close
Sayahna Sayahna
Search

ഏങ്ങലടിക്കുന്ന ഇന്ത്യയിലൂടെ


കെ വേലപ്പന്‍
ജനനം (1923-03-03)മാർച്ച് 3, 1923

ഉച്ചക്കട, തിരുവനന്തപുരം
മരണം 15 ജൂലൈ 1992(1992-07-15) (വയസ്സ് 43)

തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം ഭാഷാശാത്രം
പ്രധാനകൃതികള്‍ സിനിമയും സമൂഹവും
ആദിവാസികളും ആദിവാസിഭാഷയും
പുരസ്കാരങ്ങള്‍ കേരളസാഹിത്യ അക്കാദമി
ഫിലിം ക്ര‌ിട്ടിക്‍സ്
കേരളസംസ്ഥാന ഫിലിം
ജീവിതപങ്കാളി റോസമ്മ
മക്കള്‍ അപു

കെ വേലപ്പന്‍


[1]ഭോപാലില്‍ തേങ്ങലുകള്‍ അടങ്ങുന്നില്ല. കണ്ണീര്‍ നിലയ്‌ക്കുന്നില്ല. അവിടത്തെ ജനങ്ങളിലെ നടുക്കം തീരുന്നില്ല. നടന്നത് ഇനിയും നടന്നേക്കുമോ എന്ന ആശങ്ക. നടന്നതിന്റെ ഭീകരമായ ഓര്‍മ്മകള്‍ അവരെ കൂടുതല്‍ നിസ്സഹായരാക്കുന്നു. ഇരുട്ടത്ത് കറുത്ത പൂച്ചകളെപ്പോലെ പാഞ്ഞുവന്ന മരണം അവിടെ നിന്ന് ഇനിയും പോയിട്ടില്ല എന്നുകണ്ടു് അവര്‍ ഏങ്ങലടിക്കുന്നു. ഞങ്ങള്‍ക്കു മുംബ്ലിരുന്ന കുട്ടികള്‍ പേടിച്ചരണ്ട് എണീറ്റോടാന്‍ ആയുന്നു.

ഭോപാലിന്റെ ഈ പുതിയ ദുരന്തം ഞങ്ങള്‍ കണ്ടതു് യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിക്കു മുന്നിലെ ജെ. പി. നഗറിലായിരുന്നു. ഫാക്ടറിയില്‍നിന്നും അല്പം അകലമേയുള്ളൂ കൂലിവേലക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചേരിക്ക്. വിഷവാതകച്ചോര്‍ച്ചയില്‍പ്പെട്ട് ഏറ്റവുമധികും നാശം സംഭവിച്ചത് ഈ കോളനിയിലായിരുന്നു.

ലോകത്താകെ നടുക്കംസൃഷ്ടിച്ച ഭോപാല്‍സംഭവം നടന്ന് നൂറ്റിഅറുപത്തിഅഞ്ചാംദിവസം അവിടെ ʻഭോപാല്‍ʼ എന്ന നാടകം അവതരിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ʻഭാരത് വിജ്ഞാന്‍ കലാമോര്‍ച്ചʼയിലെ അംഗങ്ങളാണ്. ഈ നാടകത്തിലൂടെ ഭോപാല്‍ ദുരന്തം, വീണ്ടും ഭോപ്പാലുകാരുടെ മനസ്സില്‍ കൊണ്ടുവന്നത്. വിഷവാതകച്ചോര്‍ച്ചയില്‍ ഓര്‍മ്മയ്ക്കു സമര്‍പ്പിക്കപ്പട്ടതാണ് ഈ ഭാരത്വിജ്ഞാന്‍ കലാമോര്‍ച്ച. കഴിഞ്ഞ ഡിസംബറില്‍ ഭോപാലില്‍ നടന്നത് യാദൃച്ഛികമായി ഒരു ദുരന്തമല്ലെന്നും, അതൊരു കൂട്ടക്കൊലയാണെന്നും, മനുഷ്യനന്മ ചെയ്യേണ്ട ശാസ്ത്രത്തിന്റെ അശാസ്ത്രീയവും മനുഷ്യത്വഹീനവുമായ ദുരുപയോഗം കൊണ്ടാണതെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വെണ്ടി രൂപം നല്‍കിയതായിരുന്നു ഈ ശാസ്ത്രകലാജാഥ. കലയുടെ ശാസ്ത്രപ്രചരണം എന്ന വിപുലമായ ലക്ഷ്യവും ഇതിനുണ്ടായിരുന്നു. ഒരു മാസക്കാലംകൊണ്ട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ആന്ധ്ര, മദ്ധ്യപ്പദേശ്, രാജസ്ഥാന്‍, ഹര്യാനാ എന്നീ സംസ്ഥാനങ്ങളിലും ഡെല്‍ഹിയിലുമായി നൂറോളം ഇടങ്ങളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഈ മോര്‍ച്ച അവതരിപ്പിച്ച നാടകമാണ് ഭോപാലുകാരെ വീണ്ടും വേദനിപ്പിച്ചത്; വിപത്സാദ്ധ്യതകള്‍ വീണ്ടും നാടകത്തിലൂടെ പ്രവചനംപോലെ തെളിഞ്ഞു കണ്ടപ്പോള്‍ അവര്‍ ഞെട്ടി. നാടകം തീരവേ അവര്‍ യൂണിയന്‍ കാര്‍ബൈഡിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു...

