close
Sayahna Sayahna
Search

വായനയുടെ പ്രശ്‌നങ്ങൾ



ത്രേസ്യാമ്മ പകച്ചിരുന്നു പോയി. ശരിയാണോ ഇതെല്ലാം? താനറിയാതെ ഒരു മഹാമാരി തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. വായിച്ചുകൊണ്ടിരുന്ന.... ഏയ് പേടിക്കണ്ട, വായനയെന്ന ദുശ്ശീലമൊന്നുമില്ല. പഞ്ചസാര പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽ അബദ്ധത്തിൽ കണ്ണോടിച്ചപ്പോഴാണ് കണ്ടത്. വലുതായിട്ടെഴുതിയിരിക്കുന്നു.

നിങ്ങൾ മനോരോഗിയാണോ എന്നറിയാൻ പത്തു ചോദ്യങ്ങൾ !

ഈ, പത്തു ചോദ്യങ്ങൾ, പത്തു കല്പനകൾ എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴായി അടിവയറിൽ നിന്നൊരു ആന്തൽ. ആ പേജു മുഴുവൻ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ കാരണവും അതായിരുന്നു. മനശ്ശാസ്ത്ര മാസികയുടെ ഒരു പേജ്.

വിവാഹിതരായവരാണ് മനശ്ശാസ്ത്രജ്ഞന്റെ ലക്ഷ്യം. ചോദ്യങ്ങൾക്കെതിരെ രണ്ടു ചതുരങ്ങളുണ്ട്. ഒന്ന് ‘ഉണ്ട്/അതെ’ എന്നും മറ്റേത് ‘ഇല്ല/അല്ല’ എന്നും അടയാളപ്പെടുത്താനാണ്. വായിച്ചു പോകുന്നതിനനുസരിച്ച് ശരിയായ കള്ളിയിൽ അടയാളപ്പെടുത്തണം. താൻ അടയാളപ്പെടുത്തിയത് അവർ ഒരിക്കൽക്കൂടി വായിച്ചുനോക്കി.

ഉണ്ട്/അതെ ഇല്ല/അല്ല
നിങ്ങൾ വിവാഹജീവിതത്തിൽ സംതൃപ്തരാണോ?
2 ഭർത്താവിന്റെ/ഭാര്യയുടെ സ്‌നേഹം കിട്ടുന്നില്ലെന്ന്            
എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

(ആദ്യം ഇല്ല എന്ന് അടയാളപ്പെടുത്തിയതായിരുന്നു. പിന്നീട് ഓരോ സംഭവങ്ങൾ മനസ്സിലേയ്ക്ക് തള്ളിവന്ന് അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ ആദ്യം അടയാളപ്പെടുത്തിയത് വെട്ടിത്തിരുത്തി.)

ഉണ്ട്/അതെ ഇല്ല/അല്ല
3 ഭർത്താവിനെ/ഭാര്യയെ തല്ലാൻ എപ്പോഴെങ്കിലും
തോന്നിയിട്ടുണ്ടോ?
(എന്താ സംശയം?)
4 ആരെങ്കിലും നിങ്ങളെ പിൻതുടരുന്നുണ്ടെന്ന്
തോന്നാറുണ്ടോ?
5 നിങ്ങൾക്കെതിരായി ഒരു ഗൂഢാലോചന
നടക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
6 ഒറ്റക്കിരിക്കാൻ ഇഷ്ടമാണോ?
7 ചെയ്യുന്നതൊന്നും ശരിയാവുന്നില്ലെന്ന് തോന്നാറുണ്ടോ?
8 ഭർത്താവ് /ഭാര്യ അടുത്തില്ലാത്ത അവസരങ്ങളിൽ
നിങ്ങൾക്ക് ലൈംഗിക തൃഷ്ണയുണ്ടാകാറുണ്ടോ?

(അയ്യേ.)

9 അങ്ങിനെയുള്ള അവസരങ്ങളിൽ
പരപുരുഷ/പരസ്ത്രീഗമനത്തെപ്പറ്റി ആലോചിക്കാറുണ്ടോ?

