close
Sayahna Sayahna
Search

Difference between revisions of "ഇടയ്ക്കയുടെ ശബ്ദം"


(Created page with " ടേക്ക് വൺ— വൺ, ടു, ത്രി, ഫോർ മ്യൂസിക് ഡയറക്ടർ കൈ താഴ്ത്തിക്കൊണ...")
 
Line 87: Line 87:
 
കല്യാണത്തിന്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ലെന്നു കേട്ടാൽ അവരുടെ മുഖം മങ്ങും.
 
കല്യാണത്തിന്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ലെന്നു കേട്ടാൽ അവരുടെ മുഖം മങ്ങും.
  
എന്താഞ്ഞി അവൾക്കുവേണ്ടത്? ഡിഗ്രി എടുത്തു കഴിഞ്ഞില്ലേ. പിന്നെ അവളുടെ അച്ഛനും സമ്മതാന്നല്ലേ പറഞ്ഞത്. അമ്മയും ഇല്ല്യാത്ത കുട്ട്യാ. അപ്പൊ അവൾക്ക് വേഗം കല്യാണത്തിന് സമ്മതിച്ചൂടേ........
+
എന്താഞ്ഞി അവൾക്കുവേണ്ടത്? ഡിഗ്രി എടുത്തു കഴിഞ്ഞില്ലേ. പിന്നെ അവളുടെ അച്ഛനും സമ്മതാന്നല്ലേ പറഞ്ഞത്. അമ്മയും ഇല്ല്യാത്ത കുട്ട്യാ. അപ്പൊ അവൾക്ക് വേഗം കല്യാണത്തിന് സമ്മതിച്ചൂടേ…
  
 
സുധാകരൻ കണ്ണടച്ചു കിടന്നു.
 
സുധാകരൻ കണ്ണടച്ചു കിടന്നു.
Line 357: Line 357:
 
സൗകര്യപ്പെട്ടില്ല. ഇത് പണമുള്ള വീട്ടിലെ പെൺകുട്ടികളുടെ അസുഖമാണ്. മറ്റുള്ളവർ വല്ല കടയിലും പോയി ഫോൺ ചെയ്യണം. പാവപ്പെട്ടവരും എങ്ങിനെയെങ്കിലും കഴിയട്ടെ.
 
സൗകര്യപ്പെട്ടില്ല. ഇത് പണമുള്ള വീട്ടിലെ പെൺകുട്ടികളുടെ അസുഖമാണ്. മറ്റുള്ളവർ വല്ല കടയിലും പോയി ഫോൺ ചെയ്യണം. പാവപ്പെട്ടവരും എങ്ങിനെയെങ്കിലും കഴിയട്ടെ.
  
ഞങ്ങൾ പണക്കാരൊന്നുമല്ല. നോക്കു ഞങ്ങടെ കാറ് പെയിന്റ് ചെയ്യാനുള്ള പണമില്ലാത്തതുകൊണ്ട് പുതിയ കാറ് വാങ്ങുകയാണ് ചെയ്തത്. ഞങ്ങളുടെ ഡ്രൈവർ പാവം.....
+
ഞങ്ങൾ പണക്കാരൊന്നുമല്ല. നോക്കു ഞങ്ങടെ കാറ് പെയിന്റ് ചെയ്യാനുള്ള പണമില്ലാത്തതുകൊണ്ട് പുതിയ കാറ് വാങ്ങുകയാണ് ചെയ്തത്. ഞങ്ങളുടെ ഡ്രൈവർ പാവം…
  
 
മതി. ഇതു പഴയ തമാശയാണ്. പോരാത്തതിന് തമാശയുടെ സമയം കഴിഞ്ഞിരിക്കുന്നു.
 
മതി. ഇതു പഴയ തമാശയാണ്. പോരാത്തതിന് തമാശയുടെ സമയം കഴിഞ്ഞിരിക്കുന്നു.

Revision as of 18:28, 24 May 2014



ടേക്ക് വൺ—

വൺ, ടു, ത്രി, ഫോർ

മ്യൂസിക് ഡയറക്ടർ കൈ താഴ്ത്തിക്കൊണ്ട് ടൈമിംഗ് കൊടുത്തു. രാജേഷ് മേനോൻ ജാസ് ഡ്രഹ്മിൽ ബീറ്റു തുടങ്ങി. ലിഡ് ഗിത്താറിൽ സുരേഷും കീബോർഡിൽ തോമസ്സുമാണ്.

കാലിൽ താളം പിടിച്ചുകൊണ്ട് സുധാകരൻ പാടിത്തുടങ്ങി, ഹെഡ്‌ഫോണിൽ സംഗീതോപകരണങ്ങളുടെ ശബ്ദം പതിഞ്ഞു കേൾക്കാം. മുമ്പിലൂള്ള കണ്ണാടിയിലൂടെ അയാൾക്ക് സംഗീതോപകരണം കൈകാര്യം ചെയ്യുന്നവരേയും അവർക്കു നടുവിൽ വെള്ള ജുബ്ബയിട്ട് ആംഗ്യം കൊണ്ട് നിർദ്ദേശം നല്കുന്ന മ്യൂസിക് ഡയറക്ടർ കാനത്തിനേയും കാണാം. അതിനും അപ്പുറത്ത്, ഗ്ലാസ് ഭിത്തികൾക്കുമപ്പുറത്ത്, റെക്കോർഡിസ്റ്റ് സോമു മുമ്പിലുള്ള പാനലിൽ കണ്ണും നട്ട് ഇരുന്നു.

ഇതവസാനത്തെ പാട്ടാണ്. ഇതും കഴിഞ്ഞാൽ സ്ഥലം വിടാം. ഇന്ന് മൂന്നു പാട്ടുകളാണ് റിക്കാർഡ് ചെയ്തത്. ഇനി ആ പാട്ടുകൾ സിനിമയിൽ പാടാൻ കനത്ത അഡ്വാൻസ് വാങ്ങിയ പാട്ടുകാരൻ വരുന്നതുവരെ തന്റെ പാട്ട് ടേപ്പിൽ ഒരു ട്രാക്കിൽ മയങ്ങിക്കിടക്കും. ഹേമചന്ദ്രൻ എപ്പോഴെങ്കിലും തന്റെ സൗകര്യംപോലെ, അതു പലപ്പോഴും രാത്രിയോ മറ്റോ ആയിരിക്കും, വന്ന് ടേപ്പ് കേട്ടുനോക്കും. പിന്നെ അയാളുടേതായ ശൈലിയിൽ ഒരു പാട്ട് പാടി വെക്കും. പിറ്റേന്ന് റിക്കാർഡിസ്റ്റ് വന്ന് സുധാകരന്റെ ശബ്ദം ടേപ്പിൽനിന്ന് മാറ്റി ഹേമചന്ദ്രന്റെ ശബ്ദം കലർത്തും. അതോടെ ട്രാക്ക് പാട്ടുകാരന്റെ ശബ്ദം മായ്ക്കപ്പെടുകയും ചെയ്യും.

