close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 22



രാവിലെ ഫോൺ കുറച്ചുനേരം ഓണാക്കിയിട്ടപ്പോഴേയ്ക്ക് അമ്മ വിളിച്ചു. അവൾ ഹലോ പറഞ്ഞു.

‘എന്താ മോളെ നീയിങ്ങനെ ഫോൺ ഓഫാക്കിയിട്ടിട്ടുള്ളത്?’

‘ഞാൻ കുറച്ചു തിരക്കിലാണമ്മെ, പിന്നെ വിളിയ്ക്കു.’ അമ്മയ്‌ക്കൊന്നുംതന്നെ പറയാൻ അവസരം കൊടുക്കാതെ അവൾ ഫോൺ വീണ്ടും ഓഫാക്കിയിട്ടു.

‘എന്തായാലും അവൾക്ക് അസുഖൊന്നുംല്യ. അത് തന്നെ ആശ്വാസം.’ ലക്ഷ്മി പറഞ്ഞു.

‘അതെ. പക്ഷേ എന്താണവൾ ഇങ്ങിനെ പെരുമാറണത്? വളരെയധികം ജോലിത്തിരക്കുള്ളപ്പോൾ കൂടി അവൾ ഇതിലധികം നേരം സംസാരിക്കാറുണ്ട്. അവൾക്ക് എന്തോ വെഷമംണ്ട്. അതെന്താണ്ന്നാണറിയേണ്ടത്.’ മാധവൻ പറഞ്ഞു.

‘നമുക്കൊന്ന് പോയിനോക്കിയാലോ?’ ലക്ഷ്മി പറഞ്ഞു.

‘രണ്ടു ദിവസം കഴിയട്ടെ. എന്തായാലും അസുഖൊന്നുംല്യാന്ന് മനസ്സിലായല്ലൊ.’

ഓഫീസിൽ പോകുന്നതിനുമുമ്പ് അവൾ ഫോണെടുത്തു നോക്കി. രണ്ടു കാളുകൾ വീണ്ടും വന്നിട്ടുണ്ട്. രണ്ടും സുഭാഷിന്റെ. ഒന്ന് തലേന്ന് രാത്രി ഒമ്പതു മണിയ്ക്ക്, ഒന്ന് ഇന്നു രാവിലെ ഏഴുമണിയ്ക്ക്.

നന്നായിപ്പോയി!

അവൾ അന്ന് ഓഫീസിലേയ്ക്ക് ലഞ്ച് കൊണ്ടുപോയില്ല.

ഉച്ചയ്ക്ക് സുഭാഷ് കാന്റീനിൽ അഞ്ജലിയെ പ്രതീക്ഷിച്ചില്ല. പുതിയ നടപ്പുപ്രകാരം വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടുവരികയായിരിക്കുമെന്നു കരുതി. പക്ഷെ ട്രേയിൽ ഭക്ഷണമെടുത്ത് ഹാളിൽ എത്തിയ സുഭാഷ് കണ്ടത് അവൾ ഭക്ഷണം കഴിക്കുന്നതാണ്, അയാൾക്ക് പരിചയമില്ലാത്ത ഏതോ പെൺകുട്ടിയുടെ ഒപ്പമിരുന്ന്. ധാരാളം മേശകൾ ഒഴിഞ്ഞു കിടന്നിരുന്നു. എന്നിട്ടും അതിലൊന്നും ഇരിക്കാതെ പരിചയമില്ലാത്ത ഒരു കുട്ടിയുടെ ഒപ്പമിരുന്നത് തന്നെ ഒഴിവാക്കാൻതന്നെയാണെന്ന് സുഭാഷിനു മനസ്സിലായി. തന്നെ കണ്ട ഭാവം നടിക്കാതെ അവൾ ഒപ്പമിരിക്കുന്ന കുട്ടിയുമായി സംസാരിക്കുകയായിരുന്നു. സുഭാഷ് വളരെ അകലെയല്ലാതെ ഒരു മേശമേൽ ട്രേ വച്ച് ഇരുന്നു. അഞ്ജലി ഭക്ഷണം വളരെ ചുരുക്കിയിട്ടുണ്ടെന്നു തോന്നി. അവളുടെ പ്ലെയ്റ്റിൽ അധികമൊന്നും വിഭവങ്ങൾ കണ്ടില്ല. തന്റെ ഭക്ഷണം പകുതിയായപ്പോഴേയ്ക്കും അവൾ എഴുന്നേറ്റു കഴിഞ്ഞു. അവൾ ഒറ്റയ്ക്ക് ട്രെയുമെടുത്ത് തന്റെ മുമ്പിലൂടെ നടന്നുപോയി, തന്നെ ശ്രദ്ധിക്കാതെത്തന്നെ.