(ഛീ, ഇയ്യാക്ക് എന്തിന്റെ കേടാ)

10 നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും
മനോരോഗമുണ്ടായ ചരിത്രമുണ്ടോ?


എല്ലാം അടയാളപ്പെടുത്തിയപ്പോഴാണ് അടിയിൽ കൊടുത്ത വാചകം ശ്രദ്ധിച്ചത്.

(നിങ്ങളുടെ മാനസികാരോഗ്യം സ്വയം അളന്നുനോക്കാൻ താഴെ കൊടുത്ത സൂചിക നോക്കക.)

‘അതെ/ഉണ്ട്’ എന്ന കള്ളിയിൽ അടയാളപ്പെടുത്തിയത്,

10–ൽ 2 എണ്ണമാണെങ്കിൽ .. വലിയ കുഴപ്പമില്ല.
10–ൽ 3 എണ്ണമാണെങ്കിൽ .. മനോരോഗം വരാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കണം.
10–ൽ 4 എണ്ണമാണെങ്കിൽ .. അടുത്ത ഭാവിയിൽത്തന്നെ രോഗം വരും. മനോരോഗവിദഗ്ദനെ കാണുക.
10–ൽ 5 മുതൽ 7 വരെ .. നിങ്ങൾ മനോരോഗിയാണ്, ഉടനെ മനോരോഗ വിദഗ്ദനെ സമീപിക്കണം.
ഏഴിലധികം .. നിങ്ങൾക്കു കടുത്ത രോഗമാണ്. അടുത്ത ബസ്സിൽത്തന്നെ മനോരോഗവിദഗ്ദന്റെ

അടുത്തു പോകുക.

‘കർത്താവേ,’ ത്രേസ്യാമ്മ തലയിൽ കൈവച്ചു പറഞ്ഞു. ‘എനിക്കപ്പോൾ മുഴുഭ്രാന്തു തന്നെയാണ് !’

ആദ്യത്തെ ഷോക്ക് ഒന്നടങ്ങിയപ്പോൾ അവർക്ക് ആലോചിക്കാനുള്ള ആയാസമുണ്ടായി. ചോദ്യങ്ങൾ ഒന്നുകൂടി വായിച്ചുനോക്കട്ടെ. ഒരു പക്ഷെ ചില മാറ്റങ്ങളൊക്കെ വരുത്തി ‘ഉണ്ട്/അതെ’ എന്നതിന്റെ എണ്ണം കുറയ്ക്കാൻ പറ്റുമായിരിക്കും. മുഴുഭ്രാന്തിൽ നിന്ന് പകുതിയിലെത്തിയാൽത്തന്നെ മെച്ചമല്ലെ. പക്ഷെ രണ്ടാം വായന കൂടുതൽ അപകടമുണ്ടാക്കുകയാണ് ചെയ്തത്. ആദ്യം ‘ഉണ്ട്/അതെ’ എന്നടയാളപ്പെടുത്തിയത് മാറ്റാൻ പറ്റിയില്ലെന്നു മാത്രമല്ല ‘ഇല്ല/അല്ല’ എന്ന് അടയാളപ്പെടുത്തിയ രണ്ടു ചോദ്യങ്ങൾ കൂടി മറുചേരിയിലാണെന്ന് മനസ്സാക്ഷിയെ വഞ്ചിക്കാതെ ആലോചിച്ചപ്പോൾ മനസ്സിലായി.

കൊച്ചുനാരായണിയുടെ വീട്ടിൽനിന്ന് പാൽ വാങ്ങി തിരിച്ചെത്തിയ പാറുകുട്ടി കണ്ടത് തലയ്ക്ക് കൈയുംവച്ച് അവശയായി ഇരിക്കുന്ന ത്രേസ്യാമ്മയെയാണ്.

“എന്തു പറ്റീ അമ്മച്ചീ?”

അവർ തലയുയർത്തി. പറയണോ വേണ്ടേ എന്ന് ഒരു നിമിഷം സംശയിച്ചു. പക്ഷെ തനിക്ക് അവളുടെ സഹായം വേണ്ടിവരും. അവർ പറഞ്ഞു.

