ദൈവം ജ്ഞാനിയാകുന്നു
ദൈവം ജ്ഞാനിയാകുന്നു | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | കൂറകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 50 |
ദൈവത്തിന്റെ പുര കത്തി നശിച്ചു; ദൈവം ഉണർന്നു. അഭയം തേടി പുറത്തിറങ്ങി. മാറ്റങ്ങൾ അദ്ദേഹത്തിന്റെ കണ്ണഞ്ചിച്ചു. താൻ ഒരു ദീർഘനിദ്രയിലായിരുന്നെന്നും, നിദ്രയ്ക്കിടയിൽ എണ്ണമറ്റ വർഷങ്ങൾ മൂക്കിനു താഴേക്കൂടി തന്നെ കബളിപ്പിച്ചു വികൃതിക്കുട്ടന്മാരെപ്പോലെ ഓടി മറഞ്ഞുവെന്നും അദ്ദേഹം മനസ്സിലാക്കി.
പുറത്തു ദർശനത്തിനായി തടിച്ചുകൂടിയ ഭക്തരുടെ വൈരൂപ്യമാർന്ന മുഖങ്ങൾ കണ്ട് അദ്ദേഹം ഞെട്ടി. മന്വന്തരങ്ങൾക്കു മുമ്പു സൃഷ്ടിയുടെ വേദനയുറ്റ പ്രഭാതത്തിൽ രൂപം കൊടുത്തപ്പോൾ ഈ മുഖങ്ങൾ എത്ര മനോഹരങ്ങളായിരുന്നെന്നു ദൈവം ഓർത്തു.
ആരുടെയടുത്താണ് അഭയം തേടേണ്ടത്? അമ്പലമതിലിനു പുറത്തു നടയിൽ ചടഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളുടെയിടയിലൂടെ നടക്കുമ്പോൾ ദൈവം ആലോചിച്ചു. അമ്പലം പണിയുകയും ഹോമാഭിഷേകങ്ങളുടെ അകമ്പടിയോടെ തന്നെ കുടിയിരുത്തുകയും ചെയ്ത രാജാവിനെ അന്വേഷിച്ചു ദൈവം തെരുവിലിറങ്ങി. ആദ്യം കണ്ടതു ചുണ്ടിൽ ഒരു ബീഡിയും തലയിൽ കള്ളിത്തോർത്തു കൊണ്ട് ഒരു കെട്ടുമായി ഓടിപ്പോകുന്ന പയ്യനെയാണ്. ദൈവം അവനെ തടഞ്ഞു നിർത്തി ചോദിച്ചു.
‘രാജാവിന്റെ വീടേതാണ്?’
തന്നെ തടഞ്ഞുനിർത്തിയ ധാർഷ്ട്യത്തിന്നെതിരെ പയ്യൻ മുഷ്ടി ചുരുട്ടി. പിന്നെ, മുമ്പിൽ നില്ക്കുന്ന നീണ്ടു നരച്ച താടിയും തലമുടിയുമുള്ള കിഴവന്റെ നിസ്സഹായത കണ്ടു മനസ്സലിഞ്ഞ് അവൻ ചോദിച്ചു:
‘രാജാവോ? ഏതു രാജാവ്?’
‘രാജാവ്,’ ദൈവം മറുപടി പറഞ്ഞു. ‘ഏതാണു രാജാവിന്റെ വീട്?’
ദൈവത്തിന്റെ ശബ്ദം ശാന്തവും ഘനഗംഭീരവുമായിരുന്നു പയ്യൻ ഒരുനിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു:
‘ബരീൻ.’
പയ്യൻ മുമ്പിലും ദൈവം പിമ്പിലുമായി നടന്നു. പ്രധാന വീഥിയിൽനിന്നു തെരുവിലേക്കു കടന്നു. പിന്നെ ഉപതെരുവുകൾ; ഇടവഴികൾ. അവസാനം ഇടിഞ്ഞു തകർന്ന ഒരു പടിവാതിലിനു മുമ്പിൽ ദൈവത്തെ വിട്ടു പയ്യൻ ഒരു സിനിമാപ്പാട്ടും ചൂളമിട്ട് ഓടിപ്പോയി. മടക്കിക്കുത്തിയ മുണ്ടും തലേക്കെട്ടുമായി നഗ്നപാദനായി ഓടിപ്പോകുന്ന പയ്യനെ ദൈവം കൗതുകപൂർവ്വം നോക്കി.
