വിന്നി എന്ന കൊച്ചുസുന്ദരി
തൊള്ളായിരത്തി എഴുപതുകളിൽ ഞങ്ങൾ മുംബൈയിലെ ജുഹുവിൽ താമസിച്ചിരുന്ന കാലം. ഞങ്ങളുടെ ഫ്‌ളാറ്റിന്റെ താഴത്തെ നിലയിൽ ഒരു പഞ്ചാബി കുടുംബമുണ്ടായിരുന്നു. ചോപ്ര ഫാമിലി. ബിസിനസ്സുകാരാണ്. അച്ഛൻ, അമ്മ, രണ്ടു പെൺമക്കൾ ഏറ്റവും താഴെ നാലു വയസ്സായ ഒരാൺകുട്ടി. ആദിത്യൻ എന്നാണ് ശരിക്കുള്ള പേരെങ്കിലും അവനെ വിളിക്കാറ് ബോബി എന്നാണ്. ചോപ്രയുടെ അമ്മ ഇടയ്ക്ക് അവിടെ വന്നു താമസിക്കും. മക്കളോരോരുത്തരുടെ അടുത്ത് മാറിമാറി താമസിക്കുകയാണ് അവർ. കുട്ടികൾ മൂന്നുപേരും എപ്പോഴും ഞങ്ങളുടെ വീട്ടിൽ വരും, ലളിത അന്ന് രണ്ടു വയസ്സുള്ള ഞങ്ങളുടെ മോനെയും കൊണ്ട് അവരുടെ വീട്ടിലും പോകും. പെൺകുട്ടികൾ എന്നോട് വളരെ അടുത്തു പെരുമാറിയെങ്കിലും നാലു വയസ്സുള്ള മകൻ എന്നോട് വളരെയടുത്തില്ല. ശ്രമിക്കാഞ്ഞിട്ടല്ല. അവൻ എന്റെ കട്ടിയുള്ള മീശ നോക്കും, അപ്പോൾ വലിയ ലോഗ്യമൊന്നും വേെണ്ടന്ന് തീരുമാനിക്കുകയും ചെയ്യും.
എന്നെ കണ്ടാൽ അവന്റെ ഭയസമ്മിശ്രമായ താൽപര്യത്തോടുകൂടിയുള്ള നോട്ടവും ചേച്ചിമാരുടെ പിന്നിൽ ഒളിച്ചു നിൽക്കലും ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ മകന് ചോപ്രയെയും പേടിയായിരുന്നു. അദ്ദേഹത്തിന്റെ മൈലാഞ്ചി തേച്ചു ചുവപ്പിച്ച തലമുടി കാരണമായിരിക്കണം. അദ്ദേഹം മിക്കവാറും ആഫ്രിക്കൻ, ഗൾഫ് രാജ്യങ്ങളിൽ ബിസിനസ്സ് യാത്രയിലായിരിക്കും. ബോബി വീട്ടിൽ വരുന്നത് എന്റെ മകന്റെ ഒപ്പം കളിക്കാനാണ്. ഒരു കൊച്ചു വല്ല്യേട്ടനായി അവൻ എന്റെ മകനെ ശ്രദ്ധയോടെ നോക്കുന്നത് കാണാൻ നല്ല കൗതുകമാണ്.
മകൻ അവിടെ പോയാലും വളരെ സ്വാത്രന്ത്യത്തോടെ പെരുമാറും. മിസ്സിസ്സ് ചോപ്ര ചോദിക്കും. ‘തെരേക്കോ കിത്‌നാ ബിസ്‌കറ്റ് ചാഹിയേ മുന്നാ?’ അവൻ പറയും. ‘േഛ ബിസ്‌കറ്റ്.’ അവൻ അവന്റെ രണ്ടു കൊച്ചു വിരലുകൾ ഉയർത്തി കാണിക്കും. ചോപ്രാ ആന്റി ചിരിച്ചുകൊണ്ടു പറയും. ‘ഇതാണോ നിന്റെ ഛേ?’
