്ങളുടെ ചിത്രം അവൾ കൊത്തി എടുക്കാറുണ്ട്. കുരയ്ക്കു മ്പോൾ നായയുടെ ചിത്രം. അലറുമ്പോൾ സിംഹത്തിന്റെ, അങ്ങനെ എല്ലാം.

അവളാണ് എനിക്കു ഭക്ഷണം തേടിത്തന്നിരുന്നത്. അവൾക്ക് എന്നെ വലിയ കാര്യമായിരുന്നു. അയാൾ ആകാശത്തേക്കു നോക്കി, തല ഒരു ചെറിയ കോണിൽ പിടിച്ച് ഒരു പ്രത്യേകവിധത്തിൽ ചൂളം വിളിച്ചു.

കാര്യമില്ല, അയാൾ പറഞ്ഞു, അവൾ തിരിച്ചുവരുമെന്നു തോന്നുന്നില്ല.

ശക്തിയായി അടിച്ച ഒരു തിരയിൽനിന്നും തെറിച്ച ജലകണം പക്ഷിക്കാരന്റെ പാറിപ്പറക്കുന്ന തലയിലും താടിയിലും തങ്ങിനിന്നു.

എന്താണ് അവൾ നിങ്ങളെ വിട്ടുപോകാൻ കാരണം?

അയാൾ മുഖം തിരിച്ചു. അയാളുടെ ഉത്സാഹമെല്ലാം കെട്ടടങ്ങി. കണ്ണുകളിലെ ശോകരസം തിരിച്ചുവന്നു. അയാൾ മന്ത്രിച്ചു.

എനിക്കു തീറ്റകൊടുക്കാൻ പറ്റിയില്ല. കഴിഞ്ഞ മൂന്നുദിവസായി പാവം അവൾ മുഴുപ്പട്ടിണിയായിരുന്നു. പത്തുദിവസമായി അടച്ചുപിടിച്ച ഈ മഴ കാരണം എനിക്ക് ഒരു പൈസപോലും കിട്ടിയിരുന്നില്ല. അടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു ചൂണ്ടിക്കാട്ടി അയാൾ തുടർന്നു. ആ ഹോട്ടലിലെ താമസക്കാർ മഴ കാരണം സ്വമ്മിംഗ്പൂളിലേക്കു വന്നിരുന്ന തേയില്ല.

സ്വിമ്മിംഗ് പൂൾ കടലിനെ അഭിമുഖീകരിച്ചായിരുന്നു. അപ്പോൾ, അവരാണ് പക്ഷിക്കാരന്റെ കുറ്റിക്കാർ.

എന്റെ ആലോചന മനസ്സിലാക്കിയപോലെ അയാൾ പറഞ്ഞു. അല്ലാതെ നമ്മുടെ നാട്ടുകാർക്കുണ്ടോ ഇതി ലെല്ലാം കമ്പം?

ആദ്യത്തെ നാലഞ്ചുദിവസം കൈയിലുണ്ടായിരുന്ന പണം കൊണ്ടു ഞാൻ പക്ഷിക്കു തീറ്റ വാങ്ങിക്കൊടു ത്തു. പിന്നെ പണം തീരെ തീർന്നപ്പോൾ ഞാൻ ശരിക്കും കഷ്ടത്തിലായി. പക്ഷി വിശന്നു കരഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു. അവളായിരുന്നു എന്റെ സർവ്വസ്വവും. ജീവിതത്തിൽ ഒരിക്കലും ഇരക്കാത്ത ഞാൻ അവസാനം അതിനും കൂടി തയ്യാറായി. പക്ഷേ, അപ്പോഴേക്ക് അവൾ എന്നെ ഉപേക്ഷിച്ചു.

അയാൾ ആകാശത്തു നോക്കി രൂക്ഷമായി ചൂളം വിളിച്ചു. ആകാശത്തു വീണ്ടും കാറുകൾ കനത്തുകൂടു ന്നുണ്ട്. ഇനിയും മഴ പെയ്‌തേക്കും.

ശരി, വരട്ടെ അയാൾ നടന്നു. അയാൾ നടന്നകലുന്നതു ഞാൻ നോക്കി നിന്നു. ഇടയ്ക്കിടയ്ക്കു നിന്ന് ആകാശത്തേക്കു നോക്കി ചൂളം വിളിച്ചു രണ്ടു കൈകളും ഉയർത്തും.

മഴ തുള്ളിയിട്ടു. ആദ്യം ഓരോന്നോരോന്നായി; പിന്നെ കനത്ത ആരവത്തോടെ. കടലിന്റെ ഇരമ്പം കൂടി വന്നു.