ബാംഗ്ലൂരില്‍ നിന്നായിരുന്നു തുടക്കം. മെയ്ദിനത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡേയാണ് ഭാരത് വിജ്ഞാന്‍ കലാമോര്‍ച്ച ഉദഘാടനം ചെയ്തത്. ബാസവന്‍ ഗുഡിയിലെ ടാഗോര്‍ പാര്‍ക്കില്‍ ഹെഗ്ഡേ സാധാരണക്കാരനെപ്പോലെ ഒരു സ്വ‌കാര്യക്കാറില്‍ വന്നിറങ്ങി. അകമ്പടി സേവയ്ക്കു പരിവാരമോ പോലീസ് സന്നാഹമോ ഒന്നുമില്ല. ആകാശവാണി, ദൂരദര്‍ശന്‍ എന്നീ ബഹുജനസമ്പര്‍ക്ക മാധ്യമങ്ങളെ കേന്ദ്രഗവണ്‍മെന്റ് തങ്ങളുടെ പ്രചാരണോപാധികളാക്കുന്നെന്നും സംസ്ഥാന ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തിലാകണം അവയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പത്രങ്ങള്‍ പ്രാധാന്യത്തോടെ ആ പ്രസംഗം പ്രസിദ്ധീകരിച്ചു. മഴ പെയ്യിക്കാന്‍ ശിവബാലയോഗിയുടെ യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ കര്‍ണ്ണാടക വാട്ടര്‍ അന്‍ഡ് സീവറേജ് ബോര്‍ഡ് നടത്തുന്ന അവസരമായിരുന്നു അത്. ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ന്നാലേ അന്ധവിശ്വാസങ്ങള്‍ക്കറുതി വരികയുള്ളൂവെന്ന് ഹെഗ്ഡേ പ്രസംഗിച്ചു.