ആതിരയോട് പിന്നീടൊന്നും സംസാരിച്ചിട്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ ഫോൺ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. ഇനി വന്ദനയെ കാണണോ? ഇനിയും പെൺകുട്ടികളെ ബുദ്ധിമുട്ടിയ്ക്കാൻ സുഭാഷ് ഇഷ്ടപ്പെട്ടില്ല. ഒരു കുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ അവളോട് വീണ്ടും സംസാരിക്കുക. അവൾക്കും പരിപൂർണ്ണ സമ്മതമാണോ എന്നു നോക്കുക. അതോടെ മതിയാക്കുക. അഞ്ജലി ഇങ്ങിനെ ഇടഞ്ഞുനിൽക്കുമ്പോൾ അതിനൊന്നുമുള്ള മനസ്സുവരുന്നില്ല. എന്താണവൾ ഇങ്ങിനെ പിണങ്ങാൻ കാരണം? അവൾ പറഞ്ഞിട്ടാണ് ആതിരയോട് സംസാരിച്ചത്. അവളെ ആ റെസ്റ്റോറണ്ടിൽത്തന്നെ കൊണ്ടുപോയി എന്നത് ഇത്ര വലിയ തെറ്റാണോ? ഒരുപക്ഷേ ജീവിതത്തിൽ അങ്ങിനെയുള്ള നനുത്ത വികാരങ്ങൾക്കൊന്നും സ്ഥാനം കൊടുക്കാത്തതുകൊണ്ട് തനിയ്ക്കതു മനസ്സിലാവാത്തതായിരിക്കും. അവൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ സാധാരണ മട്ടിലാവുമെന്നു കരുതിയതാണ്. അങ്ങിനെയൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, അവളുടെ ഉറച്ച നില ഓരോ നിമിഷവും തന്നെ കാണിക്കണമെന്നുമുണ്ട് അവൾക്ക്. കാന്റീനിൽ ഭക്ഷണം കഴിഞ്ഞ് പോകാൻ മറ്റു വഴികളുണ്ടായിട്ടും ആ വഴിയ്‌ക്കൊന്നും പോകാതെ തന്റെ മുമ്പിലുടെത്തന്നെ പോയി, തന്നെ പാടെ അവഗണിച്ചുകൊണ്ട്. എന്തിനാണവൾ ബാലിശമായ ഈ കളി കളിക്കുന്നത്? സുഭാഷ് ആശയക്കുഴപ്പത്തിലായി. നോക്കാം. ഈ വക പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കപ്പെടുമെന്നാണ് സുഭാഷിന്റെ അറിവ്. ഏത് ഇടപെടലും സഹായിക്കുന്നതിനു പകരം പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു.

നാട്ടിലുള്ളവർക്ക് പക്ഷെ അങ്ങിനെ ആശ്വസിക്കാൻ കഴിഞ്ഞില്ല. അവർ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല. മിക്കവാറും എപ്പോഴും അഞ്ജലിയുടെ ഫോണുകൾ ഓഫായി കിടക്കുകയാണ്. ഇ—മെയ്‌ലിനും മറുപടി കിട്ടുന്നില്ല. എന്തൊരു കുട്ടിയാണിത്?

