പ്രണയത്തിനൊരു സോഫ്റ്റ്വെയർ 23
സെൽഫോണടിച്ചു.
‘ഇത് മോളടെ ഫോണാണല്ലൊ, അവളത് കൊണ്ടുപോയിട്ടില്ലെ?’
‘നീ നോക്ക്. ചെലപ്പൊ അവള്തന്നെയാണ് വിളിക്കണ്തെങ്കിലോ?’
ലക്ഷ്മി അകത്തുപോയി ഫോണെടുത്തു കൊണ്ടുവന്നു.
‘ഒരു സുഭാഷാണ്.’
‘ആരായാലും നീ സംസാരിക്ക്.’
അവർ ഹലോ എന്നു പറഞ്ഞ ഉടനെ അയാൾ പറഞ്ഞു.
‘അഞ്ജലി, ഇത് സുഭാഷ്.’
‘ഇത് അഞ്ജലിയല്ല. അവളുടെ അമ്മയാണ്.’
‘അത്യോ? ഞാൻ അഞ്ജലിടെ ഒപ്പം ജോലിയെടുക്കണ ആളാണ്. അഞ്ജലി ഇല്ല്യേ?’
‘അവള് പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയിരിക്ക്യാണ്. വന്നാൽ തിരിച്ച് വിളിക്കാൻ പറയണോ?’
‘തിരിച്ച് വിളിക്കാൻ പറയു.’ അയാൾ ഫോൺ നിർത്തി.
മാധവൻ ഭാര്യയെ നോക്കി.
‘അതെയ്, ഒരു സുഭാഷാണ്. മോളടെ ഒപ്പം ജോലിയെടുക്കണ ആളാത്രെ.’
ലക്ഷ്മി വെറുതെ ഫോണിൽ പരതുകയായിരുന്നു.
‘കഴിഞ്ഞ ഒരാഴ്ചയായി മിസ്സ്ഡ് കാൾസിൽ ഇയ്യാള്ടെ നമ്പർ അഞ്ചെട്ടു പ്രാവശ്യം വന്നിട്ട്ണ്ട്. ഈ നമ്പറും നമ്മടെ നമ്പറും മാത്രെ മിസ്സ്ഡ് കാൾസിലുള്ളൂ. അവള് നമ്മളെപ്പോലെത്തന്നെ ഇയ്യാളേം ഒഴിവാക്ക്വായിരുന്നുന്ന് തോന്നുണു.’
‘ആ ഫോൺ ഇങ്ങട്ടു തരു.’
മാധവൻ സുഭാഷിന്റെ നമ്പർ ഡയൽ ചെയ്തു.
‘ഇത് അഞ്ജലിടെ അച്ഛനാണ്.’
‘ഹലോ അങ്ക്ൾ.’
‘സുഭാഷ് മോള്ടെ അതേ കമ്പനീലാണെന്നല്ലെ പറഞ്ഞത്. ഒരു കാര്യം അറിയാനാണ്. അതേ ഫ്ളോറിലാണോ.’
‘അതെ, നാലഞ്ചു ക്യൂബിക്ക്ൾ അപ്പുറത്തുമിപ്പുറത്തുമാണെന്നേയുള്ളു.’
‘സുഭാഷിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നിതുവരെ വരാമോ?’
‘വരാം അങ്ക്ൾ. എനിക്ക് സ്ഥലം പറഞ്ഞുതന്നാൽ മതി.’
താൻ ചെയ്തതിന്റെ ശരിയും തെറ്റും അയാൾ കുറച്ചുനേരം ആലോചിച്ചു. എന്തുവന്നാലും ശരി, അഞ്ജലിയുടെ ഇപ്പോഴത്തെ നില മാറ്റിയെടുക്കുകതന്നെ വേണം.
അര മണിക്കൂറിനുള്ളിൽ സുഭാഷ് എത്തി.
നല്ല ചെറുപ്പക്കാരൻ.
തന്റെ അടുത്തുതന്നെ സോഫയിൽ ഇരുത്തിയശേഷം മാധവൻ സുഭാഷിന്റെ വീട്ടുവിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞു.
‘ഒരു കാര്യം ചോദിക്കട്ടെ.’
‘ഒന്നല്ല അങ്ക്ൾ എത്രവേണമെങ്കിലും ചോദിക്കാലോ.’