“എടീ, നീ ജോസഫേട്ടനോട് പറയ്വോ?”

“ഇല്ല അമ്മച്ചീ, എന്തേ?”

“എനിക്ക് ഭ്രാന്താന്നാ തോന്നണത്.”

“അമ്മച്ചിക്ക് തോന്നലായിട്ടേ ഉള്ളോ, എനിക്കത് പണ്ടേ അറിയായിര്ന്ന്.”

“എന്നിട്ട് നീയെന്താ എന്നോടൊന്നും പറയാതിരുന്നത്?”

“അമ്മച്ചിക്കറിയാംന്ന് വിചാരിച്ച് ഞാൻ.”

“എൻറീശോയേ !”

അവർ തളർന്നിരുന്നു. ഭ്രാന്താശുപത്രികളുടെ വരാന്തകൾ അവരുടെ മനസ്സിൽ കടന്നു പോയി. അവർ ഒരു ഭ്രാന്താശുപത്രി കണ്ടിട്ടില്ലെങ്കിലും അതെങ്ങിനെയായിരിക്കുമെന്ന് ഒരു രൂപമുണ്ട്. അവിടെ അഴികൾക്കു പിന്നിൽ പാറിപ്പറന്ന തലമുടിയുമായി.....!

ചായയുമായി വന്ന പാറുകുട്ടി കണ്ടത് നിലത്ത് ചുമരും ചാരി ഇരിക്കുന്ന ത്രേസ്യാമ്മയെയാണ്.

“എന്തു പറ്റീ അമ്മച്ചീ?”

“നീയാ മേശപ്പുറത്തിരിക്കണ കടലാസൊന്ന് വായിച്ചു നോക്ക് പെണ്ണേ.”

“എന്തു കടലാസാ അമ്മച്ചീ?”

“ഒരു മനശ്ശാസ്ത്ര മാസികടെ ഏടാണ്. അതു പ്രകാരം എനിക്ക് മുഴുഭ്രാന്താണെടീ.”

പാറുകുട്ടി ആ പേജെടുത്തു വായിക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് ആദ്യത്തെ മൂന്നു ചോദ്യങ്ങൾക്കും അവളെ സംബന്ധിച്ചേടത്തോളം പ്രസക്തിയില്ല. “ആരെങ്കിലും പിൻതുടരുന്നതായി തോന്നാറുണ്ടോ” എന്ന നാലാമത്തെ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. തോന്നലല്ല, ഏതാനും ദിവസങ്ങളായി ഒരാൾ അവളെ പിൻതുടരാറുണ്ട്. ഇപ്പോൾ പാൽ വാങ്ങി വരുമ്പോഴും അയാളുണ്ടായിരുന്നു. അവൾ ശ്രദ്ധിക്കാൻ പോകാറില്ല. പക്ഷെ അതുകൊണ്ടൊക്കെ പിൻതുടരുന്ന ആൾക്ക് ഭ്രാന്തുണ്ടെന്നല്ലാതെ തനിക്ക് ഭ്രാന്താണെന്നു പറയാമോ? അഞ്ചാമത്തെ ചോദ്യം ഗൂഢാലോചനയുണ്ടോ എന്നാണ്. ഗൂഢാലോചന പോയിട്ട് ഒരുതരം ആലോചനയും തല്ക്കാലം വരുന്നില്ല. മാസത്തിലൊരിക്കൽ അച്ഛന്റെ കത്തുണ്ടാവും. തല്ക്കാലം ആലോചനകളൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ട്. ആലോചനകളൊന്നുമില്ലെങ്കിൽ അത്രയും നല്ലത്. സ്വസ്ഥമായി ഇരിക്കാമല്ലോ.