പിറ്റേന്നു രാവിലെ കടല്ക്കരയിൽ ഞാൻ പക്ഷിക്കാരനെ വീണ്ടും കണ്ടു. അയാളുടെ ഇടത്തെ ചുമലിൽ പരുന്തുമുണ്ടായിരുന്നു. എന്നെ ദൂരത്തുനിന്നു കണ്ട ഉടനെ അയാൾ കൈ ഉയർത്തി വിളിച്ചു പറഞ്ഞു.

എന്റെ പക്ഷിയെ കിട്ടി.

എന്നിട്ടു നല്ലവണ്ണം വിശ്വസിച്ചോട്ടെ എന്ന മട്ടിൽ അയാൾ ചുമലിൽനിന്ന് പക്ഷിയെ പൊക്കിക്കാണിച്ചു. പക്ഷി അയാളുടെ കൈയിൽനിന്ന് കുടഞ്ഞു പറന്ന് ഇടത്തെ ചുമലിൽത്തന്നെ സ്ഥാനമുറപ്പിച്ചു. കൈയിൽ പിടിച്ച കടലാസ് കോണിൽനിന്ന് അയാൾ കടലയെടുത്ത് ഓരോ മണിയായി പരുന്തിനു കൊടുത്തു.

അടുത്തു വന്നപ്പോൾ പക്ഷിക്കാരന്റെ മുഖത്തെ സന്തോഷം വ്യക്തമായി കണ്ടു. കണ്ണുകൾ വിടർന്നിരുന്നു. ഈ സന്തോഷപ്രകടനങ്ങൾക്കിടയിലും അയാൾ തലേന്നു രാത്രിയും പട്ടിണിയായിരുന്നെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. അയാൾ അഭിമാനത്തോടെ തന്റെ അരുമയായ പക്ഷിയെ തലോടി. പക്ഷി സന്തോഷം സഹിക്ക വയ്യാതെ കുറുകുകയും കൊക്കുകൊണ്ട് അയാളുടെ തലമുടി കൊത്തിവലിക്കുകയും ചിറകിട്ടടിക്കുകയും ചെയ്തു.

ഞാൻ പോട്ടെ. പക്ഷിയെ ചുമലിൽനിന്നെടുത്ത് ഉമ്മവെച്ച് അയാൾ പറഞ്ഞു. ഞാൻ പോട്ടെ. നോക്കു, മഴ നിന്നെന്നു തോന്നുന്നു. മേഘങ്ങളൊന്നുമില്ല. സ്വിമ്മിംഗ്പൂളിൽ വിദേശികൾ വന്നിട്ടുണ്ടാകും.

അയാൾ നടന്നു. ക്ഷീണിച്ചതെങ്കിലും ഉത്സാഹമുള്ള കാലടികൾവച്ച് അയാൾ നടന്നകന്നു. ദൂരെ അയാൾ പക്ഷിയേക്കാൾ ചെറിയ ഒരു കുത്തു മാത്രമായപ്പോൾ ഞാൻ ചുറ്റും നോക്കി.

ഒരു പുറ്റുപോലെ ചുറ്റും വളർന്ന ഏകാന്തത ഞാൻ അറിഞ്ഞു. വർഷങ്ങൾക്കുമുമ്പ്, ജീവിതം പച്ചപിടിച്ചു നിന്നപ്പോൾത്തന്നെ, പുഷ്പിച്ചു നിന്ന ദിവസങ്ങളിലൊന്നിൽ, തിരിച്ചു വരുമെന്ന യാതൊരാശയും തരാതെ വിട്ടുപോയ എന്റെ കിളിയെ ഞാൻ ഓർത്തു.

ഒരു വലിയ തിര കുറെ ജലകണങ്ങൾ കാറ്റിലേക്കെറിഞ്ഞ് ഉടഞ്ഞു തകർന്നു. ഞാൻ മനസ്സിലാക്കുന്നു, അവസാനം എനിക്കു കൂട്ടിനുണ്ടാവുക ഭ്രാന്തമായി അടിക്കുന്ന ഈ തിരകളും, തിരമാലകളെ ചുംബിച്ച് ലക്ഷ്യമില്ലാതെ പാഞ്ഞലയുന്ന ഈ കാറ്റും, കാലിന്നടിയിൽ ഞെരിഞ്ഞമരുന്ന ഈ മണൽത്തരികളും മാത്രമായിരിക്കും.

എന്താണിത്? കാറ്റിൽ അലിഞ്ഞ ജലകണങ്ങൾ എന്റെ കണ്ണിൽ ഘനീഭവിച്ചെന്നോ? എന്തേ എന്റെ കാഴ്ച മങ്ങാൻ?