close
Sayahna Sayahna
Search

മാലു എന്ന കുട്ടി സുന്ദരിയായപ്പോൾ



മാലു എന്നാണ് അവളെ വിളിക്കുന്നത്. ഒമ്പതു വയസ്സുകാരി മാലതി. അവൾ മുംബൈയിൽ ഒരു മലയാളി കുടുംബത്തിലെ ജോലിക്കാരിയാണ്. ബാലവേലയെന്നൊന്നും പറഞ്ഞ് അവരെ പേടിപ്പിയ്ക്കണ്ട. നാട്ടിൽ പട്ടിണിയായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ നാലു കുട്ടികളിൽ അവസാനത്തേതാണവൾ. ഒന്നെങ്കിലും പട്ടിണിയില്ലാതെ കഴിയട്ടെ എന്നു കരുതി അവളുടെ അച്ഛനമ്മമാർ അയൽപക്കത്തെ കുടുംബത്തിന്റെ ഒപ്പം മുംബൈയിലേയ്ക്കു പറഞ്ഞയച്ചതാണവളെ. കുടുംബമെന്നു വച്ചാൽ അധികമൊന്നുമില്ല. നാല്പതു വയസ്സുകാരൻ അച്ഛൻ ബാലകൃഷ്ണൻ, മുപ്പത്തെട്ടു വയസ്സുകാരി അമ്മ പങ്കജം, പതിനൊന്നു വയസ്സുകാരി മീനു. സമ്പന്ന കുടുംബം. ഡോംബീവ്‌ലി വെസ്റ്റിൽ ഒരു ഹൗസിങ് സൊസൈറ്റിയിൽ ഏഴാം നിലയിൽ താമസിക്കുന്നു.

മകളെ, ഓണത്തിന് നാട്ടിൽ വന്ന കുടുംബത്തോടൊപ്പം പറഞ്ഞയക്കുമ്പോൾ മാലുവിന്റെ അമ്മ പറഞ്ഞു. ‘പണൊന്നും അയച്ചില്ലെങ്കിലും വേണ്ടില്ല. ഞങ്ങടെ മോള്ക്ക് രണ്ടുനേരം തിന്നാൻ കിട്ടൂലോ. അതന്നെ വല്യ കാര്യം. ഓളെക്കൊണ്ട് നല്ലോണം ജോലിട്പ്പിച്ചോളൂട്ടോ.’

‘ഏയ്.’ പങ്കജം എന്ന ഭാര്യ പറഞ്ഞു. ‘ഞങ്ങടെ അവ്‌ടെ അതിന് ജോല്യൊന്നും ഇല്യ. രാവിലെ ഏഴു മണിയ്ക്ക് ബായി വന്ന് പത്തു മണിയ്‌ക്കേ പോവു. അത്‌വരെള്ള ജോലിയൊക്കെ ബായി തീർക്കും. തിരുമ്പാൻ വാഷി ങ് മെഷിന്ണ്ട്. പിന്നെ ജോല്യൊന്നുംല്യ. ഞാൻ പകല് മുഴുവൻ ഒറ്റയ്ക്കിരിക്ക്യല്ലെ. അപ്പൊ എനിക്കൊരു കൂട്ടായീന്ന് മാത്രം. അവളെ ഞങ്ങള് പൊന്നുപോലെ നോക്കും. നിങ്ങള് ഒന്നോണ്ടും വെഷമിക്കണ്ട.’

എന്തു പറഞ്ഞാണ് ബായിയെ ഒഴിവാക്കുകയെന്ന് ആലോചിക്കുകയായിരുന്നു പങ്കജം ആ നിമിഷം.

‘ഈ മറാഠികൾക്ക് നമ്മള് മലയാളികള്‌ടെ മാതിരി വൃത്ത്യൊന്നുംല്ല്യ. അവള് അകത്ത് വന്നാൽ ആകെ ഒരു നാറ്റാ…’ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ ഭർത്താവിനോടു പറഞ്ഞു.

‘അപ്പൊ നീയ് അവളെ ഒഴിവാക്കീട്ട് ആ ജോല്യൊക്കെ ഈ പാവം കുട്ടിയെക്കൊണ്ട് ചെയ്യിക്കാനാണോ ഉദ്ദേശം?’ ബാലകൃഷ്ണൻ ചോദിച്ചു. ‘അതൊന്നും നടക്കില്ല കെട്ടോ, ഞാനിപ്പൊത്തന്നെ പറഞ്ഞേക്കാം.’