സ്ത്രീപീഡനത്തിന്റെ ദുരന്തകഥ അയവിറക്കി നില്ക്കുകയാണ് ഹാവേരി. വടക്കന്‍ കര്‍ണ്ണാടകത്തിലെ ഈ ചെറു പട്ടണത്തില്‍ ഏതാനും മാസംമുമ്പു് ഒരു സ്ത്രീധനവധം നടന്നു. ഇരുപത്തൊന്നുകാരിയായ സുനിതയെ ഭര്‍ത്താവും അമ്മായിയമ്മയുംകൂടി ചുട്ടുകൊന്നു. വനിതകളടക്ക്ക്കം ആയിരക്കണക്കിനാളുകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കന്നഡസാഹിത്യമണ്ഡപ് ആണ് നേത്രുത്വം കൊടുത്തത്. പണക്കാരായ ഭര്‍ത്താവും കൂട്ടരും, ഉന്നതങ്ങളില്‍ സ്വാധീനിച്ച് കേസ് തേച്ചുമാച്ചുകളയുമോ എന്നാണ് നാട്ടുകാരുടെ ഭയം. ഹാവിരിയിലെ ഒരു തെരുവോരത്ത് ശാസ്ത്രകലാജാഥാംഗങ്ങള്‍ ʻസീതʼ അവതരിപ്പിച്ചു. പീഡനങ്ങളേറ്റ് സഹികെട്ട് ഒടുവില്‍ ശക്തിസ്വരൂപിണിയായി ചങ്ങലപൊട്ടിച്ചുണരുന്ന സ്ത്രീത്വമാണ് പ്രമേയം. നാടകം കണ്ട സ്ത്രീകള്‍ ഒരുക്കൂട്ടംവന്ന് ജാഥാംഗങ്ങളോട് ചോദിച്ചു: ഞങ്ങള്‍ ചങ്ങല പൊട്ടച്ചെറിഞ്ഞ് ഉണരണമെന്നാണല്ലേ? ശരിയാണ്, ഞങ്ങള്‍ പലേടത്തും നീര്‍ദ്ദയം അവഹേളിതയാവുന്നത്. വടക്കന്‍ കര്‍ണ്ണാടകത്തില്‍ അതിരൂക്ഷമാണ് പരിസ്ഥിതി പ്രശ്നം. വരും തലമുറകളില്‍ നിന്നും നമ്മള്‍ കടംവാങ്ങിയ ഈ ഭൂമിയെ കേടേല്ക്കാതെ കാത്തു സൂക്ഷിച്ച് തിരികെയേല്പിക്കുക നമ്മുടെ കടമയാണ് എന്ന് പ്രതീകാത്മാകമായി ആവിഷ്കരിക്കുന്ന ʻഭൂമിʼ എന്ന സംഗീതശില്പം വടക്കന്‍ കര്‍ണ്ണാടകക്കാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.