മൂന്നുമണിക്ക് കമലം വീട്ടിൽ വരാമെന്നു പറഞ്ഞതാണ്. വീട് ഫർണിഷ് ചെയ്തിട്ട് എന്നെ ഫോൺചെയ്യൂ. ഞാൻ വന്നു നോക്കട്ടെ, എന്നിട്ട് പറയാം കല്യാണക്കാര്യം. അങ്ങിനെയാണ് കമലം പറഞ്ഞത്. ഒരു മുറി, അടുക്കള, കുളിമുറി. ഇത്രമാത്രം. ഒരു ചെറിയ വീട്, കമലം പറഞ്ഞതു ശരിയാണ്. വീട് എത്ര വലിപ്പമുണ്ട് എന്നതല്ല, അത് എങ്ങിനെ വെച്ചിരിക്കുന്നു എന്നതാണ് പ്രധാനം. വീടിന്റെ സ്ഥിതി മോശം തന്നെയായിരുന്നു. ഇപ്പോൾ ചുമർ ചായം തേച്ചു. ജനലിനും വാതിലിനും പുതിയ കർട്ടൻ ഇട്ടു കിടക്കാനുപയോഗിച്ചിരുന്ന ഇരട്ട ബെഞ്ചു മാറ്റി ഒരു ഇരട്ടക്കട്ടിൽ വാങ്ങിച്ചു. പുതിയ കിടക്കയും വിരികളും. പിന്നെ ഒരു മേശയും രണ്ടു കസേരകളും. ഒരു സീലിംഗ് ഫാൻ വാങ്ങി. അടുക്കളയിൽ ഗ്യാസ് സ്റ്റൗവും. ഇതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാൻ പറ്റില്ല. ട്രാക്ക് പാടിക്കിട്ടുന്നത് വളരെ തുച്ഛമായ സംഖ്യയാണ്. പിന്നെയും സമ്പാദിക്കാൻ പറ്റുന്നത് ഇടയ്ക്ക് കിട്ടുന്ന ഗാനമേളകൾ കൊണ്ടാണ്.

വീടിനുള്ളിൽ പുതിയ പെയിന്റിന്റെ മണം തങ്ങിനിന്നു. സുധാകരൻ ജനൽ തുറന്നിട്ടു. വീട് ഫർണിഷ് ചെയ്തത് ഇഷ്ടമായാൽ കല്യാണത്തിനു സമ്മതിക്കാമെന്നാണ് കമലം പറഞ്ഞത്. ചിലപ്പോൾ ആലോചിക്കും താനെന്തിനാണ് ഒരു ഇരുപതു വയസ്സുകാരിയുടെ ഭ്രാന്തിന് അവൾ സുന്ദരിയാണെന്ന കാരണം കൊണ്ടുമാത്രം വഴങ്ങുന്നത്. അല്ലെങ്കിൽ അവളുടെ ഭ്രാന്തും ഒരു വിധത്തിൽ തനിക്കിഷ്ടപ്പെട്ടതല്ലേ. ഇനി ഒക്കെ കഴിഞ്ഞ് അവൾ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നു വരാം. അല്ലെങ്കിൽ പുതിയ എന്തെങ്കിലും ഭ്രാന്തും കൊണ്ടായിരിക്കും വരവ്.

ബെല്ലടിച്ചു അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന് കമലം അകത്ത് കടന്നു. അവളുടെ സ്ഥിരം വേഷം. മഞ്ഞയിൽ ചെറിയ ചുവന്ന പൂക്കളുള്ള അയഞ്ഞ കമ്മീസും സാൽവാറും. കാതിൽ റിംഗ്. കഴുത്തിൽ ഇമിറ്റേഷൻ പേളിന്റെ മാല തോളിൽനിന്ന് തുണിസ്സഞ്ചിയെടുത്ത് മേശമേൽ വെച്ച് അവൾ കട്ടിലിന്മേൽ ഇരുന്നു, മുകളിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു.

ആവു ചൂട്, ആ പങ്കയിടാമോ?

സുധാകരൻ എഴുന്നേറ്റ് പങ്കയിട്ടു. കമലം പങ്കയെപ്പറ്റി എന്തഭിപ്രായം പറയുമെന്ന് നോക്കി. ഇല്ല, ഒരഭിപ്രായവും അവൾ പറയാൻ പോകുന്നില്ല. ഇന്നലെവരെ ഇല്ലാതിരുന്ന ഒരു സാധനമാണ് പങ്ക. അപ്പോൾ പുതുതായി അതു കണ്ടപ്പോൾ അതിനെപ്പറ്റി ഒന്നും പറയാതിരിക്കാൻ എങ്ങിനെ കഴിയുന്നു. പങ്ക മാത്രമല്ല ആ മുറിയിലെ എല്ലാ സാധന ങ്ങളും പുതുതാണ്. അവൾ മനപ്പൂർവ്വം അതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്.

ഇന്ന് റെക്കോർഡിംഗ് ഉണ്ടായിരുന്നോ?

ഉം.

എന്തായിരുന്നു, സിനിമാപ്പാട്ടുകളോ?

അതെ. ട്രാക്ക് പാടൽ മാത്രം.

എനിക്കതൊന്നും മനസ്സിലാവില്ല. കമലം പറഞ്ഞു. വളരെ ടെക്‌നിക്കലാണത്. നിങ്ങൾക്ക് ഇഷ്ടല്ല എന്നു മാത്രം അറിയാം.

അത് ട്രാക്ക് പാടുന്നവരുടെ ദുരന്തമാണ്. സുധാകരൻ പറഞ്ഞു. ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നത് ഒരു കൂട്ടം ആൾക്കാരുടെ യോജിച്ചുള്ള പ്രകടനത്തിന്റെ ഫലമായാണ്. അതിൽ മ്യൂസിക് ഡയറക്ടറുണ്ടാകും. താളമേളക്കാരു ണ്ടാവും, പാട്ടുകാരൻ അല്ലെങ്കിൽ പാട്ടുകാരി ഉണ്ടാവും. ഇവരുടെയെല്ലാം വിരുത് ആ പാട്ട് കാസറ്റിൽ കേൾക്കു മ്പോൾ അറിയാൻ പറ്റും. ഒരാളുടേതൊഴികെ. ഈ ശപിക്കപ്പെട്ട ട്രാക്കുപാടുന്ന ആൾ അയാളുടെ ശബ്ദം മായ്ക്കപ്പെടുന്നു. പകരം അയാളേക്കാൾ പേരെടുത്ത ഏതെങ്കിലും ഗായകന്റെ ശബ്ദം, അതെത്ര തന്നെ മോശമായാലും പേരുണ്ടെന്ന കാരണത്താൽ കുത്തിനിറയ്ക്കപ്പെടുന്നു. ഞാനിത് നിർത്താൻ പോവാണ്. ഒരു ട്രാക്കു പാട്ടുകാരനായി ജീവിയ്ക്കാൻ എനിക്ക് താല്പര്യമില്ല.

സ്റ്റെലൻ ഡയലോഗ്! കമലം കണ്ണും തുറിപ്പിച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ സുധാകരൻ എന്താണ് നീ ചെയ്യാൻ പോകുന്നത്? ജീവിക്കണ്ടേ?

ഞാൻ കൂടുതൽ ഗാനമേളകൾ സംഘടിപ്പിക്കും. രാധ നന്നായി പാടും. കഴിഞ്ഞ രണ്ടു ഗാനമേളകളിലും അവൾക്ക് നല്ല കയ്യടിയായിരുന്നു. പഴയ പാട്ടുകൾ അവൾ നന്നായി പാടും. പഴയ പാട്ടുകൾക്കാണ് ഇപ്പോഴും ഡിമാന്റ്.

കമലം ആലോചിക്കുകയായിരുന്നു.

അവൾ താൻ വരുത്തിവെച്ച മാറ്റങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നത് സുധാകരനെ നിരുത്സാഹപ്പെടുത്തി. അവൾക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നത് അയാളെ ദ്വേഷ്യം പിടിപ്പിച്ചു.

ഒരു ട്രൂപ്പുണ്ടാക്കാൻ വലിയ വിഷമമൊന്നുമില്ല. സുധാകരൻ പറഞ്ഞു. ഒരു ഡ്രമ്മർ, രണ്ടു ഗിത്താറിസ്റ്റുകൾ, തബലക്കാരൻ, ഓർഗനിസ്റ്റ്, വയലിനിസ്റ്റ്, പറ്റുമെങ്കിൽ ഒരു മുരളിയും ഇതിൽ ഓർഗനിസ്റ്റിന്ന് മാത്രമേ കുറച്ചു വിഷമമുള്ളു. ബാക്കി എല്ലാവരും കയ്യിലുണ്ട്.

