കോലംകെടുന്ന കേരള തലസ്ഥാനം
കെ വേലപ്പന്‍ | |
---|---|
ജനനം |
ഉച്ചക്കട, തിരുവനന്തപുരം | മാർച്ച് 3, 1923
മരണം |
15 ജൂലൈ 1992 തിരുവനന്തപുരം | (വയസ്സ് 43)
അന്ത്യവിശ്രമം | തിരുവനന്തപുരം |
തൊഴില്‍ | പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | എം.എ. |
വിഷയം | ഭാഷാശാത്രം |
പ്രധാനകൃതികള്‍ |
സിനിമയും സമൂഹവും ആദിവാസികളും ആദിവാസിഭാഷയും |
പുരസ്കാരങ്ങള്‍ |
കേരളസാഹിത്യ അക്കാദമി ഫിലിം ക്രിട്ടിക്‍സ് കേരളസംസ്ഥാന ഫിലിം |
ജീവിതപങ്കാളി | റോസമ്മ |
മക്കള്‍ | അപു |
പത്തിരുപതു കൊല്ലം മുമ്പുവരെ തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ടായിരുന്നു. ഈ രാജ്യത്തെ ഏറ്റവും ശുചിയും ഏറ്റവും മനോഹരവുമായ തലസ്ഥാന നഗരം, വെടിപ്പാര്‍ന്ന റോഡുകള്‍, ഇരുവശത്തും പച്ചമരപ്പടര്‍പ്പുകള്‍ക്കിടയില്‍നിന്ന് ശാലീനമായി ഒളിഞ്ഞു നോക്കുന്ന കെട്ടിടങ്ങൾ, നഗരമാണെങ്കിലും ഗ്രാമഭംഗികള്‍, ചരിത്രകാലവും വർതമാനകാലവും ചേർന്നിരുന്ന് സ്വച്ഛന്ദം സല്ലപിക്കുന്ന അന്തരീക്ഷം...
അതൊക്കെ എങ്ങൊ പോയി. തിരുവനന്തപുരം ഇന്ന് വലിയൊരു നഗരത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞു. പഴയ തിരുവനന്തപുരം എല്ലാ പിടിയുംവിട്ട് എങ്ങോ പറന്നു തുടങ്ങിക്കഴിഞ്ഞു. എല്ലാ വന്‍കരകളിലും, എല്ലാ നഗരങ്ങളിലും തീക്കാറ്റുപോലെ വീശി നില്‍ക്കുകയും ഗ്രാമങ്ങളെക്കൂടി കീഴ്പെടുത്തിതുടങ്ങുത്തുടങ്ങുകയും ചെയ്തിട്ടുള്ള കോണ്‍ക്രീറ്റ്-കോണ്‍ട്രാക്ടര്‍ സംസ്കാരം തിരുവനന്തപുരത്തെ അതിന്റെ മൗലികമായ ചന്തങ്ങളില്‍ നിന്ന് അപഹരിച്ചുകഴിഞ്ഞിരുന്നു. തിരുവനന്തപുരം ഇനി ലോകത്തെ ഏതു കോണ്‍ക്രീറ്റ് വനത്തിന്റെയും ഒരു കുട്ടിപതിപ്പായെ അറിയപ്പെടു.
ഇത് തിരുവനന്തപുരത്തോട് സ്നേഹമുള്ളവരുടെ ദുഃഖമാണ്.
എന്നാല്‍ ഈ പേജുകളില്‍ ഇത് ഒരു വാസ്തുശില്പിയുടെ ദുഃഖമാണ്. തിരുവനന്തപുരം എന്ന ഈ നഗരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ക്ക് ഒരു വ്യാഴവട്ടക്കാലമായി കാതോര്‍ത്തുകഴിയുന്ന ഒരു വിദേശിയുടെ ദുഃഖം. നിങ്ങളിൽ പലര്‍ക്കുമറിയാം ആ മനുഷ്യനെ. ലോകപ്രശസ്തനായ ലാറി ബേക്കര്‍. തിരുവനന്തപുരം കോലം കെടുന്നതില്‍, അഥവാ വീണ്ടെടുക്കാനാവാക്കവിധം കോലം കെട്ടുപോയതില്‍ ആത്മസങ്കടം കൊണ്ടു കഴിയുകയാണ് ലാറി ബേക്കര്‍.
