close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 15



പ്രാതൽസമയത്തു ഹാളിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ സരള നോക്കി. ജ്ഞാനാനന്ദൻ പറഞ്ഞതു ശരിതന്നെ. 1984മേയ്മാസം. തിയ്യതിയെപ്പറ്റി അവൾ വിഷമിച്ചില്ല. പക്ഷേ എൺപത്തിനാലെന്ന സത്യം അവളെ പീഡിപ്പിച്ചു. ജ്ഞാനാനന്ദൻ പറഞ്ഞതോർത്തു. നമ്മുടെ ബോധമണ്ഡലത്തിനപ്പുറത്ത് എന്തൊക്കെയോ ഉണ്ട്. അതവളെ ശരിക്കും ഭയപ്പെടുത്തി. വീടുവിട്ടശേഷം ആശ്രമത്തിലെത്തുന്നതുവരെയുള്ള സംഭവങ്ങൾ വ്യക്തമല്ലാതായിരിക്കുന്നു. നഗരത്തിലെ ആശ്രമവും യോഗിനിയമ്മയും നേരിയ ഓർമ്മയുണ്ട്. പിന്നെ ദേവിക, ഒറ്റക്കാളവണ്ടി തെളിക്കുന്ന താടിക്കാരൻ. ദേവികയെപ്പറ്റിയും കാളവണ്ടിയെപ്പറ്റിയും പറഞ്ഞപ്പോൾ അന്തേവാസികളിലുണ്ടായ അമ്പരപ്പിന്റെ കാരണം അവൾക്കു മനസ്സിലായി. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണെന്നവൾ കണ്ടു.

സമയത്തിന്റെ മായയെപ്പറ്റി ഗുരു പറഞ്ഞു.

‘നമുക്കു മുഴുവൻ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത ഒരു പ്രതിഭാസമാണു സമയം. രണ്ടു സംഭവങ്ങൾക്കിടയിലെ കാലയളവിനെ നമ്മൾ സമയം എന്നു പറയുന്നു. സംഭവങ്ങളില്ലാതിരുന്നാൽ സമയവും നിശ്ചലമാകും. അങ്ങനെയൊരു അവസ്ഥ ഉണ്ടാവാൻ വഴിയില്ല. കാരണം ഒരു സെക്കൻറിന്റെ ആയിരത്തിലൊരംശത്തിൽത്തന്നെ എന്തൊക്കെ നടക്കുന്നു. കോടാനുകോടി ജീവികൾ, അവയിൽ അണുപ്രായമായ ബാക്ടീരിയ മുതൽ ആനപോലുള്ള മൃഗങ്ങൾ വരെ, പിന്നെ വൃക്ഷലതാദികൾ, എല്ലാം ജനിക്കുകയോ, വളരുകയോ, മരിക്കുകയോ ചെയ്യുന്നു. അനാദിയായ ഈ പ്രപഞ്ചത്തിൽ ഒന്നും നിശ്ചലമല്ല. ഒരു പരമാണുവിൽത്തന്നെ എത്ര ചലനങ്ങളുണ്ട്. ഒരു ബിന്ദുവിൽനിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള ചലനത്തിന്റെ കാലയളവാണു സമയം.

‘സമയം നമുക്കു നിർത്താൻ കഴിയില്ല. ആട്ടെ എന്താണു കുട്ടിയുടെ സംശയം?’

അവൾ ഗുരുവിനോട് അവളുടെ സംശയം പറഞ്ഞില്ല. ദുരൂഹതകൾ ഏറിവരുന്ന ഒരു ലോകത്ത് അവൾ ഒറ്റപ്പെടുകയാണ്.

‘ഈ മലയിൽ എന്തോ അദൃശ്യ ശക്തികളുണ്ടെന്നു തോന്നുന്നു.’ സരള പറഞ്ഞു.

ആനന്ദഗുരു ചിന്താധീനനായി. അദ്ദേഹം സ്വന്തം ഗുരുവായ വേലപ്പസ്വാമികളെ ഓർത്തു. തൊണ്ണൂറാം വയസ്സിലാണ് അദ്ദേഹം സമാധിയടഞ്ഞത്. അറുപതു കൊല്ലം അദ്ദേഹം ഈ മലനിരകളിൽ അലഞ്ഞുനടന്നു. ഇവിടെ ഒളിഞ്ഞുകിടക്കുന്ന രഹസ്യം എന്താണെന്നു മനസ്സിലാക്കാൻ. രഹസ്യം അനാവരണം ചെയ്യാനാകാതെത്തന്നെ അദ്ദേഹം പോയി. മനസ്സിലായ ചുരുക്കം കാര്യങ്ങൾ ശിഷ്യനു പകർന്നുകൊടുത്തു. പുനർജനിയുടെ സ്രോതസ്സുകളെപ്പറ്റി സ്വാമികൾ പറയാറുണ്ട്. അവിടെ ഒത്തുചേരുന്ന ആത്മാക്കൾ പോ യ ജന്മങ്ങളിലെ പാപപുണ്യങ്ങളുടെ കണക്കുകൾ ഒത്തുനോക്കുന്നു. ദൃശ്യപ്രപഞ്ചത്തിനുമപ്പുറത്തു കാലദേശഭേദങ്ങൾക്കതീതമായ ഒരു തലത്തിൽ അദൃശ്യശക്തികൾ ദൃശ്യപ്രപഞ്ചത്തിന്റെ മൂശ ഒരുക്കുകയാണ്. മനുഷ്യമനസ്സിനതീതമായ ഈ കാര്യങ്ങളെപ്പറ്റി അധികം ചിന്തിക്കുന്നതപകടമാണ്.

