നിർമലയുടെ പ്രവാസി ലേഖനത്തെപ്പറ്റി
നിർമലയുടെ ‘കാനഡ മരത്തിൽ ഡോളർ പറിക്കാൻ പോയവർ’ എന്ന ലേഖനം താല്പര്യത്തോടെ വായിച്ചു. നിർമലയുടെ എഴുത്ത്, അത് ലേഖനമായാലും കഥയായാലും വളരെ താല്പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഈ ലേഖനത്തിന്റെ രണ്ടു ഭാഗങ്ങളും വായിച്ചപ്പോൾ കുറേ കാര്യങ്ങൾ വ്യക്തമാക്കണമെന്നു തോന്നി.
ഒന്നാമതായി ‘മരത്തിൽ ഡോളർ പറിക്കാൻ പോയവർ’ എന്ന പ്രയോഗം വിഷമമുണ്ടാക്കുന്നു, വേദനയുളവാക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയിൽ പ്രവാസികളുടെ, പ്രത്യേകിച്ച് ഉത്തര അമേരിക്കൻ പ്രവാസികളുടെ, സംഭാവന വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല, നേരെ മറിച്ച് അവരെ ആവുന്നത്ര മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട് എന്നതിലുള്ള അമർഷമായിരിക്കണം നിർമലയെക്കൊണ്ട് ഇതു പറയിച്ചത്. കൃഷിനിലങ്ങൾ പറമ്പുകളും കെട്ടിടങ്ങളുമായി മാറുകയും ഒരു വ്യവസായവിപ്ലവം പോയിട്ട് ഇന്ത്യയിലേയ്ക്കുതന്നെ എറ്റവും പിന്നിലാകുകയും ചെയ്ത ഒരു സംസ്ഥാനത്തെ ജനങ്ങളെ ഇന്നു പോറ്റുന്നത് പ്രവാസികൾ മാത്രമാണെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഇവിടുത്തെ ബിസിനസ്സ് തഴച്ചുവളരുന്നുണ്ടെങ്കിൽ അതിനു കാരണം അവർക്കു ബിസിനസ്സു കൊടുക്കുന്ന പ്രവാസിബന്ധുക്കളാണ്. അവർ ചെലവാക്കുന്ന പണമാണ് ഇവിടുത്തെ വലിയ ഷാപ്പിങ് മാളുകളിലും അഞ്ചും എട്ടും നിലകളിൽ പരന്ന് (ഉയർന്ന്?) കിടക്കുന്ന സിൽക് പാലസുകളിലും കണ്ണഞ്ചിക്കുന്ന ആഭരണശാലകളിലും ഒഴുകുന്നത്. ഇന്ന് കേരളത്തിൽ പെട്ടെന്ന് വളരുന്ന ബിസിനസ് റിയൽ എസ്റ്റേറ്റ് ആണ്. ധാരാളം ബഹുനില കെട്ടിടങ്ങളും പടർന്നു കിടക്കുന്ന വില്ലകളും തഴച്ചു വളരുന്നു. ഇതിന്റെയെല്ലാം പിന്നിലുള്ളത് പ്രവാസികളാണെന്ന് ഓർക്കുക. ഇന്നും ഓരോ ബഹുനിലകെട്ടിടത്തിലും പകുതിയിലധികം അപാർട്‌മെന്റുകൾ ആൾത്താമസമില്ലാതെ കിടക്കുന്നതു കാണാം. അതൊന്നും വിൽക്കാതെ പോയതല്ല, മറിച്ച് അതിന്റെ പ്രവാസികളായ ഉടമസ്ഥർ വെറുമൊരു മുതൽക്കൂട്ടിനായി വാങ്ങിക്കൂട്ടുന്നവയാണ്. ഒരാൾക്കുതന്നെ രണ്ടും മൂന്നും കെട്ടിടങ്ങളിൽ അപാർട്‌മെന്റുകളുണ്ടാകും. റിയൽ എസ്റ്റേറ്റ് ബിസിനസ്സു കാരണം രക്ഷപ്പെടുന്ന കുടുംബങ്ങളേറെയാണ്. കെട്ടിടത്തൊഴിലാളികളാണ് അതിൽ പ്രധാനം. അവർക്ക് വർഷത്തിൽ 250 മുതൽ 300 ദിവസംവരെ ഉറപ്പുള്ള തൊഴിൽ കിട്ടുന്നു. തരക്കേടില്ലാത്ത വേതനവും. അതുപോലെത്തന്നെ കെട്ടിടനിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും വിൽക്കുന്നവർക്കും ധാരാളം ബിസിനസ്സ് കിട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ മുകൾത്തട്ടിൽനിന്ന് താഴെത്തട്ടുവരെ അരിച്ചിറങ്ങുന്നു ഈ മുതൽമുടക്കിന്റെ ആനുകൂല്യം.