ഓ, ലാറിബേക്കര്‍, അല്ലേ, അദ്ദേഹം അങ്ങനെയൊക്കെപ്പറയും എന്നു ഹാസ്യം പുരണ്ട വാക്കുകളില്‍ ഇതിനെ തള്ളിപ്പറയാന്‍ ആളുണ്ടെന്നത് ഈ ലേഖകനറിയാം. പക്ഷെ ലാറി ബേക്കര്‍ ആള്‍ക്കൂട്ടങ്ങളുടെ ആളല്ല.
തിരുവന്തപുരവും ബേക്കറും തമ്മിലുള്ള ബന്ധം ഹൃദയഹാരിയായ ഒരു സൗഹൃദസംവാദമാണ്. പതിനാലു വര്‍ഷത്തെ സുദീര്‍ഘമായ കൊള്ളല്‍ കൊടുക്കലുകളിലൂടെ വളര്‍ന്ന സാന്ദ്രമായ ആത്മബന്ധം. ഈ ബന്ധത്തിന്റെ തുടക്കം ബേക്കര്‍ ഇങ്ങനെ അനുസ്മരിക്കുന്നു. ഈ നഗരത്തെ സംബന്ധിച്ചിടത്തോളം എന്റെ ആദ്യത്തെ ഓര്‍മ്മ കിഴക്കെകോട്ടയുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ പുരാതന മന്ദിരങ്ങളുടെ ഓടിട്ട കൂരകള്‍ എന്നെ മണിക്കൂറുകളോളം പിടിച്ചുനിറുത്തിയിട്ടുണ്ട്. പൂപ്പൽ പച്ചച്ചായം പിടിപ്പിച്ച കൊച്ചോടുകൾ പൂണ്ടു നിൽക്കുന്ന ആ കൂരകള്‍ പോയ കാലത്തിന്റെ ജീവിതഗന്ധം അനുസ്മരിച്ചുനിന്നിരുന്നു. ഇന്നോ, അറപ്പുളവാക്കുന്ന വാള്‍പോസ്റ്ററുകളും പിഞ്ഞിക്കീറി കാറ്റത്തു പാറുന്ന കൊടിക്കൂറകളും ബാനറുകളുമെല്ലാം നഗരത്തിന്റെ ആ മുഖകാന്തിയെ മറച്ച് വികലമാക്കുന്നു. കിഴക്കെക്കോട്ടയിലെ കെട്ടിടങ്ങളില്‍ പലതിനും തമിഴ്‌ചുവയുള്ള ചുവരുകളുണ്ടെങ്കിലും അവയുടെ കൂരകള്‍ തനികേരളീയം തന്നെ. തിരുവിതാംക്കൂറിലേയ്ക് കുടിയേറിപ്പാര്‍ത്ത തമിഴർ അവരുടെ വാസ്തുവിദ്യയും കൂടെകൊണ്ടുവന്നു. വിഭിന്ന വാസ്തുവിദ്യകളുടെ സങ്കലനം വളരെപ്പണ്ടുതന്നെ കിഴക്കെക്കോട്ട ഭാഗത്തു നടന്നിരുന്നു. തിരുവിതാംകൂറിന്റെ വാസ്തുശില്പകലാപാരമ്പര്യത്തില്‍നിന്നു് ലാറി ബേക്കര്‍ എന്ന ആര്‍ക്കിറ്റെക്ട് വളരെയേറെ ഉള്‍ക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ നഷ്ടസൗഭാഗ്യങ്ങളെയോര്‍ത്ത് ദുഃഖിക്കുന്ന ആ കലാകാരന്‍ നഗരത്തിന്റെ പ്രാന്തങ്ങളിലായി ആയിരത്തിതൊന്നൂറിലേറെ കെട്ടിടങ്ങള്‍ പണിത് തിരുവിതാംകൂറിന്റെ വാസ്തുശില്പകലാപാരമ്പര്യത്തിന് മുതല്‍ക്കൂട്ടിയ ആളാണ്. ഒരര്‍ത്ഥത്തില്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റെ നഷ്ടസുഗന്ധങ്ങള്‍ സ്വയം ആവാഹിച്ചുനില്ക്കുന്ന ഓജസ്സുറ്റ കലാരൂപങ്ങളാണവ. നാലാഞ്ചിറയിലെ കുന്നിന്‍ചെരിവിലുള്ള ബേക്കറുടെ സ്വന്തം വീടുതന്നെ അതിനു നല്ല മാതൃകയാണ്. പന്ത്രണ്ടുകൊല്ലമായി നിരന്തരം വളരുന്ന ഒരു ജൈവരൂപമാണ് ആ ഗൃഹം.
