close
Sayahna Sayahna
Search

Difference between revisions of "അച്ഛൻ"


(Created page with " അച്ഛൻ ഞങ്ങളോട് സ്വന്തം കവിതയെപ്പറ്റി സംസാരിച്ചിരുന്നില്ല. അദ്...")
(No difference)

Revision as of 11:58, 27 May 2014


അച്ഛൻ ഞങ്ങളോട് സ്വന്തം കവിതയെപ്പറ്റി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നാടകങ്ങളിൽ പലതിലും പങ്കെടുക്കാൻ എനിയ്ക്ക് അവസരം തന്നു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ സാഹിത്യം ഞങ്ങളിൽനിന്ന് വളരെ ഉയർന്ന നിലയിൽ, ഞങ്ങൾക്ക് അപ്രാപ്യമായി നിലകൊണ്ടു. ഒരു കവിത ജനിച്ചാലുടൻ അമ്മയെ കേൾപ്പിയ്ക്കാറുള്ള അച്ഛന്റെ ഈ നിലപാടുകൊണ്ട് ഞങ്ങൾക്ക് വളരെ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. വലുതായപ്പോൾ എനിയ്ക്കു മനസ്സിലായി ഒരു പരിധിവരെ അതു ഞങ്ങളുടെ പരിമിതി കാരണമാണെന്ന്. അച്ഛന്റെ കവിതകളെപ്പറ്റി സംസാരിക്കാനുള്ള നിലവാരത്തിൽ ഞങ്ങൾ എത്തിയിരുന്നില്ല. ഞാൻ കൽക്കത്തയിൽ നിന്ന് ഒരിക്കൽ ലീവിൽ വന്നപ്പോഴാണ് ആദ്യമായി അദ്ദേഹം സ്വന്തം കൃതിയെപ്പറ്റി സംസാരിച്ചത്. അതാകട്ടെ ഒരു നാടകത്തെപ്പറ്റിയായിരുന്നു. ‘ഞെടിയിൽ പടരാത്ത മുല്ല’ എന്ന നാടകത്തെപ്പറ്റി. ബർണാഡ്ഷായുടെ പിഗമാലിയൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട നാടകമായിരുന്നു. ആ കൃതിയിലെ എലീസ ഡൂലിറ്റിലും നമ്മുടെ പുരാണത്തിലെ കുബ്ജയും മനസ്സിൽ കലാപം നടത്തിയപ്പോഴാണ് അച്ഛൻ ‘വരദാനം’ എന്ന കവിതയെഴുതിയത്. അതിന്റെ ആധുനിക കാലത്തെ അവതരണമായിരുന്നു ‘ഞെടിയിൽ പടരാത്ത മുല്ല’. ആ നാടകത്തിൽ മദ്രാസ് നഗരത്തിലെ ഒരു സമ്പന്ന കുടുംബമായിരുന്നു പശ്ചാത്തലം. നഗരജീവിതത്തെക്കുറിച്ച് അച്ഛന് സ്വാഭാവികമായും വലിയ പിടിപാടുണ്ടായിരുന്നില്ല. അതുകൊണ്ട് നഗരജീവിതം നാടകത്തിൽ ചിത്രീകരിച്ചത് ശരിയായിട്ടുണ്ടോ എന്ന സംശയമുണ്ടായിരുന്നു അച്ഛന്ന്. ജീവിതചിത്രീകരണം നന്നായിട്ടുണ്ടെന്നും, വേണമെങ്കിൽ അതിലെ ചില സംഭാഷണങ്ങൾ വളരെ ഔപചാരികമായത് മാറ്റി കുറേക്കൂടി സ്വാഭാവികമാക്കാമെന്നു ഞാൻ പറഞ്ഞു. ശരിക്കു പറഞ്ഞാൽ അതുമാത്രമെ ഒരു പോരായ്മയായി ഞാൻ കണ്ടുള്ളു. സംസാരിക്കുമ്പോൾ സ്‌നേഹിതന്മാരെ മിസ്റ്റർ എന്നുചേർത്തു വിളിക്കേണ്ട ആവശ്യമില്ലല്ലൊ. നഗരജീവിതം ഔപചാരികതകൾ നിറഞ്ഞതാണെന്ന ധാരണയായിരുന്നു അതിനു പിന്നിൽ. പക്ഷെ മാറ്റമൊന്നും വരുത്തുകയുണ്ടായില്ല. (പിന്നീടൊരിക്കൽ അച്ഛൻ കൽക്കത്തയിൽ വന്നപ്പോൾ ‘മൈ ഫെയർ ലേഡി’ കാണിച്ചുകൊടുക്കാൻ നോക്കിയപ്പോഴേയ്ക്ക് അതു മാറി ‘സൗണ്ട് ഓഫ് മ്യൂസിക്’ ആയിരുന്നു. അച്ഛന് ആ മ്യൂസിക്കൽ വളരെയധികം ഇഷ്ടപ്പെട്ടു. പക്ഷെ ‘മൈ ഫെയർ ലേഡി’ മൂവി കാണിച്ചുകൊടുക്കാൻ പറ്റാത്തതിന്റെ ഇഛാഭംഗം ഇപ്പോഴുമെനിയ്ക്കുണ്ട്.)