ആനന്ദഗുരു സരളയെ സാകൂതം നോ ക്കിക്കൊണ്ടു ചോദിച്ചു.

‘എന്താണിങ്ങനെ പറയാൻ കാരണം?’

സരള ഒന്നും പറഞ്ഞില്ല. മനസിന്റെ ഭയത്തെപ്പറ്റി, വ്യാകുലതയെപ്പറ്റി പറയാൻ അവൾ മടിച്ചു. അവൾ ഗുരുവിനു മുമ്പിൽ മുട്ടുകുത്തി. ഗുരു അവളുടെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.

തന്റെ കൈ വിറയ്ക്കുന്നതായി ഗുരുവിന് അനുഭവപ്പെട്ടു.

സരള പോയിക്കഴിഞ്ഞു കുറെനേരം ഗുരു കണ്ണടച്ചിരുന്നു. അദ്ദേഹം ഭയന്നിരുന്നു. വർഷങ്ങളായുള്ള സാധനയുടെ ഫലമായുണ്ടായ പരമസിദ്ധികളെല്ലാം അവസാന നിമിഷത്തിൽ കൈവിട്ടുപോവുകയാണോ? സരളയോടു സംസാരിക്കുമ്പോൾ മനസ് പതറിപ്പോകുന്നു. ഒരു പൂർവബന്ധത്തിന്റെ ശിഥിലമായ ഓർമ്മ നാഡികളെ ഉണർത്തുന്നു. സരള ഒരു കടങ്കഥയായിരുന്നു. ആകസ്മികതയുടെ ഒറ്റക്കാളവണ്ടിയിൽ തന്റെ മുമ്പിലെത്തിപ്പെട്ട ഇവൾ ആരാണ്, എവിടെനിന്നു വരുന്നു? പൂർവാപരബന്ധമില്ലാത്ത കാര്യങ്ങളാണ് അവൾ പറയുന്നത്. അവളുടെ സംശയങ്ങളാകട്ടെ സാധാരണ മനുഷ്യരുടേതുമല്ല. അവയുടെ ഉത്തരങ്ങൾ തന്റെ കയ്യിലില്ലതാനും.

ഗുരു കണ്ണു തുറന്നു. അകലെ മലനിരകൾ മഞ്ഞിന്റെ മറ താഴ്ത്തി. മലഞ്ചെരിവിലെ മരങ്ങൾ നിഴൽരൂപങ്ങളായി. പടിഞ്ഞാറുനിന്നുള്ള കാറ്റ് ആശ്രമത്തിന്റെ കിളിവാതിലിലൂടെ അകത്തുകടന്നു ഗുരുവിനെ സ്പർശിച്ചു.

മുറ്റത്തു ഹോമകുണ്ഡം തയ്യാറാക്കുന്ന ജ്ഞാനാനന്ദന്റെ മുഖം ആലോചനാമയമായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ തീ ആളിക്കത്തി. ജ്ഞാനാനന്ദന്റെ മുഖം ദീപ്തമായി. അവൻ വെറുതെ ഇരുന്നു. ഒന്നും ചെയ്യാനില്ല. സ്വാമികളുടെ കാലത്തു തുടങ്ങിയതാണ് ഈ കർമ്മം. അന്നു കാട്ടുമൃഗങ്ങളെ ഓടിക്കാനായി തുടങ്ങിവച്ചതായിരിക്കണം ഹോമകുണ്ഡം ജ്വലിപ്പിക്കുകയെന്ന കർമ്മം. ഇപ്പോൾ കാട്ടുമൃഗങ്ങളുടെ ശല്യമില്ല, എങ്കിലും അതൊരനുഷ്ഠാനമായി തുടരുന്നു.

ആനന്ദഗുരു ഹോമകുണ്ഡത്തിലേക്കു നോക്കി. ഇളകുന്ന തീജ്വാലകൾക്കിടയിൽ കത്തിപ്പിടിക്കുന്ന വിറകുകൾ വിചിത്ര രൂപങ്ങൾ കൈക്കൊണ്ടു. അദ്ദേഹം തന്റെ ഗുരുവായ സ്വാമികളെ ധ്യാനിച്ചു. ഒരു വെളിപാടിനുവേണ്ടി, രഹസ്യങ്ങളുടെ ഇരുട്ടറയിൽ വെളിച്ചത്തിന്റെ ഉദാത്തമായ ഒരു കണത്തിനുവേണ്ടി.

വെളിപാടുകളൊന്നുമുണ്ടായില്ല. ആനന്ദഗുരു എഴുന്നേറ്റു.