ചോദ്യങ്ങൾക്ക് താഴെ കൊടുത്ത കുറിപ്പ് അപ്പോഴാണവളുടെ കണ്ണിൽ പെട്ടത്. അതു പ്രകാരം... അതു പ്രകാരം? അവൾ നിലത്ത് കുഴഞ്ഞിരിക്കുന്ന ത്രേസ്യാമ്മയെ അനുകമ്പയോടെ നോക്കി. അവൾ അവരുടെ അടുത്തു ചെന്നിരുന്നു. എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടത്? സാധാരണ രോഗമൊന്നുമല്ല. അവൾ ത്രേസ്യാമ്മയുടെ പുറം തലോടിക്കൊടുത്തു. “സാരംല്ല്യ അമ്മച്ചീ നമുക്ക് എന്തെങ്കിലും ചെയ്യാം.”

രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ അച്ചായൻ കണ്ടത് ആകെ വിഷമിച്ചിരിക്കുന്ന ഭാര്യയേയും ആശ്വസിപ്പിക്കുന്ന സഹായിയേയുമായിരുന്നു.

“എന്തു പറ്റീ കൊച്ചുത്രേസ്യേ?”

“എനിക്ക്......”

“അമ്മച്ചിക്ക് വയറു വേദനയാ.” പാറുകുട്ടി ചാടിക്കേറി പറഞ്ഞു. അവർ പാറുകുട്ടിയെ നന്ദിപൂർവ്വം നോക്കി. എന്തൊക്കെ കള്ളത്തരമുണ്ടായാലും ഭർത്താവിന്റെ മുഖത്തു നോക്കി കള്ളം പറയാൻ അവർക്ക് വിഷമമാണ്.

“നീ ഇന്നലെ ആ കക്ക പൊരിച്ചത് തിന്നുന്നതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ.”

പൊരിച്ച കക്ക ത്രേസ്യാമ്മയുടെ വീക്‌നസ്സായിരുന്നു. കുറച്ച് ആർത്തിയോടുകൂടിയാണതു തിന്നതും. എങ്കിലും അതൊക്കെ ഇങ്ങനെ വിളിച്ചു കൂകേണ്ട ആവശ്യമെന്ത്. ത്രേസ്യാമ്മയ്ക്ക് അച്ചായനോട് കടുത്ത ദ്വേഷ്യം തോന്നി.

“ഈ പറയണ ആൾക്ക് കക്ക കണ്ടാൽ പിടിക്കൂലല്ലൊ. ഇന്നലെ ഒട്ടും തിന്നില്ലല്ലാ?”

“വയറ് വേദനാന്നു പറഞ്ഞ് കെടക്കണത് ഞാനല്ല കൊച്ചുത്രേസ്യേ.”

കാര്യം ശരിയാണ്. അവർക്ക് പാറുകുട്ടിയോട് ദേഷ്യം തോന്നി. അവൾക്ക് വയറ്റിൽ വേദനക്കു പകരം വേറെ എന്തെങ്കിലും വേദന പറയാമായിരുന്നില്ലെ. തലവേദന? വേണ്ട, തലയുമായി ബന്ധപ്പെട്ട ഒന്നും വേണ്ട. കാൽമുട്ടിന് വേദന എന്നു പറയാമായിരുന്നു. അത് തനിക്ക് ഇടക്കിടക്ക് ഉണ്ടാകാറുള്ളതുമാണ്. പക്ഷെ അവളുടെ തക്ക സമയത്തുണ്ടായ മറുപടി വലിയ സഹായമായിരുന്നു. അവർ മനസാ നന്ദി പറഞ്ഞു.

“അമ്മച്ചീ, നമുക്കൊരു കാര്യം ചെയ്യാം.” ജോസഫേട്ടൻ പോയി എന്നുറപ്പായപ്പോൾ പാറുകുട്ടി പറഞ്ഞു. “അസുഖംണ്ടോന്ന് ഒരു ഡോക്ടറെ കണ്ട് ചോദിക്കാം.”

അസുഖം ഉണ്ടോ എന്ന ചോദ്യമാവശ്യമൊന്നുമില്ല, ഡോക്ടർതന്നെ പറയുന്നതാണ്. ലേഖനത്തിൽ ഡോക്ടറുടെ വിലാസമുണ്ടെന്ന് അവർ പെട്ടെന്നോർത്തു; എഴുന്നേറ്റു, മേശപ്പുറത്തിരുന്ന കടലാസ് എടുത്തു നോക്കി. ഉണ്ട്, എറണാകുളത്തു തന്നെയാണ്.

