close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 05



രാവിലെ ഉണർന്നപ്പോഴേക്കും സുനന്ദിനി പോയിക്കഴിഞ്ഞിരുന്നു. പുറത്തുനിന്നു പലതരം കിളികളുടെ ശബ്ദം അവളെ എതിരേറ്റു. ഒരുണർത്തുപാട്ടിന്റെ മംഗളം കുറിക്കുന്ന ആ ശബ്ദങ്ങൾ ശ്രവിച്ച് അവൾ കുറച്ചു നേരം കിടന്നു. ഒരു പുതിയ സ്ഥലം, പുതിയ ദിവസം. ഒരു പുതിയ ജീവിതത്തിന്റെ നാന്ദിയാണോ അത്?

സഹ്യന്റെ കൊടുമുടികൾ തലോടിവന്ന കാറ്റ് തണുത്തതും ഓജസുറ്റതുമായിരുന്നു. അവൾ എഴുന്നേറ്റു ജനലിലൂടെ നോക്കി. മരങ്ങൾ അവയുടെ സൗന്ദര്യം മുഴുവൻ പ്രദർശിപ്പിച്ച് അവളെ വശീകരിച്ചു. ഇളം സൂര്യരശ്മികൾ ഇലകൾക്കിടയിലൂടെ അരിച്ചുവന്നു.

പെട്ടെന്നവൾക്ക് ഏകയാണെന്ന ബോധവും അതോടെ ഉൾവലിയാനുള്ള പ്രേരണയുമുണ്ടായി. അനാഥയാണെന്ന ബോധം ക്രമേണ വളർന്നുവരവേ ഭർത്താവ് ഒരിക്കൽ പറഞ്ഞത് ഓർമ്മവന്നു.

‘ഈ വലിയ വീട്ടിൽ നമ്മൾ മൂന്നാത്മാക്കൾ മാത്രം. അമ്മയുടെ കാലം കഴിഞ്ഞാൽ നമ്മൾ രണ്ടുപേർ മാത്രമാവും. അതു പോരേ?’

അയാൾ ഉദ്ദേശിക്കുന്നതെന്താണെന്നു സരളയ്ക്കു മനസ്സിലാവും. അവൾ വേദനിക്കും. ഒന്നും പറയാതെ അയാളുടെ ആലിംഗനത്തിൽ കിടക്കും. ഉറങ്ങുമ്പോഴും അയാൾ അവളെ മുറുകെ കെട്ടിപ്പിടിച്ചു. കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ അവൾക്കതു വിഷമമായിരുന്നു. ഉറക്കം വരുമ്പോൾ വേറിട്ടു കിടക്കാൻ ശ്രമിക്കുമ്പോൾ അയാൾ വീണ്ടും അവളെ വരിഞ്ഞടുപ്പിക്കും, കൈവിട്ടു പോകുമോ എന്നു പേടിക്കുന്നതുപോലെ. ക്രമേണ അതു ശീലമായി. പിന്നീടെല്ലാം ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നാൽ ആദ്യം നോക്കുക ഗോപിയേട്ടന്റെ കൈ അരക്കെട്ടിലില്ലേ എന്നതാണ്.

ഉറക്കം വരാത്ത രാത്രികളിൽ അവൾ നാലുകെട്ടിന്റെ സംഗീതം ശ്രവിച്ചു കിടക്കും. നാലുകെട്ട് ജീവനുള്ള ഒരു വിചിത്ര ജന്തുവാണെന്നു തോന്നും. താഴെ വടക്കിനിയിൽ അമ്മ കിടക്കുന്നുണ്ടാവും. അതിനുമപ്പുറത്തെ മുറിയിൽ ദേവതകൾ നിതാന്തജാഗ്രത പുലർത്തുന്നു. പൂജാമുറിയിൽനിന്നു ചന്ദനത്തിരിയുടെയും നിലവിളക്കിന്റെ കെടുത്തിയ എണ്ണത്തിരിയുടെയും മണം അവളെ തേടിയെത്തും. അദൃശ്യരായ ദേവതകളുടെ സാന്നിധ്യം അവൾക്ക് അനുഭവപ്പെടും.