ദൈവം പടിപ്പുര പിന്നിട്ട് മുറ്റത്തേ ക്കു കടന്നു. രാജാവിന്റെ കൊട്ടാരവും തകർച്ചയിലായിരുന്നു. പുറത്തെ ചുവരുകളിലെ കുമ്മായം പലേടത്തും അടർന്നുപോയി ചെങ്കല്ലു കാണാമായിരുന്നു. ഓടുകൾ പലേടത്തും പൊട്ടിയ സ്ഥലങ്ങളിൽ കവുങ്ങിൻപാളകൾവെച്ച് അടച്ചിരുന്നു. ഉമ്മറത്ത് കൈയൊടിഞ്ഞ പുരാതന കസേരയിൽ ക്ഷീണിതനായ രാജാവിരുന്നു. വഴി തെറ്റിയോ എന്നു ദൈവം സംശയിക്കുമ്പോഴേക്കും രാജാവന്വേഷിച്ചു.
‘എന്താ വേണ്ടത്?’
ദൈവം പറഞ്ഞു.
‘എനിക്കു രാജാവിനെ കാണണം.’
പെട്ടെന്നവിടെ നിശ്ശബ്ദത പരന്നു. അതു രാജാവിനേയും ദൈവത്തേയും ഉൾക്കൊണ്ടു. അതിൽ നിന്നു രക്ഷ കിട്ടിയ നിമിഷത്തിൽ രാജാവ് ക്ഷമാപണസ്വരത്തിൽ, നിർത്തി നിർത്തി പറഞ്ഞു:
‘ഞാനാണ് രാജാവ്. എന്താണ് വേണ്ടത്?’
ദൈവം പറഞ്ഞു:
‘എന്റെ പുര കത്തിപ്പോയി. എനിക്കു താമസിക്കാനൊരിടം വേണം.’
രാജാവിന്റെ കണ്ണുകൾ പെട്ടെന്നു ചുവന്നു. മുഖത്തെ കരുണരസം എങ്ങോ മറഞ്ഞു. മൂക്കു വിറപ്പിച്ചുകൊണ്ടു പറഞ്ഞു:
‘നിങ്ങളൊക്കെക്കൂടി വോട്ടു ചെയ്തല്ലേ ആയമ്മ അധികാരത്തിൽ വന്നത്? അനുഭവിക്കിൻ. സോഷ്യലിസമല്ലേ? ആകെ കൊല്ലത്തിൽ കിട്ടിയിരുന്നതു പതിനായിരം ഉറുപ്പികയാണ്. അതു നിർത്തലാക്കിയില്ലേ? പോവൂ, എനിക്കൊന്നും ചെയ്യാൻ കഴിയില്ല.’
ദൈവം തിരിഞ്ഞു നടന്നു. പെട്ടെന്നു മനസ്സാക്ഷിയുടെ തേങ്ങൽ കേട്ടിട്ടാകണം രാജാവു വിളിച്ചു:
‘ഏയ് കിഴവാ, നിൽക്കൂ.’
ദൈവം തിരിഞ്ഞുനിന്നു. രാജാവു തുടർന്നു.
‘എന്റെ കൈയിൽ പണമില്ലാഞ്ഞിട്ടാണ്. കഴിവുള്ള കാലത്തു ഞാൻ പാവപ്പെട്ടവർക്കു വീടുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. തണ്ണീർപ്പന്തലുകൾ ഉണ്ടാക്കിയിട്ടുണ്ട്, കിണറുകൾ കുഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ നിർദ്ധനനാണ്.
മുണ്ടിന്റെ കോന്തല അരയിൽ തിരുകിയതു തിരിച്ചെടുത്തു രാജാവു പറഞ്ഞു:
‘ഇതാ രണ്ടുറുപ്പിക. ആകെയുള്ളതാണ്. കൊണ്ടുപോകൂ.’
