വിശ്വസിക്കുന്നതു ചിലപ്പോള്‍ അധീനതയില്‍പ്പെടുകയാണ്
പാവങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | വിക്‌തർ യൂഗോ |
മൂലകൃതി | പാവങ്ങൾ |
വിവര്‍ത്തകന്‍ | നാലപ്പാട്ട് നാരായണമേനോൻ |
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
വിഭാഗം | സാഹിത്യം, നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 1350 |
Contents
വിശ്വസിക്കുന്നതു ചിലപ്പോള്‍ അധീനതയില്‍പ്പെടുകയാണ്
ഒരമ്മ മറ്റൊരമ്മയെ കണ്ടെത്തുന്നു
പാരീസ്സിന്നടുത്തു മോങ്ഫെര്‍മിയെ എന്ന സ്ഥലത്ത്, ഈ നൂററാണ്ടിന്റെ പ്രഥമ പാദത്തില്‍ ഒരുതരം ഭക്ഷണവില്പന സ്ഥലമുണ്ടായിരുന്നു; അതിപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു. ഈ ഭക്ഷണവില്പനസ്ഥലം തെനാര്‍ദിയെര്‍ എന്നു പേരായ കൂട്ടരുടെ — ഭര്‍ത്താവിന്റേയും ഭാര്യയുടെയും വകയായിരുന്നു. ബുംലാംഗര്‍ ലെയീന്‍ എന്ന തെരുവിലാണ് ആ സ്ഥലം. ഉമ്മറത്തെ വാതിലിനു മുകളില്‍ ചുമരിനോട് ചേര്‍ത്ത് ഒരു പലക പരത്തിവെച്ച് ആണി തറച്ചു നിര്‍ത്തിയിട്ടുണ്ട്. ഈ പലകയുടെ മീതെ, വലിയ വെളളിനക്ഷത്ര മുദ്രകളോടുകൂടി ഒരു പട്ടാളമേലുദ്യോഗസ്ഥന്റെ കൂററന്‍ പൂച്ചുകണ്ഠാഭരണങ്ങളെ ധരിക്കുന്ന ഒരാളെ മറ്റൊരാള്‍ പുറത്തേററി കൊണ്ടു പോകുന്നതിന്റെ ഛായയില്‍ എന്തോ ഒന്നു വരച്ചിരിക്കുന്നു; ചുകന്ന പുളളികള്‍ ചോരത്തുളളികളെ കുറിക്കുന്നു. ചിത്രത്തിന്റെ ബാക്കി ഭാഗം പുകയാണ് — പക്ഷേ,അത് ഒരു യ്ദ്ധത്തെ കാണിക്കുന്നു. ചുവട്ടിലായി ഇങ്ങനെ എഴുതിയിട്ടുണ്ട്; വാട്ടര്‍ലു യുദ്ധത്തിലെ ‘സര്‍ജ്ജന്റു’ദ്യോഗസ്ഥന‍്‍ എന്നടയാളമുളള സ്ഥലം.
ഒരു ചെറുഹോട്ടലിന്റെ ഉമ്മറത്ത് ഒരു വണ്ടി, അല്ലെങ്കില്‍ ഒരു സാമാനവണ്ടി, വരുന്നതിനേക്കാള്‍ സാധാരണമായി മറ്റൊന്നുമില്ല, എന്തായാലും, 1818-ലെ വസന്തകാലത്തില്‍ ഒരു ദിവസം വൈകുന്നേരം വാട്ടര്‍ലു യുദ്ധത്തിലെ ‘സര്‍ജ്ജന്റു’ദ്യോഗസ്ഥന്‍ എന്ന ഭക്ഷണവില്പനപ്പുരയുടെ മുന്‍ഭാഗത്തുളള തെരുവഴിയെ വൈഷമ്യത്തിലാക്കി ആ വാഹനം, അല്ലെങ്കില്‍ കുറേക്കൂടി ശരിയാക്കി പറയുന്നതായാല്‍, ആ ഒരു വാഹനക്കഷ്ണം, അതിന്റെ വലുപ്പം കൊണ്ടു്, അതിലെ കടന്നുപോകുന്ന ഏതൊരു ചിത്രകാരനേയും നിശ്ചയമായും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു.
നാട്ടുപുറത്തുളള കാട്ടുപ്രദേശങ്ങളില്‍ ഉപയോഗിച്ചു വരുന്നവയും, കനത്തിലുളള പലകകളും മരത്തിന്റെ തടികളും അങ്ങുമിങ്ങും കയററിക്കൊണ്ടു് പോവാനുളളവയുമായ വണ്ടികളുടെ മുന്‍പുറമായിരുന്നു അത്. ഈ വണ്ടി ഒരു തിരിയാണിയോടു കൂടിയ ഒരു കൂററന്‍ ഇരുമ്പച്ചുതണ്ടു കൊണ്ടുണ്ടാക്കിയതാണ്. അതിനോടു ഒരു കനമുളള ഏര്‍ക്കാലും പിടിപ്പിച്ചിരിക്കുന്നു; വലുപ്പമേറിയ രണ്ടു ചക്രങ്ങളെക്കൊണ്ട് അതിനെ താങ്ങിയിട്ടുമുണ്ട്. ആകപ്പാടെ അതൊരൊതുക്കമുളളതും അമര്‍ച്ചയോടു കൂടിയതും അപകടം പിടിച്ചതുമായിരുന്നു. അത് ഒരു പോത്തന്‍ പീരങ്കിയുടെ നീക്കുവണ്ടി പോലെ തോന്നി. നിരത്തിന്മേലുളള ചക്രച്ചാലുകള്‍ അതിന്റെ ചിത്രങ്ങളിലും വട്ടുകളിലും അരടിന്മേലും അച്ചുതണ്ടിന്മേലും ഏര്‍ക്കാലിലും ഒരട്ടി മണ്ണു പിടിപ്പിച്ചു; ആളുകള്‍ വലിയ പളളികളുടെ ചുമരിന്മാല്‍ തേച്ചു ഭംഗിയാക്കാന്‍ ഇഷ്ടപ്പെടുന്ന ആ ഒന്നിന്റെ ഛായയില്‍ തന്നെ മഞ്ഞച്ച് അറപ്പു തോന്നിക്കുന്ന ഒരു തേപ്പുചായം കയററി. മരം മണ്ണിന്റെ അടിയിലും ഇരുമ്പു തുരുമ്പിന്റെ ഉളളിലും കാണാതായി. അച്ചുതണ്ടിനു ചുവട്ടില്‍, ചിത്രപടം പോലെ, തടവുപുളളിയായ ഏതോ രാക്ഷസന്ന് ചേര്‍ന്ന ഒരി പോത്തന്‍ ചങ്ങല കിടക്കുന്നു. ഈ ചങ്ങല കയററിയിറക്കുവാനുളള തടിമരങ്ങളെയല്ല സൂചിപ്പിക്കുന്നത്. അതിനെക്കൊണ്ട് വണ്ടിക്കു കെട്ടാവുന്ന പ്രാചീന മഹാഗജങ്ങളെയും പൌരാണിക ദ്വിഗ്വജങ്ങളേയുമത്രേ. അതു തണ്ടുവലിശ്ശിക്ഷസ്ഥലത്തെ — പക്ഷേ, സാധാരണങ്ങളല്ല. അമാനുഷങ്ങളും അതിഭയങ്കരങ്ങളുമായ തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളെ — ഓര്‍മിപ്പിക്കുന്നു; അത് ഏതോ ചെകുത്താന്റെ മേല്‍നിന്നിഴിച്ചിട്ട ഒന്നുപോലെ തോന്നപ്പെട്ടു. ഹോമര്‍ അതിനെക്കൊണ്ടു പോളിഫിമസ്സിനെ[1],[2] കെട്ടിയിടുമായിരുന്നു; ഷേക്സ്പിയര്‍ കാലിബാനേയും.
സാമാനവണ്ടിയുടെ ഈ മുന്‍ഭാഗം അവിടെ ആ തെരുവില്‍ എന്തനു വന്നു? ഒന്നാമതു വഴിമുടക്കാന്‍; പിന്നെ തുടങ്ങി വെച്ചിട്ടുളള അതിന്റെ തുരുമ്പിക്കല്‍ മുഴുവനാക്കാനും. പണ്ടത്തെ സാമുദായിക സമ്പ്രദായത്തിന്റെ ഇങ്ങനെയുളള നടപടികള്‍ ഒരുപാടുണ്ട്; പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ ഈ നിലയില്‍ അവയെ ആരും കണ്ടെത്തുന്നു; അവയ്ക്കേതിനുമുളള നിലനില്പിനു മുന്‍പറഞ്ഞതിലധികം കാരങ്ങളില്ല.
ചങ്ങലയുടെ മധ്യം നിലത്തോടു തൊട്ടുതൊട്ടില്ലന്ന നിലയില്‍ നടക്കായി തൂങ്ങിക്കിടക്കുന്നു; കുഴിയിലാകട്ടെ, ഒരുഞ്ഞാലിന്റെ കയറിലെന്ന പോലെ, ആ സവിശേഷദിവസം വൈകുന്നേരം രണ്ടു ചെറിയ പെണ്‍കുട്ടികള്‍, കൌതുകകരമായവിധം കെട്ടിമറിഞ്ഞുകൊണ്ടു, കൂടിച്ചേര്‍ന്നിരിക്കുന്നു; ആ രണ്ടില്‍ ഒന്നിന് ഏകദേശം രണ്ടര വയസ്സായിട്ടുണ്ടാവും — മറ്റേതിനു പതിനെട്ടു മാസവും; അനുജത്തി ജ്യേഷ്ഠത്തിയുടെ മേല്‍ പററിക്കിടക്കുന്നു; സാമര്‍ഥ്യത്തോടുകൂടി മെടഞ്ഞു കെട്ടിയ ഒരുറൂമാല്‍ അവരുടെ വീഴ്ചയെ തടുക്കുന്നുണ്ട്. ആ ഭയങ്കരമായ ഇരുമ്പു ചങ്ങല ഒരു നോക്കു കണ്ടെത്തി അമ്മ പറഞ്ഞു: ‘ഇതു നോക്കൂ! എന്റെ കുട്ടികള്‍ക്കു കളിക്കാന്‍ ഒന്നായി.’