കമലം ശ്രദ്ധിക്കുകയായിരുന്നില്ല, അവൾക്ക് അവളുടേതായ പ്രശ്‌നങ്ങൾ എന്നുമുണ്ടായിരുന്നു. പലപ്പോഴും സുധാകരനെ കൂടി ബാധിക്കുന്ന പ്രശ്‌നങ്ങൾ.

ഞാനിന്ന് സതീശനെ കണ്ടിരുന്നു. കമലം പറഞ്ഞു.

അയാൾക്ക് എന്താ വേണ്ടത്? സുധാകരന്റെ പ്രതികരണം അസഹ്യതയുടെ സ്വരമായിരുന്നു. കമലം അതു പ്രതീക്ഷിച്ചിരുന്നില്ല. അവൾ സുധാകരനെ നോക്കി.

അയാൾക്ക് ഒന്നും വേണ്ട. ഞാൻ എന്റെ പ്രശ്‌നങ്ങളെപ്പറ്റിയാണ് പറയുന്നത്. എനിക്കിനിയും തീർച്ചയാക്കാൻ പറ്റിയിട്ടില്ല.

ഞാനോ സതീശനോ എന്നോ?


കമലം ഒന്നും പറഞ്ഞില്ല.

ഒരു കാര്യം ചോദിക്കട്ടെ. സുധാകരൻ പറഞ്ഞു. നീയെന്റെ സമയം കളയുകയാണോ?

കമലം ഒന്നും പറയുന്നില്ല.

എന്റെ അമ്മമ്മയ്ക്ക് വളരെ വയസ്സായി. അവർക്ക് മരിക്കുന്നതിനുമുമ്പ് എന്റെ കല്യാണം നടന്നു കാണണ മെന്നുണ്ട്. നിനക്ക് ഒരു തീരുമാനമെടുക്കാൻ ഞാൻ രണ്ടു കൊല്ലം തന്നിരുന്നു. ഇനി എനിക്കു കാത്തിരിക്കാൻ വയ്യ.

എന്റെ പ്രശ്‌നമിതാണ്. എനിയ്ക്കു സുധാകരനേയും സതീശനേയും ഒരു പോലെ ഇഷ്ടാണ്. സുധാകരനിലെ പാട്ടുകാരനേയും സതീശനിലെ കാമുകനേയും എനിയ്ക്കിഷ്ടാണ്. ഇതു രണ്ടും കല്യാണം കഴിഞ്ഞാൽ എനിക്കു പകരിക്കുമോ എന്നത് വേറെ കാര്യം. ഞാൻ ഒരു കാര്യം പറയട്ടെ.

പറഞ്ഞോളു. എന്റെ സമ്മതമൊന്നും വേണ്ട. അയാൾ അമർഷത്തോടെ പറഞ്ഞു.

ഞാൻ നിങ്ങളെ രണ്ടുപേരെയും ഒരേ സമയം കല്യാണം കഴിക്കാം. അല്ലെങ്കിൽ നമുക്ക് മൂന്നുപേർക്കും കൂടി കല്യാണം കഴിക്കാതെത്തന്നെ ഒന്നിച്ച് താമസിക്കാം. ഞാൻ ധാരാളം കുട്ടികളെ പ്രസവിക്കാം.

ഇതൊക്കെ നീ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ? സുധാകരൻ പറഞ്ഞു. ഇപ്പോൾ അതിന്റെ പ്രസക്തി?

ഇപ്പോൾ ഒരു തീരുമാനമെടുക്കേണ്ട ഘട്ടമായിരിക്കുന്നു. നിങ്ങൾ രണ്ടുപേരും എന്നെ അതിന് നിർബ്ബന്ധിക്കുന്നു. എനിയ്ക്ക് ഇങ്ങിനെ കഴിയാനാണ് ഇഷ്ടം. കല്യാണം കഴിക്കാതെ നിങ്ങളുടെ രണ്ടു പേരുടേയും ഒപ്പം ജീവിക്കുക. ഞാൻ നിങ്ങളിൽ നിന്ന് ഒന്നും ആവശ്യപ്പെടുന്നില്ല. വെറും സ്‌നേഹം മാത്രം. നിങ്ങൾക്കും അതല്ലേ നല്ലത്?

അല്ല, ഞാൻ കല്യാണം കൊണ്ടുദ്ദേശിക്കുന്നത് ഒരു കുടുംബമുണ്ടാക്കലാണ്. ഞാൻ, ഭാര്യ, എന്റേതെന്ന് ഉറപ്പുള്ള കുട്ടികൾ. അതിൽ വേറൊരാൾക്കും സ്ഥാനമില്ല. ഇതൊക്കെയാണ് ഇപ്പോഴും നിന്റെ മനസ്സിലെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതിനുമുമ്പേ ഒഴിവായേനെ. നിന്റെ ഭ്രാന്തൻ ആശയങ്ങളൊക്കെ ഉപേക്ഷിച്ചു പുതിയ ജീവിതം തുടങ്ങുകയാണ് എന്നൊക്കെയല്ലേ നീ കഴിഞ്ഞ പ്രാവശ്യം പറഞ്ഞിരുന്നത്.

എനിയ്‌ക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ല.

എനിക്കതത്ര വിഷമമുള്ളതായി തോന്നുന്നില്ല. നീ പറഞ്ഞതു കൊണ്ടാണ് ഞാൻ ഇത്ര പണം ചെലവാക്കി ഈ വീട് നന്നാക്കിയതും വീട്ടു സാമാനങ്ങൾ വാങ്ങിയതും ഒക്കെ. അത് കണ്ടു എന്ന് നടിക്കുകകൂടി ചെയ്തില്ല നീ. സാമാന്യനിലയ്ക്ക് ഏതൊരാളും ചെയ്യുന്നതാണ് അത്. നിന്റെ മനസ്സ് ഇത്ര വൃത്തികെട്ടതാണെന്ന് ഞാനറിഞ്ഞില്ല. ദയവു ചെയ്ത് എന്നെ ഒറ്റയ്ക്കു വിട്ട് പോകു.

സുധാകരൻ കട്ടിലിൽ കണ്ണടച്ചു കിടന്നു. അയാൾ വല്ലാതെ ക്ഷോഭിച്ചിരുന്നു. ഒരു തീരുമാനമെടുക്കണം. അയാൾ അമ്മയെ ഓർത്തു. ഓരോ പ്രാവശ്യം വീട്ടിൽ പോകുമ്പോഴും അവർ തന്നെ വിളിച്ചിരുത്തി ചോദിക്കും.

കമലം എന്തു പറയുന്നൂ മോനെ?

കല്യാണത്തിന്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ലെന്നു കേട്ടാൽ അവരുടെ മുഖം മങ്ങും.

എന്താഞ്ഞി അവൾക്കുവേണ്ടത്? ഡിഗ്രി എടുത്തു കഴിഞ്ഞില്ലേ. പിന്നെ അവളുടെ അച്ഛനും സമ്മതാന്നല്ലേ പറഞ്ഞത്. അമ്മയും ഇല്ല്യാത്ത കുട്ട്യാ. അപ്പൊ അവൾക്ക് വേഗം കല്യാണത്തിന് സമ്മതിച്ചൂടേ…

സുധാകരൻ കണ്ണടച്ചു കിടന്നു.

