close
Sayahna Sayahna
Search

മാതാവിന്റെ ആശിസ്സുകളോടെ



കൂണുകൾപോലെ പൊന്തിവരുന്ന പ്ലേസ്‌കൂളുകളെപ്പറ്റി പറഞ്ഞു തന്നത് മുട്ടക്കാരി എലിയുമ്മയായിരുന്നു. അവർ നഗരത്തിന്റെ നാനാഭാഗത്തും ചുറ്റിയിരുന്നത് മുട്ട വിൽക്കാനല്ലാ, മറിച്ച് നഗരവിശേഷങ്ങൾ സംഭരിച്ച് തനിക്കു പകർന്നുതരാനാണെന്ന ഭാവമുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്ക്. മറിച്ചാണെന്ന് എലിയുമ്മയും കാട്ടിയില്ല. എലിയുമ്മയുടെ വിജയവും അതായിരുന്നു. ഓരോ പതിവുകാർക്കും, അവർ എത്ര ചെറുതായിക്കോട്ടെ, താൻ അവർക്കുവേണ്ടി മാത്രമാണ് കച്ചവടം ചെയ്യുന്നത് എന്ന ബോധമുണ്ടാക്കുന്നതിൽ അവർ വിജയിച്ചിരുന്നു.

‘വീട്ടിനു പൊറത്ത് പ്ലേസ്‌കൂൾ എന്നൊരു ബോർഡ് വെച്ചേച്ചാൽ മാത്രം മതി. എന്തോരം പിള്ളാരെയാണ് കിട്ടുക. പെമ്പറന്നോരും ജോലിക്ക് പോണ വീട്ടിലെ കൊച്ചുങ്ങളെയൊക്കെ കിട്ടും. രാവിലെത്തൊട്ട് വൈകീട്ട് അഞ്ചുമണിവരെ അതുങ്ങളെ നോക്കാൻ മുന്നൂറ് രൂപയാ ചാർജ്ജ്. ഒരു പത്തു പിള്ളാരെ കിട്ടിയാൽ പോരെ, രൂപ മൂവ്വായിരം പോന്നില്ലേ?’

മൂവ്വായിരം രൂപ! ത്രേസ്യാമ്മയുടെ കണ്ണു തള്ളിപ്പോയി. അവർക്ക് പെട്ടെന്ന് ഓർമ്മ വന്നത് ശൈലജയുടെ കുട്ടിയെയാണ്. നാലുമാസം പ്രായമായ, വെളുത്ത് തുടുത്ത് പാവപോലുള്ള സുന്ദരി. കൊഞ്ചിക്കുമ്പോൾ കൈയ്യും കാലുമിട്ടടിക്കും, മലർക്കെ തൊണ്ണും കാട്ടിച്ചിരിക്കും. അവളെ രാവിലെ മുതൽ വൈകുന്നേരം വരെ കയ്യിൽ കിട്ടാൻ മുന്നൂറു രൂപ അങ്ങോട്ടു കൊടുക്കാൻ ത്രേസ്യാമ്മ തയ്യാറാണ്.

രണ്ടു ദിവസത്തേയ്ക്ക് ജോസഫേട്ടന് ചെവിയിൽ മൂട്ട പോയതിനേക്കാൾ ശല്യമായിരുന്നു. വിഡിയോ ബിസിനസ്സിനെപ്പറ്റി അദ്ദേഹം ഓർമ്മപ്പിക്കാതെയല്ല. ഇപ്പോൾ ആഴ്ചയിൽ ഒന്ന് എന്ന മട്ടിൽ കുറഞ്ഞു വന്ന പ്രദർശനത്തിന്ന് കാണികളേയും കിട്ടാൻ ഞെരുക്കമായിരിക്കുന്നു. എന്തായാലും മൂന്നാം ദിവസം രാവിലെ പ്രാതൽ കഴിഞ്ഞ് ഇറങ്ങിയ അച്ചായൻ രണ്ടുമണിക്ക് തിരിച്ചു വന്നത് ഒരു നെയിംപ്ലേയ്റ്റുമായാണ്.

മദർ മേരി പ്ലേ സ്‌കൂൾ.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഇനി ബിസിനസ്സു കിട്ടുന്നതിന് ഭാഷ ഒരു പ്രതിബന്ധമാകേണ്ട. ‘മദർ’ എന്ന വാക്ക് ദ്വയാർഥത്തിൽ ഉപയോഗിച്ചതാണ്. തങ്ങളുടെ പിഞ്ചോമനകൾക്ക് അമ്മയുടെ പരിചരണവും വാത്സല്യവും തന്നെ കിട്ടുമെന്ന് മാതാപിതാക്കന്മാർക്ക് ഉറപ്പു നൽകാൻ കൂടിയായിരുന്നു മാതൃധ്വനിയുള്ള ആ പേര്. ഒപ്പംതന്നെ വിശുദ്ധ മാതാവിന്റെ അനുഗ്രഹവുമുണ്ടാകട്ടെയെന്ന് ത്രേസ്യാമ്മ കരുതി.

ഞായറാഴ്ച അവർ ഫോർട്ടുകൊച്ചിയിൽ വിശുദ്ധ മാതാവിന്റെ പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചുവെച്ചു പ്രാർഥിച്ചു.

‘മാതാവേ, ഞാനീ പ്ലേസ്‌കൂൾ തുടങ്ങുന്നത് പിള്ളാരോടുള്ള ഇഷ്ടം കൊണ്ടാണ്, അല്ലാതെ ലാഭം നോക്കിയല്ല. പക്ഷെ അതിനർഥം നീ എനിക്ക് ലാഭമൊന്നും തരണ്ടാ എന്നല്ല. പണം നമുക്കാവശ്യമാണല്ലോ. നല്ല ലാഭമുണ്ടായാൽ നിന്റെ പെരുന്നാളിന്ന് മെഴുകുതിരി കത്തിക്കാം.’ അവർ ഒന്നു നിർത്തി, പിന്നെ മാതാവിന്ന് ആശങ്കക്കവസരം കൊടുക്കേണ്ടെന്നു കരുതി, തുടർന്നു. ‘ലാഭമുണ്ടായില്ലെങ്കിൽ കത്തിക്കില്ലാ എന്നല്ലാ, പക്ഷെ മെഴുകുതിരിയുടെ വലുപ്പം കുറഞ്ഞുപോയാൽ എന്നെ പറയരുത്.’

അങ്ങിനെ പ്രലോഭനങ്ങളും താക്കീതുകളും കൊടുത്ത് തിരിച്ചു വീട്ടിലെത്തിയപ്പോൾ ശൈലജ കാത്തുനില്ക്കയാണ്. കണ്ട ഉടനെ അവൾ പരാതി പറയാൻ തുടങ്ങി.

‘പ്ലേസ്‌കൂൾ തുടങ്ങണ കാര്യം എന്തേ അമ്മച്ചി എന്നോട് പറയാതിരുന്നത്?’

‘അതിന് പെണ്ണേ, തുടങ്ങാൻ പോണല്ലെ ഉള്ളൂ.’

