close
Sayahna Sayahna
Search

ബാൽക്കണിയിലെ കാഴ്ചകൾ



രാവിലെ കൃത്യം എഴു മണിക്ക് ചായയുണ്ടാക്കി രണ്ടു ഗ്ലാസ്സിലാക്കി ഭർത്താവിനെ ഉണർത്തി ഒരു ഗ്ലാസ്സ് കൈയ്യിൽ കൊടുത്ത് ഭാനുമതി കിടപ്പറയുടെ ബാൽക്കണിവാതിൽ തുറക്കുന്നു. പത്രക്കാരൻ സൈക്കിളിൽനിന്നിറങ്ങാതെ വലിച്ചെറിയുന്ന പത്രം നാലു കഷ്ണങ്ങളായി ചിതറിക്കിടക്കുന്നത് പെറുക്കിയെടുത്ത് കട്ടിലിൽ ചെരിഞ്ഞിരിക്കുന്ന ഭർത്താവിന്റെ കയ്യിൽ കൊണ്ടുപോയി കൊടുത്ത് അവൾ ബാൽക്കണിയിലേയ്ക്കു തന്നെ പോകുന്നു. പിന്നെ ചായ കുടി കഴിയുന്നതുവരെ ചൂരൽ കസേലയിലിരുന്ന് പുറത്തെ വിശേഷങ്ങൾ നോക്കിയിരിക്കും. രാത്രി നഷ്ടപ്പെട്ടതു മുഴുവൻ വീണ്ടെടുക്കുന്നതുവരെ ആ ഇരിപ്പിരിക്കുന്നു. ചായകുടിച്ചു കഴിഞ്ഞാൽ ഗ്ലാസ്സ് അടുക്കളയിൽ കൊണ്ടുപോയിവച്ച് കിടപ്പറയിലേയ്ക്കു പോകുന്നു. അവിടെ വർത്തമാന പത്രത്തിന്റെ ആസുരതയിൽ മുഴുകിയിരിക്കുന്ന ഭർത്താവിനോട് പുറത്തു കണ്ട വിശേഷങ്ങൾ ഓരോന്നായി പറയുന്നു. കേൾക്കാൻ താല്പര്യമുള്ളവ കേട്ടും അല്ലാത്തവ ഒരു മൂളലിൽ തള്ളിക്കളഞ്ഞും അയാൾ പത്രപാരായണം തുടരും.

കഴിഞ്ഞ ഒരാഴ്ചയായി അവൾക്ക് പറയാനുള്ളത് ഒരു സ്‌കൂൾകുട്ടിയെപ്പറ്റിയാണ്. രണ്ടു വീടുകൾക്കപ്പുറത്ത് ഗെയ്റ്റിൽ അവൾ സ്‌കൂൾബസ്സ് കാത്തുനിൽക്കുന്നു. പുതുതായി വാടകയ്ക്കു വന്നവരാണ്. ഭാനുമതി കുറച്ചസ്വസ്ഥയാണ്, കാരണം ആ വീട്ടുകാരെപ്പറ്റി അവൾക്കൊന്നും അറിയില്ല. അതു കിട്ടുന്നതുവരെ ഇരിക്കപ്പൊറുതിയുണ്ടാവില്ല. അവിടെ ജോലിയ്ക്ക് വല്ല സ്ത്രീകളും ഉണ്ടെങ്കിൽ അവരിൽനിന്നെങ്കിലും വിവരങ്ങൾ ചോർത്താമായിരുന്നു. അങ്ങിനെ ആരേയും കാണാനുമില്ല. അതുകൊണ്ട് അവൾ അത്യാധുനിക രീതിയിലുള്ള ചാരപ്പണിയിലേർപ്പെട്ടിരിക്കയാണ്. സ്വന്തം ബാൽക്കണിയിൽ ഇരുന്നുകൊണ്ടുള്ള സാറ്റലൈറ്റ് സ്പയിങ്ങ് അതിലുൾപ്പെടും. അങ്ങിനെയാണ് സ്‌കൂൾ ബസ്സിനുവേണ്ടി കാത്തിരിക്കുന്ന എട്ടു വയസ്സുകാരിയെ കാണുന്നത്. അവൾ വീടിന്റെ ഗെയ്റ്റിനു മുമ്പിൽ ഫുട്പാത്തിൽ പുറത്ത് തൂക്കിയിട്ട സഞ്ചിയുടെ കനം കാരണം അല്പം മുന്നോട്ട് കുനിഞ്ഞ് ബസ്സു വരുന്ന ദിശയിലേയ്ക്കു മാത്രം നോക്കിക്കൊണ്ട് നിൽക്കും. ബസ്സ് ഒരു തിരിവു കഴിഞ്ഞ് വരുന്നതു കണ്ടാൽ ഇടവും വലവും നോക്കാതെ റോഡ് മുറിച്ചു ഓടുന്നു. മറുവശത്തുനിന്ന് വല്ല വാഹനങ്ങളും വരുന്നുണ്ടോ എന്ന നോട്ടമില്ല. അവൾക്കു കയറാനുള്ള ബസ്സുതന്നെ നിർത്തുക അവൾ മുറിച്ചു കടക്കുന്നതിനു തൊട്ടടുത്താണ്. വളരെ അപകടകരമായ ഒരു കുറുക്കുചാടൽ.