ജന്മം കൊണ്ട് ഇംഗ്ലീഷ്‌കാരനാണെങ്കിലും ലാറിബേക്കര്‍ തന്റെ ജിവിതത്തിന്റെ മുക്കാല്‍പങ്കും നൽകിയത് ഇന്ത്യയ്ക്കാണ്. കേരളവുമായി അദ്ദേഹത്തിന് അടുത്ത ഹൃദയബന്ധമാണുള്ളത്. കോട്ടയം സ്വദേശിനി ഡോക്ടര്‍ എലിസബത്ത് ആണ് ആദ്ദേഹത്തിന്റെ ജിവിതസഖി. ജിവിതംകൊണ്ടും മനസ്സുകൊണ്ടും കേരളീയനാണ് ബേക്കര്‍ ഇപ്പോള്‍.
ബേക്കര്‍ പറയുന്നു, നമ്മുടെ സ്വന്തമാണ് കേരളീയ വാസ്തുശില്പകല. ഇതിനെ പരിരക്ഷിക്കാൻ നമ്മള്‍ ശ്രമിക്കുന്നില്ല എന്നത് വേദനാജനകരമാണ്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മുക്കൊരിക്കലും അതൊന്നും പുനഃസൃഷ്ടിക്കാന്‍ കഴിയുകയില്ല. പഴയതിനെയെല്ലാം ഇടിച്ചുനിരത്തിയിട്ട് പുതിയവ കെട്ടിപ്പോക്കാനുള്ള വാസനയാണ് നമുക്ക്. യൂറോപ്പിലാകട്ടെ പഴയ ശൈലിയും പുതിയ ശൈലിയും തമ്മിലിണക്കാനാണ് ശ്രമം. പഴമയും പുതുമയും ചേര്‍ച്ചയോടെ തൊട്ടുരുമ്മി നില്‍ക്കുന്നു. ഇവിടെ, നമ്മളോ? ചരിത്രാവശിഷ്ടങ്ങളെ തകര്‍ക്കാനും തുടച്ചുനീക്കാനുമാണ് നാം മുതിരുന്നത്. യൂറോപ്പിലെ പാലസുകളോടും മേനർഹൗസുകളോടും കിടനിൽക്കാൻ പോന്ന അതിമനോഹരമായ വാസ്തുവിദ്യമാതൃകകൾ നമുക്കുണ്ട്. പത്മനാഭപുരം കൊട്ടാരവും കിഴക്കേക്കോട്ടയുമെല്ലാം ഉദാഹരണങ്ങള്‍. പഴമയുടെ ആ ചേതോഹാരിതകളെ നമ്മളെന്തിനു നശിപ്പിക്കാൻ മുതിരുന്നു?
