എം. എസ്. ദേവദാസ്
എം. എസ്. ദേവദാസ് | |
---|---|
ഗ്രന്ഥകാരന് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മോഹഭംഗങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസാധകർ | ഒലിവ് ബുക്സ് |
വർഷം |
2000 |
മാദ്ധ്യമം | Print (Paperback) |
പുറങ്ങൾ | 87 (first published edition) |
ജോസഫ് മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ തൃശ്ശൂരില്‍ കൂടുന്ന സമ്മേളനത്തില്‍ പ്രസംഗിക്കാനായി തിരുവനന്തപുരത്തുനിന്നു പോയ പ്രമുഖരില്‍ എം.എസ്. ദേവദാസും ഉണ്ടായിരുന്നു. അവരുടെ കൂടെ ഞാനും. കാറിലായിരുന്നു ഞങ്ങളുടെ യാത്ര. വാഹനം കേശവദാസപുരം കഴിഞ്ഞില്ല. അതിനുമുമ്പ് ഒരാള്‍ വിസ്കിക്കുപ്പി തുറന്നു. ഗ്ലാസുകളിലേക്കു അതു പകര്‍ന്നു. നേരത്തെ കരുതിവച്ച വെള്ളം വേണ്ടയളവില്‍ മദ്യത്തിലേക്ക് ഒഴിച്ചു. കുടിയും തുടങ്ങി. കാറിനകത്തെ ലഹരിയില്‍പ്പെട്ടു മുന്‍സീറ്റിലിരുന്ന ദേവദാസും ഞാനുമൊഴികെയുള്ളവര്‍ പൂരപ്പാട്ടു തുടങ്ങി. ഞാനന്നു വരെ കേട്ടിട്ടില്ലാത്ത അസഭ്യപദങ്ങളുടെ വര്‍ഷമുണ്ടായി. മദ്യത്തിന്റെ അസഹനീയമായ ഗന്ധത്താല്‍ ഞങ്ങള്‍ രണ്ടുപേരും മൂക്കു പൊത്തിപ്പിടിച്ചു ഇരിക്കുകയാണ്. അശ്ലീല പദപ്രവാഹം സഹിക്കാനാവാതെ ദേവദാസ് കൈകള്‍ കൊണ്ട് കൂടെക്കൂടെ കാതുകള്‍ പൊത്തുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഈ ചേഷ്ടകള്‍ കണ്ടു ദേഷ്യപ്പെട്ട ഒരു പ്രമുഖന് അടുത്തിരുന്ന സ്നേഹിതനോട് ʻഎടാ നോക്ക്. മുന്‍വശത്തു രണ്ടു പതിവ്രതകള്‍ʼ എന്നു പുച്ഛിച്ചു പറഞ്ഞു. ഈ സമയം കൊണ്ട് കാര്‍ പാരിപ്പള്ളി കഴിഞ്ഞിരുന്നു. ദേവദാസ് മെല്ലെ ഡ്രൈവറുടെ തോളില്‍ത്തട്ടി ʻഒന്ന് നിറുത്തുʼ എന്നു പറഞ്ഞു. കാര്‍ നിന്നയുടെനെ ദേവദാസ് ഇറങ്ങി വിജനമായ റോഡിലൂടെ നടന്നു. അദ്ദേഹം തിരിച്ചു കാറിലേക്കു വരുന്നില്ലെന്നു കണ്ട് ഞാന്‍ ഓടിച്ചെന്ന് ʻമാഷ് എവിടെപ്പോകുന്നുʼ എന്നു ചോദിച്ചു. ʻഞാന്‍ ഇല്ല. നിങ്ങള്‍ പൊയ്ക്കൊള്ളൂʼ എന്ന് അദ്ദേഹം പറഞ്ഞു. ഞാനെത്ര നിര്‍ബന്ധിച്ചിട്ടും സന്മാര്‍ഗതല്‍പരനായ ദേവദാസ് തിരിച്ചുവന്നില്ല. അദ്ദേഹമില്ലാതെയാണ് ഞങ്ങള്‍ തൃശ്ശൂര്‍ എത്തിയത്. സമ്മേളനസ്ഥലത്ത് ദേവദാസുണ്ടായിരുന്നു. ജീര്‍ണത കാറിന്റെ പിറകില്‍ പ്രസരിക്കുമ്പോള്‍ മുന്‍വശത്ത് സന്മാര്ഗത്തിന്റെ ശാശ്വതപ്രതീകം. ആ ധര്‍മച്യുതി സഹിക്കാനാവാതെ ആ പ്രതീകം ശുദ്ധവായു ശ്വസിക്കാന്‍ വേണ്ടി രാജരഥ്യയിലേക്കിറങ്ങി മുന്നോട്ടു പോകുന്നു. എനിക്ക് ദേവദാസിനോടു മുന്‍പുണ്ടായിരുന്ന ബഹുമാനം വര്‍ധിച്ച സംഭവമിതായിരുന്നു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം ആദരവോടുകൂടി കൈകൂപ്പി നിന്നിട്ടുണ്ട്. ശരിയേത്, തെറ്റേത് എന്ന ചിന്ത വളര്‍ച്ചയുള്ള മനുഷ്യനുണ്ടായാല്‍ അയാള്‍ അതനുസരിച്ചു പ്രവര്‍ത്തിക്കും. തെറിയുടെ പൂരവും മദ്യത്തിന്റെ ഗന്ധവും തന്റെ സന്മാര്‍ഗപദ്ധതിക്ക് അനുരൂപമല്ലെന്നു കണ്ട ദേവദാസ് ഉടനെ അവയൊഴിവാക്കി. സ്വഭാവദാര്‍ഢ്യമുള്ളവര്‍ക്കേ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. സന്മാര്‍ഗനിരതനായ സാഹിത്യകാരനായിരുന്നു ദേവദാസ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ മകള്‍ ഡോക്ടര്‍ ശകുന്തള എസ്. പിള്ള ʻഎന്റെ അച്ഛന് –- ഒരനുസ്മരണംʼ എന്ന പ്രബന്ധത്തില്‍ പറയുന്നത്. ʻʻഅച്ഛന്റെ സത്യസന്ധതയും ആത്മാര്‍ഥതയും ആദര്‍ശശുദ്ധിയും ലാളിത്യവും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് മറക്കാനാവുകയില്ല.ˮ ശ്രീ.ഐ.വി. ദാസ് എഡിറ്ററായും ഡോക്ടര്‍ കെ. മഹേശ്വരന്‍നായര്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ ഒരംഗമായുള്ള ʻസ്വന്തം ബുക്സ്ʼ പ്രസാധനം ചെയ്ത് ʻമാര്‍ക്സിസ്റ്റ് വിമര്‍ശനം: സിദ്ധാന്തവും ജീവിതവുംʼ എന്ന ഗ്രന്ധത്തില്‍ ഡോക്ടര്‍ ശകുന്തള എഴുതിയ പ്രബന്ധത്തിലുള്ളതാണ് ഈ വാക്യം. 480 പുറങ്ങളുള്ള ഈ ഗ്രന്ധം എം.എസ്. ദേവദാസിന്റെ ബഹുമുഖ വ്യക്തിത്വത്തെ വിലയിരുത്തുന്നു. ദേവദാസിനെക്കുറിച്ചുള്ള സാംസ്കാരിക നേതാക്കന്മാരുടെ ഓര്‍മകള്‍, പത്രപ്രവര്‍ത്തകനും അധ്യാപകനും സാഹിത്യനിരൂപകനും, കമ്മ്യൂണിസ്റ്റ് തത്ത്വചിന്തകനും ചരിത്രകാരനുമൊക്കെയായിരുന്ന അദ്ദേഹത്തെപറ്റിയുള്ള മൂല്യനിര്‍ണയങ്ങള്‍ ഇവയെല്ലാം ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. കേരളത്തിലെ ലബ്ദപ്രതിഷ്ഠരായ എഴുത്തുകാരാണ് ഈ പ്രബന്ധങ്ങളുടെ രചയിതാക്കള്‍. അവരുടെ കൂട്ടത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപിള്ള, സി. അച്ച്യുതമേനോന്‍, വി.