രണ്ടുറുപ്പികയുടെ മുഷിഞ്ഞ നോട്ടു വാങ്ങി ദൈവം തിരിഞ്ഞു നടന്നു. ദൈവം നിരാശനായില്ല. വോട്ട്, സോഷ്യലിസം മുതലായ വാക്കുകൾ മനസ്സിൽ കിടന്നു കളിച്ചു. ദൈവം ജ്ഞാനിയാവുകയായിരുന്നു. രാജഭരണത്തിനു പകരം, ജനങ്ങൾ ഒന്നായി നേരിട്ടു സ്വയം ഭരിക്കുന്ന ഒരുതരം തമാശ കലർന്ന ഭരണവ്യവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്നും, അതിനു ജനാധിപത്യമെന്നാണു പേരെന്നും ദൈവം മനസ്സിലാക്കി. ദൈവത്തിന്റെ കണ്ണുകൾ വിടർന്നു. ദൈവം നടന്നു.
പ്രധാന വീഥിയിലെത്തിയപ്പോൾ രണ്ടുവശത്തും നിരയായി നില്ക്കുന്ന പീടികകൾ അദ്ദേഹം കണ്ടു. ചായപ്പീടികകളുടെ ചില്ലലമാരികളിൽ നിരത്തിവെച്ച പലഹാരങ്ങൾ ദൈവം കണ്ടു. നേദ്യച്ചോറിന്റേയും പാൽപ്പായസത്തിന്റേയും സ്വാദു തികട്ടിവന്നു. വിശപ്പും തുടങ്ങി. ഒരു പീടികയ്ക്കും നിരത്തിനുമിടയിൽ അഴുക്കു ചാലിന്നു മീതെ ഇട്ട മരപ്പലകമേൽ ബാലൻസുചെയ്തു ദൈവം ഉള്ളിലേക്കു കയറി. നിരത്തിയിട്ട, ആടുന്ന, ബഞ്ചുകളിലൊന്നിൽ മേശമേൽ കൈകുത്തിയിരുന്നു. പീടികയിലാകെ ബഹളം. ചിലർ തിന്നുന്നു. ചിലർ കുടിക്കുന്നു. കരിപിടിച്ചു മുഷിഞ്ഞ മുണ്ടു മാടിക്കുത്തി വിയർക്കുന്ന ആരോഗ്യമുള്ള മാറു പ്രദർശിപ്പിച്ച് അവിടുത്തെ വാലിയക്കാരൻ ദൈവത്തെ സമീപിച്ചു. ദൈവത്തിന്റെ നരച്ച തലമുടിയും താടിയും വളരെപ്പഴകിയ വസ്ത്രങ്ങളും സാകൂതം നോക്കി അവൻ ചോദിച്ചു:
‘കുടിക്കാൻ വന്നിരിക്കുന്നു! കിഴവാ, കൈയിൽ പണം വല്ലതുമുണ്ടോ?’
ദൈവത്തിനു മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു:
‘എന്താണു പറഞ്ഞത്?’
‘രൂഭയുണ്ടോന്ന്?’
വലത്തെ കൈയിന്റെ ചൂണ്ടാണിവിരലും തള്ളവിരലും അശ്ലീലമാകും വിധം വിദഗ്ദ്ധമായി ഉരസിക്കാണിച്ചു വാലിയക്കാരൻ പറഞ്ഞു: ‘രൂഭ.’
ദൈവത്തിനു മനസ്സിലായി. അദ്ദേഹത്തിനു വല്ലായ്മ തോന്നി. കൈയിൽ ചുരുട്ടി വെച്ച രണ്ടുറുപ്പികനോട്ടെടുത്തു വാലിയക്കാരനു കൊടുത്തു. അവൻ ചുരുണ്ട നോട്ടു വാങ്ങി നിവർത്തി പുറത്തെ വെളിച്ചത്തിന്നെതിരെ പിടിച്ചു പരിശോധിച്ചു, സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തി തിരിച്ചു പോയി. ബഞ്ചിൽ അടുത്തിരുന്ന കൃശഗാത്രനായ ജൂബ്ബക്കാരൻ ദൈവത്തിനടുത്തേക്കു നീങ്ങിയിരുന്നു പറഞ്ഞു:
‘ഞാനാണ് സഖാവ് ആർ. കെ. നിങ്ങളീ പട്ടണത്തിൽ പുതുതാണെന്നു തോന്നുന്നു, അല്ലേ?’
ജൂബ്ബക്കാരന്റെ മുഖത്തു വളർത്തിയ സമൃദ്ധമായ മീശയിലേക്കു നോക്കി ദൈവം സാവധാനം മറുപടി പറഞ്ഞു:
‘അതെ.’
‘ഇവിടെ അങ്ങനെയാണു പതിവ്. പണം ആദ്യം വാങ്ങും. കാരണം, കുറച്ചകത്തു ചെന്നാൽപ്പിന്നെ സംഗതിയെല്ലാം മാറും.’