മറിച്ച് മറ്റു പല വിഷയങ്ങളെപ്പറ്റിയും അച്ഛൻ സംസാരിക്കാറുണ്ട്. പ്രാധാനമായും ശാസ്ത്രവിഷയങ്ങളെപ്പറ്റി. വളരെ ചെറുപ്പംതൊട്ടേ ഞങ്ങൾ കുട്ടികളെല്ലാവരും, അച്ഛന്റെ ഒഴിവുസമയങ്ങളിൽ ചുറ്റും കൂടുകയും എന്തെങ്കിലും സംശയം ചോദിക്കുകയും ചെയ്തിരുന്നു. അതിന്റെ മറുപടി ഒരു വലിയ ചർച്ചയിലേയ്ക്കു വഴുതിവീഴും. രാത്രി ഊണു കഴിഞ്ഞ് മുറ്റത്തിരുന്ന് നക്ഷത്രാവൃതമായ ആകാശത്തേയ്ക്കു നോക്കി പ്രപഞ്ചസൗന്ദര്യമാസ്വദിക്കുന്ന ഞങ്ങൾക്ക് ആ സൗന്ദര്യത്തിനു പിന്നിൽ നടക്കുന്ന ഭീകരമായ പ്രക്രിയകൾ പറഞ്ഞു തന്നിരുന്നു അദ്ദേഹം. സൃഷ്ടിയുടെ ഉദ്ഭവം ഗോപ്യമാണെങ്കിലും മനുഷ്യൻ അതിൽ പഴുതുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കയാണെന്ന് പറയും. ബിഗ് ബാങ്ങിനെപ്പറ്റി പറഞ്ഞുതന്നത് അച്ഛനായിരുന്നു. കോടാനകോടി ഗ്യാലക്‌സികളുണ്ടെന്നും ഒരോ ഗ്യാലക്‌സിയിലും കോടാനകോടി നക്ഷത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞുതന്നു. ഞങ്ങൾ കുട്ടികൾ ശ്വാസം വിടാതെ ഒരു യക്ഷിക്കഥ കേൾക്കുന്നപോലെ അതെല്ലാം ശ്രദ്ധിച്ചുകേൾക്കും. പ്രപഞ്ചം ആലീസ് ഇൻ വണ്ടർലാന്റിലെ ചെഷയർ പൂച്ചയുടെ ചിരിപോലെയാണെന്ന് സി.ഇ.എം. ജോഡ് എന്ന ചിന്തകൻ എഴുതിയിട്ടുള്ളതിനെപ്പറ്റി പറയും. അച്ഛന്റെ ഷെൽഫിൽനിന്ന് പിന്നീട് ഞാനാ പുസ്തകം എടുത്തു വായിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ ഇന്നു കാണുന്ന നക്ഷത്രങ്ങളൊന്നും അവ നിൽക്കുന്ന സ്ഥാനത്തല്ല നിൽക്കുന്നതെന്നും പലതും നശിച്ചു പോയിട്ടുതന്നെയുണ്ടാകുമെന്നും, അവയിൽനിന്നുള്ള അവസാനത്തെ രശ്മികൾ കൂടി കോടികോടി വർഷങ്ങൾ യാത്രചെയ്ത് ഭൂമിയിൽ എത്തുന്നതുവരെ മാത്രമെ നമുക്കവയെ കാണാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞുതന്നു. ഈ പ്രപഞ്ചംതന്നെ ചിലപ്പോൾ ഇല്ലാതായിട്ടുണ്ടാകുമെന്നും നാമിപ്പോൾ കാണുന്നത് ആലീസിന്റെ ചെഷയർ പൂച്ച ഇട്ടുപോയ പുഞ്ചിരിപോലെത്തന്നെ പ്രപഞ്ചമിട്ടുപോയ രശ്മികൾ മാത്രമാണെന്നുമുള്ള ജോഡിന്റെ സങ്കല്പം അച്ഛന് ഇഷ്ടമായിരുന്നു. ഇതു ഞാൻ എന്റെ ‘ഷ്രോഡിങറുടെ പൂച്ച’ (ദൂരെ ഒരു നഗരത്തിൽ) എന്ന കഥയിൽ ഉപയോഗിച്ചിട്ടുണ്ട്. എന്റെ ശാസ്ത്രത്വരയെ ഉണർത്തിയതും വളർത്തിക്കൊണ്ടുവന്നതും ഈ ചർച്ചകളായിരുന്നു. അച്ഛന്റെ ബുദ്ധി അപാരമായിരുന്നു. കണക്ക് വെറും കുട്ടിക്കളി മാത്രം. ഇവരണ്ടും പക്ഷെ ഹെക്ടറുകളുടെയും ലിങ്ക് ചെയ്‌നിന്റെ കണ്ണികളുടെയും ഇടയിൽ ഒടുങ്ങേണ്ടി വന്നത് ഒരു വലിയ നഷ്ടമായി എനിക്കു തോന്നാറുണ്ട്. ഒരുപക്ഷെ അച്ഛന്റെ സാഹിത്യത്തിന് ഇവരണ്ടും മുതൽക്കൂട്ടായിട്ടുണ്ടാകണം. എവിടെയെങ്കിലും ഒരു സമീകരണാവസ്ഥ നിലനിൽക്കുന്നുണ്ടാവില്ലെ?