തുഗംഭദ്ര കര്‍മ്മപാപങ്ങള്‍ കഴുകിക്കളയുന്ന പുണ്യനദി. വരള്‍ച്ചയിലും നേര്‍ത്തു മെലിഞ്ഞ നദിയൊഴുകുന്നു. നദിയുടെ മാറിലെ വിശാലമായ മണല്‍ത്തിട്ടമേല്‍ ഒരു അത്താഴം. കവിത ചൊല്ലല്‍. നിറയുന്ന നിലാവ്. നിലാവില്‍ വെള്ളിവരികളായി തിളങ്ങുന്ന നീര്‍ച്ചാലുകള്‍. പെട്ടെന്ന് ചന്ദ്രന്റെ വക്ക് കറുക്കാന്‍ തുടങ്ങുകയായി. ഗ്രഹണമാണന്നു്. നദിയുടെ വിശാലതയില്‍ അവിടവിടെ മന്ത്രോച്ചാരണങ്ങളുടെ കുടുക്കഴിഞ്ഞു ചിതറുന്നു. നീര്‍ച്ചാലുകളിലൂടെ ദിപനാളങ്ങള്‍ ഒഴുകി നീങ്ങുന്നു. ഒന്നല്ല, രണ്ടല്ല; ഒത്തിരിയെണ്ണം അരണ്ട വെളിച്ചത്തില്‍ അകലങ്ങളില്‍ അനങ്ങുന്ന ആള്‍രൂപങ്ങളെ അവ്യക്തമായി കാണാം. സുമംഗലിമാര്‍ ആരതിപൂജ നടത്തുകയാണ്.

തുംഗഭദ്രാതീരത്ത് ഹരിപരേശ്വര്‍ ക്ഷേത്രം രണ്ടാംകാശി എന്നു പുകള്‍ പെറ്റതാണ്. പക്ഷെ, ക്ഷേത്രക്കടവും വ്യവസായശാലകള്‍ തുപ്പുന്ന രാസമാലിന്യം കുമിഞ്ഞ് അശുദ്ധമായിരിക്കുന്നു. വിശുദ്ധയായ ഈ പുണ്യനദിയും വിഷമായിക്കൊണ്ടിരിക്കുന്നു. ഗ്വാളിയര്‍ റയോണ്‍സിന്റെ വക ഹരിഹര്‍ പൊളിഫൈബേഴ്സ് പുറന്തള്ളുന്ന മാലിന്യം തുംഗഭദ്രയെ മറ്റൊരു കാളിന്ദിയാക്കുന്നു. നദിയില്‍ ഇടയ്ക്കിടെ മീനുകള്‍ കൂട്ടം കൂട്ടമായി ചത്തുപൊന്തുന്നു. മെദ്ലേരി, പരേബിദരി, ഹരനഗരി, ഐരണി, ബേലൂര്‍ എന്നീ ഗ്രാമങ്ങളില്‍ മീന്‍പിടിച്ചു പുലരുന്നവരുടെ ജിവിതം ഗതിമുട്ടി. മെദ്ലേരി ഗ്രാമത്തില്‍നിന്നുള്ള ദുര്‍ഗ്ഗപ്പാ ബാര്‍ക്കി എന്ന മത്സ്യത്തെഴിലാളി പറഞ്ഞത് 1972-ല്‍ പോളി ഫൈബര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനു മുമ്പ് ആണ്ടില്‍ പന്ത്രണ്ടുമാസവും തങ്ങള്‍ മീന്‍പിടിച്ചു പുലര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ നാലഞ്ചുമാസം പട്ടിണികിടക്കേണ്ടിവരുന്നു എന്നുമാണ്. സംഘടിതമായി പ്രതിഷേധം മത്സ്യതൊഴിലാളികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു.