ഭംഗിയിലും ഏതാണ്ടു മോടിയിലും ഉടുപ്പിട്ടിരിക്കുന്ന ആ രണ്ടു പെണ്‍കുട്ടികളും സന്തോഷം കൊണ്ടു വിളങ്ങുന്നു; അവര്‍ ഇരുമ്പിനടിയിലുളള രണ്ടു പനിനീര്‍പ്പൂവുകളാണെന്ന് പറയാം; അവരുടെ കണ്ണുകള്‍ ഒരു വിജയഘാഷമാണ്; അവരുടെ ഇളം കവിളുകള്‍ ചിരികൊണ്ടു നിറഞ്ഞിരുന്നു. ഒരുവളുടെ തലമുടി തവിട്ടു നിറമാണ്; മറ്റവളുടേതു കരുവാളിപ്പൂവര്‍ണവും. അവരുടെ കളങ്കമററ മുഖങ്ങള്‍ സന്തോഷം കൊണ്ടു വിളങ്ങിയ രണ്ടു വിസ്മയങ്ങളാണ്; അടുക്കല്‍ പുഷ്പിച്ചു നിന്നിരുന്ന ഒരു ചെടി വഴിപോക്കരുടെ മേലേക്ക് സുഗന്ധങ്ങളെ വീശിയിരുന്നു — അവ ആ കുട്ടികളില്‍നിന്നു പുറപ്പെടുന്നതായി തോന്നി; ആ പതിനെട്ടു മാസം ചെന്നിട്ടുളള കുട്ടി, പിഞ്ചുകുട്ടിക്കാലത്തെ പാവനമായ അസഭ്യതയോടുകൂടി, തന്റെ നഗ്നമായ ആ ചെറിയ ഓമനവയറിനെ വെളിപ്പെടുത്തി. സുഖംകൊണ്ടു മാത്രം ഉണ്ടാക്കിയവയും വെളിച്ചത്തില്‍ മുങ്ങിയിരിക്കുന്നവയുമായ ആ രണ്ടു മൃദുലശിരസ്സുകളുടെ ചുററും മുകളിലും, തുരുമ്പു കയറിക്കറുത്ത്, ഏതാണ്ട് ഭയങ്കരമായ വളവുകളെക്കൊണ്ടും കഴമുഴയായ മുക്കുകളേക്കൊണ്ടും മുഴുവന്‍ കെട്ടുകുടുങ്ങിയ കൂററന്‍ ഒരു ഗുഹയിലേക്കുളള മുഖപ്പഴുതുപോലെ ഒരു കമാനത്തട്ടുണ്ടാക്കിയിരിക്കുന്നു. കുറച്ചടി ദൂരത്തായി, ആ ചെറു ഹോട്ടലിന്റെ പുറത്തിറയത്തു കുനിഞ്ഞിരുന്ന്, ആ നിമിഷത്തില്‍ കുറേ ഹൃദയാലുത്വമുളളവളാണെങ്കിലും സ്വതവേ കാഴ്ചയില്‍ തീരേ സൌഭാഗ്യമുളളവളല്ലാത്ത അമ്മ ആ രണ്ടു കുട്ടികളേയും മാതൃത്വത്തിനുളള സവിശേഷതയായി തിര്യക്കുകള്‍ക്കും ദേവകള്‍ക്കും ചേര്‍ന്ന ഭാവവിശേഷത്തോടുകൂടി, വല്ല അപകടവും പററിപ്പായാലോ എന്നു ഭയപ്പെട്ടു സനിഷ്കര്‍ഷം സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു നീണ്ട ചരടുകൊണ്ടു് ഊഞ്ഞാലാട്ടിയിരുന്നു. മുന്നോട്ടും പിന്നോട്ടുമുളള ഓരോ ആട്ടത്തിലും ആ പോത്തന്‍ ചങ്ങലക്കണ്ണികള്‍, ശുണ്ഠിയെടുത്തിട്ടുളള മുരളിച്ചപോലെ, ഒരു കെറകെറ ശബ്ദമുണ്ടാക്കി; ആ ചെറിയ പെണ്‍കുട്ടികള്‍ പരമാനന്ദിച്ചു; അസ്തമയസൂര്യന്‍ ഈ ആഹ്ലാദത്തില്‍ പങ്കുകൂടി — രാക്ഷസന്മാരെ കെട്ടിയിടാനുളള ഒരു ചങ്ങലയെ ചന്തമുളള ചെറുകുട്ടികളുടെ ഊഞ്ഞാലാക്കിത്തീര്‍ത്ത ഈ ദൈവഗതിയുടെ ചാപല്യത്തേക്കാള്‍ കൌതുകകരമായി മറ്റൊന്നുണ്ടാവാന്‍ വയ്യാ.
‘അങ്ങനെയാവണം, യുദ്ധഭടന്‍ ചെന്നാന്‍.’
പാട്ടും പെണ്‍മക്കളെയുളള നോക്കിക്കാണലും കാരണം തെരുവില്‍ക്കഴിയുന്ന കാര്യത്തില്‍ അവള്‍ക്കു കണ്ണും ചെകിടും ഇല്ലായിരുന്നന.
ഈയിടയ്ക്കു, താന്‍ ആ കെട്ടുകഥയിലെ ആദ്യത്തെ ഈരടി ചൊല്ലാന്‍ തുടങ്ങുമ്പോള്‍ അവളുടെ അടുക്കലേക്ക് ആരോ ഒരാള്‍ വന്നു; പെട്ടെന്ന് ചെകിടോടുത്തു വന്ന് ഒരു ശബ്ദം ഇങ്ങനെ ഉച്ചരിക്കുന്നതായി അവള്‍ കേട്ടു;
‘മദാം, നിങ്ങള്‍ക്കു നല്ല ചന്തമുളള രണ്ടു കുട്ടികളുണ്ട്.’
‘ഓമനയാകുമിമോജിനോടായ്.’
തന്റെ കഥ തുടര്‍ന്നുകൊണ്ടു് ആ അമ്മ മറുപടി പറഞ്ഞു: പിന്നെ അവള്‍ തല തിരിച്ചു.
കുറച്ചടി അകലെയായി അവളുടെ മുന്‍പില്‍ ഒരു സ്ത്രീ നില്ക്കുന്നു. ആ സ്ത്രീക്കുമുണ്ടായിരുന്നു ഒരു കുട്ടി; അതിനെ അവള്‍ എടുത്തിട്ടുണ്ട്.
നല്ല കനമുണ്ടെന്നു തോന്നുന്ന ഒരു പരവതാനി സഞ്ചി കൂടി അവളുടെ കൈയിലുണ്ടായിരുന്നു.
ആ സ്ത്രീയുടെ കുട്ടി ഭൂമിയില്‍ കാണാന്‍ കഴിയുന്നതില്‍വെച്ച് ഏററവും ദിവ്യത്വമുളളവയില്‍ ഒന്നായിരുന്നു. അതൊരു പെണ്‍കുട്ടിയാണ്; രണ്ടോ മൂന്നോ വയസ്സു പ്രായമുണ്ട്; ഉടുപ്പിനുളള മോടിയെ സംബന്ധിച്ചേടത്തോളം, അവള്‍ ആ മററു രണ്ടു കുട്ടികളോടു കിടനില്ക്കും; ഒന്നാന്തരം വെളളപ്പട്ടുകൊണ്ടുളള ഒരു തൊപ്പിയും, കുപ്പായത്തിന്മേല്‍ പട്ടുനാടകളും, തൊപ്പിമേല്‍ ഭംഗിയുളള കസവുകരയും അവള്‍ക്കുണ്ടായിരുന്നു, അവളുടെ വെളുത്തുമുഴുത്ത് ഓമനക്കുഴികളോടുകൂടി പിഞ്ചുകാല്‍ കുറേശ്ശെ കാണിക്കുമാറ്, പാവാടയുടെ കീഴ്ഞൊറികള്‍ മേല്പോട്ടു നീങ്ങിയിരുന്നു. അവള്‍ക്കു ഒരു പനിനീര്‍പ്പൂവിനൊത്ത അഴകും ഓമനത്തവുമണ്ട്. ആ ഭംഗിയുളള ഇളംപൈതലിനെ കണ്ടാല്‍ ആപ്പിള്‍പ്പഴം പോലുളള അതിന്റെ കവിള്‍ത്തുടുപ്പുകളില്‍ ആര്‍ക്കും ഒന്നു കടിക്കാന്‍ തോന്നും. അവളുടെ കണ്ണുകള്‍ വളരെ വലുപ്പമുളളവയാണെന്നും, അവയ്ക്ക് അസാധാരണ ഭംഗിയുളള പോളകളുണ്ടെന്നുമല്ലാതെ മറ്റൊന്നും അറിയാന്‍ വയ്യ. അവള്‍ ഉറങ്ങുകയായിരുന്നു.
തന്റെ പ്രായത്തിനുളള ഒരു സവിശേഷതയായ ആ തികഞ്ഞ വിശ്വാസത്തോടും സമാധാനത്തോടും കൂടിയ ഉറക്കം അവള്‍ ഉറങ്ങുന്നു. അമ്മമാരുടെ കൈകള്‍ വാത്സല്യം കൊണ്ടുണ്ടാക്കിയവയാണ്; അവയില്‍ കുട്ടികള്‍ ഗാഢമായുറങ്ങും അമ്മയെപ്പററി പറയാണെങ്കില്‍, അവള്‍ കാഴ്ചയില്‍ ദുഃഖിതയും ദാരിദ്ര്യ ബാധിതയുമായിരുന്നു. വീണ്ടും ഒരു കൃഷിക്കാരിയായിത്തീരാന്‍ ഭാവമുളള ഒരു കൂലിപ്പണിക്കാരിയുടെ മട്ടിലാണ് അവളുടെ ഉടുപ്പ്. അവള്‍ക്കു ചെറുപ്പമാണ്. അവള്‍ സൌഭാഗ്യവതിയായിരുന്നുവോ? ഒരു സമയം; പക്ഷേ, ആ ഉടുപ്പില്‍ അതു പ്രത്യക്ഷീഭവിച്ചിരുന്നില്ല. അവളുടെ തലമുടി — അതില്‍ നിന്ന് ഒരു പിടി പോന്നുപോയിരിക്കുന്നു — നല്ല മുററുളളതാണെന്നു തോന്നി; പക്ഷേ, അത്, ഒരു സന്ന്യാസിയുടേതു പോലെ വൃത്തികെട്ടു മുറുകെ പററിച്ചേര്‍ന്നിരിക്കുന്ന തൊപ്പിക്കുളളില്‍ കഠിനമായി ഒളിക്കപ്പെട്ടിരുന്നു. ആളുകള്‍ക്കു പുഞ്ചിരിയുളളപ്പോള്‍ ഭംഗി കൂടിയ പല്ലു കണ്ണുകള്‍ വളരെക്കാലമായിട്ടു വററാറില്ലെന്നു തോന്നി. അവള്‍ വിളര്‍ത്തിരുന്നു; കാഴ്ചയില്‍ അവള്‍ നന്നേ ക്ഷീണിച്ചും മെലിഞ്ഞുമുളളവളാണ്. തന്റെ സ്വന്തം കുട്ടിയെ ഓമനിച്ചു വളര്‍ത്തിയിട്ടുളള ഒരമ്മയുടെ സവിശേഷതയായ ഒരു ഒരു ഭാവത്തോടുകൂടി അവള്‍ തന്റെ കൈകളില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കി: രോഗികള്‍ ഉപയോഗിക്കുന്ന മാതിരിയിലുളള ഒരു വലിയ നീലച്ച ഉറുമാല്‍ ഒരു മേല്‍മറയാക്കി മടക്കി അവളുടെ ശരീരം കഷ്ടിച്ചു മറച്ചിട്ടുണ്ട്. അവളുടെ കൈകള്‍ കരുവാളിച്ച് അവിടവിടെ തഴമ്പു വീണിരുന്നു; അവളുടെ ചുണ്ടാണി വിരല്‍ ഉരം പിടിച്ചതും സൂചി തട്ടി കലയുളളതുമായിരുന്നു; തവിട്ടു നിറത്തില്‍ പരുത്ത രോമത്തുണി കൊണ്ടുളള മേല്‍ക്കുപ്പായവും, പരുത്തിത്തുണി കൊണ്ടുളള ഒരു മേലുടുപ്പും, പരുക്കന്‍ പാപ്പാസ്സുകളുമാണ് അവള്‍ ധരിച്ചിരുന്നത്. അത് ഫന്‍തീനായിരുന്നു.