വിനോദ് കോളജിൽനിന്ന് ഒഴിവിൽ വന്നാൽ മുകളിൽ തെക്കേ മുറിയിലാണു കിടക്കുക. രാത്രി വൈകുവോളം അവന്റെ മുറിയിൽ വെളിച്ചമുണ്ടാകും. പകൽ കിടന്നുറങ്ങി രാത്രി പഠിക്കുകയാണ് പതിവ്. ഇടയ്ക്ക് ഉണർന്നാൽ താഴെ അടുക്കളയിൽ വന്ന് അമ്മയെക്കൊണ്ടു കോളജ് ഹോസ്റ്റലിൽനിന്നു കഴിച്ച പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കിക്കും. ചിലപ്പോൾ അവൻതന്നെ പാകംചെയ്യും. എല്ലാം നോക്കി രസിച്ചു നിൽക്കുന്ന സരളയോടു പറയും.

‘ഏട്ടത്തിയമ്മേ, ഒരു സവാള അരിഞ്ഞുതരൂ, വേഗം.’

പിന്നെ കുറെനേരത്തേക്ക് അടുക്കളയിൽ വിനോദിന്റെ വക വറുക്കലും പൊരിക്കലും അരയ്ക്കലും മറ്റുമാണ്. വായിൽ വെള്ളമൂറുന്ന മണം പൊന്തിവരും.

ഗോപിയേട്ടൻ പറയും: ‘എനിക്ക് ഈവക സാധനങ്ങളൊന്നും വേണ്ട. അമ്മയുണ്ടാക്കുന്ന വെണ്ടയ്ക്കാ സാമ്പാറും കയ്പ്പയ്ക്കാ മെഴുക്കുപുരട്ടിയും മതി.’

വിനോദിന്റെ വിഭവങ്ങൾക്കു പക്ഷേ കസ്റ്റമേഴ്‌സ് ഉണ്ട്. അമ്മയ്ക്ക് ഇഷ്ടമാണവ. സരളയും അൽപമെടുത്ത് സ്വാദ് നോക്കും. വാസനപോലെ തന്നെ സ്വാദുമുണ്ട്.

‘എങ്ങനെണ്ട് ഏട്ടത്തിയമ്മേ എന്റെ കോഫ്ത്തക്കറി?’

‘വാസന കേട്ടപ്പോ നല്ല സ്വാദുണ്ടാവുംന്ന് തോന്നി.’

‘കഴിച്ചുനോക്കിയപ്പോൾ തീരെ സ്വാദില്ല, അല്ലേ?’

‘അതെ.’

‘എന്നാൽ ഇനി വേണ്ടല്ലോ?’

‘അയ്യോ ഞാൻ വെറുതെ പറഞ്ഞതാണ്. എനിക്കു കുറച്ചുകൂടി താ.’

‘വേണ്ട, വേണ്ടാ. എനിക്കു വേറെ കസ്റ്റമേഴ്‌സ് ഉണ്ട്. അല്ലേ അമ്മേ?’

അമ്മ ചിരിക്കും. വിനോദ് കളിയാക്കി മാറ്റിവച്ച പാത്രം പിന്നീടു സരളയുടെ നേരെ നീട്ടും.

‘ഇത്ര നല്ല സാധനങ്ങളൊക്കെയാണല്ലേ നീ ഹോസ്റ്റലിൽ കഴിക്കുന്നത്?’ സരള ചോദിക്കും.

‘കുറ്റമല്ല, അവന്റെ മെസ് ബിൽ കൂടുന്നത്.’ ഗോപിയേട്ടൻ പറയും.