ʻʻഉഡുഗു സിഡിലാബഡബ ബന്ദേ... മഴയെ നോക്കെ സുരസലില്ലവോയ...ˮ ഇടിമിന്നലായിവന്നു; പക്ഷെ,താങ്കള്‍ ഞങ്ങള്‍ക്കു മഴയായില്ല. യുഗങ്ങളായി ഉറങ്ങികിടന്നിരുന്ന ഞങ്ങളെ താങ്കള്‍ വന്നു വിളിച്ചുണര്‍ത്തി; പക്ഷെ, ഞങ്ങള്‍ക്കൊരു പുതിയ പ്രഭാതം താങ്കള്‍ തന്നില്ല. ഞങ്ങളുടെ കൈകളിലെ ഇരുമ്പു ചങ്ങലുകള്‍ പൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്തു; എന്നിട്ട് താങ്കളോ മറ്റൊരു സ്വര്‍ണ്ണച്ചങ്ങലവീഴാന്‍ കൈനീട്ടിക്കൊടുത്തുˮ—നാടന്‍ ഈണത്തില്‍ നാഗരാജന്‍ കവിത ചൊല്ലുകയാണ്. യതിരാജൂം ഗംഗാധരസ്വാമിയും അതേറ്റു പാടുന്നു. കര്‍ണ്ണാടകത്തിലെ പ്രസിദ്ധനായ ദലിത കവിയുടെ വരികള്‍. ഡോ: അംബേദ്കറെ സംബോധന ചെയ്തുകൊണ്ടുള്ള കവിത. മുതലാളിത്ത നവോത്ഥാനത്തിന്റെ ഭ്രമാത്മകത പൊട്ടിച്ചു കടന്ന് ചരിത്രത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കാന്‍ ആയുന്ന അടിച്ചമര്‍ത്തപ്പെട്ടവന്റെ ആകാംക്ഷകള്‍ മുറുകുന്ന വരികള്‍. നാഗരാജനും കൂട്ടരും പാടുകയാണ്. ആ പാട്ടിന്റെ കാമ്പില്‍ മനമുടക്കി നീത്യാനന്ദന്‍ മൂകനായിരിക്കുന്നു. നിത്യനന്ദനെ അറിയില്ലേ; നാഗരാജന്‍ നേരത്തെ പരിചയപ്പെടുത്തിയതോര്‍ക്കുന്നു. നിത്യാനന്ദന്‍ രണ്ടുകൊല്ലം മുമ്പുവരെ ഫാദര്‍ നിത്യാനന്ദ സ്വാമിയായിരുന്നു. മതപരിവര്‍ത്തനത്തിനു നേതൃത്വം കൊടുക്കാനായിരുന്നു ഫാദര്‍ നിത്യാനന്ദ സ്വാമിയെ മത നേതാക്കള്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ആ വിദൂര ഗ്രാമത്തിലേക്കു നിയോഗിച്ചത്. ഫ്രാന്‍സിസ്കന്‍സഭയില്‍പ്പെട്ട കപൂചിയന്‍സ് വിഭാഗത്തില്‍ സന്യാസിയായിരുന്നു, ഫാദര്‍ രൂക്ഷമായ കര്‍ഷകസമരങ്ങളിലൂടെ ഫാദര്‍ നിത്യാനന്ദസ്വാമി സഖാവ് നിത്യാനന്ദനായി മാറിയ കഥ ആവേശകരമാണു്. ഗുണ്ടുറാവിന്റെ ഭരണകാലത്തു് കോളിളക്കം സൃഷ്ടിച്ച നരഗുണ്ട കര്‍ഷക സമരത്തിലൂടെ വളര്‍ന്ന നേതാവാണ് അദ്ദേഹം. തന്റെ പൗരോഹിത്യ ജീവിതകാലത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിത്യാനന്ദന്‍ അര്‍ത്ഥംവെച്ചാന്നു ചിരിച്ചു. ഗ്രാമീണര്‍ക്ക് മതപ്രബോദനത്തെക്കാളേറെ രാഷ്ട്രീയവല്ക്കരണമാണ് ആവശ്യമെന്ന് ബോദ്ധ്യംവന്ന ഫാദര്‍ നിത്യാനന്ദ സ്വാമി ചൂഷകരായ ജന്മികള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളികളെ നയിച്ചു. പള്ളിയും ജന്മിത്വവും ഭരണകൂടവും തമ്മിലുള്ള ഗൂഢബന്ധത്തെക്കുറിച്ച് അനുഭവത്തിലൂടെ മനസ്സിലാക്കിയ നിത്യാനന്ദന്‍ ളോഹ ഊരിയെറിഞ്ഞിട്ട് ജനങ്ങളോടൊപ്പം പൊരുതിനില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷക സംഘത്തിന്റെ ഹുബ്ളി ജില്ലാക്കമ്മിറ്റി സെക്രട്ടറിയാണ് നിത്യാനന്ദന്‍ ഇപ്പോള്‍. ʻʻഞാന്‍ ജനങ്ങളെ ʻകണ്‍വേര്‍ട്ട്ʼ ചെയ്യാനാണ് പോയത്. പക്ഷെ ജനങ്ങള്‍ എന്നെ ʻകണ്‍വേര്‍ട്ട്ʼ ചെയ്തുˮ. നിത്യാനന്ദന്റെ കണ്ണുകളില്‍ തിളക്കം.