ഉച്ചയ്ക്ക് ലളിത അന്നുണ്ടാക്കിയ ചോറും കറികളുമായി താഴെ പോകും. അവിടെ മിസ്സിസ് ചോപ്രയും അവരുെട വിദ്ഗ്ദയായ പാചകക്കാരി ദുർഗ്ഗയും കൂടിയുണ്ടാക്കിയ ചപ്പാത്തിയും കറികളും കൂടി എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും. എന്നും സദ്യ, എന്നും ആഘോഷം. അങ്ങിനെ വളരെ സന്തോഷത്തോടുകൂടി കഴിഞ്ഞിരുന്ന കുടുംബത്തിൽ ഒരു ദിവസം ഒരിടി വെട്ടി. ബോബി അവന്റെ ചെറിയച്ഛന്റെ കൂടെ സ്‌കൂട്ടറിനു പിന്നിലിരുന്ന് അവന്റെ അച്ഛമ്മയുടെ മുളുന്ദിലുള്ള വീട്ടിലേയ്ക്കു പോകുകയായിരുന്നു. സാകി നകയിൽവച്ച് ഇരുമ്പുബാറുകൾ നിറച്ച ഒരു ട്രക്ക് അവരുടെ മേൽ ഇടിച്ചു. ബോബി തൽക്ഷണം മരിച്ചു, ചെറിയച്ഛൻ ആശുപത്രിയിൽ വച്ചും. ഞങ്ങളെ വല്ലാതെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു അത്. പെട്ടെന്നാണ് രണ്ടു കുടുംബങ്ങൾ തീരാദുഃഖത്തിൽ മുങ്ങിയത്. അവരെ കാണാനായി സയൻ ഹോസ്പിറ്റലിൽ പോയി. തിരിച്ച് ഞാൻ താമസിക്കുന്ന ആ കെട്ടിടത്തിലേയ്ക്ക് മടങ്ങാനേ തോന്നിയില്ല. അത്രയധികം എന്നെ സ്പർശിച്ച ആ സംഭവമാണ് ‘വൃഷഭത്തിന്റെ കണ്ണ്’ എന്ന പേരിൽ ഒരു കഥയായി വന്നത്.
ക്രമേണ ആ മുറിവും ഉണങ്ങി. ജീവിതം സാധാരണ മട്ടായി. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ആ വേദന ബാക്കിയായി. അതാകട്ടെ ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കാൻ ഒരു കാരണവുമുണ്ടായി. ചോപ്രയുടെ അമ്മ. പേരക്കുട്ടിയുടെ വിയോഗം അവർക്ക് താങ്ങാവുന്നതിൽ കൂടുതലായിരുന്നു. അവർക്ക് മൂന്ന് മക്കളുള്ളതിൽ മൂത്ത മകനു മാത്രമേ ഒരു ആൺകുട്ടിയുണ്ടായുള്ളൂ. അവനാകട്ടെ ഇങ്ങിനെ ഒരു ദുര്യോഗവും. ഉത്തരേന്ത്യയിൽ പൊതുവേ ഒരു വിശ്വാസമുണ്ട്, മോക്ഷം കിട്ടണമെങ്കിൽ ആൺമക്കൾ ബലിയിടണമെന്ന്. തന്റെ മൂത്ത മകന് മോക്ഷം കിട്ടാൻ ഇനി വഴിയൊന്നുമില്ലെന്നു മനസ്സിലാക്കിയ അവർ ഒരു ആൺകുട്ടിയ്ക്കു വേണ്ടി വീണ്ടും ശ്രമിക്കാൻ അവരോട് ആവശ്യപ്പെട്ടു. മൂന്നു പ്രസവിച്ച ശേഷം, ഒരു ഓമന നഷ്ടപ്പെട്ട അമ്മയ്ക്ക് ഇനിയും അതിനുള്ള ഉത്സാഹമുണ്ടായിരുന്നില്ല. മാത്രമല്ല ഇനിയുണ്ടാകുന്ന കുഞ്ഞ് ആണാകുമെന്നതിനെന്താണ് ഉറപ്പ്? പക്ഷേ അമ്മായിയമ്മയുടെ നിരന്തര സമ്മർദ്ദത്തിനു വഴങ്ങി അവസാനം അവർ ഒരു കുഞ്ഞു കൂടി ഉണ്ടാവാൻ തീരുമാനിച്ചു.