മാതാവ് ആദ്യത്തെ കസ്റ്റമറെ പറഞ്ഞയച്ചിരിക്കുന്നു. ത്രേസ്യാമ്മ നന്ദിയോടെ ഓർത്തു. അതിനർഥം മാതാവിന് കാര്യങ്ങള് മനസ്സിലാവുന്നുണ്ട് എന്നാണ്.

“എന്താ ഫീസ്?’

‘മുന്നൂറ് രൂപ. രാവിലെ എട്ടര തൊട്ട് വൈകുന്നേരം അഞ്ചരവരെ.’

‘മുന്നൂറോ’

“അതേ....’ സംഖ്യ കൂടിപ്പോയോ അതോ വല്ലാതെ കുറഞ്ഞുപോയോ എന്നറിയാതെ ത്രേസ്യാമ്മ സംശയിച്ചു. ശൈലജയെ ഇത്ര അടുത്തു പരിചയമുള്ള സ്ഥിതിക്ക് ആ സംശയം അസ്ഥാനത്തായിരുന്നു. ‘എറണാകുളത്തൊക്കെ മുന്നൂറ്റമ്പതും നാന്നൂറുമൊക്കെയാ ഫീസ്.’

‘അവിടുത്തെ വാടകയാണോ ഈ കാട്ടുമുക്കിലെ വാടക? ഇവിടെ അമ്മച്ചി വീട്ടിലിരുന്നോണ്ട് ചെയ്യണതല്ലെ. ഞങ്ങള് മോളെ നോക്കാൻ വെച്ച ജോലിക്കാരിക്ക് ഇരുന്നൂറ് രൂപയാ കൊടുക്കണത്. പകല് ഞങ്ങളില്ലാത്തപ്പൊ അവള് കുട്ടിക്ക് പാല് കൊടുക്കണ്‌ണ്ടോ എന്നൊന്നും നോക്കാൻ പറ്റില്ലല്ലോ. ഇവിടെ പിന്നെ അമ്മച്ചി കള്ളത്തരം കാണിച്ചാൽ കണ്ടുപിടിക്കാൻ പാറുകുട്ടിയുണ്ടല്ലോ.’

ശൈലജ പറഞ്ഞത് തലയിൽ കയറാൻ ട്യുബ് ലൈറ്റിന്ന് കുറച്ചു സമയമെടുത്തു. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘വേണ്ടെടി കൊച്ചേ...’

തിങ്കളാഴ്ച രാവിലെ സഖറിയാസ് അച്ചൻ വന്ന് വെഞ്ചരിച്ചു. ഗെയ്റ്റിൽ വെച്ച നെയിം പ്ലേയ്റ്റിൽ വിശുദ്ധ ജലം തളിച്ചു ശുദ്ധീകരിച്ചു. പിന്നീട് തളത്തിൽ എല്ലാവരും ചുറ്റിനിന്ന് പ്രാർഥനയായിരുന്നു.

‘കർത്താവേ അവിടുത്തെ ആശ്രിതയായ ത്രേസ്യാമ്മയുടെ പുതിയ സംരംഭമായ മദർ മേരി പ്ലേസ്‌കൂൾ അനുദിനം വളർന്ന് പുരോഗതി നേടുമാറാകണേ. ഇവിടെ വരുന്ന ശിശുക്കൾക്ക് ആരോഗ്യവും സൗഭാഗ്യവും പ്രദാനം ചെയ്യേണമേ....’

അച്ചന്റെ വാക്കുകൾ ഒന്നും വിടാതെ കാതോർത്ത് ധ്യാനനിരതയായി ത്രേസ്യാമ്മ കൈകൂപ്പി നിന്നു. അടുത്തുതന്നെ ജോസഫേട്ടനും പാറുക്കുട്ടിയും, ചടങ്ങിൽ പങ്കെടുക്കാനെത്തിയ അയൽക്കാരുമുണ്ട്. അച്ചൻ പ്രാർഥന കഴിഞ്ഞ് എല്ലാവരെയും അനുഗ്രഹിച്ചു.

ചായസൽക്കാരത്തിനുശേഷം അച്ചനെ യാത്രയാക്കി ഗെയ്റ്റിൽ നിൽക്കുമ്പോഴാണ് ശൈലജ കുഞ്ഞിനേയും കൊണ്ടു വന്നത്. കയ്യിലുള്ള സഞ്ചി പാറുക്കുട്ടിയുടെ കയ്യിൽ കൊടുത്ത് അവൾ കുട്ടിയെ ത്രേസ്യാമ്മയെ ഏൽപ്പിച്ചു; ഒപ്പം ഒരു തുണ്ട് കടലാസും.

‘മോൾക്ക് പാല്, കുറുക്കിയത്, വെള്ളം ഒക്കെ കൊടുക്കേണ്ട സമയം ഇതിലെഴുതിയുിട്ടുണ്ട്. അതേപോലെ കൊടുത്തോണം, ഒന്നും തെറ്റിക്കല്ലെ അമ്മച്ചി.’

‘നീ സമാധാനത്തോടെ പോ കൊച്ചേ.’ ത്രേസ്യാമ്മ പറഞ്ഞു.

‘അല്ലേലും അമ്മച്ചീടെ അടുത്ത് മോളെ ആക്കിയാൽ എനിക്ക് എന്തോന്ന് സമാധാനക്കേടാ? ഞാൻ പോട്ടെ, രവി സ്‌കൂട്ടർ സ്റ്റാർട്ടാക്കി നിൽക്ക്വാണ്.’

അവൾ കുട്ടിയുടെ കവിളിൽ ഉമ്മ വെച്ച്, ടാറ്റ പറഞ്ഞ് ഓടിപ്പോയി. കുഞ്ഞ് ത്രേസ്യാമ്മയുടെ സമൃദ്ധമായ മാറിൽ ചവിട്ടിക്കുതിച്ചു. ഒരു പരിചയക്കേടുമില്ല. ഇത്രയും നല്ല ഒരു കസ്റ്റമറെത്തന്നെ ആദ്യം അയച്ചതിന്ന് അവർ മാതാവിന്ന് നന്ദി പറഞ്ഞു.

തന്റെ സ്ഥാപനത്തിന്ന് ‘മദർ മേരി’ എന്ന പേരിടുക വഴി ത്രേസ്യാമ്മ വിശുദ്ധമാതാവിന്ന് വളരെയധികം ഉത്തരവാദിത്വം കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.

ഒമ്പതു മണിയായപ്പോഴേക്കും വേറേയും മൂന്ന് കുട്ടികൾ എത്തി. മൂന്നുപേരും കോളനിക്കു പുറത്തുള്ളവരായിരുന്നു. രണ്ടു, മൂന്നു വയസ്സു പ്രായം വരും. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും. അച്ഛനമ്മമാർ പോയിക്കഴിഞ്ഞപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി. ആദ്യം തുടങ്ങിവെച്ചത് ആൺകുട്ടിയായിരുന്നു. അതു കണ്ടതോടെ മറ്റു രണ്ടുപേരും കരച്ചിൽ തുടങ്ങി. ശൈലജയുടെ മകൾ അത്ഭുതത്തോടെ നോക്കും, എന്താണിത്ര കരയാനെന്ന മട്ടിൽ. ജോസഫേട്ടൻ ക്രാന്തദർശിയായിരുന്നു. ഇങ്ങിനെ ഒരു സ്ഥിതിവിശേഷം മുൻകൂട്ടിക്കണ്ട അദ്ദേഹം മിട്ടായികൾ കരുതിയിരുന്നു. പൊതിയിലെ മിട്ടായികൾ കഴിഞ്ഞുവരുന്നതോടൊപ്പം കുട്ടികളുടെ കരച്ചിലും കുറഞ്ഞുവന്ന് ഇല്ലാതായി.