ʻʻഞാനും നിങ്ങളുടെ കൂടെ വരുന്നു.ˮ ഭൂദാന്‍ പോച്ചംപള്ളിയില്‍ ശാസ്ത്രകലാപരിപാടികള്‍ കണ്ട് ആവേശംകൊണ്ട പോച്ചമ്മ എന്ന ആദിവാസി സ്ത്രീയുടെ പ്രതികരണമതായിരുന്നു. പോച്ചമ്മയുടെ മനസ്സിലെ തീ ഊതിയുണര്‍ത്താന്‍ ശാസ്ത്രകലാജാഥയ്ക്കു കഴിഞ്ഞെന്നോ? ആ തീ തെലുങ്കാനയുടേതാണ്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് വിജനമായ പാറക്കൂട്ടങ്ങള്‍ക്കപ്പുറം ഒറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം തെലുങ്കാനാ കര്‍ഷകസമരത്തിന്റെ ഈറ്റില്ലമാണ്. വാരിക്കുന്തവും വില്ലുമേന്തി നെഞ്ചൂക്കുകാട്ടി തോക്കന്‍കൂഴലുകളോടെതിരിട്ട ആ വിപ്ലവവീര്യം ഗ്രാമീണരുടെ ഓര്‍മ്മകളില്‍നിന്നുപോലും വററിത്തോര്‍ന്നതുപോലെ. പുതിയ തലമുറയ്ക്ക് ചരിത്രത്തിന്റെ തീപാറുന്ന ആ ഏടിനെപ്പറ്റി കേട്ടുകഥകള്‍ പോലുമില്ലാത്തതുപോലെ. മുതിര്‍ന്നതലമുറയും അക്കാലഘട്ടം മിക്കവാറും മറന്ന അവസ്ഥയിലാണ്. വളരെ പ്രായംചെന്നവരോടു ചോദിച്ചപ്പോള്‍ അവര്‍ക്ക് തെലുങ്കാനാ സമരനാളുകളെക്കൂറിച്ച് നേരിയ ഓര്‍മ്മയുണ്ടെന്ന് പറഞ്ഞു. അന്നത്തെ സായുധസമരത്തില്‍ പങ്കെടുത്തവര്‍ ആരെങ്കിലും ജീവിച്ചരിപ്പുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഉണ്ടു്. പാപ്പിറെഡ്ഡി. മൂപ്പര്‍ക്ക് ഉപ്പോള്‍ ഒന്നിനും വയ്യ. വീട്ടില്‍ തളര്‍ന്നിരുപ്പാണ്. 1952 ഏപ്രില്‍ 18-ാം തീയതിയാണ് തെലുങ്കാനാസമരത്തിന്റെ രണഭൂമിയായ പോപ്ചപള്ളി ഗ്രാമം ഭൂദാന്‍ പോച്ചംപള്ളിയായത്. വനോബാഭാവെ ഭൂദാനപ്രസ്ഥാനത്തിന് തുടക്കമിട്ടത് അന്ന്യˮ ഈ ഗ്രാമത്തില്‍ വച്ചായിരുന്നു. ഹൈദരാബാദിലെ ഭൂപ്രഭൂവായ വെതിര രാമചന്ദ്രറെഡ്ഡി ദാനമായി കൊടുത്ത നൂറേക്കര്‍ ഭൂമി നൂറു ഹരിജന കൂടുംബങ്ങള്‍ക്ക് വിനോബാഭാവെ വീതിച്ചുകൊടുത്ത സംഭവം എല്ലാവരും ഓര്‍ക്കുന്നു. 1982 ഏപ്രിലില്‍ അതിന്റെ മുപ്പതാം വാര്‍ഷികം സര്‍ക്കാര്‍ ചെലവില്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിച്ചതോടെ പുതിയ ലതമുറയുടെ മനസ്സിലും നിറഞ്ഞ ഭൂദാനമാഹാത്മ്യം. ഭൂപ്രഭുക്കളും ജവഹര‍ലാല്‍ നെഹ്റുവും കൂടിച്ചേര്‍ന്ന് തെലൂങ്കനാനയില്‍ കിളിര്‍ത്ത വിപ്ളവത്തിന്റെ നാമ്പുകളെ മുളയിലേ നുള്ളിക്കളയാന്‍ പ്രയോഗിച്ച ആ സൂത്രം ഫലിച്ചു. ഒരിക്കല്‍ തീജ്ജ്വാലകള്‍ പ്രവഹിച്ച പോച്ചംപള്ളിയടെ സിരകളില്‍ ഇന്ന് ആലസ്യത്തിന്റെ ശൈത്യമുറഞ്ഞുനില്ക്കുന്നു. തമ്മിലടിച്ചും അന്യോന്യം നെഞ്ചുപിളര്‍ന്നും സ്വയം നശിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അന്ധ്രയില്‍ ചരിത്രത്തെ കൊഞ്ഞനംകത്താന്‍ ഇപ്പോഴും മുതിരുന്നു. വനോബാഭാവെയ്ക്ക് ഭൂദാനം ചെയ്ത വെതിര രാമചന്ദ്രറെഡ്ഡി, തെലുങ്കാനാ സമരത്തിലെ പടനായരകിലൊരാളായ രാവി നാരായണ റെഡ്ഡിയുടെ അളിയനാണ്. രാവി നാരായണ റെഡ്ഡി രണ്ടുപ്രാവശ്യം നല്‍ഗൊണ്ട പാര്‍ലമെന്ററി സീറ്റില്‍ കമ്മ്യൂണിസ്ററ് സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ചു. പിന്നെ തോറ്റു.