‘ഏയ്, അപ്പൊ ഞാനെന്താ ചെയ്യാ? കണ്ടില്ലേ ഞാനിരുന്നു തടിക്കണത്. ഞാനിനി എല്ലാ ജോലീം സ്വന്തം ചെയ്യാൻ പോവ്വാ. ഇവള് ഒരു ജോലീം ചെയ്യണ്ട.’

ഭാര്യയെ അറിയാവുന്ന ഭർത്താവിന് ഈ അഭിപ്രായപ്രകടനം അത്ര തൃപ്തികരമായി തോന്നിയില്ല.

ഇത്രയും പശ്ചാത്തലം.

ഇനി മുംബൈയിലേയ്ക്കു പോകാം. ഒന്നാം തിയ്യതിതന്നെ പങ്കജം ജോലിക്കാരിയെ പറഞ്ഞയച്ചു. അങ്ങിനെ ആദ്യംതന്നെ അവർ എണ്ണൂറു രൂപ ലാഭിച്ചു. ഭർത്താവ് ഓഫീസിലേയ്ക്കും മോൾ സ്‌കൂളിലേയ്ക്കും പോയാൽ അവർ ജോലി തുടങ്ങുന്നു. ഒരു ജോലി തുടങ്ങിവയ്ക്കും, എന്നിട്ട് ആ ജോലി പകുതിയായാൽ മാലുവിനെ വിളിക്കുന്നു.

‘മാലൂ, ഇതൊന്ന് തീർക്ക്, ഞാൻ പോയി കഷ്ണം നുറുക്കാം.’

മാലു പാവം ചതി അറിയുന്നില്ല. അവൾ കുമ്പിട്ട് നിലം തുടയ്ക്കാൻ തുടങ്ങുന്നു. അവൾ വീട്ടിൽ അത്യാവശ്യം ജോലികളിൽ അമ്മയെ സഹായിക്കാറുണ്ട്. കുറച്ചുകാലമായി വീട്ടിൽ എന്തോ സംഭവിക്കുന്നുണ്ട് എന്ന് അവൾക്കു മനസ്സിലായിരുന്നു. എന്താണെന്ന് വ്യക്തമല്ല. അച്ഛൻ മുമ്പത്തെപ്പോലെ കട തുറക്കാറില്ല. അടുക്കളയിൽ സാധനങ്ങൾ കുറവായിത്തുടങ്ങിയതാണ് അവൾ ആദ്യം മനസ്സിലാക്കിയത്. രണ്ടുനേരത്തെ ചോറ് കഞ്ഞിയ്ക്കു വഴിമാറിക്കൊടുത്തു. കൂട്ടാൻ ഉണ്ടാക്കുന്ന പണിയേയില്ല. പറമ്പിലെ മാവിൽനിന്ന് പറിച്ചെടുക്കുന്ന മാങ്ങകൊണ്ട് ചമ്മന്തിയുണ്ടാക്കിയതാണ് കഞ്ഞിയ്ക്ക്. ക്രമേണ ആ കുട്ടിയ്ക്ക് ഒരു കാര്യം മനസ്സിലായി. തങ്ങൾ ദാരിദ്ര്യത്തിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.

അത്രയും കഷ്ടമനുഭവിച്ച ശേഷം അവൾക്ക് മുംബൈയിൽ സ്വർഗ്ഗമായിരുന്നു. അതുകൊണ്ട് ഈ ജോലിയൊന്നും അവൾക്ക് അത്ര വിഷമമുള്ളതായി തോന്നിയില്ല, പ്രത്യേകിച്ചും മൂന്നു നേരം ഭക്ഷണം കിട്ടുമ്പോൾ.

പകുതി ജോലി ചെയ്ത് ബാക്കി പണി മാലുവിനെ ഏല്പിക്കുക എന്ന പതിവ് കാൽ ജോലി ചെയ്ത് ബാക്കി ഏല്പിക്കുന്നതാവാൻ പങ്കജത്തിന് ഒരാഴ്ചയെ വേണ്ടിവന്നുള്ളു. മുഴുവൻ ജോലിയും ഏല്പിക്കാൻ മറ്റൊരാഴ്ചയും.