കമലത്തിന്റെ കാലടി ശബ്ദം കേട്ടു. കുളിമുറിയുടെ വാതിൽ തുറന്നടയ്ക്കുന്ന ശബ്ദം. രണ്ടു മിനിറ്റ് കഴിഞ്ഞ് കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം. കമലത്തിന്റെ കാലടി ശബ്ദം ഇപ്രാവശ്യം അതകന്നുപോവുകയാണ്. പുറത്തെ വാതിൽ അടയ്ക്കുന്ന ശബ്ദം. അവൾ പോയി. സുധാകരൻ കണ്ണു തുറന്നില്ല. വെളിച്ചം കാണാൻ അയാൾക്കു താല്പര്യമില്ലായിരുന്നു. അടഞ്ഞകൺപോളകൾക്കുള്ളിൽ അയാൾ വിചിത്രരൂപങ്ങൾ ദർശിച്ചു. അത് കുട്ടിക്കാലം തൊട്ടേയുള്ള അടവായിരുന്നു. ആരോടെങ്കിലും പരിഭവിച്ചു കിടന്നാൽ അയാൾ ആ രൂപങ്ങളെ ആവാഹിച്ചെടു ക്കാറുണ്ട്. നാട്ടിൻപുറത്തെവിടെയോ വഴിവക്കിലുള്ള ഓല കെട്ടിയ ചായപ്പീടികയിൽ രാത്രി വൈകിയ നേരത്ത് റാന്തലിന്റെ വെളിച്ചത്തിൽ ചായ കുടിക്കുന്ന ചുവന്ന വിചിത്ര രൂപങ്ങൾ, അല്ലെങ്കിൽ താലപ്പൊലിക്ക് താലമെടുത്ത ചുവന്ന പെൺകുട്ടികൾക്ക് മുമ്പിലൂടെ പട്ടുടുത്ത് ചിലമ്പ് ശബ്ദമുണ്ടാക്കി വാളെടുത്തുറയുന്ന വെളിച്ചപ്പാട്. അങ്ങനെ പല രൂപങ്ങൾ. ആ രൂപങ്ങൾ അയാൾക്ക് ആശ്വാസം നല്കി. അയാൾ ഒരൂ മയക്കത്തിലേക്ക് വഴുതിവീഴും.

ഒരു മണിക്കൂറോളം മയങ്ങിയിട്ടുണ്ടാകണം. ഉണർന്നപ്പോൾ തന്നെ ആരോ കെട്ടിപ്പിടിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഒരു പക്ഷേ അത് കാരണമായിരിക്കും താൻ ഉണർന്നത്. കമലത്തിന്റെ വാസന അയാൾക്കനുഭവപ്പെട്ടു.

എന്നോട് ദ്വേഷ്യമാണോ?

നീ പോയിട്ടുണ്ടാവുമെന്നാണ് കരുതിയത്.

ഞാൻ പോയില്ല. സുധാകരൻ ഉറങ്ങുന്നതും നോക്കിയിരിക്കയായിരുന്നു.

പോവാമായിരുന്നില്ലേ?

സുധാകരന് ഇനിയും അറിയാത്ത ഒരുകാര്യമുണ്ട്. കമലം പറഞ്ഞു. അവൾ തന്റെ ആലിംഗനം ഒട്ടും അയച്ചിരു ന്നില്ല. എനിയ്ക്ക് സുധാകരനെ എത്ര ഇഷ്ടമാണെന്ന കാര്യം. അതെന്നെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ സുധാകരൻ?

എനിക്കതറിയാൻ താല്പര്യമില്ല. സുധാകരൻ പറഞ്ഞു. ദയവുചെയ്ത് എന്നെ ഒറ്റക്കിവിടെ ഇരിക്കാൻ സമ്മതിക്ക്യോ?

എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ.

അവൾ സുധാകരന്റെ മുഖം തന്റെ നേരെയാക്കി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. തടുത്തുകൊണ്ട് സുധാകരൻ പറഞ്ഞു.

ദയവു ചെയ്ത് സ്ഥലം വിടൂ.

നോക്കു ഞാൻ പറയുന്നതൊന്ന് കേൾക്കൂ.

പ്ലീസ്. ദയവുചെയ്ത് പുറത്തു പോകൂ.

സുധാകരൻ നിർത്തി നിർത്തി ഉറക്കെ പറഞ്ഞു.

അത് വളരെ ക്രൂരമായിരുന്നു. അവൾ എഴുന്നേറ്റു.

സുധാകരന് ദ്വേഷ്യം പിടിച്ചിരിക്ക്യാണ്. ഞാൻ പിന്നെ വരാം. എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു. ഞാൻ സുധാകരനെ സ്‌നേഹിക്കുന്നുണ്ട്.

അവൾ തുണിസഞ്ചിയെടുത്ത് തോളിലിട്ടു. വാതിൽ തുറന്ന് ഒരു നിമിഷം എന്തോ പറയാൻ ഓങ്ങി. പിന്നെ പുറത്തിറങ്ങിപ്പോവുകയും ചെയ്തു.

സുധാകരൻ കടന്നുചെന്നപ്പോൾ സ്റ്റുഡിയോയിൽ സോമു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അയാൾ കൺസോളിനു മുമ്പിലിരുന്ന് മാസ്റ്ററുണ്ടാക്കുന്ന തിരക്കിലാണ്.

ഇന്ന് റിക്കാർഡിംഗ് ഒന്നുംല്ല്യേ?

ഇല്ലെന്ന് ചുമൽ കുലുക്കി സോമു അറിയിച്ചു.

മാസ്റ്ററിംഗ് കഴിയാറായിരുന്നു.

ഇന്നലെ റെക്കോർഡിംഗ് കഴിഞ്ഞതാണോ?

അതെ. വോള്യം കൂട്ടികൊണ്ട് സോമു പറഞ്ഞു.

പടുകൂറ്റൻ സ്പീക്കറുകളിൽ ഹേമചന്ദ്രന്റെ ശബ്ദം മുഴങ്ങി. ശബ്ദം മോശമായിരുന്നു. ചുരുങ്ങിയത് ഉച്ചാരണശുദ്ധിയെങ്കിലും വേണ്ടതായിരുന്നു.

താൻ ഇന്നലെ ട്രാക്ക് പാടിയ പാട്ടാണിത്. തന്റെ ശബ്ദം മാറ്റി ഹേമചന്ദ്രന്റെ ശബ്ദം ഫിറ്റു ചെയ്തതാണ്.

എങ്ങിനെയുണ്ട് ശബ്ദം?

സുധാകരന്റെ ശബ്ദത്തിലെ പുച്ഛരസം സോമുവിന് മനസ്സിലായി.

ഞാനൊരു റെക്കോർഡിസ്റ്റ് മാത്രമാണ് സുധാകരൻ. എന്നോട് റെക്കോർഡ് ചെയ്യാൻ പറഞ്ഞ ശബ്ദങ്ങൾ കഴിയുന്നത്ര നന്നായി റെക്കോർഡ് ചെയ്യുക.

ഇദ്ദേഹം ഒരു പാട്ടിന് എത്രയാണ് ചാർജ് ചെയ്യുന്നതെന്നറിയാമോ?

അറിയാമെന്ന് സോമു തലയാട്ടി.

രണ്ടായിരത്തഞ്ഞൂറുരൂപ. സുധാകരൻ പറഞ്ഞു. ഇതേ അദ്ധ്വാനമുണ്ട് ട്രാക്ക് പാടാനും. എനിക്ക് കിട്ടുന്നതെത്ര യാണെന്നോ? ഇരുന്നൂറ്റയ്മ്പത് രൂപ. അതിനുവേണ്ടി സ്റ്റുഡിയോവിൽ പാടുപെട്ടിരിക്കുകയും വേണം, മറ്റുള്ളവരുടെ കനിവിനായി.

സോമു ചിരിച്ചു.

താൻ ഒരു ചായ കുടിക്കാൻ വരുന്നോ?

ഇല്ല. സുധാകരൻ പറഞ്ഞു. രാധ വരാമെന്ന് പറഞ്ഞിട്ടുണ്ട്.