എസ്. അച്ച്യുതാനന്ദന്, ഡോക്ടര്‍ പി.കെ.ആര്. വാരിയര്‍, പി.ടി. ഭാസ്കരപ്പണിക്കര്, എ.കെ. ഗോപാലന്, ചെറുകാട്, വി.ആര്. കൃഷ്ണയ്യര്‍, കെ.വി. സുരേന്ദ്രനാഥ്, സുകുമാര്‍ അഴീക്കോട്, വി.വി. രാഘവന്, എം.പി. പരമേശ്വരന്, പിരപ്പന്‍കോട് മുരളി, എം.എം. ലോറന്‍സ്, പ്രൊഫസര്‍ വി. അരവിന്ദാക്ഷന്, പവനന്, ഇ.കെ. നയനാര്‍, ഉണ്ണിരാജ, സി. ഭാസ്കരന്, എം.എസ്. മേനോന്, എ.എം.എന്‍. കുറുപ്പ്, ഡോക്ടര്‍ എന്‍.വി.പി. ഉണിത്തിരി, ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രന്, വി.ടി. ഇന്ദുചൂഡന്, ഡോക്ടര്‍ ജി.ബി. മോഹന്‍തമ്പി, ഡോക്ടര്‍ എസ്. രാജശേഖരന്, വൈക്കം ചന്ദ്രശേഖരന്‍നായര്‍, ഡോ. വി.ആര്. പ്രബോധചന്ദ്രന്‍, ഡോക്ടര്‍. കെ. മഹേശ്വരന് നായര്‍, എം.കെ. ഗംഗാധരന്. ഈ വിദഗ്ധന്മാര് ദേവദാസിന്റെ നേട്ടങ്ങളെ പക്ഷപാത സങ്കീര്ണതയില്ലാതെ വര്‍ണിക്കുന്നു. പ്രശംസാര്‍ഹമായ കൃത്യമായി ഞാനിതിനെ കാണുന്നു. ഇപ്പറഞ്ഞവരും മറ്റു പ്രഗല്ഭരും എം.എസ്. ദേവദാസിന്റെ നാനാപ്രകാരമാര്‍ന്ന സാംസ്കാരിക ʻസംഭാവനʼകളെക്കുറിച്ച് ഉപന്യസിക്കുമ്പോള്‍ അവയിലെല്ലാം ജലാശയത്തില്‍ കലര്‍ന്ന നിലാവെന്നപോലെ അദ്ദേഹത്തിന്റെ സന്മാര്ഗനിഷ്ഠ സംപൃക്തമായിരിക്കുന്നത് അറിഞ്ഞോ അറിയാതെയോ നമുക്കു കാണിച്ചു തരുന്നുണ്ട്. എഴുത്തുകാരന് ആരല്ലയോ, അതിന്റെ ആവിഷ്കാരമാണ് രചനയെന്ന ക്രോചെയുടെ മതം ഇവിടെ പാളിപ്പോകുന്നു. സുചരിതനായ ദേവദാസ് തന്നെയാണ് അദ്ദേഹത്തിന്റെ രചനകളിലും പ്രത്യക്ഷനാകുന്നത്. സത്യസന്ധതയായിരുന്നു ദേവദാസിന്റെ ജീവിതത്തിലെ പ്രേരകശക്തി എന്നു നമ്മള് ഈ ഗ്രന്ഥത്തില്‍ നിന്നു ഗ്രഹിക്കുന്നു. യുക്തി കൊണ്ട് നന്മയും തിന്മയും വേര്‍തിരിച്ച് ഈ നന്മയുടെ മാര്‍ഗത്തിലൂടെ പോകൂ എന്ന് ഉദ്ബോധിപ്പിച്ച എന്റെ അഭിവന്ദ്യ സുഹൃത്തിനെ ഇപ്പുസ്തകത്തില്‍ ഞാന്‍ കാണുന്നു.