പങ്കജം എന്തൊക്കെ പറഞ്ഞാലും അവൾ മാലുവിനെക്കൊണ്ട് നല്ലവണ്ണം ജോലിയെടുപ്പിക്കുന്നുണ്ട് എന്ന് ബാലകൃഷ്ണന്ന് മനസ്സിലായിരുന്നു. നാവിന് എപ്പോഴും നുണ സൂക്ഷിക്കാൻ കഴിയില്ല. അത് ചിലപ്പോൾ സത്യം പുറത്തുവിടും. എന്തെങ്കിലുമാവട്ടെ, ആ കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടല്ലൊ എന്ന ആശ്വാസമായിരുന്നു അയാൾക്ക്. അവളുടെ വീട്ടിലെ സ്ഥിതികൾ അയാൾക്കറിയാം.

ഇത്രയും മുംബൈയിലെ മാലുവിന്റെ ജീവിതം പരിചയപ്പെടുത്തുവാൻ. ഇനി കഥ തുടങ്ങാം. ഞായറാഴ്ച വീട്ടിലിരിക്കുന്ന കക്ഷിയല്ല പങ്കജം. അടുത്ത ഞായറാഴ്ചയ്ക്കുള്ള സിനിമ തിങ്കളാഴ്ചതന്നെ ആസൂത്രണം ചെയ്യുന്നു. പ്രാതൽ സമയത്ത്, രാത്രിഭക്ഷണം കഴിക്കുമ്പോൾ ഒക്കെ അവൾക്ക് സംസാരിക്കാനുള്ളത് അടുത്ത ഒഴിവുദിവസത്തെ പരിപാടികൾ മാത്രം. മാലുവിനെ കൊണ്ടുവന്നശേഷം ഒരു ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ ബാലകൃഷ്ണൻ ചോദിക്കുന്നു.

‘നമ്മൾ മാലുവിനെയും സിനിമയ്ക്ക് കൊണ്ടുപോണില്ല്യേ?’

‘മാലൂനെ കൊണ്ടുപോവ്വെ? നിങ്ങക്ക് പ്രാന്താ. ടിക്കറ്റിന്റെ വെല എന്താ? അത് കഴിഞ്ഞിട്ട് വല്ലേടത്തും പോയി ഭക്ഷണം കഴിക്കണ്ടെ? എല്ലാംകൂടി നല്ല ചെലവാ. ഒരാള്കൂടിണ്ടാവ്വാച്ചാല്… പോരാത്തതിന് നമ്മടെ ഒപ്പം പൊറത്ത് പോവ്വാൻ പറ്റിയ ഡ്രസ്സൊന്നും ഇല്ല അവൾക്ക്. മീനൂന്റെ പഴെ ഡ്രസ്സൊക്ക്യാണ് അവളിപ്പൊ ഇട്ണത്. അതന്നെ ഒക്കെ കീറിത്തൊടങ്ങീരിക്കുണു.’

‘അങ്ങിന്യാണെങ്കിൽ ഒരു കാര്യം ചെയ്യണം. അവള്‌ടെ മുമ്പില്‌വച്ച് സിനിമയ്ക്കും റസ്റ്റോറണ്ടിലും പോണ കാര്യൊന്നും പറയരുത്?’

‘നല്ല കാര്യായി! ഒരു കുട്ടി ജോലിക്ക്ണ്ട്ന്ന് വച്ചിട്ട് നമുക്കൊന്നും സംസാരിക്കാൻ വയ്യെ?’

‘നോക്കു, അവര് വല്ല്യ കൊഴപ്പംല്ല്യാതെ കഴിഞ്ഞിര്ന്ന കുടുംബാണ്. അയാൾക്കൊരു ചെറിയ പലചരക്കുകടണ്ടായിരുന്നു. അത് പൊളിഞ്ഞപ്പോഴെ ഇങ്ങിന്യായത്. ചീത്തകാലം വന്നാപ്പിന്നെ എന്താ ചെയ്യാ?’

എന്തായാലും അതിനുശേഷം ഞായറാഴ്ചപ്പരിപാടികളെക്കുറിച്ചുള്ള പരസ്യപ്രസ്താവനകൾ അവിടെ ഉണ്ടായില്ല. മറിച്ച് കുശുകുശുക്കലിലൂടെ കാര്യങ്ങൾ നടത്തി. മാലുവിന് എല്ലാം മനസ്സിലായിരുന്നു. അവൾ ബുദ്ധിയുള്ള കുട്ടിയായിരുന്നു. താൻ എവിടെയാണ് നിൽക്കേണ്ടതെന്ന് അവൾക്കറിയാം.