അവർ ലളിതയോട് ചോദിച്ചു. ‘ഇനിയുണ്ടാവാൻ പോകുന്ന കുട്ടി പെൺകുട്ടിയാണെങ്കിൽ നീ എടുക്കുമോ?’ ലളിത ഒന്നു പരുങ്ങിയെങ്കിലും അവസാനം പറഞ്ഞു. ‘ആലോചിക്കട്ടെ ഭാഭി.’ അന്നത്തെ അവസ്ഥയിൽ ഞങ്ങൾക്ക് ഒരു കുട്ടിയെക്കൂടി വളർത്താനുള്ള കഴിവ് ഉണ്ടായിരുന്നില്ല. അവർ വലിയ ബിസിനസ്സുകാരാണ്. അവരുടെ മക്കളെ എങ്ങിനെയാണ് വളർത്തുന്നതെന്ന് ഞങ്ങൾക്കറിയാം. തൊട്ടടുത്തു തന്നെ അവരുടെ മകളെ അതിലും താഴ്ന്ന നിലവാരത്തിൽ വളർത്തുക എന്നത് ആലോചിക്കാൻ കൂടി വയ്യ. അടുത്ത ദിവസം തന്നെ അവർ ചോദിച്ചു. ‘ആലോചിച്ചുവോ?’
‘പറ്റുമെന്നു തോന്നുന്നില്ല.’ എന്നായിരുന്നു ലളിതയുടെ മറുപടി. അതവരെ വല്ലാതെ നിരാശപ്പെടുത്തി. അവർ പറഞ്ഞു. ‘നിങ്ങൾ നായന്മാർക്ക് ഒരു പെൺകുട്ടി വേണമെന്നല്ലെ, തറവാടിനു പിൻതുടർച്ചയുണ്ടാവാൻ?’
നോക്കണെ. ലളിത എന്തൊക്കെ അബദ്ധങ്ങളാണ് പറഞ്ഞു ഫലിപ്പിച്ചിട്ടുള്ളത്? അവൾ പറഞ്ഞു. ‘ഒരു കുട്ടി മാത്രം മതിയെന്നു വച്ചിട്ടാണ്. വേണമെങ്കിൽ ഉണ്ടാക്കാനുള്ള കഴിവുണ്ടുതാനും. പിന്നെ എന്തിനാണ് ഒരു പഞ്ചാബി കുട്ടിയെ ദത്തെടുക്കണത്?’