അടുത്ത അര മണിക്കൂർ നിർണായകമായിരുന്നു; അതായത് മിട്ടായിപ്പൊതി ഒഴിഞ്ഞശേഷമുള്ള അര മണിക്കൂർ. ത്രേസ്യാമ്മ തന്റെ സ്‌കൂളിന്റെ നടത്തിപ്പിന്റെ ശൈലി വികസിപ്പിച്ചെടുത്തത് ആ സമയത്തായിരുന്നു. കൊച്ചുവാവയെ കളിപ്പിച്ച് കരയാതെ നോക്കേണ്ടത് ചേട്ടന്റെയും ചേച്ചിമാരുടേയും പൗരധർമ്മമാണെന്ന് ത്രേസ്യാമ്മ അവരെ ബോധ്യമാക്കി. ഫലം അത്ഭുതകരമായിരുന്നു. മിട്ടായിപ്പൊതി ഒഴിഞ്ഞുകണ്ട് രണ്ടാമതൊരു വട്ടം കരയാൻ പുറപ്പെട്ട കുട്ടികൾ പെട്ടെന്ന് കർത്തവ്യബോധം വന്ന് കർമ്മനിരതരായി, വാവയ്ക്കു ചുറ്റും ഇരുന്ന് അവളെ കളിപ്പിക്കാൻ തുടങ്ങി. പിന്നെയുണ്ടായ പ്രശ്‌നം അവരുടെ അമിതലാളനങ്ങളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുക മാത്രമായിരുന്നു.

കുറച്ചു സമയം പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. ചേച്ചിമാരുടേയും ചേട്ടന്റെയും കയ്യിലുള്ള വിഭവങ്ങൾ പരിമിതങ്ങളായിരുന്നു. ക്രമേണ മോൾക്ക് ബോറടിച്ചു തുടങ്ങി. അവൾ കോട്ടുവായിട്ടു, സാവധാനത്തിൽ മുട്ടുകുത്തി ത്രേസ്യാമ്മയുടെ മടിയിൽ കയറി. അവർ കുഞ്ഞിനെ എടുത്തു ഉമ്മവെച്ചുകൊണ്ട് ചോദിച്ചു.

‘അമ്മച്ചീടെ മോക്ക് എന്നാ വേണം?’

വേണ്ടതെന്താണെന്ന് അവൾ കാണിച്ചുകൊടുത്തു. ത്രേസ്യാമ്മയുടെ മാറിൽ കുഞ്ഞിക്കൈകൊണ്ട് തപ്പിക്കൊണ്ട് അവൾ തന്റെ വായക്കും ഭക്ഷണ സംഭരണിക്കുമിടക്കുള്ള പ്രതിബന്ധം മാറ്റാൻ ശ്രമിക്കുകയാണ്. തന്റെ കുത്തകാവകാശത്തിൽ കൈ കടത്തുന്നതു കണ്ട് ചൊടിച്ച ജോസഫേട്ടൻ പറഞ്ഞു.

‘എടീ, കൊച്ചിന് പാലു വേണംന്ന് തോന്നുന്നു.’

ആ കണ്ടുപിടുത്തം കുറേക്കൂടി ഗൗരവമായ സംഭവവികാസങ്ങളിലേയ്ക്ക് നയിച്ചു. ത്രേസ്യാമ്മ പാറുവിനെ വിളിച്ച് ശൈലജ കൊണ്ടുവന്ന സഞ്ചി എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. സഞ്ചി, മറ്റു മൂന്നു കുട്ടികളും ചുറ്റും നോക്കിനില്‌ക്കെ ആർഭാടപൂർവം തുറക്കപ്പെട്ടു. അതിൽ നിറയെ കുഞ്ഞിന്റെ ഉടുപ്പുകൾ. പിന്നെ ഒരു പാൽക്കുപ്പിയും. നിപ്പ്ൾ ഇട്ടു തയ്യാറാക്കിയ കുപ്പി. പക്ഷെ പാലില്ല.

‘എന്റെീശോ, ആ തെറിച്ച പെണ്ണ് പാലും പൊടീം ഒന്നും തന്നിട്ടില്ല.’

‘അപ്പോ നെനക്ക് അവളോട് പറയായിരുന്നില്ലെ?’ ജോസഫേട്ടൻ ചോദിച്ചു.

‘അതിന് ഞാനറിഞ്ഞില്ലല്ലോ. സഞ്ചി തന്നപ്പോൾ അതിൽ എല്ലാംണ്ടാവുംന്ന് കരുതി.’

തുറക്കാത്ത ബ്ലൗസ് കുഞ്ഞിക്കൈകൊണ്ട് മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ മോൾ ബ്ലൗസിന്നു മീതെ കപ്പാൻ തുടങ്ങി. പാൽ കിട്ടുന്നില്ലെന്നു കണ്ടപ്പോൾ ദ്വേഷ്യം പിടിച്ച് കരയാനും തുടങ്ങി.

‘നിങ്ങൾ പോയി ഒരു ടിന്ന് ബേബിഫുഡ് വാങ്ങിക്കൊണ്ടുവാ. വേഗം ആട്ടെ, പാവം കൊച്ചിന് വെശക്ക്ണ്ണ്ട്ന്ന് തോന്നുന്നു.’

കുട്ടി അപ്പോഴേക്കും നിർത്താതെ കരച്ചിലായിരുന്നു. ജോസഫേട്ടൻ എഴുന്നേറ്റ് മുണ്ടു മുറുക്കി ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി.

പതിനഞ്ചു മിനുറ്റു കഴിഞ്ഞ് വിയർത്തുകുളിച്ചു വന്ന ജോസഫേട്ടന്റെ കയ്യിൽ വലിയ ഒരു ടിൻ ബേബിഫുഡ്.

‘അപ്പോ, നിങ്ങൾക്ക് ചെറിയ ടിന്ന് വാങ്ങായിരുന്നില്ലെ? ഇതിന് ഒത്തിരി കാശായിട്ടുണ്ടാകുമല്ലൊ.’

‘ഇല്ല’, ഷർട്ടഴിച്ചിട്ട് ദേഹത്തെ വിയർപ്പ് വറ്റിക്കുന്നതിന്നിടയിൽ ജോസഫേട്ടൻ പറഞ്ഞു. ‘അവര് വെറുതെ തന്നതാ.’

‘ഞാനതല്ല പറഞ്ഞത്.’ ത്രേസ്യാമ്മ ദേഷ്യത്തേടെ പറഞ്ഞു. ‘ചെറിയ ടിന്ന് മത്യായിരുന്നുന്ന് മാത്രെ ഉദ്ദേശിച്ചുള്ളു.’

‘ചെറിയ ടിന്ന് ഇവിടുള്ള കടയിലില്ല. എറണാകുളത്തോട്ട് പോണം.’