ശരി. ഞാൻ ഇപ്പൊ വരാം. ഇവിടെ ഉണ്ടാവില്ലേ ഒരര മണിക്കൂറെങ്കിലും.

ഉണ്ടാവും.

ആളൊഴിഞ്ഞ സ്റ്റുഡിയോവിൽ റൂം സ്‌പ്രെയുടെ മണമുണ്ട്. നിരത്തിയിട്ട സംഗീതോപകരണങ്ങൾക്കിടയിൽ കാർപെറ്റിലൂടെ സുധാകരൻ നടന്നു. ഒഴിഞ്ഞ സ്റ്റുഡിയോ ഫ്‌ളോർ അയാൾക്കിഷ്ടമായിരുന്നു. അവിടവിടെയായി ചിതറിക്കിടക്കുന്ന സംഗീതോപകരണങ്ങൾ നിശ്ശബ്ദരാണ്. പക്ഷേ ശ്രദ്ധിച്ചാൽ കുട്ടിക്കാലം തൊട്ട് തന്നെ പിൻതുടർ ന്നിരുന്ന സംഗീതത്തിന്റെ അലകൾ തനിക്കു ചുറ്റും പതഞ്ഞു പൊങ്ങുന്നതയാൾക്കനുഭവപ്പെടും. ഗ്രീഷ്മത്തിലെ വിരസമായ മദ്ധ്യാഹ്നത്തിൽ ഉരുകുന്ന വയലുകൾക്കുമപ്പുറത്തുനിന്ന് തന്നെ തേടി വന്ന ഓടക്കുഴലിന്റെ ഏകാന്ത നാദം, സന്ധ്യയ്ക്ക് അകലെ ഏതോ ഒരു കാവിൽനിന്ന് തുടിച്ചു വരുന്ന ഇടയ്ക്കയുടെ ശബ്ദം. ഇതെല്ലാം സുധാകരന്റെ മനസ്സിൽ ഒരു താളം നിറച്ചു.

തുറന്ന വാതിലിൽക്കൂടി രാധ കടന്നുവന്നു.

കുറെ നേരായ്യോ വന്നിട്ട്?

ഇല്ല.

പെട്ടെന്ന് സുധാകരൻ പറഞ്ഞു.

വരു. ഞാൻ ഒരു പാട്ടു കേൾപ്പിക്കാം. അയാൾ ഉള്ളിലേക്കു നടന്നു. കണ്ണാടിച്ചുമരുകൾക്കുമപ്പുറത്ത് റിക്കാർഡിംഗ് ഉപകരണങ്ങൾക്കു മുമ്പിൽ അയാൾ ഇരുന്നു. മേശപ്പുറത്തിരുന്ന സ്പൂളുകളിൽനിന്ന് ഒരെണ്ണമെടുത്ത് ടേപ്പ് റിക്കാർഡറിൽ ഇട്ട് റീവൈന്റ് ചെയ്ത് പാടിക്കാൻ തുടങ്ങി.

ഇന്നലെ ഞാൻ പാടിയത് കേട്ടിട്ടില്ലല്ലോ? എന്നാൽ ഇതു കേൾക്കൂ.

സംഗീതോപകരണങ്ങളുടെ താളമേളങ്ങൾക്കിടയിൽ സുധാകരന്റെ കനത്ത ശബ്ദം അവൾ ശ്രദ്ധിച്ചു. സുധാകരൻ രാധയെ ശ്രദ്ധിക്കുകയായിരുന്നു. കടും നീല സാരിയാണ് അവൾ ഉടുത്തിരിക്കുന്നത്. നിറം അല്പം കുറവായതു കൊണ്ട് അവൾ കടുംനിറങ്ങളുള്ള സാരിയാണ് ധരിക്കാറ്. അപ്പോൾ അവളുടെ നിറം നല്ലവണ്ണം ഉദിച്ചുകാണും.

പാട്ടു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

വളരെ നന്നായിട്ടുണ്ട്.

ഇനി കേൾക്കു.

വേറൊരു സ്പൂൾ എടുത്തു കൊണ്ട് അയാൾ പറഞ്ഞു.

ഇതേ പാട്ടു തന്നെ ഹേമേട്ടൻ പാടിയതാണ്.

ഹേമചന്ദ്രന്റെ ശബ്ദത്തിൽ അതേ പാട്ട് സ്പീക്കറുകളിൽ കൂടി വന്നു.

എങ്ങിനെയുണ്ട്?

നിങ്ങൾ പാടിയതിന്റെ അടുത്തൊന്നും നില്ക്കില്ല ഇത്. അല്ലെങ്കിലും ഹേമചന്ദ്രൻ സാറിന്റെ ശബ്ദം അടുത്ത കാല ത്തായി മോശായിട്ടുണ്ട്.

അയാൾ ടേപ്പ് റിക്കാർഡർ ഓഫാക്കി.

തൃശൂരിൽ ഗാനമേള കിട്ടിയിട്ടുണ്ട്.

എന്നാണ്?

പത്താം തിയ്യതി.

രാധയുടെ കണ്ണുകൾ വിടർന്നു.

കുറെക്കാലത്തിനുശേഷം കിട്ടണ ഗാനമേള്യാണല്ലേ.

അതെയതെ. ഇതു പറ്റില്ല. മാസത്തിൽ രണ്ടു ഗാനമേളകളെങ്കിലും വേണം. നമുക്കത് നന്നായി ഒന്ന് ഓർഗനൈസ് ചെയ്യണം.

ഇതിലും നന്നായൊക്കെ എങ്ങിനെയാണ് ചെയ്യാൻ പറ്റുക?

സുധാകരന് ഉത്സാഹമായി.

നമുക്ക് സ്വന്തായി ഒരു ട്രൂപ്പുണ്ടാക്കണം, അതിൽ എല്ലാ ഇൻസ്ട്രമെന്റ് വായിക്കുന്നവരുമുണ്ടാവും. വോക്കൽ നമ്മൾ രണ്ടുപേരും മതി. രാധയുടെ കഴിഞ്ഞ രണ്ടു ഗാനമേളയിലെ പെർഫോമൻസ് വളരെ നന്നായിരുന്നു. നമുക്ക് കുറച്ചൊക്കെ പരസ്യം ചെയ്യണം. ബുക്കിംഗ് കിട്ടാതിരിക്കില്ല. എനിക്കീ നശിച്ച ട്രാക്ക് പാടൽ മടുത്തു. ഒരു താങ്ക്‌ലെസ് ജോബാണത്.

സുധാകരന് അതെങ്കിലുമുണ്ട്. എനിക്കോ?

ശരിയാണ്. സുധാകരൻ ഓർത്തു. സ്ത്രീ ശബ്ദത്തിന് ട്രാക്ക് പാടേണ്ടി വരാറില്ല, രാധക്കാണെങ്കിൽ പണത്തിന് ആവശ്യവുമുണ്ട്. ഒരു പാവം കുട്ടിയാണ്. അവളുടെ സംഗീത ജീവിതത്തിന്റെ ഭാവി തന്റെ കയ്യിലാണെന്ന ഭാവത്തിലാണ് അവളിരിക്കുന്നത്. താനെന്തെങ്കിലും ചെയ്യണം. ഒരു ഗാനമേള നടത്തിയാൽ ആയിരം രൂപ വീത മെങ്കിലും കിട്ടും.

സോമു തിരിച്ചുവന്നു. ഒപ്പം ഹേമചന്ദ്രനുമുണ്ടായിരുന്നു.

ആ സുധാകരനോ? തേടിയ വള്ളി കാലിൽ ചുറ്റിയ മാതിരിയാണല്ലോ. ഹേമചന്ദ്രൻ ലോഗ്യം കൂടി. സുധാകരനെ ക്കൊണ്ട് കുറച്ച് കാര്യംണ്ട്. ബിസിയാണോ?