‘മാലു, ഫ്രിജ്ജില് ഇന്നലത്തെ ചോറും കൂട്ടാനുംണ്ട്. അത് ചൂടാക്കിക്കഴിച്ചോ. നെലം തൊടയ്ക്കാൻ മറക്കണ്ടട്ടോ… സ്ങ്കില്ള്ള പാത്രൊക്കെ മോറിവയ്ക്കണം… ഞങ്ങള് ഒരു പരിചയക്കാര്‌ടെ അട്ത്ത് പോവ്വാണ്… ചെലപ്പൊ നേരം വൈകും വരാൻ. കെട്ന്ന് ഒറങ്ങ്വൊന്നും ചെയ്യര്ത്… ടി.വി. വയ്ക്കണ്ട…’

ഒരു പാട് നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപിച്ച് പങ്കജം പോയാൽ മാലു ബാൽക്കണിയിൽ പോയി നിൽക്കും. അച്ഛനും അമ്മയും മകളും കയറിയ കാർ കണ്ണിൽനിന്നു മറയുന്നതുവരെ അവൾ അവിടെ നിൽക്കും. പിന്നെ വർക്ക് ഏരിയയിലുള്ള കുളിമുറിയിൽ പോയി ബക്കറ്റിൽ വെള്ളം നിറച്ച് നിലം തുടയ്ക്കാൻ തുടങ്ങും. അതു കഴിഞ്ഞാൽ അടുക്കളയിൽ സിങ്കിൽ കൂമ്പാരമായി കൂട്ടിയിട്ട പാത്രങ്ങൾ കഴുകും. സിങ്കിലേയ്ക്ക് എത്താത്തതുകൊണ്ട് താഴെ ഒരു ചെറിയ സ്റ്റൂൾ വെച്ച് അതിന്മേൽ കയറിയാണ് അവൾ പാത്രങ്ങൾ കഴുകിയിരുന്നത്. എല്ലാ ജോലിയും കഴിഞ്ഞാൽ വർക്ഏരിയയിലെ കുളിമുറിയിൽ കയറി കുളിക്കും. മീനുവിന് അവളുടെ മുറിയിൽത്തന്നെ കുളിമുറിയുണ്ട്. അതുപോലെത്തന്നെ അവളുടെ അച്ഛനും അമ്മയ്ക്കും. ആ കുളിമുറികൾ കഴുകാനല്ലാതെ ഉപയോഗിക്കാൻ മാലുവിന് അധികാരമില്ല. അതുകൊണ്ട് അവളുടെ കുളി എന്നും വർക്ക് ഏരിയയിലെ കുളിമുറിയിൽ മാത്രം.

കുളി കഴിഞ്ഞാൽ ഫ്രിജ്ജ് തുറന്ന് തലേന്നു രാത്രിയിലെ ബാക്കിയുള്ള വിഭവങ്ങൾ പുറത്തേയ്‌ക്കെടുക്കും. ചൂടാക്കാനൊന്നും മെനക്കെടാറില്ല. ഒരിക്കൽ പാത്രം കരിഞ്ഞുവെന്ന് പറഞ്ഞ് മീനൂന്റെ അമ്മ കുറേചീത്ത പറഞ്ഞതാണ്.

ഈ ഞായറാഴ്ച അവൾക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. വെറുതെ ബാൽക്കണിയിൽ നിരത്തിലേയ്ക്കു നോക്കി നിന്നു. ഒരു മണിക്കൂർ അങ്ങിനെ നിന്നപ്പോൾ അവൾക്ക് അടുക്കളയിൽ സിങ്കിൽ കൂട്ടിയിട്ട പാത്രങ്ങളുടെ ഓർമ്മ വന്നു. അവൾ വർക്കേരിയയിലേയ്ക്കു നടന്നു. പക്ഷെ സിങ്കിലേയ്ക്കു പോകാതെ നിലത്തുവച്ച അവളുടെ സഞ്ചി തുറന്ന് കുളി കഴിഞ്ഞു മാറ്റാനുള്ള ഉടുപ്പുകൾ എടുത്തു. പിന്നെ ഒട്ടും ശങ്കിക്കാതെ അവൾ മീനുവിന്റെ മുറിയിലേയ്ക്കു നടന്നു. അവൾ മീനുവിന്റെ കുളിമുറിയിൽ കുളിക്കാൻ തീർച്ചയാക്കി.

