നെട്ടൂരിൽനിന്ന് ഒരു പാചകവിദഗ്ദ്ധ
ഞാൻ വളരെ അടുത്തറിയുന്ന ഒരു കുടുംബത്തിന്റെ കഥയായതു കൊണ്ട് ശരിക്കുളള പേരുകൾതന്നെ ഉപയോഗിക്കുന്നു. ഇനി ഈ കോളം വായിച്ച് അവരെല്ലാവരുംകൂടി എന്നെ ഓടിച്ചിട്ട് തല്ലുകയാണെങ്കിൽ അതൊരു ഒക്യുപേഷനൽ ഹസാർഡായി കരുതാം. അതായത് ജോലിക്കിടയിലെ അപകടങ്ങൾ. ഒരമ്മ, മൂന്നാൺമക്കൾ. മൂത്ത ആൾ സ്റ്റീഫൻ, രണ്ടാമത്തെ ആൾ ഡിമ്മി, മൂന്നാമത്തേത് രാജേഷ്. ഒരു പെങ്ങളാണുള്ളത്, ഷൈല. അവളുടെ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ്. ഈ ചെറിയ കുടുംബത്തിലേയ്ക്ക് അഞ്ചാമതൊരാൾ വരുന്നു. അതായത് സ്റ്റീഫന്റെ നവവധു സ്മിത. സ്റ്റീഫന്റെ അനുജന്മാർക്ക് ചേട്ടത്തിയമ്മയോട് രണ്ടു കാര്യം മാത്രമെ ആവശ്യപ്പെടാനുള്ളൂ. ഒന്ന് ജേഷ്ടാനുജന്മാർ തമ്മിലുള്ള സ്‌നേഹം തകർക്കുന്ന ഒന്നും ചേട്ടത്തിയമ്മയുടെ ഭാഗത്തുനിന്നുണ്ടാവരുത്. രണ്ടാമത്തേത്, അതാണ് ഏറ്റവും പ്രധാനപ്പെട്ടത്, നല്ല ഭക്ഷണം, പുതിയ തരം ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരണം. പത്തു കൊല്ലം മുമ്പ് ഭർത്താവു മരിച്ചശേഷം അമ്മ, ഫിലോമിനാമ്മച്ചി, മക്കളെ കണ്ണിലെണ്ണയൊഴിച്ച് വളർത്തിയതാണ്. മക്കളെ കഴിഞ്ഞിട്ടേ അവർക്ക് എന്തുമുള്ളൂ. എങ്കിലും പാചകമേഖലയിൽ അവർക്ക് വളരെയധികം പുരസ്‌കാരങ്ങളൊന്നും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യത്തെ കാര്യത്തിൽ വലിയ ഉറപ്പൊന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഭക്ഷണ കാര്യത്തിൽ വേണ്ടതു ചെയ്യാമെന്ന് ഒരു നെഞ്ചിടിപ്പോടെ സ്മിത സമ്മതിച്ചു. അനുജന്മാർക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. കാരണം വിരുന്നിനു പോയപ്പോൾ കിട്ടിയ അനേകം സ്വാദിഷ്ടവിഭവങ്ങൾ നവവധു തന്നെ ഉണ്ടാക്കിയതാണെന്ന് അമ്മ ലില്ലി ചങ്കുറപ്പോടെ പ്രഖ്യാപിച്ചത് അവർ കേട്ടിരുന്നു. അങ്ങിനെയാണെങ്കിൽ നമ്മുടെ നല്ല കാലം വരുന്നുവെന്ന് അനുജന്മാരും കരുതിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് സ്മിത പ്രാതലിന് ഒരു സ്‌പെഷലുണ്ടാക്കിത്തരാമെന്ന് പറഞ്ഞത് സ്റ്റീഫനും അനുജന്മാർക്കും സന്തോഷമുണ്ടാക്കിയത്. എന്നും രാവിലെ പിട്ടായിരുന്നു ഭക്ഷണം. അത് ഒന്നുകിൽ കടലയോടൊപ്പം, അല്ലെങ്കിൽ മസാലക്കറിയോടൊപ്പം, അല്ലെങ്കിൽ സ്റ്റൂവിനോടൊപ്പം. മക്കൾ പിട്ടിനെ വിശേഷിപ്പിക്കുന്നത് ഫിലോമിനാമ്മച്ചിയുടെ മണിപ്പിട്ട് എന്നാണ്. അതായത് ഒരു കടുകുമണിതൊട്ട് നെല്ലിക്ക വലുപ്പത്തിലുള്ള മണികൾ, മനോഹരങ്ങളായ മണികൾ അടങ്ങിയതായിരുന്നു പിട്ട്.