ശനിയും ഞായറും കമല വൈകിയിട്ടേ വരാറുള്ളു. അന്ന് ഓഫീസിൽ പോകണ്ടല്ലോ. അഞ്ജലിയ്ക്ക് രാവിലെ ഉറങ്ങാൻ കഴിയുന്ന ദിവസങ്ങളാണവ. അതുകൊണ്ട് ശനിയാഴ്ച നേരത്തെ ബെല്ലടിച്ചപ്പോൾ അവൾ കമലയെ ശപിക്കുകയാണുണ്ടായത്. കമലതന്നെയാണ് ബെല്ലടിച്ചതെന്ന ഉറപ്പുകാരണം അവൾ പീപ്‌ഹോളിലൂടെ നോക്കാതെത്തന്നെ വാതിൽ തുറന്നു.

അച്ഛനും അമ്മയും!

‘എന്താത്, അറിയിക്കാണ്ടെ?’ മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ അവൾ പറഞ്ഞു. ‘നിങ്ങളെന്റെ ശനിയുറക്കം കളഞ്ഞു.’

‘സാരല്യ.’ അമ്മ പറഞ്ഞു ‘ഞങ്ങള് ഒരാഴ്ച്യായി മര്യാദയ്ക്ക് ഒറങ്ങീട്ട്.’

‘എന്തു കാര്യത്തിന്?’ അവൾ സൂട്ട്‌കേസെടുത്ത് അകത്തേയ്ക്കു നടന്നു.

‘നിനക്കെന്താണ് പറ്റീത്? സുഖംല്ല്യെ, വല്ലാത്ത കോലായിട്ട്ണ്ടല്ലോ.’ അമ്മ ചോദിച്ചു.

അഞ്ജലി ഒന്നും പറയുന്നില്ല. അച്ഛനും ഒന്നും മിണ്ടാതെ നിൽക്കുകയാണ്. എന്തുകൊണ്ടോ അവൾക്ക് അച്ഛന്റെ കാര്യത്തിൽ വിഷമം തോന്നി. അവർ ഇത്ര ധൃതിയിൽ ഓടിവരുമെന്നൊന്നും അവൾ കരുതിയിരുന്നില്ല. അച്ഛന്റെ ആരോഗ്യം അത്ര മെച്ചമൊന്നുമല്ല. യാത്ര അദ്ദേഹത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും കാണിക്കാതെ അച്ഛൻ വെറുതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.

‘ഞാൻ ചായണ്ടാക്കട്ടെ.’ അഞ്ജലി അടുക്കളയിലേയ്ക്കു പോയി. അവൾ അച്ഛന്റെയും അമ്മയുടെയും നോട്ടത്തിൽനിന്ന് ഒഴിവാകുകയായിരുന്നു. അച്ഛൻ സോഫയിലിരുന്ന് പത്രവായന തുടങ്ങി. പക്ഷെ അമ്മ അവളുടെ പിന്നാലെ അടുക്കളയിലേയ്ക്കു പോയി. ഇനി അമ്മയുടെ വക കുത്തുന്ന ചോദ്യങ്ങളായിരിക്കും. അച്ഛന് വരാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. അച്ഛൻ ഒപ്പം വന്നാൽ അഞ്ജലി മനസ്സു മുഴുവൻ തുറക്കില്ലെന്നദ്ദേഹത്തിന്നറിയാം. സംസാരം കഴിഞ്ഞാൽ അമ്മ അച്ഛന്റെ അടുത്തുപോയി കാര്യങ്ങളെപ്പറ്റി വളരെ വിശദമായ റിപ്പോർട്ടു കൊടുക്കും. അതുകൊണ്ടാണ് അച്ഛൻ ശാന്തനായി പത്രപാരായണം നടത്തുന്നതെന്ന് അവൾക്കറിയാം.

