close
Sayahna Sayahna
Search

ഇളംതെന്നൽപോലെ ഈ ജീവിതബന്ധം



തൊള്ളായിരത്തി അറുപതിലാണ് ഞാൻ കൽക്കത്തയിൽ ജോലിയന്വേഷിച്ചു പോയത്. പത്തു ദിവസത്തിനുള്ളിൽത്തന്നെ ജോലി കിട്ടി. ആ മാസം മുതൽ ഞാൻ അച്ഛനെ സഹായിക്കാൻ തുടങ്ങിയിരുന്നു. ഇതൊരൊഴുക്കൻ മട്ടിൽ പറയുന്നുവെന്നേയുള്ളു, പക്ഷെ അതിനു പിന്നിലെ സാഹസം കുറച്ചൊന്നുമല്ലായിരുന്നു. ശരിയ്ക്കു പറഞ്ഞാൽ അച്ഛനെ സഹായിക്കാനായിരുന്നു ഞാൻ പഠിത്തം തുടരേണ്ടെന്നു തീർച്ചയാക്കി ജോലിയ്ക്കു പോയത്. എനിയ്ക്ക് അച്ഛനോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ അളവുകോലു വച്ചു നോക്കുമ്പോൾ ഇതൊരു നിസ്സാര ത്യാഗം മാത്രമായിരുന്നു. ഞാൻ ഒരിയ്ക്കലും ഖേദിച്ചിട്ടില്ലാത്ത ഒരു കാര്യം.

ഞാൻ ജോലിയെടുത്ത ഓഫീസിൽ എന്റെ പ്രായത്തിലുള്ള ധാരാളം മലയാളികളുണ്ടായിരുന്നു. അതുപോലെ ഒപ്പം താമസിച്ചിരുന്നതും എന്റെ പ്രായത്തിലുള്ളവർ തന്നെ. മിക്കവാറും എല്ലാവർക്കും എന്നെപ്പോലെ പ്രാരാബ്ധങ്ങളുണ്ടായിരുന്നു. പക്ഷെ എന്റെ അറിവിൽ പെട്ടേടത്തോളം അവരെല്ലാം തന്നെ സ്വന്തം കാര്യങ്ങൾ ഭംഗിയായി നടത്തിയ ശേഷം ബാക്കി വന്ന പണം മാത്രമേ വീട്ടിലേയ്ക്കയച്ചു കൊടുത്തിരുന്നുള്ളു. അവരുടെയൊപ്പമുള്ള ജീവിതം എനിയ്ക്കു തന്നത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു അപകർഷതാബോധമാണ്. ഞാൻ ജോലിയെടുത്തിരുന്നത് ഒരു യൂറോപ്യൻ കമ്പനിയിലായിരുന്നു. ശമ്പളം നല്ല നിലയിൽ തന്നിരുന്ന ഒരു കമ്പനി. പോരാത്തതിന് ബോണസ്സായി നാലു മുഴുവൻ മാസത്തെ ശമ്പളവും. എന്റെ സ്‌നേഹിതർ പലരും ആ പണം നാട്ടിൽ നിലം വാങ്ങാനും, നല്ല നിലയിൽ ജീവിയ്ക്കാനും ബാക്കിയുള്ളത് വീട്ടിലേയ്ക്കയച്ചുകൊടുക്കാനും ശ്രമിച്ചപ്പോൾ ഞാൻ കിട്ടുന്ന പണം മുഴുവൻ വീട്ടിലേയ്ക്കയച്ചു. അതിന്റെ ഫലമായി എന്റെ കൽക്കത്തയിലെ ജീവിതം പലപ്പോഴും നരകതുല്യമായി. പക്ഷെ അതു കൊണ്ട് അച്ഛന് വളരെയധികം ആവശ്യമായിരുന്ന സഹായം എത്തിക്കാനും സഹോദരങ്ങളെ നല്ല നിലയിലാക്കാനും കഴിഞ്ഞു. പോരാത്തതിന് ഒരു മാതിരി മരുഭൂമി പോലെ കിടന്നിരുന്ന പുത്തില്ലത്ത് പറമ്പ്, പുതുതായി തെങ്ങും കവുങ്ങും മരങ്ങളും വെച്ചു പിടിപ്പിച്ച് നന്നാക്കി എടുക്കാനും പണി കഴിയാതെ യുഗങ്ങളായി കിടന്നിരുന്ന പുത്തില്ലം വീട് പണി തീർത്ത് പുതുക്കാനും ഉള്ള തീവ്രയത്‌നത്തിൽ അച്ഛനെ സഹായിക്കാനും കഴിഞ്ഞു. അച്ഛന്റെ മോഹങ്ങളായിരുന്നു ഇവയെല്ലാം.

ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ച സംഭവം അവസാന നിമിഷത്തിൽ അച്ഛനെ സഹായിക്കാൻ പറ്റാഞ്ഞതു മാത്രമാണ്. മരിയ്ക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്കു മുമ്പ് അച്ഛന്റെ കത്തു കിട്ടി, കുറച്ചു പണത്തിന് അത്യാവശ്യമുണ്ട്, ഉടനെ അയച്ചുതരണം. ഇത് എഴുപത്തിനാലിലാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഒരു ഘട്ടത്തിലൂടെയായിരുന്നു ഞാൻ പൊയ്‌ക്കൊണ്ടിരുന്നത്. അതിനെപ്പറ്റി ഞാൻ ഗൃഹലക്ഷ്മിയിൽത്തന്നെ മുമ്പ് എഴുതിയിട്ടുണ്ട്. പത്തു പതിനഞ്ചു കൊല്ലമായി തുടർച്ചയായി ജോലി ചെയ്തിരുന്ന കമ്പനിയിൽ തൊഴുത്തിൽക്കുത്തിനിടയിൽ പിടിച്ചു നിൽക്കാൻ നടത്തുന്ന ശ്രമം ഒരു ഭാഗത്ത്, സാമ്പത്തിക തകർച്ച മറ്റൊരു ഭാഗത്ത്. എന്റെ ജാതകത്തിൽ ജ്യോത്സ്യർ എഴുതിയ പോലെ അതുവരെ ആർജ്ജിച്ചതെല്ലാം നശിയ്ക്കുമെന്ന പ്രവചനം ശരിയാവുകയായിരുന്നു. അക്കാലത്ത് അച്ഛനെ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയ്ക്കാണ് അച്ഛൻ കുറച്ചു പണം അയക്കണമെന്ന് ആവശ്യപ്പെട്ടത്. എത്രയെന്നില്ല. എന്നെ സംബന്ധിച്ചേടത്തോളമാണെങ്കിൽ ഒന്നും അയയ്ക്കാൻ പറ്റാത്ത പരുവത്തിലായിരുന്നു. ഞാൻ നൂറുറുപ്പികയുടെ ഒരു ചെക്കയച്ചു കൊടുത്തു. തുഛമായ ആ സംഖ്യതന്നെ മണിയോർഡറായി അയച്ചിരുന്നെങ്കിൽ അച്ഛന് പെട്ടെന്ന് ഉപകാരമായേനെ. അത്രയും സംഖ്യ കയ്യിലില്ലാത്തതുകൊണ്ട് അതിനും പറ്റാതെ പോയി. ചെക്കാണെങ്കിൽ ബാങ്കിൽ, അവർ നിഷ്‌കർഷിക്കുന്ന, മിനിമം ബാലൻസിൽനിന്നു തന്നെ ക്ലിയർ ചെയ്തു പോവും. നമ്മൾ നേരിട്ടു പോയാൽ കിട്ടില്ലെന്നർത്ഥം.

ഒക്ടാബർ 16ന് അച്ഛൻ മരിച്ചു. ഞാൻ അയച്ച പണം ഉപയോഗിക്കാതെത്തന്നെ. അച്ഛന്റെ അവസാന നാളുകളിൽ കോഴിക്കോട്ടു പോയി ഒരു ചെക്കപ്പു നടത്താൻ സ്‌നേഹിതന്മാർ നിർബ്ബന്ധിച്ചിരുന്നു. അച്ഛൻ അതിനു സമ്മതിയ്ക്കുകയുണ്ടായില്ല. ഇനി, അങ്ങിനെ ഒരു ചെക്കപ്പിനു വേണ്ട പണമായിരുന്നോ അച്ഛൻ ആവശ്യപ്പെട്ടത്? അച്ഛന്റെ ആരോഗ്യം ഇത്ര മോശമായിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ കടം വാങ്ങിയെങ്കിലും ആവശ്യമുള്ള പണം അയയ്ക്കുമായിരുന്നു. വലിയ കടങ്ങൾ ഇതിനെ ബാധിയ്ക്കുമായിരുന്നില്ല. ഇപ്പോൾ എനിയ്ക്ക് അളവറ്റ കുറ്റബോധം സൃഷ്ടിച്ച് അദ്ദേഹം കടന്നുപോയി. എന്തിനുള്ള ശിക്ഷയായിരുന്നു അത്? അരക്കള്ളം പറഞ്ഞതിന് ധർമ്മപുത്രർക്കു കിട്ടിയ ശിക്ഷയ്ക്കു സമാനമായ ഒരു ശിക്ഷ.