ദൈവം ഒന്നും പറഞ്ഞില്ല. ദൈവത്തിന്ന് ഒരു പതിവും പരിചയമില്ല. ദൈവം സ്വന്തം നാട്ടിൽ അപരിചിതനായ ഒരു പ്രവാസിയായിരുന്നു.
സഖാവു കുറച്ചുകൂടി അടുത്തേക്കിരുന്ന് താഴ്ന്ന സ്വരത്തിൽ ചോദിച്ചു:
‘അപ്പോ, എന്താ പേര്?’
‘ദൈവം,’ ദൈവം മറുപടി പറഞ്ഞു.
സഖാവ് ഒന്നു ഞെട്ടി. പിന്നെ പെട്ടെന്നുണ്ടായ ഭാവപ്പകർച്ച മറയ്ക്കാനുണ്ടായ ബദ്ധപ്പാടിൽ പറഞ്ഞു:
‘സാരമില്ല.’
പറഞ്ഞതു കൂടുതൽ അബദ്ധമായോ എന്നു വീണ്ടും തോന്നിയപ്പോൾ സഖാവ് പെട്ടെന്നെഴുന്നേറ്റു. ക്ഷമാപണസ്വരത്തിൽ പറഞ്ഞു:
‘എന്നാൽ ഞാനിറങ്ങട്ടെ. പിന്നെ, നമ്മുടെ ആപ്പീസിലൊക്കെ ഒന്നു വര്വാ! ഇതാണു നമ്മുടെ പാർട്ടീടെ മാനിഫെസ്റ്റോ!’
ദൈവം മാനിഫെസ്റ്റോ വാങ്ങി. അതിന്റെ തീ പറക്കുന്ന പേജുകളിലൂടെ കണ്ണോടിച്ചു. എല്ലാം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി. പാവപ്പെട്ടവർക്കു വേണ്ടി. അദ്ധ്വാനിക്കുന്നവരുടെ ഏകാധിപത്യം. ദൈവം മോഹിതനായി. നേതാവിന്റെ ഗൃഹമായിരിക്കും ഏറ്റവും നല്ല അഭയസ്ഥാനമെന്നു കരുതുകയും ചെയ്തു.
വാലിയക്കാരൻ അപ്പോഴേക്കും കവിടിയടർന്ന ഒരു പിഞ്ഞാണത്തിൽ മീൻകറിയും, വേറൊരു പിഞ്ഞാണത്തിൽ പുഴുങ്ങിയ കപ്പയും ദൈവത്തിന്റെ മുമ്പിൽ വെച്ചു. തിരിച്ചുപോയി ഒരു വലിയ കവിടിഗ്ലാസ്സിൽ നിറയെ നുരയുന്ന ദ്രാവകം കൊണ്ടുവന്നു ശബ്ദത്തോടെ മേശപ്പുറത്തു വെച്ചു.
ദൈവം ഒരു കഷ്ണം കപ്പ പൊട്ടിച്ചെടുത്ത് മീൻചാറിൽ മുക്കി വായിലിട്ടു. എന്തൊരു സ്വാദ്! സാവധാനത്തിൽ ചവച്ചരച്ചു തിന്നു. കപ്പയും മീൻകറിയും പെട്ടെന്നു കഴിഞ്ഞു. പിന്നെ ഗ്ലാസ്സെടുത്തു മോന്തി. ഹൗ, എന്തൊരു ചവർപ്പ്! ഗ്ലാസ്സിലുള്ള ദ്രാവകം മുഴുവൻ ദൈവം ഒരുവിധം അകത്താക്കി. വയറിൽനിന്നു പുറപ്പെട്ട കമ്പനം ഗൗനിക്കാതെ ദൈവം പീടികയ്ക്കു പുറത്തുകടന്നു. നടക്കുമ്പോൾ ഒരു പന്തികേട്. കാലുകൾ വിചാരിച്ചേടത്ത് അനായാസേന വരുന്നില്ല. ഒരുവിധം നടന്ന് അടുത്തുകണ്ട ഓവുപാലത്തിന്റെ തിണ്ണമേൽ കയറിയിരുന്നു. പിന്നെയുണ്ടായതൊരു അന്തർപ്രചോദനമാണ്. തുടർന്ന് അതിന്റെ ശക്തമായ, തികച്ചും അസാധാരണമായ, ബഹിർഗമനവും. എല്ലാം പുറത്തു പോയപ്പോൾ ക്ഷീണമുണ്ടെങ്കിലും ആശ്വാസം തോന്നി. ദൈവം എഴുന്നേറ്റു നടന്നു.