നല്ല വാസനയുള്ള സോപ്പുതേച്ച് അവൾ കുളി തുടങ്ങി. പകുതി കുളി കഴിഞ്ഞപ്പോഴാണ് അവൾക്ക് ഷാംപൂവിന്റെ ഓർമ്മ വന്നത്. മീനു അത് തലമുടിയിലിട്ട് പതപ്പിക്കുന്നത് മാലു കാണാറുള്ളതാണ്. ധാരാളം ഷാംപൂ എടുത്ത് തലയിൽ പൊത്തി അവൾ പതപ്പിയ്ക്കാൻ തുടങ്ങി. ഷവർ തുറന്ന് സോപ്പും പതയും പോകുന്നതുവരെ അതിനു ചുവട്ടിൽ നിന്നു. ഒരു മണിക്കൂറെടുത്തു ആസ്വദിച്ചു നടത്തിയ കുളി അവൾക്കിഷ്ടപ്പെട്ടു. തോർത്തിയ ശേഷം ഉടുപ്പിടാൻ നോക്കിയപ്പോൾ അവൾക്ക് കീറിത്തുടങ്ങിയ സ്വന്തം ഉടുപ്പുകൾ ഇടാൻ തോന്നിയില്ല. അതു മാറ്റി അവൾ മീനുവിന്റെ അലമാറി തുറന്നു നല്ലൊരു ഉടുപ്പെടുത്തു. മഞ്ഞയിൽ ചുവപ്പു പൂക്കളുള്ള ആ ഉടുപ്പിട്ട ശേഷം അവൾ കണ്ണാടി നോക്കി. സുന്ദരിയായിരിക്കുന്നു. പോര, അവൾ ഡ്രെസ്സിങ്‌ടേബ്‌ളിനു മുമ്പിൽ പോയിരുന്നു പുറപ്പെടാൻ തുടങ്ങി. നല്ല വാസനയുള്ള ക്രീമും പൗഡറും മുഖത്ത് ധാരാളം വെച്ചുതേച്ചു. കൺമഷിയെടുത്തു കണ്ണെഴുതി വാലിട്ടു. മുത്തുകളും ഗിൽട്ടും ഒക്കെയുള്ള ഭംഗിയുള്ള പൊട്ട് ഒരെണ്ണമെടുത്ത് നെറ്റിമേൽ ഒട്ടിച്ചു. തലമുടി രണ്ടായി പകുത്ത് ചീന്തി രണ്ടുഭാഗത്തും ഭംഗിയുള്ള ഓരോ ക്ലിപ്പെടുത്തിട്ടു. ഒരു കൊച്ചു സുന്ദരി കണ്ണാടിയിൽനിന്ന് അവളെ നോക്കി ചിരിച്ചു.

അവൾ ബാൽക്കണിയിൽ പോയി നിരത്തിലേയ്ക്കു നോക്കിനിൽപ്പായി. ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും അവൾ വിശപ്പ് അറിഞ്ഞില്ല. കുറേശ്ശെ ഉറക്കം വന്നിരുന്നുവെന്നു മാത്രം. അങ്ങിനെ നോക്കി നില്ക്കുമ്പോൾ അവൾ ആ കാർ വരുന്നതു കണ്ടു. അവൾ വേഗം ഓടിപ്പോയി വാതിൽ തുറക്കുമ്പോൾ അവർ കാണത്തക്ക വിധത്തിൽ നിന്നു. അവർ പുറത്തുനിന്ന് ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് വാതിൽ തുറക്കുകയാണ്. അടുത്ത നിമിഷം വാതിൽ മലർക്കെ തുറക്കപ്പെട്ടു. അതോടെ അവിടം ആകെ നിശ്ശബ്ദമായി. മൂന്നുപേരും അനങ്ങാൻ വയ്യാതെ നില്ക്കുകയാണ്. അവരുടെ ഓരോരുത്തരുടെയും മനസ്സിൽ എന്താണ് സംഭവിക്കുന്നത്, ഇനി എന്താണുണ്ടാകാൻ പോകുന്നത്?

ഞാനത് പ്രിയപ്പെട്ട വായനക്കാർക്ക് വിട്ടുകൊടുത്ത് സ്ഥലം വിടുകയാണ്.