close
Sayahna Sayahna
Search

ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ…



നിറയെ പൂച്ചെടികളുള്ള വീടായിരുന്നു അത്. എനിക്കന്ന് പത്തു വയസ്സു പ്രായം. പൂക്കളും ചെടികളും എന്റെ ദൗർബ്ബല്യമായിരുന്നു. സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും ഞാൻ ആ വീട് ശ്രദ്ധിച്ചിരുന്നത് പൂക്കളോടുള്ള ഈ കമ്പം മൂലമായിരുന്നു. ആ വീട്ടിൽ കയറണം, ചെടി കളുടെ വിത്തുകൾ ചോദിച്ചു വാങ്ങണം എന്നൊക്കെ കരുതും, നാണം കൊണ്ട് അതിനുള്ള ധൈര്യമുണ്ടാവുകയുമില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം ആ വീട്ടിന്റെ മുറ്റത്ത് സാരിയുടുത്ത ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. ഇതുതന്നെ അവസരം എന്നു കരുതി ഞാൻ ഒപ്പം നടക്കുന്ന അനുജത്തി ഗിരിജയോട് ‘ഏട്ടൻ ഇപ്പോ വരാം, നീ നടന്നോ’ എന്നു പറഞ്ഞു ആ വീട്ടിലേയ്ക്കു ള്ള വരമ്പിലേയ്ക്കു തിരിഞ്ഞു. ഗിരിജയെ ഒപ്പം കൊണ്ടുപോകാൻ താൽപര്യമില്ലാഞ്ഞിട്ടല്ല, പക്ഷേ അവരെന്നോട് ഓടാൻ പറഞ്ഞാലുണ്ടാവുന്ന ചമ്മലവൾ കാണരുതല്ലോ.

എന്നെ കാത്തു നിന്ന സ്വീകരണം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്ന തല്ല. ഞാൻ പടി കടക്കു ന്നതു കണ്ട ഉടനെ ആ സ്ത്രീ ചിരിച്ചുകൊണ്ട് നടന്നു വന്നു. ഞാനൊരു സ്വകാര്യം പറയട്ടെ, ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങിനെ സുന്ദരിയായ ആ സ്ത്രീ ചിരിച്ചു കൊണ്ട് എന്റെ അടുത്തെത്തി ഒരു ചോദ്യം. ‘ജാന്വേടത്തീടെ രണ്ടാമത്തെ മോനാണല്ലെ? പേര് ഹരി. അഞ്ചാം ക്ലാസ്സില് പഠിക്കുണു.’ ഞാൻ ജീവിതത്തിൽ ഇത്ര യും അദ്ഭുതപ്പെട്ട നിമിഷം വേറെയുണ്ടായിട്ടില്ല. എന്നെപ്പറ്റി ഇത്രയും കൃത്യമായി അവരെങ്ങിനെ അറിഞ്ഞു എന്നത് ഇന്നും അജ്ഞാതം. ഞങ്ങൾ നല്ല കൂട്ടായി. 26 വയസ്സു പ്രായമായ അവർക്ക് ഒരു ജേഷ്ഠത്തിയും ജ്യേഷ്ഠനുമുണ്ട്. അവരുടെ രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. ജ്യേഷ്ഠത്തി ടീച്ചറാണ്. അവരുടെ വീട്ടിൽ ഞാനൊരു സ്ഥിരം സന്ദർശകനായി. ചിലപ്പോൾ അനുജത്തിയേയും കൊണ്ടുപോകും.

അടുത്തപ്പോൾ ഒരു ദിവസം ഞാൻ ചോദിച്ചു. ‘ശാരദേട്ത്തി എന്താണ് കല്യാണം കഴിയ്ക്കാത്തത്?’

‘ഉത്തരം ലളിതം.’ അവർ പറഞ്ഞു. ‘എനിക്കിഷ്ടപ്പെട്ട പയ്യനെ കിട്ടാത്തതു കൊണ്ട്.’ അതും പറഞ്ഞ് അവർ ചിരിക്കാൻ തുടങ്ങി. ചിരി എനിക്ക് ഒരദ്ഭുതമായിരുന്നു. വീട്ടിൽ അപൂർവ്വമായേ ചിരിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ചിരിക്കുന്നത് പാപമാണെന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്. ഇവിടെ ഈ സ്ത്രീ ഓരോ വാചകത്തിലും ചിരിക്കുന്നു. ഞാൻ പറയുന്ന ഓരോ വാചകവും ഫലിതമാണെന്ന മട്ടിൽ ചിരിക്കുന്നു. ഞാൻ ഇത്രയും നല്ല തമാശക്കാരനാണെന്ന് അവരുടെ ഒപ്പം സംസാരിക്കുമ്പോഴാണ് തോന്നിയിട്ടുള്ളത്.