എവിടെയാണു തന്റെ അഭയം കിടക്കുന്നത്? കൈയിലുള്ള മാനിഫെസ്റ്റോ ഓർമ്മ വന്നപ്പോൾ എടുത്തു നോക്കി. പുറത്തു കടുംചുവപ്പുനിറത്തിൽ രണ്ടു പണിയായുധങ്ങളുടെയും നക്ഷത്രത്തിന്റെയും ചിത്രങ്ങൾ. താൻ സൃഷ്ടിച്ച നക്ഷത്രം. നേതാവിന്റെ വീടന്വേഷിച്ച് ദൈവം നടന്നു. കണ്ടുപിടിക്കാൻ വിഷമിക്കേണ്ടി വന്നില്ല. എല്ലാവർക്കും നേതാവിന്റെ വീടറിയാം. അദ്ദേഹം ബഹുജനസമ്മതനാണ്.
അവിടെ ചെന്നപ്പോൾ ദൈവം അത്ഭുതപരതന്ത്രനായി. കൂറ്റൻ ഗേറ്റ്. അലുമിനിയം ചായമടിച്ച ഇരുമ്പുവാതിലുകൾ കടന്നാൽ ചരലിട്ട പാത. ഇരുവശവും പുൽത്തകിടികളും ഉദ്യാനങ്ങളും. പാത അവസാനിക്കുന്നത് മണൽവിരിച്ച മുറ്റത്ത്. അതിനു നടുവിൽ ആഡംബരത്തോടെ സംവിധാനം ചെയ്തു പണിയിച്ച മൂന്നുനില കെട്ടിടം. വൈദ്യുതോപകരണങ്ങൾ. മുറികളിൽ പരവതാനികൾ.
വഴിക്കുവെച്ച്, കൂലിപ്പണി ചെയ്തു നിത്യവൃത്തി കഴിക്കുന്ന പാവപ്പെട്ട പണിക്കാർ താമസിക്കുന്ന ചാളുകൾ ദൈവം കണ്ടിരുന്നു. ആ പണിക്കാരുടെ, വീർത്ത വയറും കൂരച്ച നെഞ്ചുമായി മണ്ണിലിഴയുന്ന കുട്ടികളേയും ദൈവം കണ്ടിരുന്നു. കൂലിക്കാരേയും കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച്, മുദ്രാവാക്യങ്ങൾ മുഴക്കി പട്ടിണിജാഥകൾ നയിച്ചിരുന്ന നേതാവിന്റെ രണ്ടു പടുകൂറ്റൻ അൽസേഷ്യൻ നായ്ക്കളെ കുളിപ്പിക്കയും ബ്രഷു ചെയ്കയും, അവയ്ക്കു വേണ്ടി ദിവസേന ഇറച്ചി വാങ്ങാൻ മാർക്കറ്റിലേക്ക് ഓടുകയും ചെയ്യുന്ന ശുഷ്കനായ വാലിയക്കാരൻ രാത്രി കുടിച്ചിരുന്ന കഞ്ഞിയുടെ സ്ഥിതി ദൈവം കണ്ടു. അദ്ദേഹം വിചാരമഗ്നനായി.
ദൈവം ജ്ഞാനിയാവുകയായിരുന്നു.
അദ്ദേഹം പുറംതിരിഞ്ഞു നടന്നു. എത്തിയത് സ്ഥലത്തെ പ്രധാന വ്യാപാരിയുടെ വീട്ടിൽ. നഗരത്തിൽനിന്നു വിട്ടു ധാരാളം മരങ്ങളാൽ ചുറ്റപ്പെട്ട ആ വീട്ടിൽ ശാന്തി കളിയാടിയിരുന്നത് ദൈവം കണ്ടു. ആദ്ദേഹം ആകൃഷ്ടനായി. ഇവിടെ താമസിക്കുന്നത് ഉത്തമമെന്നു ദൈവം കരുതി. വാതില്ക്കൽ മുട്ടി. തുറന്നതു വ്യാപാരി തന്നെയായിരുന്നു. ദൈവം പറഞ്ഞു:
‘എന്റെ പുര കത്തി നശിച്ചു. എനിക്കു പാർക്കാനൊരിടം വേണം.’