അയാൾ കളിയായി പറയുന്നതാവും. പക്ഷേ വിനോദ് നിശബ്ദനാവും. അവനു ചേട്ടനെ സ്‌നേഹത്തോടൊപ്പം ഭയവുമായിരുന്നു. അവന്റെ പത്താം വയസ്സിലാണ് അച്ഛൻ മരിച്ചത്. അന്ന് ഇരുപതു വയസുള്ള ഏട്ടനാണ് ശവദാഹസമയത്തു കരഞ്ഞു ക്ഷീണിച്ച അവനെ ഉടലോടു ചേർത്തു താങ്ങിനിർത്തിയത്. അന്നുമുതൽ അക്ഷരാർഥത്തിൽ അയാൾ അനുജനെ താങ്ങുകയായിരുന്നു. പ്രീഡിഗ്രി പ്രഠിച്ചുകൊണ്ടിരുന്ന അയാൾ പഠിത്തം നിർത്തി വയലിലേക്ക് ഇറങ്ങി — അച്ഛന്റെ പണി തുടരാനായി. എൻജിനീയറാവണമെന്ന മോഹം അനുജനിലൂടെ സാക്ഷാൽക്കരിക്കാൻ ശ്രമിച്ചു. ചെളിയുടെ ഗന്ധത്തിലും മുളച്ചുവരുന്ന നെൽവിത്തുകളുടെ ജീവന്റെ തുടിപ്പിലും അയാൾ ആശ്വാസം കണ്ടെത്തി.

ഇരുപത്താറാം വയസിൽ കല്യാണം കഴിച്ചതു വാസ്തവത്തിൽ ആ വലിയ വീട്ടിൽ പകൽ മുഴുവൻ ഒറ്റയ്ക്കു കഴിയുന്ന അമ്മയ്ക്കു കൂട്ടിനുവേണ്ടിയായിരുന്നു. മകന്റെ കാര്യങ്ങളെല്ലാം അമ്മ ഭംഗിയായി നോക്കിയിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ചായയുണ്ടാക്കി മേശപ്പുറത്തുവയ്ക്കും. അതു കഴിഞ്ഞാൽ പ്രാതലിന്റെ പണിയായി. ഒൻപതുമണിയോടെ ഭക്ഷണം കഴിഞ്ഞ് അയാൾ പാടത്തേക്കിറങ്ങുന്നു. ഉച്ചഭക്ഷണത്തിനായി ഒരുമണിയോടെ വീട്ടിലെത്തും. അതിനിടയ്ക്കു നല്ല പുഴമീൻ വല്ലതും തരമായാൽ ജോലിക്കാരുടെ കൈയിൽ കൊടുത്തയയ്ക്കും. ഉച്ചയൂണു കഴിഞ്ഞാൽ ഒരു മണിക്കൂർ വിശ്രമം, താഴത്തെ മുറിയിൽ.

കല്യാണം കഴിഞ്ഞശേഷവും ഇതേ ചിട്ടകൾതന്നെ തുടർന്നു. ഉച്ചയ്ക്ക് ഉണരുമ്പോൾ കുടിക്കാനുള്ള വെള്ളം ഗ്ലാസിലാക്കി കട്ടിലിന്റെ തലപ്പത്തിട്ട സ്റ്റൂളിൽ വച്ച് സരള മുകളിലേക്കു പോകും. ആദ്യമെല്ലാം താഴെത്തന്നെ അമ്മയുടെ ഒപ്പം ഇരുന്നു കഴിച്ചുകൂട്ടി. ഒരു ദിവസം ഇരുന്നുറങ്ങുന്നതുകണ്ട് അമ്മ പറഞ്ഞു:

‘മോള് പോയി കിടന്നോ.’

അതിനുശേഷം ഉച്ചയുറക്കത്തിന് അവൾ മുകളിൽ പോയി. വാർണിഷ്ഇട്ട തട്ടിൽ ഒരു മൂലയിൽ തൂക്കിയിട്ട നിറങ്ങളുള്ള സ്ഫടികഗോളങ്ങളിൽ കണ്ണുംനട്ട് അവൾ ഒറ്റയ്ക്കു കിടക്കും. അതു നോക്കിയിരിക്കെ അവൾ വികാരഭരിതയാവും. ബ്ലൗസിന്റെ കുടുക്കുകളഴിക്കും. സ്വതന്ത്രമാക്കപ്പെട്ട മാറിൽ അവളുടെ നേരിയ വിരലുകൾ തലോടും. വിരൽത്തുമ്പിൽ പൊട്ടിവിരിയുന്ന രസബിന്ദുക്കളുടെ സാന്ത്വനത്തിൽ അവൾ കണ്ണടച്ചു കിടക്കും. സ്തനതടങ്ങളിൽ ഉരുണ്ടുകൂടുന്ന സ്വേദകണങ്ങൾ നെൽചെടികളുടെ ഗന്ധവുമായി വയലിൽനിന്നെത്തുന്ന കാറ്റ് സാവധാനത്തിൽ ഒപ്പിയെടുക്കും. ഗോപിയേട്ടൻ മുകളിൽ കയറിവന്നെങ്കിലെന്ന് ആശിക്കും. വരില്ലെന്ന അറിവോടെതന്നെ.