‘പക്ഷേ അടുത്തുതന്നെണ്ടാവുംന്നാ തോന്നണത്.’ അവർ തുടർന്നു. ‘കാരണം എനിക്കിഷ്ടപ്പെട്ട ഒരു പയ്യനെ കണ്ടുകിട്ടിയിട്ടുണ്ട്.’

‘ആരാണത്?’ ഞാൻ ഒട്ടൊരസൂയയോടെ ചോദിച്ചു. അവർ കസേരയിലിരിക്കുകയായിരുന്നു ഞാൻ തൊട്ടു മുമ്പിൽ നിൽക്കുകയും. പെട്ടെന്നവർ എന്നെ ആശ്ലേഷിച്ചു, എന്റെ കവിളിൽ ചുംബിച്ചു. ‘ഇതാ ഈ ഹരിക്കുട്ടൻ തന്നെ.’ എനിക്കു നാണമായി, പക്ഷേ അവരുടെ ആശ്ലേഷത്തിൽ നിന്ന് വിട്ടുമാറാൻ എന്നെ ക്കൊണ്ടാവില്ലാ യിരുന്നു. ഇന്ന് ഒരു പത്തു വയസ്സുകാരനെ ഇങ്ങനെയൊരു കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയില്ല. പക്ഷേ അന്ന്, അതായത് ദശകങ്ങൾക്കു മുമ്പ് ബാല്യത്തിന് നിഷ്‌കളങ്കത അപ്പോഴും വിട്ടിട്ടുണ്ടായിരുന്നില്ല. ഞാനൊരു കാമുകനായി മാറി.

എപ്പോഴാണ് ആ വികാരം എന്നെ വിട്ടൊഴിഞ്ഞതെന്ന് ഓർമ്മയില്ല. വളരെ സ്വാഭാവികമായി, എന്റെ അറിവു വർദ്ധിക്കുന്നതിനോടൊപ്പം ഞാനാ മായയിൽനിന്ന് പുറത്തു കടന്നിട്ടുണ്ടാവണം. പിന്നെ ഞങ്ങൾ വീട് മാറി; ആ വീട്ടിനു മുമ്പിലൂടെ സഞ്ചരിക്കേണ്ട ആവശ്യമേ ഇല്ലാതായി. പിന്നെ വർഷങ്ങൾക്കു ശേഷം കല്യാണ ത്തിന്നായി നാട്ടിലെത്തിയപ്പോഴാണ് ഞാൻ ശാരദേട്ത്തിയെ വീണ്ടും ഓർത്തത്. ഞാൻ അമ്മയോട് അവരെപ്പറ്റി അന്വേഷിച്ചു. ഞാൻ ആരെയാണുദ്ദേശിക്കുന്നതെന്നു മനസ്സിലാക്കാൻതന്നെ അമ്മ കുറേ സമയമെടുത്തു. ‘ങാ, ശാരദയോ?’

അമ്മ പറഞ്ഞ കഥ എന്നെ വേദനിപ്പിച്ചു. പതിനെട്ടാം വയസ്സുതൊട്ട് തന്നെ കീഴ്‌പ്പെടുത്തിയ മാരക രോഗം കാരണം ഗർഭപാത്രം നഷ്ടപ്പെട്ട പെൺകുട്ടി. മൂന്നു കൊല്ലം തീ തിന്നതിനു ശേഷം ഡോക്ടർമാർ ഉപദേശിച്ചത് ഗർഭപാത്രം എടുത്തുകളയാനായിരുന്നു. അതിനു ശേഷവും ആലോചനകൾ വന്നു. പക്ഷേ ശാരദേട്ത്തി സമ്മതിച്ചില്ല. പൂവിനെന്തു ഭംഗിയുണ്ടായിട്ടെന്താണ്, വാസനയില്ലെങ്കിൽ? സ്വയം ഒരവിവാഹിത ജീവിതം വരിക്കുകയായിരുന്നു ആ സ്ത്രീ. എന്നോട് തമാശകൾ പറഞ്ഞു കുടുകുടാന്ന് ചിരിക്കുമ്പോൾ അവരുടെ സ്ഥിതി ഇതായിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നെങ്കിൽ!