ഇന്ന് മാധ്യമങ്ങളുടെ കുത്തൊഴുക്ക്, ആധുനിക ശാസത്രമടക്കം മനുഷ്യരാശിയുടെ അറിവുമുഴുവൻ നമ്മുടെ സ്വീകരണമുറിയിൽ എത്തിക്കുന്നുണ്ട്. പക്ഷെ നാല്പതുകളിലും അമ്പതുകളിലും വിവരസാങ്കേതിക വിദ്യ പിറക്കാനിരിക്കുന്നതേയുള്ളു. നല്ല ശാസ്ത്രഗ്രന്ഥങ്ങൾ കിട്ടുന്ന ഗ്രന്ഥശാലകൾ ആ പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. അക്കാലത്ത് തികച്ചും ഗ്രാമീണനായ അച്ഛൻ ശാസ്ത്രത്തിന്റെ പുതുപുത്തൻ ആശയങ്ങളുമായി അപ്പപ്പോൾ പരിചയപ്പെടുന്നത് അദ്ഭുതമുണ്ടാക്കുന്നു. പൊന്നാനിപോലുള്ള ഒരു നാട്ടിൻപുറത്ത് തളച്ചിട്ട ആ മനുഷ്യന് ആധുനികതയുടെ ആന്ദോലനങ്ങളെ പിടിച്ചെടുക്കാനുള്ള സ്പർശിനികളുണ്ടായിരിക്കണം.

ശാസ്ത്രത്തോട് ഇത്ര അടുത്ത ആ മനുഷ്യന്റെ ദൈവവിശ്വാസമെന്തായിരുന്നു? അമ്പലങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവർക്കു വേണ്ടിയായിരിക്കണം. അച്ഛൻ ഞങ്ങളോട് ഒരിക്കലും പ്രാർത്ഥിക്കാനായി അമ്പലത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ദീപാരാധന സമയത്ത് അമ്പലനടയിലുണ്ടാകുന്ന അന്തരീക്ഷം മനസ്സിനെ ശുദ്ധീകരിക്കാൻ ഉതകുമെന്ന് പറയാറുണ്ട്. അദ്ദേഹം വിശ്വസിച്ചിരുന്നത് നമ്മുടെ ജീവിതത്തിൽ വിധിയ്ക്കുള്ള അനിഷേധ്യമായ സ്വാധീനമായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് പഠിച്ചതായിരിക്കണം അത്. പക്ഷെ ജീവിതം വിധിയ്ക്കു വിട്ടുകൊടുക്കാതെ അവനവൻ ഉണ്ടാക്കേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ കർമ്മങ്ങളെല്ലാം ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത് അച്ഛനിൽ ഉൾക്കൊള്ളുന്ന വൈരുദ്ധ്യമായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഒരുപക്ഷെ അച്ഛന്റെ കവിതകൾ പോലെ വിശ്വാസപ്രമാണങ്ങളും എനിയ്ക്കു മുഴുവൻ മനസ്സിലാവാഞ്ഞിട്ടായിരിക്കണം. മുഴുവൻ മനസ്സിലായെന്ന് ആർക്കെങ്കിലും തറപ്പിച്ചു പറയാൻ കഴിയുമെന്നും എനിയ്ക്കു തോന്നുന്നില്ല.

01–10–2005