‘ഞങ്ങൾ ഇന്റർനെറ്റ് മട്രിമോണിയലിൽ മോൾക്ക് വേണ്ടി ഒരു ഇൻസർഷൻ കൊടുത്തിരുന്നു. അതവളെ മുൻകൂട്ടി അറിയിച്ചില്ല. അതുകണ്ട് ഓഫീസിൽത്തന്നെള്ള ഒരു ചെറുപ്പക്കാരൻ അവളെ സമീപിച്ചപ്പോൾ അവള് പെട്ടെന്ന് ദേഷ്യം പിടിച്ച് അയാളോട് മോശമായി പെരുമാറി. പിന്നെ അവൾക്ക്തന്നെ വിഷമമായി. ശരിക്കും പറഞ്ഞാൽ മുൻകൂട്ടി അറിയിക്കാത്തതുകൊണ്ട് അവൾക്ക് ഞങ്ങളോടാണ് ദേഷ്യം പിടിച്ചത്. ആ ചെറുപ്പക്കാരൻ നിങ്ങളാണോ?’
‘അതെ അങ്ക്ൾ. പക്ഷെ അതു കഴിഞ്ഞ് അന്നുതന്നെ കാന്റീനിൽ വച്ച് അവൾതന്നെ എന്റെ അടുത്ത് വന്നിരുന്ന് സംസാരിച്ചു ലോഗ്യായി. അതിനുശേഷം ഞാനും അവളും തമ്മിൽ നല്ല ഫ്രെന്റ്ഷിപ്പായിരുന്നു…’
സുഭാഷ് ഉണ്ടായ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു.
‘അവളാണ് എന്റെ മാര്യേജ് കൺസൾട്ടന്റ്ന്ന് പറയാറുണ്ട്. കൺസൾട്ടൻസിയ്ക്ക് ഫീസായി ട്രീറ്റ് കൊടുക്കാംന്ന് പറഞ്ഞ് ഞാനവളെ ഒരു റെസ്റ്റാറണ്ടിൽ കൊണ്ടുപോയി. അവളത് നല്ലോണം ആസ്വദിക്കുകയും ചെയ്തു. നല്ല സന്തോഷത്തിലും ആയിരുന്നു. തെറ്റാൻ കാരണം ഞാൻ മറ്റൊരു പെൺകുട്ടിയെ അതേ റസ്റ്റോറണ്ടിൽ കൊണ്ടുപോയി എന്നതാണ് എന്ന് ഞാനൂഹിക്കുണു. പക്ഷെ അഞ്ജലിതന്നെയാണ് മറ്റ് അഞ്ച് പേരുടെ ഒപ്പം ഈ പെൺകുട്ടിടെ പേര് നിർദ്ദേശിച്ചതും. ഈ അഞ്ചു പേരുകളും അവൾതന്നെ ഇന്റർനെറ്റിൽനിന്ന് തപ്പിയെടുത്ത് തന്ന പ്രൊപ്പോസൽസാണ്.’
‘സുഭാഷ്…’ മാധവൻ സ്വകാര്യമായി പറഞ്ഞു. ‘പെൺകുട്ടികളുടെ മനസ്സറിയുക എളുപ്പമല്ല. ഞാൻ കഴിഞ്ഞ ഇരുപത്തെട്ട് കൊല്ലായി ഒരു പെണ്ണിന്റെ മനസ്സറിയാൻ ശ്രമിച്ചിട്ട്, ഇതുവരെ പറ്റിയിട്ടില്ല.’
ആ മനുഷ്യൻ കുലുങ്ങിച്ചിരിച്ചു.
‘എന്താ, എന്നെക്കുറിച്ച് എന്തോ പറയ്യാണ് അല്ലെ?’ ലക്ഷ്മി ചോദിച്ചു.
‘ആട്ടെ,’ മാധവൻ തുടർന്നു. ‘സുഭാഷിന് അവളെ ഇഷ്ടാണോ?’
‘അതെ അങ്ക്ൾ ഇഷ്ടംതന്ന്യാണ്. പക്ഷെ അവൾക്ക് എന്നെ കല്യാണം കഴിക്കാൻ താല്പര്യല്ലാന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവൾക്ക് താല്പര്യണ്ടെങ്കിൽ മറ്റു പെൺകുട്ടികളെ ചൂണ്ടിക്കാട്ടില്ലല്ലോ. അതുകൊണ്ടാണ് ഞാൻ ഈ കാര്യത്തെപ്പറ്റി പിന്നെ അവളോടൊന്നും സംസാരിക്കാഞ്ഞത്. അവളും നിങ്ങളോട് ഈ കാര്യം പറഞ്ഞിട്ടില്ലാന്നാണ് ഞാൻ ഊഹിക്കണത്. ഇപ്പഴും, അവൾക്കെന്നെ സ്നേഹാണെന്ന് ഉറപ്പുംണ്ടെങ്കിൽ മാത്രെ കല്യാണം കഴിക്കാൻ താല്പര്യള്ളു.’