കല്യാണം കഴിഞ്ഞ് ദില്ലിയിലേയ്ക്കു തിരിച്ചു പോകുന്നതിനുമുമ്പ് ഞാനവരെ വീണ്ടും കണ്ടു. ലളിതയെ ഒപ്പം കൂട്ടാത്തതിൽ അവർ എന്നെ ശകാരിച്ചു. കല്യാണം വേണ്ടെന്നുവച്ച ഒരു സ്ത്രീയെ കാണാൻ പോകുമ്പോൾ ഭാര്യയുടെ ഒപ്പം പോകുന്നതിൽ എന്തോ ഒരു വിഷമം. അവർ പണ്ടത്തെപ്പോലെ സുന്ദരി യായിരുന്നു. 44, 45 വയസ്സായിട്ടുണ്ടാവുമെങ്കിലും അത്രയൊന്നും തോന്നിക്കില്ല. ഞാൻ സ്വയം പരിചയ പ്പെടുത്തിയപ്പോൾ അവർ അദ്ഭുതത്തോടെ എന്നെ നോക്കി. ‘ഹരി!’

അവരുടെ അടുപ്പം ഒട്ടും കുറഞ്ഞിട്ടുണ്ടായിരുന്നില്ല. ചായയുണ്ടാക്കുമ്പോൾ ഞാനവരുടെ ഒപ്പം അടുക്കളയിൽ നിന്നുകൊണ്ട് സംസാരിച്ചു. അവരുടെ ചേച്ചി ലീവെടുത്ത് ഭർത്താവിന്റെ ഒപ്പം ധാൻബാദി ലാണ്. ചേട്ടൻ കോഴിക്കോടാണ്. ശാരദേടത്തി ഒറ്റയ്ക്കാണ്. ചേച്ചിയും ഭർത്താവും, അതുപോലെ ചേട്ടനും ചേട്ടത്തിയമ്മയും അവരുടെ ഒപ്പം പോയി താമസിക്കാൻ നിർബ്ബന്ധിക്കുന്നു. അവർക്ക് പോകാൻ താൽ പര്യമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നതുതന്നെയല്ലെ നല്ലത്?

‘മാതൃഭൂമിയുടെ ഒരു കോപ്പി ഞാൻ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ട്ണ്ട്. ഏതാന്നറിയ്യോ?’ അവർ തുടർന്നു. ഹരിടെ അച്ഛന്റെ ഒരു കവിതയുള്ളതാണത്. പൂതപ്പാട്ട്. അറിയോ? എന്താ അറിയാതെ അല്ലെ? അതില് ഉണ്ണി പള്ളിക്കൂടത്തിലേയ്ക്ക് പോണത് കിളിവാതിലിൽക്കൂടി പൂതം നോക്കിനിൽക്കണ ഒരു രംഗംണ്ട്. ആറ്റിലൊലി ച്ചെത്തും ആമ്പലപ്പൂപോലെ, ആടിക്കുഴഞ്ഞെത്തുമമ്പിളിക്കല പോലെ, പൊന്നുങ്കുടം പോലെ, പൂവമ്പഴം പോലെ പോന്നുവരുന്നോനെ കണ്ടൂ പൂതം. എന്ന്. ശരിക്കു പറഞ്ഞാൽ ഹരിയെപ്പറ്റിത്തന്ന്യാണ് അച്ഛൻ ആ വരികളെഴുതീത്ന്ന് എനിക്കു തോന്നാറുണ്ട്. എന്നെപ്പറ്റിയും. സ്‌കൂളിൽ നിന്നുള്ള ഹരീടെ വരവ് ഞാൻ നോക്കിനിൽക്കാറ്ണ്ട് അന്നൊക്കെ. അങ്ങിനെ നോക്കിനിൽക്കണ ഒരു ദിവസാ ഹരി പടികടന്ന് വന്നത്. എനിക്ക് എന്തു സന്തോഷായീന്നറിയ്യോ?’

പടി കടന്ന് പച്ചപ്പരവതാനിയിട്ട പാടങ്ങൾക്കു നടുവിലൂടെയുള്ള വീതിയുള്ള വരമ്പിന്മേൽക്കൂടി നടക്കുമ്പോൾ എന്റെ കണ്ണിലൂറിയ ജലം തുടയ്ക്കാൻ തണുത്ത കാറ്റുണ്ടായിരുന്നു.