കേരളത്തിലെ പളപളപ്പിനു പിന്നിൽ നൂറു ശതമാനവും പ്രവാസികൾതന്നെയാണ്. കേരളത്തിനു പുറത്തുപോയ എല്ലാ മലയാളിയും ഒരു ദിവസം ഇനി തിരിച്ചുപോകാത്തവിധം നാട്ടിലേയ്ക്കു വരികയാണെങ്കിൽ രണ്ടു വർഷത്തിനകം ഇവിടെ പട്ടിണിയാകും. കേരളത്തിന്റെ വികസനമെന്നത് ഊതിവീർപ്പിച്ച ഒരു ബലൂണാണ്. എന്നു വേണമെങ്കിലും പൊട്ടിയേക്കാവുന്ന ഒരു ബലൂൺ.
ഇത്രയും സുഖലോലുപരായി ജീവിയ്ക്കുന്ന ഒരു ജനവിഭാഗം അതിനു കാരണക്കാരായ അവരുടെതന്നെ മക്കളോട് നന്ദി കാണിക്കുന്നില്ലെങ്കിൽ അതിനു കാരണം ‘നന്ദി’ എന്ന വാക്ക് മലയാളിയുടെ നിഘണ്ടുവിലില്ലാത്തതാണ്. ഞങ്ങൾ ആട്ടോറിക്ഷ ഇറങ്ങിയാൽ നന്ദി പറയുമ്പോൾ ആട്ടോ ഡ്രൈവർമാർ ഒരു വിചിത്രജീവിയെ കണ്ടപോലെ ഞങ്ങളെ നോക്കാറുണ്ട്. കാരണം ആ വാക്ക് ഇവിടെ പരിചയമില്ല. മറ്റൊരു കാര്യമുള്ളത് ഇവിടെ മലയാളികൾ പൊതുവേ അമേരിക്കൻ വിരുദ്ധരാണ്. സ്വന്തം മക്കളെ അമേരിക്കയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനയക്കുകയും തനിക്ക് ഒരു ജലദോഷം വന്നാൽ ചികിത്സയ്ക്ക് അമേരിക്കയിലേയ്ക്ക് പറക്കുകയും ചെയ്യുന്ന മലയാളി, തിരിച്ച് വീട്ടിലെത്തിയാൽ ഏറ്റവും വലിയ കല്ലെടുത്ത് എറിയുന്നതും അമേരിക്കയിലേയ്ക്കുതന്നെ. അതിനു കാരണം രാഷ്ട്രീയമാണ്. ഞാനതു വിശദീകരിക്കുന്നില്ല. ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കയിൽ ജോലിയെടുക്കുന്ന മലയാളികളേയും കരിവാരിത്തേയ്ക്കുന്നത്. ഇന്ന് ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കൂട്ടരാണ് വിവരസാങ്കേതിക സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ചെറുപ്പക്കാർ. സ്വാർത്ഥമതികളാണ്, അച്ഛനമ്മമാരെ തിരിഞ്ഞുനോക്കാത്തവരാണ്, സ്ഥിരമായി ഒരു കുടുംബജീവിതം ഉണ്ടാക്കാൻ പോലും പറ്റാത്തവരാണ്, ഇങ്ങിനെ പോകുന്നു പരാതികൾ. ഇതൊന്നും അറിഞ്ഞിട്ടു പറയുന്നതല്ല, ഊഹങ്ങൾ മാത്രം, അല്ലെങ്കിൽ ടിവി സീരിയലുകളിൽനിന്നോ മൂവികളിൽനിന്നോ മനസ്സിലാക്കുന്നതും. ഇതു കേട്ട് സഹികെട്ടിട്ടാണ് ഞാൻ ‘പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ’ എന്ന നോവലെഴുതിയത്. ഐ.