നല്ല ഭക്ഷണം നല്ലവണ്ണം അകത്തുചെല്ലാൻ കുറച്ച് വ്യായാമം ആവശ്യമാണെന്നതിനാൽ ഡിമ്മി സാധാരണയുള്ള അരമണിക്കൂർ വ്യായാമം ഒരു മണിക്കൂറാക്കി. രാജേഷിന് വ്യായാമം പതിവില്ല. അവൻ ആ സമയം തോട്ടപ്പണിക്കായി വിനിയോഗിക്കുന്നു. സ്റ്റീഫനാകട്ടെ എന്നും ഒരു മണിക്കൂർ നടക്കും. ഫിലോമി നാമ്മച്ചി എഴുന്നേറ്റിട്ടില്ല. കല്യാണത്തിന്റെ ഒരുക്കങ്ങളുടെ ക്ഷീണം കാരണം അവർ കിടക്കുകയാണ്. സുസജ്ജമായ വലിയൊരടുക്കള സ്മിതക്കു സ്‌പെഷലുണ്ടാക്കാനായി ഒഴിഞ്ഞു കിടന്നു.
കൃത്യം ഒമ്പതു മണിക്ക് മൂന്നു സഹോദരങ്ങളും മേശപ്പുറത്ത് പ്രതീക്ഷകളോടെ ഹാജരായി. എല്ലാം ഒരുക്കിയിരുന്നു. നല്ല ഭംഗിയുള്ള ഡിന്നർ സെറ്റിൽ മൂന്നുതരം വിഭവങ്ങൾ അടച്ചുവച്ചിരുന്നു. ഡിമ്മിക്ക് സസ്‌പെൻസ് സഹിക്കാനായില്ല. അതുകൊണ്ട് ചേട്ടത്തിയമ്മ ചായകൂട്ടിവരുന്നതിനു മുമ്പുതന്നെ അയാൾ ഒരു പാത്രത്തിന്റെ അടപ്പു പൊന്തിച്ചുനോക്കി. അതിൽ നെടുനീളത്തിൽ കിടക്കുന്നു നാലു കുറ്റി പിട്ട്, കടുകുമണിമുതൽ വലിയ നെല്ലിക്കവരെ വലുപ്പത്തിലുള്ള മണികളുള്ള പിട്ട് ! രാജേഷ് മറ്റൊരു പാത്രം തുറന്നുനോക്കി. അതിൽ കടലക്കറിയാണ്. മൂന്നാമത്തെ പാത്രം തുറന്നു നോക്കാനുള്ള ധൈര്യമുണ്ടായില്ല ആർക്കും.