അതു ഫന്‍തീനായിരുന്നു; പക്ഷേ, കണ്ടാലറിയില്ല. എന്തായാലും അവളെ സമനീഷ്കര്‍ഷമായി സൂക്ഷിച്ചു നോക്കുന്ന പക്ഷം, അവളുടെ പണ്ടത്തെ സൌന്ദര്യം അപ്പോഴും തീരെ വിട്ടുപായിട്ടില്ലെന്നു കാണാം. സ്തുതിനിന്ദയുടെ പുറപ്പാടുപോലുളള ഒരു ദുഃഖമയമായ മടക്ക് അവളുടെ വലത്തെ കവിള്‍ത്തടത്തെ ചുളിച്ചു കളഞ്ഞു. അവളുടെ ശൃംഗാരവേഷമാണെങ്കില്‍ — മസ്‌ലിന്‍ പട്ടുകൊണ്ടും പട്ടുനാടകള്‍ കൊണ്ടുമുളളതും ആഹ്ലാദം കൊണ്ടും വിഡ്ഢിത്തം കൊണ്ടും സംഗീതം കൊണ്ടും ഉണ്ടാക്കിയതു പോലിരുന്നതും, കുടമണികള്‍ കൊണ്ടു നിറഞ്ഞതും വാസനദ്രവ്യം കൊണ്ടു സുഗന്ധപ്പെടുത്തിയതുമായ ആ അന്നത്തെ നേര്‍മയുടുപ്പ്, സൂര്യപ്രകാശത്തില്‍ വൈരക്കല്ലുകളാണെന്നു തെററിദ്ധരിക്കപ്പെടുമാറ് ഭംഗിയില്‍ മിന്നിത്തിളങ്ങുന്ന പൊടിമഞ്ഞെന്ന പോലെ, പോയ്പോയി; ആ മഞ്ഞണികള്‍ താനേ അലിഞ്ഞു മരച്ചില്ലയെ ഒരു മൊരകറുപ്പാക്കി വിട്ടു.
‘രസംപിടിച്ച പൊറാട്ടുകളി’ കഴിഞ്ഞിട്ടു മാസം പത്തായി.
ഈ പത്തു മാസത്തിനുളളില്‍ എന്തു സംഭവിച്ചു? അതൂഹിക്കാവുന്നതാണ്. ഉപേക്ഷിക്കപ്പെട്ടതിനു ശേഷം, കഷ്ടപ്പാടുകള്‍ തന്നെ. ഫന്‍തീന്‍ പെട്ടെന്നു ഫേവറിററും ദാലിയയും സെഫീനുമായി പിരിഞ്ഞു; പുരുഷന്മാര്‍ തമ്മിലുളള ബന്ധം മുറിഞ്ഞതോടു കൂടി, സ്ത്രീകള്‍ തമ്മിലുണ്ടായിരുന്നതിന് അയവു വന്നു; ഒരു പതിനഞ്ചു ദിവസത്തിനു ശേഷം, തങ്ങള്‍ സഖിമാരായിരുന്നു എന്ന് ആരെങ്കിലും അവരോടു പറഞ്ഞാല്‍ അവര്‍ അത്ഭുതപ്പെടുമെന്നായി; അങ്ങനെയൊന്നുണ്ടാവാന്‍ യാതൊരവകാശവും ഇല്ലാതായിക്കഴിഞ്ഞു. ഫന്‍തീന്‍ തനിച്ചായി. അവളുടെ കുട്ടിയുടെ അച്ഛന്‍ പോയ്പോയി — കഷ്ടം! ആവക ഇടിച്ചില്ലുകല്‍ ഒരിക്കലും നേരെയാവാത്തവയാണ്. അവള്‍ പണ്ടത്തെപ്പോലെ തികച്ചും ഒററയ്ക്കായി — പ്രവൃത്തിയെടുക്കുന്ന ശീലം കുറയുകയും, സുഖിക്കുവാനുളള ആഗ്രഹം കൂടുകയും ചെയ്തു എന്നു മാത്രം. തനിക്കറിയാവുന്ന ആ കൌതുകകരമായ തൊഴിലിനെ പുച്ഛിക്കുവാന്‍ തൊലോമിയെയുമായുളള സംസര്‍ഗത്താല്‍ നിര്‍ബന്ധിക്കപ്പെട്ടുപോയ അവള്‍, തനിക്കാകെയുളള ഉപജീവനമാര്‍ഗത്തിനു മുന്‍പില്‍ ‘കല്ലും തോലും’ വെച്ചു; അങ്ങോട്ട് അവള്‍ക്കു ചെല്ലാന്‍ വയ്യാതായി. അവള്‍ക്ക് ഒരാശ്രയമില്ലാതായി. അവള്‍ക്കു കഷ്ടിച്ചു വായിക്കാന്‍ സാധിക്കുമോ. സംശയമോ; എഴുതുവാന്‍ അവള്‍ക്കറിഞ്ഞുകൂടാ; കുട്ടിക്കാലത്ത് ഒപ്പിടുവാന്‍ മാത്രമേ അവളെ പഠിപ്പിച്ചിട്ടുള്ളൂ. കൂലിക്കെഴുതിക്കൊടുക്കുന്ന ഒരെഴുത്തുകാരനെക്കൊണ്ട് അവള്‍ തൊലോമിയെയ്ക്ക് ഒരെഴുത്തെഴുതിച്ചു; രണ്ടാമതൊന്നെഴുതിച്ചു; മുന്നാമതൊന്നെഴുതിച്ചു. തൊലോമിയെ അതിനൊന്നിനും മറുപടിയയച്ചില്ല. അവളുടെ കുട്ടിയെ കണ്ടു നാട്ടു സംസാരങ്ങള്‍ ഇങ്ങനെ പറഞ്ഞു: ‘ആരാണ് ഈ കുട്ടികളെ നോക്കാന്‍ നില്ക്കുന്നത്? ഈ വക കുട്ടികളോട് ആളുകള്‍ക്ക് ഒരു വെറുപ്പു മാത്രമേ ഉളളൂ!’ പിന്നെ അവള്‍ തൊലോമിയയെപ്പററി വിചാരിച്ചു — അയാളും തന്റെ കുട്ടിയെ വെറുത്തു; ആ നിരപരാധ ശിശുവിനെ അയാളും അത്ര നോക്കാന്‍ നിന്നില്ല? അവള്‍ക്കു അയാളുടെ നേരെ സുഖക്കേടു തോന്നി, പക്ഷേ അവളെന്തു ചെയ്യും? ആരോടാണ് അപേക്ഷിക്കേണ്ടതെന്ന് അവള്‍ക്കറിഞ്ഞുകൂടാ. അവള്‍ ഒരു തെററു ചെയ്തു; എങ്കിലും വായനക്കാര്‍ ഓര്‍മിക്കുന്നതു പോലെ, അവളുടെ സ്വഭാവത്തിന്റെ അടിയില്‍ മര്യാദയും സദ്വത്തിയുമാണുളളത്. ആപത്തിലേക്ക് അധഃപതിക്കുകയായി എന്ന് — അപ്പോഴത്തേതിലും വലിയ അപകടത്തില്‍ച്ചെന്നു ചാടുകയായി എന്ന് — അവര്‍ക്ക് ഒരു നേരിയ ബോധമുണ്ടായിരുന്നു. ധൈര്യം ആവശ്യമാണ്; അതവള്‍ക്കുണ്ടായിരുന്നു; അവള്‍ ഉറപ്പിച്ചു നിന്നു. എം. എന്ന തന്റെ സ്വന്തം നഗരത്തിലേക്കു മടങ്ങിച്ചെല്ലാമെന്ന് അവള്‍ക്കു തോന്നിയിരുന്നു. അവിടെ ആരെങ്കിലും അവളെ കണ്ടറിഞ്ഞു വല്ല പണിയും ഉണ്ടാക്കിക്കൊടുത്തേക്കാം; ഉവ്വ്, പക്ഷേ അവളുടെ തെററു മറച്ചു വെക്കേണ്ടിയിരിക്കുന്നു. ആദ്യത്തേതിലും വേദനയുണ്ടാക്കുന്ന ഒരു വേര്‍പാടു കൂടിയേ കഴിയൂ എന്ന് അവള്‍ക്ക് ഏതാണ്ട് തോന്നി. അവളുടെ മനസ്സ് ചുളുങ്ങി; എങ്കിലും അവള്‍ ഇതു ചെയ്‌വാന്‍ നിശ്ചയിച്ചു. നമ്മള്‍ കണ്ടിട്ടുളളതുപോലെ, ജീവിത യുദ്ധത്തില്‍ എത്ര ഭയങ്കരമായുളളതും പ്രവര്‍ത്തിപ്പാന്‍ ഫന്‍തീനു ധൈര്യമുണ്ടായിരുന്നു. ധീരതയോടു തന്റെ മോടിയെല്ലാം ഉപേക്ഷിച്ചു അവള്‍ പരുത്തിത്തുണി ഉടുത്തു; തന്റെ പട്ടുവസ്ത്രങ്ങളും പട്ടുനാടകളും സ്വര്‍ണാഭരണങ്ങളും കസവുതരങ്ങളുമെല്ലാം അവള്‍ മകളെ ധരിപ്പിച്ചു — അവളുടെ മോടിയെല്ലാം ആ കുട്ടിയായിത്തീര്‍ന്നു — അതൊരു പരിശുദ്ധമായ മോടി തന്നെ. അവള്‍ തന്റെ കൈയിലുണ്ടായിരുന്ന സകലവും വിററു; ഇരുനൂറു ഫ്രാങ്കുണ്ടാക്കി; കുറച്ചു കടമുണ്ടായിരുന്നത് വീട്ടി; ഏകദേശം എൺപത് ഫ്രാങ്കോളം മാത്രമേ ബാക്കിയുണ്ടായുളളൂ. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍, വസന്തത്തില്‍ ഒരു ഭംഗിയുളള ദിവസം രാവിലെ തന്റെ കുട്ടിയേയും എടുത്തുകൊണ്ട്, അവള്‍ പാരിസ്സില്‍ നിന്നു പുറപ്പെട്ടു. ആ രണ്ടുപേരുടേയും കൂടിയുളള പോക്ക് കണ്ടവര്‍ക്കെല്ലാം ഒരനുകമ്പ തോന്നാതിരിക്കില്ല. ഈ ലോകത്തില്‍ മുഴുവനും കൂടി ആ സ്ത്രീയ്ക്ക് ആ കുട്ടിയല്ലാതെ മറ്റൊന്നുമില്ല. ആ കുട്ടിക്ക് ഈ ലോകത്തില്‍ മുഴുവനും കൂടി ആ സ്ത്രീയല്ലാതെ മറ്റാരുമില്ല. ഫന്‍തീന്‍ തന്റെ കുട്ടിയെ മുല കൊടുത്തു വളര്‍ത്തി; അത് അവളുടെ മാറിടത്തെ ക്ഷീണിപ്പിച്ചു; അവള്‍ക്ക് അല്പം ചുമ പിടിച്ചു.
മൊസ്സ്യു ഫെലി തൊലോമിയെപ്പററി ഇനി നമുക്കു സംസാരിക്കേണ്ട സംഗതി വരില്ല. ഇരുപതു കൊല്ലം കഴിഞ്ഞു. ലൂയി ഫിലിപ്പിന്റെ രാജ്യഭരണകാലത്ത്, അയാള്‍ ധനവാനും പ്രമാണിയുമായ ഒരു പ്രധാന വക്കീലും ഒരു ബുദ്ധിമാനായ ഇടപ്രഭുവും ഒരു ഗൌരവമേറിയ പഞ്ചായത്തുകാരനുമായി എന്നു മാത്രം പറഞ്ഞു ഞങ്ങള്‍ തൃപ്തിപ്പെടുന്നു: അക്കാലത്തും അയാള്‍ വിഷയലമ്പടന്‍ തന്നെയാണ്.
ഉച്ചയോടുകൂടി, ഇടയ്ക്കിടയ്ക്കെല്ലാം ഒരു വിശ്രമത്തിനായി, മുന്നോ നാലോ കാതം നാട്ടുപുറത്തെ പോക്കുവണ്ടികളില്‍ കയറിപ്പോയി; അവള്‍ മോങ്ഫെര്‍മിയെ എന്ന പ്രദേശത്തു ബൂലാംഗര്‍ലെയ്നില്‍ എത്തിച്ചേര്‍ന്നു.