ഇപ്പോൾ എന്റെ മകന് എന്നോടുള്ള സ്‌നേഹം കാണുമ്പോൾ ഞാൻ ഓർക്കുന്നത് ഇതെല്ലാമാണ്. ഒരുപക്ഷെ അച്ഛന്റെ അനുഗ്രഹമായിരിയ്ക്കും ഇങ്ങിനെ സ്‌നേഹനിധിയായ ഒരു മകനെ എനിയ്ക്കു തന്നത്. രണ്ടു പ്രാവശ്യം ഹൃദയാഘാതം കാരണം ആശുപത്രിയിൽ പോകേണ്ടി വന്നപ്പോൾ അവൻ പറഞ്ഞു. ‘അച്ഛൻ ഇനി ജോലിയൊന്നും ചെയ്യേണ്ട, വിശ്രമിയ്ക്കു. കാര്യങ്ങളൊക്കെ ഞാൻ നോക്കാം.’ ഒരു കൻസെഷൻ അനുവദിച്ചത് സാഹിത്യരചനയാവാമെന്നായിരുന്നു. ‘അതും ടെൻഷനുണ്ടാക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ ഉടനെ നിർത്തണം. എനിയ്ക്ക് അച്ഛനാണ് പ്രധാനം, അച്ഛന്റെ സാഹിത്യമല്ല.’ (‘the singer, not the song’) ഞാൻ എന്റെ അച്ഛനു വേണ്ടി ചെയ്തതിന്റെ എത്രയോ ഇരട്ടി അവൻ അവന്റെ അച്ഛനു വേണ്ടി ചെയ്തു കഴിഞ്ഞു. ഇപ്പോഴും ചെയ്തു കൊണ്ടിരിയ്ക്കുന്നു.