നര്‍മ്മദയുടെ ശവങ്ങള്‍ ഒഴുകിനടത്തന് ആറുമാസം മുമ്പായിരുന്നു. ഭോപാല്‍ വിഷവാതകച്ചോര്‍ച്ചയുടെ തൊട്ടടുത്ത നാളുകളില്‍ നിരവധി അനാഥപ്രേതങ്ങളെ കരയ്ക്കെടുത്തു സംസ്കരിച്ച കാര്യം ഓര്‍ക്കുമ്പോള്‍ വിവശരാവുന്നു. മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് യൂണിയന്‍ കാര്‍ബൈഡിന്റെ സ്വാധീനത്തോടെ ഭോപാല്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മറിച്ചുവയ്ക്കുകയാണെന്നാണ് പൊതുവെ പറഞ്ഞുകേട്ടത്.

തീക്കാറ്റില്‍ ചുരുണ്ടുനിവരുന്ന പൊടിപടലം ʻചെങ്കല്‍നഗരʼത്തിന്റെ മുഖം മറയ്ക്കുന്നു. ആ അതാര്യതയിലും ഇംപ്രഷണിസ്റ്റുചരിത്രത്തിലെന്നവണ്ണം തെളിയുന്ന മനുഷ്യരൂങ്ങള്‍. ഖാഗ്രയില്‍ പതിപ്പിച്ച കണ്ണാടിത്തൂണ്ടുകള്‍ വെട്ടിതിളങ്ങുന്നു. നക്ഷത്രസംഘാതമായി, ഛുഡികളുടെ കിലുകിലുക്കം ശിരസ്സില്‍ ഗുങ്കറ്റ് അണിഞ്ഞ രാജസ്ഥാനിവനിതകള്‍. ഒടകവണ്ടിക്കാരന്റെ പഗ്ഡിയയുടെ ചുവപ്പുനിറം. മരുഭൂമിയുടെ വിശാലമായ ക്യാന്‍വാസില്‍ നിറപ്പകിട്ടുകള്‍ വാരിയണിഞ്ഞ് മനുഷ്യന്‍ സ്വയംരചിക്കുന്ന പ്രകൃതിസൗന്ദര്യങ്ങള്‍. പ്രകൃതിയുടെ നഗ്നമായ ഊഷ്രതയ്ക്കുമേല്‍ വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ചു ചേര്‍ക്കുന്ന മനുഷ്യന്റെ നിഷ്കളങ്കമായ സൗന്ദര്യാവബോധം. നിര്‍മ്മലാ നായര്‍ എന്ന പാലക്കാട്ടുകാരിയെ രാജസ്ഥാനില്‍ പിടിച്ചുനിറുത്തിയിരിക്കുന്നതും പച്ചമനുഷ്യന്റെ ഈ സൗന്ദര്യത്തുടിപ്പുകള്‍തന്നെ. ആഞ്ചുകൊല്ലംമുമ്പ് ഈ നാട്ടില്‍ വന്നിറങ്ങിയപ്പോള്‍ തന്റെ മനസ്സില്‍ ആദ്യം തറഞ്ഞതു് രാജസ്ഥാനി സ്ത്രീകളുടെ ചിത്രമായിരുന്നെന്ന് നിര്‍മ്മല ഓര്‍മ്മിക്കുന്നു. അവര്‍ പറയുന്നു. എനിക്കു തിരിച്ചുപോകാന്‍ പറ്റുന്നില്ല. ഏതോ ഒര അദൃശ്യശക്തി എന്നെ ഇവരോടടുപ്പിച്ചു നിറുത്തുമ്പോലെ. രണ്ടു കൊല്ലക്കാലം നിര്‍മ്മല തിലോണിയയിലെ സോഷ്യല്‍വര്‍ക്ക് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തി. പിന്നെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു പഠിച്ചു. രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ വിമന്‍സ് ഡെവലപ്മെന്റ് പ്രോജടില്‍ ജോലിനോക്കുകയാണ് നിര്‍മ്മല ഇപ്പോള്‍. തിലോണിയയില്‍ സഹപ്രവര്‍ത്തകനായിരുന്ന വാസുവാണ് നിര്‍മ്മലയുടെ ഭര്‍ത്താവു്. തമിഴ്നാട്ടുകാരനായ വാസു ജയ്പ്പൂരിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിലാണ്. സതിസമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടാന്‍ പോന്നവിധം അന്ധവിശ്വാസത്തിലാണ്ടുകിടക്കുന്ന രാജസ്ഥാനി സ്ത്രീകളുടെ അകംകണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മല.