അങ്ങിനെയൊന്നുമില്ല.

മറ്റന്നാൾ റിക്കാർഡിംഗുണ്ട്. നമ്മുടെ മൊഹമ്മദ്ക്കായുടെയാണ്. രണ്ട് സോളോ. സുധാകരൻ ഉണ്ടാവില്ലേ? ഞാനന്ന് മദ്രാസിലായിരിക്കും.

ഞാനുണ്ടാവും, സുധാകരൻ പറഞ്ഞു. അയാൾ പക്ഷേ അപ്പോഴും പാടണമോ എന്ന് തീർച്ചയാക്കിയിട്ടുണ്ടാ യിരുന്നില്ല.

മൊഹമ്മദ്ക്കായുടെ കണ്ടീഷൻസ് അറിയില്ലേ? ഹേമചന്ദ്രൻ പറഞ്ഞു. അയാള് ട്രാക്കിന് പണം കുറവേ തരൂ.

എന്തു തരും?

ഒരു പാട്ടിന് നൂറ്റമ്പത്.

അതു വളരെ കുറവല്ലേ? ആട്ടെ ഹേമേട്ടന് എന്തു കിട്ടും?

എന്റെ ചാർജ് ഞാൻ കുറക്കില്ല, മൊഹമ്മദ്ക്കാക്കയല്ല ആരു തന്നെയായാലും.

ഞാനെന്റെ ചാർജും കുറയ്ക്കാൻ പോണില്ല്യ. സുധാകരൻ വാശിയോടെ പറഞ്ഞു. മറിച്ച് ചാർജ് കൂട്ടാനാണ് പോണത്. ഒരു പാട്ടിന് അഞ്ഞൂറാണ് ചോദിക്കാൻ പോണത്.

അഞ്ഞൂറോ?

അതെ. മാത്രല്ല ഫിലിമിലും കാസറ്റിലും ക്രെഡിറ്റും തരണം.

ഹേമചന്ദ്രൻ ഒരു മിനിറ്റുനേരം സ്തബ്ധനായി നിന്നു. പിന്നെ ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു.

തനിക്കതു കിട്ടുമെങ്കിൽ നല്ലതുതന്നെ. ആൾ ദ ബെസ്റ്റ്. പക്ഷേ അതു നേടാൻ എന്ത് വിഷമാണ്ന്ന് എനിക്കറിയാം. എന്തായാലും ശ്രമിച്ചുകൊള്ളു. ഞാൻ മൊഹമ്മദ്ക്കായോടു പറഞ്ഞുനോക്കാം. ഫിലിമിലും കാസറ്റിലും ക്രെഡിറ്റ് തരുമായിരിക്കും. പക്ഷേ എന്തു കാര്യം? കാസറ്റിലില്ലാത്ത ശബ്ദത്തിന് ക്രെഡിറ്റ് കിട്ടിയിട്ട് കാര്യമെന്താണ്?

ഹേമചന്ദ്രൻ ഉള്ളിലേക്കു പോയി.

രാധ പകച്ചു നിൽക്കുകയായിരുന്നു.

നമുക്കൊരു ചായ കുടിക്കാം. സുധാകരൻ പറഞ്ഞു. അയാൾ കണ്ണാടിക്കുള്ളിലേക്കു നോക്കി ഡോമുവിനോട് യാത്ര പറഞ്ഞു.

റെസ്റ്റോറണ്ടിൽ ചായയ്ക്കുവേണ്ടി കാത്തിരിക്കുമ്പോൾ രാധ പറഞ്ഞു.

എന്തിനാണ് ഹേമചന്ദ്രൻസാറിനോട് കയർത്തത്.

ഞാൻ കയർത്തില്ലല്ലോ. കാര്യം പറഞ്ഞുവെന്ന് മാത്രം. എനിക്ക് ട്രാക്ക് പാടാൻ താല്പര്യമില്ല. അത് എന്റെ ആവ ശ്യം മാത്രമല്ല. പണം കിട്ടണമെന്നത് എന്റെ ആവശ്യം തന്നെ. അതിൽപരം അവരുടെ ആവശ്യമാണ് മുന്തി നില്ക്കുന്നത്. കഴിവുള്ള പാട്ടുകാരൻ ട്രാക്കു പാടിയാൽ മ്യൂസിക് ഡയറക്ടറുടെയും അസ്സൽ പാട്ടുകാരന്റെയും പണി എളുപ്പമാണ്. അതവർക്കറിയാം. എന്നോട് ദയ തോന്നി ജോലി തരുന്നതാണെന്നാണോ രാധ കരുതിയത്.

അതു ശരിയാണ്.

നോട്ടുകൾ പറഞ്ഞു കൊടുക്കേണ്ട താമസം മനസ്സിലാവുന്ന പാട്ടുകാരനെത്തന്നെയാണ് മ്യൂസിക് ഡയറക്ടർ മാർക്ക് താല്പര്യം. പണ്ടത്തെപ്പോലെയല്ല ഇന്ന്. പണ്ടൊക്കെ ഓരോ പാട്ടും ധാരാളം പ്രാവശ്യം, ചിലപ്പോൾ ദിവസങ്ങളോളം റിഹേഴ്‌സലുകൾ ചെയ്തിട്ടേ സ്റ്റുഡിയോ ഫ്‌ളോറിലെത്തൂ. ഇന്നങ്ങനെയല്ല. സ്റ്റുഡിയോയിൽ വെച്ച് ഒന്നോ രണ്ടോ റിഹേഴ്‌സലുകൾ മാത്രം.

നിനക്കെന്റെ വീടു കാണണ്ടേ?

പെട്ടെന്ന് സുധാകരൻ പറഞ്ഞു. അയാൾക്ക് വിഷയം മാറ്റണമെന്നു തോന്നി.

പെയിന്റിംഗ് ഒക്കെ കഴിഞ്ഞുവോ?

അവർ പുറത്തിറങ്ങി ഒഴിഞ്ഞുപോകുന്ന ഒരു ഓട്ടോ കൈ നീട്ടി നിർത്തി.

എന്തു ഭംഗിയാണിപ്പോൾ?

രാധ അത്ഭുതപ്പെട്ടുപോയി. അവളുടെ പ്രതികരണങ്ങൾ എപ്പോഴും വളരെ പെട്ടെന്നായിരുന്നു. കമലത്തിന്റെ നേരെ എതിരാണ് ഇവൾ. താരതമ്യപ്പെടുത്തിയിട്ടു കാര്യമില്ല. രാധ രാധയും കമലം കമലവുമാണ്.

ഈ വീട് ഇത്ര നന്നാക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയില്ലട്ടോ.

രാധ വീണ്ടും പറഞ്ഞു. അവൾ അടുക്കളയും കുളിമുറിയും എല്ലാം നടന്നുനോക്കുകയാണ്.

ആ ഗ്യാസടുപ്പും മേടിച്ചിട്ടുണ്ടല്ലേ? കമലം ഭാഗ്യവതിതന്നെ. ആട്ടെ കമലം ഇതൊക്കെ കണ്ടുവോ?

സുധാകരൻ മറുപടി പറഞ്ഞില്ല.

രാധയുടെ വീടും വളരെ ചെറുതായിരുന്നു. ഓടിട്ട ചെറിയ വീട്, രണ്ടു മുറി. ഒരു ചെറിയ ഉമ്മറം. ആ വീട്ടിൽ അവളും അച്ഛനും അമ്മയും അനുജനും താമസിക്കുന്നു. അനുജൻ പഠിക്കുകയാണ്. അച്ഛന് കാര്യമായ വരവൊന്നു മില്ലെന്നാണ് അറിവ്.