‘സാരല്ല്യ’.

‘നീ വേഗം പാല് കൂട്ടി കൊച്ചിന് കൊടുക്ക്. അതിരുന്ന് കരയുന്നതു കണ്ടില്ലെ.’

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അഞ്ചു മിനിറ്റിന്നകം പാറു പാൽ തയ്യാറാക്കി കുപ്പിയിലൊഴിച്ചു. കുട്ടി ആർത്തിയോടെ വലിച്ചുകുടിക്കുന്നതു കണ്ടപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.

‘എന്റെ കർത്താവേ, അതിന് നല്ലവണ്ണം വെശന്നിരുന്നു കേട്ടോ.’

അവർ വാത്സല്യത്തോടെ കുഞ്ഞിന്റെ തലയിൽ തടവി. അവളുടെ കണ്ണടഞ്ഞുവന്നു. കുപ്പിയിലെ പാൽ കഴിഞ്ഞപ്പോഴേക്കും അതുറക്കമായിരുന്നു. മോളെ അകത്തു കിടക്കയിൽ കൊണ്ടുപോയി കിടത്തി തടവിന്നായി തലയണയും വെച്ച്, പ്രശ്‌നങ്ങളൊക്കെ തൃപ്തിയാംവണ്ണം പരിഹരിച്ചല്ലോ എന്ന സമാധാനത്തേടെ തിരിച്ചു വന്ന ത്രേസ്യാമ്മക്ക് നേരിടേണ്ടി വന്നത് മൂന്ന് കൊച്ചു പ്രശ്‌നങ്ങളെയായിരുന്നു.

ആദ്യം പറഞ്ഞത് ശാരദയുടെ മകൾ സുനിയായിരുന്നു. അവൾ ചുണ്ടും പിളർത്തിക്കൊണ്ട് പറഞ്ഞു.

‘നിക്കും വേണം പാല്’.

ആദ്യം അതേറ്റു പറഞ്ഞത് ലിസിയുടെ മകൾ റോസയായിരുന്നു.

‘നിക്കും വേണം പാല്’

ജോസഫേട്ടന്റെ അടുത്തിരുന്നു കളിക്കുന്ന സജി അതു കേൾക്കരുതേ എന്ന് ത്രേസ്യാമ്മ പ്രാർഥിക്കുമ്പോഴേക്ക് അവനും എഴുന്നേറ്റു വന്നു.

‘നിക്കും വേണം ചേച്ചിമാര് തിന്നണത്.’

ചേച്ചിമാരുടെ ആവശ്യം എന്തുതന്നെയായാലും അവനും അതിലൊരു പങ്കുവേണം; അത്രതന്നെ.

മൂന്നു പ്രശ്‌നങ്ങളും മുമ്പിൽ ഭീഷണമായി നില്ക്കുമ്പോൾ സംഗതികളുടെ പോക്ക് അത്ര ഗുണത്തിനല്ലെന്ന് ത്രേസ്യാമ്മക്കു മനസ്സിലായി. ഒരു കുട്ടിയെ മാത്രമേ വളർത്തിക്കൊണ്ടുവന്നിട്ടുള്ളുവെങ്കിലും, ധാരാളം കുട്ടികളുണ്ടായിരുന്ന ഒരു തറവാട്ടിലാണ് അവർ വളർന്നുവന്നത്. കുട്ടികളുടെ നിരുപദ്രവമെന്നു തോന്നുന്ന ആവശ്യങ്ങൾ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അവർക്കറിയാം. കുപ്പിയിൽ പാലു കുടിക്കണമെന്നായിരിക്കും അടുത്ത ആവശ്യം. അവരുടെ മനസ്സു വായിച്ചിട്ടാണെന്നു തോന്നുന്നു, സുനി പറഞ്ഞു.

‘ആന്റി നിക്ക് കുപ്പീല് പാലു കുടിക്കണം.’

ത്രേസ്യാമ്മ റോസയുടേയും സജിയുടേയും മുഖത്തുനോക്കി. ഇല്ല, അവർക്കും സംശയമൊന്നുമില്ല.

‘നിക്കും വേണം കുപ്പീല് പാല്’.

‘എനിക്കും.’

‘നീ ഒരു കാര്യം ചെയ്യ് കൊച്ചു ത്രേസ്യേ.’ ജോസഫേട്ടൻ പറഞ്ഞു. ‘പാറൂനോട് കൊറച്ച് പാലും വെള്ളം ഉണ്ടാക്കാൻ പറ.’

കുട്ടികളുടെ സ്വരം ഒന്നിച്ചാണ് പൊങ്ങിയത്.

‘പാല് വെള്ളം വേണ്ടാ.’

‘പിന്നെ എന്താണ് വേണ്ടത്?’ ത്രേസ്യാമ്മ മയത്തിൽ ചോദിച്ചു.

നിലത്തുവെച്ച ടിന്നിലേയ്ക്കു ചൂണ്ടിക്കാട്ടി അവർ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

‘ഈൗൗ പാല്’

അവർ തലയിൽ കൈവെച്ചു. ‘എന്റെ കർത്താവേ....’

തുടർന്നുണ്ടായ അനുരഞ്ജന സംഭാഷണത്തിൽ പാറുവും ജോസഫേട്ടനും പങ്കെടുത്തു. അര മണിക്കൂർ നേരത്തെ സന്ധിസംഭാഷണങ്ങൾക്കുശേഷം ഓരോ സ്പൂൺ പാൽപൊടിയിൽ സകല ഡിമാന്റുകളും ഒത്തുതീർക്കാമെന്ന് തീരുമാനമായി. ജോസഫേട്ടന്ന് വലിയ സമ്മതമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു.

‘ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇതൊക്കെ ഓരോ ചീത്ത കീഴ്‌വഴക്കങ്ങള്ണ്ടാക്കലാണ്. ഇനി എന്നും പിള്ളേര് ഇതാവശ്യപ്പെടും, നിനക്ക് കൊടുക്കേണ്ടതായും വരും.’

സമാധാനം, എന്തു വില കൊടുത്തും. അതായിരുന്നു ത്രേസ്യാമ്മയുടെ നയം.

പന്ത്രണ്ടുമണി കഴിഞ്ഞപ്പോഴാണ് കുട്ടികളുടെ ഭക്ഷണകാര്യം ഓർത്തത്. അവർക്കുള്ള ഭക്ഷണം ഒപ്പം കൊണ്ടുവന്നിട്ടുണ്ടാകുമെന്ന് ത്രേസ്യാമ്മ കരുതി. നന്മയിൽ വിശ്വസിക്കുന്നവർക്കൊക്കെ പറ്റുന്ന അബദ്ധമാണത്. നന്മയിൽ അത്രതന്നെ വിശ്വാസമില്ലാതിരുന്ന പാറുകുട്ടി അതിനു മുമ്പു തന്നെ കുട്ടികളുടെ സഞ്ചികൾ പരിശോധിച്ചിരുന്നു. അതുകൊണ്ട് ത്രേസ്യാമ്മ ‘മോളേ, പിള്ളാര്‌ടെ സഞ്ചി നോക്ക്, ഭക്ഷണം വല്ലതും...’എന്നു പറഞ്ഞപ്പോഴേക്ക് അവൾ ഇടയിൽ കയറി പറഞ്ഞു.