‘എന്താ മോളെ നിനക്ക് പറ്റീത്? പറേ. കഴിഞ്ഞ ആഴ്ചവരെ സംസാരിച്ച ആളേ അല്ലല്ലൊ ഇപ്പൊ നീ. നെനക്ക് എന്തു പ്രശ്‌നംണ്ടായാലും ഞങ്ങളോടല്ലെ പറേണ്ടത്?’

കണ്ണിന്റെ ഉറവ തുറക്കാതിരിക്കാൻ അഞ്ജലി ശ്രമിച്ചു. അവൾ പറഞ്ഞു.

‘എനിക്കൊരു പ്രശ്‌നുംല്യമ്മേ. ജോലി കൂടുതലാന്ന് മാത്രം.’

മകൾ നുണ പറയുകയാണെന്ന് ലക്ഷ്മിയ്ക്ക് മനസ്സിലായി. പെറ്റുവീണ അന്നുമുതൽ കാണാൻ തുടങ്ങിയതാണ്. അവൾ ഒരു വിരലനക്കുമ്പോൾ അതെന്തിനാണെന്ന് അവർക്കറിയാം.

‘ഞങ്ങള് മര്യാദയ്‌ക്കൊന്ന് ഒറങ്ങീട്ട് ദിവസങ്ങളായി. അച്ഛന്റെ കാര്യാ കഷ്ടം. അച്ഛൻ കണ്ടില്ലേ വല്ലാതെ ക്ഷീണിച്ചിരിക്കുണു.’

‘യാത്രാക്ഷീണായിരിക്കുംന്നാ ഞാൻ കരുതീത്.’

‘അല്ലല്ല, അച്ഛന് ഇപ്പ യാത്ര ചെയ്താല് ക്ഷീണൊന്നും കാണാറില്ല.’ മകളുടെ അച്ഛനോടുള്ള അനുതാപത്തിൽനിന്ന് മുതലെടുക്കാമെന്നവർ കരുതി.

ബെല്ലടിച്ചു.

‘അമ്മ പോയി വാതിൽ തുറക്കൂ. കമല വന്നതാണ്. ഇനി അവള്‌ടെ മുമ്പില് വെച്ചിട്ട് അമ്മ ഒന്നും പറയല്ലേ. അതിന് അത്യാവശ്യം മലയാളം അറിയാം. വല്ലാത്ത സാധനാ അത്.’

‘ഞാനൊന്നും പറയ്ണില്ല.’ അവർ വാതിൽ തുറക്കാൻ പോയി. അഞ്ജലി ചായയുമെടുത്ത് സിറ്റിങ്‌റൂമിലേയ്ക്കു നടന്നു.

കമലയുടെ ശബ്ദം ഉറക്കെ കേൾക്കുകയാണ്. അഞ്ജലിയുടെ അച്ഛനുമമ്മയും വന്ന സന്തോഷത്തിലാണവൾ. എട്ടുമണിയ്ക്കുതന്നെ പണി നിർത്താനായി ഇനി പിടഞ്ഞു ജോലിയെടുക്കേണ്ട.

‘ഈ പെണ്ണിനൊരു വോള്യം കണ്ട്രോൾ പിടിപ്പിക്കണം.’ അച്ഛൻ പറഞ്ഞു. ‘വാതിലിനു പുറത്തുവച്ചുതന്നെ വോള്യം കുറയ്ക്കാൻ പറയണം.’