ശരി തന്നെ. ഇനി? ഞങ്ങൾക്ക് തീരെ വയസ്സാവുമ്പോളെന്താണ് ചെയ്യുക? ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മരിച്ചുപോയാൽ മറ്റാൾ എന്തു ചെയ്യും. രാവിലെ എട്ടു മണിയ്ക്ക് ധൃതി പിടിച്ച് ഓഫീസിൽ പോയി രാത്രി എട്ട്, ഒമ്പത് മണിയോടെ മാത്രം തിരിച്ചെത്തുന്ന മക്കളുടെ അടുത്തു പോയിട്ട് എന്തു കാര്യം? അവർക്ക് ശല്യമാകുമെന്നല്ലാതെ? അച്ഛനമ്മമാരിലൊരാൾ മരിച്ചു പോയില്ലെങ്കിലും കാര്യം കഷ്ടം തന്നെ. ദമ്പതികളിൽ വയസ്സായ ആളെ, അതു മിക്കവാറും ഭർത്താവായിരിയ്ക്കും, അപ്പോഴേയ്ക്കും സ്വയം അവശയായിട്ടുള്ള ഭാര്യ നോക്കി ശുശ്രൂഷിക്കേണ്ടി വരും. ഏത് ശീലാവതിയും തലയിൽ കയ്യുവയ്ക്കുന്ന സന്ദർഭം. കാരണം വയസ്സാവും തോറും നമ്മുടെ കാഴ്ചയും കേൾവിയും വല്ലാതെ കുറഞ്ഞിട്ടുണ്ടാവും. അതേ സമയത്തുതന്നെ പുറത്തു നടക്കുന്ന കാര്യങ്ങളറിയാൻ വല്ലാത്തൊരു നിർബ്ബന്ധവും വന്നു ചേരും. അതിനർത്ഥം ഭാര്യ അടുത്തിരുന്ന് ചെവിയിൽ അദ്ധ്വാനിച്ച് ഓരോ കാര്യവും പറഞ്ഞു തരേണ്ടി വരും എന്നാണ്. ഒരു സന്ദർശകൻ വന്നുപോയാൽ, ടെലിഫോണിൽ സംസാരിച്ചാൽ, അതുമല്ലെങ്കിൽ രാവിലെ വർത്തമാനപത്രം കിട്ടിയാൽ ഒക്കെ ഭർത്താവിന്റെ ചോദ്യമുണ്ടാവും. ‘ആരാ വന്നത്?’ ‘ആരാ വിളിച്ചത്?’. ഇപ്പോൾ ലളിത എന്റെ അടുത്തു വന്ന് നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറയുന്നത് എന്റെ തലച്ചാറിലേയ്ക്കു കടത്താതെത്തന്നെ കേൾക്കാനെനിക്കു പറ്റുന്നുണ്ട്. പ്രത്യേകിച്ചും ഞാൻ വായിക്കുമ്പോഴോ കമ്പ്യൂട്ടറിൽ എന്തെങ്കിലും ചെയ്യുമ്പോഴോ. അവൾ എഴുന്നേറ്റു പോകുമ്പോൾ ആ വിശേഷങ്ങളും അവളോടൊപ്പം എഴുന്നേറ്റു പോകുന്നു, എന്റെ ഓർമ്മയിൽ ഒന്നും ബാക്കിനിർത്താതെത്തന്നെ. ഒരു പത്തു കൊല്ലം കഴിഞ്ഞാൽ ഇതാവണമെന്നില്ല സ്ഥിതി. ഇതേ നാട്ടു, വീട്ടു വിശേഷങ്ങൾക്കായി ഞാൻ അവളുടെ പിന്നാലെ നടന്നെന്നു വരും. പിന്നെ വൃദ്ധസഹജമായ മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും. ഇങ്ങിനെ ഒരു നൂറ് പ്രശ്‌നങ്ങൾ വാർദ്ധക്യത്തോടൊപ്പം എത്തിച്ചേരുന്നു.

ഇതിനെല്ലാം പരിഹാരമാണ് വൃദ്ധസദനങ്ങൾ എന്ന അഭിപ്രായമൊന്നും ഞങ്ങൾക്കില്ല. പക്ഷെ അത് കുറേ പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നു. അച്ഛനമ്മമാർ വാർദ്ധക്യത്തിൽ ഒറ്റയ്ക്കാണ്, അവരെ വേണ്ടത്ര നോക്കാൻ പറ്റുന്നില്ല എന്ന കുറ്റബോധം മക്കൾക്കുണ്ടാവുന്നില്ല. ഇന്ത്യയ്ക്കു പുറത്ത് ജോലിയെടുക്കുന്ന മക്കൾക്ക് ഇത് നല്ലൊരാശ്വാസമായിരിക്കണം.

എന്റെ കുട്ടിക്കാലത്ത് ഇങ്ങിനെയൊരു പ്രശ്‌നത്തെപ്പറ്റി ആരും സംസാരിച്ചു കേട്ടിട്ടില്ല, കാരണം മിക്കവാറും എല്ലാം കൂട്ടുകുടുംബങ്ങളായിരുന്നു. വയസ്സായവരെ നോക്കാനും അവരെ മാന്യതയോടെ മരിയ്ക്കാനനുവദിയ്ക്കാനും പറ്റിയ ചുറ്റുപാടുകൾ കൂട്ടുകുടുംബങ്ങളിലുണ്ടായിരുന്നു. ദാരിദ്ര്യം, അത് എല്ലാവരേയും ബാധിയ്ക്കുന്ന ഒരു കാര്യമായതിനാൽ ആരും വിഷയമാക്കാറില്ല. ഇന്ന് അങ്ങിനെയല്ല സ്ഥിതി. അച്ഛനമ്മ മക്കൾ കുടുംബങ്ങളാണെല്ലാം. അതിൽത്തന്നെ മക്കൾ കുറവും. ഉള്ളവർക്കുതന്നെ ജോലി പലപ്പോഴും ഇന്ത്യയ്ക്കു പുറത്തായിരിക്കും. അങ്ങിനെയുള്ള ചുറ്റുപാടിൽ ‘എനിയ്ക്ക് പിറന്ന മണ്ണിൽത്തന്നെ കിടന്നു മരിയ്ക്കണം’ എന്നൊക്കെയുള്ള വാശി വയസ്സായവർ ഉപേക്ഷിയ്ക്കുകയല്ലെ നല്ലത്?