സ്മിത ചെയ്യുന്നതെന്തും സ്റ്റൈലിലാണ്. ഒരു ട്രെയിൽ ചായപ്പാത്രവും കപ്പുകളുമായി അടുക്കളയിൽ നിന്നു വന്നപ്പോൾ കാണുന്നത് ഒഴിഞ്ഞു കിടക്കുന്ന കസേലകളാണ്. മൂന്നു സഹോദരങ്ങളും അപ്രത്യക്ഷരായി രിക്കുന്നു. താനുണ്ടാക്കിയ വിഭവങ്ങളിൽ മനുഷ്യരെ അപ്രത്യക്ഷരാക്കാനുള്ള വല്ല ഘടകവുമുണ്ടായിരുന്നോ എന്നവൾ ഒരു നിമിഷം ശങ്കിച്ചു. പെട്ടെന്നാണ് ഒരു ബൈക്ക് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടത്. ‘അത് ഡിമ്മിയുടെ ബൈക്കാണ് ‘, അവൾക്കു മനസ്സിലായി. എങ്ങോട്ടു പോവ്വാണാവോ? പിന്നാലെ രാജേഷിന്റെ സ്‌കൂട്ടി സ്റ്റാർട്ടാക്കുന്ന ശബ്ദം. ഇപ്പോൾ അവൾ ശരിക്കും ബുദ്ധിയുപയോഗിക്കാൻ തുടങ്ങി. ഇനി അടുത്ത് സ്റ്റാർട്ടാക്കാൻ പോകുന്നത് സ്റ്റീഫന്റെ ബൈക്കായിരിക്കുമെന്ന് ഊഹിച്ചെടുക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല ബുദ്ധിമതിക്ക്. ചായപ്പാത്രം മേശമേൽ വച്ച് അവൾ കിടപ്പറയിലേയ്ക്ക് ഓടി. സ്റ്റീഫൻ പുറപ്പെടുന്നതിനുമുമ്പ് വണ്ടി തുടച്ചു വൃത്തിയാക്കാറുണ്ട്. ശരിക്കും രണ്ടു മിനുറ്റു സമയം. ആ രണ്ടു മിനിറ്റിനുള്ളിൽ അവൾ ഉടുപ്പുകൾ മാറ്റി, നല്ല ചൂരിദാറിലേയ്ക്കിറങ്ങി, നെറ്റിയിൽ ഒരു പൊട്ട് ഫിറ്റുചെയ്തു, തലമുടി കെട്ടിക്കൊണ്ട് പുറത്തേയ്ക്ക് ഓടി. അമ്പരന്നു നിന്ന ഫിലോമിനാമ്മച്ചിയുടെ ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ അവൾ ഓടി. ഓരോ സെക്കന്റും വില പിടിച്ചതാണ്. സ്റ്റീഫൻ വണ്ടി സ്റ്റാർട്ടാക്കിയെടുക്കുമ്പോഴേയ്ക്ക് അവൾ പിന്നിലെ സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു.
റസ്റ്റോറണ്ടിൽ നാലുപേരും ഒരേ മേശയിൽ മുഖത്തോടുമുഖം നോക്കിയിരിക്കുമ്പോൾ ഡിമ്മി പറഞ്ഞു. ‘വിരുന്നിനു വന്നപ്പോൾ ഞങ്ങൾ വിചാരിച്ചു… ’
‘ഞാനൊരു സത്യം പറയട്ടെ?’ തന്റെ മുമ്പിൽ കൊണ്ടുവന്നുവച്ച ഇടിയപ്പം ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ സ്റ്റീഫന്റെ മുമ്പിലേയ്ക്കു തട്ടി സ്റ്റീഫന്റെ മുമ്പിൽ വച്ച വെള്ളപ്പത്തിന്റെ പ്ലേയ്റ്റ് വിദഗ്ദമായി വലിച്ചെടുക്കുന്നതിനിടയിൽ സ്മിത പറഞ്ഞു. ‘വിരുന്നിനുണ്ടാക്കിയ കറികളും ചിക്കൻ ബിരിയാണിയും ഒക്കെണ്ടാക്കീത് സീനാച്ചിയാണ്. അമ്മച്ചി വെറുതെ പറഞ്ഞതാ.’
വളരെ ഹ്രസ്വമായ വിവാഹജീവിതത്തിനു ശേഷം വിവാഹമോചനം നേടി സമാധാനത്തോടെ വീട്ടിലിരിക്കുകയാണ് സീന. കമ്പ്യൂട്ടർ റൂമിലെന്ന പോലെ അടുക്കളയിലും അവൾ വിദഗ്ദയാണ്.
‘നമുക്ക് അടുത്ത ശനിയും ഞായറുമായി സീനാച്ചിയെ വിളിച്ചു വരുത്തണം. നല്ല സാധനങ്ങള് ഉണ്ടാക്കിത്തരും. പിന്നെ നിങ്ങൾക്കൊക്കെ ചേച്ചി ചെയ്യണത് കണ്ട് പഠിക്ക്യും ചെയ്യാലോ.’
‘എന്ത്???… ’ മൂന്നുപേരും ഒപ്പം എഴുന്നേറ്റുകൊണ്ട് പറഞ്ഞു.