തെനാര്‍ദിയെ ചെറുഹോട്ടലില്‍ മുന്‍പില്‍ ചെന്നപ്പോള്‍ ആ പൈശാചികമായ ഊഞ്ഞാലിൽ പരമാനന്ദിക്കുന്ന രണ്ടു ചെറിയ പെൺകുട്ടികൾ അവളെ ഒരുമാതിരി അമ്പരിപ്പിച്ചു. ആ സുഖസ്വപ്നത്തിനു മുന്‍പില്‍ അവള്‍ നിന്നുപോയി.
വശ്യപ്രയോഗങ്ങളുണ്ട്. ആ രണ്ടു ചെറിയ പെണ്‍കുട്ടികള്‍ ആ അമ്മയ്ക്കുളള ഒരു വശ്യപ്രയോഗമായിരുന്നു.
അവള്‍ വികാരാവേഗത്തോടുകൂടി ആ കുട്ടികളെ സൂക്ഷിച്ചു നോക്കി; ദേവകളുടെ സാന്നിധ്യം സ്വര്‍ഗത്തിന്റെ ഒരറിയിപ്പാണ്. ആ ഹോട്ടലിനു മുകളില്‍ നിഗൂഢമായ ഈശ്വരവിധിയുടെ ഇവിടെ എന്നുളള കുറിപ്പു താന്‍ കാണുന്നതായി അവള്‍ക്കു തോന്നി. ആ രണ്ടു ചെറുകുട്ടികളും വാസ്തവത്തില്‍ സുഖിക്കുന്നുണ്ട്. അവള്‍ അവരെ സൂക്ഷിച്ചു നോക്കി: അവള്‍ അവരെ അത്രയും അഭിനന്ദിച്ചു; ആ വികാരാവേഗം കാരണം, അവരുടെ അമ്മ തന്റെ പാട്ടില്‍ നിന്നു രണ്ടീരടികള്‍ ചൊല്ലി ശ്വാസം കഴിക്കുന്ന സമയത്ത്, നമ്മള്‍ വായിച്ചു കഴിഞ്ഞ ഈ ഒരഭിപ്രായം പുറപ്പെടുവിക്കാതിരിക്കാന്‍ അവളെക്കൊണ്ടു കഴിഞ്ഞില്ല: ‘മദാം, നിങ്ങള്‍ക്കു നല്ല ചന്തമുളള രണ്ടു കുട്ടികളുണ്ട്.’
എത്രതന്നെ വലിയ ഭയങ്കരസത്ത്വങ്ങളും തങ്ങളുടെ കുട്ടികളെ ഓമനിക്കുന്നതു കൊണ്ട് മരുങ്ങിപ്പാകുന്നു.
അമ്മ തലപൊന്തിച്ച് അവളോടു നന്ദി പറഞ്ഞു; ആ വഴിയാത്രക്കാരിയോട് ഉമ്മറത്തുളള ബെഞ്ചിന്മേല്‍ ഇരിക്കാന്‍ കല്പിച്ചു. താന്‍ ഇറയത്തിരുന്നു. രണ്ടു സ്ത്രീകളും തമ്മില്‍ ഞായം തുടങ്ങി.
‘എന്റെ പേര്‍ മദാം തെനാര്‍ദിയെര്‍ എന്നാണ്,’ ആ രണ്ടു ചെറിയ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ‘ഞങ്ങള്‍ ഈ ഹോട്ടല്‍ നടത്തുന്നു.’
ഉടനെ മനസ്സ് ആ കെട്ടുകഥയിന്മേല്‍ത്തന്നെ അപ്പോഴും താളം പിടിച്ചിരുന്നതുകൊണ്ട്, അവള്‍ പല്ലുകള്‍ക്കിടയിലൂടെ ഇങ്ങനെ മൂളി:
‘അങ്ങനെയാവണം, ഞാനൊരു സൈനികന്‍
പോകുന്നേന്‍ പാലിസ്തീനിലെക്കിപ്പോള്‍.’
ഈ മദാം തെനാര്‍തിയെര്‍ മെലിഞ്ഞുണങ്ങി വിരൂപിയായി ഇളംമഞ്ഞ നിറത്തിലുളള ഒരു സ്ത്രീയാണ് — പട്ടാളക്കാരുടെ ഭാര്യമാര്‍ക്കുളള ആ നീരസപ്രദത്വം മുഴുവനും തികഞ്ഞിട്ടുളള അവരുടെ മാതൃക എന്നര്‍ഥം. ഗ്രഹപ്പിഴയ്ക്ക്, ഒരു കുണ്ഠിത ഭാവവും അവള്‍ക്കു വിശേഷാലുണ്ട് — അതിനു തന്റെ കെട്ടുകഥാപുസ്തക വായനയോട് അവള്‍ കടപ്പെട്ടിരിക്കുന്നു. അവള്‍ ഒരു കളളച്ചിരിക്കാരിയാണ്; എങ്കിലും സ്വഭാവം പുരുഷന്റേതത്രേ. പഴയ കെട്ടകഥകള്‍ ഭക്ഷണവ്യാപാരക്കാരിയുടെ മനോരാജ്യത്തോടു വെച്ചുരയ്ക്കപ്പെടുമ്പോള്‍ അങ്ങനെയൊന്നുണ്ടായിത്തീരുന്നു. അവള്‍ക്ക് അപ്പോഴും ചെറുപ്പമാണ്; കഷ്ടിച്ചു മുപ്പതായിരിക്കും. ഈ കുനിഞ്ഞിരിക്കുന്നവള്‍ നിവര്‍ന്നു നിന്നിരുന്നുവെങ്കില്‍ അവളുടെ നീളവും ചന്തസ്ഥലങ്ങളില്‍ കാഴ്ചയ്ക്കു കൊണ്ടുചെല്ലാന്‍ പററിയവിധം, ഒരു നടക്കുന്ന പോത്തന്‍ പ്രതിമയുടേതുപോലുളള കുട്ടിത്തവും കൂടി ആ വഴിയാത്രക്കാരിയെ ആദ്യമായിത്തന്നെ പേടിപ്പിച്ചു വിടുകയും ഞങ്ങള്‍ക്ക് ഇനി പറയാനുളളതിനെ ഉണ്ടാക്കിത്തീര്‍ത്തതെന്തോ അതിനെ തകരാറാക്കുകയും ചെയ്യുമായിരുന്നു. നിവര്‍ന്നു നില്ക്കേണ്ടതിനു പകരം ഒരാള്‍ ഇരുന്നുപോയി — അങ്ങനെയുളള ഓരോന്നിന്മേലാണ് കര്‍മഗതി തൂങ്ങിക്കിടക്കുന്നത്.
വഴിയാത്രക്കാരി ചുരുക്കം ചില മാററങ്ങളോടുകൂടി തന്റെ കഥ പറഞ്ഞു കൊടുത്തു.
താന്‍ ഒരു കൂലിപ്പണിക്കാരിയായിരുന്നു എന്നും; തന്റെ ഭര്‍ത്താവ് മരിച്ചുപോയ എന്നും; പാരീസ്സില്‍ വേണ്ടപോലെ സമ്പാദ്യമൊന്നും ഉണ്ടാവുന്നില്ലെന്നും; മററു വല്ലേടത്തും പോയി, സ്വന്തം രാജ്യത്തു തന്നെ ചെന്നു, വല്ല വഴിയും അന്വേഷിക്കണമെന്നുവെച്ചു പോവുകയാണെന്നും; അന്നു രാവിലെ കാല്‍നടയായി പാരിസ്സില്‍ പുറപ്പെട്ടു എന്നും; കുട്ടിയേയും കൊണ്ടു പോന്നിരിന്നതു കൊണ്ടു ക്ഷീണിച്ചും, പോക്കുവണ്ടി കണ്ടെത്തിയപ്പോള്‍ താനതില്‍ കയറിയിരുന്നുവെന്നും; കുട്ടി കുറച്ചിട നടന്നു, നന്നേ പിഞ്ചായതു കൊണ്ടു് കുറച്ചേ നടന്നുള്ളു; അപ്പോഴേക്കും എടുക്കേണ്ടിവന്നു എന്നും; ആ പൊന്നിന്‍കട്ട അങ്ങനെ കിടന്നുറങ്ങിപ്പോയി എന്നും അവള്‍ പറഞ്ഞു.
പൊന്നിന്‍കട്ട എന്നു പറഞ്ഞതോടുകൂടി അവള്‍ തന്റെ കൊച്ചുമകളെ വികാരവേഗത്തോടുകൂടി ഒന്നു ചുംബിച്ചു; അത് ആ കുട്ടിയെ ഉണര്‍ത്തി. അതു കണ്ണു മിഴിച്ചു — അമ്മയുടെ മട്ടില്‍ തന്നെ വലുതായി നീലിച്ച കണ്ണുകള്‍ തുറന്നു നോക്കി — എന്തിനെ? ഒന്നിനെയുമല്ല; ചെറിയ കുട്ടികള്‍ക്കു സാധാരണമായുളള ആ കനവും ഗൌരവവുമുളള ഭാവവിശേഷത്താടുകൂടി ഊന്നിനോക്കി — നമ്മുടെ സൌശീല്യമാകുന്ന സന്ധ്യപ്രകാശത്തില്‍ അവരുടെ ദീപ്തിമത്തായ നിഷ്കപടതയുടെ ഒരു നിഗൂഢപ്രകടനമത്രേ അത്. അവര്‍ക്കു തങ്ങള്‍ ദേവകളാണെന്നു തോന്നുകയും അവര്‍ തമ്മളെ മനുഷ്യരാണെന്ന് അറിയുകയും ചെയ്യുന്നുണ്ടെന്നു പറയണം. എന്നിട്ടു കുട്ടി ചിരിക്കാന്‍ തുടങ്ങി; അമ്മ മാറത്തോട് അമര്‍ത്തിപ്പിടിച്ചിരുന്നുവെങ്കിലും പാഞ്ഞുകളിക്കുവാന്‍ കുട്ടികള്‍ക്കുളള ആ അടങ്ങാത്ത ജാഗ്രതയോടുകൂടി അതു നിലത്തേക്ക് ഉരസിയിറങ്ങി. ഉടനെത്തന്നെ ആ ഊഞ്ഞാലിന്മേലുളള കുട്ടികളെ അവള്‍ കണ്ടു; കുറച്ചിട നിന്നു; അഭിനന്ദനത്തിന്റെ സൂചനയായി നാവ് അല്പം പുറത്തേക്കു കാണിച്ചു.
മദാം തെനാര്‍ദിയെര്‍ തന്റെ പെണ്‍മക്കളെ വിടുവിച്ചു; ഊഞ്ഞാലില്‍ നിന്നു താഴത്തിറക്കി; ഇങ്ങനെ പറഞ്ഞു: ‘ഇനി കളിച്ചോളിന്‍, നിങ്ങള്‍ മൂന്നാളും കൂടി.’
ആ പ്രായത്തില്‍ കുട്ടികള്‍ ക്ഷണത്തില്‍ പരിചയപ്പെടുന്നു; ഒരു നിമിഷം കഴിഞ്ഞപ്പോളെയ്ക്ക് ആ തെനാര്‍ദിയെര്‍ക്കുട്ടികള്‍ പുതുതായി വന്ന കുട്ടിയോടുകൂടി നിലത്തു പൊത്തു തുളച്ചു കളിക്കാന്‍ തുടങ്ങി; അതവര്‍ക്ക് എന്തെന്നില്ലാത്ത ഒരു ആഹ്ലാദഹേതുവായി.