“എടീ ഡോക്ടറ് എറണാകുളത്തു തന്നാ, നമുക്ക് ഉച്ചകഴിഞ്ഞ് പോവാം.”

പാറുകുട്ടി രക്ഷക്കെത്തിയതിന്റെ അനന്തരഫലം ഊണു കഴിക്കുമ്പോഴാണ് ത്രേസ്യാമ്മ അനുഭവിച്ചത്. ഇന്നലെ രാത്രിയുണ്ടാക്കിയ കക്ക പൊരിച്ചത് ബാക്കി വന്നത് മധുരസ്മരണകളോടെ എടുത്തുവച്ചിരുന്നു. ചോറു വിളമ്പിയശേഷം ഭക്തിപുരസ്സരം കക്ക പൊരിച്ചതുവച്ച പാത്രം അടുത്തേയ്ക്കു നീക്കയപ്പോഴാണ് ജോസഫേട്ടൻ പറഞ്ഞത്.

“അതിനി തിന്നണ്ട കൊച്ചു ത്രേസ്യേ, വയറിന്റെ അസുഖം മാറിയിട്ടു മതി.”

അതും പറഞ്ഞ് അച്ചായൻ ആ പാത്രം തന്റെ അടുത്തേയ്ക്കു നീക്കി. അച്ചായൻ പാത്രത്തിൽനിന്ന് ഒരു കൂമ്പാരമായി കക്ക പൊരിച്ചത് എടുക്കുന്നത് ദയനീയമായി നോക്കിയിരുന്നു ത്രേസ്യാമ്മ.

ഡോ: പുഷ്പബാണന്റെ കൺസൾട്ടിംഗ് റൂമിന്നു പുറത്ത് രോഗികൾക്കിരിക്കാനുള്ള കസേരകളിൽ ത്രേസ്യാമ്മയും പാറുകുട്ടിയും ഇരുന്നു. മുറിയുടെ ഒരു മൂലയിൽ ഉണ്ടാക്കിയ കൗണ്ടറിനു പിന്നിൽ ആരുമില്ല. ആരെങ്കിലും വരുമെന്ന പ്രതീക്ഷ അവസാനിച്ചപ്പോൾ ത്രേസ്യാമ്മ പറഞ്ഞു. “നമുക്ക് ആ വാതിലിൽ മുട്ടിനോക്കാം.”

അവർ എഴുന്നേറ്റു. പെട്ടെന്ന് വേറൊരു വാതിൽ കടന്ന് ഒരു സ്ത്രീ പുറത്തുവന്നു, കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. “എന്താ വേണ്ടത്?’

“ഡോക്ടറെ കാണാൻ വന്നതാണ്” കുറച്ചു ഭവ്യതയോടെ ത്രേസ്യാമ്മ പറഞ്ഞു.

“നിങ്ങൾക്ക് വട്ടുണ്ടോ?” അവർ ദേഷ്യത്തോടെ ചോദിച്ചു.

‘ഇല്ലാ......” ത്രേസ്യാമ്മ പറഞ്ഞു, ഉടനെ തിരുത്തുകയും ചെയ്തു, “അല്ലാ, ഉണ്ട്”.

“ഡോക്ടറെ അടുത്തൊന്നും കാണാൻ കഴിയില്ല, അങ്ങേര് വളരെ ബിസിയാണ്.”

“അയ്യോ, ഇതൊരത്യാവശ്യ കാര്യത്തിനാ.”

“പറ്റില്ലെന്നു പറഞ്ഞില്ലേ?’ അവർ കൗണ്ടറിനു പിന്നിൽ പോയി ഏതോ കടലാസെടുത്തു വായിക്കാൻ തുടങ്ങി.