അച്ഛൻ കുടിച്ചുകഴിഞ്ഞ ചായകപ്പുമായി അടുക്കളയിലേയ്ക്കു ചെന്ന അഞ്ജലി കാണുന്നത് അമ്മയും കമലയുമായി താഴ്ന്ന സ്വരത്തിൽ എന്തോ സംസാരിക്കുന്നതാണ്. അവൾ അമ്മയെ രൂക്ഷമായി നോക്കി. അമ്മ വേഗം ചായക്കപ്പുമായി പുറത്തേയ്ക്കു പോയി. പ്രാതൽ എന്താണുണ്ടാക്കേണ്ടതെന്ന് കമലയോട് പറഞ്ഞ് അഞ്ജലി പുറത്തു കടന്നു. അമ്മ അച്ഛന്റെ അടുത്തിരുന്ന് എന്തോ സംസാരിക്കുകയാണ്. കമലയിൽനിന്നു കിട്ടിയ വിവരങ്ങൾ അച്ഛന് റിപ്പോർട്ടു കൊടുക്കുകയാണ്.

‘നോക്ക്, ഞാനൊന്നും ചോദിച്ചില്ല.’ അമ്മ പറഞ്ഞു. അവർ മുൻകൂർ ജാമ്യമെടുക്കുകയാണ്. ‘കമല ഇങ്ങട്ട് പറയ്യേ ചെയ്തത്.’

‘എന്ത്?’ അഞ്ജലിയുടെ ശബ്ദം കുറച്ചുയർന്നിരുന്നു.

‘അല്ല അവള് പറയാണ് നീ ഭക്ഷണൊക്കെ നല്ലോണം ചുരുക്കീട്ട്ണ്ട്ന്ന്. രാവിലെ രണ്ട് ഇഡ്ഡലി മാത്രേ കഴിക്കാറുള്ളു. രാത്രിയ്ക്ക് ഒരു ചപ്പാത്തി മതീന്ന് പറയും ചെയ്യുംന്ന്.’

‘ഞാൻ ഡയറ്റിങ്ങിലാണ്.’

‘ഇങ്ങനെ ഡയറ്റിങ് തൊടങ്ങ്യാല് ആള്തന്നെ ഇല്ലാണ്ടാവില്ലെ?’

‘ഇല്ലാണ്ടായ്‌ക്കോട്ടെ, ആർക്കാ നഷ്ടം?’ അവൾ എഴുന്നേറ്റുപോയി.

അവർ രണ്ടുപേരും പകച്ചുനോക്കി. പിന്നെ മാധവൻ പറഞ്ഞു.

‘നീ ധൃതിപ്പെടണ്ട. നമുക്ക് സാവധാനം എല്ലാം ചോദിച്ചു മനസ്സിലാക്കാം. ജോലിക്കാരി ഒന്ന് പൊയ്‌ക്കോട്ടെ.’

കമല ഒമ്പതു മണിയ്ക്ക് പോയി. പിന്നാലെ അഞ്ജലി കുളിമുറിയിൽ കയറി. കുളിക്കാൻ കയറുമ്പോൾ അവൾ കുളിമുറി മാത്രമല്ല, അവളുടെ മുറിയും അകത്തുനിന്ന് അടച്ചു കുറ്റിയിടാറുണ്ട്. അവളുടെ പഴയ ശീലമാണത്. കുളി കഴിഞ്ഞ് പുറത്തുവന്നപ്പോൾ അവൾ പറഞ്ഞു.

‘ഞാൻ പച്ചക്കറിയൊക്കെ വാങ്ങി വരാം. കുറച്ച് സമയം എടുക്കും, വേറെം കുറെ സാധനങ്ങള് ഓർഡർ ചെയ്യാന്ണ്ട്.’

അവൾ സഞ്ചിയുമെടുത്ത് പുറത്തിറങ്ങിയപ്പോൾ മാധവനും ലക്ഷ്മിയും അന്യോന്യം നോക്കി. അവർ വന്നിട്ട് നാലു മണിക്കൂറായി, പക്ഷെ ഇപ്പോഴും മകളുടെ പ്രശ്‌നത്തെപ്പറ്റി വരുമ്പോഴുണ്ടായിരുന്ന അറിവേയുള്ളു. എന്തു സംസാരിച്ചാലാണ് അവളുടെ മനസ്സു തുറക്കാൻ പറ്റുക?