പുതുതായി വന്ന കുട്ടിക്കു ബഹരസമായി; അമ്മയുടെ സൌശീല്യം കുട്ടിയുടെ ആഹ്ലാദത്തില്‍ കാണാം; അവള്‍ ഒരു മരക്കഷ്ണം കൈയിലാക്കി അതിനെക്കൊണ്ട് ഒരു കയ്ക്കോട്ടാക്കി. ഒരു തേനീച്ചയെക്കൊളളാവുന്ന വിധത്തില്‍ ഒരു വലിയ കുഴി ജാഗ്രതയോടുകൂടി കുഴിച്ചു. ശവക്കുഴി കുഴിക്കുന്നവന്റെ ജോലി ഒരു കുട്ടി ചെയ്യുമ്പോള്‍, അതു ചിരിക്കാനുളള ഒരു വിഷയമായിത്തീരുന്നു.
രണ്ടു സ്ത്രീകളും തങ്ങളുടെ ഞായം വീണ്ടും ആരംഭിച്ചു.
‘നിങ്ങളുടെ കുട്ടിക്ക് പേരെന്താണ്?’
‘കൊസെത്ത്.’
കൊസെത്തിനു പകരം യുഫ്രെസി എന്നു വായിക്കുക. ആ കുട്ടിയുടെ പേര്‍ യുഫ്രസി എന്നായിരുന്നു. പക്ഷേ, ഴോസഫായെ മാററി പേപിത്താ എന്നും ഫ്രാന്‍സ്വായെ മാററി സില്ലെത്ത് എന്നും ആക്കിത്തീര്‍ക്കുന്ന അമ്മമാരുടേയും പൊതുജനങ്ങളുടേയും ആ കൌതുകകരവും ഭംഗിയേറിയതുമായ വാസനാവൈഭവം കൊണ്ട്, യുഫ്രസിയില്‍ നിന്നു് അവളുടെ അമ്മ കൊസെത്ത് എന്നുണ്ടാക്കിയതാണ്. അതു ശബ്ദശാസ്ത്രജ്ഞന്മാരുടെ വ്യാകരണം മുഴുവനും അക്രമമാക്കി ഭിന്നിപ്പിക്കുന്ന അങ്ങനെയൊരു തരം പദനിര്‍മാണമാണ്. തിയോദേര്‍ എന്നതിനെ ങോങ് എന്നാക്കി ഭേദപ്പെടുത്താവാന്‍ സാധിച്ച ഒരു മുത്തശ്ശിയെ ഞങ്ങളറിയും.
‘അവള്‍ക്കു വയസ്സെത്രയായി?’
‘മൂന്നാവാന്‍ പോകുന്നു.’
‘അത്രതന്നെയാണ് എന്റെ മൂത്ത കുട്ടിക്കും.’
ഈയിടയ്ക്ക് ആ മുന്നു പെണ്‍കുട്ടികള്‍ തികഞ്ഞ ഉല്‍കണ്ഠയോടും ആഹ്ലാദത്തോടു കൂടിയ ഒരു നിലയില്‍ ചെന്നു നില്പായി. ഒരു കാര്യം ഉണ്ടായി; നിലത്തു നിന്ന് ഒരു വലിയ പുഴു പുറപ്പെട്ടു; അവര്‍ പേടിച്ചു പോയി; അവര്‍ക്ക് അതു ബഹുരസമായിരുന്നു.
അവരുടെ മിന്നിത്തളങ്ങുന്ന നെററികള്‍ ഒന്നിച്ചു കൂടി; ഒരു ദീപ്തിവിശേഷത്തിനുളളില്‍ മൂന്നു തല എന്നു കാണികള്‍ക്കു തോന്നിപ്പോവും.
‘കുട്ടികള്‍ എത്ര ക്ഷണത്തില്‍ പരിചയപ്പെടുന്നു!’ തെനാര്‍ദിയെര്‍ അമ്മ കുറച്ചുച്ചത്തില്‍ പറഞ്ഞു, ‘മുന്നും ഒരമ്മയുടെ മക്കളാണെന്ന് ആരും സത്യം ചെയ്യും.’
മറ്റേ അമ്മ കാത്തുകൊണ്ടിരുന്നത് ഈ അഭിപ്രായത്തിന്റെ പുറപ്പാടാണെന്നു തോന്നുന്നു. അവള്‍ തെനാര്‍ദിയെര്‍ സ്ത്രീയുടെ കൈപിടിച്ച്, അവളെ സൂക്ഷിച്ചു നോക്കി, പറഞ്ഞു: ‘എനിക്കു വേണ്ടി എന്റെ കുട്ടിയെ നിങ്ങള്‍ നോക്കുമോ?’
തെനാര്‍തിയെര്‍ സ്ത്രീ സമ്മതിച്ചു എന്നും ഇല്ലെന്നും കാണിക്കാത്ത അങ്ങനെ അത്ഭുതസൂചകങ്ങളായ ഭാവങ്ങളില്‍ ഒന്നിനെ കാണിച്ചു.
കൊസെത്തിന്റെ അമ്മ തുടര്‍ന്നു പറഞ്ഞു: ‘നിങ്ങള്‍ക്കറിഞ്ഞുകൂടേ, നാട്ടുപുറത്തേക്കു എനിക്കെന്റെ മകളേയും കൊണ്ടുപോയിക്കൂടാ. എന്റെ പ്രവൃത്തിക്ക് അതു തടസ്സമാണ്. ഒരു കുട്ടിയേയും കൊണ്ടു ചെന്നാല്‍ ആരും പണി തരില്ല. നാട്ടുപുറത്തുളളവര്‍ കഥയില്ലാത്തവരാണ്. ദയാലുവായ ഈശ്വരനാണ് എന്നെ നിങ്ങളുടെ ഹോട്ടലിന്‍ മുന്‍പിലൂടെ കൊണ്ടുവന്നത്. അത്രയും ചന്തവും അത്രയും വൃത്തിയും അത്രയും ആഹ്ലാദവുമുളള നിങ്ങളുടെ കുട്ടികളെ കണ്ടപ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു പോയി. ഞാന്‍ പറഞ്ഞു: ‘ഇതാ ഒരു നല്ല അമ്മ. അതാണ് വേണ്ടത്. അപ്പോള്‍ മൂന്നു സഹോദരിമാരായി.’ എന്നിട്ട്, ഞാന്‍ അധികം താമസിയാതെ മടങ്ങി വരാം. എനിക്കു വേണ്ടി എന്റെ കുട്ടിയെ നോക്കുമോ?’
‘ആരോചിക്കണം.’ തെനാര്‍ദിയെര്‍ സ്ത്രീ മറുപടി പറഞ്ഞു.
‘മാസത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ആറു ഫ്രാങ്കുവീതം തരാം.’
ഈ ഘട്ടത്തില്‍ ഭക്ഷണവില്പനസ്ഥലത്തിന്റെ ഏതോ ഉളളില്‍ നിന്ന് ഒരു പുരുഷശബ്ദം വിളിച്ചുപറഞ്ഞു: ‘ഏഴു ഫ്രാങ്കില്‍ കുറഞ്ഞാല്‍ സാധിക്കില്ല. ആറു മാസത്തെ സംഖ്യ മുന്‍കൂര്‍ തരികയും വേണം.’
‘ആറേഴു നാല്പത്തി രണ്ടു,’ തെനാര്‍ദിയെര്‍ സ്ത്രീ പറഞ്ഞു.
‘അതു ഞാന്‍ തരാം.’ അമ്മ പറഞ്ഞു.
‘പുറംചെലവുകള്‍ക്കു വേണ്ടി പതിനഞ്ചു ഫ്രാങ്ക് വേറെയും.’ ആ പുരുഷശബ്ദം തുടര്‍ന്നു.
‘ആകെ, അമ്പത്തേഴു ഫ്രാങ്ക്.’ മദാം തെനാര്‍ദിയര്‍ പറഞ്ഞു. ഈ കണക്കുകൂട്ടലോടുകൂടി അവള്‍ പതുക്കെ ഇങ്ങനെ മൂളി.
‘അങ്ങനെയാവണം, യുദ്ധഭടന്‍ ചെന്നാന്‍.’
‘ഞാനതു തരാം,’ അമ്മ പറഞ്ഞു: ‘എന്റെ പക്കല്‍ എണ്‍പതു ഫ്രാങ്കുണ്ട്, നടന്നു പോവുന്ന പക്ഷം, നാട്ടുപുറത്തെത്താന്‍ ധാരാളം വേണ്ടതു പിന്നേയും എന്റെ കൈയിലുണ്ടാവും. ഞാന്‍ അവിടെ ചെന്നു പണം സമ്പാദിക്കും; കുറച്ചു കൈയിലായാല്‍ ഉടനെ എന്റെ ഓമനയെ ഞാന്‍ കൂട്ടിക്കൊണ്ടു പോയ്ക്കൊളളാം.’
ആ പുരുഷശബ്ദം പിന്നെയും ആരംഭിച്ചു: ‘കുട്ടിക്ക് ഉടുപ്പുണ്ടല്ലോ?’
‘അതെന്റെ ഭര്‍ത്താവാണ്.’ തെനാര്‍ദിയെര്‍ സ്ത്രീ പറഞ്ഞു.
‘നിശ്ചയമായും ആ ഓമനത്തങ്കത്തിനു വേണ്ട ഉടുപ്പുണ്ട് — അതു നിങ്ങളുടെ ഭര്‍ത്താവാണെന്് എനിക്കു ധാരാളം മനസ്സിലായിരിക്കുന്നു — എന്നല്ല, അതൊരു കൌതുകകരമായ ഉടുപ്പിന്‍കൂട്ടമാണ്! ഒരു കഥയില്ലാത്തിടത്തോളം; ഒക്കെ ഡജന്‍ ഡജന്‍ കണക്കില്‍; ഒരു പ്രഭ്വീയുടെ മട്ടില്‍ പട്ടുടുപ്പുകളാണ്. ഇതാ, ഈ പരവതാനിസ്സഞ്ചിയില്‍ കാണാം.’
‘അതൊക്കെ ഇങ്ങോട്ടേല്പിക്കണം.’ ആ പുരുഷശബ്ദം പിന്നേയും ചാടിവീണു.
‘തീര്‍ച്ചയായും ഞാനതു നിങ്ങള്‍ക്കു തരും.’ അമ്മ പറഞ്ഞു, ‘എന്റെ മകളെ ഞാന്‍ മേലൊന്നുമില്ലാതെ ഇവിടെ വെച്ചുകൊണ്ടു പോയാല്‍ നന്നായി!’
എജമാനന്റെ മുഖം പുറത്തു വന്നു.
‘അതു നല്ലത്,’ അയാള്‍ പറഞ്ഞു.
കരാറു ശരിപ്പെട്ടു. അമ്മ അന്നു രാത്രി ആ ഹോട്ടലില്‍ കൂടി; കൈയിലുളള പണം കൊടുത്തു; കുട്ടിയെ അവിടെ എല്പിച്ചു; ഉടുപ്പു പോയതുകൊണ്ടു മുക്കാലും ഒഴിഞ്ഞു കനമില്ലാതായ തന്റെ പരവതാനിസ്സഞ്ചി അവള്‍ ഒരിക്കല്‍ക്കൂടി മുറുക്കി; വേഗത്തില്‍ മടങ്ങിവരാം എന്നു വിചാരിച്ചു കൊണ്ടു രാവിലെ പുറപ്പെട്ടു. ആളുകള്‍ ഈ വക യാത്രകള്‍ കുലുക്കം കൂടാതെ ഏര്‍പ്പെടുത്തി വിടുന്നു; എന്നാല്‍ അവ നിരാശതകളത്രേ!
പുറത്തേക്കു കടന്ന ഉടനെ തെനാര്‍ദിയെര്‍മാരുടെ അയല്‍പക്കക്കാരില്‍ ഒരാള്‍ ഈ അമ്മയെ കണ്ടെത്തി. അയാള്‍ ഇങ്ങനെ ഒരഭിപ്രായവും കൊണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നു: ‘ആര്‍ക്കും കണ്ടാല്‍ മനസ്സു പൊട്ടുന്നവിധം ഒരു സ്ത്രീ തെരുവില്‍ നിന്നു കരയുന്നതു ഞാനിപ്പോള്‍ കണ്ടു!’
