close
Sayahna Sayahna
Search

തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി



ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരക്ക് അവസാനിക്കും. ക്‌സെറോക്‌സ് മെഷിൻ നിശ്ചലമാകും. ഓപ്പറേറ്റർ ജാക്‌സൻ എന്നു പേരുള്ള ഇരുപത്തിരണ്ടുകാരൻ തന്റെ സൈ ക്കിളുമെടുത്ത് ഊണുകഴിക്കാൻ പോകും. ഇനി നാലു മണിക്കേ അയാൾ വരൂ. രാത്രി എട്ടുമണിവരെ ജോലിയെടുക്കേണ്ടതിനാൽ ഒരു സൗജന്യമായി ഒരു മണിക്കൂർ കൂടുതൽ ഭക്ഷണ സമയം അനുവദിക്കുന്നതാണ്. രേഖ ടൈപ്‌റൈറ്ററിന്റെ മുമ്പിൽനിന്ന് മാറി പിറകിലെ പ്ലൈവുഡ് മറയ്ക്ക് പിന്നിലിട്ട മേശപ്പുറത്ത് അവളുടെ വട്ടത്തിലുള്ള ഭക്ഷണപാത്രം തുറന്നു. കടയിൽ ആരെങ്കിലും വന്നാൽ അവൾക്കു കാണാം. അവൾ ഭക്ഷണം കഴിക്കുന്നതു നിർത്തി തിടുക്കത്തിൽ ഒരു ഡോക്യുമെന്റിന്റെ ക്‌സെറോക്‌സ് കോപ്പി എടുത്തു കൊടുക്കും. അല്ലെങ്കിൽ ടൈപ് ചെയ്യാനുള്ള മാറ്റർ വാങ്ങിവയ്ക്കും.

കടക്കു പിന്നിൽ സാറിന്റെ വീടാണ്. അടുക്കളയിൽനിന്നുള്ള ശബ്ദങ്ങൾ അവൾക്കു കേൾക്കാം. സാറ് ഭക്ഷണം കഴിഞ്ഞാൽ ഉറങ്ങും. അത് നാല് നാലരവരെയുണ്ടാകും. അപ്പോൾ സാറിന്റെ ഭാര്യ രമച്ചേച്ചി കടയിൽ വന്നു നിൽക്കും. രേഖ വേഗം ഭക്ഷണം കഴിച്ച് കൗണ്ടറിൽ വരും. രമച്ചേച്ചിയോട് സംസാരിക്കുക രസമായിരുന്നു. ഭക്ഷണം വേഗം കഴിഞ്ഞ ദിവസങ്ങളിൽ അവൾ ചേച്ചി അകത്തുനിന്നു വരുന്നതും കാത്തു നിൽക്കും.

ഇന്ന് അവൾക്ക് ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ടായിരുന്നു. അവൾ അല്പം അക്ഷമയോടെ കൗണ്ടറിൽ കാത്തുനിന്നു.

‘സാറ് ഒറങ്ങിയോ?’

രമ വന്നപ്പോൾ രേഖ ചോദിച്ചു.

‘നല്ല ഉറക്കമാണ്. നിന്റെ സാറില്ലേ, കിടത്തിയാൽ കണ്ണടക്കുന്ന പാവ പോല്യാണ്. കിടന്നാൽ മതി, ഉറക്കം തുടങ്ങും. ഇതാ ഇങ്ങനെ കൂർക്കം വലിക്കാൻ തുടങ്ങും.’

രേഖ ചിരിക്കാൻ തുടങ്ങും.

‘ചേച്ചീ, അന്നൊരു കാര്യം പറഞ്ഞില്ലേ ഞാൻ? ട്രെയിൻ യാത്രയെപ്പറ്റി?’

‘ട്രെയിൻ യാത്രേ്യാ?’

‘അതേ, സാറ് ബോംബെയ്ക്കു പോവ്വാണ്ന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞില്ലേ?’

രമ ഓർത്തു. രണ്ടു മാസം മുമ്പാണത്. രവി ബോംബെയ്ക്കു പോവുകയാണെന്ന് അറിഞ്ഞപ്പോൾ രേഖ പറഞ്ഞു.

‘തീവണ്ടിയിൽ യാത്ര ചെയ്യുക എന്തു രസമായിരിക്കും അല്ലേ ചേച്ചീ?’

