close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 06



രാവിലെ എഴുന്നേറ്റ ഉടനെ അഞ്ജലി ഫോൺ ഓണാക്കി. വിചാരിച്ചതുപോലെ അമ്മ എട്ടു പ്രാവശ്യം വിളിച്ചിരുന്നു. അവൾ വാതിൽ തുറന്നു. കമല പത്രവുംകൊണ്ട് അകത്തേയ്ക്കു കടന്നു. അമ്മയെ അപ്പോൾ വിളിക്കണോ? വേണ്ട, വിളിച്ചാൽ അമ്മ അടുത്തൊന്നും നിർത്തില്ല.

അവൾ കമലയുടെ പിന്നാലെ അടുക്കളയിലേയ്ക്കു ചെന്നു. പെട്ടെന്ന് ഫോണടിച്ചു.

‘അച്ഛനാണ് മോളെ.’

‘എന്താ അച്ഛാ?’

‘മോൾക്ക് വിഷമം ആയോ? നിനക്കറിയില്ല്യേ അമ്മയെ. അവള് അങ്ങിനെയൊന്നും ആലോചിക്കില്ല. എന്നോട് പറഞ്ഞു ഒന്ന് ചെയ്തുതരണംന്ന്. ഞാനത് ചെയ്യും ചെയ്തു. എന്നാൽ എനിക്കെങ്കിലും നിന്നോടൊന്ന് സംസാരിച്ചാൽ മത്യായിരുന്നു. അതുംണ്ടായില്ല. നിനക്കിതിനെപ്പറ്റി ഒന്നും അറീല്യാന്ന് എനിക്കും ധാരണണ്ടായിര്ന്നില്ല. പോട്ടെ മോളെ, ക്ഷമിയ്ക്ക്.’

‘സാരല്യ അച്ഛാ.’

‘നല്ല ചെറുപ്പക്കാരനാണോ മോളെ അയാള്?’

‘അതെ അച്ഛാ, പക്ഷേ സാരല്യ.’

‘നീയൊരു കാര്യം ചെയ്യ്. അയാളോട് കയർത്തതിന് മാപ്പു പറയൂ. ചെലപ്പൊ നെന്റെ സ്വഭാവള്ള കുട്ടിയെയായിരിക്കും അയാൾ ഇഷ്ടപ്പെടുക.’

‘അതു കണക്ക്തന്നെ അച്ഛാ. അച്ഛന് ഇപ്പഴത്തെ ചെറുപ്പക്കാരെപ്പറ്റി അറിയാഞ്ഞിട്ടാ. സാരല്യ. ഒരാളല്ലെങ്കിൽ വേറെ ആള് വരും. ഞാൻ കല്യാണത്തിന് തയ്യാറാവണംന്ന്ള്ളതാണ് ഏറെ പ്രധാനം. തല്ക്കാലം തയ്യാറല്ല. നോക്കട്ടെ.’

‘നാലഞ്ച് പ്രൊപോസല് ഇന്നത്തെ ഇ—മെയ്‌ലില് വന്നിട്ട്ണ്ട്. രണ്ടെണ്ണം ബാംഗളൂരിൽനിന്നാണ്. രണ്ടെണ്ണം ചെന്നൈയിൽനിന്നും. എല്ലാം ഐ.ടി. ഫീൽഡിലാണ്. ബാംഗളൂരിൽ നിന്ന്ള്ളത് നോക്ക്യാ മതി അല്ലെ?’

‘അച്ഛൻ പറഞ്ഞ് പറഞ്ഞ് എന്നെ ട്രിക്ക് ചെയ്യാണ്.’

അച്ഛൻ ഉറക്കെ ചിരിക്കുന്ന ശബ്ദം അവൾക്കു കേൾക്കാം.

‘ബാംഗളൂരിൽനിന്നുള്ള പ്രൊപോസലുകാരുടെ ജാതകം നോക്കണം. പറ്റുമെങ്കിൽ ആ ചെറുപ്പക്കാരനോട് അയാളുടെ ജാതകക്കുറിപ്പ് അയച്ചുതരാൻ പറയു.’

‘എന്നെക്കൊണ്ട് അതിനൊന്നും പറ്റില്ല. അയാള് വേണ്ടാന്നാ എന്റെ അഭിപ്രായം.’

‘അതെന്താ മോളെ?’

‘ഞാൻ അയാളോട് ഇങ്ങിന്യൊക്കെ പെരുമാറീട്ട് ഇനി അത് ശരിയാവില്ല.’

‘നോക്ക് മോളെ.’

‘അച്ഛാ, എനിക്ക് ഓഫീസിൽ പോണം.’ അവൾ ഫോൺ വെച്ചു കുളിമുറിയിലേയ്ക്കു നടന്നു.