കൊസെത്തിന്റെ അമ്മ പോയ ഉടനെ ഹോട്ടല്‍ക്കാരന്‍ ഭാര്യയോടു പറഞ്ഞു: ‘നാളെ അവധിയായ എന്റെ നൂററിപ്പത്തു ഫ്രാങ്കിന്റെ കടപ്പത്രം കൊടുത്തു തീര്‍ക്കാന്‍ ഇതു പററി; എനിക്ക് അമ്പതു ഫ്രാങ്ക് പോരായ്കയുണ്ടായിരുന്നു. വാറണ്ടും ലഹളയും എന്റെ പിന്നാലെയുളള കഥ അറിഞ്ഞിട്ടുണ്ടോ? നിന്റെ കുട്ടികളെക്കൊണ്ടു നീ നല്ല രസമായിട്ട് ഒരെലിക്കെണി വെച്ചു.’
‘അതൊട്ടും ഊഹിക്കാതെ.’ ആ സ്ത്രീ പറഞ്ഞു.
ആര്‍ക്കും രസംതോന്നാത്ത രണ്ടു രൂപങ്ങളുടെ ഒന്നാമത്തെ കുറിപ്പ്
പിടിക്കപ്പെട്ട എലി ഒരു ദയനീയവസ്തുവാണ്; പക്ഷേ, ഒരു വിരല്‍പോലുളള എലിയെക്കൊണ്ടും പൂച്ച സന്തോഷിക്കുന്നു.
ഈ തെനാര്‍ദിയെര്‍മാര്‍ ആരാണ്?
അവളെപ്പററി ഇപ്പോള്‍ ഞങ്ങള്‍ ഒന്നോ രണ്ടോ വാക്കു പറയട്ടെ. ചിത്രം ഞങ്ങള്‍ വഴിയെ മുഴുമിച്ചുകൊളളാം.
ലോകത്തില്‍ വിജയം നേടിയിട്ടുളള നീചജനങ്ങളും, പദവിയില്‍ കീഴ്പ്പോട്ടിറങ്ങിപ്പോയിട്ടുളള ബുദ്ധിമന്മാരും കൂടിച്ചേര്‍ന്നുണ്ടായതും ‘ഇടത്തരക്കാര്‍’ എന്നു പറയപ്പെടുന്ന വര്‍ഗത്തിനും ‘ആഭാസന്മാര്‍’ എന്നു പറയപ്പെടുന്ന വര്‍ഗത്തിനും മധ്യത്തിലുളളതും രണ്ടാമത് പറഞ്ഞതിലുളള ചില കോട്ടങ്ങളും ആദ്യത്തേതിലേക്കു ചേര്‍ന്ന എല്ലാ ചീത്തത്തരങ്ങളും ഇടകലര്‍ന്നു, കൂലിപ്പണിക്കാരന്റെ സമര്യാദയെ ഉത്സാഹശീലമോ, അല്ലെങ്കിൽ നാഗരികകനങ്ങൾക്കുള്ള മാന്യമായ തറവാടിത്തമോ സ്പര്‍ശിക്കാതുളളതുമായ ആ ഒരു കുലടാപുത്രകലത്തില്‍ ചേര്‍ന്നവരായിരുന്നു ഇവര്‍.
ഈ കുടുംബക്കാര്‍, ഒരു ചുണകെട്ട ശുഷ്കാന്തി സംഗതിവശാല്‍ ഒരു ചുടു പിടിപ്പിച്ചുവിട്ടുവെങ്കില്‍, എളുപ്പത്തില്‍ രാക്ഷസരായിത്തീരുന്ന അത്തരം അമര്‍ത്തപ്പെട്ട ദുഷ്പ്രകൃതിക്കാരുടെ കൂട്ടത്തില്‍പ്പെട്ടവരാണ്. മൃഗത്തിന്റെ ഒരു കാതല്‍ സ്ത്രീയിലും കാട്ടുകളളന്നു വേണ്ട ഉപകരണം പുരുഷനിലുമുണ്ടായിരുന്നു. ദുഷ്ടതയുടെ ഭാഗത്തേക്കുളള ഒരുതരം ഭയങ്കരമായ ഉല്‍ഗതി ഏററവുമധികം ഉളളില്‍ക്കൊളളുന്നവരാണ് രണ്ടുപേരും. എപ്പോഴും അന്ധകാരത്തിലേക്കു വാങ്ങി വാങ്ങിച്ചെല്ലുന്നവയും, ജീവിതത്തില്‍ മുന്നോട്ടു കടക്കുന്നതിലധികം പിന്നോട്ടു നീങ്ങിപ്പോകുന്നവയും, തങ്ങള്‍ക്കുളള വൈരൂപ്യത്തെ വലുതാക്കിത്തീര്‍ക്കുവാന്‍ ലോകപരിചയത്തെ ഉപയോഗപ്പെടുത്തുന്നവയും, ഇളവില്ലാതെ പിന്നെയും പിന്നെയും ചീത്തപ്പെട്ടുപോകുന്നവയും, ഏതു നിമിഷത്തിലും കനം പിടിച്ചുവരുന്ന ഒരു കൂരിരുട്ടിനാല്‍ മീതേയ്ക്കു മീതെ മൂടപ്പെട്ടുവരുന്നവയുമായി ഞെണ്ടിന്മട്ടിലുളള ആത്മാവുകള്‍ ഭൂമിയിലുണ്ടു്. ഈ പുരുഷനും സ്ത്രീക്കുമുളളത് അത്തരം അത്മാവായിരുന്നു.
തെനാര്‍ദിയെര്‍, വിശേഷിച്ചും, ഒരു മുഖസാമുദ്രികശാസ്ത്രജ്ഞനെ ബുദ്ധിമുട്ടിക്കുന്ന തരക്കാരനായിരുന്നു. ചില ആളുകളെക്കണ്ടാല്‍ മതി, അവരെപ്പററി അവിശ്വാസമായി; തിരിഞ്ഞാലും മറിഞ്ഞാലും അവരുടെ നില അന്ധകാരത്തിലാണെന്ന് ബോധപ്പെടുന്നു. പിന്നില്‍ അവര്‍ സ്വാസ്ഥ്യമില്ലാത്തവരും, മുന്നില്‍ അവര്‍ പേടിപ്പെടുത്തുന്നവരുമാണ്. അജ്ഞാതത്വത്തിന്റെ എന്തോ ഒന്ന് അവരുടെ ചുററുമുണ്ട്. അവര്‍ മേലാല്‍ ചെയ്യാനിരിക്കുന്നതിനെപ്പററിയുളളതില്‍ അധികമൊന്നും അവര്‍ ചെയ്തിട്ടുളളതിനെപ്പററി ആര്‍ക്കും സമാധാനം പറയാന്‍ വയ്യാ; തങ്ങളുടെ നോട്ടത്തിലുളള നിഴല്പാട് അവരെ കുററപ്പെടുത്തുന്നു. അവര്‍ ഒരു വാക്കു പറയുന്നതു കേൾക്കുകയോ ഒരാംഗ്യം കാട്ടുന്നതു കാണുകയോ ചെയ്യുന്നതില്‍ നിന്ന് അവരുടെ ഭൂതകാലത്തിലെ അന്ധകാരനിബിഡങ്ങളായ ഗൂഢസംഭവങ്ങളേയും ഭാവികാലത്തിലെ ഇരുട്ടടഞ്ഞുകിടക്കുന്ന രഹസ്യസംഗതികളേയും ഒരു നോക്ക് ആരും കണ്ടെത്തിപ്പോകുന്നു.
ഈ തെനാര്‍ദിയെര്‍, അയാളെത്തന്നെ വിശ്വസിക്കാമെങ്കില്‍, ഒരു പട്ടാളക്കാരനായിരുന്നു — ഒരു സര്‍ജന്റുദ്യോഗസ്ഥന്‍ എന്നാണ് പറഞ്ഞത്. പക്ഷേ, അയാള്‍ 1815-ലെ യുദ്ധകാലത്തുണ്ടായിരിക്കും; ഒരുവിധം പരാക്രമമൊക്കെ കാണിച്ചിരിക്കാമെന്നു തോന്നുന്നു. ഇതില്‍ എത്രകണ്ടു വാസ്തവമുണ്ടെന്നു നമുക്കു വഴിയെ അറിയാറാവും. അയാളുടെ യുദ്ധപരാക്രമത്തില്‍ ഒരു ഭാഗത്തെ സൂചിപ്പിക്കുന്നതാണ് ഈ ചെറുഹോട്ടലിന്റെ അടയാളമുദ്ര. അത് അയാള്‍ തന്നെ വരച്ചുണ്ടാക്കി; അയാള്‍ക്ക് എന്തും കുറേശ്ശെ ചെയ്യാനറിയാം — ഒക്കെ ചീത്തയായിട്ടും.
അപ്പോഴും വിശിഷ്ടമായിരിക്കുന്നതും എന്നാല്‍ മദാം വ്വസേല്ല് ദ്സൂദെറിയില്‍ നിന്നു[3] മദാം ബുര്‍നൊങ് — മലാറിന്റെ[4] കൈയിലേക്കും, മദാം ദ് ലഫയേത്തിന്റെ[5] കൈയില്‍ നിന്ന് മദാം ബാര്‍ത്തലോമി — ഹാദോവിന്റെ[6] അടുക്കലേക്കും വീണ് അടിക്കടി നികൃഷ്ടതരമായിത്തീര്‍ന്നിട്ടുളളതുമായി ആ പണ്ടത്തെ പ്രമാണപ്പെട്ട കെട്ടുകഥ പാരിസ്സിലെ വാതില്ക്കാവല്ക്കാരികളുടെ പ്രണയപരങ്ങളായ ഹൃദയങ്ങളില്‍ മുഴുവനും വികാരാഗ്നിയെ കത്തിയാളിച്ചിരുന്ന കാലമാണത്. ഇത്തരം പുസ്തകങ്ങള്‍ വായിച്ചു നോക്കാന്‍ മാത്രം മദാം തെനാര്‍ദിയെര്‍ക്കു ബുദ്ധിയുണ്ടായിരുന്നു. അവള്‍ അതുകളെക്കൊണ്ട് ഉപജീവിച്ചു. തനിക്കുളള തലച്ചോറു മുഴുവനും അവള്‍ അതില്‍ മുക്കിയിട്ടു വെച്ചു. അതുകാരണം അവള്‍ക്കു തന്റെ ഭര്‍ത്താവിന്റെ നേരെ — ഒരു നിലയ്ക്കൊക്കെയെത്തിയിട്ടുളള ഒരു തെമ്മാടിയും, വ്യാകരണം വരെ പഠിപ്പു ചെന്ന ഒരു ഘാതകനും, ഒരേസമയത്തു ദുഷ്ടനും, ശുദ്ധനും, മനോവൃത്തിയെസ്സംബന്ധിച്ചേടത്തോളം ‘അമ്മായി’ഗ്രന്ഥങ്ങളില്‍ കമ്പക്കാരനും, അര്‍ഥമില്ലാത്ത തന്റെ ചിലയ്ക്കലില്‍ അയാൾ തന്നെ പറഞ്ഞവിധം, ‘ലിംഗഭേദത്തെ സംബന്ധിച്ചുളള കാര്യത്തില്‍’ ഒരെണ്ണം പറഞ്ഞ പൊട്ടനുമായിരുന്ന ആ മനുഷ്യന്റെ നേരെ ഒരു തരം കുണ്ഠിതഭാവം ഉണ്ടായിത്തീര്‍ന്നു. അയാളുടെ ഭാര്യയ്ക്കു പന്ത്രണ്ടോ പതിനഞ്ചോ വയസ്സു കറയും. കുറെക്കഴിഞ്ഞി, ഒരോമട്ടില്‍ തൂങ്ങിക്കിടക്കുമാറു മടയപ്പെട്ട തന്റെ തലമുടി നരച്ചു തുടങ്ങിയപ്പോള്‍, തെനാര്‍ദിയെര്‍ സ്ത്രീ കഥയില്ലാത്ത കെട്ടകഥകളില്‍ കിടന്നുരുളുന്ന ഒരു ദുഷ്ടയും നികൃഷ്ടയുമില്ലാതെ മറ്റൊന്നുമല്ലെന്നായി. അതേ, അപകടമൊന്നും പിണയാതെ കഥയില്ലായ്മകള്‍ ആര്‍ക്കും വായിക്കാന്‍ വയ്യാ. ഇതിന്റെ ഫലമായി മൂത്ത മകള്‍ക്ക് അവള്‍ എപ്പൊനൈന്‍ എന്നു പേരിട്ടു; രണ്ടാമത്തെ മകളെ സംബന്ധിച്ചേടത്തോളമാണെങ്കില്‍, ആ സാധുപ്പെണ്ണ് ഗുല്‍നാര്‍ എന്ന വിളിക്കപ്പെടേണ്ട ആ അററം വരെ എത്തി; പക്ഷേ, എന്തു മാററം കൊണ്ടെന്നറിഞ്ഞില്ല, ദ്യുക്രെ — ദ്യുമ്നിലിന്റെ ഒരു കെട്ടുകഥ പററിച്ചാണെന്ന് തോന്നുന്നു, അവള്‍ക്ക് അസല്‍മ എന്നേ ഒടുവില്‍ പേരുണ്ടായുളളൂ.