പെട്ടെന്ന് ചേമ്പറിന്റെ വാതിൽ പതുക്കെ തുറന്ന് ഒരാൾ തല പുറത്തേക്കിട്ടു നോക്കി, ഭയത്തോടെ കൗണ്ടറിലിരിക്കുന്ന സ്ത്രീയെ നോക്കി. നരച്ചു തുടങ്ങിയ താടിയും സ്വർണഫ്രെയിമിട്ട കണ്ണടയും ധരിച്ച ആ മനുഷ്യനായിരിക്കണം ഡോക്ടർ. അയാൾ തല പിൻവലിച്ച് ഉള്ളിലേയ്ക്ക് മാറിയ ശേഷം അവരെ മാടി വിളിച്ചു, ശബ്ദമുണ്ടാക്കാതെ വരാൻ ആംഗ്യം കാണിച്ചു. പുറത്തിരുന്ന സ്ത്രീ അത്ര പന്തിയല്ലാ എന്ന് ത്രേസ്യാമ്മയ്ക്കു മനസ്സിലായി. അവർ പാറുകുട്ടിയേയും കൂട്ടി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ചേമ്പറിൽ കടന്നു. ചേമ്പർ എയർ കണ്ടീഷൻ ചെയ്തതാണ്. വലിയ മേശക്കു പിന്നിലിട്ട കസേലകളിൽ ത്രേസ്യാമ്മയും പാറുകുട്ടിയും ഇരുന്നു. ഡോക്ടർ പാറുകുട്ടിയെ അഭിനന്ദനപൂർവ്വം നോക്കി.

“ഒറ്റ നോട്ടത്തിൽ എനിക്കു മനസ്സിലാവും, നിങ്ങളുടെ മനോരോഗം വളരെ അഡ്വാൻസ്ഡ് സ്റ്റേജിലെത്തിയെന്ന്. പെട്ടെന്ന് ചികിത്സ തുടങ്ങണം.”

അയാൾ എഴുന്നേറ്റു രണ്ടു ചാൽ അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചു നടന്നു. പെട്ടെന്ന് പാറുകുട്ടിയുടെ മുമ്പിൽ വന്നുനിന്നുകൊണ്ട് ചോദിച്ചു. “എന്താണ് പേര്?”

“പാറുകുട്ടി.”

ഡോക്ടർ വീണ്ടും രണ്ടു ചാൽ നടന്നശേഷം അവളുടെ അടുത്തു വന്നുനിന്നു കൊണ്ട് ചോദിച്ചു. “എപ്പോഴാണ് പാറുകുട്ടിയുടെ അസുഖം തുടങ്ങിയത്?”

“എനിക്ക് അസുഖൊന്നുല്ല്യ.” അവൾ പറഞ്ഞു.

“ങാ, അതുതന്നെ ഒരു ലക്ഷണമാണ്. തനിക്ക് അസുഖമൊന്നുമില്ലെന്ന് രോഗി വിശ്വസിക്കുന്നു.”

ഡോക്ടർ അലമാറിയിൽനിന്ന് ഒരു തടിച്ച പുസ്തകം എടുത്തു നിവർത്തി വായന തുടങ്ങി. ത്രേസ്യാമ്മയും പാറുകുട്ടിയും മുഖത്തോടുമുഖം നോക്കി. ഡോക്ടർ തല്ക്കാലം വായന നിർത്തി കണ്ണട മൂക്കിന്മേൽ താഴ്ത്തിവച്ച് പാറുകുട്ടിയെ സസൂക്ഷ്മം വീക്ഷിച്ചു. അവൾക്ക് വിഷമമായിത്തുടങ്ങിയിരുന്നു. ഡോക്ടർ എഴുന്നേറ്റു ചേമ്പറിന്റെ ചുമരരുകിൽ വച്ച ബെഞ്ചിനരുകിലേയ്ക്കു നടന്നു.

“ഇവിടെ വന്നു കിടക്കു.”

പാറുകുട്ടി അനങ്ങിയില്ല. ഡോക്ടർ അവളുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ കൈ പിടിച്ചു. ത്രേസ്യാമ്മ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

“ഡോക്ടർ, അവൾക്കല്ല, എനിക്കാണ് അസുഖം.”