‘മതി.’ അയാളുടെ മുഖം പ്രസന്നമായി. ‘എന്താണിത്, സുഭാഷ് വന്നിട്ട് അര മണിക്കൂറായി. ഇതുവരെ ഒരു ചായപോലും കൊടുത്തില്ലല്ലൊ.’
‘ഇതാ, ഞാൻ ഇപ്പൊണ്ടാക്കാം.’ ലക്ഷ്മി എഴുന്നേറ്റു.
ചായയുണ്ടാക്കി കൊണ്ടുവന്നപ്പോഴേയ്ക്ക് ബെല്ലടിച്ചു. അഞ്ജലിയാണ്. അവൾ ഒരു സഞ്ചിയിൽ പച്ചക്കറിയുമായി അകത്തേയ്ക്കു കടന്നു. അച്ഛന്റെ ഒപ്പം ഇരിക്കുന്ന ശത്രുവിനെ കണ്ടപ്പോൾ അവൾ തലയുംതാഴ്ത്തി അടുക്കളയിലേയ്ക്കു പോയി.
‘മോളെ വേഗം വാ, നിന്നെ കാണാനാണ് സുഭാഷ് വന്നിട്ടുള്ളത്.’ അച്ഛൻ വിളിച്ചുപറഞ്ഞു.
ലക്ഷ്മി അവളുടെ ഒപ്പം നടന്നു.
‘ഇതൊക്കെ പിന്നെ എടുത്ത് വെയ്ക്കാം. മോളെ നീയങ്ങ്ട്ട് ചെല്ല്.’
‘ഞാൻ പോണില്ല്യ.’
‘എന്താ നീ ഇങ്ങിന്യൊക്കെ പറേണത്. നീയിങ്ങട്ട് വാ.’
അഞ്ജലി വരുന്നതു കണ്ടപ്പോൾ അച്ഛൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
‘നീ ഇവിടെ ഇരിക്ക്. വല്ല തെറ്റിദ്ധാരണേംണ്ടങ്കിൽ അതങ്ങട്ട് പറഞ്ഞുതീർക്കു. ഞങ്ങള് അപ്പറത്ത് ഇരിക്കാം.’
അവൾ സോഫയുടെ അറ്റത്ത് ഒതുങ്ങിയിരുന്നു. അവളുടെ മുഖത്തെ ജാള്യം കണ്ടപ്പോൾ സുഭാഷിന് ചിരിവന്നു.
രണ്ടു മിനുറ്റ് നേരം മുഖം കുനിച്ചിരുന്നപ്പോൾ അവൾക്ക് സുഭാഷിനെ നേരെ നോക്കാമെന്നായി.
‘ഇനി സംസാരിക്കാമോ?’ സുഭാഷ് ചോദിച്ചു.
അഞ്ജലി തലയാട്ടി. അവൾ വല്ലാതെ ഒതുങ്ങിയ മട്ടുണ്ട്.
‘നമ്മൾ തമ്മിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടോ?’
അവൾ ഇല്ലെന്നു തലയാട്ടി.
‘അങ്ങിനെയാണെങ്കിൽ പിന്നെ എന്താണ് ഇങ്ങിനെ പെരുമാറണതെന്ന് പറഞ്ഞുതരണ്ട ഉത്തരവാദിത്വമില്ലേ അഞ്ജലിയ്ക്ക്?’
‘എന്റെ മനസ്സിലുള്ളതൊക്കെ ഞാൻ മറ്റുള്ളവരോട് പറയണോ?’
‘എന്നെ മറ്റുള്ളവർ എന്ന വകുപ്പിലാണോ പെടുത്തിയിരിക്കണത്?’ സുഭാഷ് ചോദിച്ചു. ‘അങ്ങിനെയാണെങ്കിൽ ഞാനിവിടെ ഇരിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല.’
ഹാളിന്റെ മറ്റെ അറ്റത്തിട്ട ഊൺമേശയ്ക്കരികിലിരുന്ന് അവരെ ശ്രദ്ധിക്കുന്ന മാധവനും ലക്ഷ്മിയും മുഖത്തോടുമുഖം നോക്കി.
അഞ്ജലി ഒന്നും പറയാതെ ഇരിക്കുന്നു. സുഭാഷ് പറഞ്ഞു. ‘പറയൂ.’
അഞ്ജലിയുടെ മുഖം കനക്കുകയാണ്. സുഭാഷ് തുടർന്നു.