ഇപ്പോൾ അമ്മ വന്ന് അച്ഛനെ ശല്യം ചെയ്യുന്നുണ്ടാവും. അഞ്ജലി ആലോചിച്ചു. മോളെന്തേ പറഞ്ഞത്? എന്നെപ്പറ്റി അന്വേഷിച്ചോ…

അഞ്ജലി ആലോചിച്ചപോലെത്തന്നെയാണ് അവളുടെ അച്ഛനും അമ്മയും സംസാരിച്ചിരുന്നത്. ഭർത്താവ് മകളോട് സംസാരിക്കുമ്പോൾ എന്തോ ജോലിയെടുക്കുകയാണെന്ന ഭാവത്തിൽ അവിടെ ചുറ്റിപ്പറ്റി നിന്ന ഭാര്യ ഭർത്താവ് ഫോൺ വെയ്ക്കാൻ കാത്തുനിൽക്കുകയായിരുന്നു. താൻ അപ്പോൾ ഇടപെട്ടാൽ എല്ലാം അലമ്പാവും എന്നറിയാവുന്ന അവർ ക്ഷമയോടുകൂടി കാത്തുനിന്നു. അച്ഛന് മകളുടെ മൂഡ് നന്നാക്കാൻ കഴിയുമെന്ന് അവർക്കറിയാം. അദ്ദേഹം വളരെ തന്ത്രപൂർവ്വം പെരുമാറും. തനിയ്ക്കതു കഴിയില്ല.

‘അവള് അമ്മയെപ്പറ്റി ഒന്നും അന്വേഷിച്ചില്ല. പക്ഷേ ആള് കുറേ തണുത്തിട്ട്ണ്ട്. നീയിനി അതും ഇതും പറഞ്ഞ് അവള്‌ടെ മൂഡ് കേടുവരുത്തണ്ട.’

‘ഏയ്, ഞാനൊന്നും പറയ്ണില്ല. എന്തേ അവള് പറഞ്ഞത്. അവസാനം സമ്മതിച്ചോ?’

‘എന്തിന്?’

‘ഇപ്പൊ കല്യാണം ആവാംന്ന്?’

‘അവള് ഒന്നും പറഞ്ഞില്ല. ഇപ്പൊ വേണ്ടാന്നും പറഞ്ഞില്ല.’

‘അതിനർത്ഥം അവള് തയ്യാറാന്നല്ലെ?’

‘അല്ല, അവൾക്ക് രാവിലെ ഓഫീസിൽ പോവാനുണ്ട്, ഇപ്പൊ സംസാരിക്കാൻ നേരല്ല്യാന്ന് മാത്രം.’

‘ഞാനീ കുട്ടിയെക്കൊണ്ട് തോറ്റു.’

‘അല്ല ലക്ഷ്മി, ഒരു കാര്യം ചോദിക്കട്ടെ?’

‘എന്താ?’

‘നീ അവളോട് കല്യാണക്കാര്യം സംസാരിച്ചിട്ടേ ഇല്ല അല്ലെ?’

‘അല്ലാന്നേയ്, നമ്മടെ മാലതിയേടത്തി പറയ്യാണ് പെൺകുട്ടികള്‌ടെ കല്യാണം വേഗം നടത്ത്വാണ് നല്ലത്ന്ന്. ഇപ്പ ബോയും ഗേളും തമ്മില് നാല്, കൂടിയാൽ അഞ്ച് വയസ്സ് വ്യത്യാസേണ്ടാവാറുള്ളു. ആൺകുട്ടികളാണെങ്കിൽ ഇരുപത്തേഴ് ഇരുപത്തെട്ടു വയസ്സിനുള്ളില് കല്യാണം കഴിക്കും ചെയ്യും. അപ്പൊ നോക്കു അഞ്ജലിയ്ക്ക് അന്വേഷിക്കണ്ട സമയായില്ലേ?’

‘അങ്ങിന്യൊന്നും ഇല്ല. ഞാൻ അറിയണ എത്ര ആൺകുട്ടികള് ഇരുപത്തൊമ്പതിലും മുപ്പതിലും ഒക്കെ കല്യാണം കഴിച്ചിട്ട്ണ്ട്.’

‘ഇപ്പഴത്തെ പെൺകുട്ടികളെ അറിയാഞ്ഞിട്ടാ. ആൺകുട്ടികൾക്ക് ഇരുപത്തൊമ്പതോ മുപ്പതോ ആയാൽ അയാൾ വയസ്സനായീന്നാ പറേണത്?’

‘എന്റെ ദൈവമേ!’ മാധവൻ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു. ‘മുപ്പതു വയസ്സിൽ ഒരാൾ വയസ്സനായിട്ട്‌ണ്ടെങ്കിൽ ഈ അമ്പത്തെട്ടാം വയസ്സിൽ എന്റെ സ്ഥിതി എന്താണ്?’

‘മറിച്ചാണ് സ്ഥിതി.’ മാധവൻ തുടർന്നു. ‘പെൺകുട്ടികൾക്ക് വേഗം വയസ്സു തോന്നിയ്ക്കും. ഒരു അഞ്ചു കൊല്ലം കഴിഞ്ഞ് നോക്കിയാൽ അറിയാം. മുപ്പത്തഞ്ചാം വയസ്സിലും ഭർത്താവ് നല്ല പയ്യനായി ഇരിക്ക്ണ് ണ്ടാവും. മറിച്ച് ഭാര്യ ഒരു പ്രസവം കഴിഞ്ഞാൽ തടിച്ച് ഒരമ്മച്ചിയാവും. പയ്യന്റെ ചേച്ചിയാണെന്നേ തോന്നു. ഇപ്പ നമ്മടെ കാര്യംതന്നെ നോക്കിയാൽ മതി.’

‘ഓ…’