പ്രതിലോമ ചിന്താഗതികളെ പുരോഗമന ചിന്താഗതികള്‍ കൊണ്ട് ഹനിക്കുന്ന മാര്‍ക്സിസ്റ്റ് നിരൂപകനാണ് ദേവദാസെങ്കിലും സങ്കുചിതത്വം അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ മുദ്രയല്ല. ഇത് ഡോക്ടര്‍ ജി.ബി. മോഹന്‍ തമ്പിയെഴുതിയ വിദ്വജ്ജനോചിതമായ പ്രബന്ധത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്. ദേവദാസിന്റെ വീക്ഷണഗതിയിലുള്ള ഈ വിശാലത കാണിക്കാന്‍ വേണ്ടി ലേഖകന്‍ ഉദ്ധരിക്കുന്ന അദ്ദേഹത്തിന്റെ വാക്യങ്ങള്‍ തന്നെ ഞാനും എടുത്തെഴുതട്ടെ: ʻʻവാസ്തവത്തില്‍ ഈ കലയും സാഹിത്യവും ആളുകളുടെ ധര്‍മബോധവും രാഷ്ട്രീയ ജീവിതവുമെല്ലാം തമ്മിലൊരു വൈരുധ്യവുമുണ്ടാകേണ്ട കാര്യമില്ല. പുരാതന ഇതിഹാസങ്ങളിലും കാവ്യനാടകങ്ങളിലും പില്ക്കാലങ്ങളിലെ മികച്ച പല നോവലുകളിലും വള്ളത്തോള്‍, കുമാരനാശാന്, ടാഗോര്‍, ഷെല്ലി മുതലായവരുടെ കവിതകളിലുമൊക്കെ –- ചുരുക്കത്തില്‍ ശ്രേഷ്ഠ്വും സുന്ദരവുമെന്ന് സഹൃദയലോകം എണ്ണുന്ന പഴയ സാഹിത്യകൃതികളിലെല്ലാം തന്നെ –- മനുഷ്യന്റെ ധര്‍മബോധം, സ്നേഹം, സൗന്ദര്യം, ദയ, കര്‍മോത്സുകത മുതലായ വിഭിന്നഘടകങ്ങള്‍ തമ്മിലുള്ള മൗലികമായ ഐക്യമാണ് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതായി നമുക്ക് കാണാന്‍ കഴിയുക.ˮ
ʻʻസാഹിത്യത്തെ സംബന്ധിച്ചു ദേവദാസിനുള്ള ഈ വിപുലമായ കാഴ്ചപ്പാട് എനിക്കു നേരിട്ടു കാണാന്‍ ഇടവന്നിട്ടുണ്ട്. ഫ്രഞ്ചെഴുത്തുകാരനായ സൊലയുടെ നോവലുകള്‍ പാരായണയോഗ്യങ്ങളല്ലെന്ന് ഞാന്‍ ഒരിടത്തു പ്രസംഗിച്ചു. ആ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ദേവസായിരുന്നു. അദ്ദേഹം ഉപസംഹാര പ്രഭാഷണത്തില്‍ എന്റെ അഭിപ്രായത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. പക്ഷേ, തിരിച്ചുപോരുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: സോഷ്യോളജിസ്റ്റും ചരിത്രകാരനുമായിരുന്നു അദ്ദേഹം. പരമ്പരാഗതമായ സംസ്കാരവും അദ്ദേഹത്തിന്റെ കാലത്തെ സംസ്കാരവും തമ്മിലുള്ള സംഘട്ടനത്തെ കലാശക്തിയോട് ആവിഷ്കരിച്ച ആ സാഹിത്യനായകന് സദൃശരായി വേറെ എഴുത്തുകാരില്ല.ˮ
തോമസ് ഹാര്‍ഡിയുടെ മെലോഡ്രാമ നിറഞ്ഞ നോവലുകള്‍ എനിക്കിഷ്ടമില്ലെന്നു മറ്റൊരു പ്രഭാഷണത്തില്‍ ഞാന്‍ പറഞ്ഞപ്പോഴും അദ്ദേഹം ഉപസംഹാര പ്രഭാഷണത്തില്‍ മൗനം അവലംബിച്ചതേയുള്ളൂ. തിരിച്ചുപോരുന്ന വേളയില്‍ ദേവദാസ് ഹാര്‍ഡിയുടെ ഒരു നോവലിന്റെ ആരംഭത്തില്‍ ʻഹീത്തിന്റെʼ വര്‍ണനയുള്ളത് എന്നെ പറഞ്ഞു കേള്‍പ്പിച്ചു. സുദീര്‍ഘമായ ആ വര്‍ണന മുഴുവന്‍ അദ്ദേഹം ഹൃദിസ്ഥമാക്കിവെച്ചിരുന്നു. എന്നിട്ട് ʻʻഇതുപോലെ വര്‍ണിക്കാന്‍ ആര്‍ക്കു സാധിക്കും?ʼʼ എന്ന് എന്നോടു ചോദിച്ചു. ബൂര്‍ഷ്വാ കലാകാരന്മാരുടെ അഭിഭാഷകനായിട്ടല്ല ദേവദാസ് എന്നോടു സംസാരിച്ചത്. കലയുടെ സൗന്ദര്യം എവിടെക്കണ്ടാലും അതിനെ അംഗീകരിക്കുന്ന നിരൂപകനായിരുന്നു അദ്ദേഹം എന്നേ നമ്മള് ഗ്രഹിക്കേണ്ടതുള്ളൂ.