‘എന്തു രസം?’ രമ പറഞ്ഞു. ‘കുറച്ചു ദൂരത്തേയ്ക്ക് എല്ലാം രസം തന്നെ. പിന്നെ മടുക്കും.’

‘എങ്ങിനെയാണ് മടുക്കുക? നല്ല രസമല്ലെ? ചക്രത്തിന്മേൽ ഒരു വീടുപോലെ?’

രേഖയുടെ കണ്ണുകളിൽ തിളക്കം. അവൾ തുടർന്നു.

‘എനിക്ക് ഒരിക്കലെങ്കിലും തീവണ്ടിയിൽ യാത്ര ചെയ്യണം. ഞാനിതുവരെ തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ല.’

രമയ്ക്ക് അദ്ഭുതമായി. ഈ കാലത്ത് തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്ത ഒരിരുപതു വയസ്സുകാരി! വിശ്വസിക്കാൻ പറ്റുന്നില്ല.

‘നീ ഭാഗ്യം ചെയ്തിട്ടുണ്ട്.’ രമ പറഞ്ഞു. ‘തീവണ്ടിയിൽ കയറാനുള്ള യോഗമുണ്ടായിട്ടില്ലല്ലോ.’

‘അതിലെ തമാശ എന്താണെന്നറിയ്യോ ചേച്ചി?,’ രേഖ പറഞ്ഞു. ‘ഞങ്ങളുടെ വീട് തീവണ്ടിപ്പാളത്തിന് തൊട്ടടുത്താണ്. തീവണ്ടി പോകുമ്പോഴൊക്കെ ഞങ്ങളുടെ വീട് കുലുങ്ങും. വീട്ടിലെ ഫർണിച്ചറൊക്കെ കുലുങ്ങും. രാത്രി വണ്ടി പോകുമ്പോഴാണ് രസം. കട്ടിൽ ഒരു തൊട്ടിൽപോലെ കിടന്നാടും. ഉറക്കം വരാതെ കിടക്കുന്ന ദിവസങ്ങളിൽ പോലും, ഒരു തീവണ്ടി കടന്നുപോയാൽ എനിക്കുറക്കം വരും. ഒരമ്മമ്മ താരാട്ടണ പോലെ.’

തീവണ്ടിയുടെ കുലുക്കവും തൊട്ടിലാട്ടും ഓർക്കുന്നപോലെ അവൾ കണ്ണടച്ചു.

‘ചെലപ്പോ, ഒരു വണ്ടി കുറേ നേരം ഞങ്ങടെ അട്ത്ത്ള്ള റെയിലിന്മേല് വന്നു നിൽക്കും. മറ്റു കുട്ടികളൊക്കെ അതിന്റെ ഉള്ളിൽ കയറിക്കളിക്കും. പക്ഷേ എനിക്ക് പേടിയായിരുന്നു. അതിൽ കയറിയിരിക്കുമ്പോൾ ട്രെയിൻ പെട്ടെന്ന് ഇളകി ഓടിയാലോ എന്ന്. കമല മറ്റു കുട്ടികളുടെ ഒപ്പം തീവണ്ടിയിൽ കയറിക്കളിക്കും. എനിക്ക് എന്തു പേടിയായിരുന്നെന്നോ.’

‘കമല തീവണ്ടിയിലൊക്കെ പോയിട്ടുണ്ടോ?’

‘പിന്നെ? അവള് വല്ലാത്ത സാധനാ ചേച്ചീ. ഒരു ചാൻസ് കിട്ടിയാൽ അവള് വിടില്ല. എന്റെ ചാൻസ് കളേം ചെ യ്യും. അവള് അച്ഛന്റെ ഒപ്പം മദ്രാസില് പോയിട്ടുണ്ട്, ഒരിക്കല് കണ്ണൂരും പോയിട്ടുണ്ട്.’