‘ഞാൻ ആകെ ചെയ്ത തെറ്റ് ഒരു മട്രിമോണിയൽ പരസ്യത്തിൽ താല്പര്യം കാണിച്ചു എന്നതു മാത്രല്ലെ? ഒരേ കമ്പനിയില്, അടുത്തടുത്തിരുന്ന് ജോലിയെടുക്കുന്നവർ എന്ന നില്യ്ക്ക് ഞാൻ അല്പം തമാശ കൂട്ടിച്ചേർത്തു എന്നു മാത്രം. ഓർമ്മണ്ടാവും ഇല്ലെ. അതിന് അഞ്ജലി തന്ന മറുപടി എല്ലാ വാതിലുകളും അടക്കുന്നതായിരുന്നു. അത്ര ഉറപ്പാക്കേണ്ട എന്ന്. അഞ്ജലിയ്ക്ക് ഓർമ്മണ്ടോ?’
അവൾ തലയാട്ടി. ‘എന്നോടു പറയാതെ ഇന്റർനെറ്റിൽ ഇൻസർഷൻ കൊടുത്തതിന് ഞാൻ അമ്മ്യോടും അച്ഛനോടും ദേഷ്യം പിടിച്ചിരിക്ക്യായിരുന്നു.’
കുറച്ചകലെ ഇരുന്നുകൊണ്ട് എല്ലാം കേട്ടിരുന്ന അച്ഛനമ്മമാർ മുഖത്തോടുമുഖം നോക്കി.
‘ശരി. അതോടെ ഞാനാ കാര്യമേ വേണ്ടെന്നു വച്ചു. പിന്നെ അഞ്ജലിതന്നെയാണ് കാന്റീനിൽ വച്ച് എന്നെ നിന്റെ മേശേലേയ്ക്ക് ക്ഷണിച്ചതും എന്നോട് വളരെ ലോഗ്യായതും. അല്ലെ.’
അഞ്ജലി തലയാട്ടി.
‘പിന്നെ എന്താണുണ്ടായത്? എല്ലാം ഓർമ്മല്ല്യേ? വെബ്ബിൽ പോയി എനിക്കു വേണ്ടി പെൺകുട്ടികളെ പരതി. അതോടെ എനിക്കുറപ്പായി അഞ്ജലിയ്ക്ക് എന്നെ ഒരു ഭർത്താവായി കിട്ടാൻ താല്പര്യല്ല്യാന്ന്. ഞാൻ ആതിരയെ അതേ റസ്റ്റോറണ്ടിൽ കൊണ്ടുപോയി എന്നതിനാണ് അഞ്ജലി ഇത്ര ക്ഷോഭിക്കണത്? അതെന്തിനാണെന്ന് പറയൂ.’
‘എനിക്ക് എന്നോടുതന്നെ ദേഷ്യം പിടിച്ചു.’ അഞ്ജലി ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു.
‘ഇങ്ങിനെ ഓരോരുത്തരോട് ദേഷ്യം പിടിച്ച് ജീവിതം മുഴുവൻ തുലയ്ക്കാനാണ് ഭാവമെങ്കിൽ നമുക്ക് ഇവിടെത്തന്നെ പിരിയാം. അഞ്ജലിയ്ക്ക് വേണ്ടത്ര നർമ്മംണ്ട്. അത് വേണ്ടിടത്ത് ഉപയോഗിക്കുന്നില്ലെന്നേയുള്ളു…’
അഞ്ജലി സംസാരിക്കുകയാണ്. ശബ്ദം ചുരുക്കിക്കൊണ്ട്. ഊൺ മേശക്കരികിലിരുന്ന് രണ്ടുപേർ അതു ശ്രദ്ധിക്കാൻ ശ്രമിക്കുകയാണ്. പിന്നെപ്പിന്നെ ഒട്ടും കേൾക്കാതായി. അവൾ ഇപ്പോൾ സുഭാഷിനോട് കുറച്ചുകൂടി അടുത്തിരുന്നു സംസാരിക്കുകയാണ്. അമ്മയും അച്ഛനും അവിടെനിന്ന് എഴുന്നേറ്റു ബാൽക്കണിയിലേയ്ക്കു പോയി.
ഒരു പതിനഞ്ചു മിനുറ്റ് കഴിഞ്ഞിട്ട് അവർ തിരിച്ചു ഹാളിലേയ്ക്കു വന്നു. അപ്പോഴാണ് അതു സംഭവിച്ചത്. അഞ്ജലി പെട്ടെന്ന് സുഭാഷിന്റെ അടുത്തേയ്ക്ക് നീങ്ങിയിരിക്കുകയും അയാളെ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുകയും ചെയ്തു.
‘അയ്യേ, നാണല്ല്യാത്ത പെണ്ണ്.’ മുഖം പൊത്തിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.
അച്ഛൻ കുലുങ്ങികുലുങ്ങി ചിരിക്കുകയാണ്.