അയാൾ ഉച്ചയ്ക്ക് ഒരിക്കലും മുകളിലേക്കു കയറിവന്നില്ല. ആവശ്യമുള്ള കാര്യങ്ങളെല്ലാം താഴെത്തന്നെയുണ്ടാവും. ടൗണിൽ പോകണമെങ്കിൽ മാറ്റുവാനുള്ള വസ്ത്രങ്ങൾ, പണം, എല്ലാം താഴത്തെ മുറിയിലുണ്ടാവും. കല്യാണം കഴിഞ്ഞശേഷവും അയാൾ അയാളുടേതായ ഒരു ലോകം നിലനിർത്തി. ഉച്ചയുറക്കം കഴിഞ്ഞ് അയാൾ പോകുന്നതു സരള അറിയാറില്ല. പൂരിതമാകാത്ത വികാരങ്ങളുടെ വേലിയിറക്കത്തിലെവിടെയോ അവൾ ഉറക്കത്തിലേക്കു വഴുതിവീണിട്ടുണ്ടാകും.

രാത്രി ഒരനുഷ്ഠാനംപോലെ ഗോപി ഭാര്യയെ പ്രാപിച്ചു. തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാൻ അയാൾക്കു മടിയായിരുന്നു. പറയാതെതന്നെ ഭാര്യ അതെല്ലാം മനസിലാക്കണമെന്ന് അയാൾക്കു നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ടു ഗോപി കിടന്നാൽ അവൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങും. സാരി അഴിച്ചുമാറ്റി ഒരു കസേരയിൽ ഇടും. പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞു ബ്ലൗസും അടിവസ്ത്രങ്ങളും അഴിച്ചുമാറ്റും, ഒരു ചടങ്ങുപോലെ. ഗോപി അതിഷ്ടപ്പെട്ടു. എല്ലാം അഴിച്ചുമാറ്റി, അവൾ അയാളുടെ അടുത്തു ചേർന്നു കിടക്കും.

മുറുക്കാന്റെ വാസനയുള്ള നിശ്വാസം ദ്രുതമാകുന്നതു ശ്രദ്ധിച്ചുകൊണ്ട്, ഉണരാത്ത സ്വന്തം വികാരങ്ങളെ മോഹിച്ച് സരള കിടക്കും. ഭാര്യയുടെ വികാരങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് അയാൾ ഓർത്തില്ല. ചിതം വരുത്തിയ കണ്ടത്തിൽ വിത്തെറിയുന്ന കർഷകന്റെ നിസ്സംഗതയോടെ അയാൾ സുരതത്തിലേർപ്പെട്ടു.

വിത്തുകൾ മുളയ്ക്കാത്തതിന്റെ കാരണങ്ങൾ അയാൾ അന്വേഷിച്ചില്ല. വിത്തു പാകേണ്ടതു താനും, അതു മുളപ്പിക്കേണ്ടതു ദൈവവുമാണെന്നയാൾ വിശ്വസിച്ചു. ദൈവഹിതം അതായിരിക്കും. ആശുപത്രികളും ഡോക്ടർമാരും അയാൾക്കിഷ്ടമായിരുന്നില്ല. അന്വേഷണങ്ങൾ രണ്ടുപേരിൽ ഒരാളുടെ കഴിവുകേടിനെയായിരിക്കും കാണിക്കുക. ആരുടേതാണെന്നറിഞ്ഞിട്ട് എന്തുകാര്യം? കഴിവുകേടിന്റെ കാര്യത്തിൽ ഭാര്യയെ പഴിക്കാതിരിക്കാൻ മാത്രം അയാൾ അവളെ സ്‌നേഹിച്ചിരുന്നു.