ഇങ്ങനത്തെ ഒരു ചെറിയ വീടാണ് താമസിക്കാൻ നല്ലത്. രാധ പറഞ്ഞു. രണ്ടു പേർ മാത്രം. നല്ല രസായിരിക്കും അല്ലേ?

സുധാകരൻ പെട്ടെന്നു പറഞ്ഞു.

രാധയ്ക്ക് ഒരു പാട്ടുകാരനെ കല്യാണം കഴിക്കണംന്നല്ലേ പറഞ്ഞിരുന്നത്?

അതെ. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ആരെങ്കിലും സ്റ്റോക്കിലുണ്ടോ?

ഒരാൾ ഉണ്ട്. കാര്യമായിട്ടുള്ള വരവൊന്നുമില്ല. വല്ലപ്പോഴും ഗാനമേളയ്ക്കു പോയിക്കിട്ടുന്ന കാശേ കയ്യിലുണ്ടാവു. താമസിക്കാൻ ചെറിയൊരു സ്ഥലംണ്ട്. അത്രേള്ളു.

അതൊക്കെ മതി. സുധാകരൻ കാര്യായിട്ട് പറയ്യാണോ? നമ്മൾ ഗാനമേള നന്നായി സംഘടിപ്പിക്കാൻ പോവ്വല്ലേ, അപ്പോ എനിയ്ക്ക് ഒരു സ്ഥിരം വരുമാനംണ്ടാവും. അതും അയാൾക്ക് കിട്ടുന്നതുംകൂടി ആവുമ്പോൾ ഒരു മാതിരി നന്നായി കഴിയാം. അമ്മയ്ക്ക് നല്ല സന്തോഷാവും.

പിന്നെ ഒന്നാലോചിച്ചശേഷം അവൾ ഗൗരവത്തോടെ പറഞ്ഞു.

പക്ഷേ അയാൾക്ക് എന്നെ ഇഷ്ടാവണ്ടേ? ആട്ടെ ആരാണയാൾ? പാട്ടുകാരനാണെങ്കിൽ ഞാനറിയണമല്ലോ.

രാധ ആകാംക്ഷയോടെ സുധാകരനെ നോക്കി. കൗതുകമുള്ള മുഖമായിരുന്നു അവളുടേത്. സാമാന്യം വലിയ കണ്ണുകൾ. നീണ്ട മൂക്ക്, താനിതൊന്നും ഇതുവരെ ശ്രദ്ധിച്ചില്ലെന്ന് സുധാകരൻ കുറ്റബോധത്തോടെ ഓർത്തു.

ആരാണയാൾ? രാധ വീണ്ടും ചോദിച്ചു. പെട്ടെന്ന് അവൾ സുധാകരനെ തടഞ്ഞു.

അല്ലെങ്കിൽ വരട്ടെ. ഇപ്പോൾ വേണ്ട. പിന്നെ പറഞ്ഞാൽ മതി. കുറച്ചു ദിവസം ഞാൻ സ്വപ്നം കാണട്ടെ,

അത് സുധാകരന്റെ മനസ്സിൽ കൊണ്ടു. രാധയെ പരിചയപ്പെട്ടിട്ട് മൂന്നു കൊല്ലത്തിലേറെയായി. ഇതിനകം പല പ്രാവശ്യം സ്റ്റേജിൽ ഒപ്പം പാടിയിട്ടുണ്ട്. നിരന്തരം റിഹേഴ്‌സലുകൾ നടത്തിയിട്ടുണ്ട്. ഒപ്പം മറ്റുള്ളവരുടെ ഗാനമേളകൾ കേൾക്കാൻ പോയിട്ടുണ്ട്. പക്ഷേ സ്വപ്നം കാണാൻ കഴിവുള്ള ഒരു ഹൃദയം അവൾ ഇത്രയും കാലം തന്നിൽ നിന്നൊളിപ്പിച്ചു വെച്ചു. അയാൾക്ക് വളരെ വ്യസനം തോന്നി.

ഞാനിപ്പോൾത്തന്നെ പറയാം. ഈ സസ്‌പെൻസ് എന്നെ കൊല്ലുന്നു.

എന്നാൽ ശരി, പറയൂ.

ഞാൻ തന്നെ.

വേനലിൽ പ്രതീക്ഷിക്കാതെ പെട്ടെന്നൊരു കാർമേഘം വന്ന് വെയിൽ മറച്ച പോലെ രാധയുടെ ചിരിച്ചു കൊണ്ടിരുന്ന മുഖം കറുത്തിരുണ്ടു. അവൾ കസേരയിൽ കുഴഞ്ഞിരുന്നു. മേശമേൽ കൈകളിൽ മുഖമമർത്തി കര യാൻ തുടങ്ങി.

സുധാകരൻ അതു തീരെ പ്രതീക്ഷിച്ചില്ല. അയാൾ സാവധാനത്തിൽ അടുത്തുചെന്ന് ചുമലിൽ കൈവെച്ച് മയ ത്തിൽ ചോദിച്ചു.

എന്തേ രാധയ്ക്കിഷ്ടമായില്ലേ ഞാൻ പറഞ്ഞത്?

എന്നോടീ ക്രൂരമായ തമാശ വേണ്ടായിരുന്നു. അവൾ തേങ്ങലിന്നടിയിൽ പറഞ്ഞു.

നോക്കു ഞാൻ തമാശ പറഞ്ഞതല്ല.

അപ്പോൾ കമലമോ?

അവൾക്ക് തീർച്ചയാക്കാൻ ഇനിയും സമയം വേണം ഞാനിനി കാത്തുനില്ക്കാൻ പോണില്ല.

പക്ഷെ അതു ശരിയാണോ?

എന്താണ് പിന്നെ ശരി? ഒരു സാധു ചെറുപ്പക്കാരന്റെ ജീവിതമെടുത്ത് പന്താടുന്നതോ? ഞാനിനി ആർക്കുവേണ്ടി യും ട്രാക്കു പാടാൻ പോണില്ല്യ.

കമലത്തിന്റെ വിചിത്രവും ചഞ്ചലവുമായ സ്വഭാവം സുധാകരൻ എങ്ങിനെ സഹിക്കുന്നുവെന്നത് രാധ പല പ്പോഴും അത്ഭുതപ്പെടാറുണ്ട്.

രാധയ്ക്ക് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടല്ലേ? എങ്കിൽ കാര്യം വേറെ.

ഇഷ്ടമാണോ എന്നോ. ഞാൻ അത് അർഹിക്കുന്നില്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്.

മറിച്ചാണ് കരുതേണ്ടത്.

എന്ത്?

ഒന്നുമില്ല.

കമലം വീണ്ടും വരുമെന്ന് സുധാകരനറിയാമായിരുന്നു. നാലു ദിവസത്തിനുള്ളിൽ അവൾ അവളുടെ സമനില വീണ്ടെടുത്തിരുന്നു. വന്ന ഉടനെ അവൾ തുണിസഞ്ചി കട്ടിലിന്മേലേക്ക് വലിച്ചെറിഞ്ഞ്, ഒക്കത്തു കൈയ്യും വെച്ച് ചോദിച്ചു.

എന്താണെനിക്ക് ഫോൺ ചെയ്യാതിരുന്നത്.

എന്റെ വീട്ടീൽ ഫോണില്ല.

എന്റെ വീട്ടിലുണ്ടല്ലോ. പുറത്തുനിന്ന് സാധാരണ മട്ടിൽ വിളിക്കാമായിരുന്നില്ലേ?

സൗകര്യപ്പെട്ടില്ല. ഇത് പണമുള്ള വീട്ടിലെ പെൺകുട്ടികളുടെ അസുഖമാണ്. മറ്റുള്ളവർ വല്ല കടയിലും പോയി ഫോൺ ചെയ്യണം. പാവപ്പെട്ടവരും എങ്ങിനെയെങ്കിലും കഴിയട്ടെ.