ഭാനുമതി അകത്തേയ്‌ക്കോടുന്നു. കട്ടിലിൽ അപ്പോഴും വാർത്തകളോട് മല്ലിടുന്ന ഭർത്താവിനോടു പറയുന്നു.

‘ഒരു ദിവസം ആ പെണ്ണ് ഏതെങ്കിലും വണ്ടിടെ അടീല് പെടും. ഇടോം വലോം നോക്കാത്യാണ് ഓട്ടം.’

അയാൾ സാധാരണമട്ടിൽ അശ്രദ്ധനായി, പത്രത്തിൽനിന്ന് കണ്ണെടുക്കാതെ ചോദിക്കും.

‘ഏത് പെണ്ണ്?’

‘ഒരു സ്‌കൂൾകുട്ടി. മൂന്നിലോ നാലിലോ ആയിട്ടേണ്ടാവു. എന്നും ഒരേ ഓട്ടം. എന്നാണാവോ…’

അയാൾക്ക് താല്പര്യം നശിക്കുന്നു. ഒരു പെണ്ണ്‌ന്നൊക്കെ പറഞ്ഞപ്പൊ…

പിറ്റേന്ന് രാവിലെ ഭാനുമതി ഭർത്താവിനെ ബാൽക്കണിയിലേയ്ക്ക് വിളിച്ചു.

‘നോക്കു, ഒന്നു വരു…’

അയാൾക്ക് പോകാൻ ഒരു താല്പര്യവുമുണ്ടായിരുന്നില്ല. പത്രത്തിന്റെ വിടർന്ന താളുകളിൽ എന്തൊക്കെ വിശേഷങ്ങളാണ്! വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന വൃദ്ധയെ കഴുത്തു ഞെരിച്ചു കൊന്ന് ആഭരണം കവർന്നു. രണ്ടു കോളം വാർത്ത, ഫോട്ടോ സഹിതം. ഒരു കോളനിയിൽ പകൽ സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് നാൽ പ്പതു വയസ്സുകാരി വീട്ടമ്മയെ ബലാൽസംഗം ചെയ്ത്… ആ രസകരമായ വാർത്ത വായിച്ചു മുഴുമിച്ചിട്ടില്ല. അപ്പോഴാണ് ഭാനുമതിയുടെ വിളി. അയാൾ മുഖത്തു വന്ന ദേഷ്യം ഒട്ടും മറച്ചുവയ്ക്കാതെ പത്രം വലിച്ചെറിഞ്ഞ് ബാൽക്കണിയിലേയ്ക്കു നടന്നു.

‘നോക്കു അതിന്റെ നിൽപ്!’ ഭാനുമതി ചൂണ്ടിക്കാട്ടി. അയാൾ നോക്കി. അവിടെ ഒരു മെലിഞ്ഞ പെൺകുട്ടി നിൽക്കുന്നു. അസുഖം ബാധിച്ച ഒരു വലിയ വെള്ളപ്പക്ഷിയെപ്പോലെയാണ് അയാൾക്കു തോന്നിയത്.

‘നിൽക്കുട്ടോ, ഇപ്പൊ ബസ്സുവരും, അപ്പൊ കാണാം അതിന്റെ ഓട്ടം. കണ്ണും മൂക്കുംല്ല്യാതെള്ള ഓട്ടം. എന്നാണ് വല്ല കാറും കേറി ഇടിക്ക്യാന്നറീല്ല്യ. അവൾക്ക് നേർത്തെത്തന്നെ ക്രോസ് ചെയ്ത് നിന്നാമതി. അത് ചെയ്യില്ല.’

‘ആ കുട്ടിയ്ക്ക് അമ്മേം അച്ഛനും ഒക്കെണ്ടാവൂലോ. അവർ ശ്രദ്ധിക്കട്ടെ. നീയെന്തിനാണ് ഇങ്ങനെ വെഷമിക്കണത്’

അയാൾ തിരിച്ച് പകുതിയാക്കി നിർത്തിയ ബലാൽസംഗത്തിലേയ്ക്കു കടന്നു.