ടി. കമ്പനികളിൽ പ്രവർത്തിയ്ക്കുന്ന ധാരാളം ചെറുപ്പക്കാരെ എനിയ്ക്കു പരിചയമുണ്ട്, എന്റെ മകനടക്കം. അവരെല്ലാം എങ്ങിനെയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. അവരുടെ കുടുംബസ്‌നേഹത്തെപ്പറ്റിയും, ദേശസ്‌നേഹത്തെപ്പറ്റിയും, ഭാഷാസ്‌നേഹത്തെപ്പറ്റിയും എനിക്കറിയാം. കാനഡയിൽ ഓണത്തിന് പൂവിടുന്നതും ഓണസദ്യയുണ്ണുന്നതും മുമ്പൊരിക്കൽ നിർമലയുടെ ലേഖനത്തിൽ ഞാൻ വായിച്ചിട്ടുണ്ട്, ഒപ്പംതന്നെ സ്വന്തം വീടിനുള്ളിൽ പൂവിടുകയും നിലത്തിരുന്ന് സദ്യ ഉണ്ണുകയും ചെയ്യുന്ന ഫോട്ടോകളും. നല്ല എഴുത്തുകാർ അവരുടെ ഇടയിൽ ധാരാളമുണ്ട്. ചെറിയാൻ കെ. ചെറിയാൻ, നിർമല, റീനി, തോമസ് ജേക്കബ്… മുഴുവൻ പേരുകളും ഓർമ്മയിൽ വരുന്നില്ല.
എന്റെ മകൻ സ്റ്റേറ്റ്‌സിൽ പോകുന്നതിനുമുമ്പ് ഞങ്ങളോട് ഒരു നൂറു തവണയെങ്കിലും ചോദിച്ചിട്ടുണ്ട്. ‘ഞാൻ പോയാൽ നിങ്ങൾക്കു വിഷമമാകുമോ?’ എന്ന്. എന്റെ മോശമായ ആരോഗ്യംകൂടി പരിഗണിച്ചാണ് അവനതു ചോദിച്ചത്. ബാംഗളൂരിലുള്ളപ്പോൾ എനിയ്ക്ക് അസുഖമായാൽ പെട്ടെന്ന് ഓടിവരാമായിരുന്നു. ഞങ്ങൾ പറഞ്ഞു. ഒരു വിഷമവുമില്ല, നിങ്ങൾ നന്നായി ജീവിയ്ക്കു, അതാണ് ഞങ്ങൾക്ക് സന്തോഷം. രണ്ടു വർഷമായി അവന്റെ ഭാര്യ സ്റ്റേറ്റ്‌സിലാണ്. അവൾക്കാ സ്ഥലം ഇഷ്ടപ്പെട്ടു. ആരോഗ്യമുള്ള പരിസരങ്ങളും (അവൾക്ക് പൊടി അലർജിയാണ്. ബാംഗളൂരുള്ളപ്പോൾ അവൾ നന്നെ കഷ്ടപ്പെട്ടിട്ടുണ്ട്.) അത്രയും നല്ല ഒരു ജോലിയും ഉപേക്ഷിച്ച് അവൾ ഇന്ത്യയിലേയ്ക്കു വരുന്നതിനേക്കാൾ നല്ലത് അവൻ അങ്ങോട്ടു പോകയാണ്. രണ്ടുപേരും സ്റ്റേറ്റ്‌സിന്റെ രണ്ടറ്റത്താണെങ്കിലും മാസത്തിലൊരിക്കലെങ്കിലും ഓരോ ആഴ്ച ഒപ്പം താമസിക്കാം. പിന്നെ സാവധാനത്തിൽ രണ്ടു പേർക്കും ഒരു സ്ഥലത്ത് ജോലി കിട്ടുമോ എന്ന് അന്വേഷിക്കുകയും ചെയ്യാമല്ലൊ. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് സന്തോഷമാവുകയാണുണ്ടായത്; അവൻ പോയി ‘ഡോളർ പറച്ചുകൊണ്ടുവരു’മെന്നുദ്ദേശിച്ചല്ല. അവർക്ക് രണ്ടു പേർക്കും നല്ലൊരു ജീവിതമുണ്ടാവുമല്ലൊ. ഇതിനെപ്പറ്റി പറഞ്ഞപ്പോൾ എന്റെ സ്‌നേഹിതൻ ശ്രീ. സി. രാധാകൃഷ്ണൻ പറഞ്ഞു. ‘അതു നന്നായെടോ, ഒന്നുമില്ലെങ്കിലും നാഥനും തൂണുമുള്ള ഒരു രാജ്യത്ത് അവർക്ക് താമസിക്കാമല്ലൊ.’ ഈ അഭിപ്രായത്തിന്റെ കാതൽ മനസ്സിലാക്കണമെങ്കിൽ നിർമല ഒരാറു മാസമെങ്കിലും കേരളത്തിൽ വന്നു താമസിക്കണം.