വ്യാപാരി ഹൃദ്യമായി ചിരിച്ചു. ദൈവത്തെ അടിമുടി നോക്കി ചോദിച്ചു:
‘വല്ല പണിയും ചെയ്യാനറിയ്യോ?’
‘പണി?’
ദൈവം ചോദിച്ചു. ദൈവം അങ്ങനെയൊന്നു കേട്ടിട്ടില്ല.
‘അതെ, പണി,’ വ്യാപാരി പറഞ്ഞു, ‘എനിക്കു മസാല പൊടിക്കാൻ ഒരാളെ ആവശ്യമുണ്ട്. നിനക്കതു ചെയ്യാൻ കഴിയുമെങ്കിൽ ഇവിടെ താമസിച്ചോ.’
ദൈവം സമ്മതിച്ചു. ദൈവത്തെ വീട്ടിന്നു പുറകിലുള്ള ഒരു പുരയിലേക്ക് ആനയിക്കപ്പെട്ടു. അവിടെ നിറച്ച ചാക്കുകളും ടിന്നുകളും അട്ടിയാക്കി വെച്ചിരുന്നു. ഒരു മൂലയിൽ വെച്ച ഉരലിന്നു മുമ്പിൽ ദൈവത്തെ പിടിച്ചിരുത്തി വ്യാപാരി പറഞ്ഞു:
‘ഇതാ, ഈ കൂട്ടിയിട്ടിരിക്കുന്ന കൂമ്പാരങ്ങൾ, ഇതിൽനിന്ന് ഓരോന്നായി എടുത്തു പൊടിക്കണം.’
ഒരു കൂമ്പാരത്തിൽ മുളകായിരുന്നു. മറ്റൊന്നിൽ കൊത്തമല്ലി. വേറൊന്നിൽ ജീരകം. ഇനിയും ഒന്നിൽ മഞ്ഞൾ. എന്നാൽ മറ്റു കൂമ്പാരങ്ങളെ അപേക്ഷിച്ചു കൂടുതൽ വലുതായ കൂമ്പാരം എന്താണെന്നു ദൈവത്തിനു മനസ്സിലായില്ല. അദ്ദേഹം മസാല പൊടിക്കാൻ തുടങ്ങി. മുളകുപൊടി പാറി ദൈവത്തിന്റെ കണ്ണുകൾ ആർദ്രമായി. ഓരോ കൂമ്പാരത്തിൽനിന്നും കുറേശ്ശെ വാരി ഉരലിലിട്ടു ദൈവം ഇടിച്ചുതുടങ്ങി. അവസാനം വലിയ കൂമ്പാരത്തിൽ നിന്ന് ഒരു പിടി വാരി ഇടിക്കാൻ തുടങ്ങിയപ്പോൾ പുറപ്പെട്ട ദുർഗ്ഗന്ധം കാരണം ദൈവത്തിനു മൂക്കുപൊത്തേണ്ടി വന്നു. നഗരത്തിൽ അലഞ്ഞു നടക്കുമ്പോൾ റെയിൽവേസ്റ്റേഷന്നടുത്തുള്ള കുതിരപ്പന്തിയുടെ പിന്നിലൂടെ നടക്കുമ്പോൾ, ദൈവം ഈ ദുർഗ്ഗന്ധം ശ്വസിച്ചിരുന്നു. ദൈവത്തിന്നു മനംപുരട്ടി. എഴുന്നേറ്റപ്പോൾ മസാല നിറച്ചു വെച്ച ടിന്നുകളുടെ പുറത്ത് ഒട്ടിച്ച വർണ്ണക്കടലാസ്സിൽ ഒരു ടിന്നുയർത്തിപ്പിടിച്ച് ഇരിക്കുന്ന നഗ്നസ്ത്രീയുടെ ചിത്രത്തിനു താഴെ എഴുതിയത് അദ്ദേഹം കണ്ടു. പരിശുദ്ധമസാല. ദൈവം മുഖം തിരിച്ചു.
വ്യാപാരി ആണ്ടിലൊരിക്കൽ പാപബോധം കഴുകിക്കളയാൻ തന്റെ അമ്പലം സന്ദർശിക്കുകയും ഭീമമായ തുകകൾ വഴിപാടായി കൊടുക്കുകയും ചെയ്തിരുന്നുവെന്ന് ദൈവം മനസ്സിലാക്കി.