ചരിത്രകാരന്, അധ്യാപകന് ഈ നിലകളില്‍ യശസ്സര്‍ജിച്ച ദേവദാസിനെ പണ്ഡിതന്മാര് സ്ഥൂലീകരണമില്ലാതെ ചിത്രീകരിക്കുന്നു ഈ ഗ്രന്ഥത്തില്‍. അദ്ദേഹവുമായുള്ള ഹൃദയബന്ധത്തെ ഹൃദയഹാരിയായി ഏറെയാളുകള്‍ ആലേഖനം ചെയ്യുന്നു. എനിക്കും ഒരു സംഭവത്തെക്കുറിച്ചു പറയാനുണ്ട്. ദേവദാസിന്റെ അഛന് മുകുന്ദരാജാ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന കാലയളവില്‍ ഞാന്‍ അദ്ദേഹത്തെ കൂടെക്കൂടെ കാണാന്‍ പോകുമായിരുന്നു. കൃഷ്ണന് തമ്പിയുടെ ഒരാട്ടക്കഥ വേണമെന്ന മുകുന്ദരാജാ എന്നോട് പറഞ്ഞപ്പോള്‍ എം.എച്ച്. ശാസ്ത്രികള്‍ വ്യാഖ്യാനിച്ച ആ ആട്ടക്കഥയുടെ ഒരു കോപ്പി ഞാന്‍ അദ്ദേഹത്തിനു കൊണ്ടുക്കൊടുത്തു. രാജായ്ക്ക് സന്തോഷമായി. രോഗമെങ്ങനെയെന്നു ഞാന്‍ അന്വേഷിച്ചപ്പോള്‍ ദേവദാസാണ് മറുപടി പറഞ്ഞത്. ʻʻരോഗം മാറിയെന്നാണ് അഛന് പറയുന്നത്.ˮ എന്നിട്ടു ദേവദാസ് ചിരിച്ചു. തിരുവനന്തപുരത്തുകാര്‍ രോഗം ഭേദമായി എന്നതിനു പകരം രോഗം മാറി എന്നു പറയും. ʻമാറിʼ എന്ന പദത്തിന് ഒരു രോഗം പോയിട്ടുവെറൊന്നു വന്നു എന്നും അര്‍ത്ഥം ഉണ്ടല്ലോ. അതു ലക്ഷ്യമാക്കിയാണ് ഫലിത പ്രിയനായ മുകുന്ദരാജാ പരിഹാസത്തിന്റെ മട്ടില്‍ അങ്ങനെ പറഞ്ഞത്. അതുകേട്ട് എന്നോടതു പറഞ്ഞ ദേവദാസ് ഹൃദ്യമായി ചിരിച്ചു. ആ ചിരി എന്റെ കണ്ണില്‍ ഇപ്പോഴുമിരിക്കുന്നു.
ഒരു സമുദായം ജീര്‍ണിച്ചുകഴിഞ്ഞാല്‍ പുതിയ ഒരു സമുദായം രൂപം കൊള്ളും. സമാരംഭത്തിന്റെ നേതാവായിരുന്നു എം.എസ്. ദേവദാസ്. അദ്ദേഹത്തിന്റെ സേവനങ്ങളെ മനസ്സിലാക്കണമെന്ന് കൗതുകമുള്ളവര്‍ക്ക് ഈ ഗ്രന്ഥം പ്രയോജനപ്രദമായിരിക്കും.
□