ഏതായാലും ഒന്നു ഞങ്ങള്‍ പറഞ്ഞു വെക്കാം; ഞങ്ങള്‍ സൂചിപ്പിക്കുന്ന ആ രസം പിടിച്ച കാലത്തു യാതൊന്നുമില്ല ചിരിക്കത്തക്കതോ സാരമില്ലാത്തതോ ആയിട്ട്; ക്രിസ്തീയപ്പേരിടലിന്റെ ഒരരാജകത്വ കാലമായിരുന്നു അതെന്നു പക്ഷെ, പറയാം. ഞങ്ങള്‍ സൂചിപ്പിച്ച ഈ ഒരു കൃത്രിമകഥാസംബന്ധിയായ അപൂര്‍വ സമ്പ്രദായത്തോടു നാട്ടുനടപ്പിനു വന്ന ഭേദഗതിയും അടുത്തുകൂടി. ഒരു കന്നുപൂട്ടുകാരന്റെ മകന്ന് ആര്‍തര്‍ എന്നോ ആല്‍ഫ്രഡ്ഡ് എന്നോ ആല്‍ഫോണ്‍സ് എന്നോ പേരിടുന്നതും, വിക്കോം തെയ്ക്ക് — ഏതെങ്കിലും വിക്കോതെമാര്‍ ബാക്കിയുണ്ടെങ്കില്‍ — തോമസ്, പിയേര്‍, ഴാക്കി എന്നൊക്കെ നാമകരണം ചെയ്യുന്നതും ഇക്കാലത്ത് അത്ര ചുരുക്കമല്ലായിരുന്നു. നിസ്സാരന്മാര്‍ക്ക് ‘അന്തസിലുളള’ പേരും പ്രഭുക്കന്മാര്‍ക്കു ‘നാടോടി’പ്പേരുകളും ഇടുകയായകുന്ന ഈ മാറിമറിയല്‍ സമത്വത്തിന്റെ ഒരു പാഴ്ച്ചുഴിയല്ലാതെ മറ്റൊന്നുമല്ല. പുതുതായ ആവേശത്തിന്റെ അപ്രതിഹതമായ തളളിക്കയററം മററുളളവയിലെന്ന പോലെ അതിലും പ്രകാശിക്കുന്നു. പുറമേ കാണുന്ന ഈ സ്വരച്ചേര്‍ച്ചക്കുറവിനുളളില്‍ മഹത്തരവും അത്യഗാധവുായ ഒന്നുണ്ട് — ഫ്രാന്‍സിലെ ഭരണപരിവര്‍ത്തനം.
വാനമ്പാടിപ്പക്ഷി
ലോകത്തില്‍ ജയിക്കുന്നതിനു ദുഷ്ടതയുളളതുകൊണ്ട് മാത്രം മുഴുവനായില്ല. ആ ഭക്ഷണവില്പനസ്ഥലം മോശത്തിലായിരുന്നു.
വഴിയാത്രക്കാരിയുടെ അമ്പത്തേഴു ഫ്രാങ്കിലനോടു നമുക്കു നന്ദി പറയുക — തെനാര്‍ദിയെര്‍ക്കു സിവില്‍ വ്യവഹാരം കൂടാതെ കഴിക്കാനും തന്റെ ഒപ്പിനെ ബഹുമാനിപ്പിക്കുവാനും സാധിച്ചു. പിറ്റേത്തെ മാസത്തില്‍ പിന്നേയും അവര്‍ക്കു പണത്തിടുക്കം വന്നു. ആ സ്ത്രീ കൊസെത്തിന്റെ ഉടുപ്പും കൊണ്ടു പാരിസ്സില്‍ പോയി. പണമിടപാടുകാരന്റെ ഷാപ്പില്‍ അതു അറുപതു ഫ്രാങ്കിനു പണയം വെച്ചു. ആ സംഖ്യ തീര്‍ന്നതോടുകൂടി തെനാര്‍ദിയെര്‍മാര്‍ ആ പെണ്‍കുട്ടിയെ, തങ്ങള്‍ ധര്‍മമമായി പോററിവരുന്ന ഒരു കുട്ടിയുടെ നിലയില്‍, കരുതാന്‍ തുടങ്ങി; അവര്‍ ആ കുട്ടിയോട് അങ്ങനെത്തന്നെ പെരുമാറാനും ആരംഭിച്ചു. ഉടുപ്പൊന്നുമില്ലാതായപ്പോള്‍, അവര്‍ അവളെ ആ രണ്ടു തെനാര്‍ദിയെര്‍ ‘പ്പെണ്ണു’ങ്ങള്‍ക്കു വേണ്ടാതെ കളഞ്ഞിട്ടുളള റൌക്കകളും പാവാടകളുംകൊണ്ട് പോതിഞ്ഞിട്ടു; എന്നുവെച്ചാല്‍, കീറത്തുണികളുടുപ്പിച്ചു. മററുളള എല്ലാവരുടേയും ഉച്ഛിഷ്ടം അവളെ തീററി — ഒരു നായയേക്കാള്‍ കുറച്ചു മീതെ, ഒരു പൂച്ചയേക്കാള്‍ അല്പം താഴെ. അത്ര മാത്രമല്ല, പൂച്ചയും നായയും ഭക്ഷണസമയത്ത് അവള്‍ക്കുളള ചങ്ങാതിമാരാണ്; അവയോടൊരുമിച്ച് കൊസെത്ത്, മേശയ്ക്കു ചുവട്ടിലിരുന്ന്, അവയ്ക്കുളളതുപോലെതന്നെ ഒരു മരക്കോപ്പയില്‍ നിന്ന് ഭക്ഷിക്കും.
നമ്മള്‍ ഇനി അറിയാന്‍ പോകുന്നവിധം എം. എന്ന പ്രദേശത്ത് സ്ഥിരപ്പാര്‍പ്പാക്കിയ അവളുടെ അമ്മ തന്റെ മകളുടെ വര്‍ത്തമാനം അറിയുന്നതിന് മാസം തോറും ഓരോ കത്തെഴുതിയിരുന്നു — കുറേക്കൂടി ശരിയായി പറയുന്ന പക്ഷം, എഴുതിപ്പിച്ചിരിക്കുന്നു. തെനാര്‍ദിയെര്‍മാര്‍ എല്ലാററിനും ഒരേ മറുപടി അയയ്ക്കും, ‘കൊസെത്തിനു പരമസുഖമാണ്.’
ആദ്യത്തെ ആറുമാസം കഴിഞ്ഞപ്പോള്‍, ഏഴാമത്തെ മാസത്തേക്ക് അമ്മ ഏഴു ഫ്രാങ്ക് അയച്ചു കൊടുത്തു; പിന്നെ മാസം തോറും കണിശമായി അവള്‍ അയച്ചു വന്നു. കൊല്ലം തികഞ്ഞിട്ടില്ല. അതിനു മുന്‍പ് തെനാര്‍ദിയെര്‍ പറഞ്ഞു: ‘നേരിട്ടും, ഒരു വലിയ ഉപകാരമാണ് അവള്‍ ഈ ചെയ്തുവരുന്നത്! അവളുടെ ഏഴ് ഫ്രാങ്കു കൊണ്ട് നമ്മള്‍ എന്തു ചെയ്യുമെന്നാണ് കരുതിയിരിക്കുന്നതാവോ?’ പന്ത്രണ്ടു ഫ്രാങ്ക് കിട്ടണമെന്ന് അയാള്‍ എഴുതിയയച്ചു. തന്റെ മകള്‍ക്കു സുഖമാണെന്നും, ‘അവള്‍ നന്നായി വളര്‍ന്നു വരുന്നു’ എന്നും അവര്‍ ധരിപ്പിച്ചിരുന്നതുകൊണ്ട് അവള്‍ അതു സമ്മതിച്ചു. പന്ത്രണ്ടു ഫ്രാങ്ക് അയച്ചുകൊടുത്തു.
ചില പ്രകൃതിക്കാര്‍ക്കു മറ്റൊരു ഭാഗത്തു ദ്വേഷം കൂടാതെ, ഒരു ഭാഗത്തു സ്നേഹമുണ്ടാവാന്‍ വ്യസനം തോന്നുന്നു. കൊസെത്ത് ലോകത്തില്‍ വളരെ കുറച്ചു സ്ഥലം മാത്രമേ എടുത്തിരുന്നുളളുവെങ്കിലും അതു തന്റേതില്‍ നിന്നപഹരിച്ചതുപോലെ അവള്‍ക്കു തോന്നി; ആ ചെറിയ കുട്ടി അവളുടെ പെണ്‍മക്കള്‍ക്കു് ശ്വസിപ്പാനുളള ശുദ്ധവായുവെ കുറിച്ചുവോ എന്നു തോന്നി. ആ തരത്തില്‍പ്പെട്ട മറരു പല സ്ത്രീകളേയും പോലെ, ഈ സ്ത്രീക്കും ഓരോ ദിവസം ചെലവഴിക്കാവാന്‍ ഒരു ചമുടു ലാളനകളും ഒരു കൂററന്‍ കെട്ടു തല്ലുകളും വേദനപ്പെടുത്തലുകളും കൈയിലുണ്ടായിരുന്നു. കൊസെത്തിനെ അവള്‍ക്കു കിട്ടിയിരുന്നില്ലെങ്കില്‍, ആ രണ്ടു പെണ്‍മക്കള്‍ക്കുംകൂടി — അവരെ എന്തെന്നില്ലാത്തവിധം അവള്‍ സ്നേഹിച്ചിരുന്നുവെങ്കിലും — അവ മുഴുവനും മേടിയ്ക്കേണ്ടി വന്നേനേ. പക്ഷേ, ആ പുതുതായി വന്ന കുട്ടി തല്ലു മുഴുവനും താന്‍ വാങ്ങി അവരെ സഹായിച്ചു. അവളുടെ കുട്ടികള്‍ക്കു ലാളനകളല്ലാതെ മറ്റൊന്നും കിട്ടിയിരുന്നില്ല. ഊക്കിലുളള ഒരു മുറ തല്ലുകളും ആവശ്യമില്ലാത്ത ശാസനകളും തന്റെ തലയ്ക്കു വന്നു വീഴാതെ, കൊസെത്തിന് ഒന്നനങ്ങാന്‍ വയ്യായിരുന്നു. ഈ ലോകത്തെപ്പററിയോ ഈശ്വരനെപ്പററിയോ യാതൊന്നും മനസ്സിലായിട്ടില്ലാത്ത ആ പാവമായ ഓമനക്കുട്ടി എപ്പോഴും ശിക്ഷിക്കപ്പെട്ടും ശകാരിക്കപ്പെട്ടും ഉപദ്രവിക്കപ്പെട്ടും അടിക്കപ്പെട്ടും കഴിഞ്ഞു; അവളെപ്പോലെത്തന്നെയുളള മററു രണ്ടു പെണ്‍കുട്ടികളോ, അവര്‍ എപ്പോഴും പ്രഭാതത്തിലിരുന്നു സുഖിച്ചു.