‘ഇല്ലമ്മച്ചീ, ഉടുപ്പു മാത്രെ ഉള്ളു.’

‘നീ നോക്കിയോ, പെണ്ണെ?’

‘നോക്കി അമ്മച്ചീ.’

‘എപ്പോ?’

‘വാവെടെ സഞ്ചി തൊറന്ന് നോക്കീല്ലെ, അപ്പോത്തന്നെ.’

‘എന്നിട്ട് നീയെന്താ എന്നോട് പറയാതിരുന്നത്?’

‘അമ്മച്ചീടെ മനസ്സമാധാനം കളയണ്ടാന്ന് കരുതി’.

ജോസഫേട്ടൻ തലയാട്ടി.

‘അവള് പറഞ്ഞതാ കാര്യം. കേൾക്കാൻ സുഖമില്ലാത്ത കാര്യങ്ങള് വൈകിക്കേൾക്കണതല്ലെ നല്ലത്? ആട്ടെ പിള്ളാർക്ക് കൊടുക്കാൻ എന്താണുള്ളത്?’

‘ചോറുണ്ട്, ഇറച്ചിക്കറീണ്ട്, മീൻ വറുത്തതുംണ്ട്.’ പാറുകുട്ടി പറഞ്ഞു.

‘പിന്നെന്താ?’

കുട്ടികൾ നല്ല രുചിയോടെ ഭക്ഷണം കഴിക്കുന്നത് ജോസഫേട്ടൻ നോക്കിയിരുന്നു. സജിക്കു മാത്രം കുഴച്ച് വായിൽ കൊടുക്കേണ്ടി വന്നു. ത്രേസ്യാമ്മ നല്ല വാക്കുകൾ പറഞ്ഞ് ഉരുളയും ഇറച്ചിയും മീനും അവന്റെ വായിൽ കൊടുത്തു. എരിവു കാരണം അവന്റെ കണ്ണുകളിൽനിന്ന് വെള്ളം ചാടി. ജോസഫേട്ടൻ, ജോമോൻ കുട്ടിയായിരിക്കുമ്പോഴത്തെ കാര്യങ്ങൾ ഓർത്തു. നല്ല കാലങ്ങളെല്ലാം തിരിച്ചു വരുന്നപോലെ. കുട്ടികളുടെ ഭക്ഷണം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ വയർ നിറഞ്ഞിരുന്നു.

ശൈലജയുടെ മകൾ ഉണർന്നപ്പോൾ വീണ്ടും പാൽ കൂട്ടിക്കൊടുത്തു. ഒരു വാശിയുമില്ല കുറേനേരം ഇരുന്ന് കളിച്ചു. ഉറക്കം വരുന്നുണ്ടെന്ന് തോന്നിയപ്പോൾ ത്രേസ്യാമ്മ കാലിൽ കിടത്തി ആട്ടി ഉറക്കി.

കുട്ടികളും ഓരോരുത്തരായി ഉറക്കമായി. ദീവാനിൽ മലർന്നുകിടന്ന് കൂർക്കം വലിക്കുന്ന ജോസഫേട്ടനെ നോക്കി, ‘എന്താണ് അപ്പൂപ്പൻ ‘ഘ്രോം ഘ്രോം’ ന്ന് ശബ്ദം ഉണ്ടാക്കുന്നതെന്ന് ഭയത്തേടെ ചോദിച്ച സജിയും ഉറക്കമായപ്പോൾ ത്രേസ്യാമ്മ നടുനിവർത്താനായി കിടക്കയിൽ ചാഞ്ഞു.

അഞ്ചു മണിയോടെ ആദ്യത്തെ അമ്മ വന്നു.

‘മോള് ആന്റിയെ ശല്യം ചെയ്തതൊന്നുമില്ലല്ലോ.

‘ഏയ്, ഒരു കുഴപ്പവുമില്ല, അവര് നല്ല കൂട്ടായിരുന്നു.’

ആ സ്ത്രീ പോയിക്കഴിഞ്ഞപ്പോഴാണ് ത്രേസ്യാമ്മ ഓർത്തത്, പിറ്റേന്ന് വരുമ്പോൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കൊണ്ടുവരണമെന്ന് പറയാൻ. രണ്ടാമത്തെ അമ്മ ഓഫീസിൽനിന്ന് ക്ഷീണിച്ചു വന്നപ്പോൾ അതു പറയാൻ ഓങ്ങിയതാണ്. പെട്ടെന്ന് ഉച്ചക്ക് മൂന്നു കുട്ടികളും ഒന്നിച്ചിരുന്ന് ഇറച്ചിയും മീനും കൂട്ടി സമൃദ്ധമായി ഊണു കഴിച്ചത് ഓർമ്മ വന്നു. ഈ അമ്മമാർ രാവിലെ ഓഫീസുകളിൽ ജോലിക്കു പോകുന്ന തിരക്കിൽ ചോറും എന്തെങ്കിലും പച്ചക്കറിയും പേരിനു മാത്രം ഉണ്ടാക്കി എന്നു വരുത്തും. അതായിരിക്കും കുട്ടികൾക്കും കൊടുത്തയക്കുക. കുട്ടികൾ മുമ്പിലിരുന്ന് ആ തണുത്ത് വെറുങ്ങലിച്ച ഭക്ഷണം കഴിക്കുമ്പോൾ തനിക്കും ജോസഫേട്ടനും ഇറച്ചിയും മീനുമൊക്കെ കൂട്ടി സമൃദ്ധമായ ഊണ് കഴിക്കാൻ വിഷമമായിരിക്കും. പോരാത്തതിന്ന് ഭക്ഷണത്തിന്റെ കാര്യത്തിൽ നക്കാപിച്ച കണക്കു പറയാൻ സംസ്‌കാരം അവരെ അനുവദിച്ചതുമില്ല.

അഞ്ചരമണിയായിട്ടും ശൈലജയെ കണ്ടില്ല. ഇതെന്തൊരമ്മയാണ്! ത്രേസ്യാമ്മ ആലോചിച്ചു. രാവിലെ കൊണ്ടുവന്നു വിട്ടതാണ്, മുലകുടി മാറിയിട്ടില്ലാത്ത കുട്ടിയെ. കുട്ടിയാകട്ടെ ഇടക്കിടക്ക് ത്രേസ്യാമ്മയുടെ മാറിൽ തപ്പിനോക്കി. ആറു മണിയായപ്പോൾ ശൈലജ വന്നു.

‘അമ്മച്ചി, എന്റെ മോള്.”

‘മോളെപ്പറ്റി വിചാരംള്ള ഒരമ്മയും!’ ത്രേസ്യാമ്മ പരിഭവത്തേടെ പറഞ്ഞു. ‘എന്തേ ഇത്ര വൈകിയത്? പാവം അതിന് കുടിക്കാൻ ധൃതിയായിരിക്കുന്നു.’

‘ഞാനേയ് അമ്മച്ചി ഓഫീസിൽനിന്ന് വന്നിട്ട് ഒന്ന് മേൽകഴുകി. പിന്നെ കൂട്ടാനുള്ള കഷ്ണങ്ങളൊക്കെ നുറുക്കിവെച്ചു. ഈ പെണ്ണ് അതിനൊന്നും സമ്മതിക്കത്തില്ല.’