തിരുവനന്തപുരത്തിന് അതിന്റെ പ്രാക്തനഭംഗികൾ വന്‍തോതില്‍ നഷ്ടമായത് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ്. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം നഗരത്തിനു നഷ്ടമായ ഒരു വാസ്തുശില്പമാതൃകയെക്കുറിച്ചോർത്ത് ബേക്കര്‍ പലപ്പോഴും നൊമ്പരപ്പെടാറുണ്ട്. കേരളീയ വാസ്തുവിദ്യയുടെ മനോഹരവും വളരെ സവിശേഷതയാർന്നതുമായ ഒരു കമാനം (Gateway) കിഴക്കെക്കോട്ടയ്ക്കടുത്ത് എയര്‍പ്പോര്‍ട്ട് റോഡിനു കുറുകെ പണ്ടുണ്ടായിരുന്നു. ഒരു ആനക്കൊട്ടിലിന്റെ കവാടമായിരുന്നു, അതു്. പന്ത്രണ്ടുകൊല്ലം മുമ്പ് ഒരു വാരാന്ത്യത്തില്‍ പൊടുന്നനെ അത് ʻʻഅപ്രത്യക്ഷമായിˮ –- റോഡ് വീതി കൂട്ടിയപ്പോള്‍ പിഡബ്ളിയൂഡിക്കാര്‍ ഇടിച്ചുനിരത്തി. റോഡ് തിരിച്ചുവിടാവുന്നതേയുണ്ടായിരുന്നുള്ളൂ. നമ്മുടെ വാസ്തുവിദ്യാപാരമ്പര്യത്തിന്റെ അമൂല്യങ്ങളായ ഇത്തരം മുത്തുകളെ കാത്തുസൂക്ഷിക്കുന്നതിനെക്കാളേറെ നമ്മള്‍ പരിഗണിക്കുന്നത് ഒരുപിടിയാളുകളുടെ സൗകര്യത്തെയും ആധുനികതയുടെ കാര്യക്ഷമതയേയുമാണ്. അനിഷ്ടത്തെച്ചൊല്ലിയുള്ള ദുഖഃത്തിന്റെ പൂര്‍ണ്ണമായ അഭാവം അതാണ് സൂചിപ്പിക്കുന്നത്. ഈ മനോഹരദൃശ്യത്തോട് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട, പേരില്‍ മാത്രം ʻʻആധുനികˮമായ കെട്ടിടങ്ങൾ, ʻʻദുശ്ശീലംˮ തിരഞ്ഞെടുക്കൽ നമ്മുടെ സ്വഭാവമാണെന്നത് വ്യക്തമാകുന്നു. ആ തീരാനഷ്ടത്തിനെതിരെ ഓരോറ്റ മനുഷ്യനും ശബ്ദമുയര്‍ത്തിയില്ല; അതൊരു വലിയ നഷ്ടമായി ആരും കരുതിയതുമില്ല. ഗുരുവായൂരില്‍ മാത്രമല്ലാതെ കേരളത്തില്‍ മറ്റൊരിടത്തും അത്തരമൊരു കമാനം ഉള്ളതായി അറിയില്ല. ജിപിഒ ബില്‍ഡിംഗ് ഇന്നില്ല. അതിനെതിര്‍വശത്ത് റോഡിനപ്പുറം പണ്ടൊരു ഇരുനിലക്കെട്ടിടമുണ്ടായിരുന്നു. കേരളീയവാസ്തുവിദ്യയ്ക്ക് ഒരുത്തമമാതൃക. തടിയില്‍ കടഞ്ഞെടുത്ത ഒരു കൊച്ചുമന്ദിരം. താഴത്തെ നിലയില്‍ കടമുറികളായിരുന്നു. അതും ഇന്നില്ല. ആ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍നിന്നും ഒരു സ്ത്രീ ചപ്പുചവറുകള്‍ വാരി താഴോട്ടിടുന്നത് റോഡരികിലൂടെ നടന്നുപൊകുന്നവരുടെ മേല്‍ വീഴും. പലപ്പോഴും ആ ദൃശ്യം കണ്ട് തമാശ തോന്നിയ സന്ദര്‍ഭങ്ങള്‍ ബേക്കര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ബേക്കറുടെ തലയിലും വന്നുവീണിട്ടുണ്ട് ചപ്പുചവറുകള്‍. ആ കെട്ടിടം അവിടെ ഇപ്പോഴില്ല.