ഞാൻ സ്‌നേഹമുള്ള മക്കളുടെ കാര്യം മാത്രമേ പറയുന്നുള്ളു. അങ്ങിനെയല്ലാത്ത മക്കളുമുണ്ടാവില്ലെ? അല്ലെങ്കിൽ ഒരു വൃദ്ധസദനത്തിൽ കൊണ്ടു പോയാക്കാൻ മാത്രം സാമ്പത്തിക ശേഷിയില്ലാത്ത മക്കൾ? അങ്ങിനെയുള്ളവർക്കു വേണ്ടി സന്നദ്ധസംഘടനകൾ ധാരാളം വൃദ്ധസദനങ്ങളുണ്ടാക്കുകയാണ് വേണ്ടത്. ജീവിതസായാഹ്നത്തിൽ കാൻസർ പോലുള്ള മഹാമാരി പിടിപെടുന്നവരെ ശുശ്രൂഷിക്കാൻ പെയ്ൻ ആന്റ് പാലിയേറ്റിവ് ക്ലിനിക് പോലുള്ള സന്നദ്ധ സംഘടനകളുണ്ട്. വിലാസം താഴെ കൊടുക്കുന്നു.(www.painandpalliativecarethrissur.org) സാമ്പത്തികമായി അവർക്ക് ധാരാളം സഹായം ആവശ്യമുണ്ട്. കഴിവുള്ളവർ അവരെ സഹായിക്കുക. അതു പോലെ ധാരാളം വൃദ്ധസദനങ്ങളും ഉണ്ടാവട്ടെ. വൃദ്ധസദനങ്ങൾ എന്ന പേരിനോട് അല്ലർജിയുണ്ടെങ്കിൽ ഇത്രതന്നെ മനസ്സിൽ കൊള്ളാത്തെ വല്ല പേരും കണ്ടുപിടിയ്ക്കു.

എന്റെ തലമുറയിലുള്ള മറ്റുള്ളവരുടെ സ്ഥിതിയും ഏറെക്കുറേ ഇതു തന്നെയാണ്. ഞാനുദ്ദേശിക്കുന്നത് അവരുടെ മക്കളും അച്ഛനമ്മമാരെ സ്‌നേഹത്തോടെ കാണാനും പരിചരിയ്ക്കാനും പ്രാപ്തരാണെന്നാണ്. എന്റെ ബന്ധുക്കളും ഞങ്ങളറിയുന്ന ഒട്ടേറെ പേരും എന്തു കഷ്ടപ്പാടും സഹിച്ചും അച്ഛനമ്മമാരെ വയസ്സുകാലത്ത് സ്‌നേഹത്തോടെ പരിചരിയ്ക്കുന്നവരാണ്. മറിച്ചും ഉണ്ടാവാം, പക്ഷെ അതെല്ലാം അപൂർവ്വമാണ്. പക്ഷെ ഇനി വരാൻ പോകുന്ന തലമുറയെപ്പറ്റി എനിയ്‌ക്കൊന്നും പറയാൻ പറ്റില്ല. അവർക്കു കിട്ടുന്ന വിദ്യാഭ്യാസവും, അവരുടെ മുമ്പിൽ തുറന്നിട്ടിട്ടുള്ള ദൃശ്യലോകവും സ്‌നേഹരഹിതമാണ്. സ്‌നേഹത്തെപ്പറ്റി ഇപ്പോൾ ആരും സംസാരിയ്ക്കാറില്ല. സ്വയമറിയാതെ അവർ നീങ്ങിക്കൊണ്ടിരിയ്ക്കുന്നത് എന്തു സഹിച്ചും ലോകം വെട്ടിപ്പിടിയ്ക്കണമെന്ന മനസ്സുള്ള ഒരു ജീവിതത്തിലേയ്ക്കാണ്. ലോകം തീരെ സ്‌നേഹശൂന്യമാകുന്ന ആ അന്തരീക്ഷത്തിൽ അവർ എങ്ങിനെ പ്രതികരിക്കുമെന്നത് പ്രവചിക്കാൻ കഴിയില്ല.


— ഗൃഹലക്ഷ്മി സപ്തമ്പർ 2008