‘നീ ഭാഗ്യം ചെയ്തിട്ടുണ്ടെന്നേ ഞാൻ പറയൂ. യാത്ര നരകാണ്. കേരളത്തിന്റെ ഉള്ളിലൊക്കെ സുഖമാണ്. രണ്ടു ഭാഗത്തും നോക്കിയാൽ വയലും പുഴയും പച്ച പിടിച്ച കുന്നുകളും. കേരളം വിട്ടാൽ പിന്നെ രണ്ടു വശവും തരിശുഭൂമി തന്നെയാണ്. സഹിക്കാൻ പറ്റാത്ത ചൂടും. സമയം എത്ര പതുക്കെയാണ് നീങ്ങുക എന്നറിയ്യോ? പിറ്റേന്ന് ഉച്ചയാകുമ്പോഴേക്കും നമുക്ക് കമ്പാർട്ടുമെന്റിൽ നിന്ന് ഇറങ്ങിയോടാൻ തോന്നും. എന്നാൽ പിന്നേയും ഒരു ദിവസത്തെ യാത്ര ബാക്കിയാണ്. കൽക്കത്തയിൽനിന്ന് രാജിവെച്ചു വന്നപ്പോഴേ എനിക്കു സമാധാനമായുള്ളൂ.’

‘എന്നാലും ചേച്ചീ എന്തു രസാ.’

‘നോക്കിക്കോ, ഇത്രയധികം മോഹമുണ്ടെങ്കില് നിന്നെ കല്ല്യാണം കഴിക്കണ ആള് ബോംബെയിലോ ദില്ലിയിലോ ആയിരിക്കും. അപ്പോ മനസ്സിലായിക്കൊള്ളും എന്താണ് തീവണ്ടി യാത്ര എന്ന്.’

അന്ന് രമ പറഞ്ഞതോർത്ത് രേഖ ചിരിച്ചു.

‘ചേച്ചി അന്നു പറഞ്ഞത് ശരിയായിരിക്കുന്നു.’

‘എന്ത്?’

‘തീവണ്ടിയിൽ കയറിയിട്ടേ ഇല്ലാത്ത എനിക്ക് കല്ല്യാണം കഴിഞ്ഞാൽ തീവണ്ടിയിൽത്തന്നെ ആയിരിക്കും ജീവിതം എന്ന്.’

‘നല്ല വാർത്തയുണ്ടോ?’ രമ ചോദിച്ചു.

‘ബോംബേന്ന് ഒരാള് വന്നിട്ടുണ്ട്.’

‘നല്ല പയ്യനാണോ?’

‘അതേ ചേച്ചീ. എനിക്ക് വിശ്വാസായില്ല. നല്ല ഉയരം, നെറോംണ്ട്. തടി അധികം ഇല്ല. ഒരു കമ്പനീല് സെയിൽ്‌സ് റെപ്രസന്റേറ്റീവാണത്രെ. പത്തു മൂവ്വായിരം ശമ്പളംണ്ട്ന്ന്.’

‘നീ അയാളോട് സംസാരിച്ചുവോ?’

‘ഉം. ചെറിയച്ഛനാണ് ഈ ആലോചന കൊണ്ടുവന്നത്. മിനിഞ്ഞാന്ന് ഞാൻ ഇവിട്ന്ന് പോയില്ല്യേ? അപ്പോ ചെറിയച്ഛൻ കാത്തുനിൽക്ക്ണ്ണ്ടായിരുന്നു. പിറ്റേന്ന് വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. ഇന്നലെ കട ഒഴിവായിരുന്നില്ലേ. അവിടെ പോയപ്പോഴാണ് മനസ്സിലായത് ഇതിനായിരുന്നു എന്ന്.’

‘പയ്യന് നിന്നെ ഇഷ്ടായോ?’

‘ഉം. ഇനി നാളെ വീട്ടില് വരുംത്രെ, പെണ്ണുകാണാൻ.’

‘അപ്പോ പെണ്ണു കാണലല്ലെ കഴിഞ്ഞത്?’

‘അല്ല, പയ്യന്റെ അമ്മയ്ക്കും അച്ഛനും ആ ചടങ്ങ് നടത്തണംന്ന്. നാളെ എല്ലാവരും കൂടി വരും. ഞായറാഴ്ചയല്ലേ. അച്ഛൻ കോഴീനിം അന്വേഷിച്ചു നടക്കാൻ തുടങ്ങി.’

‘ഒന്നു രണ്ടു കോഴീടെ ജീവൻ പോയാലും ശരി, കാര്യം ഭംഗിയായി നടക്കട്ടെ.’

‘നീ ഏതുടുപ്പാണ് ഇടുന്നത്?’