ഈ നഷ്ടങ്ങളെക്കാളും ഭയങ്കരമാണ് ലക്ഷണംകെട്ട നഗരവികസനം. സെക്രട്ടറിയറ്റ് മന്ദിരം അതിന്റേതായ ശൈലിയില്‍ മനോഹരമാണ്. ഭാരതീയമോ കേരളീയമോ ആയി അതിലെന്തെങ്കിലും ഉണ്ടെന്ന് പറയുക വയ്യ. എങ്കിലും നഗരത്തിന് അതൊരഭിമാനമാണ്.
ഇവിടെ ഒരു നിമിഷം നില്‍ക്കൂ
തിരുവനന്തപുരത്തിന് തനതായുള്ള ചന്തങ്ങളെ നിലനിറുത്തിക്കൊണ്ടുതന്നെ ഈ നഗരത്തിന്റെ വികസനം സാദ്ധ്യമാക്കാവുന്നതെയുള്ളൂവെന്ന് ബേക്കര്‍ വാദിക്കുന്നു. തന്റെ സങ്കല്‍പ്പത്തിലുള്ള നഗരവികസനത്തിന് ഉദാഹരണം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്: ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ റോഡിനപ്പുറം നിന്നു നോക്കുമ്പോള്‍ കോഡര്‍ ബില്‍ഡിംഗ്സ് ഉള്‍പ്പെടെ കേരളീയ ശൈലിയിലുള്ള ഏതാനും കെട്ടിടങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തി നിൽക്കുന്നതു കാണാന്‍ കഴിയും. അവയ്ക്കു മുന്നിലെ ഇടുങ്ങിയ മെയിന്‍ റോഡിനെ നടപ്പാത മാത്രമായി മാറ്റുകയാവും ഞാനാണെങ്കിൽ ചെയ്യുക. ഈ പഴയ കെട്ടിടങ്ങളുടെ ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളും നമുക്കുപയോഗപ്രദമാക്കാം. അവയ്ക്കു പിറകിലെ മരങ്ങളുടെ പശ്ചാത്തലവും ആഹ്ലാദപ്രദമാക്കാം. അവയ്ക്കെല്ലാം പിറകിലാക്കാം വാഹന ഗതാഗതത്തിനുള്ള റോഡ്. പാര്‍ക്കിംഗ്, സ്ഥാപനങ്ങൾ, മാനം മുട്ടുന്ന മോഡേണ്‍ ഷോപ്പുകള്‍, ഓഫീസുകൾ തുടങ്ങിയവയൊക്കെ. ഇപ്പോഴത്തെ മെയിന്‍റോഡിനും നൂറുമീറ്റര്‍ പിറകിലാക്കും വാഹനഗതാഗതത്തെ. മെയിൻ റോഡിന്റെ സ്ഥാനത്ത് തണൽ മരങ്ങളും പൂമരങ്ങളും നടും. കാൽനടയാത്രക്കാർക്ക് മാത്രം സഞ്ചാരയോഗ്യമാക്കും അതിനെ. ഏജീസ് ഓഫീസിന്റെ പൊക്കമുള്ള മതിലിനെ തള്ളിയിട്ടു പകരം ഗ്രില്ലിടും. അപ്പോള്‍ പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഏജീസ് ഓഫീസ് വളപ്പിലെ അതിമനോഹരമായ ആ പഴയ കെട്ടിടത്തെയും കേരളീയമായ പ്രൗഡിയെല്ലാം ഒത്തുചേര്‍ന്ന അതിന്റെ കൂരയെയും കണ്‍കളിര്‍ക്കെ കാണാന്‍ വഴിയാത്രക്കാര്‍ക്ക് സാധിക്കുകയും ചെയ്യും.