മറിച്ച് മക്കളെ വെറും കറവപ്പശുക്കളായി കാണുന്ന അച്ഛനമ്മമാരും ഇല്ലെന്നില്ല. അവരെ പക്ഷെ സാമാന്യവത്കരിച്ച് അതുപോലെയാണ് എല്ലാ അച്ഛനമ്മമാരും എന്ന് പറയുന്നത് ശരിയല്ല.
ഞങ്ങളുടെ മകൻ ഞങ്ങൾക്ക് തണലാണ്, ഞാൻ എന്റെ അച്ഛന് തണലായിരുന്നപോലെ. മക്കൾ തങ്ങളെ നോക്കുന്നില്ലെന്ന് പറയുന്ന മിക്ക അച്ഛനമ്മമാരും സ്വന്തം അച്ഛനമ്മമാരെ പടിയ്ക്കു പുറത്താക്കി ഗെയ്റ്റ് അടച്ചിട്ടുള്ളവരായിരിക്കും. മാസത്തിലൊരിക്കലെങ്കിലും അതൊരു വാർത്തയായി വരുന്നുണ്ട്. വിതച്ചതേ കൊയ്യൂ. നമ്മൾ മക്കൾക്കുവേണ്ടി ജീവിക്കുകയല്ലാതെ മക്കൾ നമുക്കുവേണ്ടി ജീവിക്കണം എന്ന് വാശിപിടിക്കരുത്. തൊണ്ണൂറു ശതമാനം മാതാപിതാക്കളും അങ്ങിനെയാണ്.
ഞാൻ പറയാനുദ്ദേശിക്കുന്നതെന്തെന്നാൽ ഒരു ശരാശരി മലയാളി ജോലി തേടി മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ പോകുന്നത് ഇവിടെ ഒരു ഗതിയുമില്ലാത്തതുകൊണ്ടാണ്. തൊള്ളായിരത്തി അറുപതിൽ പതിനേഴാം വയസ്സിൽ ഞാൻ കൽക്കത്തയിൽ ജോലി അന്വേഷിച്ചു പോയത് അച്ഛനെ സഹായിക്കാനാണ്. തുടർന്ന് പഠിക്കാനുള്ള സാഹചര്യമില്ലെന്നും കേരളത്തിൽ ജോലികിട്ടില്ലെന്നുമുറപ്പായപ്പോഴാണ് ആ തീരുമാനം. അത് അച്ഛനെ എത്ര വേദനിപ്പിച്ചുവെന്ന് എനിക്കറിയാം. ഇന്ന്, അമ്പതു കൊല്ലം കഴിഞ്ഞിട്ടും സ്ഥിതി ഏറെക്കുറേ അതുതന്നെയാണ്. പൊതുവേ സാമ്പത്തിക പരിസരം നന്നായതുകൊണ്ട് അച്ഛനമ്മമാർക്ക് മക്കളെ പഠിപ്പിക്കാൻ കഴിയുന്നുണ്ട്. അതായത് പതിനേഴാം വയസ്സിൽത്തന്നെ ജോലി അന്വേഷിക്കേണ്ടെന്നർത്ഥം. അതിനു കാരണം കേരളത്തിന്റെ വികസനമല്ല, മറിച്ച് പ്രവാസികളുടെ നിസ്വാർത്ഥ സേവനം തന്നെയാണ്. അതിന് കേരളത്തിലെ എല്ലാവരും അവരുടെ പ്രവാസികളായ മക്കൾക്ക് നന്ദി പറയണം. ഇവിടെ ഒരു വ്യവസായവും വരാൻ പോകുന്നില്ല എന്ന കാര്യം മാറി മാറി വരുന്ന സർക്കാറുകൾ ഉറപ്പാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും മുന്നോട്ട് കുതിച്ചു കയറുന്നതു കാണുമ്പോൾ ഒരു നെടുവീർപ്പോടെ ഓർക്കും എന്നാണ് നാം അവരുടെ ഒപ്പമെത്തുന്നത്?