‘കമലയ്ക്ക് കഴിഞ്ഞ പിറന്നാളിന് വാങ്ങിയ ചൂരിദാർ ഇല്ലേ, അതു തരാൻ പറയണം. പിങ്കില് ചെറിയ പൂക്കളുള്ളത്.’ ഒന്നു നിർത്തിക്കൊണ്ടവൾ പറഞ്ഞു. ‘തരില്ല അസത്ത്. ഒരു സാധനം ഇടാൻ തരില്ല. ഞാൻ അവളില്ലാത്ത സമയത്ത് കട്ടിട്ട് ഇട്ടു നോക്കാറുണ്ട്. അവളതു തന്നില്ലെങ്കിൽ ഞാൻ വിഷുവിന് വാങ്ങിയ സാരിയുടുക്കും. സാരിയുടുത്താല് എനിക്ക് വയസ്സുതോന്നിക്കും. പിന്നെ ഇടാനുള്ളത് ആ പച്ച ചൂരിദാറില്ലേ, അതാണ്. ഏതാണ് ഇടേണ്ടതെന്ന് തീർച്ചയാക്കിയിട്ടില്ല.’

ഒരു കസ്റ്റമർ വന്നു. രണ്ടു ഫോറം ക്‌സെറോക്‌സ് ചെയ്യാൻ കൊടുത്തു. രേഖ അതുകൊണ്ട് മെഷിന്റെ അടുത്തേയ്ക്കു പോയി. അവളുടെ ചലനങ്ങൾ കലാപരമായിരുന്നു. ജാക്‌സനെപ്പോലെ ധൃതിയൊന്നുമില്ല. എന്നാൽ അത്രതന്നെ സമയമേ രേഖയും എടുക്കൂ. നോക്കി നിൽക്കുന്നത് കൗതുകമാണ്.

കസ്റ്റമർ പോയപ്പോൾ അവൾ പറഞ്ഞു.

‘ചേച്ചീ, ഞാൻ തിങ്കളാഴ്ച വരുമ്പോൾ ഒരു കുട്ടിയെ കൊണ്ടുവരാം.’

രമ ചോദ്യപൂർവ്വം അവളെ നോക്കി.

‘ങാ, നല്ല കുട്ടിയാണ്. ഞങ്ങളുടെ അയൽപക്കത്തുള്ളതാണ്. ഒരു പാവാ ചേച്ചീ. നന്നായി ജോലിയെടുക്കും. അച്ഛൻ മരിച്ചുപോയി. അതോണ്ടാ ജോലിക്കു പോണതു തന്നെ.’

‘നീ അതിന് ഇത്ര പെട്ടെന്ന് പോവ്വാണോ? തീയ്യതിയൊക്കെ തീർച്ചയാക്കണ്ടേ?’

രേഖ ചിരിച്ചു. ‘ഒക്കെ തീർച്ചയാക്കിയിരിക്കുന്നു ചേച്ചീ. പയ്യനിനി എട്ടു ദിവസത്തെ ലീവേയുള്ളൂ. അതിനുള്ളിൽ കല്ല്യാണം നടത്തണം, ഒപ്പം കൊണ്ടുപോവേം വേണം.’

‘അമ്പടി കേമീ.’ രമ ചിരിച്ചു.

അവൾക്കു സന്തോഷം തോന്നി. ഒപ്പം വ്യസനവും. കഴിഞ്ഞ ഒരു കൊല്ലമായി തനിക്കവളെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു വരികയായിരുന്നു. നല്ല കാര്യഗൗരവമുള്ള കുട്ടി. വിശ്വസിച്ച് എന്തും ഏൽപ്പിക്കാം. ഇനി വരുന്ന കുട്ടി എങ്ങിനെയാണാവോ? രേഖ കൊണ്ടുവരുമ്പോൾ മോശമാവാൻ വഴിയില്ല.

‘കമലയ്ക്ക് ജോലിയെടുക്കാൻ താൽപര്യമില്ലേ?’

‘വല്ലാത്ത സാധനാ ചേച്ചീ എന്റെ അനിയത്തി. അവള് ജോലിയെടുക്കുകയൊന്നും ഇല്ല. തിന്നു കൂടും, അത്രതന്നെ. ഇവിടെ കൊണ്ടുവന്നാൽത്തന്നെ സാറുമായി അടികൂടി പോകും.’