മദാം തെനാര്‍ദിയെര്‍ കൊസെത്തിനെസ്സംബന്ധിച്ചേടത്തോളം ദുഷ്ടത കാണിച്ചു. എപ്പൊനൈനും അസല്‍മയും ദുസ്സ്വഭാവക്കാരികളായിരുന്നു. ആ പ്രായത്തില്‍ കുട്ടികള്‍ തങ്ങളുടെ അമ്മയുടെ പകര്‍പ്പായിരിക്കും. വലുപ്പം കുറച്ചു കുറയും. അത്രയേ ഉളളൂ.
ഒരു കൊല്ലം കഴിഞ്ഞു; ഒന്നുകൂടി കഴിഞ്ഞു.
ആ ഗ്രാമത്തിലുളളവര്‍ പറഞ്ഞു: ‘ആ തെനാര്‍ദിയെര്‍മാര്‍ ഒരു നല്ല കൂട്ടരാണ്. അവര്‍ക്കു വലിയ പണമൊന്നുമില്ല; എങ്കിലും അവരുടെ കൈയില്‍ ആരോ കൊണ്ടുവന്ന് എറിഞ്ഞുകൊണ്ടു പോയ ഒരു സാധുക്കുട്ടിയെ അവര്‍ വളര്‍ത്തുന്നുണ്ടല്ലോ.’
കൊസെത്തിന്റെ അമ്മ അവളെ മറന്നു എന്നാണ് അവര്‍ വിചാരിച്ചത്.
ഈയിടയക്ക് — ഏതു ഗൂഢവഴിക്കാണെന്നു പറയാന്‍ സാധിക്കില്ല — ആ കുട്ടി ഒരു സമയം അച്ഛനില്ലാത്ത ഒന്നായിരിക്കണമെന്നും അതിന്റെ അമ്മ ഇനി അതിനെ ആവശ്യപ്പെട്ടു ചെല്ലുകയില്ലെന്നും മനസ്സിലാക്കി; തെനാര്‍ദിയെര്‍ ‘ജന്തു’ വലുതായിത്തുടങ്ങി എന്നും ‘തിന്നു’ തുടങ്ങി എന്നും, ഇപ്പോള്‍ താന്‍ അങ്ങോട്ടു പറഞ്ഞയ്ക്കുമെന്നും ഓരോന്നു പറഞ്ഞു മാസത്തില്‍ പതിനഞ്ചു ഫ്രാങ്കു വീതം പിടുങ്ങിത്തുടങ്ങി, ‘അവള്‍ എന്നെ സ്വൈരം കെടുത്താതിരിക്കട്ടെ.’ അയാള്‍ ഉച്ചത്തില്‍ പറഞ്ഞു, ‘ഇല്ലെങ്കില്‍ അവളുടെ ഗൂഢസംഗതികളുടെ നടുവിലേയ്ക്കു ഞാനവളുടെ പെണ്ണിനെ ഒരേറ്റെിയും. എനിക്ക് ഒന്നു കൂട്ടിക്കിട്ടണം.’ അമ്മ പതിനഞ്ചു ഫ്രാങ്ക് കൊടുത്തു.
ഓരോ കൊല്ലവും ആ കുട്ടി വളര്‍ന്നു വന്നു: അതോടുകൂടി അവളുടെ കഷ്ടപ്പാടും.
നന്നേ കുട്ടിയായിരുന്നപ്പോള്‍, മററു രണ്ടു കുട്ടികളുടേയും തെററുകള്‍ സമര്‍പ്പിക്കുവാനുളള ഒരു സാധനമായിരുന്നു കൊസെത്ത്; കുറച്ചു വളരാന്‍ തുടങ്ങിയ ഉടനെ, എന്നുവെച്ചാല്‍ നാലഞ്ചു വയസ്സായി എന്നു വന്നപ്പോള്‍, അവള്‍ വീട്ടുപണികളെല്ലാം നടത്തുവാനുളള ഭൃത്യയായി.
അഞ്ചു വയസ്സ്! വായനക്കാര്‍ പറയും, അതുണ്ടാവാന്‍ വയ്യാ. കഷ്ടം! അതുളളത്രേ. സാമുദായികങ്ങളായ കഷ്ടപ്പാടുകള്‍ ഏതു വയസ്സിലും ആരംഭിക്കും. ദ്യുമല്ലോര്‍ എന്നു പേരായി പിന്നീട് ഘാതകനായിത്തീര്‍ന്ന ആ അനാഥ ശിശുവിന്റെ വിചാരണ ഇയ്യിടയിലല്ലേ നാം പത്രത്തില്‍ കണ്ടത്; ഭരണാധികാരികളുടെ രേഖകളില്‍ നിന്നു തന്നെ, ആ മനുഷ്യന്‍ തനിച്ചായിരുന്നതുകൊണ്ട് അഞ്ചു വയസ്സായപ്പോള്‍, ‘ഉപജീവനമാര്‍ഗമുണ്ടാക്കാനും കക്കാനും’ തുടങ്ങി എന്നു കാണുന്നു.
അങ്ങുമിങ്ങും ഓരോ ആവശ്യത്തിന് ഓടാനും, മച്ചുകളും മുററവും തെരുവും അടിച്ചുവാരുവാനും ഭക്ഷണപ്പാത്രങ്ങള്‍ കഴുകി വെടുപ്പാക്കാനും, ഭാരം ചുമക്കുവാന്‍കൂടിയും കൊസെത്തായിരുന്നു. എം. എന്ന പ്രദേശത്തായിരുന്ന അമ്മ പണമയയ്ക്കാന്‍ അല്പാല്പം താമസിച്ചു തുടങ്ങിയപ്പോള്‍, ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് ഒന്നുകൂടി അവകാശം കിട്ടിയെന്നു തെനാര്‍ദിയെര്‍മാര്‍ തീര്‍ച്ചപ്പെടുത്തി. കുറച്ചു മാസത്തെ പണം കുടിശ്ശികയായി.
ഈ അമ്മ കഴിഞ്ഞ മൂന്നു കൊല്ലത്തിനുളളില്‍ എപ്പോഴെങ്കിലും മടങ്ങി വന്നിരുന്നുവെങ്കില്‍, അവള്‍ തന്റെ കുട്ടിയെ കണ്ടാല്‍ അറിയില്ലായിരുന്നു. ആ വീട്ടില്‍ വരുമ്പോള്‍ അത്ര തടിയും ചന്തുവുമുണ്ടായിരുന്ന കൊസെത്ത് ഇപ്പോള്‍ മെലിഞ്ഞു വിളര്‍ത്തു കൊണ്ടായി. അനിര്‍വചനീയമാ. ഒരസുഖമയത്വം അവളുടെ ഭാവവിശേഷത്തിലുണ്ടായിരുന്നു. ‘വലിയ ഉപായക്കാരി,’ തെനാര്‍ദിയെര്‍മാര്‍ പറഞ്ഞു.
അനീതി അവളെ ‘അല്പരസക്കാരി’യാക്കി; കഷ്ടപ്പാട് അവളെ വികൃതയുമാക്കിത്തീര്‍ത്തു. സുന്ദരങ്ങളായ കണ്ണുകളല്ലാതെ, മറ്റൊന്നും അവള്‍ക്കു ബാക്കിയില്ലെന്നായി; അവ കാണുന്നവരെ വേദനിപ്പിച്ചിരുന്നു — എന്തുകൊണ്ടെന്നാല്‍, അവ വലിപ്പമുളളവയായിരുന്നു എങ്കിലും അവയെക്കാളും വലിപ്പമേറിയ ദുഃഖപരമ്പര അവയ്ക്കുളളിലുളളതുപോലെ തോന്നി.
പവകിയതും പിഞ്ഞിയതും നിറയെ ദ്വാരങ്ങളുളളതുമായ ഒരു പരത്തിത്തുണിയുടുപ്പു മേലിട്ടു മഴക്കാലത്തു വിറച്ചു തുളളിക്കൊണ്ടു് ഒരു വലിയ ചൂല്‍ മെലിഞ്ഞു ചുകന്ന രണ്ടു കൈയിലും, ഒരു കണ്ണുനീര്‍ത്തുളളി വലിപ്പമേറിയ കണ്ണുകളിലുമായി, നേരം പുലരുന്നതിനു മുന്‍പേ തെരുവടിക്കുന്ന ആ ആറു വയസ്സായിട്ടില്ലാത്ത സാധുക്കുട്ടിയെ കാണുന്ന ആര്‍ക്കും തന്നെ ഒന്നു നെഞ്ഞുരുകും.
ആ പ്രദേശത്തുകാര്‍ അവളെ വാനമ്പാടിപ്പക്ഷി എന്നു വിളിച്ചിരുന്നു. ഈ വക അലങ്കാരവാക്കുകള്‍ പ്രയോഗിപ്പാന്‍ ഇഷ്ടമുളളവരായ പൊതുജനങ്ങള്‍ക്കു, പേടിച്ചു ചൂളി വിറച്ചു തുളളിക്കൊണ്ടു്, ഒരു പക്ഷിയേക്കാള്‍ ഒട്ടുമധികം വലിപ്പമില്ലാതെ, ആ വീട്ടിലോ ഗ്രാമത്തിലോ ഒരാളും ഉണരുന്നതിനു മുന്‍പേ എല്ലാ ദിവസവും എണീക്കുകയും എപ്പോഴും പുലര്‍ച്ചയ്ക്കു മുന്‍പായി വയലിലോ തെരുവിലോ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഈ സാധുവായ ചെറുകുട്ടിക്ക് ഇങ്ങനെ ഒരു പേര്‍ കല്പിച്ചു കൊടുക്കാന്‍ രസം തോന്നി.
ഒന്നുമാത്രം, ആ ചെറിയ വാനമ്പാടിപ്പക്ഷി പാടിയിരുന്നില്ല.
കുറിപ്പുകൾ
- ↑ ഗ്രീക്കുപുരാണങ്ങളിലെ ഒരു കഥാപാത്രം ഗുഹയില്‍ താമസിച്ചിരുന്ന ഈ രാക്ഷസന്‍ മനുഷ്യനെ സാപ്പിട്ടിരുന്നു.
- ↑ ‘കൊടുംകാററ്’ എന്ന നാടകത്തിലെ വിരൂപ സത്ത്വം.
- ↑ ഫലിതമയങ്ങലായ അസംഖ്യം കഥാപുസ്തകങ്ങള്‍ എഴുതിയിട്ടുളള ഒരു ഫ്രഞ്ച് ഗ്രന്ഥകര്‍ത്ത്രി.
- ↑ പ്രസിദ്ധയല്ല.
- ↑ ഫ്രാന്‍സിലെ സുപ്രസിദ്ധയായ കഥയെഴുത്തുകാരി.
- ↑ പ്രസിദ്ധയല്ല.