ഡെല്‍ഹിയില്‍ ഏറ്റവും പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് മംഘോള്‍പുരി. അടിയന്താവസ്ഥക്കാലത്തെ ചേരിനിര്‍മ്മാര്‍ജ്ജനത്തിനിരകളായി മാറേണ്ടിവരുന്നവരുടെ റീസെറ്റില്‍മെന്റ് കോളനി. കഴിഞ്ഞ നവംബറില്‍ നടന്ന ലഹള ഏറ്റവും കൂടുതലായി ബാധിച്ച സ്ഥഹങ്ങളിൊന്ന്. മംഗേള്‍പുരിയിലെ ചേരിനിവാസികള്‍ വികാരനിര്‍ഭരമായി ശാസ്ത്രകലാജാഥയോടു പ്രതികരിച്ചു. നഗരവികസനത്തിന്റെ ഫലമായി പുമ്പോക്കുകളിലേക്കൊതുക്കിത്തള്ളപ്പെട്ട ഈ ആഴുക്കു വൃത്തത്തിലിറങ്ങിച്ചെന്ന് അറിവിന്റെ വെളിച്ചം വിതറാന്‍ കഴിഞ്ഞ നാലുകൊല്ലമായി ഇന്ദ്രാണി നെച്ചൂരി ശ്രമിക്കുന്നു. എസ്. എഫ്. ഐ. അഖിലിന്ത്യാ പ്രസിഡന്റ് സീതാറാം നെച്ചൂരിയുടെ പത്നിയാണഅ ഇന്ദ്രാണി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം മംഗോള്‍പുരിയിലെ പാവപ്പെട്ടവരുചെ നടുവിലേക്ക് ഇറങ്ങിച്ചെന്ന ഇന്ദ്രാണി സ്ത്രീകളെയും യുവാക്കളെയും സംഘടിപ്പിച്ച വര്‍ഗ്ഗബോധം വളര്‍ത്തുന്നു. നവംബര്‍ കലാപസമയത്തു പാവപ്പെട്ട സിക്കുകാരെ സംരക്ഷിക്കുന്നതിനും ലഹളയില്‍ കൊല്ലപ്പെട്ടവരുടെ വിധവകളെ സമാശ്വാസിപ്പിക്കുന്നതിനുമുള്ള ഡി. വൈ. എഫ്. ഐ-യുടെ പ്രവര്‍ത്തനങ്ങള്‍ നയിച്ചത് ഇന്ദ്രാണിയായിരുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിലേക്കിറങ്ങിച്ചെന്നു് അവരിലൊരാളായി മാറി ദുഃഖവും ദുരിതവും പങ്കിട്ട് വിശ്വാസമാര്‍ജ്ജിച്ചു് സംഘടനാപ്രവര്‍ത്തനം നടത്തുന്ന ഇന്ദ്രാണിയുടെ ശൈലി ഉത്തരേന്ത്യയിലെമ്പാടും പ്രസക്തമാണെന്നുതോന്നുന്നു.

ഭോപാല്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായാണ് കേരളശാസ്ത്ര സാഹിത്യപരിഷത്തിന്റെ ശാസ്ത്രകലാജാഥ ഒരുമാസക്കാലം അഖിലിന്ത്യാ പര്യടനം നടത്തിയതു്. ഭാഷയുടെയും പ്രാദേശികതയുടെയും അതിരുകള്‍ മറികടന്ന് ഈ സന്ദേശം ഇന്ത്യയാകമാനം എത്തിക്കാന്‍ കലാജാഥയ്ക്ക് കഴിഞ്ഞു. നാടക രംഗത്തെ പ്രതിഭാശാലികള്‍ മുതല്‍ ചേരിനിവാസികള്‍ വരെ കലാജാഥയുടെ സാദ്ധ്യതകളെന്തെന്ന് തിരിച്ചറിഞ്ഞു. വേഷവും ഭാഷയും വ്യത്യസ്തമാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയവികാരങ്ങള്‍ ഒരേപോലെയാണെന്നും ജാഥംഗങ്ങല്‍ക്കു ബോദ്ധ്യപ്പെട്ടു.


  1. ഇന്ത്യയിലെ ചില പ്രദേശങ്ങളുടെ പ്രശ്നങ്ങളെയും തേങ്ങലുകളെയും പറ്റിയാണ് കെ. വേലപ്പന്‍ എഴുതുന്നത്. ആ പ്രദേശങ്ങളിലൂടെ ഈയിടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു ജാഥയുടെ കൂടെ അദ്ദേഹം സഞ്ചരിക്കാനിടയായി. ഇന്ത്യ അതിന്റെ എല്ലാ പ്രശ്നങ്ങളോടും കൂടി ലേഖകന്റെ മനസ്സിലൂടെ ഒന്നു മിന്നിമറയുകയാണിവിടെ.