‘കമലയ്ക്ക് നിന്നെ ഇഷ്ടല്ലെ?’

രേഖ കുറച്ചുനേരം ആലോചിച്ചു, പിന്നെ പറഞ്ഞു.

‘ഇഷ്ടം തന്നെയാണ്, പക്ഷേ ഞാനും അവളുംകൂടി അടിപിടിയുണ്ടായാൽ അവളാണ് എപ്പോഴും ജയിക്കണത്. എന്നെ മാന്തിപ്പൊളിക്കും അവൾ. എപ്പോഴും ഞാനാണ് വിട്ടുകൊടുക്കാറ്. ഇതിനെ ഇഷ്ടംന്ന് പറയാമോ?’

‘കുറച്ചു കഴിഞ്ഞാൽ എല്ലാം ശരിയാവും.’ രമ പറഞ്ഞു. ചെറുപ്പമല്ലേ?’

‘എന്തു ചെറുപ്പം ചേച്ചീ? എനിക്ക് വയസ്സ് ഇരുപത്തിരണ്ടായി, അവൾക്ക് ഇരുപതും. ഒരാഴ്ചയും കൂടിയല്ലേ ഉള്ളൂ. ഞാനെന്റെ വഴിക്കു പോകും, പിന്നെ വല്ലപ്പോഴുമല്ലെ കാണുള്ളൂ.’

രേഖ നിർത്തി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

‘സാരല്ല്യ മണ്ടീ.’ രമ അവളുടെ ചുമലിൽ കൈവച്ചു.

രേഖ പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്തു. അവൾ പറഞ്ഞു.

‘ചേച്ചീ, സാറിനോട് ഇപ്പോൾ പറയണ്ട കേട്ടോ. ഞാൻ തിങ്കളാഴ്ച വന്നിട്ടു പറയാം.’

‘അതു ശരിയാവുമോ?’ രമ പറഞ്ഞു. ‘എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല്യാന്ന് ചോദിക്കില്ലേ?’

രേഖ ആലോചിച്ചു. ശരിയാണ്. തിങ്കളാഴ്ച ഒരു പെൺകുട്ടിയുമായി വരുമ്പോൾ നേരത്തെ പറഞ്ഞില്ലല്ലോ എന്നു തോന്നും.

‘ഒരു കാര്യം ചെയ്യൂ. ഞാൻ പോയ ശേഷം പറഞ്ഞാൽ മതി.’

ആറു മണിക്ക് പോകുന്നതിനു മുമ്പ് അവൾ രമയോടു പറഞ്ഞു.

‘ചേച്ചീ, ഞാൻ കല്ല്യാണത്തിനു മുമ്പ് വീണ്ടും വരും കെട്ടോ. ക്ഷണിക്കാൻ. പിന്നെ ബോംബെക്കു പോകുന്നതിനു മുമ്പ് ഒരിക്കൽ കൂടി വരാം. വല്ല്യ നഗരത്തിലൊക്കെ എങ്ങിന്യാ ജീവിക്ക്യാന്ന് ചേച്ചി പറഞ്ഞുതരണം.’

ഫീസ് ഈടാക്കും കെട്ടോ.’

‘ശരി ചേച്ചീ.’

തിങ്കളാഴ്ച രേഖ വന്നത് ഒറ്റയ്ക്കാണ്.

അവൾ സാധാരണ മട്ടിൽ കയറിവന്ന് കുടയും ബാഗും മേശവലിപ്പിൽ തിരുകി കസേരയിലിരുന്ന് ടൈപ്‌റൈറ്ററിന്റെ കവർ അഴിച്ചെടുത്തു. ഡ്രോയറിൽനിന്ന് ഒരു തുണിയെടുത്ത് ടൈപ്‌റൈറ്റർ തുടച്ചു.

രമ അവളെ അദ്ഭുതത്തോടെ നോക്കി. രേഖ രമയുടെ കണ്ണുകളെ നേരിടാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ രണ്ട് ഫുൾസ്‌കേപ് കടലാസ് റോളറിൽ തിരുകി കാർബൺ വെയ്ക്കുകയാണ്. രമ അടുത്തുചെന്നു.

‘നീ ഒരു കുട്ടിയെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്തായി?’

‘അതൊന്നും ശരിയായില്ല ചേച്ചീ.’

