2014 05 31
കൂട്ടായ്മകളെ സ്വപ്നം കാണുന്നവർക്ക് ഒരു വേദപുസ്തകമാണ് ശ്രീ ഡി പങ്കജാക്ഷക്കുറിപ്പ് എഴുതിയ "പുതിയ ലോകം പുതിയ വഴി" എന്ന പുസ്തകം. നവതലമുറ എങ്ങിനെ ഇതിനെ ഉൾക്കൊള്ളുന്നുവെന്നത് മുൻതലമുറയിൽപ്പെടുന്ന ഇതെഴുതുന്നയാളിനെപ്പോലുള്ളവര്‍ക്ക് അജ്ഞാതമാണ്. എങ്കിലും, കഴിഞ്ഞ മുപ്പത് കൊല്ലമായി കമ്മ്യൂണുകളെ സ്വപ്നം കാണുകയും (http://www.cvr.cc/?p=35), ഒരു ചെറുകമ്മ്യൂൺ സ്ഥാപിക്കുവാൻ നിരവധി തവണ ശ്രമിക്കുക്കുകയും നന്നായി പരാജയപ്പെടുകയും ചെയ്ത ഞങ്ങള്‍ക്ക് ഈ പുസ്തകം വളരെ വിലപ്പെട്ടതായി തോന്നുന്നു. അമ്പലപ്പുഴയ്ക്കടുത്ത്, രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ഒരു മിഡിൽ സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ഈ മഹാരഥനെ കണ്ട് സംസാരിക്കുവാനാവാതെ പോയതിൽ ഇന്ന് വളരെയധികം നഷ്ടബോധം ഉണ്ട്. ഇല്ലാത്ത മഹത്വത്തിന്റെ അസംഖ്യം കള്ളനായണങ്ങളുടെ ഇടയിൽ ചുരുക്കമായി കാണുന്ന കുറുപ്പ് സാറിനെപ്പോലുള്ള മനനം ചെയ്യുവാൻ കഴിവുള്ള സംശുദ്ധമനുഷ്യർക്ക് നമ്മളുടെ ലഘുജീവിതങ്ങളിലെ സ്വപ്നങ്ങൾക്ക് കൂടുതൽ ദിശാബോധം പകരുവാനാവും. തൊണ്ണൂറോളം ചെറിയ അദ്ധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ഒരു കൂട്ടായ്മ നേരിടുവാൻ സാദ്ധ്യതയുള്ള മിക്കവാറും പ്രശ്നങ്ങളെ നല്ല രീതിയിൽ തന്നെ ചർച്ച ചെയ്തിരിക്കുന്നു. അതിരു കവിഞ്ഞ സ്വാർത്ഥതയിലും, അപ്രായോഗികവും അളവറ്റതുമായ സ്വാതന്ത്ര്യബോധത്തിലും ഊന്നിയ ഇന്നത്തെ അണുകുടുംബവ്യവസ്ഥിതി സമ്മാനിക്കുന്ന വൈകാരിക അരക്ഷിതാവസ്ഥ നവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കുറുപ്പ്സാർ വിഭാവനം ചെയ്യുന്ന കൂട്ടായ്മയ്ക്ക് അതിനൊരു പരിഹാരമാവാൻ കഴിയുമെന്ന് തന്നെ ഞങ്ങള്‍ കരുതുന്നു.
1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന് ഡോ പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് വായനക്കാർക്കായി ഈ പുസ്തകം സായാഹ്ന സമർപ്പിച്ചുകൊള്ളട്ടെ.
[[1]]
[Category:News]