കേരളത്തെപ്പറ്റി നിർമ്മലയ്ക്ക് അചികിത്സ്യശുഭാപ്തിവിശ്വാസം കാണുന്നുണ്ട്. ഇന്നത്തെ കേരളത്തിന്റെ ജീവിതത്തെപ്പറ്റി വലിയ പിടിപാടില്ലാത്തതുകൊണ്ടായിരിക്കണം അത്. അല്ലെങ്കിൽ മലയാള ഭാഷയോടുള്ള അമിതമായ ഭ്രമം കാരണമായിരിക്കാം. ഇവിടെ ജീവിതം എത്രത്തോളം ദുസ്സഹമായിട്ടുണ്ടെന്ന് ഇവിടെ താമസിക്കുന്നവർക്കറിയാം.
പ്രവാസി എഴുത്തുകാരുടെ രചനകൾ ഇവിടെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വാസ്തവം തന്നെ. പക്ഷെ ഇവിടെ പിറക്കുന്ന നല്ല രചനകൾതന്നെ ആരാണ് ശ്രദ്ധിക്കുന്നത്? മുൻനിരയിലെത്താനുള്ള വ്യഗ്രതയിൽ ഇവിടെ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ കണ്ടാൽ ചിരിക്കാൻ തോന്നും. അമ്മയെ തല്ലിയും പേരെടുക്കുക എന്നതാണ് കാര്യം. ഇതിനിടയിൽ അഭ്യാസമൊന്നും കാണിക്കാതെ ഒതുങ്ങിയിരുന്ന് നല്ല സാഹിത്യമെഴുതുന്നവർ തഴയപ്പെടുന്നു.
മൃഗശാലകളിലെ മൃഗങ്ങൾക്ക് പിന്നീട് കാട്ടിൽ പൊറുക്കാൻ വയ്യെന്നാവും എന്ന് നിർമല പറഞ്ഞത് സത്യമാണ്. മനുഷ്യനെ സംബന്ധിച്ചേടത്തോളം മൃഗങ്ങളുടെ അത്രയൊന്നും സമയം വേണ്ട. രണ്ടുകൊല്ലം എതെങ്കിലും പാശ്ചാത്യരാജ്യത്ത് താമസിച്ചാൽ മനസ്സിലാവും മനുഷ്യനെ മനുഷ്യനായി കാണാനും അവന്റെ ആവശ്യങ്ങൾ നിറവേറ്റാനും അവിടെപ്പോലെ കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ഒക്കില്ലെന്ന്. ‘നിങ്ങൾക്കു വേണ്ടി എനിയ്ക്ക് എന്തു ചെയ്യാനാകും?’ എന്ന ചോദ്യത്തിനു പകരം ‘താനെന്തിനാ എന്റെ ഉറക്കം കളയാൻ വരുന്നത്?’ എന്ന പരുഷമായ ചോദ്യമാണ് ഇവിടെ ഓഫീസുകളിൽ കേൾക്കുക. എങ്ങിനെ ഒരു കാര്യം നടത്താതെ നോക്കാമെന്നത് ഒരു കലയായി വികസിപ്പിച്ചെടുത്തിരിക്കുന്നു കേരളം. മലയാളികൾ അങ്ങിനെയായിരുന്നില്ല. രാഷ്ട്രീയ പാർട്ടികൾ, നിങ്ങൾക്ക് കർത്തവ്യമൊന്നുമില്ല അവകാശങ്ങൾ മാത്രമേയുള്ളു എന്ന സൂത്രവാക്യം മലയാളിയുടെ തലയിൽ ബ്രെയിൻവാഷ് ചെയ്ത് കയറ്റിയിരിക്കുന്നു.