‘എന്തേ അവൾ പറ്റില്ലെന്നു പറഞ്ഞോ?’

‘അതല്ല ചേച്ചി, കല്ല്യാണം.’

‘എന്തു പറ്റി?’

‘ഞാനെപ്പോഴും പറയാറില്ലേ ചേച്ചീ, അവളൊരു വല്ലാത്ത സാധനാ. ഞാൻ കുറേ ചോദിച്ചു. ഇരന്നു. എന്നിട്ടും അവൾ ആ പിങ്ക് ചൂരിദാർ തന്നില്ല. അവൾ വാശിപിടിച്ചു, അവൾക്കതന്നെ ഇടണംന്ന്.’

‘എന്നിട്ട്?’

‘അവൾ ആ ഉടുപ്പിട്ടു. ഞാൻ പച്ച ചൂരിദാർ ഇട്ടുനോക്കി. അതിട്ടപ്പോൾ ഒരു ഉദിപ്പില്ലാത്ത പോലെ. അപ്പോ അമ്മ പറഞ്ഞു സാരിയുടുത്താൽ മതിയെന്ന്. സാരിയുടുത്താൽ എനിക്ക് രണ്ടു വയസ്സെങ്കിലും കൂടുതൽ തോന്നിക്കും.

‘പിന്നെ ചെറിയച്ഛൻ കമലയെ വീട്ടിലേയ്ക്കു വിളിച്ചു. അവർ വരുമ്പോൾ ഞാൻ മാത്രം മതി അവിടെ എന്നു പറഞ്ഞു. അവൾ കേൾക്കണ്ടേ? അവർ വന്നപ്പോൾ അവൾ ആ പിങ്ക് ചൂരിദാർ ഇട്ടു വിലസി. അവർക്ക് അവളെയാണ് ഇഷ്ടമായത്. പയ്യന് പ്രത്യേകിച്ചും.’

രമ ഒന്നും പറയാനാവാതെ ഇരുന്നു.

‘കുട്ടിക്കാലം മുതലേ അവൾ അങ്ങിനെയാണ് ചേച്ചീ. എന്റെ കയ്യിൽനിന്ന് എല്ലാം തട്ടിയെടുക്കും. അവൾക്കതാണ് രസം.’

രേഖ മേശപ്പുറത്തുള്ള കടലാസുകൾ പരിശോധിച്ചു.

‘ചേച്ചീ ഇതെത്ര കോപ്പിയാണ് എടുക്കേണ്ടത്. ഞാൻ പോയ ശേഷം സാറെടുത്തതാ.’

രമ ആ കടലാസു വാങ്ങി നോക്കി. വായിക്കുകയായിരുന്നില്ല, വെറുതെ കണ്ണോടിക്കുക മാത്രം. സമാധാനിപ്പിക്കാൻ എന്താണ് പറയേണ്ടതെന്ന് അവൾക്കറിഞ്ഞില്ല. ഒന്നും പറയാനില്ലായിരുന്നു.

‘അച്ഛന് തീരെ ഇഷ്ടല്ല്യായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു. അവർക്ക് കമലയെയാണ് ഇഷ്ടമായതെങ്കിൽ അവളെ കല്ല്യാണം കഴിച്ചു കൊടുക്കാൻ. അവളെങ്കിലും രക്ഷപ്പെടട്ടെ.’

രമ ഒന്നും പറയാതെ ഒരു കസേരയിലിരുന്നു. അവളുടെ മുഖം വാടിയിരുന്നു.

‘സാരംല്ല്യ ചേച്ചീ.’ രേഖ പതുക്കെ പറഞ്ഞു. ‘ഈ പാവപ്പെട്ട പെണ്ണിനു വേണ്ടിയും ആരെങ്കിലും എവിടെയെങ്കിലും ഉണ്ടാവും.’

അവൾ കസേരയിലിരുന്നു. പിന്നെ നിർവ്വികാരമായ മുഖത്തോടെ മുമ്പിൽ ഇരിക്കുന്ന യന്ത്രത്തിലേയ്ക്ക്, അക്ഷരമാലയുടെ സംഗീതത്തിലേയ്ക്ക്, സ്വന്തം ആത്മാവിന്റെ ഏകാന്തതയിലേയ്ക്ക് തിരിച്ചുപോയി.