‘ഒരു ജാതി ആൾക്കാരാ ഇവിടെള്ളോര്. ഒരു ശ്രദ്ധീംല്ല്യ…’ ഭാനുമതി പറഞ്ഞുകൊണ്ടിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും ഒരു കാര്യം അയാൾ ശ്രദ്ധിച്ചു. പത്രം വളരെ വിരസമായിത്തുടങ്ങിയിരിക്കുന്നു. ഒന്നും വായിക്കാനില്ലാത്ത അവസ്ഥ. രാഷ്ട്രീയം മാത്രം. അതും എന്തു രാഷ്ട്രീയം! നേതാക്കൾ തൊട്ട് എറ്റവും താഴെയുള്ള അണികൾകൂടി ഉൾപ്പെട്ട അടിപിടി. ആർക്കാണ് അതിൽ താല്പര്യം? മറ്റു വാർത്തകൾക്കുള്ള സ്ഥലംകൂടി ഇവ അപഹരിക്കുന്നു. എന്തെങ്കിലും അപകടത്തിന്റെ, ഭവനഭേദനത്തിന്റെ അല്ലെങ്കിൽ കൊലപാതകത്തിന്റെ വാർത്ത കണ്ടിട്ട് കാലമെത്രയായി? ഒരു നല്ല ബലാൽസംഗകേസ് പത്രത്തിൽ കാണാൻ കൊതിയായിത്തുടങ്ങി. നാട് പെട്ടെന്നൊരു ദിവസം നന്നായതുകൊണ്ടാവാൻ വയ്യ ഇതൊന്നും. പത്രക്കാർക്ക് ആ വക വാർത്തകളിൽ താല്പര്യം ഇല്ലാതായി. അവരുടെ രുചി മാറി. അത്രതന്നെ. അയാൾ പത്രം ഒന്നൊന്നായി മാറ്റി വരുത്തിനോക്കി. എല്ലാം ഒരുപോലെ വിരസവും അരുചികരവും. അപ്പോൾ കുഴപ്പം പത്രത്തിന്റെയാവാൻ വയ്യ.

അയാൾ വാർത്തകളുടെ തലക്കെട്ടുകളിൽ പത്രവായന ഒതുക്കി. ഒരു ദിവസം തലേക്കെട്ടുകൾ കൂടി വായിക്കാൻ പറ്റാത്തവിധം അരോചകമായ പത്രത്തിൽ കണ്ണും നട്ട് മനസ്സ് കേടുവന്നിരിക്കുന്ന സമയത്ത് ഭാനുമതിയുടെ വിളി കേട്ടു. എന്തോ അപകടസൂചനയുണ്ടായിരുന്നു ആ വിളിയിൽ. അയാൾ പത്രം വലിച്ചെറിഞ്ഞ് ബാൽക്കണിയിലേയ്ക്ക് ഓടി. അവളുടെ മുഖം വിളറിയിരുന്നു. അവൾ ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്ക് അയാൾ നോക്കി. അവിടെ ആ കുട്ടി കിടക്കുകയാണ്, നടുറോഡിൽ. അവൾക്കു പോകേണ്ട ബസ്സ് കുറച്ചപ്പുറത്ത് നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങി ഓടി വരികയാണ്.

‘ഒരു കാറാണ്.’ ഭാനുമതി പറഞ്ഞു. ‘ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പഴാണ് വന്ന് ഇടിച്ചത്.’

‘എന്നിട്ട്, കാറെവിടെ?’

‘അയാള് ഓടിച്ചുപോയി.’

ബസ്സ് ഡ്രൈവർ ഓടിയെത്തി ആ കുട്ടിയെ എഴുന്നേൽപ്പിച്ചു. അവൾ എഴുന്നേറ്റുനിന്നു. അയാൾ അവളോട് എന്തോ ചോദിക്കുന്നുണ്ട്. അവൾ തലയാട്ടി മറുപടി പറഞ്ഞ് അയാളുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങി. ഒന്നും പറ്റിയിട്ടില്ല! ബസ്സ് നീങ്ങാൻ തുടങ്ങിയപ്പോൾ അയാൾ അകത്തു കടന്നു. അയാൾ ക്ഷുഭിതനായിരുന്നു. നിലത്തു പരന്നു കിടന്ന പത്രത്താളുകൾ കാലുകൊണ്ട് തട്ടിമാറ്റി അയാൾ പറഞ്ഞു.

‘കുറ്റമല്ല പത്രങ്ങള് ഇങ്ങിനെ വായിക്കാൻ കൊള്ളാതായത്!’