അവർ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. അവസാനം ആ സാധു സ്ത്രീയെ ആശ്വസിപ്പിക്കാൻ അവൾ പറഞ്ഞു. ‘ശരി, നോക്കാം.’ അവർക്കത് വലിയ ആശ്വാസമായി. അവർ അവരുടെ ബന്ധുക്കളോടെല്ലാം പറഞ്ഞു, പെൺകുട്ടിയാണെങ്കിൽ ഞാനവളെ ലളിതയ്ക്കു കൊടുക്കുകയാണ്. ആർക്കും പരാതിയില്ല. ഉത്തരേന്ത്യയിൽ പെൺകുട്ടിയുടെ നില കേരളത്തിലേക്കാൾ മോശമാണ്. ഒരു പെൺകുട്ടിയുണ്ടായാൽ ഉടനെ അവൾക്കു കൊടുക്കേണ്ട സ്ത്രീധനത്തിന്റെ കണക്കുവരെ കൂട്ടിയുണ്ടാക്കി വേവലാതിപ്പെടുന്നവരാണ് അവർ. അങ്ങിനെയുള്ള ഒരു സമുദായത്തിൽ ഒരു പെൺകുട്ടിയെ ഒരാൾ ദത്തെടുക്കുക എന്നതിനെ വ്യാഖ്യാനിക്കുന്നത് ഒന്നുകിൽ അവർ വളരെ ഉദാരമനസ്‌കരാണ് അല്ലെങ്കിൽ അറുമണ്ടന്മാരാണ് എന്നാണ്. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു കുട്ടി മതി, അത് ആണായാലും പെണ്ണായാലും നന്നായി വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരുത്തന് മാത്രം ജന്മം നൽകിയത്.
മിസ്സിസ്സ് ചോപ്ര പ്രസവിച്ചത് പെൺകുഞ്ഞുതന്നെയായി. അവർ ഒരു ദിവസം മുഴുവൻ കരയുകയായിരുന്നു. അമ്മായിയമ്മയുടെ കുത്താണ് സഹിക്ക വയ്യാതായത്. അവർ ആശുപത്രിയിൽ വന്ന് ബഹളമുണ്ടാക്കി. ‘നീയെനിക്ക് ഒരാൺകുട്ടിയെ തന്നേ തീരു. എനിക്ക് എന്റെ മരിച്ചുപോയ മുന്നയെ തിരിച്ചുതാ… ’ ലളിത ആശുപത്രിയിൽ പോയപ്പോൾ കണ്ട രംഗങ്ങളാണിവ. ചോപ്രയുടെ മക്കളാവട്ടെ കൗതുകത്തോടെ കുഞ്ഞിനെ കൊഞ്ചിക്കുകയാണ്. നല്ല കൗതുകമുള്ള കുഞ്ഞ്. ചേച്ചിമാർ അവളുടെ തുടുത്ത കുഞ്ഞിക്കാലുകളും കൈവിരലുകളും കൌതുകം കലർന്ന അദ്ഭുതത്തോടെ തൊട്ടു നോക്കുകയാണ്. ഞങ്ങളുടെ രണ്ടു വയസ്സുള്ള മകനാകട്ടെ തൊട്ടിലിന്റെ അഴികളിൽക്കൂടി അവന്റെ കൊച്ചു കൈയ്യിട്ട് അവളെ തൊടാൻ ശ്രമിക്കുകയാണ്. കൈയ്യെത്തുന്നില്ലെന്നു കണ്ടപ്പോൾ അവൻ കൈ നീട്ടി അമ്മേയാട് അവനെ എടുത്തു പൊക്കാൻ ആവശ്യപ്പെട്ടു.
ജീവിതം ഒരിക്കൽക്കൂടി സാധാരണ മട്ടായി. ഒരാൺകുട്ടിയ്ക്കു വേണ്ടി ഒരിക്കൽക്കൂടി ശ്രമിക്കാമെന്നു പറഞ്ഞപ്പോൾ അമ്മായിയമ്മ തെല്ലു ശാന്തയായി. മൂന്നാമത്തെ മകൾക്ക് വിന്നിയെന്നു പേരിട്ടു. അവൾ ഒരു കൊച്ചുസുന്ദരിയായിരുന്നു. വിടർന്ന കണ്ണുകൾ, നല്ല നിറം. ലളിത എപ്പോഴും പോയി അവളെ കളിപ്പിക്കാറുണ്ട്. പക്ഷേ ദത്തെടുക്കുന്ന കാര്യം മാത്രം പിന്നീട് സംസാരിച്ചിട്ടില്ല, കാരണം ഞാനവളെ അതിൽനിന്ന് വിലക്കിയിരുന്നു. അപ്പോഴേയ്ക്ക് ഞങ്ങളുടെ സാമ്പത്തിക നില കൂടുതൽ മോശമായി വരികയായിരുന്നു. ഒരു കുട്ടിയെത്തന്നെ നന്നായി നോക്കാൻ പറ്റാത്ത നില. മിസ്സിസ്സ് ചോപ്രയാകട്ടെ കുട്ടിയെ നിലത്തു വയ്ക്കാതെ വളർത്തുകയാണ്.