“കഷ്ടം തന്നെ.’ അവർ മൂക്കത്ത് വിരൽവെച്ചുകൊണ്ട് പറഞ്ഞു. ‘ഇങ്ങിനേയും അമ്മമാരുണ്ടല്ലോ.’

മോൾ അടുക്കള മുറ്റത്തായിരുന്നു. കൂട്ടിലേക്ക് ചേക്കേറാൻ പുറപ്പെടുന്ന കോഴിയെ കാണിച്ചു കൊടുത്ത് സമാധാനിപ്പിക്കുകയായിരുന്നു പാറു. ത്രേസ്യാമ്മ അവളെ പുറത്തേയ്ക്കു കൊണ്ടുവന്നു.

‘നോക്ക് മോളെ ആരാ വന്നിരിക്കണത്ന്ന്?’

അമ്മയെ കണ്ടപ്പേുാൾ അവൾ കയ്യും കാലുമിട്ടടിച്ച് കുതിച്ചു. പക്ഷെ ശൈലജ എടുക്കാൻ കൈ നീട്ടിയപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞ് ത്രേസ്യാമ്മയുടെ ചുമലിലേക്കു തന്നെ ചാടി.

‘നോക്ക് പെണ്ണിന്റെ കാട്ടായങ്ങള് !’

കണ്ടുനിന്ന ജോസഫേട്ടൻ പറഞ്ഞു.

ശൈലജ പോയിക്കഴിഞ്ഞപ്പോഴാണ് ബേബിഫുഡ് വാങ്ങിയ കാര്യം പറഞ്ഞില്ലെന്ന് ത്രേസ്യാമ്മ ഓർത്തത്. സാരമില്ല, ഒന്നിച്ചു കണക്കു പറയാം.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസത്തിന്റെ മുഴുവൻ ഒരു അവലോകനം നടത്തുക ത്രേസ്യാമ്മയുടെ പതിവായിരുന്നു. സംഭവിച്ച നല്ല കാര്യങ്ങൾക്ക് അവർ കർത്താവിന്ന് നന്ദി പറയും. ചീത്ത കാര്യങ്ങൾക്ക് വിധിയെ പഴിപറയും. അവലോകനം കുറച്ചു നീണ്ടുപോവുകയോ, ഉച്ചത്തിലാവുകയോ ചെയ്യുമ്പോൾ ഉറക്കം പിടിച്ചുതുടങ്ങിയ അച്ചായൻ ദേഷ്യപ്പെടും.

‘നീയൊന്ന് മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ കൊച്ചുത്രേസ്യേ?’

ഇന്നും അവർ കർത്താവിന് നന്ദി പറഞ്ഞു. ജോമോൻ ഉണ്ടായതിൽപ്പിന്നെ ഇത്രയും നല്ല ഒരു കാര്യം സംഭവിക്കുന്നത് ഇന്നാണ്. ആ കൊച്ചുങ്ങടെ മുഖം കാണുമ്പോൾ എന്തു സന്തോഷമാണ് ഉണ്ടാവുന്നത്. കർത്താവേ ആ ചെറുതിന്റെ തുള്ളൽ കാണുകതന്നെ വേണം. ഒരു പഞ്ഞിക്കെട്ടുപോലത്തെ സാധനം. ഇപ്പോൾ അടുത്തു കിട്ടാൻ തോന്നുന്നു. ഇതെല്ലാം സാധിച്ചുതന്ന കർത്താവിന് സ്തുതി......

‘കൊച്ചു ത്രേസ്യേ,” ജോസഫേട്ടൻ പറഞ്ഞു. ‘നീ മറ്റുള്ളവരുടെ ഉറക്കമാണ് കളയുന്നത്.”

ത്രേസ്യാമ്മ വിളക്കണച്ചു ഒരിക്കൽ കുടി കുരിശു വരച്ചു കിടന്നു.

രാവിലെ എട്ടരക്കു തന്നെ ശൈലജ കുട്ടിയുമായി എത്തി. കുട്ടിയെ ത്രേസ്യാമ്മയെ ഏൽപ്പിച്ചു സഞ്ചി പാറുക്കുട്ടിക്കു കൊടുത്തു ഓടാൻ തയ്യാറായി.

‘ശൈലജേ ഒരു മിനിറ്റ് നിക്ക്.’ ത്രേസ്യാമ്മ പെട്ടെന്ന് ഓർത്തുകൊണ്ട് പറഞ്ഞു. “ഇന്നലെ ബേബിഫുഡ് വാങ്ങിയിട്ടുണ്ട് കെട്ടോ.’

‘ങാ, ഞാൻ ടിന്ന് മേശപ്പുറത്തിരിക്കുന്നതു കണ്ടു. അപ്പോ തോന്നി ജോസഫേട്ടൻ വാങ്ങിച്ചതായിരിക്കുംന്ന്. പിന്നെ, ഇന്നലെ മോക്ക് കുറുക്കിയത് കൊടുത്തുവോ?’

‘ഇല്ല, നീയൊന്നും തന്നില്ലല്ലോ.’

‘ഇന്ന് കൊടുക്കണംട്ടോ. ജോസഫേട്ടനോട് ഫാരക്‌സോ, സെറിലാക്കോ വാങ്ങാൻ പറയണം.’

അവൾ പോയിക്കഴിഞ്ഞു.

‘അമ്മച്ചീടെ മോള് വന്നല്ലോ.’ ത്രേസ്യാമ്മ കുട്ടിയെ കൊഞ്ചിച്ചു.

ഒരു മാസം എങ്ങിനെയാണ് പോയതെന്നറിഞ്ഞില്ല. വൈകുന്നേരം ശൈലജ വന്നപ്പോൾ നൂറിന്റെ രണ്ട് നോട്ടുകൾ തന്നപ്പോഴാണ് അത് മുപ്പത്തൊന്നാം തിയ്യതിയാണെന്ന് ത്രേസ്യാമ്മ ഓർത്തത്.

‘നില്ല് പെണ്ണെ’, അവർ പറഞ്ഞു. “കുറച്ചു കണക്ക് നോക്കാനുണ്ട്.”

‘എന്തു കണക്ക്?’

‘കൊച്ചിന് ബേബിഫുഡ് വാങ്ങിയ വക.’

ത്രേസ്യാമ്മ മേശവലിപ്പിൽനിന്ന് നോട്ടു പുസ്തകം പുറത്തെടുത്തു. ആദ്യത്തെ പേജിൽത്തന്നെ ഒന്നാം തിയ്യതിയിലേയും രണ്ടാം തിയ്യതിയിലേയും കണക്കായി 48 + 29 = 77 എന്നെഴുതിവെച്ചിരുന്നു.

‘അതെല്ലാം അമ്മച്ചി വാങ്ങി വെക്കേണ്ടതാണ്. പിന്നെന്തിനാ ഇരുന്നൂറു രൂപ വാങ്ങുന്നത്?’

