close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 20



ഓഫീസിലെത്തി, കമ്പ്യൂട്ടർ തുറക്കാനിടയില്ല, അഞ്ജലിയുടെ സന്ദേശം ഒഴുകി വന്നു.

‘ഇന്നലെ എന്തു ചെയ്തു, ആരെയെങ്കിലും കണ്ടുവോ?’

‘കണ്ടു, ആതിരയെ.’

‘ഓ, തൃശ്ശൂർകാരി. എന്തു സംസാരിച്ചു?’

‘ഉച്ചയ്ക്ക് കാണുമ്പോൾ പറയാം.’

‘എവിടെവച്ചാണ് സംസാരിച്ചത്? ലഞ്ചിനു കൊണ്ടുപോയൊ?’

‘കൊണ്ടുപോയി.’

‘എവിടേയ്ക്ക് എന്നു പറയുന്നതിൽ വിരോധമില്ലെങ്കിൽ കേൾക്കാൻ ആഗ്രഹമുണ്ട്.’

‘ഇന്റിജോവിൽ.’

‘ഇന്റിജോവിൽ?’

‘അതെ.’

‘എന്തിനാണ് അവിടെ കൊണ്ടുപോയത്?’

അവൾ പെട്ടെന്ന് നെറ്റ്‌വർക് കണക്ഷൻ വിഛേദിച്ചു.

താൻ ആതിരയെ ആ റെസ്റ്റോറണ്ടിൽ കൊണ്ടുപോയത് ഇഷ്ടമായില്ല എന്നു സ്പഷ്ടം. അതാണ് മറ്റു വിവരങ്ങളൊന്നും അന്വേഷിക്കാതിരുന്നത്. എന്തിനാണ് അവിടെ കൊണ്ടുപോയത് എന്നാണ് ചോദിച്ചത്. വേറെ ഏതെങ്കിലും റെസ്റ്റോറണ്ടിലായിരുന്നെങ്കിൽ അവൾക്ക് വിഷമമുണ്ടാവില്ലായിരുന്നു. സാരമില്ല ഉച്ചയ്ക്ക് കാന്റീനിൽവച്ചു കാണുമ്പോൾ സംസാരിക്കാം.

ഉച്ചയ്ക്ക് പക്ഷേ അഞ്ജലി കാന്റീനിൽ വരികയുണ്ടായില്ല. സുഭാഷ് കാന്റീനു പുറത്ത് കുറച്ചുനേരം കാത്തുനിന്നു. പത്തു മിനുറ്റോളം നിന്നിട്ടും അവളെ കണ്ടില്ലെന്നു കണ്ടപ്പോൾ അയാൾ ഉള്ളിൽ പോയി പരതി. അവൾ രണ്ടു ഹാളിലും ഇല്ല. അയാൾ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ തീർച്ചയാക്കി. തിരിച്ച് ഓഫീസിൽ എത്തിയപ്പോൾ അഞ്ജലി ജോലിയെടുക്കുന്നതാണ് കണ്ടത്. അയാൾക്ക് വേണമെങ്കിൽ അവളുടെ അടുത്ത് ചെന്ന് വിവരങ്ങളന്വേഷിക്കാം. സുഭാഷ് പക്ഷേ അതിഷ്ടപ്പെട്ടില്ല.

അയാൾ നെറ്റ്‌വർക്കിലൂടെ അവളുമായി ബന്ധപ്പെട്ടു. ഭാഗ്യത്തിന് അവൾ നെറ്റ്‌വർക്ക് മെസഞ്ചർ ഓഫാക്കിയിട്ടിട്ടില്ല.

‘ഇത് സുഭാഷാണ്.’

‘ശരി.’

‘എന്താണ് ഇന്ന് തിന്നാവൂനെ കാന്റീനിൽ കണ്ടില്ലല്ലൊ.’

‘ഇതു ചോദിക്കാനാണോ വിളിച്ചത്?’

‘അതെ.’

‘എന്റെ മറുപടി ശരിക്കും പ്രതീക്ഷിക്കുന്നുണ്ടോ?’

‘മറുപടി പ്രതീക്ഷിക്കാതെ ഞാൻ ചോദ്യങ്ങൾ ചോദിക്കാറില്ല.’

‘ശരി, എന്തിനാണ് ആതിരയെ ഇന്റിജോവിൽത്തന്നെ കൊണ്ടുപോയത്?’

‘എന്തിനാണ് ആതിരയെ ഇന്റിജോവിൽ കൊണ്ടുപോയത് എന്നതിന് ഒരു വിശദീകരണത്തിന്റെ ആവശ്യമുണ്ടോ എന്നെനിക്കറിയില്ല. എന്നാലും ഞാനെന്റെ ഭാഗം വ്യക്തമാക്കുകയാണ്. എനിക്കാ സ്ഥലം നല്ലവണ്ണം അറിയാം. അറിയുന്ന നിലത്ത് യുദ്ധം ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഒരു നല്ല കാപ്റ്റന്റെ ലക്ഷണമാണത്. ‘

‘യു മേ ബി എ ഗ്രെയ്റ്റ്, കാപ്റ്റൻ, ബട്ട് എ ലൗസി ലവർ.’

അവൾ നെറ്റ്‌വർക്ക് മെസഞ്ചർ ഓഫാക്കി. സുഭാഷ് ആകെ ആശയക്കുഴപ്പത്തിലായി. എന്താണവളുടെ മനസ്സിൽ? അയാൾ ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു. അവൾ ഫോണും ഓഫാക്കിയിട്ടിരിക്കയാണ്. തന്റേതല്ലാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നതയാളിഷ്ടപ്പെട്ടില്ല. അയാൾക്ക് വല്ലാതെ ദേഷ്യം പിടിച്ചിരുന്നു.