പകുതി സമയം ഞങ്ങളുടെ വീട്ടിലും പകുതി സമയം സ്വന്തം വീട്ടിലുമായി അവൾ വളർന്നു. ഏകദേശം ആറു മാസം പ്രായമായിക്കാണും. ഒരു ദിവസം അവർ കുട്ടിയെ കുളിപ്പിച്ച ശേഷം പൗഡറിട്ട് ഉടുപ്പുകൾ ഇട്ട് കൊഞ്ചിച്ചുകൊണ്ടിരിക്കയായിരുന്നു. മിസ്സിസ് ചോപ്രയും ലളിതയും നിലത്തിരിക്കയാണ്. മോളാകട്ടെ രണ്ടുപേരുടെയും മടിയിലേയ്ക്ക് മാറിമാറി മുട്ടുകുത്തി പോകുന്നു. കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചുകൊണ്ട് ലളിത പെട്ടെന്ന് അവരോടു ചോദിച്ചു. ‘ഭാഭി, വിന്നിയെ ഞങ്ങൾക്കു തരുന്നോ?’
അവർ ഒരു നിമിഷം സ്തബ്ധയായി. പിന്നെ മകളെ എടുത്ത് മാറോടണച്ച് ഒരു പൊട്ടിക്കരച്ചിൽ. അതിനിടയ്ക്ക് പറയുന്നുമുണ്ട്. ‘ഇല്ല, ഞാനെന്റെ മുന്നിയെ ആർക്കും കൊടുക്കില്ല. ഇസ്‌കോ ദൂംഗിതോ മേ മർജാവൂംഗി… ’ എന്നിട്ട് അതിനെ എടുത്ത് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുതുടങ്ങി. ഒരു പിേഞ്ചാമന നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം തേങ്ങലായി പുറത്തു വരികയാണ്. അമ്മയുടെ ഭാവവ്യത്യാസം എന്തിനെന്നു മനസ്സിലാവാതെ പകച്ചു നോക്കിക്കൊണ്ടിരുന്ന വിന്നിയും ചുണ്ടു പിളർത്തി കരയാൻ തുടങ്ങി.
സ്‌നേഹിതയ്ക്കു പെട്ടെന്നുണ്ടായ ഭാവപ്പകർച്ചയിൽ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ലളിതയ്ക്ക് എല്ലാം മനസ്സിലായി. അവളുടെ കണ്ണിലും വെള്ളം നിറയുന്നുണ്ടായിരുന്നു.
ചോപ്ര കുടുംബത്തിന് നാലാമതും ഒരു പെൺകുട്ടി തന്നെയാണ് ഉണ്ടായത്. അതിനു ശേഷം അവർ പ്രസവിച്ചിട്ടില്ല.
ഈ കഴിഞ്ഞ ജനുവരിയിൽ ഞങ്ങളുടെ മകന്റെ വിവാഹത്തിന്റെ ക്ഷണപത്രം അയച്ചപ്പോൾ അവർ ഒരു ഉപഹാരം അയച്ചുതന്നു, ചടങ്ങിൽ പങ്കുചേരാൻ പറ്റാത്തതിലുള്ള വിഷമം അറിയിക്കുകയും ചെയ്തു. ഇരുപതു കൊല്ലം കാണാതിരുന്നിട്ടും അവരുടെ സ്‌നേഹം ഇപ്പോഴും തികച്ചും ഊഷ്മളമാണ്.