‘അത് എന്റെ ഫീസാ മോളെ, കുട്ടിയെ നോക്കുന്നതിന്. ഭക്ഷണച്ചിലവ് വേറെയാ. എല്ലായിടത്തും അങ്ങനാ. നീ മൊട്ടക്കാരി എലിയുമ്മയോട് ചോദിച്ചു നോക്ക്.’

‘എനിക്ക് വേറെ പൈസ തരാനൊന്നും സാധിക്കില്ല.’ ശൈലജ ചൊടിച്ചുകൊണ്ട് പറഞ്ഞു.

‘എന്നാൽ എനിക്ക് നിന്റെ കുഞ്ഞിനെ നോക്കാനും പറ്റകേല കേട്ടോ.’ തേസ്യാമ്മയും ചൊടിച്ചു.

‘വേണ്ട, ഞാൻ വേറെ വഴി നോക്കിക്കൊള്ളാം.’

ശൈലജ കുട്ടിയേയും കൊണ്ടു പോയി.

ത്രേസ്യാമ്മ തളർന്ന് കസേരയിലിരുപ്പായി; അടുത്തുനിന്ന പാറുകുട്ടിയോട് ചോദിച്ചു.

‘അവള് ചെയ്തതു ന്യായാണോ മോളെ, നീ പറ.’

‘അല്ലമ്മച്ചീ, ‘ പാറു പറഞ്ഞു. ‘ദുസ്സാമർഥ്യം തന്നെയാ.’

‘അല്ലേ.... അവള് മോളെ കൊണ്ടുവരില്ലാന്നാ പറഞ്ഞത്. പോട്ടെ അല്ലെ?’

‘അല്ലാതെന്താ അമ്മച്ചി, നമുക്ക് ഈ മാസം വേറീം കുട്ടികളെ കിട്ടും. മൂന്ന് പേര് വന്ന് അനേഷിച്ചു പോയതല്ലെ. പോവ്വാച്ചാ പോട്ടെ. ഇങ്ങനെ നഷ്ടത്തിലെന്തിനാ നമ്മള് ജോലിയെടുക്കുന്നത്?’

ത്രേസ്യാമ്മ നിശ്ചേഷ്ടയായി ഇരുന്നു. ഒരഞ്ചു മിനിറ്റ കഴിഞ്ഞു കാണും, അവർ വിളിച്ചു.

‘പാറുകുട്ടീ.....’

‘എന്നാ അമ്മച്ചീ?’

‘എനിക്ക് എന്തോ വല്ലാതൊക്കെ തോന്നുന്നു. ആ കൊച്ചിന്റെ കളി കണ്ണിന്റെ മുമ്പില് കാണ്വാ.’

‘കൊറച്ചു ദിവസം അങ്ങനെയൊക്കെണ്ടാവും അമ്മച്ചി, പിന്നെ അതങ്ങു ശരിയാവും.’

‘പാറൂ....’ ത്രേസ്യാമ്മയുടെ ശബ്ദം ഇടറി. ‘ഇതങ്ങനെയൊന്നും ശരിയാവുംന്ന് തോന്ന്ണില്ലാ കേട്ടോ.’

‘അമ്മച്ചിയൊന്ന് മിണ്ടാതിരിക്ക്.’ പാറു അവരുടെ പുറം തലോടി സമാശ്വസിപ്പിച്ചു.

ജോസഫേട്ടൻ പുറത്തു പോയിരിക്കയാണ്. സാധാരണ അഞ്ചര ആറുമണിക്ക് എത്താറുള്ളതാണ്. ഇന്നെവിടെ പോയി ആവോ. എപ്പോഴുമങ്ങിനെയാണ്. തനിക്ക് വൈകാരികമായി പ്രശ്‌നങ്ങളുണ്ടാവുമ്പോഴൊന്നും ആശ്വസിപ്പിക്കാൻ അച്ചായനെ കിട്ടില്ല.

രാത്രി ജോസഫേട്ടൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം പടിവാതിൽവരെ വന്ന് തിരിച്ചുപോകുന്ന പ്രതീതി. കിടത്തം ശരിയാവാഞ്ഞിട്ടാണോ. കണ്ണടക്കാതെത്തന്നെ അദ്ദേഹം തിരിഞ്ഞുകിടന്നു. പെട്ടെന്നാണ് ഉറക്കം വാതിൽകടന്ന് വരാത്തതിന്റെ കാരണം മനസ്സിലായത്. അദ്ദേഹം കണ്ണു തുറന്നു. കട്ടിലിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് ത്രേസ്യാമ്മ പ്രാർഥിക്കുകയാണ്. പരിദേവനങ്ങൾ, പ്രലോഭനങ്ങൾ, ഭീഷണികൾ, എല്ലാം കർത്താവിനോടുതന്നെ. ഒന്നും കർത്താവിന്റെ അടുത്ത് ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ കട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി.

കാര്യമെന്തൊക്കെയായാലും ത്രേസ്യാമ്മ കരയുന്നതു കാണാൻ അച്ചായന്നു വയ്യ. അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു പുറം തലോടി.

‘എന്തിനാ മോളേ കരയുന്നത്?’

തന്റെ മാറിൽ ചവിട്ടിക്കുതിക്കുന്ന രണ്ടു കൊച്ചു പാദങ്ങൾ ഓർമ്മയിൽ വന്നപ്പോൾ അവരുടെ കരച്ചിലിന്ന് ശക്തി കൂടി.

‘നീയൊരു കാര്യം ചെയ്യ്.’ ജോസഫേട്ടൻ സമാധാനിപ്പിച്ചു. ‘നാളെ രാവിലെ ശൈലജ ഓഫീസിൽ പോണതിന്റെ മുമ്പ് നീ ഒന്ന് പോയി നോക്ക്. എന്താണവളുടെ ഉദ്ദേശമെന്ന്. വേറെ എവിടെയെങ്കിലും കൊണ്ടെ ആക്ക്വാണെങ്കിൽ നീ പറ ഇവിടെത്തന്നെ മതീന്ന്. ഇതില് മാനത്തിന്റെ പ്രശ്‌നമൊന്നുമില്ല.’

ആ കൊച്ചു സുന്ദരിയെ ഇനി കിട്ടില്ലെന്ന കാര്യം തനിക്കും വിഷമമുണ്ടാക്കുന്നുണ്ട് എന്ന കാര്യം ജോസഫേട്ടൻ അപ്പോഴാണ് മനസ്സിലാക്കുന്നത്. ത്രേസ്യാമ്മ കരച്ചിൽ നിർത്തി. പെട്ടെന്ന് മുമ്പിലേയ്ക്കുള്ള വഴി തെളിഞ്ഞപോലെ. ഇരുട്ടിൽ ഒരായിരം ദീപങ്ങൾ ജ്വലിച്ചപോലെ. കനിവായി വഴി കാട്ടിത്തന്ന കർത്താവിന് സ്തുതിയർപ്പിച്ച് മനസ്സമാധാനത്തേടെ അവർ കിടന്നു.

അവർ എഴുന്നേറ്റപ്പോൾ ഏഴുമണിയായി.

‘എന്തുറക്കാണിത് അമ്മച്ചി.’ പാറുക്കുട്ടി പറഞ്ഞു. ‘ഞാൻ നാലഞ്ചു തവണ വന്നുനോക്കി.’