“ങാ, രണ്ടു രോഗികൾ ! അദ്യം ഒരാൾ വരട്ടെ. അയാൾ പാറുകുട്ടിയുടെ കൈ പിടിച്ചു വലിച്ചു. അവൾ കുതറിക്കൊണ്ട് പറഞ്ഞു. “ഡോക്ടർ എനിക്കല്ല അസുഖം.”

“ങും, വയലന്റായിരിക്കുന്നു.” ഡോക്ടർ പറഞ്ഞു. “ഞാനൊരു ഇഞ്ചക്ഷൻ തരാം.” അയാൾ അവളെ ബലമായി പിടിച്ചുകൊണ്ടുവന്ന് ബഞ്ചിന്മേൽ കിടത്തി. മേശപ്പുറത്തുനിന്ന് സിറിഞ്ചെടുത്തു. അവൾ ദയനീയയായി ത്രേസ്യാമ്മയെ നോക്കി.

“അമ്മച്ചീ ഈയ്യാക്ക് എന്തിന്റെ കേടാ, ഒന്ന് പറ അമ്മച്ചീ.’

ത്രേസ്യാമ്മ എഴുന്നേറ്റു ഡോക്ടറുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിക്കയാണ്. ആ നിമിഷത്തിലാണ് കൗണ്ടറിൽ നിന്നിരുന്ന സ്ത്രീ അകത്തേയ്ക്കു വന്നത്. അവർ ഒരു നിമിഷം നിർവികാരയായി രംഗം വീക്ഷിച്ചു, പിന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ കയ്യിലുണ്ടായിരുന്ന ഫയൽ ഡോക്ടറെ നോക്കി എറിഞ്ഞു. ഡോക്ടർ വിദഗ്ദമായി മാറിയതു കാരണം ഫയൽ മേൽ കൊണ്ടില്ല. പിന്നെ വന്നത് തുരുതുരെ ബാണങ്ങളായിരുന്നു. കയ്യിൽ കണ്ട എന്തുമെടുത്ത് ആ സ്ത്രീ എറിയാൻ തുടങ്ങി. ചിലതെല്ലാം ഡോക്ടറുടെ മേൽ കൊണ്ടു. ഒരൊഴിവു കിട്ടിയപ്പോൾ അയാൾ ത്രേസ്യാമ്മയെ നോക്കി പറഞ്ഞു.

“എന്റെ ഭാര്യയാണ്, മൈ വൈഫ്.” പിന്നെ തലക്ക് മീതെ ചൂണ്ടാണി വിരൽ ചുഴറ്റികാട്ടി അവരുടെ അസുഖം എന്താണെന്ന് ആംഗ്യം വഴി അറിയിക്കയും ചെയ്തു.

ത്രേസ്യാമ്മ പാറുകുട്ടിയെ എഴുന്നേൽപ്പിച്ച് കൈപിടിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തു ചാടി ഓടി. ഗെയിറ്റിലെത്തിയിട്ടുണ്ടാകണം, ഡോക്ടർ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു.

“എന്റെ ഫീസ്.... ഫീസ് തന്നിട്ടു പോ.”

“തിരിഞ്ഞു നോക്കല്ലെ പെണ്ണേ, അയാള് പിന്നിൽത്തന്നെണ്ട്, ആ പെമ്പ്രന്നോരും, ഓടിക്കോ.”

അവർ റോഡു മുറിച്ചുകടന്ന് ഓടി. അപ്പോഴും ഡോക്ടറുടെ ശബ്ദം കേൾക്കാനുണ്ട്. “എന്റെ ഫീസ്....”

ആ വഴി വന്ന ഓട്ടോവിൽ ചാടിക്കയറിക്കൊണ്ട് ത്രേസ്യാമ്മ പറഞ്ഞു. “എടോ, വേഗം വിട്ടോ, തിരിഞ്ഞു നോക്കല്ലെ.”

ഓട്ടോക്കാരൻ വണ്ടി വിട്ടപ്പോൾ ത്രേസ്യാമ്മ ആശ്വാസത്തോടെ ചാരിയിരുന്നു. “കൊച്ചെ, നീ നോക്കിയോ മുഴുപ്രാന്താണ് അയാക്ക്. “

“അതെയമ്മച്ചീ, അയാക്കടെ ഒരു നോട്ടൂം ഭാവൂം.”