കേശവനോട് നിർമലയ്ക്ക് അസൂയ തോന്നേണ്ട. എന്നും അവധിയിലായിരിക്കുക എന്നത് വളരെ അപകടകരമായ ഒരു പ്രവണതയാണ്. ഇവിടെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന ബന്ദുകളിലും ഹർത്താലുകളിലും ഏറ്റവുമധികം സന്തോഷിക്കുന്നത് ഇവിടുത്തെ ഓഫീസ് ജോലിക്കാരായിരിക്കും. അവർ തലേന്നു തന്നെ ആവശ്യമുള്ള മദ്യക്കുപ്പികൾ വാങ്ങി സ്റ്റോക്കു ചെയ്ത് ആ ദിവസം ആഘോഷിക്കുന്നു. (ഇന്ത്യയിലേയ്ക്കുവച്ച് ഏറ്റവും കൂടുതൽ മദ്യം ചെലവാകുന്നത് കേരളത്തിലാണ്.) ദിവസക്കൂലിക്കാരുടെ കാര്യമാണ് കഷ്ടം. ഒരു ദിവസത്തെ കൂലി ഇല്ലാതാവുക എന്നതിനർത്ഥം അവരുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റുകയെന്നതാണ്.
തുടർച്ചയായി സംഭവിക്കുന്ന ബന്ദുകൾ (ബന്ദുകൾ ആചരിക്കുന്ന ഓരേയൊരു സംസ്ഥാനം ഇന്ത്യയിൽ കേരളം മാത്രമാണ്) നമ്മെ പുറകോട്ട് വലിക്കുകയാണെന്ന് ഇവിടെ ആരും മനസ്സിലാക്കുന്നില്ല.
പാശ്ചാത്യരാജ്യങ്ങളിൽ സമയക്കുറവുണ്ട് എന്ന കാരണംകൊണ്ട് സമയം വിശാലമായി കിടക്കുന്ന കേരളത്തിലേയ്ക്ക് വരുന്നതിനെപ്പറ്റി ആലോചിക്കണ്ട. അവിടെയെല്ലാം കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ തുടർച്ചയായി കിട്ടുന്ന ഒഴിവുദിവസങ്ങൾ സ്ഥലങ്ങൾ കാണാനോ മറ്റു വിധത്തിൽ ചെലവാക്കാനോ കഴിയുമല്ലൊ. മറിച്ച് ഇവിടെ ഒഴിവു സമയമെന്നത് ഒരു മിഥ്യയാണ്. ജീവിതപ്രാരാബ്ധങ്ങൾ തീർത്തുവരുമ്പോഴെയ്ക്ക് നമുക്കൊക്കെ വയസ്സാവും.
മലയാള പുസ്തകങ്ങളും വാരികകളും വായിക്കാൻ കിട്ടാനുള്ള വിഷമം മനസ്സിലാവുന്നുണ്ട്. മിക്കവാറും വാരികകൾ ഓൺലൈനായി വായിക്കാൻ കിട്ടുന്നുണ്ടല്ലൊ, മാതൃഭൂമിയുടെയും മനോരമയുടെയും പല പ്രസിദ്ധീകരണങ്ങളും സമകാലിക മലയാളവുമടക്കം? പുസ്തകങ്ങൾ വരുത്തുക എന്നത് സാഹസമാണെന്ന് എനിക്കറിയാം. ഞാൻ എന്റെ പുസ്തകങ്ങൾ ഓരോന്നായി വെബ്ബിൽ ഇടുകയാണ്. ഇപ്പോൾത്തന്നെ ഏഴു പുസ്തകങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളഭാഷയെ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന പ്രവാസികളെ ഉദ്ദേശിച്ചാണ് അതു ചെയ്യുന്നത്. ആർക്കു വേണമെങ്കിലും അത് ഡൗൺലോഡ് ചെയ്യാം.
ഇതൊരു അപൂർണ്ണമായ കുറിപ്പു മാത്രമാണ്. നിർമലയുടെ മനോഹരമായ ഭാഷയിലെഴുതപ്പെട്ട ലേഖനത്തിന് ഒരു നോക്കുകുത്തി മാത്രം.
10.07.2012