‘നിനക്കെന്നെ ഒന്ന് വിളിക്കാൻ മേലാ?’

അവർ വിസ്തരിച്ച് കുളിച്ചു. ധൃതിയിൽ ജോസഫേട്ടന് ദോശയും ചായയും വിളമ്പി. കാലത്ത് അഞ്ചു മണിക്ക് എഴുന്നേൽക്കുന്ന ജോസഫേട്ടന്ന് നേരത്തെ വിശക്കും. രാവിലെത്തന്നെ രണ്ടുമൂന്ന് കിലോമീറ്റർ നടക്കും. തിരിച്ചുവന്ന് കുളി കഴിഞ്ഞാൽ ഉടനെ പ്രാതൽ വേണം. എല്ലാം പാറുക്കുട്ടി തയ്യാറാക്കുമെങ്കിലും ഭാര്യ ഒപ്പമിരുന്നു കഴിക്കണമെന്നു നിർബ്ബന്ധമുണ്ട് ജോസഫേട്ടന്ന്. ഒപ്പമിരുന്നു കഴിച്ചില്ലെങ്കിലും വിളമ്പിത്തന്ന് ഒപ്പമിരിക്കയെങ്കിലും വേണം. ഇന്ന് അതിനൊന്നും മെനക്കെടാതെ അവർ പുറത്തേക്കിറങ്ങി. ശൈലജയുടെ ഗെയിറ്റിന്റെ അടുത്തുവരെ പോയി. പേട്ടെന്നവർ നിന്നു. ഒരു ജാള്യത. എന്തു പറഞ്ഞിട്ടാണ് കയറുക? അവർ തിരിച്ചു നടന്നു. വീട്ടിലേക്കും കയറാൻ മനസ്സു വരാതെ അവർ നിരത്തിൽത്തന്നെ ചുറ്റിപ്പറ്റി നിന്നു.

അപ്പോഴാണ് ശൈലജ മോളെയും എടുത്ത് തനിക്ക് സുപരിചിതമായ സഞ്ചിയും തോളത്തിട്ട് വരുന്നതു കണ്ടത്. അപ്പോൾ, അവൾ ഇത്ര പെട്ടെന്ന് വേറെ സ്‌കൂൾ കണ്ടുപിടിച്ചുവോ? ത്രേസ്യാമ്മ ധൃതിയിൽ ശൈലജയുടെ അടുത്തുചെന്നു. ത്രേസ്യാമ്മയെക്കണ്ടതും മോൾ കുതിക്കാൻ തുടങ്ങി.

‘നീ എങ്ങോട്ടാണ് കൊച്ചിനേയും കൊണ്ട്?’

‘ഞാൻ മോളെ പ്ലേസ്‌കൂളിൽ ആക്കാൻ കൊണ്ടുപോവ്വാണ്.’ ശൈലജ ഗൗരവത്തിൽ പറഞ്ഞു.

‘ഏത് പ്ലേസ്‌കൂളിൽ?’

‘മദർമേരി പ്ലേസ്‌കൂളിൽ.’ ഗൗരവം വിടാതെത്തന്നെ അവൾ പറഞ്ഞു.

‘അപ്പോ നീ എന്താണ് ഞങ്ങടെ സ്‌കൂളിൽ വിടാത്തത്?’ ത്രേസ്യാമ്മയുടെ ശബ്ദം ഇടറി.

ശൈലജ കുസൃതിയോടെ ചോദിച്ചു. ‘അമ്മച്ചീടെ പ്ലേസ്‌കൂളിന്റെ പേരെന്താ?’

താനെന്തൊരു വിഡ്ഡിയാണെന്ന് ആശ്വാസത്തോടെ, ആഹ്ലാദത്തോടെ ത്രേസ്യാമ്മ മനസ്സിലാക്കി.

‘അമ്മച്ചി എന്തൊരു പാവാണ്. അമ്മച്ചിടെ അടുത്തല്ലാതെ വേറെ എവിടേങ്കിലും ഞാൻ മോളെ വിട്വോ?’

കുതിച്ചു ചാടുന്ന കുഞ്ഞിനെ അവർ വാരിയെടുത്ത് ഉമ്മ വെച്ചു.

‘ഇതാ അമ്മച്ചി സഞ്ചി.’

‘നീ അത് പാറുക്കുട്ടിയെ ഏല്പിക്ക്. അമ്മച്ചിം മോളും കൂടി കോളനീല് ടാറ്റ പോവ്വാ’.

‘അമ്മച്ചീ സഞ്ചീല് രണ്ടു ടിന്നും വെച്ചിട്ടുണ്ട് കേട്ടോ.’ ശൈലജ വിളിച്ചു പറഞ്ഞു. ദൂരത്തെത്തിയ ത്രേസ്യാമ്മ അതു കേൾക്കുകയുണ്ടായില്ല. ഇനി കേട്ടാലും വലിയ വ്യത്യാസമൊന്നുമുണ്ടാവാൻ പോകുന്നില്ല.

ഞായറാഴ്ച ഫോർട്ട് കൊച്ചിയിൽ വിശുദ്ധ മാതാവിന്റെ പള്ളിയിൽ പ്രാർഥിക്കുകയായിരുന്നു ത്രേസ്യാമ്മ.

‘മാതാവേ, കാര്യം പറയാലോ, വലിയ ലാഭം ഒന്നുമുണ്ടാവില്ല. മൂന്ന് പിള്ളേര് നല്ലോണം തിന്നും. ഭക്ഷണം വെറുതെ കിട്ടുന്നതൊന്നും അല്ലല്ലോ.’ ത്രേസ്യാമ്മ സ്വരം താഴ്ത്തി. ‘അവര് പക്ഷെ മുന്നൂറ് വീതം തര്ണ്ണ്ട് കേട്ടോ. പിന്നെന്താ അതുങ്ങളുടെ കളി കണ്ടിരുന്നാൽ നേരം പോണതറിയില്ല. ആ ചെറുതിന്റെ കാട്ടായങ്ങള് കണ്ടാ മതി. ഇപ്പോ തിരിച്ചു പോയാൽ അതിനെ എടുത്തുകൊണ്ടുവരാൻ പോവ്വാണ്. ഇനി ഞാൻ കൊണ്ടുവന്നില്ലെങ്കിൽത്തന്നെ അച്ചായൻ പറയും കൊണ്ടുവരാൻ. അത്രയ്ക്ക് ഇഷ്ടായിരിക്കുന്നു.’

ത്രേസ്യാമ്മ ചുറ്റും നോക്കി. അടുത്ത് ആരുമില്ല. അവർ സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു.

‘പിന്നെ, ഞാൻ പറഞ്ഞ പ്രകാരം മെഴുകുതിരി കത്തിച്ചുവെച്ചിട്ടുണ്ട്. ചെറുതല്ല വലുതുതന്നെ, ഒന്നല്ല, രണ്ടെണ്ണം.’

കുഞ്ഞിയേശുവിനെ കയ്യിലേന്തി നില്ക്കുന്ന വിശുദ്ധ മാതാവിന്റെ രൂപം നോക്കി നില്‌ക്കെ ത്രേസ്യാമ്മയുടെ കണ്ണിൽനിന്ന് നീരുറവ ചാടി.