“എടീ കൊച്ചേ, എനിക്ക് പ്രാന്തുണ്ടോന്ന് സംശയേണ്ടായിരുന്നുള്ളു. ഇപ്പോ ഒറപ്പായി, അയാളെപ്പോലത്തെ ഒരു മുഴുപ്രാന്തന്റെ അടുത്ത് പോയ എനിക്ക് നട്ടപ്രാന്താണ്ന്ന്.”

“അതെ അമ്മച്ചീ”.

“അല്ലേ?”

ഡയലോഗ് ആസ്വദിച്ചുകൊണ്ടിരുന്ന ഓട്ടോക്കാരൻ ചോദിച്ചു. “ചേച്ചി ആ ഡോക്ടറെ കാണാൻ പോയിരുന്നാ?”

“പോയിരുന്ന്.”

“ആരാ ചേച്ചീനെ അയാളടെ അടുത്ത് പറഞ്ഞു വിട്ടത്? അയാക്ക് മുഴുത്ത ഭ്രാന്താ, ആരും ഇപ്പോ അവിടെ പോവാറില്ല. ആ പെമ്പ്രന്നോർക്കും ഭ്രാന്താ.”

“എന്റീശോയേ !”

തിരിച്ചു വീട്ടിലെത്തിയപ്പോൾ ത്രേസ്യാമ്മക്ക് ഏതാണ്ട് സുരക്ഷിതബോധമുണ്ടായി. ചായയുണ്ടാക്കാൻ പാറുകുട്ടിയെ ഏല്പിച്ച് അവർ ഉമ്മറത്തിരുന്നു. കുട്ടികൾ ഉച്ചയുറക്കം കഴിഞ്ഞ് കളിക്കാൻ തുടങ്ങിയിരുന്നു. ജോസഫേട്ടൻ അവർക്ക് പാലെല്ലാം കൊടു ത്ത് സന്തോഷിപ്പിച്ചിരുന്നു. നല്ല കുട്ടികളായിരുന്നതിന് കൈക്കൂലിയായി മിട്ടായിയും വാങ്ങിക്കൊടുത്തിരുന്നു. പക്ഷെ ജോസഫേട്ടനെവിടെ? അവർ അകത്തു പോയി നോക്കി. കിടപ്പറയിൽ കട്ടിലിന്മേൽ വിവർണനായി കിടക്കുന്ന ജോസഫേട്ടനെയാണ് ത്രേസ്യാമ്മ കണ്ടത്. എന്തു പറ്റി ആവോ?

“കൊച്ചു ത്രേസ്യേ,” ജോസഫേട്ടൻ പറഞ്ഞു. “ആകെ കുഴപ്പായി.”

ത്രേസ്യാമ്മ ഞെട്ടി. താനും പാറുകുട്ടിയും കൂടി പോയത് എങ്ങോട്ടാണെന്നെങ്ങാൻ അച്ചായൻ ഊഹിച്ചോ. അവർ ചോദി ച്ചു. “എന്തേ?”

“നീ പാറുകുട്ടിയോടൊന്നും പറയണ്ട. എനിക്ക് ഒരു ഡോക്ടറെ കാണണം.”

“എന്തു പറ്റീ?”

“എന്റെ മനസ്സിന് നല്ല സുഖമില്ലാന്ന് തോന്നുന്നു. “

“മനസ്സിനോ?”

“അതെ, എനിക്കേയ്, എനിക്ക് തലയ്ക്കു സുഖംല്ലാന്നാ തോന്നേണ.”

ജോസഫേട്ടൻ കൈയിൽ പിടിച്ച കടലാസ് അപ്പോഴാണ് ത്രേസ്യാമ്മ കാണുന്നത്. മനശ്ശാസ്ത്ര മാസികയുടെ താൻ അടയാളപ്പെടുത്തിയ ഏടായിരുന്നു അത്.

“എന്റെ കർത്താവെ !”