ഞങ്ങൾ പണക്കാരൊന്നുമല്ല. നോക്കു ഞങ്ങടെ കാറ് പെയിന്റ് ചെയ്യാനുള്ള പണമില്ലാത്തതുകൊണ്ട് പുതിയ കാറ് വാങ്ങുകയാണ് ചെയ്തത്. ഞങ്ങളുടെ ഡ്രൈവർ പാവം…

മതി. ഇതു പഴയ തമാശയാണ്. പോരാത്തതിന് തമാശയുടെ സമയം കഴിഞ്ഞിരിക്കുന്നു.

സുധാകരന് ദ്വേഷ്യമാണോ? അവൾ ചുറ്റും നോക്കി. വീട് പെയിന്റടിച്ചതെല്ലാം ആദ്യമായി കാണുന്നപോലെ. വീട് നന്നായിട്ടുണ്ട്‌ട്ടോ. കട്ടിലും വാങ്ങിയല്ലോ. ഇതിന് എത്ര്യായി?

സുധാകരൻ ഒന്നും പറയുന്നില്ല.

ഈ കർട്ടനൊക്കെ എനിക്ക് നല്ല ഇഷ്ടമായി. ചുവരിന്റെ അതേ നിറംതന്നെ നോക്കി വാങ്ങി അല്ലേ. ഉം, ടേസ്റ്റുണ്ട്.

അവൾ ഉള്ളിൽ നടന്നുനോക്കുകയായിരുന്നു.

ഗ്യാസ്സ്റ്റൗ, കടും പച്ചനിറം. എനിക്കിഷ്ടാണ്. സുധാകരൻ പണം കുറെ ചെലവാക്കിയിട്ടുണ്ടല്ലോ സാരല്യ. നമുക്ക് അച്ഛന്റെ അടുത്ത്ന്ന് തട്ടിയെടുക്കാം. അത്ര എളുപ്പമൊന്നും കിട്ടില്ല്യ. മഹാപിശുക്കനാണ്.

അവൾ കട്ടിലിൽ വന്നിരുന്നു.

പിന്നെ ഒരു സന്തോഷവർത്തമാനം. ഞാൻ സതീശനോട് സംസാരിച്ചു. ഞാനിനി അയാളെ കാണില്ലെന്നു പറഞ്ഞു. സുധാകരന് സന്തോഷായില്ലേ? ഞാൻ കുറെ ആലോചിച്ചു. സുധാകരൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നു തന്നെ യാണ് എനിക്ക് മനസ്സിലായത്. ഞാൻ അച്ഛനോടും പറഞ്ഞു. അച്ഛന് വളരെ ഇഷ്ടായി. അച്ഛന് സതീശനെ വലിയ പിടുത്തം പോരല്ലോ. ഒരു നല്ല തീരുമാനമായീന്നു പറഞ്ഞു. ഇന്നലെ അമ്മ മരിച്ച ദിവസമായിരുന്നു. അച്ഛൻ കുറെ നേരം കരഞ്ഞു പാവം. ചെല സമയത്തൊക്കെ പാവം തോന്നും ചെലപ്പൊ ദ്വേഷ്യം വരൂം ചെയ്യും. പോട്ടെ വയസ്സാ യില്ലെ.

മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ട് കമലം സംസാരിക്കുകയാണ്. സുധാകരൻ ഒന്നും പറയുന്നില്ലെന്നത് അവൾക്ക് വിഷമമുണ്ടാക്കുന്നുണ്ട്. ക്രമേണ അവളുടെ ഉത്സാഹം കുറഞ്ഞു സംസാരം പതുക്കെ യായി.

സുധാകരൻ കസേരയിൽ അനങ്ങാതെ ഇരിക്കുകയായിരുന്നു. അവൾ അടുത്തിട്ട കസേരയിൽ പോയി ഇരുന്നു.

എന്നോട് ഇപ്പോഴും ദ്വേഷ്യമാണല്ലേ?

സുധാകരൻ ഒന്നും പറയുന്നില്ല. അയാൾ തന്റെ അഭയമായ ചുവപ്പുരൂപങ്ങളെ ആവാഹിക്കാൻ ശ്രമിക്കുക യായിരുന്നു. കണ്ണു തുറന്നുകൊണ്ടയാൾക്കതിനു കഴിഞ്ഞില്ല.

മേശമേൽ അട്ടിയാക്കിവെച്ച ക്ഷണക്കത്തുകൾ കമലം അപ്പോഴാണ് കണ്ടത്.

ഇതെന്താണ്. ഗാനമേളയുടെ ക്ഷണക്കത്താണോ?

അവൾ ഒരു കാർഡെടുത്ത് നോക്കി.

സ്റ്റുഡിയോ ഫ്‌ളോറിന്റെ ഏകാന്തതയിൽ ചിതറിക്കിടന്ന വാദ്യോപകരണങ്ങൾ സുധാകരൻ ഓർത്തു. കുട്ടിയായി രുന്നപ്പോൾ ചൂടുള്ള പകലിന്റെ അന്ത്യത്തിൽ തെങ്ങോലകൾ വിറപ്പിച്ചുകൊണ്ട് പെട്ടെന്നു വീശിയ തണുത്ത കാറ്റിൽ ദേഹത്തിൽ കുളിർ പടർന്നു കയറിയപ്പോൾ അകലെ കാവിൽനിന്ന് ഇടയ്ക്കയുടെ അത്ഭുതകരമായ ശബ്ദം അലക ളായി വന്ന് തന്നെ വേദനിപ്പിച്ചിരുന്നതോർത്തു.

കമലം ഒന്നും പറയാതെ ഇരിക്കയായിരുന്നു. കണ്ണീർ ധാരയായി ഒഴുകി. അത് തുടയ്ക്കാൻ മെനക്കെടാതെ അവൾ ഇരുന്നു. സ്വന്തം വൈരുദ്ധ്യങ്ങളുടെ പിടുത്തത്തിൽ നിന്ന് രക്ഷയില്ലെന്നവൾക്കറിയാമായിരുന്നു. രക്ഷപ്പെടാൻ അവൾ ശ്രമിച്ചതുമില്ല.

ഇടയ്ക്കയുടെ ശബ്ദം ആ കുട്ടിയുടെ മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒക്കെ ചെന്നു പറ്റും. ചുറ്റും നിഴലുകൾ വളരും. പകൽ സന്ധ്യയിലേക്കും പിന്നെ രാത്രിയിലേക്കും യാത്രയാവും. മുമ്പിലുള്ള ഇരുട്ടിൽ കൊച്ചുദീപങ്ങൾ പ്രകാശിക്കും. അപ്പോഴും ഇടയ്ക്കയുടെ ശബ്ദം ഒരു തേങ്ങലായിവന്ന് അവനെ വേദനിപ്പിക്കും.

കമലം എഴുന്നേറ്റ് കുളിമുറിയിൽപോയി മുഖം കഴുകി തിരിച്ചുവന്നു. കട്ടിലിന്മേൽ കിടന്ന സഞ്ചിയെടുത്ത് തോളത്തിട്ടു. സുധാകരന്റെ മുമ്പിൽ വന്നുനിന്നു.

അവൾ എന്തോ പറയുന്നുണ്ടായിരുന്നു. വളരെ കുറച്ച് വാക്കുകൾ മാത്രം. തെറ്റുകൾക്ക് മാപ്പ് — യാത്ര. വാതിൽ തുറന്ന് അവൾ കുറച്ചുനേരം കാത്തുനിന്നു. പിന്നിൽ നിന്ന് വന്നേക്കാവുന്ന നല്ല വാക്കുകൾക്കായി.

പിന്നിൽനിന്ന് വാക്കുകളൊന്നും വരികയുണ്ടായില്ല.