ദൈവം ജ്ഞാനിയാവുകയായിരുന്നു.
അഭയം തേടി തെരുവീഥികളിലൂടെ, ഉപതെരുവുകളിലൂടെ, ഇടവഴികളിലൂടെ, ദൈവം നടന്നു. വമ്പിച്ച വ്യവസായശാലകൾ ദൈവം കണ്ടു. അവയിൽ പണിയെടുക്കാതെ കൂലിവർദ്ധനവിന്നു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ ദൈവം കണ്ടു. അവരുടെ അദ്ധ്വാനം കാൽക്കാശിന്നു വാങ്ങി കീശ വീർപ്പിക്കുന്ന മുതലാളിമാരെ ദൈവം കണ്ടു. പകൽ മുഴുവൻ വയലുകളിൽ പണിയെടുത്തു കിട്ടിയ കൂലി മുഴുവൻ കള്ളു ഷാപ്പുകളിൽ കൊണ്ടുപോയി കൊടുത്ത് അർദ്ധരാത്രി കഴി ഞ്ഞു കുടിലുകളിൽ തിരിച്ചുവന്നു വിശന്നു കരയുന്ന കുട്ടികളേയും അവരെ സാന്ത്വനിപ്പിക്കുന്ന കരിഞ്ഞ മുഖമുള്ള ഭാര്യയേയും തല്ലുന്ന കൂലിക്കാരെയും ദൈവം കണ്ടു.
ഉയർന്നു വന്നൊരു തേങ്ങൽ മനസ്സിലൊതുക്കി ദൈവം നടന്നു. ദൈവം ക്ഷീണിച്ചിരുന്നു. അവസാനം തിരിച്ച് തന്റെ കത്തിനശിച്ച പുരയിലെത്തിയപ്പോൾ കണ്ടതെന്താണ്! അവിടം മുഴുവൻ ഭക്തജനങ്ങളാൽ ചുറ്റപ്പെട്ടിരുന്നു. ഒരുത്സവത്തിന്റെ പ്രതീതി. ഒരു വശത്തു നിർമ്മാണം തകൃതിയായി നടക്കുന്നു. തൽകാലം കെട്ടിയുണ്ടാക്കിയ ഓലപ്പന്തലിന്നു മുകളിൽ കടലാസ്സിൽ ‘ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി’ എന്നെഴുതിയത് ദൈവം വായിച്ചു. പാർട്ടി നേതാക്കന്മാരും മുതലാളികളും തൊഴിലാളികളും വ്യാപാരികളും സാധാരണക്കാരും പണം പിരിച്ചെടുത്ത് അമ്പലം പുതുതായി പണിയുകയാണ് !
ദൈവത്തിന്റെ ധാർമ്മികരോഷം ആളിക്കത്തി. മുമ്പിൽ വഴിയിൽ കിടന്ന ഒരു കല്ലെടുത്ത് അടക്കാനാവാത്ത രോഷത്തോടെ പണി നടന്നുകൊണ്ടിരിക്കുന്ന അമ്പലത്തെ ലക്ഷ്യമാക്കി എറിഞ്ഞ് ദൈവം തിരിഞ്ഞു നടന്നു. അമ്പലത്തിന്നരികിലൂടെ പോകുന്ന ഇടുങ്ങിയ വഴിയിലൂടെ ദൈവം നടന്നു. ഓടയുടെ ഗന്ധം അദ്ദേഹത്തിത്തിന്നു ഹൃദ്യമായിത്തോന്നി. ഈ വഴി അവസാനിക്കുന്നിടത്തു കണ്ട ഒരു ചെറിയ വീട്ടിന്നു മുമ്പിൽ ദൈവം നിന്നു. രാഷ്ട്രീയ നേതാക്കന്മാരും മുതലാളിമാരും തൊഴിലാളികളും കർഷകരും വ്യാപാരികളും വ്യത്യാസമില്ലാതെ രാത്രിയുടെ ഇരുണ്ട മണിക്കൂറുകൾ ചെലവാക്കിയിരുന്ന, പാപഭാരമില്ലാതെ ജീവിതം നയിച്ചിരുന്ന, ഒരു സ്ത്രീയുടെ വീട്ടിൽ ദൈവം അഭയം കണ്ടെത്തി.